Donnerstag, 23. Januar 2014

ധ്രുവദീപ്തി // Trafic Crime / അവലോകനം - മരണവഴിയായിത്തീരുന്ന കേരളത്തിലെ പെരുവഴികൾ K.A.Philip.USA.


ധ്രുവദീപ്തി:

 Trafic Crime / അവലോകനം -

  മരണവഴിയായിത്തീരുന്ന കേരളത്തിലെ പെരുവഴികൾ- 

K.A.Philip.USA.

 "ഏറ്റവും നിസ്സാര സൃഷ്ടിയെ കൂടി തന്നെപ്പോലെ തന്നെ സ്നേഹിക്കാൻ കഴിയുന്ന ആളിനേ സാർവ്വ ലൗകികവും സർവ്വവ്യാപിയുമായ സത്യാത്മാവിനെ മുഖാമുഖം ദർശിക്കാനാകൂ. അത് അഭിലഷിക്കുന്ന ഒരാൾക്ക് ജീവിതത്തിന്റെ യാതൊരു മണ്ഡലത്തിൽ നിന്നും വിട്ടുനിൽക്കാനാവില്ല. ഒരാൾ സ്വയം ശുദ്ധീകരിക്കുമ്പോൾ അത് സ്വന്തം ചുറ്റുപാടുകളെയും ശുദ്ധമാക്കും." -മഹാത്മാ ഗാന്ധിദീർഘകാലമായി കേരളത്തിലെ ജനങ്ങളെ എപ്പോഴും പിന്തുടരുന്ന ഭീകരവും  സുനിശ്ചിതവുമായ മൃത്യുബോധം ഉണ്ടാക്കുന്ന ദുരന്താനുഭവങ്ങൾ ആണ് നിത്യം സഞ്ചരിക്കാൻ നാമെല്ലാം ഉപയോഗപ്പെടുത്തുന്ന കേരളത്തിലെ വഴികളും അവിടെ നിത്യേന നടക്കുന്ന വാഹന അപകടങ്ങളും, അതുമൂലം ഉണ്ടാകുന്ന മരണങ്ങളും ചൂണ്ടിക്കാണിക്കുന്നത്. മരണത്തിനപ്പുറം മറ്റൊന്നും സംഭവിക്കുകയില്ലെന്ന തീവ്വ്ര ചിന്ത, തങ്ങൾ നിത്യവും സഞ്ചരിക്കേണ്ടി വരുന്ന വഴിയിലും വാഹനത്തിലും ആയിരിക്കുമ്പോൾ ജീവിതം അവസാനിക്കുമെന്ന നിർദ്ദിഷ്ടവും വ്യക്തവുമായ തത്വശാസ്ത്രത്തിൽ അധിഷ്ടിതമാകുന്നു. മനുഷ്യരെ സംബന്ധിച്ച് സുനിശ്ചിതമായ സംഭവം മരണമാണ്, അത് സംഭവിക്കേണ്ടത്‌ പെരുവഴിയിലെ വാഹനാപകടത്തിൽ തട്ടി ആകണമോ?

കേരളത്തിലെ ഈ ദു:സ്ഥിതിക്ക് ഒരവസാനമില്ലേയെന്നു നാമൊരൊരുത്തനും കൂടെക്കൂടെ ചിന്തിച്ചു പോകുന്നു. കേരളത്തിലെ യാത്രാസംവിധാനത്തിൽ ഒരുക്കിയിരിക്കുന്ന സൌകര്യങ്ങളിൽ അവിടെ എന്താണ്, എവിടെയാണ്, എന്തുകൊണ്ടാണ് പിഴവുണ്ടായിരിക്കുന്നതു എന്ന് തിരക്കാൻ ജനങ്ങളും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട സാമൂഹ്യക്രമങ്ങൾ നിരീക്ഷിക്കുവാൻ ഉത്തരവാദപ്പെട്ടവരും തയ്യാറായിട്ടുണ്ടോ? ശ്രദ്ധിക്കപ്പെടാത്ത നിരവധി കാര്യങ്ങളും കാരണങ്ങളും ഭീകരമായ ഈ ദുർവിധിക്ക് പിന്നിലുണ്ടെന്ന് കാണാൻ കഴിയും. എന്റെ ചെറിയ ഈ ഉദ്യമംകൊണ്ട് കേരളത്തിലെ ഗതാഗത മണ്ഡലത്തിൽ എന്തെങ്കിലും ഒരു സമൂലപരിവർത്തനം ഉണ്ടാക്കുമെന്ന ശുഭവിശ്വാസം എനിക്കില്ല. ചിലതുമാത്രം ചൂണ്ടിക്കാണിക്കുവാൻ ശ്രമിക്കുന്നു.

നമ്മുടെ രാജ്യത്ത് എല്ലാ രംഗങ്ങളിലും, പൊതുജനങ്ങളിലും സർക്കാരിലും, മാതൃകയല്ലാത്ത ക്രമക്കേടുകൾ കാണുന്നുണ്ട്. നാട്ടുവഴികളും പെരുവഴികളും നാം താമസിക്കുന്ന സ്വന്തം വീടുകൾ പോലെ പരസ്പരം വേർപെടുത്താൻ കഴിയാത്ത സജീവ ജീവിതമേഖലയാണ്. അവിടെയെല്ലാം പ്രാഥമികമായി ഒന്നാം മുൻഗണന നല്കേണ്ടത് ജീവസുരക്ഷയാണ്. ഇത് കേരളത്തിൽ ഇല്ലാത്ത കാര്യം തന്നെ. പക്ഷെ, കേരളത്തിൽ എമ്പാടും ആവശ്യമായ റോഡു നിർമ്മാണത്തിലും യാത്രാ സുരക്ഷാസംവിധാനത്തിലും ഇതുവരെ  സ്വീകരിച്ചുകൊണ്ടിരിക്കുന്ന അശാസ്ത്രീയതയും അശ്രദ്ധയും ഒറ്റനോട്ടത്തിൽ ആക്ഷേപകരമാണ്.

റോഡുനിർമ്മാണത്തിലേർപ്പെടുത്തുന്ന ജോലിക്കാരുടെയും, ഇക്കാര്യത്തിൽ  സർക്കാരിലെ ഉത്തരവാദപ്പെട്ട  എല്ലാ ആളുകൾക്കും ഉണ്ടായിരിക്കേണ്ട സാങ്കേതികവിദ്യയുടെ അറിവിന്റെ കുറവ് വേറെയുമുണ്ട്. പ്രകടമായ പിഴവുകൾ ആണ് ഇവയെല്ലാം. റോഡ്‌ ഗതാഗതം സുഗമമാക്കുവാൻ സർക്കാർ നിയോഗിച്ചിരിക്കുന്ന ഉത്തരവാദപ്പെട്ടവർ തന്നെ നടത്തുന്ന അഴിമതികൾ  ഏറ്റവും ഉയർന്ന തലത്തിലാണ് ആരംഭിക്കുന്നത്. റോഡ്‌ ഗതാഗതത്തിലെ സുരക്ഷാ ക്രമങ്ങളും, ജനങ്ങളിൽ പൊതുവെയും  കാണപ്പെടുന്ന, അഥവാ ഓരോരുത്തനിലും സ്വയം ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്ന ഗുരുതരമായ അശ്രദ്ധയും നിഷേധഭാവത്തിലുള്ള സാമാന്യ നിയമാനുസരണ ബോധമില്ലായ്മയും പ്രകടമായ വികാരവിക്ഷോപം പൂണ്ട അഹങ്കാര ചിന്തയും പെരുവഴികളിലെ അപകടങ്ങൾക്ക് കാരണമാകുന്നു. കേരളത്തിലെ ജനങ്ങളുടെ തനിരൂപം അറിയണമെങ്കിൽ പൊതുനിരത്തിലേയ്ക്കു ചെന്ന് നോക്കിയാൽ മതിയെന്ന് സാധാരണ പറയപ്പെടുന്നതും ഇക്കാരണത്താലല്ലെ?

വാഹനങ്ങളുടെ ഉപയോഗത്തിൽ ശീലിച്ചിരിക്കേണ്ട പൊതു മര്യാദകളെ അവഗണിക്കൽ, വാഹനം ശരിയായ വിധം ഉപയോഗിക്കുന്നതിലെ അറിവ് കുറവും  ഉദാസീനതയും, വാഹനം ഓടിക്കുന്നവർ അറിഞ്ഞിരിക്കേണ്ട റോഡ്‌  നിയമങ്ങൾ പാലിക്കുവാനുള്ള തികഞ്ഞ ഉത്തരവാദിത്വമില്ലായ്മ, വാഹന ഡ്രൈവർ ആകുന്നതിനുള്ള വിദഗ്ദ്ധ പരിശീലനം നൽകുന്നതിൽ കാണപ്പെടുന്ന ഏറ്റവും അപകടകരമായ അജ്ഞത, വഴിനടപ്പുകാർക്കു വേണ്ടിയും കൂടാതെ സൈക്കിൾ യാത്രക്കാർക്കും പ്രത്യേകമായി റോഡുകളുടെ ഇരുവശത്തും ഉണ്ടായിരിക്കേണ്ട നടപ്പാതകളുടെ അഭാവം, എല്ലാറ്റിലും ഉപരിയായി എന്നും അനിയന്ത്രിതമായി വർദ്ധിക്കുന്ന വാഹനപ്പെരുപ്പം, ഇങ്ങനെ എണ്ണിയാൽ തീരാത്ത കാരണങ്ങൾ ഒറ്റനോട്ടത്തിൽ കാണാൻ കഴിയും. ഇവ അനേകം കാരണങ്ങളിൽ ചിലത് മാത്രമാണ്.

നമ്മുടെ യാത്രാസംവിധാനത്തിൽ കാണപ്പെടുന്ന ഭീകരദുർവിധി എന്താണ്? കേരളത്തിൽ ആയിരക്കണക്കിന് കുട്ടികളും യുവാക്കളും മുതിർന്നവരും നമ്മുടെ വഴികളിൽ വാഹന അപകടത്തിൽ മരണപ്പെടുന്നു. കുറച്ചൊരു കാലങ്ങൾ കൊണ്ട് മരണപ്പെട്ടവരുടെ സംഖ്യ പല ലക്ഷങ്ങൾ ആയിരിക്കുന്നു. യഥാർത്ഥ കണക്ക് സർക്കാരിനു പോലും അറിയില്ലയെന്നതാണ് സത്യം! ഇത് കണക്കു കൂട്ടി പ്രവചിക്കുന്നത് മാധ്യമങ്ങൾ ആണുതാനും. പത്തു വർഷം കൊണ്ട് അഞ്ചു ലക്ഷത്തിലേറെ വാഹന അപകടങ്ങളും പരിക്കേറ്റവരുടെ എണ്ണം ഏകദേശം ആറര ലക്ഷവും, ജീവൻ നമ്മുടെ പെരുവഴികളിൽ നഷ്ടപ്പെട്ട കണക്കു ഏതാണ്ട് അര ലക്ഷവും എന്ന് ഈയിടെ ഒരു മാദ്ധ്യമം എഴുതിക്കണ്ടു. ഇതുകൂടാതെ ആവശ്യമായ ചികിത്സ സഹായം ലഭിക്കാത്ത പരിക്കേറ്റവരുടെ എണ്ണം വേറെ. നമ്മുടെ പെരുവഴികളിൽ അപകടപ്പെടുന്നവരും പരിക്കേറ്റു മരണപ്പെടുന്നവരും മരണപ്പെടാതെ നിത്യദു:ഖം അനുഭവിക്കുന്നവരും എല്ലാം നമ്മുടെയൊക്കെ സഹോദരീ സഹോദരങ്ങളോ സുഹൃത്തുക്കളോ നാട്ടുകാരോ പരിചിതരൊ ഒക്കെ ആകാം.

മരണം പതിയിരിക്കുന്ന കെണിക്കുഴി

കേരളത്തിലെ ഗതാഗത സംവിധാനത്തിൽ ഉണ്ടായിരിക്കുന്ന നിത്യപരിഹാരം കാണാത്ത നമ്മെ പിന്തുടരുന്ന തകർച്ചയും അവിടെ സംഭവിക്കുന്ന ദൈനംദിന  റോഡപകടങ്ങളേക്കുറിച്ചും ജനങ്ങൾ സാവധാനം ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. അതുപക്ഷെ ഇത്തരം ചിന്തകളും അഭിപ്രായങ്ങളും നിസ്സഹായാവസ്ഥയുടെ രോദനം പോലെ മാത്രം അവ അവസാനിക്കുന്നു. പ്രാഥമികമായി ചോദിക്കുന്ന ചോദ്യങ്ങളിൽ ചിലതിതാണ് - കേരളത്തിൽ ഉള്ളതിലേറെ വാഹനങ്ങൾ മറ്റിതര ലോകരാജ്യങ്ങളിലെ പൊതു നിരത്തുകളിൽ ഇടമുറിയാതെ എന്നും ഓടുന്നുണ്ട്?  എന്നാൽ അവിടെയെല്ലാം കേരളത്തിൽ ഉണ്ടാകുന്ന വാഹന അപകടങ്ങളെക്കാൾ വളരെ കുറഞ്ഞ തോതിൽ മാത്രമേ സംഭവിക്കുന്നുള്ളൂ?

അപ്പോൾ എന്തുകൊണ്ടാണ് കേരളത്തിൽ അവസാനിക്കാത്ത ഇത്രയേറെ അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നത്‌? ഗ്രാമകേന്ദ്രങ്ങളിലെയും നഗരമാദ്ധ്യത്തിലെയും വാഹനത്തിരക്ക് കുറച്ചുകൊണ്ട്  അപകട സാദ്ധ്യത കുറയ്ക്കുവാൻ ഒരു പരിഹാരമായിരുന്നു, കേരളത്തിൽ തലങ്ങും വിലങ്ങും ഉണ്ടാകേണ്ടിയിരുന്ന എക്സ്പ്രസ് ഹൈവേകൾ. കേരളത്തിന്റെ സമഗ്ര വളർച്ചയ്ക്ക് സഹായകരമായിരിക്കേണ്ട ഈ പദ്ധതിയെ കാലഘട്ടത്തിന്റെ ആവശ്യമായിപ്പോലും അംഗീകരിക്കാത്തവർ അവിടെ അപകടങ്ങളോ മരണങ്ങളോ കണ്ടാലും മുഖം തിരിച്ചു നടക്കും. കേരളത്തിൽ ഗതാഗതമേഖലയിൽ മാത്രമല്ല, ഇത്തരം നിരവധി  വികസനകാര്യങ്ങളിൽ വൈദഗ്ധ്യമില്ലായ്മ കേരളീയർ സ്വയം പ്രഖ്യാപിക്കുന്നു.

