Montag, 29. Februar 2016

ധ്രുവദീപ്തി //Christianity // Theology // മഹത്വകീർത്തനത്തിനൊരു മാതൃഭാഷ്യം : Dr. Dr. Joseph Pandiappallil


Theology:

മഹത്വകീർത്തനത്തിനൊരു മാതൃഭാഷ്യം :  

 Dr. Dr. Fr. Joseph Pandiappallil 


ഈശോ പിതാവിനെ മഹത്വപ്പെടുത്തി. പിതാവിന്റെ മഹത്വപ്പെടൽ, ഈശോയുടെയും മഹത്വപ്പെടലായിരുന്നു. പിതാവിനെ മഹത്വപ്പെടുത്തുന്ന തായിരുന്നു ഈശോയ്ക്ക് പ്രാർത്ഥന. ഈശോയുടെ പ്രാർത്ഥനപോലെതന്നെ ഈശോയുടെ അമ്മയായ പരിശുദ്ധ മറിയത്തിന്റെ പ്രാർത്ഥനയും മഹത്വപ്പെടുത്തലാണ്. മറിയത്തിനും പ്രാർത്ഥന മഹത്വകീർത്തനമാണ്.

   പ. മറിയം എലിസബത്തിനെ
                   സന്ദർശിക്കുന്നു 
ദൈവത്തിന്റെ അമ്മയാകുവാൻ തിരഞ്ഞെടുക്കപ്പെട്ട മറിയം ചാർച്ചക്കാരി യായ എലിസബത്തിന്റെ അടുത്തേയ്ക്ക് പോകുന്നതായി വി. ലൂക്കായുടെ സുവിശേഷ ത്തിൽ നാം വായിക്കുന്നു (ലൂക്കാ.1:46-55). എലിസബത്തിനെ ശുശ്രൂഷിക്കുക എന്നതാണ് മറിയത്തിന്റെ ലക്ഷ്യം. ദൈവ പുത്രന്റെ മാതാവ് തന്നെ പരിചരിക്കുവാൻ വന്നിരിക്കുന്നു എന്നറിയുന്ന എലിസബത്ത് മറിയത്തെ അഭിനന്ദിക്കുന്നു. "സ്ത്രീകളിൽ നീ അനുഗ്രഹീതയാകുന്നു! നിന്റെ ഉദരത്തിന്റെ ഫലവും അനുഗ്രഹീതമാ കുന്നു! എന്റെ കർത്താവിന്റെ അമ്മ എന്റെയടുക്കൽ വരുവാനുള്ള ഭാഗ്യം എനിക്കെവിടെനിന്നു (ലൂക്കാ. 1:42-43). ഈ വാക്കുകളിൽ എലിസബത്തിന് മറിയത്തോ ടുള്ള സ്നേഹം വ്യക്തമാണ്. മറിയത്തെ അനുമോദിക്കുവാനും മറിയത്തിന്റെ ഭാഗ്യത്തിൽ സന്തോഷിക്കുവാനും എലിസബത്തിന് സാധിച്ചു.

അനുമോദനങ്ങളും ആശംസകളും കേൾക്കുമ്പോൾ മറിയം സർവ്വ നന്മകളുടെയും ദാതാവായ ദൈവത്തിനു സ്തോത്രമർപ്പിക്കുന്നു. മറിയത്തിന്റെ ഈ സ്തോത്രഗീതത്തിനു സമുവേലിന്റെ ഒന്നാം പുസ്തകം രണ്ടാം അദ്ധ്യായം ഒന്നുമുതൽ പത്തുവരെയുള്ള വാക്യങ്ങളിലൂടെ ഹന്നാ ചെയ്യുന്ന സ്തോത്ര ഗീതത്തോട് കടപ്പാടുണ്ട്.

