Sonntag, 21. Februar 2016

ധ്രുവദീപ്തി : അന്തർദേശീയം // // അഭയാർത്ഥികൾ ജർമ്മൻ സമൂഹത്തിൽ പരിവർത്തനം വരുത്തും ? ജോർജ് കുറ്റിക്കാട്

ധ്രുവദീപ്തി :  അന്തർദേശീയം //  



അഭയാർത്ഥികൾ ജർമ്മൻ സമൂഹത്തിൽ  പരിവർത്തനം വരുത്തും ?  


George Kuttikattu


കഴിഞ്ഞ വർഷം, 2015,  ലോകം ഒട്ടാകെയും പ്രത്യേകിച്ച് യൂറോപ്പ് മുഴുവനും നിർണ്ണയിക്കാനാവാത്ത തരത്തിൽ അതിബൃഹത്തായ ഗുരുതര രാഷ്ട്രീയപ്രതിസന്ധിയുടെ തീരാത്ത അനിശ്ചിതത്വത്തെയാണ് കാണേണ്ടി വന്നത്.  അതിൽ ഏറെക്കൂടുതലായി ജർമ്മൻകാർക്ക് അഭയാർത്ഥികളുടെ പുനരധിവാസ കാര്യങ്ങളെപ്പറ്റിയുള്ള അനിശ്ചിത ത്വം വേറെയും ഉണ്ട്. ഇത്തരം  പ്രശ്നങ്ങൾ എങ്ങനെ ?, എങ്ങോട്ട്,  അവ എന്തായിത്തീരുമെന്നുള്ള ഒരു കനത്ത   ആശങ്കയ്ക്ക്മേൽ വഴങ്ങേണ്ടിയും വന്നു. ഒട്ടും പ്രതീക്ഷിക്കാതെ ഒരു മില്യണിൽക്കൂടുതൽ കടന്നു വരുന്ന അഭയാർത്ഥികളാണ് രാവും പകലും ഇടമുറിയാതെ കുറഞ്ഞ സമയത്തിനുള്ളിൽ ജർമ്മനിയിലേയ്ക്ക് വന്നെത്തിയത്. അതായത്, കഴിഞ്ഞ വർഷാരംഭത്തിൽ (2015 ൽ) വിചാരിച്ചതിൽ, കുറഞ്ഞത്‌ മൂന്നിരട്ടി കൂടുതൽ അഭയാർത്ഥികൾ ജർമ്മനിയിൽ  വന്നെത്തി.  എന്നിരുന്നാലും ജർമ്മനി ഈ അഭയാർത്ഥികൾക്കെല്ലാം ഹൃദയപൂർവ്വമായ സ്വാഗതം നല്കിക്കൊണ്ടിരുന്നു.

ഹൃദയപൂർവ്വമായ സ്വാഗതം 
ജർമ്മനി അഭയാർത്ഥികളെ മാതൃകാപരമായി സ്വീകരിച്ചുവെന്ന് തന്നെ വിലയിരുത്താം. എങ്കിൽപോലും, എപ്പോഴും അഭയാർത്ഥികളുടെ മൂല്യം ഇടിക്കുന്നതരത്തിൽ സമൂഹത്തിൽ ഉണ്ടാകാവുന്ന അടിസ്ഥാനപരമായി നിലനിൽപ്പില്ലാത്ത ചീഞ്ഞളിഞ്ഞ അപകീർത്തികളും മറ്റും അനുബന്ധമായി ഉണ്ടാക്കിയിരുന്നുവെന്ന് തന്നെ വേണം പറയുവാൻ. ഇതിനുകാരണമായി ആരോപിക്കുന്ന ന്യായങ്ങളിൽ ചിലതാണ് ഇത്: രാഷ്ട്രീയകാരണത്താലും, സാമ്പത്തികവും ദാരിദ്ര്യപരവുമായതും മറ്റ് ഓരോരോ കാരണത്താലും ജർമ്മനിയിലേയ്ക്കും പൊതുവെ  മറ്റുള്ള എല്ലാ യൂറോപ്യൻയൂണിയൻ പ്രദേശങ്ങളിലേയ്ക്കും വന്നുചേർന്നുകൊണ്ടിരിക്കുന്ന അഭയാർത്ഥികളുടെ മുഴുവൻ എണ്ണം സർക്കാർ തെറ്റായി കണക്കുകൂട്ടിയതും, ഒരുപ്രധാനപ്പെട്ട  കാരണമായിട്ടുണ്ട്. ഈ തെറ്റ് മനസ്സിലാക്കിയ സർക്കാർ അനുബന്ധമായ ചില അടിയന്തിരപരിഹാര നടപടിക്രമങ്ങൾ സ്വീകരിച്ചുതുടങ്ങി.  

അഭയാർത്ഥി പ്രവാഹം- അടിസ്ഥാന കാരണങ്ങൾ.