ചിലർ പറയുന്നു, കേരളത്തിലെ വഴികളെല്ലാം വീതികുറഞ്ഞതാണ്, വഴിയിൽ വാഹനപ്പെരുപ്പം ഏറുന്നു, നിയമത്തെ വെല്ലുവിളിക്കുന്ന അതിവേഗതയാണ്. ഇവയൊക്കെ  വാഹനാപകടങ്ങൾക്കുള്ള കാരണങ്ങളെന്ന് എളുപ്പത്തിൽ പറഞ്ഞവസാനിപ്പിക്കാവുന്ന ഉത്തരമാണ്. ഇവയൊക്കെ ശരി തന്നെയെന്നു കാണാം. പക്ഷെ, അത് മാത്രമല്ല, അടിസ്ഥാനകാരണങ്ങൾ വേറെ പലതുണ്ട്. വാഹനപ്പെരുപ്പം ഏറിയാലും വഴികൾക്ക് വീതികുറഞ്ഞാലും, നിത്യം ഒരു അപകടം ഉണ്ടാവണമെന്നില്ല. വാഹനം ഓടിക്കുന്നയാൾ ശ്രദ്ധയോടെ തന്നെ പെരുവഴികളിൽ വാഹനം ഓടിക്കേണ്ട നിയമങ്ങൾ പാലിക്കണം. മികച്ച ഡ്രൈവിംഗ് പരിശീലനവും വാഹനത്തിന്റെ സാങ്കേതിക കൃത്യതകൾ അറിഞ്ഞിരിക്കുകയും ആവശ്യമായ വാഹന പരിശോധനകൾ ക്രമമായി  ചെയ്തിരിക്കയും വേണം.

വാഹനങ്ങൾ കുറവായിരുന്ന, നവീന സാങ്കേതിക വിദ്യയിൽ നിർമ്മിക്കാത്ത വഴികളും ക്രമമായ ഗതാഗത നിയമങ്ങളും കൂടുതലേറെ സാധാരണക്കാരന് വാഹനങ്ങളും ഇല്ലാതിരുന്ന ഒരു കഴിഞ്ഞകാലം ഉണ്ടായിരുന്നു. കാലം മാറി. ഇന്ന് വാഹനങ്ങളുടെ ഘടനയിലും രൂപത്തിലും ഉപയോഗരീതികളിലും എണ്ണത്തിലും മാറ്റങ്ങൾ ഉണ്ടായി. വളരെ ഏറെ വേഗതയിൽ ചീറിപ്പാഞ്ഞു പോകുന്നതും ഏറെ അപകടങ്ങൾ ഉണ്ടാക്കുന്നതുമായ ടിപ്പർ ലോറികൾ, വലിയ യാത്രാ ബസ്സുകൾ, ചെറുതും വലുതുമായതും സ്പീഡ് കുറഞ്ഞതും കൂടിയതും എന്നിങ്ങനെ പലതരത്തിൽ പ്പെടുന്ന വാഹനങ്ങൾ കേരളത്തിലെ റോഡുകൾ തിങ്ങി നിറഞ്ഞു ഓടിക്കൊണ്ടിരിക്കുന്നു. ഇവിടെ ക്രമപ്പെടുത്തേണ്ട വേഗതപരിധിക്ക് വേണ്ടി ടിപ്പറുകൾ, ബസ്സുകൾ മറ്റു ലോറികൾ എന്നീ ക്രാഫ്റ്റ് വാഹനങ്ങൾക്ക് ഇരുവരിപ്പാതയാണെങ്കിൽ ഏറ്റവും വലത്തെ ട്രാക്കിൽ മാത്രമേ ഓടിക്കുവാൻ അനുവാദം നൽകാവൂ. പക്ഷെ, അതനുസരിച്ച് കേരളത്തിലെ റോഡ്‌-വാഹന ഉപയോഗ നിയമങ്ങളിൽ ഇനിയും മാറ്റങ്ങൾ ഉണ്ടാവാത്തതിൽ കുറ്റകരമായ അനാസ്ഥയാണ് കാണുന്നത്.

റോഡ്‌ ഗതാഗത സൗകര്യങ്ങൾ അപകടരഹിതവും സുരക്ഷിതവുമായ വിധത്തിൽ ആധുനിക റോഡുകൾ വികസിപ്പിച്ചെടുക്കുവാൻ ശാസ്ത്രീയ സാങ്കേതിക സഹായങ്ങൾ കേരളത്തിനു ഏറ്റവും അനിവാര്യമാണ്. കേരളത്തിന്റെ പൊതു സാമ്പത്തിക ബജറ്റിൽ പെടുത്തിയിരിക്കുന്ന തുക റോഡു അറ്റകുറ്റപ്പണികൾക്ക് തീർത്തും  അപര്യാപ്തമാണെന്ന് പറയുന്നതിലും തക്ക ന്യായം ഇല്ല. അപ്പഴപ്പോൾ അനുവദിക്കപ്പെടുന്ന തുക വേണ്ടവിധം ഉപയോഗിക്കാതെ അഴിമതിയിൽ റോഡുകൾ മുഴുവൻ പൊട്ടിപ്പൊളിഞ്ഞു ഒഴുകിപ്പോകുന്നു.

കേരളത്തിൽ ആധുനികരീതിയിൽ നിർമ്മിച്ചിരിക്കുന്ന റോഡുകൾ ഉണ്ടാകണം. അതുപോലെതന്നെ ജനങ്ങൾ സ്വന്തം ജീവനെ സുരക്ഷിതമാക്കിയ യാത്ര ചെയ്യുവാൻ ബോധവാന്മാരാകണം. കേരളത്തിൽ മോട്ടോർ ബൈക്ക്കൾ ഓടിക്കുമ്പോൾ ഉണ്ടായിട്ടുള്ള അപകട മരണങ്ങൾ കൂടുന്നു. മോട്ടോർ സൈക്കിൾ അപകടത്തിൽപ്പെട്ടു മരിക്കുന്നവരിൽ ഏറെയും ചെറുപ്പക്കാരും സ്ത്രീകളും ആണെന്ന് നാം അറിയുന്നുണ്ട്. വാഹനം ഓടിക്കുന്നവർ മറ്റുള്ളവരുടെ ജീവനിൽക്കൂടി ബോധപൂർവമായ ഉത്തരവാദിത്തം ഉള്ളവരായിരിക്കണം. തന്റെ കൂടെ യാത്രചെയ്യുന്നയാളിന്റെ ജീവൻ തന്റെ കയ്യിൽ സുരക്ഷിതമാണെന്ന ഉറച്ച ബോധ്യം  മോട്ടോർ സൈക്കിൾ  ഓടിക്കുന്നവരിൽ  എപ്പോഴും ഉണ്ടായിരിക്കണം. അതുപോലെതന്നെ മറ്റു വാഹനങ്ങളുടെ കാര്യത്തിലും ഈ അവബോധം ഉണ്ടാകാത്തത് അപകടങ്ങൾക്ക് കാരണങ്ങൾ ആയിത്തീരുന്നു. കേരളീയരുടെ തനിസ്വഭാവം പൂർണ്ണമായി വെളിപ്പെടുത്തുന്ന വേദിയാണ് പൊതുവഴികൾ. "സ്ട്രീറ്റ് റൌഡികൾ" എന്ന ഒരുക്കൂട്ടം ചെറുപ്പക്കാർ ഇക്കാലത്ത് കേരളത്തിൽ ഏറെയാണ്‌. നിരത്തും വാഹനങ്ങളും ഒരാളുടെ സാഹസിക പ്രവർത്തികൾ ചെയ്യുന്നതിനുള്ള വേദിയാകരുത് എന്ന് വാഹനം ഓടിക്കുന്നവർ എല്ലാവരും മനസ്സിലാക്കണം. റോഡുനിയമങ്ങൾ ലംഘിച്ച് വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരുടെ കുറ്റകൃത്യങ്ങൾക്ക് അതി കർശനമായ ശിക്ഷാ നടപടികൾ ഉണ്ടാകണം.

ദൃശ്യം-അപകടം ഉണ്ടാക്കുന്ന ഫ്ലക്സ്ബോർഡുകൾ, നടുറോഡിൽ കാൽനടപ്പുകാർ

അതുപക്ഷെ കേരളത്തിലെ റോഡുനിയമങ്ങൾ നടപ്പിലാക്കാൻ ഒരു ശതമാനം പോലും അധികാരികൾ ശ്രദ്ധിക്കുന്നില്ലയെന്ന ദു:ഖസത്യം നമുക്കറിയാം. വാഹന അപകടങ്ങളുണ്ടായാൽ അതേപ്പറ്റി റിപ്പോർട്ട് തയ്യാറാക്കുന്ന ഉദ്യോഗസ്ഥരെ അവിഹിതമായി സ്വാധീനിച്ച് കേസ് വഴിതിരിച്ചു വിടുന്നതിനു രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുന്ന സംഭവങ്ങൾ എവിടെയും കാണുന്നു. വാഹനാപകടത്തിൽ അനേകംപേർ മരണപ്പെടുകയോ, പരിക്കേൽക്കുകയോ ചെയ്താൽപ്പോലും തക്ക അടിയന്തിര സഹായങ്ങളോ അപകട അന്വേഷണ നടപടികളോ ചെയ്യുന്നതിൽപോലും ഉത്തരവാദപ്പെട്ടവർ കുറ്റകരമായ അനാസ്ഥ കാണിക്കുന്നുണ്ട്. കേരളത്തിലെ ആശുപത്രികളിൽ ആരോഗ്യ സംരക്ഷകരുടെ അശ്രദ്ധകാരണം മരണപ്പെടുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലായി നമ്മുടെ നാട്ടിലെ  പെരുവഴികളിൽ മരണപ്പെടുന്നുണ്ടെന്നു പറയാനാവില്ലെങ്കിലും ഏതാണ്ട് അതിനടുത്ത എണ്ണം വഴിഅപകടത്തിൽ മരണപ്പെടുന്നുണ്ടെന്നു നമക്ക് മനസ്സിലാക്കാൻ കഴിയും.

വാഹന അപകടങ്ങളും മരണങ്ങളും കുറയ്ക്കുവാനും യാത്രാസൗകര്യങ്ങൾ സുരക്ഷിതമാക്കുന്നതിനും എന്തെല്ലാമാണ് ചെയ്യുവാൻ കഴിയുക? ആദ്യപടിയായിത്തന്നെ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയിൽ മേന്മയേറിയ റോഡുകൾ രാജ്യത്തുണ്ടാകണം. അതിനുവേണ്ടി സർക്കാർ, വകുപ്പ്മന്ത്രിമാർ, ഉദ്യോഗസ്ഥന്മാർ, തൊഴിലാളികൾ, റോഡുഗതാഗത സൌകര്യങ്ങളിൽ ഉണ്ടായിരിക്കേണ്ട ആധുനികതയെ അറിഞ്ഞിരിക്കണം. ഇത് പറയുമ്പോൾ ഒരു വസ്തുത കൂടി ഇവിടെ ചേർത്തു പറയാനുണ്ട്. റോഡുഗതാഗതത്തെക്കുറിച്ച് കേരളത്തിലെ ഗതാഗതമന്ത്രിമാർ നിത്യവും ആവർത്തിച്ചു പ്രസംഗിക്കുന്ന വളരെ പ്രധാനപ്പെട്ട വിവരക്കേട് ഇവിടെ  പറയട്ടെ, "നമ്മുടെ രാജ്യത്തെ ട്രാൻസ്പോർട്ട് ബസ്സുകൾ മുഴുവൻ നഷ്ടത്തിലാണ് ഓടുന്നത്"! കയ്യിൽ കിട്ടേണ്ട പണത്തിന്റെ വരവു കണക്കു മാത്രം കൂട്ടിക്കിഴിക്കുകയാണ് മന്ത്രി ചെയ്യുന്നത്. അല്ലാതെ നമ്മുടെ റോഡുകൾ നല്ലതല്ലാ എന്ന് മന്ത്രി പറയുന്നുമില്ലാ, അപകടങ്ങളോ അപകടമരണങ്ങളോ മന്ത്രിയുടെ കണക്കുബുക്കിൽ ഇല്ലതാനും.  

വകുപ്പ് മന്ത്രിക്കു അതുമാത്രം അറിഞ്ഞാൽ മതിയെന്ന വിവരദോഷമാണ് നമ്മുടെ ഗതാഗത മന്ത്രിക്കുമുള്ളത്. നിയോഗപ്പെടുത്തുന്ന ഏത് ജോലികളും കൃത്യമായും കാര്യക്ഷമമായും നിർവഹിക്കുന്നുണ്ടോ, രാജ്യത്ത് നിർമ്മിക്കുന്ന ഗ്രാമ-നഗരങ്ങളിലെ റോഡുകളെല്ലാം  രാജ്യാന്തര നിലവാരത്തിലുള്ളതാണോ, ഓരോ റോഡുകളും  സുരക്ഷാനിയമത്തിനും ജനസഞ്ചാരത്തിനും യോഗ്യമായ തരത്തിലുള്ളതാണോ എന്നൊക്കെ വിശദമായി  അറിയാനും മനസ്സിലാക്കാനും, കോണ്‍ട്രാക്ടർക്ക് പണം നീട്ടി എറിയുന്ന കേരള സർക്കാരിനും അതിനായി നിയോഗിക്കപ്പെടുന്ന ഉത്തരവാദപ്പെട്ടവർക്കും താല്പ്പര്യം ഇല്ലാ. ആധുനിക പണി ആയുധങ്ങളും വേണം, വിദഗ്ധ പരിശീലനമുള്ള തൊഴിലാളികളെയും നിയമിക്കണം.  ആഴ്ചയിൽ ആഴ്ചയിൽ സർക്കാർ ഖജനാവു പണം കൊണ്ട് വിദേശ രാജ്യങ്ങളിൽ എന്തിനോവേണ്ടി സഞ്ചരിക്കുന്ന നമ്മുടെ മന്ത്രിമാരും മറ്റു ജനപ്രതിനിധികളും പ്രാഥമികമായി മനസ്സിലാക്കേണ്ടത്, തങ്ങളുടെയും സ്വന്തം രാജ്യത്തിന്റെ പുരോഗതിയുടെ അടിസ്ഥാന ഘടകം രാജ്യത്തെ റോഡുകൾ തന്നെ ആണെന്നായിരിക്കണം. അതുപോലെതന്നെ അവർ അറിയണം, കേരളത്തിലെ റോഡുകളിൽ സഞ്ചരിക്കുന്നവരെല്ലാം കേരളീയർ മാത്രമല്ല, ലോകമെമ്പാടുമുള്ള ജനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. അപ്പോൾ നമ്മുടെ റോഡുകളെല്ലാം മേന്മയുള്ള അന്താരാഷ്ട്ര നിലവാരത്തിൽ പ്രാധാന്യം നല്കി നിർമ്മിച്ചിരിക്കണം എന്ന തിരിച്ചറിവു രാജ്യം ഭരിക്കാൻ ജനങ്ങൾ ചുമതലപ്പെടുത്തിയിരിക്കുന്ന മന്ത്രിക്കുണ്ടായിരിക്കണം. അപ്പോൾ നമ്മുടെ    കേരളത്തിലെ പെരുവഴികൾക്കു ലഭിച്ച "മരണവഴികൾ" എന്ന പേര്ദോഷം അല്പ്പമെങ്കിലും ഒന്ന് മാറിക്കിട്ടുമായിരുന്നു.

