Dienstag, 16. Februar 2016

ധ്രുവദീപ്തി // Religion/ Christianity // ഫ്രാൻസിസ് പാപ്പയുടെ കാനൻ നിയമപരിഷ്കരണങ്ങൾ / ഫാ. ഡോ. തോമസ്‌ കുഴിനാപ്പുറത്ത്

Religion-Christianity: ഫ്രാൻസിസ് പാപ്പയുടെ കാനൻ നിയമപരിഷ്കരണങ്ങൾ / 

ഫാ. ഡോ. തോമസ്‌ കുഴിനാപ്പുറത്ത് 


(മലങ്കര സുറിയാനി കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം പ്രത്യേക നിയമങ്ങൾ പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക് ഈ പുതിയ നിയമ ദർശനം സഭാത്മക ജീവിതത്തിനു സഹായകമാകും എന്ന് ബ. കുഴിനാപ്പുറത്ത ച്ചൻ നമ്മെ സാക്ഷ്യപ്പെടുത്തുന്നു. നിരവധി ഗ്രന്ഥങ്ങളുടെ രചനകൾ വഴി ഇതിനകം അന്തർദ്ദേശീയ ശ്രദ്ധ നേടിയ അദ്ദേഹം മലങ്കര കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജർ അതിഭദ്രാസന ആസ്ഥാനത്ത് ജുഡീഷ്യൽ വികാരിയാണ്‌). ധ്രുവദീപ്തി-"ശാന്തശീലനും കരുണാമയനുമായ ഈശോ"
                                                               ഫാ. ഡോ. തോമസ്‌ കുഴിനാപ്പുറത്ത്

Fr Dr.Thomas Kuzhinapurath
2014 ഒക്ടോബറിൽ സമ്മേളിച്ചിരുന്ന മെത്രാന്മാരുടെ അസാധാരണ സുന്നഹദോസിൽ വച്ച് സഭയിലെ നീതി നിർവ്വഹണമേഖലയിൽ മെത്രാന്മാർ അഭിമുഖീക രിക്കുന്ന ബുദ്ധിമുട്ടുകളേപ്പറ്റി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ബോദ്ധ്യപ്പെട്ടു. ഇതിന്റെ വെളിച്ചത്തിൽ സഭാ കോടതികളിൽ നടക്കുന്ന വിവാഹനീതി നിർവ്വഹണക്രമങ്ങൾ ലഘൂകരിക്കുന്ന തിനാവശ്യമായ ചർച്ചകൾ കാനൻ നിയമവിദഗ്ദ്ധരു മായും മെത്രാൻസമിതികളുമായും പരിശുദ്ധ പിതാവ് നടത്തുകയുണ്ടായി.

ഇതനുസരിച്ച് വിവാഹം അസാധുവായി പ്രഖ്യാപിക്കുന്ന നടപടി (Proces of declaring the nullity of the marriage) ലഘൂകരിക്കുന്നത് സംബന്ധിച്ച് പഠിച്ചു നൽകുന്ന  നിർദ്ദേശങ്ങൾ സമർപ്പിക്കുവാൻ വേണ്ടി പരിശുദ്ധപിതാവ് കാനൻ നിയമവിദഗ്ദ്ധരുടെ ഒരു സമിതിയെ ചുമതലപ്പെടുത്തുകയുണ്ടായി. ഇവർ പഠിച്ചു നൽകിയിട്ടുള്ള നിർദ്ദേശങ്ങളനുസരിച്ച് പരിശുദ്ധ പിതാവ് 2015 സെപ്റ്റംബർ 8 ന് രണ്ടു പ്രമാണ രേഖകളിലൂടെ (Motu Proprios) കാനൻ നിയമ പരിഷ്കരണങ്ങൾ നടപ്പിലാക്കി. ലത്തീൻ കാനൻ നിയമസംഹിതയുടെ (C. I. C) പരിഷ്കരണത്തിന് "കർത്താവായ യേശു ശാന്തശീലനായ ന്യായാധിപൻ" (Mitis Iudex Dominus Iesus) എന്ന പ്രമാണരേഖയും പൗരസ്ത്യസഭകളുടെ കാനോന സംഹിത (CCEO)യുടെ പരിഷ്കരണത്തിനായി "ശാന്തശീലനും കരുണാമയനുമായ ഈശോ" (Mitis Misericors Iesus) എന്ന പ്രമാണ രേഖയുമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഈ പ്രമാണരേഖകൾക്കാകട്ടെ ഇതുവരെ ഇറ്റാലിയൻ, പോർച്ചുഗീസ് ഭാഷകളിൽ മാത്രമാണ് തർജ്ജമകളുണ്ടായി ട്ടുള്ളത്. ലത്തീൻ മൂലത്തെയും ഇറ്റാലിയൻ ഭാഷയിലുള്ള തർജ്ജമയെയും പ്രധാനമായി ആധാരമാക്കി പൗരസ്ത്യ സഭാനിയമ പരിഷകരണങ്ങളെ ക്കുറിച്ച് ഒരു ആമുഖ പഠനം നടത്തുകയാണിവിടെ.