ലോകം ഇന്ന് അഭിമുഖീകരിക്കുന്ന അഭയാർത്ഥി പ്രവാഹത്തിന് അടിസ്ഥാന കാരണമെന്താണെന്നുള്ള യഥാർത്ഥമായ വസ്തുതകളെ ലോകരാഷ്ട്രങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. ദശാബ്ധങ്ങളായിട്ടു ഇറാക്ക്, ഇറാൻ, കുവൈറ്റ്‌, സിറിയ, അഫ്ഗാനിസ്ഥാൻ, ലിബിയ, എത്യോപ്യ, സുഡാൻ, എരിത്രിയ എന്ന് തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നിലനിന്നിരുന്ന സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികളും തുടർച്ചയായ ഭീകരാക്രമണങ്ങളും കൊണ്ട് അവിടെ സമാധാനജീവിതം അസാദ്ധ്യമായിരുന്നു. ജനങ്ങൾ ജീവരക്ഷക്കായി സ്വന്തം നാടിനെ ഉപേക്ഷിച്ചു മറ്റുരാജ്യങ്ങളിലേയ്ക്ക്  അഭയംതേടിക്കൊണ്ടിരുന്നു. എന്നാൽ 2013 മുതൽ ഇത്രയേറെ മനുഷ്യർ മാതൃ രാജ്യം വിട്ട് കൂട്ടത്തോടെ പാലായനം ചെയ്തത്, രണ്ടാംലോകമഹായുദ്ധകാലശേഷം ഉണ്ടായിട്ടില്ല. ലോകം ഒട്ടാകെ ഏതാണ്ട് 60 ലക്ഷത്തോളം ജനങ്ങൾ ഇക്കാലത്ത് സ്വന്തം ജീവരക്ഷാർത്ഥം അവരവരുടെ സ്വന്തം നാടുകളെയും ആളുകളെയും ഉപേക്ഷിച്ച് അന്യരാജ്യങ്ങളിലേയ്ക്ക് അഭയം തേടുന്നുവെന്ന് അനൗദ്യോഗിക കണക്ക് മാദ്ധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്യുന്നു.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഉണ്ടായിരിക്കുന്ന ഭീകരപ്രതിസന്ധി എങ്ങനെയുണ്ടായി?  ഈ രാജ്യങ്ങളിൽ അമേരിക്കൻ ഇടപെടലുകൾ മൂലം ഒരു   പരിധിവരെ തക്ക  രാഷ്ട്രീയപ്രതിസന്ധിയുടെ പരിഹാര ഇടപെടലുകൾക്കു സാദ്ധ്യമാല്ലാതാക്കി എന്ന് പറയുന്നവർ ഉണ്ട്. നിലവിൽ കുറെ നാളുകളായി സിറിയയുടെ ഭരണാധികാരി ബാഷാർ അൽ ആസാദും റഷ്യയും ചേർന്ന് തന്റെ എതിരാളികൾക്ക് നേരെയുള്ള ബോംബാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളും മറ്റും സിറിയയിലും ഇറാക്കിലും തുർക്കിയുടെ കുർദ്ദിസ്ഥാൻ പ്രവിശ്യയിലും ദൈനംദിനം നടക്കുന്ന മനുഷ്യക്കുരുതികളും സൊമാലിയ, എരിത്രെയ, അഫ്ഗാനിസ്ഥാൻ എന്നിങ്ങനെ മറ്റു രാജ്യങ്ങളിൽ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളുടെ ഭീകരതയുമെല്ലാം  ലോകചരിത്രം ദർശിക്കാത്ത കൊടുംഭീകരതയായി മാറിയിരിക്കുന്നു. ഇങ്ങനെ മനുഷ്യജീവിതം ഒരിക്കലും സാദ്ധ്യമല്ലാതെയായ മഹാദുരന്തത്തിൽ നിന്നും മനുഷ്യസമൂഹം എവിടെയോ പോയി രക്ഷപെടാനുള്ള പാലായനമാണ് നാം കാണുന്നത്. സിറിയയുടെ തെക്ക് പടിഞ്ഞാറ് ഭാഗം "അലെപ്പൊ"യിൽ റഷ്യ നടത്തുന്ന  ഭീകരയുദ്ധവും ബോംബു വർഷവും മൂലം ഇനിയും  ഏറെക്കുറഞ്ഞത്‌ ഒരുമില്യനിൽ കൂടുതൽ ആളുകൾ യൂറോപ്പിനെ ലക്ഷ്യമാക്കി തുർക്കി, ഗ്രീസ്, മാസിഡോണിയ തുടങ്ങിയ പാലായനവഴികളിലൂടെ (ബാൾക്കൻ റൂട്ട്) കടന്നു വരുമെന്നുറപ്പാണ്.

'അയിലാൻ കുർദ്ദി'
അനേകം അഭയാർത്ഥികൾ ജീവരക്ഷാർത്ഥമുള്ള സാഹസിക പാലായനത്തിനിടയിൽ മദ്ധ്യധരണി കടലിൽ അപകടപ്പെട്ടു മരണത്തിനു കീഴടങ്ങി.  അവരുടെ എണ്ണം എത്രയെന്ന് പോലും ഒരിക്കലും അറിയുകയില്ല. സിറിയൻ സ്വദേശിയായിരുന്ന മൂന്നു വയസ്സുള്ള 'അയിലാൻ കുർദ്ദി' എന്ന ഒരു പിഞ്ചുകുഞ്ഞു അന്നത്തെ പാലായനത്തിടയിൽ മദ്ധ്യധരണിയാഴിയിൽ വീണ് മുങ്ങി മരണപ്പെട്ടു. മദ്ധ്യധരണികടൽപ്പുറത്തു ആ ചെറുശവശരീരം വന്നടുത്തതിനാൽ മാത്രം ഇക്കാര്യം ലോകം അറിയുന്നു (ചിത്രം മുകളിൽ) ! ഇങ്ങനെ എത്രയോ മരണങ്ങൾ, സ്വയം സ്വന്തം  ജീവൻ രക്ഷിക്കുവാനുള്ള പാലായനശ്രമത്തിനിടയിൽ അത് സംഭവിച്ചു. അതിനാൽത്തന്നെ ജീവൻ രക്ഷിക്കുവാനുള്ള അടിയന്തിരമായ ക്രിയാത്മക നടപടികൾക്ക് വേണ്ടി പെട്ടെന്ന് കൈക്കൊണ്ടിട്ടുള്ള രക്ഷാകരപ്രവർത്തന തീരുമാനങ്ങളിലും അന്ന് പിശക് സംഭവിച്ചുവെന്നാണ് പൊതുവെ ഉണ്ടായിട്ടുള്ള ജനവിശ്വാസം.

2015 രാഷ്ട്രീയമായും സാമൂഹികമായും എന്ത് ചെയ്യണമെന്നറിയാതെ ഭിന്നിപ്പും യോജിപ്പില്ലായ്മയും മൂലം ജർമ്മൻ ജനതയും ഭരണകൂടവും അസ്വസ്ഥമായി എന്നത് പച്ച യാഥാർത്ഥ്യം തന്നെയാണ്. അസ്വസ്ഥത ഇങ്ങനെയാണ്: അഭയാർത്ഥികൾ ജർമ്മൻസമൂഹികവ്യവസ്ഥയ്ക്ക് വലിയ പരിവർത്തനം സൃഷ്ടിക്കും. ജർമനിക്ക്‌ മാത്രമല്ല, മാറ്റം പൊതുവെ യൂറോപ്പ് ഭൂഖണ്ഡത്തെയും അത് ബാധിക്കുമെന്ന് തീർച്ചയാണ്. എങ്കിലും രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ ലോകത്തുണ്ടായ സാമൂഹിക രാഷ്ട്രീയ പരിവർത്തനങ്ങൾക്കും, ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലെ ഈ വലിയ അഭയാർത്ഥി പ്രവാഹവിപ്ലവ മാറ്റത്തിനും തമ്മിൽ ചരിത്രപരമായ വലിയ സമാനതയില്ല.