റോഡുകൾ നിർമ്മിക്കുമ്പോൾത്തന്നെ പാലിച്ചിരിക്കേണ്ട എല്ലാവിധത്തിലും ഉള്ള സഞ്ചാര സുരക്ഷാ സൌകര്യങ്ങളും ചേർത്ത് വേണം നിർമ്മിക്കേണ്ടത്. അതായത്, ഏതു തരത്തിലുള്ള വാഹനങ്ങൾക്കും, അതിലെ യാത്രക്കാർക്കും, കാൽനടയാത്രക്കാർക്കുള്ള പ്രത്യേക ചെറു സൈഡ്റോഡുകൾ, ഇടവേള വിശ്രമ പാർക്ക്സ്ഥലങ്ങൾ എന്നിവ ഉണ്ടായിരിക്കണം. പ്രത്യേകിച്ച് നഗരങ്ങളിലും ഗ്രാമങ്ങളിലും കാൽനടയാത്രക്കാർക്ക് റോഡുകൾ കുറുകെ നടന്നു പോകുവാൻ തക്കവണ്ണം ആവശ്യമായിരിക്കുന്ന  "സീബ്രാലൈനുകൾ" കൊടുത്ത് റോഡുകൾ നിർമ്മിക്കണം. റോഡു സിഗ്നൽ ലാമ്പുകൾ വഴി നീളെ സ്ഥാപിച്ചും, ഏതെല്ലാം ദിക്കുകളിലേയ്ക്കാണ് ഒരോരോ റോഡുകളിലൂടെ കടന്നു പോകാൻ കഴിയുക, എന്നു വ്യക്തമായി എഴുതിയിട്ടുള്ള ബോർഡുകളും വാഹന വേഗത പരിധിക്ക്  കർശനമായി ചൂണ്ടിക്കാണിക്കുന്ന ബോർഡുകളും വ്യക്തമായി കാണത്തക്ക വിധത്തിൽ സ്ഥാപിച്ചിരിക്കണം. സീബ്രാലൈനിൽ നടന്നുപോകാൻ ആളുകൾ കാത്തു നിൽക്കുന്നുവെങ്കിൽ ആൾ നടന്നുപോയശേഷം മാത്രമേ വാഹനം ഓടിച്ചു മുന്നോട്ടു നീക്കാവു.

അതിവേഗതയും, മദ്യപാനം നടത്തിയ ശേഷമുള്ള വാഹനം ഓടിക്കലും വളരെ കർശനമായി നിയന്ത്രിക്കണം. കടുത്ത ശിക്ഷാ നടപടികൾ ഉടനടി നല്കുകയും വേണ്ടിയിരിക്കുന്നു. നിയമം ലംഘിക്കുന്നവരുടെ ഡ്രൈവേഴ്സ് ലൈസൻസ് ഉടൻ റദ്ദാക്കാനുള്ള നിയമം  ഉണ്ടായിരിക്കണം. ഇപ്പോൾ നിലവിലുള്ള എല്ലാ നിയമങ്ങളും പരിധി വിട്ടു പഴകിയതാണ്. വാഹന നിയമങ്ങൾ പുതിയതായി പരിഷ്കരിക്കേണ്ടാതാണ്. നിയമ നിഷേധം നടത്തി കുറ്റവാളികൾ മുഴുവൻ രക്ഷപെടുന്നത് രാഷ്ട്രീയ ഇടപെടലിലും കോഴകൊടുക്കലിലും വാങ്ങലിലും നിന്നാണ്.

റോഡുകൾ നിർമ്മിക്കുമ്പോൾ പ്രാഥമികമായിത്തന്നെ ചെയ്യേണ്ടിയിരി ക്കുന്ന സൌകര്യങ്ങളാണ് ആദ്യമേതന്നെ നിർമ്മിക്കേണ്ടത്. റോഡിനു ഇരുവശത്തും കാൽനടക്കാർക്കും സൈക്കിൾ യാത്രക്കാർക്കും പോകാനുള്ള കോണ്‍ക്രീറ്റ് വഴികൾ. അത് പ്രധാന വഴിയിൽ നിന്നും ഏതാണ്ട് ഒരു മീറ്റർ കഴിഞ്ഞു അപ്പുറത്തും അതുപോലെ എതിര് വശത്തും ഒന്നര രണ്ടു മീറ്റർ വീതിയിൽ നടപ്പുവഴി നിർമ്മിച്ചിരിക്കണം. നിലവിൽ അഴുക്കുചാലുകൾ കാണപ്പെടുന്നത് തീർത്തും അശാസ്ത്രീയമാണ്.

കേരളത്തിലെ ഹൈടെക് റോഡു നന്നാക്കൽ ജോലി.?

വഴിവക്കിൽ തുറന്നകിടക്കുന്ന ഓടകൾ, മരണക്കുഴികളായി രൂപപ്പെടുന്നുണ്ട്. ഓടകൾ നിർമ്മിക്കുന്നതിനു റോഡിനടിയിൽ വലിയ കുഴൽചാനലുകൾ ഇറക്കി കുഴിച്ചിട്ടു, ആവിടെ റോഡു പണിക്കിടയിൽത്തന്നെ  നിർമ്മിച്ചിരിക്കെണ്ടതുണ്ട്. കാൽനടയാത്രക്കാർക്കു വേണ്ടി നിർമ്മിച്ചിരിക്കുന്ന നടപ്പാതയിൽ യാതൊരു വിധ കാരണത്താലും വാഹനങ്ങൾ പ്രവേശിക്കാതെ റോഡ്‌ നിരപ്പിൽ നിന്നും ഉയർന്നു നിർമ്മിക്കണം. നിയമം നിഷേധിക്കുന്നത് കുറ്റകരവുമാണ് എന്ന് നിയമാനുശാസനം ഉണ്ടാകണം.

വേഗതപരിധി പരിശോധന നടത്തുവാൻ ട്രാഫിക്ക് പോലീസുകാർ വഴികളിൽ ട്രാഫിക് സിഗ്നലുകൾ, റഡാർ, ക്യാമറാ തുടങ്ങിയ ഉപകരണങ്ങൾ സ്ഥാപിച്ചു ഗതാഗത നിരീക്ഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. വാഹനം ഓടിക്കുന്ന ഡ്രൈവർമാർ മദ്യപാനം കഴിക്കുന്നതിലൂടെ അമിത വേഗതയും വഴിയിൽ അപകടങ്ങളും ഉണ്ടാക്കുന്നതിനു കാരണക്കാരാകും. ഇങ്ങനെയുള്ളവരെ ഉടനെ വാഹന പരിശോധന നടത്തുന്ന ഉത്തരവാദപ്പെട്ട ട്രാഫിക് ഉദ്യോഗസ്ഥർ മദ്യപാന പരിശോധനകൾ  നടത്തണം. നിയമാനുസരണം കുറ്റക്കാരുടെ ഡ്രൈവേഴ്സ് ലൈസൻസ് തത്സമയം ക്യാൻസൽ ചെയ്യുക, അവശ്യം വന്നാൽ പോലീസ് സഹായം പോലും തേടാം. വാഹനം ഓടിക്കുന്നതിനുള്ള താൽക്കാലിക നിരോധനം, തുക പിഴയടക്കൽ തുടങ്ങിയ ശിക്ഷകൾ അപ്പോൾ തന്നെ കർശനമായി നൽകിയിരിക്കേണ്ടതാണ്. എന്നാൽ ഇങ്ങനെയുള്ള കുറ്റങ്ങളിൽ കർശനമായ നടപടികൾക്ക് നിയമം ശക്തമാകണം.

ഏഴു മലയാളികൾ ഡിണ്ടിഗലിൽ വാഹന അപകടത്തിൽ മരണപ്പെട്ടു.

ഒരു വാഹന അപകടം കാരണമാക്കി മനുഷ്യരെ കൊല്ലുന്നതും മറ്റു ചില കാരണങ്ങളാൽ മനുഷ്യർ കൊല്ലപ്പെടുന്നതും, ആശുപത്രികളിൽ പലപ്പോഴും അശ്രദ്ധമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന പൊടുംന്നെനെയുള്ള മരണങ്ങളും തമ്മിൽ എന്ത് വ്യത്യസ്തതയിരിക്കുന്നു? കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ജീവരക്ഷയുടെ കാര്യത്തിൽ അടിയന്തിര സഹായം വേണ്ടിയ രോഗികൾ ആദ്യമേ അവിടെ പണമടയ്ക്കാതെ ഡോക്ടറുടെയോ നഴ്സിന്റെയൊ സഹായം പ്രതീക്ഷിക്കേണ്ട.! ഒരു മനുഷ്യായുസ്സിന്റെ ഭാഗ്യമുണ്ടെങ്കിൽ ആ രോഗിയുടെ ജീവൻ രക്ഷപെടും എന്ന സ്ഥിതിയാണ് നിലവിലുള്ളത്. ആശുപത്രികൾ അഴിമതിയുടെയും പിടിച്ചുപറിക്കാരുടെയും കേന്ദ്രമായിരിക്കുന്നു. സ്വന്തം വീടും പറമ്പും കൂടി വിറ്റാൽ കിട്ടുന്ന പണം ചികിത്സയ്ക്കായി കൊടുക്കേണ്ട ദുർഗതിയാണ് ഇപ്പോൾ കേരളത്തിൽ നിലവിൽ ഉള്ളത്. ജീവനെ വച്ചു വിലപറയുന്ന കഴുകന്മാർ!  ആശുപത്രികളുടെ മനുഷ്യസേവനമുഖം വികൃതമാണ്. ഇങ്ങനെയുള്ള അടിയന്തിര  കാര്യങ്ങൾ വിദേശരാജ്യങ്ങളായ അമേരിക്കയിലും ജപ്പാനിലും യൂറോപ്പിയൻ യൂണിയൻ രാജ്യങ്ങളിലുമെല്ലാം സർക്കാർ കൃത്യതയോടെ നിരീക്ഷണം നടത്തപ്പെടുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ, ഓരോ സാഹചര്യങ്ങളിൽ അനേകം വാഹനങ്ങൾ കൂട്ടമായി ഹൈവേകളിൽ, പലപ്പോഴും വലിയ അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. അവിടെയെല്ലാം ഏറ്റവും കഴിയുന്ന വേഗം സുരക്ഷാസംവിധാനങ്ങൾ  അടിയന്തിരമായി ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് മരിക്കുന്നവരുടെ സംഖ്യ കുറവാണ്. അവിടെ ആരും നിന്റെ പേഴ്സിൽ പണമുണ്ടോയെന്നു ചോദിക്കുന്നില്ല, ജീവൻ നിലനിർത്തുകയാണ് ആദ്യലക്ഷ്യം.

അപകടം ഉണ്ടാക്കിയ ശേഷം ഓടിരക്ഷപെട്ടു നടക്കുന്ന നിരവധി കുറ്റവാളികൾ നമ്മുടെ പെരുവഴികളിൽ ഉണ്ട്. അവരെ കണ്ടുപിടിച്ചു ശിക്ഷിക്കണം. വാഹന അപകടത്തിൽ എത്ര പേർ കൊല്ലപ്പെട്ടാലും ഒരു വാഹന അപകടപരിധിയിൽ പെടുത്തി കുറ്റക്കാർ രക്ഷപെടുന്ന രീതിയാണ് കേരളത്തിലുള്ളത്. ഇവിടെയാണ് നിയമം ശക്തമാകണമെന്ന ആവശ്യം ശക്തമാകുന്നതും.

വളരെപ്പേർ റോഡരുകിൽ, സീബ്രാലൈനിൽ വഴി കുറുകെ കടക്കുവാൻ കാത്തു നോക്കിനിന്നാൽപോലും, കാൽനടയാത്രക്കാരന് മുൻഗണന നല്കേണ്ട റോഡിൽ ഒന്നും വകവയ്ക്കാതെ നിറുത്താതെ മുന്നോട്ടു ഓടിച്ചുപോയി   സീബ്രാലൈനിൽ വാഹനമിടിപ്പിച്ചും, ലക്കും ലഗാനും ഇല്ലാതെ മദ്യപാനം കഴിഞ്ഞു സർക്കാർ ബസ്സുകൾ ഓടിക്കുന്ന കെ. എസ്. ആർ .ടി .സി ബസ്സ്‌ ഡ്രൈവർമാരും മറ്റ് വാഹനഡ്രൈവർമാരും കേരളത്തിൽ നിരവധിയാണ്. കുറ്റങ്ങൾ കാണിക്കുന്ന ഇവരെ സർക്കാരും സംഘടനകളും കൂടിയാണ് സംരക്ഷിക്കുക. അതല്ലെങ്കിൽ അവർ കോഴകൊടുത്ത് രക്ഷപെടും. അഴിമതിക്ക് ബോർഡ് വച്ചു നിരത്തിൽ വാഹനം ഓടിക്കുന്ന വഴിപ്പിശാശുക്കൾ വേറെയും ഉണ്ട്, കേരളത്തിൽ!