ആമുഖസന്ദേശം

"ശാന്തശീലനും കരുണാമയനുമായ ഈശോ" എന്ന് തുടങ്ങുന്ന പൗരസ്ത്യസഭാനിയമ പരിഷ്കരണത്തിനുള്ള ആമുഖസന്ദേശം രണ്ടാം വത്തിക്കാൻ സൂനഹദോസ് പ്രബോധനങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണാരംഭിക്കുന്നത്. താഴെ നൽകിയിരിക്കുന്ന  പ്രബോധനത്തെ ആശ്രയിച്ചുകൊണ്ടു ആമുഖ സന്ദേശം തുടങ്ങുന്നു. "സ്വന്തം കുടുംബം ഭരിക്കാൻ വേണ്ടി കുടുംബത്തലവനാൽ" അയക്കപ്പെട്ട മെത്രാൻ ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാൻ (മത്താ. 20, 28) സ്വജീവൻ ആടുകൾക്ക് വേണ്ടി സമർപ്പിക്കാൻ (യോഹ. 10, 11) വന്ന നല്ലയിടയന്റെ മാതൃക കൺമുമ്പിൽ വയ്ക്കട്ടെ. മനുഷ്യരിൽ നിന്ന് എടുക്കപ്പെട്ടവനും ബലഹീനതകളാൽ വലയം ചെയ്യപ്പെട്ടവനുമായാതുകൊണ്ട് അദ്ദേഹത്തിനു അജ്ഞരോടും വഴി തെറ്റിയവരോടും സഹതപിക്കാൻ കഴിയും (ഹെബ്രാ. 5,12).

യഥാർത്ഥത്തിൽ മെത്രാൻ തന്റെ കീഴിലുള്ളവരെ സ്വന്തം മക്കളെപ്പോലെ വളർത്തുകയും ശുഷ്കാന്തിയോടെ തന്നോട് സഹകരിച്ചു നീങ്ങാൻ അവരെ ഉപദേശിക്കുകയും ചെയ്യണം. അവരെ കേൾക്കാൻ ഒട്ടും വിസമ്മതിക്കരുത്‌. അവരുടെ ആത്മാക്കൾക്ക് കണക്ക് കൊടുക്കുവാനുള്ളവരായതുകൊണ്ട് (ഹെബ്രാ. 13, 17) പ്രാർത്ഥനയാലും പ്രസംഗത്താലും എല്ലാ പരസ്നേഹപ്രവർ ത്തികളാലും അവരുടെ മാത്രമല്ല, ഇതേവരെ അജഗണത്തിൽ പെടാത്തവരാ ണെങ്കിലും തനിക്ക് കർത്താവിൽ സമർപ്പിക്കപ്പെട്ടവരായുള്ള എല്ലാവരുടെയും സംരക്ഷണം ഏറ്റെടുക്കുകയും ചെയ്യണം. അദ്ദേഹം പൗലോസ് സ്ലീഹായെപ്പോലെ എല്ലാവരോടും കടപ്പെട്ടവനായതുകൊണ്ട് എല്ലാവരെയും സുവിശേഷവത്ക്കരിക്കാൻ ശുഷ്കാന്തിയുള്ളവനായിരിക്കണം (റോമ. 1,14,15). സ്വന്തം വിശ്വാസികളെ ശ്ലൈഹികവും പ്രേഷിതപരവുമായ പ്രവർത്തനങ്ങൾക്കായി പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.