   പ. മറിയത്തിന്റെ
          പ്രാർത്ഥന 
മറിയത്തിന്റെ ഈ സ്തോത്രഗീതത്തിൽ പ്രധാനമായും മൂന്നു സന്ദേശങ്ങളുണ്ട്‌. ഒന്നാമതായി മറിയം പറയുന്നു: വിനീതരെ ഉയർത്തുന്നവനും അഹങ്കരിക്കുന്നവരെ ചിതറിക്കുന്നവനുമാണ് ദൈവം. ഹൃദയത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ച്‌ ശക്തരെ സിംഹാ സനത്തിൽ നിന്നും താഴെ ഇറക്കുകയും വിനീതരെ ഉയർത്തുകയും ചെയ്തു (ലൂക്കാ 1:51-52). അഹങ്കരി ക്കുന്നവരോടും ഗർവ്വ്കാട്ടുന്ന വരോടും കരുണ കാണിക്കാത്തവനാണ് ദൈവമെന്നു ഈശോ സുവിശേഷങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. നിയമ ങ്ങളുടെ വിശദാംശങ്ങൾ അനുസരിക്കുകയും പ്രാർത്ഥന, ഉപവാസം തുടങ്ങിയവയിൽ മുടക്കം വരുത്താതിരിക്കു കയും ചെയ്തിട്ടും, ദൈവാലയത്തിൽ സാഷ്ടാംഗം വീണ് "പാപിയായ എന്റെ മേൽ കരുണ തോന്നണമേ " എന്ന് പ്രാർത്ഥിച്ച് പാപിയായ ചുങ്കക്കാരനോളം ഫരിസേയൻ നീതീകരിക്കപ്പെടാത്തതിനു കാരണം താൻ തികഞ്ഞവനാണെന്ന അയാളുടെ ഭാവമായിരുന്നു (ലൂക്കാ .18: 9-17).

കൃഷിക്കാർക്ക്‌ എൽപ്പിക്കപ്പെട്ട മുന്തിരിത്തോട്ടം ദൂരയാത്ര കഴിഞ്ഞ് മടങ്ങിവന്ന യജമാനൻ അവരെ നശിപ്പിച്ച് മറ്റാളുകളെ ഏൽപ്പിക്കാൻ കാരണം കൃഷിക്കാരുടെ അഹങ്കാരവും യജമാനസ്ഥാനങ്ങളിൽ സ്വയം പ്രതിഷ്ടിക്കാനുള്ള തിടുക്കവുമായിരുന്നു. അഹങ്കാരമെന്ന ആയുധം ദൈവം വെറുക്കുന്നു. വിനയമെന്ന ബലിയാണ് ദൈവത്തിനു പ്രിയം. ഈ ബലിയുടെ ശക്തി അണുവായുധങ്ങൾക്കും കീഴ്പ്പെടുത്താനാവില്ല.

യേശുവിന്റെ ജനനം 
ദൈവപുത്രനായ ഈശോ കാലി ത്തൊഴുത്തിൽ ജനിച്ചപ്പോൾ പ്രകടമായ ചൈതന്യം വിനയമാണ്. സാധാരണക്കാരോടും ദരിദ്രരോടും താദാത്മ്യപ്പെട്ടുകൊണ്ടുള്ള ജീവിത വും തന്റെ രാജകീയ ദേവാലയ പ്രവേശനത്തിനായി ജയ്‌ വിളിക്കു ന്ന ജനമദ്ധ്യത്തിലൂടെ കഴുതപ്പുറ ത്തു വിനീതമായ യാത്രയും വഴി ഈശോ വ്യക്തമാക്കിയത് വിനീത ഹ്രുദയമാണ്. അത് ദൈവീകതയുടെ ലക്ഷണമെന്നതാണ്. "നിങ്ങളിൽ ഏറ്റവും ചെറിയവൻ ആരോ അവനാണ് ഏറ്റവും വലിയവനെന്നും " (ലൂക്കാ 9: 48)."ശിശുക്കളുടെ നിഷ്ക്കളങ്കത സ്വായത്തമാക്കാത്തവൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല" എന്നുള്ള (ലൂക്കാ 18:17) പ്രഖ്യാപനങ്ങളും അന്ത്യത്താഴ വേളയിൽ ചെളി പുരണ്ട ശിഷ്യരുടെ പാദങ്ങൾ കഴുകി ചുംബിച്ചു കൊണ്ട് പ്രകടമാക്കിയ മഹത്തായ മാതൃകയും ദൈവീകതയിലേയ്ക്ക് നടന്നടുക്കുവാൻ ആവശ്യമായ വിനീത ഹൃദയത്തിന്റെ അനിർവാര്യത യാണ് വ്യക്തമാക്കുന്നത്.