 അഭയാർത്ഥി പ്രവാഹം എങ്ങനെ നിയന്ത്രിക്കാം.
അങ്കെല മെർക്കൽ - ഒരു തുണ
അഭയാർത്ഥിപ്രവാഹനിയന്ത്രണകാര്യത്തിലും, അവരുടെ സ്ഥിരമായ ഇന്റഗ്രേഷൻ സംബന്ധിച്ച കാര്യത്തിലും തുർക്കിരാജ്യത്തിന്റെ  രാഷ്ട്രീയ സഹകരണം ഏറെ അനിവാര്യമാണ്. എന്തായാലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ മുഴുവനും അവരവരുടെ നിലയിലും പൊതുവായും ചില പ്ലാനുകളും ഭരണനിയമപര നടപടിക്രമങ്ങളും, ഇതിനകം ഭാവിയിൽവേണ്ടതും  സ്വാഗതാർഹമായതുമായ നിലയിൽത്തന്നെ  ക്രോഡീകരിച്ചിട്ടുണ്ട്. അതുപോലെ തന്നെ ജർമ്മനിയിലെ വിവിധ അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന, ഉദാ: ബവേറിയ സംസ്ഥാനം, അതുപോലെ മറ്റുള്ള സംസ്ഥാനങ്ങളും ജർമ്മൻ ചാൻസലറും സംയുക്തമായി നടത്തിയ വളരെയേറെ തീരുമാനങ്ങൾ വഴി അഭയാർത്ഥികളുടെ കുഴഞ്ഞ ഇന്റഗ്രേഷൻ നടപടികൾക്ക് കൂടുതൽ എളുപ്പമാക്കുമോ, ഇല്ലയോ എന്നിങ്ങനെയുള്ള നിരവധി ചർച്ചകൾ സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. അതുപക്ഷെ, നിലവിൽ പോലും വ്യത്യസ്തരായ  ജർമ്മൻ ഭരണപക്ഷ കക്ഷികളിലെ രാഷ്ട്രീയപാർട്ടികളുടെ വെറും നയപരമായ ബലപരീക്ഷണതന്ത്രം മാത്രമാണ്.

ജനങ്ങളിൽ സമ്മിശ്ര വീണ്ടുവിചാരം ഉണ്ടാക്കുവാൻ ഉതകുന്ന, ഒരു പക്ഷെ വ്യാപകമായ സ്വതന്ത്ര സ്വദേശീയചിന്താഗതിയുടെ അരൂപിയുടെ ഒളിഞ്ഞും തെളിഞ്ഞും പ്രതിഫലിപ്പിക്കാനിടയാക്കുന്ന ആന്തരിക വീണ്ടു വിചാരത്തി നു ശക്തിയേറിയ രാഷ്ട്രീയസ്വാധീനം ഉണ്ടാകാൻ ഏറെയും സാദ്ധ്യതയുണ്ട്. ഓരോരോ പരിവർത്തന പ്രക്രിയകൾക്കും വ്യക്തമായ ചില സ്വാഭാവിക യാഥാർത്ഥ്യങ്ങൾ ഹേതുവായിട്ടുണ്ട്. അതിനാൽ എല്ലാ അഭയാർത്ഥികളുടെ കാര്യത്തിലും ജർമ്മൻ രാഷ്ട്രീയത്തിനു ഒരു വ്യക്തമായ ഏകീകൃത പ്ലാൻ ഉണ്ടാകേണ്ടത് അനിവാര്യമാണ്. ജർമ്മനി ഒരു ആധുനിക കുടിയേറ്റരാജ്യം എന്ന അവസ്ഥയിലേയ്ക്ക് മാറ്റപ്പെടുമോ? നിലവിൽ ജർമ്മനിയും യൂറോപ്പും ഒക്കെ പുതിയതായി എന്തായിരിക്കും പ്രതീക്ഷിക്കുന്നത്? അതേസമയം പെട്ടെന്നിതാ രാഷ്ട്രീയമായി മെർക്കൽ ഭരണകൂടം തീർത്തും കർമ്മരഹിത സ്തംഭനാവസ്ഥയെത്തന്നെ പ്രാപിചിരിക്കുന്നു, ഭരണം നേരെനിർത്തുവാൻ പോലും ഒട്ടും തന്നെ കഴിയുന്നില്ല, എന്ന് തുടങ്ങിയ ആരോപണങ്ങളും മറ്റും ഉയർന്നു വരുന്നു. അവിശ്വാസത്തിന്റെ കരിനിഴൽ !

ഇതിനിടെ അഭയാർത്ഥി പ്രവാഹങ്ങളെ ശക്തമായി എതിർത്തു "പെഗിഡ" എന്ന സംഘടനയുടെ അനുഭാവികൾ ചില ജർമ്മൻ നഗരങ്ങളിൽ അക്രമങ്ങൾ നടത്തുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ ഇസ്ലാമീകരണ പ്രചാരണത്തിനെതിരെ സ്വദേശാഭിമാനികളായ വലതുതീവ്ര പോപ്പുലിസ്റ്റ് യൂറോപ്യൻമാരുടെ  സംഘടനയാണ്, പെഗിഡ. നാസികളുടെ തത്വശാസ്ത്രം ഇവരിലേറെ സ്വാധീനിക്കുന്നുവെന്ന് സംശയിക്കാം. അഭയാർത്ഥികളുടെ വരവോടുകൂടി യൂറോപ്പ് ഭൂഘണ്ഡം മുഴുവൻ ഇസ്ലാമീകരിക്കപ്പെടുമെന്ന ഭയം അവരിൽ ശക്തമാണ്.

"പെഗിഡ" യും, "എ. എഫ്. ഡി". യും


"പെഗിഡ"പ്രതിഷേധം 
2014 ഒക്ടോബർ 20 നു ജർമ്മനിയിലെ ഡ്രെസ്ഡൻ നഗരത്തിൽ ജർമ്മനിയുടെ അഭയാർത്ഥി രാഷ്ട്രീയത്തിനും മുസ്ലീമുകളുടെ കൂട്ടംകൂട്ടമായ കുടിയേറ്റത്തിനും അവരുടെ ഇസ്ലാമീകരണ പ്രചാരണത്തിനുമെതിരെ ആയിരങ്ങൾ  വലിയ പ്രതിഷേധപ്രകടനം നടത്തി. അതിനുശേഷം 2014 ഡിസംബർ 19-നു അവരുടെ നേതാവു ലുട്സ് ബാഹ് മാൻ എന്നയാളിനറെ നേതൃത്വത്തിൽ "പെഗിഡ" സംഘടന രൂപീകരിക്കുകയും ചെയ്തു. നിലവിൽ ജർമ്മനിയിലെ അഭയാർത്ഥി വാസകേന്ദ്രങ്ങൾക്ക് നേരെ  നടന്നിരുന്ന അക്രമങ്ങൾക്ക് പിന്നിൽ "പെഗിഡ"(PEGIDA) പ്രവർത്തകരാണെന്ന് പൊതു ആരോപണം ഉണ്ട്.