2016
I prefer a family with a tired face from 
sacrifices made rather than a pretty one 
which is unfamiliar with 
 tenderness and compassion:.
Pope Fransis 
വിശ്വാസികളാട്ടെ, സഭ ഈശോമി ശിഹായോടും, ഈശോമിശിഹാ പിതാവിനോടും ചേർന്നിരിക്കുന്ന തുപോലെ, എല്ലാം ഐക്യത്തിൽ പൊരുത്തപ്പെടുന്നതിനും ദൈവമ ഹത്വത്തിൽ സമൃദ്ധമാകുന്നതിനും വേണ്ടി (2 കോറി. 4, 15) മെത്രാനോട് കൂറ് പുലർത്തുകയും വേണം (തിരുസഭ- 27). തന്റെ ജനത്തിന്റെ ജീവിതാവസ്ഥയുടെ എല്ലാതലങ്ങ ളിലും അവരോട് കരുണാമയനായ ഈശോയുടെ മാതൃകയിൽ വർത്തി ക്കുവാൻ മെത്രാന്മാർക്ക് കടമയു ണ്ടെന്ന ഉദ്ബോധനത്തോടെയാണ് ഈ പ്രമാണ രേഖ ആരംഭിക്കുന്നത്. ഇത് ഏറെ ശ്രദ്ധേയവുമാണ്.

മെത്രാൻ ആത്മാക്കളേക്കുറിച്ച് കരുതലുള്ള അജപാലകനും ഭരണ കർത്താവും മാത്രമല്ല. തന്നെ ഭരമേൽപ്പിച്ചിട്ടുള്ള അജഗണത്തിനു നീതി നടത്തിക്കൊടുക്കേണ്ട ന്യായാധിപൻ കൂടിയാണ് എന്ന ഓർമ്മപ്പെടുത്തലും ഈ പ്രമാണ രേഖയുടെ സവിശേഷതയാണ്.

ഇന്നത്തെ വിവാഹനീതി നിർവ്വഹണക്രമം.

വിവാഹം അസാധുവാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൗരസ്ത്യ കാനോന സംഹിത (CCEO) 1357 മുതൽ 1377 വരെയുള്ള കാനോനകളിലാണ് ചേർത്തിരിക്കു ന്നത്.

തെളിവുകൾ

വിവാഹം അസാധുവായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമത്തിന്റെ ആദ്യ ഘട്ടം തെളിവുകൾ ശേഖരിക്കുകയാണ്. വിവാഹം നടത്തപ്പെട്ടു എന്നതിലേയ് ക്കും വിവാഹം അസാധുവാണ് എന്നതിലേയ്ക്കും വിരൽചൂണ്ടുന്ന തെളിവുക ളാണാവശ്യം. ഇതിനായി അപേക്ഷകൻ / അപേക്ഷകയുടെ ജ്ഞാനസ്നാനസർട്ടിഫിക്കറ്റ്, തർക്കത്തിലുള്ള വിവാഹത്തിന്റെ സർട്ടിഫിക്കറ്റ്, ഇടവകവികാരിയുടെ സാക്ഷ്യപത്രം എന്നിവയോടൊപ്പം തർക്കത്തിലുള്ള വിവാഹം അസാധുവായി പ്രഖ്യാപിക്കുന്നതിനുള്ള കാരണങ്ങൾ വിശദമാക്കുന്ന അപേക്ഷ എന്നിവയുമായി അതാത് സഭാകോടതിയിൽ അപേക്ഷ നൽകണം.   ഈ ഘട്ടത്തിൽ അതാത് ഇടവക വികാരിമാർ കക്ഷികൾക്ക് വേണ്ട അജപാലന സഹായം ചെയ്തു കൊടുക്കേണ്ടതാണ്. വിവാഹത്തിന്റെ അവാസ്തവികത പ്രഖ്യാപിക്കുവാൻ താഴെപ്പറയുന്ന സഭാകോടതികൾക്കാണ് അധികാര മുള്ളത്. 

അവയെ ഇപ്രകാരം തിരിച്ചിരിക്കുന്നു:

