: Politics //Journalism

സാർ സാർ വിളി...
ബില്ലുകളുടെ ചർച്ചയിൽ ഫലപ്രദമായി പങ്കെടുത്ത ഒരംഗമുണ്ട്, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ. അത് കെ. ആർ. ഗൌരിയാണ്. താൻ നേതൃത്വം നൽകി പാസാക്കിയ കാർഷികബന്ധബിൽ ഭേദഗതി ചർച്ചയിലാണ് കെ.ആർ. ഗൗരി പ്രധാനമായി രംഗത്ത് വന്നത്. പഞ്ചായത്ത് ബില്ലിന്റെ പരിഗണനാവേളയിലും അവർ പിറകോട്ടു മാറിയില്ല. ഗൗരിയെ സംബന്ധിച്ചിടത്തോളം കാർഷിക ബന്ധബിൽ നല്ല നിശ്ചയമുള്ള ഒന്നാണ്. കാർഷികബന്ധബില്ല് പരിഗണനാവേളയിൽ ഫലപ്രദമായിത്തന്നെ അവർ പങ്കെടുത്തു. സാർ, സാർ, സാർ ! വിളികളോട്കൂടി ഏതു നിമിഷത്തിലും അവർ ചാടി എഴുന്നേൽക്കുന്നത് കാണാമായിരുന്നു. "ഓർഡർ" വിളി അവരെ പലപ്പോഴും അലട്ടിയിരുന്നില്ല. പറയാനുള്ളത് പറഞ്ഞു മാത്രമാണ് ഇരിക്കാറ്. ഒരു സ്ത്രീയുടെ ബലഹീനത പലപ്പോഴും പ്രകടിപ്പിച്ചു പോയിട്ടുണ്ടെങ്കിലും എത്രനേരം പ്രസംഗിക്കുന്നതിനും അവർക്ക് മടി ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ്സിലെ കെ. കെ. വിശ്വനാഥൻ എഴുന്നേറ്റാൽ-സംസാരിച്ചാൽ -കെ. ആർ. ഗൗരിക്കു ശുണ്ഠി ഇളകും. രണ്ടുപേരും തമ്മിൽ നിയമസഭയ്ക്ക് ഉള്ളിൽ നിന്നുകൊണ്ടുള്ള കോർക്കൽ രസകരമായ ഒരു കാഴ്ചയായി. ടി. എ. തൊമ്മൻ കൊണ്ടുവരുന്ന പോയിന്റ് ഓഫ് ഓർഡറുകളും അവരെ ചൊടിപ്പിക്കുന്നത് കാണാമായിരുന്നു.
പഞ്ചായത്ത് ബിൽ വന്നപ്പോൾ.
പഞ്ചായത്ത് ബിൽ പരിഗണനയ്ക്ക് വരുന്നതുവരെ നിശബ്ദനായിരുന്ന ഒരു അംഗം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ട്. വെളിയം ഭാർഗ്ഗവൻ. മുൻ അവസരങ്ങളിൽ ഏതു വിഷയത്തെപ്പറ്റിയും എന്തും പ്രസംഗിക്കുന്ന ഒരംഗമായിരുന്ന ഭാർഗ്ഗവൻ ഇത്തവണ പഞ്ചായത്ത് ബിൽ ചർച്ചാവേളയിൽ മാത്രമേ സജീവമായിരുന്നുള്ളൂ. ഏതാണ്ട് ഗോപാലനെപ്പോലെ തന്നെയാണ് ഭാർഗ്ഗവന്റെയും പോക്ക്. തനിക്ക് മേൽ ആരുമില്ലെന്ന തോന്നൽ ഭാർഗ്ഗവന്റെ എല്ലാ ചലനങ്ങളിലും ഒരാൾക്ക് വീക്ഷിക്കാം.