ജോൺ പോൾ ഒന്നാമൻ മാർപാപ്പ "മഹത്വങ്ങൾക്കുള്ള കത്തുകൾ" എന്ന ഗ്രന്ഥത്തിൽ സിംഹത്തോൽ ധരിച്ച ഒരു കഴുതയുടെ കഥ പറയുന്നുണ്ട്. കണ്ടവർ കണ്ടവർ പറഞ്ഞു "നോക്കൂ, ഒരു സിംഹം". മനുഷ്യരും നാനാജാതി മൃഗങ്ങളും പേടിച്ച് ഓടി മാറി. പെട്ടെന്ന് ഒരു കാറ്റ് ആഞ്ഞടിക്കുകയും കഴുതയുടെ സിംഹത്തോൽ ഇളകി മാറുകയും ചെയ്തപ്പോൾ മനുഷ്യർക്കും മൃഗങ്ങൾക്കും സത്യം മനസ്സിലായി. മനുഷ്യർ കഴുതയുടെ അടുക്കലേയ്ക്ക് കോപത്തോടെ പാഞ്ഞുചെന്നു അതിന്റെ മേൽ ഭാരമുള്ള ചുമടുകൾ വച്ചുകെട്ടി. അഹങ്കാരിക്ക് ലഭിക്കുന്ന ആത്യന്തിക പ്രതിഫലത്തിന് നല്ലൊരു മാതൃകയാണ് സിംഹത്തോൽ ധരിച്ച കഴുതയുടെ കഥ.

അഹങ്കരിക്കുവാനും വലിയവരെന്നു ഭാവിക്കാനും മനുഷ്യനിൽ യാതൊന്നു മില്ല. ദൈവത്തിൽ നിന്നും ദാനമായി കൈപ്പറ്റാത്തതായി എന്താണ് നിങ്ങളിൽ ഉള്ളതെന്ന് വി. പൗലോസ് ചോദിക്കുന്നു. അറിവും കഴിവും സമ്പത്തും സുഹൃത്തുക്കളും സ്വന്തം അദ്ധ്വാനത്തിന്റെ മാത്രമല്ല, ദൈവാനുഗ്രഹത്തി ന്റെയും ഫലങ്ങളാണ്. എല്ലാം ദാനമായി സ്വീകരിക്കുന്ന മനുഷ്യൻ എല്ലാം ദാനമായി കൊടുക്കാനും തയ്യാറാകണം. അപ്പോഴാണ്‌ വിനീതരെ ഉയർത്തുന്ന ദൈവം നമ്മെ വിനീതരും നിഷ്കളങ്കരും ആയി കാണുന്നതും കൈനീട്ടി പിടിച്ചു യർത്തുന്നതും.

           വിശക്കുന്നവരെ തൃപ്തരാക്കുന്നു 
മറിയത്തിന്റെ പ്രസ്താവനയിൽ രണ്ടാമത്തേത് വിശക്കുന്നവരെ തൃപ്തരാക്കുകയും സമ്പന്നരെ വെറുംകൈയ്യോടെ പറഞ്ഞയക്കു കയും ചെയ്യുന്നവനാണ് ദൈവം എന്നാണ്. ഈശോയിലൂടെ പ്രകട മായ ദൈവീകചൈതന്യം മറിയം ഈ പ്രസ്താവനയിലൂടെ മുൻകൂട്ടി അറിയിക്കുകയാണ്. ഒരു പ്രാർത്ഥ നാനുഭവത്തിലൂടെയെന്നപോലയും പ്രവാചക പ്രഖ്യാപനത്തിൽ എന്ന പോലെയും മറിയത്തിന്റെ അധര ങ്ങൾ പഴയ നിയമത്തിലൂടെ വെളിപ്പെട്ടതുംപുതിയനിയമത്തിൽ പൂർത്തിയായതുമായ സത്യങ്ങൾ പ്രഘോഷിക്കുന്നു. വിശക്കുന്നവർക്ക് അപ്പവും ദാഹിക്കുന്നവർക്ക് ജീവജലത്തിന്റെ അരുവിയുമായി സ്വയം പ്രഖ്യാപിക്കുന്ന ഈശോ തന്റെ ചുറ്റുപാടിൽ ഉള്ളവരുടെ ആന്തരികവും ബാഹ്യവുമായ വിശപ്പും ദാഹവും കണക്കിലെടുത്തിരുന്നു. ഈശോയുടെ കാരുണ്യത്തിനായി ദാഹിച്ചു തങ്ങളിൽ കരുണ തോന്നണമേ എന്ന് പ്രാർത്ഥിച്ച രോഗികൾ സൗഖ്യപ്പെടുന്നതും പാപമോചനത്തിനും ആത്മീയ ശാന്തിക്കുമായി അവിടുത്തെ കാൽക്കൽ വീണ  മറിയം സമാധാനം കൈവരിക്കുന്നതും ഈശോയുടെ സാന്നിദ്ധ്യം കൊതിച്ച സക്കേവൂസിന് അത് ലഭിച്ചതും വിശുദ്ധ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ പോറ്റിയപ്പോഴും മരിച്ചവരെ ഉയർപ്പിച്ചപ്പോഴും രോഗികൾക്ക് സൗഖ്യവും പാപികൾക്ക് മോചനവും കൊടുത്തപ്പോഴും മനുഷ്യജീവനുവേണ്ടിയുള്ള വിശപ്പും ദാഹവും തീർക്കുകയായിരുന്നു നാഥൻ. അവിടുന്നിൽ വിശ്വസിക്കുന്നവന് ഒരിക്കലും വിശക്കുകയോ ദാഹിക്കുകയോ ഇല്ല. അവനു നാഥൻ നൽകുന്ന ജലം നിത്യ ജീവനിലേയ്ക്ക് നിർഗ്ഗളിക്കുന്ന അരുവിയാകും (യോഹ 4: 14).