കേരളത്തിലെ റോഡുകളിൽ കുറുകെ കടന്നുപോകുവാൻ ആഗ്രഹിക്കുന്നവർ ജീവൻ ആദ്യം പണയം തന്നെ വയ്ക്കണം എന്നാണു പൊതുവെ പറയുന്നത്. എത്രയോ ആളുകൾ വഴികൾ കുറുകെ കടക്കുവാൻ വൻനഗര മദ്ധ്യത്തിൽ കാത്തുനിന്നാലും കാൽനട യാത്രക്കാരുടെ ആവശ്യങ്ങളെ കാണാൻ വാഹനം ഓടിക്കുന്നവർ ഒട്ടും തന്നെ തയ്യാറാവുന്നില്ല. വലിയ നാൽക്കവലകളിലും ജനത്തിരക്കേറിയ മറ്റുള്ള റോഡുകളിലും ട്രാഫിക് സിഗ്നലുകളും പോലീസ് നിരീക്ഷണവും നടക്കുന്ന ഇവിടെയെല്ലാമാണ് ഇത്തരം ദുർവിധി സാധാരണയായി ഉണ്ടാകുന്നതെന്നു ജനങ്ങൾ പരാതി പറയുന്നു.

കുറുകെ കടന്നാൽ നിമിഷനേരം മതി നാം പേരില്ലാത്ത "ശവം" ആയിത്തീരും. അങ്ങനെ സംഭവിച്ചാൽ ആർക്ക് പോയി! സാംസ്കാരിക രാജ്യങ്ങളിൽ എല്ലാം കാൽനടക്കാർക്കു മുൻഗണന, അതുകഴിഞ്ഞേ ഏതു വാഹനവും മുന്നോട്ടു പോകൂ. ഈ നിയമം  ലംഘിച്ചാൽ മുന്നോട്ടുകടന്ന വാഹനത്തിനെതിരെ മറ്റു പിറകെയെത്തുന്ന വാഹനയാത്രക്കാർ പോലും ഉടൻ തന്നെ പോലീസിൽ പരാതിപ്പെടുന്നതുമാണ്. ഈ രാജ്യങ്ങളിൽ നിയമം നിയമത്തിന്റെ വഴിയെ പോകുമെന്നർത്ഥം. നാൽക്കവലകളിൽ പാലിക്കേണ്ട നിയമങ്ങൾ നമ്മുടെ ഡ്രൈവർമാർ പ്രത്യേകം അറിയണം. എവിടെ വച്ചു അപകടമുണ്ടായാലും നിയമപരമായി കാരണക്കാരൻ തന്നെ ഉടനെ പോലീസിൽ അപകട വിവരം അറിയിച്ചിരിക്കണം എന്ന് നിയമം അനുശാസിക്കുന്നു.

കൊച്ചിയിലെ 
വാഹനത്തിരക്ക് 
ദൃശ്യം
കേരളത്തിലെ വാഹനഗതാഗതത്തിൽ അധികൃതരും വാഹന ഉടമകളും ഡ്രൈവർമാരും ശ്രദ്ധിക്കാത്ത ഗുരുതര പ്രശ്നം മത്സര ഓട്ടം ആണ്. സർക്കാർ ട്രാൻസ്പോർട്ട് ബസ്സുകളും സ്വകാര്യ ബസ്സുകളും തമ്മിൽ  ഓവർട്ടേക്ക് ചെയ്യാൻ വേണ്ടിയുള്ള നെട്ടോട്ടം പലപ്പോഴും അപകടത്തിൽ കലാശിക്കുന്നു. ഇതിൽ ബലിയാടുകളാകുന്നത് ഒന്നുകിൽ നമ്മുടെയൊക്കെ സുഹൃത്തുക്കളോ, പരിചിതരൊ, നാട്ടുകാരോ, സഹോദരീ സഹോദരങ്ങളോ ആകാം. സ്പീട് പരിധി ശ്രദ്ധിക്കാതെയും മദ്യപിച്ചും ഉറക്കമിളച്ചും ഡ്രൈവർമാർ വാഹന ഓട്ടമത്സരം നടത്തുന്നു. കുട്ടികൾ ധാരാളം ഏതവസരത്തിലും അപകടപ്പെടാം.  അപകടപ്പെടാവുന്ന കലാലയങ്ങളുടെ സമീപത്തുകൂടി വാഹനം വേഗത കുറച്ചു ഓടിക്കണം എന്ന നിയമം ഡ്രൈവർമാർ ശ്രദ്ധിക്കുന്നില്ല. വാഹനം ഏതു തരത്തിലും ഉപയോഗത്തിലും ആയാലും, വാഹന  ഡ്രൈവർമാരുടെ മുഴുവൻ ശ്രദ്ധയിൽപ്പെടുത്തുവാൻ റോഡുകളിൽ ഇത്തരം സ്ഥലങ്ങളെപ്പറ്റി മുന്നറിയിപ്പ് ബോർഡുകൾ വച്ചു അറിയിപ്പ് അനിവാര്യമാണ്. അപകടങ്ങൾ ഒഴിവാക്കാൻ ഇത് കുറെ സഹായമാകും. സാവധാനം വേഗത കുറച്ചു പോകേണ്ട നഗരമദ്ധ്യത്തിലൊ അതുപോലെയുള്ള ഏരിയകളിലോ ഒരു വാഹനം മറ്റൊരു വാഹനത്തെ തൊട്ടുരുമ്മി അകലം പാലിക്കാതെയൊ മുൻപിലുള്ള വാഹനത്തെ ഹോണ്‍വിളി കൊടുത്തോ ഭീഷണിപ്പെടുത്തി മുന്നിൽ കടന്നു കയറി ശ്രമിക്കുന്നത് പോലെയുള്ള റോഡു ഗതാഗതനിയമം ലംഘിക്കുന്നത് കടുത്ത കുറ്റമാണ്.

വാഹന അപകടങ്ങളിൽ കുട്ടികൾ അകപ്പെടാതിരിക്കുവാൻ അമേരിക്കാ, തുടങ്ങിയ രാജ്യങ്ങളിലെ സ്കൂളുകളുടെ പരിസരത്തു പ്രത്യേക സുരക്ഷാ ജോലിക്കാരെ ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യം കാര്യങ്ങളുണ്ടായാൽ ട്രാഫിക്ക് വേഗതയിൽ നിയന്ത്രണം നല്കാൻവരെ അവർക്കധികാരമുണ്ട്‌. ഇപ്രകാരമുള്ള കാര്യങ്ങളിൽ സ്കൂൾ അധികൃതർ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുന്നതിനാൽ കുട്ടികൾ ഏറെ അപകടപ്പെടുന്നില്ല. കേരളത്തിലെ പല സ്ഥലത്തും സ്കൂൾ കോംബൗണ്ടുകളിലും തൊട്ട പരിസര റോഡുകളിലും വാഹന അപകടത്തിൽ പെട്ട് എത്രയോ സ്കൂൾ കുട്ടികൾ മരണപ്പെടുന്നുണ്ട്? ഇത് പറയുമ്പോൾ ഇക്കാര്യംകൂടി ഇവിടെ കുറിക്കേണ്ടതുണ്ട്. കുട്ടികളെ പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ, മുൻസീറ്റിൽ ഇരുത്തി വാഹനം ഓടിക്കുന്നത് കുട്ടികളുടെ സുരക്ഷയെയാണ് ബാധിക്കുന്നത്. ഇങ്ങനെയുണ്ടായാൽ വാഹനം ഓടിക്കുന്നയാൾ കുറ്റക്കാരനാകും.

അതുപോലെ റോഡ്‌ഗതാഗതത്തിൽ സംഭവിക്കുന്ന മറ്റൊരു വലിയ ദു:സ്ഥിതി ഇതാണ്. റോഡുകളുടെ ഇരു വശങ്ങളിലും ഓടകളുടെ അറ്റകുറ്റപ്പണികൾക്കോ, അതുപോലെ, ജലവിതരണത്തിനും ഇലക്ട്രിസിറ്റി ലൈനുകൾക്കും, മാത്രമല്ല  ടെലഫോണ്‍കേബിളിനും എന്നിവയ്ക്കെല്ലാമെന്നു പറഞ്ഞു ഒരിക്കലും മൂടാത്ത കുഴികൾ ഉണ്ടാക്കിയിടുന്ന ഇത്തരം വകുപ്പ് ഉദ്യോഗസ്ഥരുടെ അശ്രദ്ധവും ഉത്തരവാദിത്വ രഹിതവുമായ പണികളിൽ ഒട്ടും പൂർത്തീകരിക്കാത്ത കെണി കുഴികൾ, കാൽനട യാത്രക്കാരെയും വാഹനങ്ങളെയും വാഹനയാത്രയെയും  അപകടത്തിലാക്കുന്നു. ഇവയൊന്നും നിത്യവും അതിസൂപ്പർ വേഗതയിൽ എല്ലാ ഉന്നത അവകാശങ്ങളും കയ്യിൽ പിടിച്ചോടുന്ന വകുപ്പ്മന്ത്രിതാരങ്ങളോ, ജനപ്രധിനിധികളോ തുടങ്ങിയവർ ആരെങ്കിലും ഇത് അറിയുന്നുണ്ടോ?  അവർക്ക് ജനജീവൻ രണ്ടാം കാര്യമാണ്, കേരളത്തിൽ.

പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കിയെടുക്കാൻ വേണ്ടി കോടികൾ തുക സർക്കാർ അനുവദിക്കും. കാൽഭാഗം തുകയെങ്കിലും അവയ്ക്കായി ഉപയോഗിക്കാതെ മന്ത്രിമുതൽ താഴേയ്ക്കുള്ള കാര്യക്കാർ വീതിച്ചെടുക്കും. കയ്യിൽ കിട്ടിയ തുകയിൽ അല്പ്പംമാത്രം റോഡിൽ ഒഴിക്കുന്ന കൊടുംക്രൂരതയുടെ കാര്യം ഇക്കാലത്തും ഭൂതം പോലെ കേരളത്തിൽ നടക്കുന്നു. റോഡിൽ നടത്തേണ്ട പണി നടത്താതെ, ഇങ്ങനെ നടത്തി കാര്യം ഒതുക്കി, പണിക്കു കൊണ്ടുവന്ന സിമന്റും മെറ്റലും ടാറും, മണലും കരിഞ്ചന്തയിൽ മറിച്ചു വിറ്റ് അടുത്ത പണിസ്ഥലം ലക്ഷ്യമാക്കി പണി വാഹനം ഉരുളും, അടുത്ത പുതിയ വരുമാന കണക്കുകൂട്ടലുകളുമായി. അടുത്ത വേനൽമഴവരെ ഒരുക്കിയിട്ട വഴി അപ്പോഴും തിളങ്ങും. വീണ്ടും അതേ പെരുവഴികളിൽത്തന്നെ അപകടം പതിയിരിക്കുന്ന നടുറോഡിലെ പൊട്ടിയിളകിയ പുതിയ കെണിക്കുഴികൾ പുതിയ പുതിയ മരണവഴികളായി അടുത്ത പെരുമഴയിൽ രൂപപ്പെടും. അവിടെ പൊടുംന്നെനെ ആരുടെയൊക്കെയോ സുനിശ്ചിതമായ അവസാനമാണ് ഉണ്ടാകുന്നത്, ആ പെരുവഴികൾ ജീവൻ വെടിയുന്ന മരണവഴികളായിത്തീരുന്നു.

E-mail:  dhruwadeepti@gmail.com
http://dhruwadeepti.blogspot.de/

Freitag, 17. Januar 2014

ധ്രുവദീപ്തി//// Literature // ചെറുകഥ // അനന്താലിംഗനം ആനന്ദമോ ? Nandini Varghese


ധ്രുവദീപ്തി//// Literature // ചെറുകഥ // 

അനന്താലിംഗനം ആനന്ദമോ ?   

നന്ദിനി

    പത്തു കണ്ണുകള്‍ അഞ്ചു തലകളിലായ് ഉയര്‍ന്നു തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ മഹാവിഷ്ണു ആ കണ്ണുകളിലേയ്ക്ക് നോക്കി പുഞ്ചിരിച്ചു .
" അനന്താ ..നീ ഇത് കാണൂ .."
മഹാവിഷ്ണു വിരല്‍ ചൂണ്ടിയിടം ഒരു ഗോളമായ് രൂപപ്പെട്ട് ചിത്രങ്ങള്‍ തെളിയുമ്പോള്‍ അനന്തന്‍ പത്തു കണ്ണുകളും അതില്‍ കേന്ദ്രീകരിക്കാന്‍ പാടുപെട്ടു  .


മകന്‍ അത്താഴം കഴിഞ്ഞു കൈ കഴുകി .
' അമ്മയെ ഒന്ന് വിളിക്കാം ..'
മൊബൈല്‍ കൈയ്യിലെടുത്തു. മണിമുഴക്കത്തിനൊടുവിൽ  ‍ അങ്ങേത്തലയ്ക്കൽ   ഒരു പതിഞ്ഞ സ്വരം .
" ഹലോ  "
" അമ്മേ ഞാനാ മാണിക്യന്‍ .."
" എന്റെ  മോനെ നിന്റെ  ശബ്ദം കേട്ടല്ലോ ..സന്തോഷമായി ..എന്തൊക്കെയുണ്ടെടാ വിശേഷം ..? സുഖമാണോ ..? മഴയുണ്ടോ ....?"
അമ്മയ്ക്ക് ഒരുപാട് ചോദ്യങ്ങള്‍ ...
ആ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം മാണിക്യന്‍ ഒരു വാചകത്തിലൊതുക്കി  .
" അടിപൊളിയായി പോകുന്നമ്മേ.."
അമ്മയ്ക്ക് മകന്റെ സ്വരം കേള്‍ക്കാന്‍ വീണ്ടും കൊതി ..
" അമ്മേ ..പിന്നെ ഒരു വിശേഷമുണ്ട് ...അളിയന്റ്റെ വിവാഹമാണ് ...വരുമല്ലോ .."?
മാണിക്യന്‍ ചോദിച്ചു .
" ഇവിടുന്ന് ഒരു പട്ടീം വരുന്നില്ല ..."

  അഹം അസ്ത്രാരൂപ 
 പിതാമഹ പ്രസ്താവന ......