1. വിവാഹം നടത്തപ്പെട്ട സ്ഥലത്തെ കോടതി-
2. എതിർകക്ഷിക്ക് സ്ഥിരവാസമോ താൽക്കാലികവാസമോ ഉള്ള സ്ഥലത്തെ സഭാകോടതി.
3. എതിർകക്ഷിയുടെ സ്ഥിരവാസസ്ഥലത്തെ ജുഡീഷ്യൽ വികാരി എതിർ കക്ഷിയെ ശ്രവിച്ചതിനുശേഷം സമ്മതം നൽകുകയും രണ്ടു കക്ഷികളും ഒരേ രാഷ്ട്രാതിർത്തിക്കുള്ളിൽ വസിക്കുകയും ചെയ്യുന്നപക്ഷം പരാതിക്കാരന് സ്ഥിരവാസസ്ഥാനമുള്ള സ്ഥലത്തെ കോടതി.
4. എതിർകക്ഷിയുടെ സ്ഥിരവാസസ്ഥലത്തെ ജുഡീഷ്യൽ വികാരി എതിർ കക്ഷിയെ ശ്രവിച്ചതിനുശേഷം സമ്മതിക്കുന്നപക്ഷം ഏറ്റവും കൂടുതൽ തെളിവുകൾ ശേഖരിക്കുവാൻ പറ്റിയസ്ഥലത്തെ കോടതി.

 കോടതിയും നടപടിക്രമവും  

പരാതി സമർപ്പിക്കപ്പെട്ടുകഴിഞ്ഞാൽ ഉടൻതന്നെ എതിർകക്ഷിക്കു ഈ കേസ്സിനോട് സഹകരിക്കുന്നതിനുള്ള അവസരമൊരുക്കിക്കൊണ്ടുള്ള അറിയിപ്പ് ലഭ്യമായിരിക്കുന്ന വിലാസത്തിൽ രജിസ്റ്റേഡ് പോസ്റ്റിൽ നൽകുന്നു. എതിർ കക്ഷി സഹകരിക്കുന്ന പക്ഷം പരാതി കക്ഷിയെയും എതിർ കക്ഷിയെയും ഒരുമിച്ചു വിളിച്ച് വിവാഹത്തിന്റെ വാസ്തവികതയേയും അനുരജ്ഞനത്തിനുള്ള സാദ്ധ്യതകളെക്കുറിച്ചും കോടതി മുമ്പാകെ ആരായും. ഇരു കക്ഷികളുമോ ഏതെങ്കിലും ഒരു കക്ഷി മാത്രമോ വിവാഹത്തിന്റെ അവാസ്തവികതയിൽ ഉറച്ചു നിൽക്കുന്ന പക്ഷം ഇരുകക്ഷികളുടെയും സാന്നിദ്ധ്യത്തിൽ തർക്കവിഷയ നിർണ്ണയം നടത്തും.

ഇതിനുശേഷം എതിർകക്ഷിയെയും അയാളുടെ സാക്ഷികളെയും കോടതി മുമ്പാകെ വിസ്തരിക്കും. അവരുടെ മൊഴികൾ കോടതിയുടെ നോട്ടറി രേഖപ്പെ ടുത്തുന്നു. ഈ മൊഴി രേഖകളിൽ അതാത് കക്ഷികളും അദ്ധ്യക്ഷ ന്യായാധിപ നും ബന്ധസംരക്ഷകനും (defender of bond) നോട്ടറിയും ഒപ്പ് വയ്ക്കുന്നു. പിന്നീട് പരാതികക്ഷിയെയും അയാളുടെ സാക്ഷികളെയും വിളിച്ചു വരുത്തി മേൽപ്പറ ഞ്ഞ നടപടിക്രമം അനുസരിച്ച് വിസ്തരിച്ച് മൊഴി രേഖപ്പെടുത്തുന്നു. അതിനു ശേഷം കേസ് ഫയൽ ബന്ധസംരക്ഷകന്റെ നിരീക്ഷണത്തിനായി ഏൽപ്പിക്കുന്നു. ഫയൽ പഠിച്ച് ബന്ധസംരക്ഷകൻ സമർപ്പിക്കുന്ന നിരീക്ഷണങ്ങൾ കൂടി പരിഗ ണിച്ച് അദ്ധ്യക്ഷന്യായാധിപൻ സുദീർഘമായ വിധിന്യായം തയ്യാറാക്കുന്നു.