കമ്മ്യൂണിസ്റ്റ് കക്ഷിയിൽ ഭാഗ്യവാനായ ഒരു മെമ്പർ ഉണ്ട്. ടി. കെ. രാമകൃഷ്ണൻ. സ്പീക്കറുടെ ദൃഷ്ടി ഉദാരമായി ലഭിക്കുന്ന ഒരു മെമ്പറാണ്, അദ്ദേഹം. കുറഞ്ഞത് 36 ദിവസത്തെ സമ്മേളനത്തിടയിൽ നാല് റൂൾ 66 പ്രത്യേക ചർച്ചയ്ക്കെങ്കിലും രാമകൃഷ്ണന് അവസരം ലഭിച്ചു. ബില്ലുകളെക്കുറിച്ചും മറ്റു എന്ത് വിഷയത്തെക്കുറിച്ചും ധാരാളമായി രാമകൃഷ്ണൻ സംസാരിക്കാറുണ്ട്. ഭാഷാപ്രശ്നം കൂടെക്കൂടെ ഉയർന്നുവരാൻ എം. എം. സുന്ദരം കൂടെക്കൂടെ ഇടയാക്കി. ദേവികുളത്തുനിന്നും ജയിച്ചുവന്ന കമ്മ്യൂണിസ്റ്റ് മെമ്പറാണ് സുന്ദരം. മലയാളത്തിലും പ്രസംഗിക്കാൻ മെമ്പർക്ക് കഴിവുണ്ട്. എന്നാൽ ആശയങ്ങൾ ശരിയായി പ്രതിഫലിപ്പിക്കാൻ തമിഴിലേ സംസാരിക്കു. പോലീസ് മർദ്ദനവും എസ്റ്റേറ്റുമാണ് കൈകാര്യം ചെയ്യുന്ന രണ്ടു പ്രശ്നങ്ങൾ. മുൻ അവസരങ്ങളിലെല്ലാം വളരെ വാചാലനായി കാണപ്പെടാറുള്ള ടി. സി. നാരായണൻ നമ്പ്യാർ ഇത്തവണ പതിവിനു വിരുദ്ധമായി മൂകനായിരുന്നു. എന്നാൽ കിട്ടിയ അവസരങ്ങൾ കവിതയും ശ്ലോകവുമായി പ്രത്യക്ഷപ്പെടുകയും ചെയ്തു.
പ്രതിപക്ഷ നേതൃത്വം.
പ്രതിപക്ഷ നേതാവെന്ന നിലയിൽ E. M. S. നമ്പൂതിരിപ്പാട് ഒരു തികഞ്ഞ പരാജയമാണെന്ന് ഇതുവരെ ഉള്ള അദ്ദേഹത്തിൻറെ പ്രവർത്തനം തെളിയിച്ചു. പ്രതിപക്ഷ കക്ഷി എന്ന നിലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും. വളരെ വിരളമായി മാത്രമേ അദ്ദേഹം സഭയിൽ കാണാറുള്ളൂ. വന്നാലും പ്രതിപക്ഷനേതാവിന്റെ സീറ്റിൽ അധികനേരം ഇരിക്കാറില്ല. സ്വന്തം കക്ഷിയിലെ മറ്റംഗങ്ങളുടെ അടുക്കൽ പോയിരുന്നു വർത്തമാനം പറഞ്ഞാണ് സമയം കഴിക്കുക. ഇതുവരെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് ഇരുന്നവരോടുള്ള ക്ഷമായാചനമായി താൻ അവിടെ ഇരിക്കെണ്ടാ എന്ന് കരുതിയിട്ടാണോ എന്തോ ? ഇന്നത്തെ അഭ്യന്തര മന്ത്രിയായിരിക്കുന്ന പി. റ്റി. ചാക്കോ അദ്ദേഹത്തിൻറെ പേരും പെരുമയും വർദ്ധിപ്പിച്ച് ഒരു സ്ഥാനം ഉറപ്പിച്ചെടുത്തത് നമ്പൂതിരിപ്പാട് ഇന്നിരിക്കുന്ന സ്ഥാനം ഉപയോഗിച്ചാണെന്നും പ്രത്യേകം ഓർക്കണം.
രണ്ടു അബദ്ധങ്ങൾ
നമ്പൂതിരിപ്പാടിന് രണ്ടു അപകടങ്ങൾ ഈ സമ്മേളനത്തിൽ പിണഞ്ഞു. ഒന്ന്, കാർഷിക ബന്ധ ബിൽ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതാണ്. തനിക്കുകൂടെ ചർച്ചയ്ക്ക് അവസരം കിട്ടത്തക്കവണ്ണം ബിൽ ചർച്ച നീട്ടിവയ്ക്കണമെന്ന് നമ്പൂതിരിപ്പാട് ഗവർമെന്റിന് എഴുതി. പ്രതിപക്ഷ ബഹുമാനം വച്ചുകൊണ്ട് ഗവർമെന്റ് അത് സമ്മതിക്കുകയും ചെയ്തു. പക്ഷെ ആ സാവകാശം ഉപയോഗിച്ച് കർഷകബന്ധബിൽ ഭേദഗതിവിരുദ്ധ പ്രക്ഷോപണം സംഘടിപ്പിക്കാൻ ശ്രമിക്കുകയാണ് പാർട്ടി ചെയ്തത്. അത് തെളിയിക്കുന്ന ഒരു രഹസ്യ രേഖയും ഗവർമെന്റിന് കിട്ടി. ഗവർമെന്റു ഭാഗത്തുനിന്നും ആ രേഖ ഹാജരാക്കിക്കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുറ്റപ്പെടുത്തിയപ്പോൾ അതിനു അവർക്ക് സമാധാനം പറയാൻ ഉണ്ടായിരുന്നില്ല. മറ്റൊരു അപകടം പിണഞ്ഞത് ഒരു വാക്കൗട്ടിനു നേതൃത്വം നൽകിയതാണ്. സ്പീക്കറുടെ റൂളിങ്ങിനെ പ്രതിഷേധിച്ചായിപ്പോയി വാക്കൗട്ട്. മന:പൂർവ്വം അങ്ങനെ ഒരു നടപടി സ്വീകരിച്ചതാവാൻ വഴിയില്ല. എന്തായാലും നിയമ സഭാനടപടി ക്രമങ്ങൾക്ക് യോജിക്കാത്ത ഒരു നടപടി പ്രതിപക്ഷനേതാവ് സ്വീകരിച്ചതായി നിയമസഭാ നടപടികളിൽ രേഖപ്പെടുത്തപ്പെട്ടു. അങ്ങനെ രേഖപ്പെടുത്തിയത് പി. റ്റി. ചാക്കോയുടെ ഒരു പോയിന്റ് ഓഫ് ഓർഡറിന്റെ വെളിച്ചത്തിലും ആയിരുന്നു.