അമ്മയുടെ പതിഞ്ഞ   സ്വരം  ഒന്ന് ഞടുങ്ങി .
ഞടുക്കം ബാധിച്ച സ്വരം മറ്റൊരു സ്വരത്തിന് കീഴടങ്ങിയപ്പോള്‍ മാണിക്യന്‍ തലകുടഞ്ഞു .
 ചിതറിയ ചിന്തകള്‍ മകന്റെ ‍ശിരസ്സില് സമാധാനമായി  പെയ്തിറങ്ങി .ആയുസ്സിലാദ്യമായി ലഭിച്ച മനസമാധാനത്തില്‍ മാണിക്യന്റെ  ദീര്‍ഘ ശ്വാസം  അതിര്‍ വരമ്പുകള്‍ ഭേദിച്ചു .
'തെറ്റിദ്ധാരണ മാറിയല്ലോ ..'
നാളുകളായി തേടിയ ഉത്തരം കണ്ടെത്തിയ മാണിക്യന്‍ അന്ന്  സുഖമായി ഉറങ്ങി .

മരുമകന്‍ പറഞ്ഞാല്‍ പോരല്ലോ ...അച്യുതന്‍ നായര്‍ക്ക്  നിര്‍ബന്ധം.
എല്ലാവരെയും വിളിക്കണം .
ഫോണ്‍ കൈയ്യിലെടുത്തു ...
കറക്കി ....
മണിയടി അവസാനിച്ചപ്പോള്‍ അങ്ങേ തലയ്ക്കല്‍ ഒരു കുട്ടിയുടെ സ്വരം ..
" അലോ....?
  ആരാ ....?
  എവിടുന്നാ...?
  എന്തിനാ വിളിക്കുന്നത് ...?
  ആരെ വേണം ..?
  ഇത് വാവയാ....ഇന്ന് വാവ പുട്ടും കടലേം കഴിച്ചു. അമ്മ ചോറ് വയ്ക്കുവാ ..."

നായരുടെ   തല മരച്ചു. സമയത്തിന് പൊന്നും വിലയിട്ട് വിവാഹ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പാടുപെടുന്ന അദ്ദേഹം കുട്ടി പാഴാക്കിയ സമയം തിരിച്ചു പിടിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു .

കിട്ടിയ തക്കത്തില്‍ നായര്  പറഞ്ഞു . 
" കുട്ടി അമ്മയ്ക്ക് ഫോണ്‍ കൊടുത്തേ.."

കുട്ടിയുടെ  അമ്മ ഫോണ്‍ എടുത്തു ..
"ഇവിടാരും ഇല്ല ...."
അവിടാരും ഇല്ല ...പിന്നെ അവരൊക്കെ ആരാ.. 
അച്യുതന്‍ നായര്‍  തല കുടഞ്ഞു ...


ചിതറിയ ചിന്തകള്‍ മാണിക്യന്റെ  ഉറക്കത്തിനു താരാട്ടായി ...
ദിവസങ്ങള്‍ പലതു കഴിഞ്ഞു .
നായര്‍  വീണ്ടും ഫോണ്‍ എടുത്തു...
കറക്കി ..
മണിമുഴക്കത്തിനൊടുവില്‍ മുഴങ്ങിയ ഘനഗംഭീര സ്വരം കേട്ട് നായര്  ഒന്ന് ഞെട്ടി 
" ഉം ..ആരാ "   സ്വരം മുഴങ്ങി ..
" പിള്ളേച്ചോ ഞാനാ  അച്യുതന്‍ ...മരങ്ങാട്ടുപള്ളീന്ന്‍..."....മോന്റെ വിവാഹമാണ് .."
നായര്‍ പറഞ്ഞു .
എന്തൊക്കെയോ താഴെ വീണു. ഫോണ്‍ കട്ടായി .
നായര്‍ക്ക് വിഷമമായി ..
പിള്ളയ്ക്ക് പക്വത വേണ്ടതിലധികം ...'പിന്നെ എന്തേ ഇങ്ങനെ ...?
നായര്‍ ചിന്തിച്ചു കൊണ്ടേയിരുന്നു .
അതോ പിള്ളയ്ക്ക് സൂക്കേട്‌ വല്ലതും ....'
വീണ്ടും കറക്കി .
"ആരാ...?"
" ഞാനാ അച്യുതന്‍ ...എന്ത് പറ്റി...ഫോണ്‍ കട്ടായിപ്പോയല്ലോ "
നായര്‍ ചോദിച്ചു .
"എടോ...തന്റ്റെ  ഒരു  കാര്യവും എനിക്ക് കേള്‍ക്കണ്ട ..താന്‍ തന്റെ മോനെ കെട്ടിക്കുകയോ  കെട്ടിക്കാതിരിക്കുകയോ ചെയ്യ്‌ ..."
പിള്ള അലറി .
നായര് ഒരു നിമിഷം ഒന്നറച്ചു .
'പക്വതക്കൂടുതല്‍  അലങ്കാരമാക്കിയ പിള്ളേച്ചനു ഇത് എന്ത് പറ്റി...
നായര്‍ വളരെ സൗമ്യതയോടെ പറഞു ...
"പിള്ളേച്ചോ ഇതാദ്യം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ രണ്ടാമത് വിളിക്കില്ലായിരുന്നല്ലോ ..."
നായര് ഫോണ്‍ വച്ചു.
'എന്തിനാണ് പിള്ള കുരച്ചത്...'
നായര്‍ തല കുടഞ്ഞു .
ചിതറി വീണ ചിന്തകളില്‍ പെട്ട്  മാണിക്യന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു .
" ഇവിടുന്ന്‍ ഒരു പട്ടീം വരുന്നില്ല ..."
ഒരു തലമുറയുടെ ഭോഷത്തരത്തിനൊടുവില്‍ ഉത്തരം വീണ്ടും  മാണിക്യനെ തേടിയെത്തി .

 ഗോളത്തില്‍ ചിത്രങ്ങള്‍ മാഞ്ഞിരിക്കുന്നു .
പുകയുന്ന അഞ്ചു തലകളില്‍ സാമാന്യബുദ്ധി വിശേഷാല്‍ ബുദ്ധിയുമായി പടവെട്ടിക്കൊണ്ടിരുന്നു .
" അനന്താ ...എന്ത് തോന്നുന്നു ..?"
മൌനം ...
മഹാവിഷ്ണു തലയുയര്‍ത്തി.
പത്തു കണ്ണുകളില്‍ അലയടിക്കുന്ന വികാരാഗ്നി തിരിച്ചറിയാന്‍ പ്രയാസം .
ചിന്തകള്‍ അനന്തനില്‍ അലയടിക്കവേ മഹാവിഷ്ണു ഒന്നു മയങ്ങി .
അജ്ഞാത അനുഭവം തന്റ്റെ ശരീരത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ട്ടിച്ചപ്പോള്‍ അദ്ദേഹം കണ്ണു തുറന്നു .

'അനന്തനെവിടെ ..?'

മഹാവിഷ്ണു ചാടി എഴുന്നേറ്റു ..
അനന്തതയിലേയ്ക്ക് ചൂണ്ടിയ വിരലുകള്‍ക്ക് മുന്നില്‍ രൂപപ്പെട്ട ഗോളത്തില്‍ ചിത്രങ്ങള്‍ തെളിഞ്ഞു .
'ഒരു തലമുറയെ വരിഞ്ഞു മുറുക്കുന്ന അനന്തന്‍ ...സീല്‍ക്കാരത്തിനിടയില്‍ വിഷം ചീറ്റുന്ന നാഗത്താല്‍ ചുറ്റി പിണഞ്ഞ് അട്ടഹസിക്കുന്ന നീലിച്ച മനുഷ്യര്‍ ...'

അനന്താലിംഗനം ആനന്ദമാക്കാന്‍ വെമ്പുന്നവരുടെ മരവിച്ച ചിന്താഗതികള്‍ക്ക് മുന്നില്‍ മഹാവിഷ്ണു  വിരല്‍ മടക്കി .
അനന്തശയനത്തിനായി കൊതിച്ച ആ ഹൃദയം ഇതിനകം നീല ജലാശയത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു .


 -------------------------------------------------------------------------------------------

Freitag, 10. Januar 2014

ധ്രുവദീപ്തി: പ്രാർത്ഥന ഇന്ന്, പ്രാർത്ഥനകൊണ്ട് എന്തർത്ഥമാക്കുന്നു? // Fr. Dr. Dr. Joseph Pandiappallil M.C.B.S

ധ്രുവദീപ്തി:

പ്രാർത്ഥന ഇന്ന്, പ്രാർത്ഥനകൊണ്ട് എന്തർത്ഥമാക്കുന്നു


Fr. Dr. Dr. Joseph Pandiappallil  M.C.B.S


ന്നത്തെ ചിന്തിക്കുന്ന മനുഷ്യൻ പ്രാർത്ഥന എന്ന പദം കൊണ്ട് എന്തർത്ഥമാക്കുന്നു? ഇന്നത്തെ മനുഷ്യൻ പ്രാർത്ഥിക്കുന്നവനും പ്രാർത്ഥിക്കുവാൻ തനതായി ഇഷ്ടപ്പെടുന്നവനുമാണോ? അർത്ഥപൂർണ്ണമായ രീതിയിൽ ഇന്നത്തെ മനുഷ്യനോട് പ്രാർത്ഥനയെക്കുറിച്ച് നമുക്ക് സംസാരിക്കുവാൻ സാധിക്കുമോ? ഇത്തരം നിരവധി ചോദ്യങ്ങൾക്കൊക്കെ ഒറ്റ വാക്കിൽ ഉത്തരം പറയുക എളുപ്പമല്ല. കാരണം, പണ്ട് പ്രാർത്ഥനയിൽ അഭയം തേടുവാൻ പ്രേരിപ്പിച്ചിരുന്ന ജീവിത സാഹചര്യങ്ങളിൽ വ്യത്യസ്തമായ മനോഭാവമാണ് ഇക്കാലത്ത് പലരും  പുലർത്തുന്നത്. പരമ്പരാഗതമായ മത സംവിധാനങ്ങളിൽ നിന്നും വേർപെട്ട് തനതായ അന്വേഷണങ്ങളിലും നവീനങ്ങളായ മതസംഘങ്ങളിലും ഉറവിടങ്ങൾ തേടുന്ന മനുഷ്യന്റെ ദൈവവിശ്വാസം ആഴപ്പെടുത്തുവാനും അവരെയെല്ലാം പ്രാർത്ഥനാജീവിതത്തിലേയ്ക്ക് നയിക്കുവാനുമുള്ള ദൌത്യം നമുക്കുണ്ട്. പഴമയെ തള്ളിപ്പറയാതെയും കാലത്തിന്റെ മാറ്റങ്ങളെ കണക്കിലെടുത്തും വേണം ഈ ദൗത്യനിർവഹണം.

സാമൂഹിക പശ്ചാത്തലത്തിലും മനുഷ്യന്റെ ജീവിത സാഹചര്യങ്ങളിലും ചിന്താരീതിയിൽ പോലും പണ്ടെന്നതിലും ഏറെ വ്യത്യസ്തമായ സാമൂഹ്യ പശ്ചാത്തലമാണ് ഇന്നത്തേത്. തലമുറകളുടെ വിടവുണ്ടാക്കുവാൻ അഞ്ചു വർഷങ്ങൾ മതിയെന്ന് പറഞ്ഞിരുന്നിടത്ത് ഇന്നത്‌ അതിലും കുറഞ്ഞിരിക്കുന്നു. പഴയതിനെ തള്ളിപ്പറയുവാനുള്ള പ്രവണത മറ്റെന്നത്തെക്കാളും കൂടുതലാണ്. പഴയതൊന്നും മൂല്യമുള്ളതല്ല എന്ന മൂഢവിശ്വാസത്തിലാണ് പലരും.

പ്രായമായ മനുഷ്യരാണെങ്കിൽ ആർക്കും ആവശ്യമോ താൽപ്പര്യമൊ ഇല്ലാത്ത മരണത്തിന്റെ വിധിക്ക് വഴങ്ങാത്തതിൽ ശാപം പേറുന്ന മനുഷ്യക്കോലങ്ങൾ മാത്രമായിരിക്കുന്നു. എങ്ങനെയും "എവുത്തനാസ്യാ" (ദയാവധം) നിയമം ആക്കുവാനുള്ള ചിന്താ വ്യഗ്രതയിലാണ്  പല രാഷ്ട്രങ്ങളും. അതിന്റെ മറവിൽ ഇഷ്ടമില്ലാത്തവരുടെ ജീവൻ നിലനിർത്താതിരിക്കാനുള്ള പഴുതും ഉണ്ടാവും.

ശാസ്ത്ര സാങ്കേതിക വളർച്ചയും വാർത്താമാധ്യമങ്ങളുടെ വളർച്ചയും മനുഷ്യന്റെ ജീവിതനിലവാരം ഉയർത്തി. ജീവിതശൈലി വ്യതിയാനപ്പെടുത്തി. ജീവിത മൂല്യങ്ങളിൽ മാറ്റങ്ങളുണ്ടാക്കി. കംപ്യൂട്ടർ സാങ്കേതികയുഗം പെട്ടെന്ന് അവസാനിക്കുന്ന മട്ടായി. കംപ്യൂട്ടർ വഴി എല്ലാം നേടാമെന്നും എല്ലാ ജീവിത സംതൃപ്തിയും കൈവരിക്കാമെന്നും ചിന്തിച്ച മനുഷ്യൻ തുലാമഴ പെയ്തു പറന്നകന്ന ഒരു അവസ്ഥയിലാണെന്ന് പലർക്കും പറയാൻ തോന്നിത്തുടങ്ങി. വരാൻ പോകുന്ന ആത്മാവബോധത്തിന്റെയും ആത്മാന്വേഷണത്തിന്റെയും കാലഘട്ടത്തിന്റെ അടയാളങ്ങളാണ് കംപ്യൂട്ടർ യുഗം നമുക്ക് തരുന്നത്.

കുടുംബാംഗങ്ങളുടെ പ്രാർത്ഥന

അതുകൊണ്ടുതന്നെ മനുഷ്യരിന്ന് കൂടുതലായി പ്രാർത്ഥിക്കുന്നവരും അതിൽ വിശ്വസിക്കുന്നവരുമാണ്. എന്നാൽ അവരുടെ ആവശ്യങ്ങക്ക് വശ്യമായ രീതിയിൽ വിശ്വാസത്തിന്റെ പാഠങ്ങൾ പഠിപ്പിക്കുവാനും പ്രാർത്ഥനയുടെ ശൈലികൾ രൂപപ്പെടുത്തുവാനും എളുപ്പമല്ലാ. വിശ്വാസത്തിൽ വളരുന്നവരും വിശ്വാസം പങ്കു വയ്ക്കുന്നവരും ഒരുപോലെ മനസ്സിലാക്കേണ്ട കാര്യമാണിത്.