വിധിയും വിധിന്യായങ്ങളും

ഇതിനുശേഷം കേസ് ഫയൽ മറ്റൊരു അപ്പീൽ കോടതിയിലെ 3 ജഡ്ജിമാരുടെ പാനലിനു സമർപ്പിക്കുന്നു. അവിടെനിന്ന് പരാതിക്കാരനും എതിർകക്ഷിക്കും വീണ്ടും അറിയിപ്പ് നൽകുകയും അപ്പീൽ കോടതിയിലെ ബന്ധ സംരക്ഷകന്റെ നിരീക്ഷണത്തിനായി കേസ് ഫയൽ നൽകുകയും ചെയ്യുന്നു. തുടർന്ന് പാനലിൽ ഉള്ള മൂന്ന് ന്യായാധിപന്മാരും ചേർന്ന് കീഴ്ക്കോടതിയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തുകൊണ്ട് അന്തിമ വിധിന്യായം പ്രഖ്യാപിക്കുന്നു. ഈ വിധിന്യായത്തിന്റെ ഉത്തരവ് കീഴ്‌ കോടതിയിലേയ്ക്ക് അയക്കുകയും കീഴ്‌ കോടതി ഈ വിധിന്യായം അന്തിമ ഉത്തരവിനായി ഭദ്രാസന മെത്രാപ്പോലീ ത്തയ്ക്ക് സമർപ്പിക്കുകയും ചെയ്യുന്നു.

സ്ഥിരീകരണം
 
ഈ വിധിന്യായങ്ങൾ പരിശോധിച്ചശേഷം അന്തിമ ഉത്തരവിലൂടെ വിവാഹ ത്തിന്റെ അവാസ്തവികത മെത്രാപ്പോലീത്ത സ്ഥിരീകരിക്കുന്നു. ഇതേത്തുട ർന്ന് ബന്ധപ്പെട്ട രണ്ടു കക്ഷികൾക്കും അതാതു വികാരിമാർക്കും അന്തിമ ഉത്തരവിന്റെ പകർപ്പും കക്ഷികളുടെ കൂദാശാ ജീവിതത്തിലും മറ്റും വികാരിയച്ചന്മാർ സ്വീകരിക്കേണ്ട അജപാലന നടപടികളെക്കുറിച്ചുള്ള അറിയിപ്പും ജുഡീഷ്യൽ വികാർ ബന്ധപ്പെട്ട വികാരിയച്ചന്മാർക്ക് നൽകുന്നു.

ഈ നടപടിക്രമങ്ങളിലുടനീളം വിവാഹബന്ധത്തിന്റെ പവിത്രതയും സ്ഥിരതയും നിലനിറുത്തുവാൻ വേണ്ടിയ എല്ലാ സാദ്ധ്യതകളും മറ്റുള്ള ബന്ധപ്പെട്ടവരും ന്യായാധിപന്മാരും ആരായേണ്ടാതാണെന്നു സഭ അതിന്റെ നിയമങ്ങളിലൂടെ പ്രത്യേകം അനുശാസിക്കുന്നുണ്ട്. അതുപോലെ നടപടിക്രമങ്ങളുടെ പ്രഥമഘട്ടമായ തെളിവുകൾ ശേഖരിക്കുന്ന സമയത്തും മറ്റും വികാരിയച്ചന്മാർ കക്ഷികൾക്ക് വേണ്ട അജപാലന പിന്തുണയും സഹായങ്ങളും നൽകണമെന്ന് നിയമം പ്രത്യേകം പഠിപ്പിക്കുന്നു.

മോതു പ്രോപ്രിയോയിലെ( Motu Proprio) നിയമപരിഷ്കരണങ്ങൾ.

ഫ്രാൻസിസ് മാർപാപ്പ
പൗരസ്ത്യ സഭാനിയമങ്ങൾ പരിഷ്കരിച്ചുകൊണ്ട് പുറത്തിറക്കിയ പ്രമാണ രേഖ (Mitis Misericors Jesus ) യിൽ താഴെപ്പറയുന്ന നിയമ പരിഷ്കരണങ്ങളാണ് പ. ഫ്രാൻസിസ് മാർപാപ്പ വരുത്തിയത്.

1. ഭദ്രാസന മെത്രാപ്പോലീത്ത തന്റെ ജനത്തിനു നീതി നടത്തിക്കൊടുക്കേണ്ട നീതിനിഷ്ടനായ ന്യായാധിപനാണെന്ന്- Motu proprio- മോത്പ്രോപി യോയിൽ വ്യക്തമായി സ്ഥാപിക്കപ്പെടുന്നു. ഇതര കോടതി ഘടനകളെല്ലാം ഈ നീതി നിർവ്വഹണത്തിൽ ഭദ്രാസന മെത്രാപ്പോലീത്തയെ സഹായിക്കുന്ന ഘടകങ്ങളാണെന്ന് ഇവിടെ അടിവരയിട്ടു സ്ഥാപിക്കപ്പെടുന്നു. പൗരസ്ത്യ സഭാനിയമങ്ങളുടെ ചിന്താ രീതികളോട് ഏറെ ചേർന്ന് നില്ക്കുന്ന ഒരു പരിഷ്കരണമാണിതെന്നു പറയാം.