മറ്റുചില രാജ്യങ്ങളിൽ ഉണ്ടാകുന്നതുപോലെതന്നെ  പ്രധാനപ്പെട്ട അടിയന്തിര വിഷയങ്ങളിൽ ജർമ്മനിയിലെ ചില രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയ അന്തരീക്ഷം വിഷമയമാക്കുന്നുണ്ട്. ജർമ്മൻ സ്വതന്ത്ര വോട്ടർമാർ എന്നാ പേരിൽ മറ്റുചില പാർട്ടികളിൽ നിന്നും പ്രത്യേക ലക്ഷ്യങ്ങൾ ഒന്നുമില്ലാതെ പുറത്തുപോയവർ ചേർന്നുണ്ടാക്കിയ പാർട്ടിയാണ് പുതിയ Afd (Alternative for Deutschland). വിദ്യാസമ്പന്നരും, ഉദ്യോഗസ്ഥരും സ്വതന്ത്രതൊഴിൽ ഉടമകളും വിദ്യാർത്ഥികളും ഒക്കെ ഇതിലെ താല്ക്കാലിക അംഗങ്ങൾ ആണ്. ആദ്യകാല നേതൃത്വങ്ങളിൽ പലരും ഈ പാർട്ടി പണ്ടേ വിട്ടു. ഇവർ സർക്കാരിന്റെ അഭയാർത്ഥി ഇന്റഗ്രേഷൻ പദ്ധതിയോട് ഒരുവിധവും യോജിക്കുന്നില്ല. ഇവര് ജർമ്മനിയുടെ സാമ്പത്തിക തകർച്ചയെക്കുറിച്ച്‌ പരാതി പറയുന്നില്ല, മറിച്ചു, ദേശീയ ഐഡൻന്റിറ്റിയുടെ നഷ്ടബോധമാണ്. 

രാഷ്ട്രീയമായി നടത്തുന്ന സഹകരണത്തിനും പുറമേ മറ്റു നിരവധി സഹായ ഹസ്തങ്ങൾ അഭയാർത്ഥി പുനധിവാസത്തിനു സഹകരിക്കുന്നത് ജർമ്മൻ ജനതയുടെ തുറന്ന സ്വാഗതമന:സ്ഥിതിയെയാണ് ചൂണ്ടിക്കാണിക്കുന്നത്. എങ്കിലും ചാൻസിലർ അങ്കെല മെർക്കൽ ഭരണ കക്ഷികളിൽപ്പെട്ട CSU തുടങ്ങി ഘടകകക്ഷികളുടെ കടുത്ത  എതിർപ്പിനെ നേരിടാതെ വയ്യ. അതുപോലെ Afd എന്നറിയപ്പെടുന്ന മറ്റു ചെറിയ രാഷ്ട്രീയ കക്ഷികളുടെയും എതിർപ്പുകൾക്ക് മതിയായ മറുപടിയും ലഭിക്കുവാനുണ്ട്.


ഓരോരോ രാജ്യങ്ങളിൽ ഉണ്ടായിട്ടുള്ള രാഷ്ട്രീയ  സാമൂഹിക- സാംസ്കാരിക  പരിവർത്തനങ്ങൾക്ക് ചില യാത്ഥാർത്ഥ്യങ്ങൾ ഹേതുവായിട്ടുണ്ട് എന്ന് മുമ്പ് പറഞ്ഞുകഴിഞ്ഞല്ലോ. ജർമ്മനിയിലേയ്ക്ക് അഭയാർത്ഥികളുടെ കൂട്ടമായ പ്രവാഹത്തെ ഏറെ സ്വാഗതം ചെയ്യുന്ന നടപടി മനുഷ്യനിൽ കാണപ്പെടുന്ന ഒരു വലിയ സഹായസന്നദ്ധതയുടെതന്നെയുള്ള ഒരു അടയാളം മാത്രമല്ല, അതിനപ്പുറം ഒരു സമൂഹത്തിന്റെ പരിവർത്തനത്തിലേയ്ക്ക് വേണ്ടി ഉണ്ടാകുന്ന തുറന്ന മനസ്സ്, ദുരന്തങ്ങളുടെ മുൻപിൽ നിന്നും കഷ്ടിച്ച് ഒരുവിധം രക്ഷപെട്ടു വരുന്ന മനുഷ്യരുടെ കണ്ണീർ തുടയ്ക്കുവാനുള്ള തുറന്ന മനസ്സ്, ഇതാണ് ഇതിനു പിന്നിൽ പ്രേരകമാകുന്ന വലിയ ശക്തി.

ഇങ്ങനെയൊക്കെ ആണെന്നിരിക്കെപോലും അഭയാർത്ഥികളെ ചുറ്റിപ്പറ്റി ജർമ്മനിയിൽ ഈയിടെ ഉണ്ടായിട്ടുള്ള  നിരവധി ആയിരം കുറ്റകൃത്യങ്ങളെ പ്പറ്റിയും നിലവിൽ  ജർമ്മൻ രാഷ്ട്രീയ സാമൂഹ്യ വേദിയിൽ ചൂടേറിയ ചർച്ചാവിഷയമാണ്. അതുപക്ഷെ കുറ്റകൃത്യങ്ങളുടെ ഏറ്റവും ചുരുക്കം മാത്രമായിട്ടുള്ള ബാഹ്യസൂചനകൾ മാത്രമാണ് അധികാരികൾ നല്കുന്നത്. ജനങ്ങളിൽ ഏറെ അസ്വസ്ഥതകൾ ഉണ്ടാകാതിക്കാനുള്ള മുൻകരുതൽ ആണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അഭയാർത്ഥി കേന്ദ്രങ്ങൾക്ക് നേരെയും അവിടത്തെ അന്തേവാസികൾക്ക് നേരെയും ഏകദേശം നാലായിരത്തോളം  കുറ്റകൃത്യങ്ങൾ നടന്നു. അതിൽ 850 ഓളം കുറ്റകൃത്യങ്ങൾ ജർമ്മനിയിൽ അഭയാർത്ഥികൾക്ക് നേരേയുണ്ടായി. ഇത്തരം സാമൂഹ്യ കുറ്റകൃത്യങ്ങൾ, പൊതുവെ പറഞ്ഞാൽ ജർമ്മനിയിൽ ഉണ്ടായത് കഴിഞ്ഞ കാലങ്ങളിലേതി നേക്കാളേറെ കൂടുതലാണ്, യൂറോപ്പിനെ മൊത്തം നോക്കിയാലും ഇപ്പോൾ ജർമ്മനിയിലെ പുതിയ കുറ്റകൃത്യങ്ങൾ ഏറെക്കൂടുതൽ തന്നെയാണ്. ഭീകരവാദികൾ അഭയാർത്ഥികൾക്കൊപ്പം കടന്നു കൂടിയതായി യൂറോപ്യൻ രാജ്യങ്ങൾക്ക് തെളിവു ലഭിച്ചിട്ടുണ്ട്. ഫ്രാൻസിലും ജർമ്മനിയിലും ഒക്കെ ആക്രമണങ്ങൾ ഇവരാണ് നടത്തിയതെന്ന് തെളിഞ്ഞു.