കേരളത്തിലെ ക്രൈസ്തവരിൽ നല്ലൊരു ശതമാനം ഇക്കാലത്ത് കരിസ്മാറ്റിക് പ്രാർത്ഥനാശൈലി സ്വീകരിച്ച്‌ കരിസ്മാറ്റിക് ആദ്ധ്യാത്മികതയിൽ ഏറെ വിശ്വസിച്ചു വളരുന്നവരാണ്. എഴുപതുകളുടെ അവസാനം മുതൽ ഇങ്ങോട്ട് കേരള ആദ്ധ്യാത്മികതയെ പരിശോധിച്ചാൽ മതജീവിതത്തിൽ കരിസ്മാറ്റിക് ആദ്ധ്യാത്മികതയിലേയ്ക്കുള്ള കേരള ക്രിസ്ത്യാനികളുടെ വളർച്ചയിലെ ചില മാറ്റങ്ങൾ മനസ്സിലാകും. ആഫ്രിക്കയിലും ആവേശകരമായ വരവേൽപ്പ് കരിസ്മാറ്റിക് പ്രസ്ഥാനത്തിന് കിട്ടി. എന്നാൽ യൂറോപ്പിലെ സ്ഥിതിയതല്ലാ. യൂറോപ്പിലെ ക്രൈസ്തവരിൽ വളരെ ചെറിയൊരു ശതമാനം മാത്രമേ കരിസ്മാറ്റിക് ആദ്ധ്യാത്മികതയോട് ആഭിമുഖ്യം പുലർത്തുന്നുള്ളൂ.

ദിവ്യബലിയിലെ സമൂഹ പ്രാർത്ഥന

യൂറോപ്പിലെ ക്രൈസ്തവരിൽ ഭൂരിപക്ഷവും ക്രൈസ്തവ ജീവിതത്തെയും വിശ്വാസത്തെയും ബുദ്ധികൊണ്ട് വിശകലനം ചെയ്യാൻ ഇഷ്ടപ്പെടുന്നവരും നിയമങ്ങൾക്കനുസൃതമായി ക്രമപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവരുമാണ്. സാംസ്കാരികമായ ആഭിമുഖ്യത്തിന്റെയും സമൂഹമനോഭാവത്തിന്റെയും പ്രത്യേകതകൾ മൂലമാണിത്. ഭാരതീയരുടെ അടിസ്ഥാനസ്വഭാവത്തിൽ ചേർന്ന്  അലിഞ്ഞിരിക്കുന്ന അതീന്ദ്രിയത്വവും യുക്തിക്കതീതമായ തീവ്ര വിശ്വാസ വീക്ഷണവും ഭാരത ക്രൈസ്തവാദ്ധ്യാത്മികതയിലും നിഴലിക്കുന്നുണ്ട്. അത് പക്ഷെ  കുറച്ചുകൂടി കൃത്യമായി വിശകലനം ചെയ്‌താൽ എല്ലായിടത്തും എല്ലാത്തരത്തിലുമുള്ള ശൈലികൾ കാണാനാവും. എണ്ണത്തിലുള്ള ചുരുക്കം ചില ഏറ്റക്കുറച്ചിലുകൾ മാത്രമേ വ്യത്യസ്തമായിട്ടുള്ളൂ.

ഇന്നത്തെ മനുഷ്യൻ പ്രാർത്ഥന കൊണ്ട് എന്തർത്ഥമാക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടാൻ ഇന്നത്തെ മനുഷ്യന് മതജീവിതം എന്തർത്ഥമാക്കുന്നു എന്നൊരു ചോദ്യം കൂടി ചോദിക്കേണ്ടിയിരിക്കുന്നു. കാരണം മതജീവിതവുമായി തൊട്ടു ബന്ധപ്പെടുത്തി മാത്രമേ പ്രാർത്ഥനാജീവിതത്തെപ്പറ്റി ചിന്തിക്കുവാനും അവ വിലയിരുത്തുവാനും സാധിക്കുകയുള്ളൂ. മതജീവിതത്തിന്റെ ഒട്ടും ഒഴിച്ചു കൂടാനാവാത്ത അംശമാണ് പ്രാർത്ഥനാജീവിതം. പ്രാർത്ഥനാജീവിതം ഇല്ലാതെ മതജീവിതം നയിക്കാനൊ മതത്തിൽ വിശ്വസിക്കാനോ സാധിക്കുകയില്ല.

ജറുസലേമിലെ വിലാപ മതിലിൽ യഹൂദരുടെ പ്രാർത്ഥന

മതജീവിതം ജന്മമെടുക്കുന്നത് പ്രാർത്ഥനയിലാണ്. ഇക്കാര്യത്തിൽ അപ്പോൾ ക്രിസ്ത്യാനിയോ, മുസൽമാനോ, ഹിന്ദുവോ ആയിക്കൊള്ളട്ടെ, അവരിൽ പ്രാർത്ഥിക്കാത്ത മനുഷ്യൻ മതവിശ്വാസിയെന്നോ മതാനുയായി എന്നോ പറയുന്നതിൽ അർത്ഥമില്ല. മതജീവിതം വഴി അർത്ഥമാക്കുന്ന ലക്ഷ്യം പ്രാപിക്കാനുള്ള മാർഗ്ഗമാണ് പ്രാർത്ഥനയും പ്രാർത്ഥനാ ജീവിതവും. ബുദ്ധമതക്കാർ പ്രാർത്ഥിക്കാറില്ല. ധ്യാനിക്കാറെയുള്ളൂ. പ്രാർത്ഥനയും ധ്യാനവും തമ്മിൽ അന്തരമുണ്ട്. എന്നിരുന്നാലും ബുദ്ധമതക്കാർ ധ്യാനം കൊണ്ട് അർത്ഥമാക്കുന്ന ലക്ഷ്യം തന്നെയാണ് മറ്റു മതങ്ങളിൽ പ്രാർത്ഥന കൊണ്ട് അർത്ഥമാക്കുന്നത്. വാക്കുകളും ധാരണകളും വ്യാഖ്യാനങ്ങളും ശൈലികളും തമ്മിലുള്ള അന്തരം ലക്ഷ്യത്തെ വ്യത്യാസപ്പെടുത്തുന്നില്ല.

ദൈവത്തോടുള്ള ബന്ധവും ദൈവവുമായുള്ള ഐക്യവുമാണ് പ്രാർത്ഥനയുടെ ലക്ഷ്യം. അതോടൊപ്പം മാനസികമായ ആരോഗ്യം, സംതൃപ്തി, സ്വസ്ഥത, സമാധാനം തുടങ്ങിയവയും പ്രാർത്ഥന വഴി കൈവരാം. രണ്ടാമത് ഇതിൽ പറഞ്ഞതൊക്കെ പ്രത്യക്ഷമായ ഫലങ്ങളാണ്. എന്നാൽ പ്രത്യക്ഷങ്ങളായ ഈ ഫലങ്ങൾ നേടാൻ പ്രാർത്ഥനയ്ക്ക് പകരം ശാസ്ത്രീയമായി മനുഷ്യൻ വളർത്തിയെടുത്തിട്ടുള്ള മാനസ്സിക വ്യായാമങ്ങളിലും കൌണ്‍സിലിംഗ് പോലുള്ള മന:ശാസ്ത്രപരമായ ചികിത്സാരീതികളിലും പലരും അഭയം തേടാറുണ്ട്. പ്രാർത്ഥന വഴി വളരെ ലളിതമായും എളുപ്പത്തിലും നേടാവുന്ന കാര്യങ്ങളാണ്, പ്രാർത്ഥന വേണ്ടാ എന്നും പ്രാർത്ഥനയിൽ അർത്ഥമില്ലായെന്നും കരുതി വളരെ കഷ്ടപ്പെട്ട് കൃത്രിമവും ഭീമമായ സാമ്പത്തിക ബാദ്ധ്യതയും ഉളവാക്കുന്നതുമായ മാർഗ്ഗങ്ങളിലൂടെ കാര്യങ്ങൾ സ്വായത്തമാക്കുവാൻ  ഇത്തരക്കാർ ശ്രമിക്കുന്നത്.

ബുദ്ധ സന്യാസികളുടെ ധ്യാനം.
അതുപോലെതന്നെ വളരെ  ശ്രദ്ധേയമായ വസ്തുതയാണ് ഇക്കാലത്ത് സ്വന്തമായ മതവിശ്വാസവും മതാചാരങ്ങളും എല്ലാം വെടിഞ്ഞ് വേറെ പുതുതായി രൂപം കൊണ്ടിട്ടുള്ള ചില  മതപ്രസ്ഥാനങ്ങളിൽ ആശ്രയിക്കുന്നതും ഇതിനായി  അവയുടെ ആദർശങ്ങളും ആശയങ്ങളും പ്രാർത്ഥനാ രീതികളും മറ്റും അവലംബിക്കുന്നതും. ഇത്തരമുള്ള  പ്രവണതകൾ കൂടുതലായി നാമെല്ലാം കാണുന്നത് എവിടെയാണ്? യൂറോപ്പിലും  അമേരിക്കയിലും ജീവിക്കുന്ന ജനങ്ങളിലാണ്. തങ്ങൾക്കു സ്വന്തമായ വിശ്വാസ ജീവിതവും പ്രാർത്ഥനാശൈലിയും അവരിൽ ചിലർക്ക് സ്വീകാര്യമല്ല. അവരുടെ ജീവിത ശൈലിയോടും ജീവിതമൂല്യങ്ങളോടും അവ ചേരില്ല. തങ്ങളുടെ താൽപ്പര്യങ്ങൾക്ക് ഉതകുന്ന ശൈലികൾ തേടുകയാണ് മനുഷ്യർ. ഏതു ശരി ഏതു ശരിയല്ല എന്നൊക്കെ അന്വേഷിക്കാനുള്ള കരുത്ത് മനുഷ്യർക്ക്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ജീവിതത്തിലെ എല്ലാ വിവിധ   മണ്ഡലങ്ങളിലും ഇഷ്ടപ്പെട്ടവ തേടാനും അല്ലാത്തവ തള്ളിപ്പറയാനുമുള്ള തീവ്ര പ്രവണതയാണിന്നുള്ളത്. വൈകാരികമായി ഇഷ്ടപ്പെട്ടത് ശരിയാണോ എന്ന് ചോദിച്ചാൽ ശരിയും തെറ്റും ആപേക്ഷികമാണെന്ന് പലരും പറയും.

മതത്തിന്റെ പേരിലും വിശ്വാസത്തിന്റെയും ദൈവത്തിന്റെയും നാമത്തിലും പ്രാർത്ഥനയുടെ പേരിലും ചില രാജ്യങ്ങളിലും സമൂഹങ്ങളിലുമെങ്കിലും അക്രമവും അനീതിയും യുദ്ധവും കലഹവും അസമാധാനവും തേർവാഴ്ച നടത്തുന്നുണ്ടെന്ന കാര്യം വിസ്മരിക്കാവുന്നതല്ല. ഇത്തരം സന്ദർഭങ്ങളിൽ പ്രാർത്ഥന പ്രാർത്ഥനയല്ലാതായിത്തീരുന്നു. വിശ്വാസം ഒരു കാപട്യമായി ഭവിക്കുന്നു. വിശ്വാസവും പ്രാർത്ഥനയും ദുരുപയോഗപ്പെടുകയാണിവിടെ. വിശ്വാസവും വിശ്വാസജീവിതവും സ്നേഹവും സമാധാനവും ഒരുമിച്ചു വളർത്തേണ്ടത്തിനു പകരം അക്രമവും യുദ്ധവും കാരണമാക്കിയാൽ മതവിശ്വാസം വഴി കരഗതമാകുന്നത് അതുവഴി ലഭിക്കേണ്ടതിന്റെ വിപരീത ഫലമാണ്. വിശ്വാസത്തെ സ്വാർത്ഥതാൽപര്യങ്ങൾക്ക് വേണ്ടി മനുഷ്യൻ ഇത്തരം അവസരങ്ങളിൽ ദുരുപയോഗിക്കുകയാണ്. മനുഷ്യനാകാനും മനുഷ്യത്വത്തിലേയ്ക്ക് വളരാനും കാരണമാകേണ്ട കാര്യങ്ങൾ മൃഗീയമായ ഒരു വ്യവസ്ഥിതി വരുത്തിവച്ചാൽ അവ യഥാർത്ഥത്തിൽ വിശ്വാസമോ പ്രാർത്ഥനയോ അല്ലെന്നു മനസ്സിലാക്കാനുള്ള ബോധം മനുഷ്യനുണ്ടാകണം.

മുസ്ലീമുകളുടെ പ്രാർത്ഥന
പ്രാർത്ഥന ജീവിതത്തിൽ പ്രതിഫലിക്കണം. ഒത്തിരി പ്രാർത്ഥിക്കുന്നവരും ഉണ്ട്. കൃത്യമായിത്തന്നെ എന്നും മുടങ്ങാതെ ദിവസവും പ്രാർത്ഥിക്കുന്നവരും ഉണ്ട്.  പുണ്യപൂർണ്ണവും സ്നേഹ നിർഭരവുമായി തങ്ങൾ ഓരോരുത്തനും തുറന്നു  ജീവിക്കുന്നില്ലെങ്കിൽ അവരുടെ പ്രാർത്ഥനകൾ  ആത്മാർത്ഥമല്ല. നമ്മുടെ പ്രാർത്ഥന ശരിയായിട്ടാണോ അതോ തെറ്റായിട്ടാണോ  എന്നൊക്കെ     അളക്കുവാനുള്ള യഥാർത്ഥമായ  മാന:ദണ്ഡം ജീവിത വിശുദ്ധിയാണ്. പക്ഷെ, അസൂയയും കുശുമ്പും പുലർത്തുകയും വൈരാഗ്യവും പകയും എന്നും പ്രകടിപ്പിക്കുകയും ചെയ്യുന്നവർക്ക് എങ്ങനെയാണ് തങ്ങൾ നിത്യവും പ്രാർത്ഥിക്കുന്നവർ ആണെന്ന് അവകാശപ്പെടാൻ കഴിയുക? ഒരാളുടെ വ്യക്തി ജീവിതത്തിൽ പ്രാർത്ഥനാ ജീവിതത്തെപ്പറ്റി രണ്ടാമതൊരാളുടെയോ മൂന്നാമതൊരാളുടെയോ വിധിയോ വിലയിരുത്തലോ അല്ല മാന:ദണ്ഢമായി കരുതേണ്ടത്. ഓരോരുത്തരും സ്വയം പരിശോധിച്ച് വിലയിരുത്തിക്കൊണ്ട്  അർത്ഥവത്താക്കാൻ ഉതകുന്ന തീരുമാനങ്ങളെടുക്കണം. നിരവധി പ്രാർത്ഥനാ ഭവനങ്ങളും പ്രാർത്ഥനാ മീറ്റിംഗുകളും ദിനംതോറും കൂടിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തിൽ വളരെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ട വിഷയമാണ് പ്രാർത്ഥന.