2. പ്രഥമ കോടതിയുടെ വിധിന്യായം മാത്രം പരിഗണിച്ചുകൊണ്ട്‌ ഭദ്രാസന മെത്രാപ്പോലീത്തയ്ക്ക് വിവാഹത്തിന്റെ അവാസ്തവികത സ്ഥാപിക്കുവാൻ സാധിക്കും. കേസ് ഫയൽ അപ്പീൽ കോടതിയിലേയ്ക്ക് അയയ്ക്കേണ്ട തില്ലെന്ന് ചുരുക്കം.

3. കോടതിയിൽ തെളിവുകൾ പഠിച്ച് വിധിന്യായം പ്രസ്താവിക്കുന്നതിന് നിയമ പരിജ്ഞാനവും നീതിബോധവുമുള്ള ജഡ്ജിയായ ഒരു വൈദികന് തന്നെ സാധിക്കും. നേരത്തെ ഇത് നടപ്പിലാക്കിയിരുന്നത് മൂന്ന് ജഡ്ജിമാരുടെ ഒരു പാനലായിരുന്നു. അദ്ദേഹത്തിൻറെ വിധിന്യായം പരിഗണിച്ചുകൊണ്ട്‌ ഭദ്രാ സന മെത്രാപ്പൊലീത്തായ്ക്ക് വിവാഹത്തിന്റെ അവാസ്തവികത സ്ഥിരീകരി ച്ചുകൊണ്ട് അന്തിമ ഉത്തരവ് പുറപ്പെടുവിക്കാൻ സാധിക്കും.

4. ഇപ്രകാരം വിവാഹത്തിന്റെ അവാസ്തവികത പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമം ചുരുക്കി നടപടികളുടെ രണ്ടാം ഘട്ടം ഒഴിവാക്കിക്കൊണ്ടാണ് പുതിയ മോതു പ്രോപ്രിയോയിലൂടെ (Apostolic letter) ഫ്രാൻസിസ് മാർപാപ്പ ഉത്തരവ് നൽകിയത്.  

ഉപസംഹാരം. മനുഷ്യരക്ഷയുടെ ചൂണ്ടുപലക.

08.12. 2015-ന് പ്രാബല്യത്തിൽ വരുന്ന ഈ നിയമപരിഷ്ക്കരണങ്ങളിലൂടെ "ആത്മാക്കളുടെ രക്ഷയാണ് അത്യൂന്നത നിയമം" എന്ന സുവർണ്ണ നിയമത്തിനു ഫ്രാൻസിസ് മാർപാപ്പ ഒരിക്കൽക്കൂടി അടിവരയിടുന്നു. വഴി തെറ്റിയവരോടും വിഷമതകളിൽ ആയിരിക്കുന്നവരോടും ഉള്ള പ്രത്യേക കരുതലുകളാണ് ഈ നിയമ പരിഷ്ക്കരണത്തിലൂടെ ഒരിക്കൽക്കൂടി വെളിവാകുന്നത്. പൗരസ്ത്യ പാരമ്പര്യമനുസരിച്ച് നിയമത്തിനു ഒരു ഔഷധാത്മകമായ (medicinal character) സ്വഭാവമാണുള്ളത്‌. നിയമാദ്ധ്യന്തി കമായി മനുഷ്യരക്ഷയിലേയ്ക്കുള്ള ചൂണ്ടു പലകകൾ ആകണമെന്നുള്ള സഭാപ്രബോധനം ഒരിക്കൽക്കൂടി സ്ഥാപിക്കുന്നു. കുടുംബങ്ങളുടെ സുസ്ഥിതിയും അവയിലെ ആത്മാക്കളുടെ നന്മയും സഭയുടെ ചിന്താപഥത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളാണ് ലോക മന: സാക്ഷിയുടെ ശബ്ദമായി നിന്നുകൊണ്ട് പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ ഒരിക്കൽക്കൂടി സ്ഥാപിച്ചു സ്ഥിരീകരിക്കുന്നത്.
----------------------------------------------------------------------------------------------------------------------

 
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER: Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
E-mail: dhruwadeeptionline@gmail.com
  

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.