ഇന്റഗ്രേഷൻ- പൊള്ളുന്ന യാഥാർത്ഥ്യം.


 -ഇനി എങ്ങോട്ട് ?
2016-ൽ ജർമ്മനിയിലേയ്ക്ക് മാത്രം  എത്രയേറെ  അഭയാർത്ഥികൾ ഭാവിയിൽ വന്നെത്തുമെന്നതു തീർത്തും അനിശ്ചിതമാണ്.   ജർമ്മനിയിൽ വന്നു ചേർന്നിട്ടുള്ള അഭയാർത്ഥികൾ എല്ലാവരെയും ഒരുപൊതുസർക്കാർതീരുമാനം ഉണ്ടാവുന്നതു വരെ, അവരെ താൽക്കാലികമായിട്ട് എങ്കിലും  ഉടൻ പുനരധിവസിപ്പിക്കുക.  വിദ്യലയങ്ങളിലും രാജ്യത്തെ എല്ലാ തൊഴിൽ സ്ഥലങ്ങളിലും വിവിധതരത്തിലുള്ള എല്ലാ സാമൂഹ്യസാംസ്കാരികമണ്ഡലങ്ങളിലും അവർക്ക് ആവശ്യമായ തരത്തിൽ ജർമ്മൻ സമൂഹത്തിന്റെതന്നെ ഒരു ഭാഗമായി അവക്ക് ആ സമൂഹത്തിൽ പൂർണ്ണസംയോജനം സാധിക്കുക. ഇവ ഭാരിച്ച ഉത്തരവാദിത്വം തന്നെയാണ്. എന്തായാലും ഈ വർഷം കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഏറെയേറെ  വിഷമകരമായിരിക്കും വരുംവർഷങ്ങൾ. പ്രത്യേകിച്ച് അഭയാർത്ഥികളുടെ ഇന്റഗ്രേഷൻ സംബന്ധിച്ച ഒരൊറ്റ കാര്യത്തിൽ എന്നതു പച്ചയാഥാർത്ഥ്യമാണ്. ഒന്നോ രണ്ടോ പത്തോ പേരുടെ ഇന്റഗ്രേഷൻ പ്രശ്നമല്ലല്ലോ.

കഴിഞ്ഞ വർഷം 2015-ൽ അവസാനത്തോടെതന്നെ 1,1  മില്യനിലേറെപ്പേർ ജർമ്മനിയിലേയ്ക്ക് കടന്നെത്തി. ജർമ്മനി അവർക്കെല്ലാം പുതിയ സ്വന്തം ഭവനമായിത്തീരണം. എന്നാൽ അതേസമയം പുതിയ അഭയാർത്ഥികൾ ഈ രാജ്യത്തിന്റെ, സമൂഹത്തിലെ അവിഭാജ്യഘടകമാകുമ്പോൾ രാജ്യത്തിന്‌ ഇവർ പ്രയോജനപ്പെട്ടവർ ആകണം. ജോലി, വിദ്യാഭ്യാസം, സമൂഹം എന്നീ മേഖലയിൽ രാജ്യത്തിനും പ്രയോജനപ്പെടണം. അതിനായി അവരെ വേണ്ട വിധം പാകപ്പെടുത്തുവാൻ ആവശ്യമായ സഹായങ്ങളവർക്ക്  വേണ്ടിവരും. അഭയാർത്ഥികൾ ഭവനരഹിതരായി അലയരുത്. ഭക്ഷണം, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, എന്നുവേണ്ട ജർമ്മനിയിലെ അവരുടെ ശോഭനഭാവിക്ക് വേണ്ടിയും, അതോടൊപ്പം തന്നെ ജർമ്മനിയുടെയും.   

അഭയാർത്ഥികൾ ഇന്റഗ്രേഷൻ ചട്ടങ്ങളുമായി സഹകരിക്കണം.

1. ഭാഷ - സംസ്കാരം-സാമൂഹ്യ അവകാശ ചട്ടങ്ങൾ

രാഷ്ട്രീയമായി പൂർത്തീകരിക്കപ്പെടെണ്ടതായ നിരവധി നിയമ വ്യവസ്ഥകളും അതനുസരിച്ച് തീരുമാനിക്കപ്പെടെണ്ടതുമായ കാര്യങ്ങൾ അഭയാർത്ഥി പ്രശ്ന കാര്യങ്ങളിൽ ഉണ്ടാകേണ്ടതുണ്ട്. ഒന്നാമത്തെ കാര്യം- ഭാഷ. പുതിയ ഒരു സമൂഹത്തിലേയ്ക്ക് അതിലെ ഒരംഗമായി ആരെങ്കിലും കൂടിച്ചേരുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഭാഷയ്ക്ക് വലിയ പങ്കു വഹിക്കാനുണ്ട്. പ്രത്യേകിച്ച്‌ അഭയാർത്ഥികൾക്ക് ജർമ്മൻ ഭാഷയുടെ ഉപയോഗവും സവിശേഷതകളും അറിയാത്തവർക്ക്, ഇന്റഗ്രേഷൻ വ്യവസ്ഥകൾ അനുസരിച്ച് അനുകൂല ഫലം ഉണ്ടാകുകയില്ല. അതേസമയം സിറിയ, ഇറാക്ക്, തുടങ്ങിയ യുദ്ധത്തിന്റെ നേരിട്ടുള്ള അപകടഭീഷണി നേരിട്ടവർ,  എങ്കിൽ അവർക്ക്  ഭാഷയുടെ കടുത്ത നിബന്ധനകളിൽ കുറച്ചു ഇളവു നല്കുന്നുണ്ട്. എന്നാൽ അഫ്ഗാനിസ്ഥാൻ മൊറോക്കോ, ടുണീഷ്യ, അൾജീറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്   ആ ഇളവു ഇല്ലായെന്ന ധാരണ ജർമ്മനി സ്വീകരിക്കാൻ നിർബന്ധിതമായി .  