സഹമനുഷ്യരുടെ നന്മകളെ അംഗീകരിക്കുവാൻ കഴിയാത്തവനും മാന്യമായി ജീവിക്കുന്ന മറ്റു സഹോദരങ്ങളുടെ ചുമലിൽ ദുരിതവും ദു:ഖവും കൊടുത്ത് അവരെ ഉപദ്രവിക്കുന്നവനും വിശ്വാസമോ പ്രാർത്ഥനാനുഭവമോ ഉണ്ടെന്നു പറയാനാവുമോ?

E-mail:  dhruwadeepti@gmail.com
http://dhruwadeepti.blogspot.de/

Mittwoch, 8. Januar 2014

ധ്രുവദീപ്തി // Religion/ For everything give thanks- Elsy Mathew, Bangalore

ധ്രുവദീപ്തി // Religion/ 

For everything give thanks- 

Elsy Mathew, BangaloreDivine ThoughtsLet the giving of thanks be your sacrifice to God (Psalms 50:1)

The greatest Saint in the world is not he who prays most or fasts most; it is not he who gives alms, or is most eminent for temperance, chastity, or justice. It is he who is most thankful to God, and who has a heart always ready to praise Him --William Law
 
Elsy Mathew, 
Bangalore.
One day a Sufi Master returned home late and he was very hungry, so he asked for food. The disciple who was taking care of him said, "Master, there is nothing in the house, and I had no money so I could not purchase anything." The Master said nothing. He simply sat there, prayed to God and thanked him. The disciple could not believe what he was doing, why he was thanking God. That was his master's usual habit to thank God after he had eaten, but today he had not eaten and he was still hungry yet he thanked God! So the disciple asked, "For what are you thanking God?" The Master said, I am thanking him that at least I have a good appetite! Food will be coming tomorrow, but I have a good appetite. Think of those people who have food and no appetite. Am I not more fortunate than them?"

A child of God is a truly happy person because he has a Father who has an eternal home which is full of good things to meet his every need. So God's children abound in all the things that they enjoy from their Father's house. They have privileges in their Father's home and there is a great inheritance kept for them. They have access to all that is there in Heaven through their Lord Jesus Christ. Even while they are here on earth, they have the privilege of being seated in the Heavenly places and are blessed with all the blessings of the Heavenly places. As soon as a person accepts the Lord Jesus as savior and Lord, he or she has direct access to the Father's house and can start enjoying all the blessings of Heaven. They can have the joy of the Lord which becomes their strength. They imbibe into all the power that is theirs through the Holy Spirit. They are strengthened by the power of the resurrection of the Lord Jesus Christ. When we thus appropriate and enjoy all the good things which are kept for us in the House of the Lord, our life becomes one of excitement, thrill, contentment and expectancy. Our life becomes a life of perennial praise, singing, worship and intimate fellowship with God.

Be Joyful always, pray at all times, be thankful in all circumstances. This is what God wants from you in your life in union with Christ Jesus (1 Thes. 5:16).


Francis of Assisi always talked about praising and loving God. There is an incident in his life. Once  Francis of Assisi and his companions were making a trip through Spoleto Valley near the town of Bevagna. Suddenly, Francis spotted a great number of birds of all varieties. There were doves, crows and all sorts of birds. Swept up in the moment, Francis left his friends on the road and ran after the birds, who patiently waited for him. He greeted them in his usual way, expecting them to scurry off into the air as he spoke. But they did not move. Filled with awe, he asked them if they would stay awhile and listen to the Word of God. He said to them: “My brother and sister birds, you should praise your Creator and always love him: He gave you feathers for clothes, wings to fly and all other things that you need. It is God who made you noble among all creatures, making your home in thin, pure air. Without sowing or reaping, you receive God’s guidance and protection.”

At this the birds began to spread their wings, stretch their necks and gaze at Francis, rejoicing and praising God in a wonderful way according to their nature. Francis then walked right through the middle of them, turned around and came back, touching their heads and bodies with his tunic. Then he gave them his blessing, making the sign of the cross over them. At that they flew off and Francis, rejoicing and giving thanks to God, went on his way.

Later, Francis wondered aloud to his companions why he had never preached to birds before. And from that day on, Francis made it his habit to solicitously invoke all birds, all animals and reptiles to praise and love their Creator. And many times during Francis’ life there were remarkable events of Francis speaking to the animals. There was even a time when St. Francis quieted a flock of noisy birds that were interrupting a religious ceremony! Much to the wonder of all present, the birds remained quiet until Francis’ sermon was complete.

How often do we utter the word thanks? People don't remember to thank for the good things in life. Thanking is the most beautiful flower that arises in one's soul and the receiver's heart is penetrated by its fragrance. How many times in a day do we remember to say thank you to God? We all call out to God in times of adversity and misery. But so many good things happen every moment in our lives and we rarely acknowledge it to God by thanking him. If we come to the stage where we thank God for every single event that happens--no doubt we will witness wonderful miracles happening in our lives.


  I will sing to the Lord all my life; as long as I live I will sing praises to my God. I will remember your great deeds, Lord; I will recall the wonders you did in the past.  I will think about all that you have done; I will meditate on all your mighty acts. We will not keep them from our children; we will tell the next generation about the Lord’s power and his great deeds and the wonderful things he has done. They must thank the Lord for his constant love, for the wonderful things he did for them. They must thank him with sacrifices, and with songs of joy must tell all that he has done. (The Bible)
 
Give Thanks
For all that God, in mercy, sends;
For health and children, home and friends;
For comfort in the time of need,
For every kindly word and deed,
For happy thoughts and holy talk,
For guidance in our daily walk
For everything give thanks!
For beauty in this world of ours,
For verdant grass and lovely flowers,
For song of birds, for hum of bees,
For the refreshing summer breeze,
For hill and plain, for stream and wood,
For the great ocean's might flood--
for everything give thanks!
For the sweet sleep which comes with night,
For the returning morning's light,
For the bright sun that shines on high,
For the stars glittering in the sky-
For these, and everything we see,
O Lord! our hearts we lift to Thee--
For everything give thanks!
 ------------------------------------------------------------------------------------

Mittwoch, 1. Januar 2014

ധ്രുവദീപ്തി // Panorama // മഞ്ഞിൽ പൊതിയുന്ന ജർമനിയും അതിമനോഹരം// George Kuttikattu


ധ്രുവദീപ്തി // Panorama  // 


മഞ്ഞിൽ പൊതിയുന്ന ജർമനിയും  അതിമനോഹരം // 


George Kuttikattu "പിന്നാലെ വേനലില്ലാത്ത ഒരു മഞ്ഞുകാലമില്ല. ഇന്നത്തെ തിരക്കുഴി പിന്നത്തെ ചൂഡാലങ്കാരമാണ്. ഇവ അന്യോന്യം ഉന്തിത്തള്ളുകയാണ്. വെളിച്ചത്തിലേയ്ക്കും ഇരുട്ടിലേയ്ക്കും " .-ഭഗവത് ഗീത.


കൊഴിഞ്ഞു വീഴുന്ന മഞ്ഞുകാല ചിന്തകൾ..


പുതുവത്സരപ്പുലരിയിൽ അതിശീതളരാവ് കടന്നുപോയി. തണുത്തു മരവിച്ച രാവിന്റെ പിടിയിൽ നിന്നും മോചിതനായി മനോഹരമായി പ്രകാശിക്കുന്ന പ്രഭാതസൂര്യന്റെ വെള്ളിവെളിച്ചത്തിൽ ആകാശത്തിൽ നിന്നും മിന്നിത്തിളങ്ങി മഞ്ഞുപൊടികൾ തുടരെ വിതറി വീഴുന്ന ഒരു പുതുവത്സര പ്രഭാതമായിരുന്നില്ല യൂറോപ്പ് ദർശിച്ചത്. ജർമനിയുടെ മനോഹരമായ ചില കുന്നിൻനിരകളിലും ചരിവുകളിലും താഴ്വരകളിലും മനോഹരമായി വെളുത്ത പൊടിമഞ്ഞു പരന്നു കിടന്നു. മൂടിക്കിടക്കുന്ന വെട്ടിത്തിളങ്ങുന്ന തൂവെള്ള നിറമുള്ള ഒരിക്കലും മായാത്ത മഞ്ഞുകാല അനുഭവങ്ങൾ പതിയെ പതിയെ മനസ്സിൽ നിന്നും ഒരിക്കലും മായാത്ത നിത്യജീവനുള്ള സ്മരണകളായി അവ രൂപാന്തരപ്പെടുന്നു.

യൂറോപ്പിലെ മഞ്ഞിൽ പൊതിഞ്ഞ അതിശൈത്യവും ഏറെ മനോഹരമാണ്. പ്രശാന്തമായ ഓരോ ചരിവുകളിലും കുന്നിൻ മുകളിലും മഞ്ഞിൻ മുകളിൽ സ്കീയിൽ ശീതകാല സ്പോർട്സ് ചെയ്യുന്നവർ, മനോഹരമായ മഞ്ഞുകാല ദിനങ്ങളെ തങ്ങളുടെ മാത്രമുള്ള സ്വന്തം സുവർണ്ണ ജീവിതാനുഭവമാക്കാൻ കാത്തിരിക്കുന്ന കാമുകീ കാമുകന്മാർ, സ്വയം ജീവിതഭാരങ്ങളെ അപ്പാടെ താഴെയിറക്കി വിസ്മരിക്കുവാൻ തത്രപ്പെടുന്നവർ, കുട്ടികളുമൊത്ത് കുടുംബ സമേതം ഭാഗ്യപ്പെട്ട പുതുവത്സരത്തെ സ്വാഗതം ചെയത് ആനന്ദിക്കുവാനെ ത്തുന്ന  മാതാപിതാക്കൾ,  അങ്ങനെ സ്ത്രീകളും പുരുഷന്മാരും കുട്ടികളും യൂറോപ്പിലെ അതിശൈത്യത്തിലെ മഞ്ഞുകാലദിനങ്ങളെ  അവവരവരുടെ ഹൃദയത്തിൽ സ്വന്തം സ്വർഗ്ഗീയ സുന്ദര ദിനങ്ങളാക്കി മാറ്റുകകയാണ്.

 മഞ്ഞുമലയിൽ സ്കെയിറ്റിങ് നടത്തുന്ന കുട്ടികൾ 

എവിടെയും, മഞ്ഞുകാലാം. കുട്ടികൾക്കും മുതിർന്നവർക്കും മഞ്ഞുകാലത്ത് ആഘോഷമായ ഉത്സവ പ്രതീതിയാണ്. അപ്പോൾ മഞ്ഞുമനുഷ്യപ്രതിമകൾ സൃഷ്ടിക്കുക, മഞ്ഞുകൊട്ടാരം പണിയുക, മഞ്ഞുരുട്ടി പന്തുണ്ടാക്കി അവ എറിഞ്ഞു കളിക്കുക, സ്കീയിൽ മഞ്ഞിൻ മുകളിലൂടെ ഓടി പാറിനടക്കുക, ഇവയെല്ലാം എന്നും ജീവിക്കുന്ന മഞ്ഞുകാലദിന സ്മരണകളായി നമ്മുടെ മനസ്സിൽ തങ്ങി നില്ക്കും. ഇതുവരെയും നമ്മെ കടന്നു പോയ ജീവിതത്തെ പിറകോട്ടു തിരിഞ്ഞു നോക്കുവാനൊരു ശൈത്യകാലം.

ശൈത്യമേറിയ മൂകതയിലെ മഞ്ഞുകാലവും ഉണർവു പകരുന്ന സന്തോഷം പങ്കുവയ്ക്കുന്ന ക്രിസ്മസ് ആഘോഷങ്ങളും പ്രതീക്ഷയുടെ പുതുവത്സരവും എല്ലാം ഒരേ വഴിയിൽക്കൂടി ഓരോരോ വർഷങ്ങളും കടന്നു വരുകയാണ്, ജനനവും മരണവും പോലെ. സന്തോഷവും ദുഖങ്ങളും നിറഞ്ഞ ജീവിത വഴികളിൽക്കൂടി അവ കടന്നും പോകുന്നു. അനേകം അനുഭവങ്ങൾ  ശ്വാസം മുട്ടിക്കുന്ന എകാന്തതയും നമ്മുടെ എല്ലാമെല്ലാമായിരുന്ന ഉറ്റവരുടെയും ഉടയവരുടെയും വേർപാടുകളും ജീവിതത്തിലെ വ്യഥകളും ഭാഗ്യങ്ങളും സന്തോഷവും എല്ലാം കൂട്ടിക്കിഴിക്കുന്ന ക്രിസ്മസ് ദിനരാത്രങ്ങളിലെ മധുര  ഓർമ്മകൾ രൂപാന്തരപ്പെടുന്ന ദുസഹനിശബ്ധതയും അനുഭവിക്കുന്നവരും ഈ വഴിയിൽ ഉണ്ട്. ക്രിസ്മസ് രാവിൽ ദേവാലയത്തിലെ കൂടിച്ചേരൽ, പ്രാർത്ഥന, ആഘോഷമായ ഭക്ഷണം, സുഹൃത്തുക്കൾക്കും, അയൽക്കാർക്കും എല്ലാ കുടുംബാംഗങ്ങൾക്കും സ്നേഹ സമ്മാനങ്ങൾ പങ്കുവയ്ക്കൽ, പാതിരാവിലെ കൊടും തണുപ്പിൽ നമ്മിലേയ്ക്ക് ആഗതമാകുന്ന പുതുവത്സരപ്പിറവിയുടെ വരവേൽപ്പിനു എവിടെയും ആകാശവിസ്മയം സൃഷിടിക്കുന്ന കരിമരുന്നു കലാപ്രകടന ആഘോഷങ്ങൾ നടത്തൽ - ഇവയൊക്കെ നമ്മുടെ ജീവിത വഴിയിലെ ചില തിളക്കമുള്ള ശുഭ പ്രതീക്ഷകളുടെ  മറുവശം അല്ലെ?