മൂന്നാമതായി മറിയം പ്രസ്താവിക്കുന്നു. വാഗ്ദാനങ്ങൾ പൂർത്തീകരിക്കുന്നവ നാണ് ദൈവമെന്ന്. മറിയത്തിന്റെ വാക്കുകളിൽ "നമ്മുടെ പിതാവായ അബ്രാഹത്തോടും സന്തതികളോടും എന്നേയ്ക്കുമായി ചെയ്ത വാഗ്ദാനത്തിൽ പ്രകടിപ്പിച്ച കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്നു തന്റെ ദാസനായ ഇസ്രായേലിനെ സംരക്ഷിച്ചു (ലൂക്കാ 1: 54-55). പറുദീസയിൽ വച്ച് ആദി മാതാപിതാക്കന്മാരോടും പിന്നീട് അബ്രാഹമിനോടും യാക്കോബിനോടും ചെയ്ത വാഗ്ദാനം ദൈവം പൂർത്തീകരിക്കുകയാണ്. പ്രവാചകന്മാരിലൂടെ പുറപ്പെടുവിച്ച പ്രവചനങ്ങളും കാലഘട്ടങ്ങളിലൂടെ വളർന്ന നാനാ ദിക്കിലുമുള്ള മനുഷ്യർ എല്ലാവരുടെയും പ്രത്യാശയും മറിയത്തിലൂടെ സഫലീകൃതമാകുകയാണ്.

  പ.മറിയത്തിന്റെ
       ദൈവഭക്തി 
തന്റെ ഭക്തരുടെ മേൽ അനുഗ്രഹങ്ങൾ വർഷിച്ച ദൈവത്തെയോർത്ത്‌ ആനന്ദിക്കുകയാണ് മറിയം. ഈ ആനന്ദവും മഹത്വകീർത്തനവും ദൈവവുമായുള്ള മറിയത്തിന്റെ ബന്ധവും മറിയത്തിന്റെ ദൈവാശ്രയവും ദൈവഭക്തിയും വ്യക്തമാക്കുന്നു. അതുകൊണ്ട് ഈ മഹത്വകീർത്തനവും അതിലൂടെ പ്രകടമാകുന്ന മറിയത്തിന്റെ മനോഭാവവും പ്രാർത്ഥനയാണ്. പ്രാർത്ഥനയുടെ മൗലീകമായ ഈ ഭാവം മറിയത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു. നിരന്തരം ദൈവത്തിലാശ്രയിച്ചും എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചും ദൈവഹിതത്തിനു നിരന്തരം കാതോർത്തും ജീവിച്ച മറിയത്തിന്റെ വാക്കുകൾ ദൈവകീർത്തനങ്ങൾ ആയേ പുറത്തുവരൂ.

പഴയനിയമ ഗ്രന്ഥങ്ങൾ സ്വായത്തമാക്കിയ മറിയം പഴയ നിയമ സ്തോത്ര ഗീതങ്ങളുടെ സഹായത്താൽ സ്വന്തം ഹൃദയവികാരങ്ങൾ പ്രകടമാക്കുകയാണ്, സ്തോത്ര ഗീതങ്ങളിലൂടെ. പ്രാർത്ഥനയുടെ മഹത്തായ ഒരാവിഷ്കരണമാണ് മറിയത്തിന്റെ ഈ മഹത്വ കീർത്തനം.
--------------------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER: Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
E-mail: dhruwadeeptionline@gmail.com
     

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.