എന്തായാലും ഭാഷയുടെ കാര്യത്തിൽ ജർമ്മൻ സർക്കാരിന്റെ പ്രത്യേക നിബന്ധനയിൽ അഭയാർത്ഥികൾ ഏറെയും, ഏകദേശം  90000  പേർ -സഹകരിച്ചതായി മാദ്ധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നു. അന്ന് ഭാഷാ പഠനം സ്വയം പ്രേരിതമായി നടത്തിയിട്ടുള്ള അനേകം അഭയാർത്ഥികൾ അവരുടെ ഭാവി ഭദ്രമാക്കാൻ ഒരു പരിധിവരെ സഹായിച്ചുവെന്ന് വളരെ തെളിഞ്ഞു. യൂറോപ്പിന്റെ വ്യത്യസ്ത രാഷ്ട്രീയതലത്തിലും ഭരണതലത്തിലും പുതിയ അഭയാർത്ഥികളുടെ വ്യക്തമായ ഭാവിയെപ്പറ്റിയുള്ള സ്ഥിര  പദ്ധതികളേയും കുറിച്ചു ചർച്ചചെയ്തു രൂപരേഖകൾ ആദ്യമേ തന്നെ സർക്കാർ  ഉണ്ടാക്കണം. ഇപ്പോൾ അഭയാർത്ഥികൾക്ക് തല്ക്കാലം ലഭിക്കുന്ന സ്വകാര്യ സഹായങ്ങൾ സ്ഥിരമായി പ്രയോജനപ്പെടുകയില്ല.

2- ശിശുക്ഷേമ കേന്ദ്രങ്ങൾ, കിന്ടർഗാർട്ടനുകൾ, വിദ്യാലയങ്ങൾ -

അഭയാർത്ഥികളായി എത്തിച്ചേർന്ന മനുഷ്യരെല്ലാം, അവരെവിടെനിന്നോ ആകട്ടെ, ബഹുമിശ്രസംസ്കാരത്തിന്റെ ഭാഗങ്ങളാണ്. സിറിയ, ഇറാക്ക്, ലിബിയ, ടുണീഷ്യ, അഫ്ഗാനിസ്ഥാൻ,  മൊറോക്കോ, പാകിസ്താൻ,  അൽജേറിയ, തുടങ്ങിയ നിരവധി പ്രശ്ന രാജ്യങ്ങളിൽ നിന്നും പടിഞ്ഞാറൻ യൂറോപ്പിലേയ്ക്ക് അവർ കൂട്ടമായി പ്രവേശിച്ചു കഴിഞ്ഞു. അവരിലേറെപ്പേരും  ജർമ്മനിയെ ലക്ഷ്യമാക്കി വന്നവരാണ്. ഇവരിൽപ്പെട്ട  രണ്ടര ലക്ഷത്തിലേറെ കുട്ടികൾ ഉണ്ട്. അവരിൽ ഏതാണ്ട് ഒരു ലക്ഷത്തോളം ശിശുക്കളും ശേഷിക്കുന്നവർ  സ്കൂൾ പ്രായത്തിലുള്ളവരും ആണെന്ന് ജർമ്മൻ വാർത്താ മാദ്ധ്യമങ്ങൾ പറയുന്നു. ഇതിലേറെ അവരുടെ എണ്ണം ഉണ്ടെന്നാണ് വിദഗ്ധരുടെ ഔദ്യോഗിക അഭിപ്രായം. ഈ കുട്ടികൾ ആരും ജർമ്മനിയെയോ, ജർമ്മൻ ഭാഷയെയോ, യൂറോപ്യൻ ഭാഷാ ലിപി പരിചയമോ ഉള്ളവരുമല്ല. എന്നാൽ  അവരെല്ലാം മറ്റൊരു നാടിന്റെ തനത് ജീവിത ശൈലിയിലും സംസ്കാരത്തിലും ആചാരപാരമ്പര്യ വിശ്വാസത്തിലും സ്വന്തം ഭാഷയിലും മതവിശ്വാസത്തിലും ജീവിച്ചവരാണ്. അവരുടെ മുമ്പിൽ ഒരു മഹാ യുദ്ധത്തിന്റെ കടുത്ത ഭീകരത നേരിൽ അനുഭവിച്ചപ്പോൾ ജീവരക്ഷാർത്ഥം പാലായനം ചെയ്തു . ഇവരുടെ കണ്ണിൽ കൊലക്കളത്തിലെ ചോരയുടെ ഭീകരസ്വപ്നം മാത്രമാണ്,  അവരുടെ മനസ്സുനിറയെ ഭയത്തിന്റെ അലകൾ മാത്രണുള്ളത്. ഇവരെയെല്ലാം  എത്രയും വേഗം അവരവരുടെ സ്വാഭാവികതയിലേയ്ക്ക് എത്തിക്കുവാൻ വേണ്ടി വളരെയേറെ ചെയ്യുവാൻ ഉണ്ട്.