മനോഹരമായ ചില മഞ്ഞുകാലദിനങ്ങൾ ജർമനിയിൽ സൈബേരിയൻ ശൈത്യാനുഭവങ്ങൾ ഉണർത്തുന്നതാണ്. ഏകദേശം മൈനസ്സ് 25-30 ഡിഗ്രി തണുപ്പ് കഴിഞ്ഞ ചില വർഷങ്ങളിൽ ജർമനിയിലെ ചില പ്രദേശങ്ങളിൽ രേഖപ്പെടുത്തിയിരുന്നു. റിക്കാർഡ് തകർത്ത ശീതകാലം എന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രങ്ങൾ വെളിപ്പെടുത്തി. എങ്കിലും മനുഷ്യ ജീവിതം എന്നും ചലനാത്മകമായി തുടരുന്നു. 

മരംകോച്ചുന്ന തണുപ്പിലും മനുഷ്യജീവിതം സുഗമവും ആനന്ദകരവുമാണ്. സ്കൂൾ കുട്ടികൾക്കും മറ്റെല്ലാ സ്ഥാപനങ്ങൾക്കും ഓരോ ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ദിവസങ്ങൾ അവധിക്കാലം ആണ് . ഈ അവധി  ആഘോഷങ്ങളുടെ നടുവിൽ ജർമൻ നിരത്തുകളിൽ അവധിക്കാലയാത്ര ചെയ്യുന്നവരുടെ വലിയ തിരക്ക് കാണാം. ശീതകാലത്ത് വാഹനയാത്രകൾക്ക് ചില തടസ്സം ഉണ്ടാകുന്നുണ്ടെങ്കിലും ഇക്കാലം റോഡ്‌ ഗതാഗതവകുപ്പിന്റെ  ശ്രദ്ധേയവും കാര്യക്ഷമവുമായ സംരക്ഷണവും നൽകി വരുന്ന്.ഗ്രാമ-നഗര അതോറിട്ടികളുടെ സൂക്ഷ്മ മേൽനോട്ടവും ജനജീവിതം അവിടെ കുറെയേറെ എളുപ്പമാക്കുന്നു.

അതികഠിന ശൈത്യം ജർമനിയടക്കം യൂറോപ്പിന്റെ വിവിധഭാഗങ്ങളിൽ ജനജീവിതം ദുസഹമാക്കിയിട്ടുണ്ട്. കിടപ്പാടം സ്വന്തമായിട്ടില്ലാത്തവർക്ക് അതിശൈത്യം ഏറെ അപകടപ്പെടുത്തുന്ന കാലമാണ്. അവരിൽ ചിലർ മരണപ്പെടുകയും ചെയ്യാറുണ്ട് എന്നത് വളരെയേറെ ദു:ഖകരമാണ്‌. എങ്കിലും ജർമനിയിൽ സമൂഹ്യസേവകരുടെ സഹായം ഇങ്ങനെയുള്ള വിഭാഗത്തിനു  നല്കപ്പെടുന്നുണ്ട് എന്നത് സന്തോഷകരമാണ്, ആശ്വാസകരവുമാണ്..

അതിശൈത്യകാലങ്ങളിൽ ജർമനിയിലെ നദികളിൽ വെള്ളം തണുത്തുറച്ചു ഐസ് പാളികളായി രൂപാന്തരപ്പെടുന്നു. അപ്പോൾ കപ്പൽഗതാഗതം ഏതാണ്ട് പൂർണ്ണമായും തടസ്സപ്പെടുന്നുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോൾ കൂറ്റൻ ഐസ് കട്ടർ മെഷീൻ ഉപയോഗിച്ച് മുറിച്ചു നീക്കി ഗതാഗതം ജലപാതയിൽ വീണ്ടും പുന:സ്ഥാപിക്കുകയാണ് പതിവ്. ഇത്തരം ഐസ് പാളികൾ ഓരോനദികളിൽ ഉണ്ടാകുന്നത് കടുത്ത ശൈത്യ കാലത്ത് സാധാരണമാണ്. ജർമ്മനിയിൽ ഉണ്ടായ ഏറ്റവും കടുത്ത ശീതകാലം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1963 ലാണ്. അന്ന് ജർമനിയിലെ പ്രസിദ്ധമായ നെക്കാർ, റൈൻ തുടങ്ങിയ നദികളിൽ വെള്ളം ഐസ് പാളികളായി മാറിയിരുന്നു. ഇത്തരം പാളികളുടെ മുകളിലൂടെ ചിലർ വാഹനങ്ങൾ ഓടിച്ചും സ്കീയിൽ ഓടിച്ച് രസിക്കുവാനും ശ്രമിച്ചിരുന്നു.

  മഞ്ഞിൽ പൊതിയുന്ന ഫിഹ്ടൽ മരങ്ങൾ

ക്രിസ്മസ് അവധിക്കാലം തുടങ്ങി പുതുവത്സര ആഴ്ച്ചയുൾപ്പെടെയുള്ള ദിവസങ്ങളിൽ അവധിക്കാലം ആഘോഷിക്കുവാൻ നിരവധിയാളുകൾ മഞ്ഞു മൂടിക്കിടക്കുന്ന ഫിഹ്ടൽ മരങ്ങളാൽ മനോഹരമായ ജർമനിയുടെ ബ്ലാക്ക് ഫോറസ്റ്റ്, ആൽപ്സ് പർവത നിരകൾ, അയൽരാജ്യങ്ങളായ ഫ്രാൻസ്, സ്വിറ്റ്സർലാൻഡ്‌, ഓസ്ട്രിയാ തുടങ്ങിയ രാജ്യങ്ങളിലെ  സ്കീയിംഗ് സ്പോർട്സ് കേന്ദ്രങ്ങളിലേയ്ക്ക് എല്ലാ ശൈത്യകാലത്തും പോകാറുണ്ട്. ഒറ്റയ്ക്കും കൂട്ടമായും കുടുംബത്തോടെയും ഇത്തരം അവധിക്കാല യാത്രകൾ ചെയ്യുന്നത് യൂറോപ്യരുടെ പ്രിയപ്പെട്ട വിനോദം തന്നെ.

മഞ്ഞുകാലം ആഹ്ലാദം നിറഞ്ഞ കാലമാണെങ്കിലും ദുരിതങ്ങളുടെയും ദു:ഖ ദിനങ്ങളായും ഭവിക്കുന്നുണ്ട്. ശീതകാല സ്പോർട്സ് അപകടങ്ങൾ, സ്കീ അപകട മരണങ്ങളും സംഭവിക്കുന്നു. തകരാറിലാകുന്ന റോഡ്‌-റെയിൽ വിമാന ഗതാഗതസൌകര്യങ്ങൾ, അതിശൈത്യം മൂലം വാഹനങ്ങൾ കേടാകുന്നു, സഞ്ചാരയോഗ്യമല്ലാതെ തീരുന്നു. ഇവയൊക്കെ ചില കാര്യങ്ങൾ മാത്രം. ചൂടിലുണ്ടാകുന്ന വ്യതിയാനത്തിൽ ഉണ്ടാകാവുന്ന ഹിമനിപാത അപകടങ്ങൾ പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതുപോലെ, രോഗികൾ, റോഡുകളിൽ നടന്നു പോകുന്ന പ്രായം ചെന്ന ആളുകൾ  തുടങ്ങിയവരും കടുത്ത തണുപ്പിൽ അപകടപ്പെടുന്നുണ്ട്. ഈ വർഷം ജർമനിയുടെ തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ  താരതനമ്യേന കുറഞ്ഞ തോതിലാണ് അതിശൈത്യം അനുഭവപ്പെട്ടത്. നിരീക്ഷകർ ഈ പ്രദേശത്ത് മയപ്പെട്ട കാലാവസ്ഥയാണ് രേഖപ്പെടുത്തിയത്. ഏതാണ്ട് നാൽപ്പത്തിയഞ്ചു വർഷങ്ങൾക്ക് മുൻപ് ജർമനിയടക്കം യൂറോപ്യൻ പ്രദേശങ്ങളിൽ മുഴുവൻ അതിശൈത്യം ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്.

 ജർമനി- മഞ്ഞുകാലത്തെ റോഡുകൾ 

ശൈത്യകാലത്ത് ജനവാസകേന്ദ്രങ്ങളിൽ കൂടുതൽ വൈദ്യുതി ഉപയോഗം വർദ്ധിച്ചതായി സർക്കാർ കണക്കുകളും വ്യക്തമാക്കുന്നുണ്ട്. യൂറോപ്പിൽ പൊതുവെ തണുപ്പുകാലത്ത് വീടുകളിൽ ചൂട് വിതരണത്തിനായി കൂടുതൽ വൈദ്യുതി ഉപയോഗം വരുന്നുണ്ട്. തണുപ്പിൽ നിന്ന് രക്ഷപെടുവാൻ ഫ്രാൻസിൽ ഒരൊറ്റ ദിവസം വേണ്ടിവന്ന വൈദ്യുതി ഉപയോഗം 90200 മെഗാവാട്ട് വൈദ്യുതി വേണ്ടി വന്നുവെന്ന് ഫ്രഞ്ചു സർക്കാർ കഴിഞ്ഞ ഒരു വർഷത്തെ കണക്കിൽ ചൂണ്ടിക്കാണിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. അന്ന് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന വീട്ടുപകരണങ്ങൾ നിശ്ചിത സമയം മാത്രമേ പ്രവർത്തിപ്പിക്കാവൂ എന്ന് കർശന നിർദ്ദേശവും ജനങ്ങൾക്ക് നൽകി. കാരണം, യൂറോപ്പിൽ പൊതുവെ ഗാർഹികാവശ്യങ്ങൾ മുഴുവൻ തന്നെ വൈദ്യുതിയെ ആശ്രയിച്ചാണല്ലോ സാധിക്കുന്നത്. ഓയിലും ഗ്യാസും ഗൃഹാവശ്യ ഊർജ ഉപയോഗത്തിനായി ഉപയോഗിക്കുന്നു. മനോഹരമായ വസന്തകാലസ്മരണകൾ അയവിറക്കാൻ പ്രകൃതി കൂട്ടിയിണക്കുന്ന ശൈത്യം.

മഞ്ഞിൽ പുതഞ്ഞ ജർമനിയും അതിസുന്ദരമാണ്. ഗ്രാമങ്ങളും നഗരങ്ങളും കുന്നിൻ നിരകളും മലകളിലെ വൃക്ഷങ്ങളും ഗ്രാമത്തിലെ ദേവാലയവും വീടുകളും തിളക്കമുള്ള മഞ്ഞിൽ പൊതിയുന്നു. പുകമഞ്ഞിൽ ആകാശത്തിൽ സൃഷ്ടിക്കപ്പെടുന്ന ഹിമമലനിരകളുടെ നിശ്ചല ദൃശ്യം നമ്മെ അമ്പരപ്പിക്കുന്നു. ജർമ്മനിയുടെ തെക്ക് മുതൽ വടക്കെ അറ്റംവരെയും കിഴക്ക് മുതൽ പടിഞ്ഞാറു വരെയും മഞ്ഞിൽപ്പൊതിഞ്ഞ പ്രകാശിക്കുന്ന വെള്ളിവെളിച്ചത്തിൽ മിന്നി തിളങ്ങുന്ന പുതുവർഷത്തിലെ മനോഹര ദിനങ്ങൾക്കായി, നാമും പുത്തൻ പ്രതീക്ഷകളുമായി കാത്തിരിക്കുന്നു.

എന്തെല്ലാം പ്രതീക്ഷകളും ആവശ്യങ്ങളും പുതുവത്സരത്തിലെ ശൈത്യം നിറഞ്ഞ ശാന്തതയിലും സന്തോഷത്തിലും മനുഷ്യമനസ്സിലേയ്ക്ക് തിങ്ങി ഒഴുകി വരും? പുതുവത്സരപിറവിയുടെ ആഘോഷ പാതിരാവിൽ ഭൂമിയും ആകാശവും കരിമരുന്നു പ്രകടനത്തിൽ വിവിധവർണ്ണങ്ങളിൽ മിന്നി തിളങ്ങി. ലോകത്തിന്റെ എല്ലാ ദു:ഖ ദുരിതങ്ങളേയും തുടച്ചു നീക്കുന്ന തിളക്കമുള്ള പ്രകാശകിരണങ്ങൾ.

പുതുവത്സരത്തിൽ പെയ്തിറങ്ങിയ ഐസിലുറഞ്ഞ ആളൊഴിഞ്ഞ പുതിയ പ്രഭാതത്തിലെ നിരത്തുകളും, തൂവെള്ള നിറമുള്ള പൊടിമഞ്ഞിൽ പൊതിഞ്ഞ മലനിരകളും മരങ്ങളും ചരിവുകളും താഴ്വരകളും.. അവിടെ കണ്ണാടി പോലെ മിനുസ്സമുള്ള തിളക്കമുള്ള മഞ്ഞുപാളികൾക്ക് മുകളിൽ കുട്ടികളും മുതിർന്നവരും സ്കീയിൽ തെന്നി സഞ്ചരിക്കുന്ന ശൈത്യകാല ഓർമ്മകൾ. ഓർമ്മയിൽ എന്നും കാത്തുസൂക്ഷിക്കുന്ന ദൈനദിന ജീവിതത്തിലെ സന്തോഷങ്ങളും ദു:ഖങ്ങളും. കൂടിച്ചേരലുകളും  വേർപാടുകളും നെടുവീർപ്പുകളും പൊട്ടിച്ചിരികളും.

മനസ്സിലലിഞ്ഞ ഓർമ്മകളെ താലോലിച്ചു കൊണ്ട്‌ ഉറഞ്ഞ ഐസിലും ഒരിക്കലും മരവിക്കാത്ത മനസ്സുമായി ഹൃദയത്തിൽ മഞ്ഞിലും സൌന്ദര്യം ദർശിക്കുന്ന മനോഹരമായ പുതുവത്സരപ്രതീക്ഷകളെയെല്ലാം  വിവിധ വർണ്ണങ്ങളിൽ നാമും എന്നും കാത്തുസൂക്ഷിക്കും. 

നന്മയേറിയ പുതുവത്സരത്തിന്റെ എല്ലാ മംഗളങ്ങളും നേരുന്നു. /gk 

 --------------------------------------------------------------------------------------------------------------------------------------------