പുതിയ അടവ്.
കമ്മ്യൂണിസ്റ്റ് പാർട്ടി ഈ സമ്മേളനത്തിൽ തികച്ചും പുതിയ ഒരടവാണ് സ്വീകരിച്ചത്. കാർഷികബന്ധബിൽ എന്ന പേരിൽ ഒരു ബഹുജനപ്രക്ഷോപണം സംഘടിപ്പിക്കാനുള്ള അവരുടെ ശ്രമം പരാജയപ്പെട്ടതായിരിക്കണം അവരെ പുതിയ അടവ് സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. അഭ്യന്തര മന്ത്രി പി. റ്റി .ചാക്കോയെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുക എന്ന നയം അവർ പാടേ ഉപേക്ഷിച്ചിരുന്നു. അങ്ങോട്ട് തിരിഞ്ഞുള്ള കടി ഒന്നുംതന്നെ നടത്തിയില്ല. അതുകൊണ്ട് തിരിച്ചും അധികമൊന്നും വാങ്ങേണ്ടി വന്നില്ല. താണുപിള്ള സാർ നല്ലവനാണ്, വലിയവനാണ് എന്ന പ്രശംസാ പത്രം മുഖ്യമന്ത്രിക്ക് ലഭിച്ചു. "സാറും ഞാനും തുല്യ ദു:ഖിതരാണെന്ന്" വരെ ഒരവസരത്തിൽ കെ. ആർ .ഗൗരി പറയുകയുണ്ടായി. പിന്നെ വല്ലപ്പോഴും വാക്ക് സംഘട്ടനത്തിന് മുതിർന്നത് മന്ത്രി കെ. ചന്ദ്രശേഖരനുമായിട്ടാണ്. അതിനെല്ലാം കണക്കിന് തിരികെ വാങ്ങുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടി ഗവർമെന്റുമായി സഹകരിച്ച് മുന്നോട്ടുപോകുവാൻ തയ്യാറാണെന്ന ഒരു ധാരണ ജനങ്ങളിൽ ഉണ്ടാക്കാനാണ് ഇത്തരം ഒരു അടവ് സ്വീകരിച്ചതെന്ന് കരുതുന്നതിൽ തെറ്റില്ല. നഷ്ടപ്പെട്ട ബഹുജന പിന്തുണ എങ്ങനെ നേടി എടുക്കാമെന്നുള്ള പരീക്ഷണത്തിന്റെ ഭാഗമാണിതും.
അടുത്ത പ്രാവശ്യം അടവ് വീണ്ടും മാറും.
അടുത്ത സമ്മേളനം ആകുമ്പോഴേയ്ക്കും അവർ അടവ് വീണ്ടും മാറുന്ന ലക്ഷണമുണ്ട്. വിദ്യാഭ്യാസ ആക്ട് 11-)0 വകുപ്പിന്റെ പേരിൽ ഒരു ബഹുജന പ്രക്ഷോപണം സംഘടിപ്പിക്കാനുള്ള ശ്രമമാണ് ഇന്നവർ ആരംഭിച്ചിരിക്കുന്നത്. ഒരു വിഭാഗം ജനങ്ങളുടെ വികാരത്തെ ഉണർത്താൻ കഴിയുന്ന ഒരു പ്രശ്നമാണതെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ആ പ്രശ്നം പൊന്തിച്ചുകൊണ്ടു വന്നാൽ വീണ്ടും ജനദൃഷ്ടിയിൽ "സമർത്ഥന്മാർ" ആകാമോ എന്നതാണ് നോട്ടം. ആ നോട്ടത്തിന്റെ പ്രതിഫലനം അടുത്ത സമ്മേളനത്തിൽ ഉണ്ടാകുകയും ചെയ്യും. / -