ഒരു ലക്ഷത്തോളം സ്കൂൾ കുട്ടികൾക്കായി ഏകദേശം പതിനയ്യായിരത്തോളം അധ്യാപകരെ നിയമിക്കേണ്ടതുണ്ട്, അതുപോലെതന്നെ  ഏകദേശം 70000- ളം കുട്ടികൾക്ക് ശിശു ക്ഷേമകേന്ദ്രങ്ങളും കിന്റർഗാർട്ടനുകളും ജർമ്മനിയിൽ പുതിയതായി ഉണ്ടാകേണ്ടതുണ്ടന്നു ജർമ്മൻ ഫാമിലി മന്ത്രികാര്യാലയം വെളിപ്പെടുത്തുന്നു. പൊടുന്നെനെ ഈ പ്രശ്നം പരിഹരിക്കുവാൻ, ജർമ്മനിയിൽ അത്രമാത്രം അദ്ധ്യാപകരെ നിയമിക്കുവാൻ യോഗ്യതയുള്ളവർ നിലവിൽ കുറവായതിനാൽ പെൻഷനിലെയ്ക്ക് മാറിയ മുൻ അദ്ധ്യാപകരോട് സവീസിൽ തിരിച്ചെത്തുവാനും സർക്കാർ നിർദ്ദേശം ഉണ്ടായിരിക്കുന്നു. ഇത് അദ്ധ്യാപകവൃത്തിയിലേയ്ക്ക് പ്രവേശിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരു അവസരം കൂടിയാണ്. ഇതുവരെ സംസ്ഥാനതലത്തിൽ ഇന്റഗ്രേഷൻ നടപടികൾ ഒരുപോലെയല്ല നടത്തിയത്. മിക്ക സംസ്ഥാനങ്ങളും കുട്ടികളെ സ്കൂൾ പഠനത്തിനു യോഗ്യമാക്കുവാൻ ഭാഷാ ക്ലാസുകൾ തുടങ്ങിയിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ അതേസമയം ആദ്യമേ തന്നെ റെഗുലർ ക്ലാസുകളിൽ തന്നെ അദ്ധ്യയനം നല്കി. എന്നാൽ ഇതുവരെയും ഇല്ലാത്ത ജർമ്മനിയൊട്ടാകെയുള്ള അഭയാർത്ഥികുട്ടികളുടെ കാര്യത്തിൽ ഒരു ഏകീകൃത സ്കൂൾപ്രവേശന നിയമം ഉണ്ടാകേണ്ടതുണ്ട്. സ്കൂൾ പ്രവേശനത്തിന് നിലവിൽ അഭയാർത്ഥി കുട്ടികൾക്ക് ഉണ്ടായിരിക്കുന്ന പലതടസ്സങ്ങളും ഒഴിവാകാൻ സഹായിക്കും. 

3- അഭയാർത്ഥികളും  വാസസ്ഥലവും

അഭയാർത്ഥി ക്യാമ്പ് -ജർമ്മനി
ജർമ്മൻ ചാൻസിലർ Mrs. അങ്കെലാ മെർക്കലിന്റെ സർക്കാരിനു ഒട്ടുംതന്നെ പ്രതീക്ഷിക്കാത്ത പുതിയ അഭയാർത്ഥികളുടെ ഒരു ശക്തമായ പ്രവാഹത്തിന് മുമ്പിൽ നിലനിൽപ്പ് പോലും പരുങ്ങലിലാകു മെന്നു മാദ്ധ്യമങ്ങൾ നിരീക്ഷിച്ചു. എങ്കിലും യൂറോപ്യൻ രാഷ്ട്രതലങ്ങ ളിലും, ജർമ്മൻ രാഷ്ട്രീയ പാർട്ടികൾ തമ്മിലും, സംസ്ഥാനസർക്കാർ തലത്തിലും നടക്കുന്ന മാരത്തൺ ചർച്ചകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെ കാര്യത്തിൽ എടുക്കേണ്ട  കർശനമായ പുതിയ നിലപാട് വ്യക്തമാക്കും. കുറ്റവാളികളോ കുറ്റകൃത്യം ചെയ്തവരോ ആയ അഭയാർത്ഥികളെ എത്രയും വേഗം അവരവരുടെ സ്വന്തം ജന്മനാടുകളിലെയ്ക്ക് തിരിച്ചയക്കണം എന്ന നിർദ്ദേശം എല്ലാ രാഷ്ട്രീയ പാർട്ടികളും മുന്നോട്ടു വച്ചിരിക്കുന്നു. ടുണീഷ്യ, അഫ്ഗാനിസ്ഥാൻ, മൊറോക്കോ, അല്ജേറിയ, എരിത്രിയ    തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നിന്നും വിവിധ സാഹചര്യത്തിൽ വരുന്നവരുടെ പ്രവാഹം തടയുകയോ കർശനമായി അവരുടെ എണ്ണം കുറയ്ക്കുകയോ ചെയ്യുന്ന നിയമപരമായ നടപടിക്രമങ്ങൾ ആയിരിക്കും ഉണ്ടാവുക. ഏതായാലും അഭയാർത്ഥികളെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഏതാണ്ടൊരുപോലെ വിതരണം ചെയ്തു ഇന്റഗ്രേഷൻ എളുപ്പമാക്കാൻ ചർച്ചകൾ പുരോഗമിക്കുന്നു. അഭയാർത്ഥിപ്രവാഹം നിയമപരമായി ഫലപ്രദവും ശക്തവും പൂർണ്ണമായും   നിയന്ത്രിക്കുവാൻ യൂറോപ്യൻ രാജ്യങ്ങളും അതിർത്തികൾ ഉറപ്പിക്കുകയെന്ന നിലപാടും ഉണ്ടാകാനിടയുണ്ട്. ഗ്രേറ്റ് ബ്രിട്ടൻ, ഓസ്ട്രിയ എന്നീ രാജ്യങ്ങൾ മറ്റുചില യൂറോ രാജ്യങ്ങൾക്ക് ഒപ്പം അഭയാർത്ഥി നിയന്ത്രണത്തിൽ കർശന  നിലപാട് സ്വീകരിച്ചുകഴിഞ്ഞു. ചിലരാജ്യങ്ങൾ അതിർത്തികളിൽ വേലികൾ സ്ഥാപിച്ചു.

ജർമ്മനിക്ക് മില്യൺ കണക്കിന് അഭയാർത്ഥികളെ ഉൾക്കൊള്ളാനോ  അവരുടെ ഇന്റെഗ്രേഷൻ അതിവേഗം  പൂർണ്ണമാക്കുന്നതിനോ സാമ്പത്തികമായ വലിയ ബാദ്ധ്യതയെ നേരിടേണ്ടി വരുമെന്നുള്ളതും യാഥാർത്ഥ വസ്തുതയാണ്. . "നമുക്ക് അഭയാർത്ഥികളുടെ  ഇന്റഗ്രേഷൻ സാധിക്കാം" എന്ന് ജർമ്മൻ ചാൻസലർ അങ്കെല മെർക്കൽ ആവർത്തിച്ചു പറഞ്ഞെങ്കിലും, സാമ്പത്തിക വിഷയം അനിശ്ചിതമായി എത്ര കാലത്തേയ്ക്ക് താങ്ങുവാൻ കഴിയുമെന്നതും ഉത്തരം ലഭിക്കാത്ത ചോദ്യം തന്നെ. സാമൂഹ്യ സാംസ്കാരിക വകുപ്പിന്റെ അധീനതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന വീടുകൾപോലും ഇവരുടെ മുഴുവൻ ആവശ്യങ്ങളും പരിഹരിക്കപ്പെടുകയില്ല. അതിനാൽ വാടക കൊടുക്കുവാൻ കഴിയുന്ന അനുയോജ്യമായതുമായ പുതുതായി ഏകദേശം നാലുലക്ഷത്തോളം പുതിയ വാസഗ്രഹങ്ങൾ ഈ വർഷം ഉണ്ടാവേണ്ടതുണ്ടെന്നാണ്  ഔദ്യോഗിക കണക്ക്.

ഇപ്പോൾ അഭയാർത്ഥികളെ കൂട്ടമായി പാർപ്പിച്ചിരിക്കുന്ന നിരവധി അടിയന്തിര താമസസ്ഥലങ്ങളിൽ നിന്നും ഉടൻ അവരെ വേർതിരിച്ചു മാറ്റി പാർപ്പിക്കേണ്ടത് അടിയന്തിര വിഷയമാണ്. ജർമ്മൻ ഗ്രാമപ്രദേശങ്ങളിൽ ഏതാണ്ട് 1,7 മില്യൺ വാസഗ്രഹ ങ്ങൾ ഒഴിഞ്ഞുകിടപ്പുണ്ട്. അതുപക്ഷെ എല്ലാം തന്നെ തൊഴിൽ സാദ്ധ്യത തീരെ ഇല്ലാത്ത ഗ്രാമങ്ങളിൽ ആണ്. അതിനാൽ അഭയാർത്ഥികൾ എല്ലാവരും നോട്ടമിടുന്നത് നഗരപ്രദേശങ്ങൾ മാത്രമാണ്. അപ്പോൾ ഇവർക്ക് വാസകേന്ദ്രങ്ങൾ ഉണ്ടാകുവാൻ ഏറെകുറഞ്ഞത്‌ ഒന്ന് മുതൽ രണ്ടു മില്യാർഡൻ യൂറോ സഹായം ഉടനുണ്ടാകണം എന്ന് കമ്മ്യൂണൽ അധികാരികൾ അഭിപ്രായപ്പെടുന്നു.

4- വിദ്യാഭ്യാസം, തൊഴിൽ സാദ്ധ്യത.

അഭയാർത്ഥികൾക്ക് സ്കൂൾ പ്രവേശനവും ഉന്നത പഠനവും തൊഴിലധിഷ്ഠിത പഠനവും തൊഴിൽ സാദ്ധ്യതയും സാധിച്ചു കൊടുക്കുന്നത് പ്രാഥമികമായിട്ടുള്ള ഇന്റഗ്രേഷൻ നടപടിയുടെ ആദ്യപടിയാണ്. അഭയാർത്ഥികൾക്ക് മൂന്നു മാസം കാലാവധിക്ക് നല്കിയിരിക്കുന്ന തൊഴിൽ നിരോധനം കാലയളവു കഴിഞ്ഞാൽ എംപ്ലോയ്മെന്റ് ഏജൻസികൾ നല്കുന്ന അനുവാദത്തോടെ അവർക്ക് ജോലി തേടാൻ കഴിയും. സംസ്ഥാന സർക്കാരുകൾ ഇതിനു ഔദ്യോഗിക അനുവാദം നല്കി. ഇതുവഴി സ്വതന്ത്ര തൊഴിലുകൾക്ക് അവസരം നല്കാനും കഴിയും, നിരവധി ഇന്റഗ്രേഷൻ നടപടി ക്രമങ്ങൾ എളുപ്പത്തിൽ നടക്കുമെന്നും ജർമ്മനി വിശ്വസിക്കുന്നു. അതുപോലെതന്നെ അഭയാർത്ഥികൾക്ക് ഉന്നതപഠനത്തിനു ഏറ്റവും സഹായകമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 27 മില്യൺ യൂറോ ഈ വർഷം യൂണിവേഴ്സിറ്റികൾക്ക് നല്കുന്നതുമാണ് എന്ന് പ്രഖ്യാപനം ഉണ്ട്.

പാലായനം...
അതേസമയം ജർമ്മനിയൊട്ടാകെ യുള്ള ഭൂരിപക്ഷം ഒറിജിനൽ ജർമ്മൻകാരുടെ മനോഭാവം ഒരു വിശാല ജനസമൂഹത്തിന്റെ തുറന്ന രാഷ്ട്രീയ കാഴ്ച്ചപ്പാടാണ് കാണിക്കുന്നത്. വൈവിധ്യം ഉൾക്കൊള്ളുന്ന ഒരു  സാംസ്കാരിക സമൂഹം തന്നെയാണ്, ജാതിയും ഉറവിടവും തൊലിനിറവും യൂറോപ്യൻയൂണിയൻ സമൂഹത്തിൽ വളരെയേറ  കൂടുതൽ അസഹിഷ്ണത ഉണ്ടാക്കാവുന്ന ഒരു മോണോ സംസ്കാരത്തെക്കാൾ, ഏറെ നല്ലതുതന്നെയെന്ന് ജർമ്മൻ ജനത വിശ്വസിക്കുന്നു. അതിനാൽത്തന്നെ ജർമ്മനി, എല്ലാ ജനവിഭാഗത്തിനും ഭാവി സംരക്ഷണം നൽകുന്നതരം,  രാഷ്ട്രീയത്തിലും, കുടിയേറ്റനിയമത്തിലും, പുതിയ തൊഴിൽ മേഖലകളിലും ഉണ്ടാകുവാൻ ഉതകുന്ന  ഒരു വിശാല കാഴ്ചപ്പാട് സ്വീകരിക്കേണ്ടതാണ്. സ്വദേശീയതയ്ക്ക് ഒന്നാം സ്ഥാനം നൽകാതെ യൂറോപ്പ് പൂർണ്ണമായും  നിരീക്ഷിക്കുവാനും കഴിയണം. മറുവശത്ത്‌ സ്വതന്ത്രമായി സഹായഹസ്തം നൽകുന്നവർ സർക്കാരിന്റെ നടപടികളെ വിമർശിക്കുന്നുവെന്ന ആരോപണം മാദ്ധ്യമങ്ങളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രാചാരണം വഴി നടക്കുന്നുണ്ട്. ഇത്തരം മാദ്ധ്യമസംസ്കാരം പുറത്തുനൽകുന്ന ഫലം മുതലാക്കുന്നത് ജർമ്മനിയിലും പൊതുവെ പറഞ്ഞാൽ യൂറോപ്പിലും വൈകാരിക അസ്വസ്ഥതകൾ ഉള്ള വലതു പോപ്പുലിസ്റ്റുകൾ ആണ്.

അങ്കെല മെർക്കലിന്റെ ഇതുവരെയുള്ള അഭയാർത്ഥി പൊളിറ്റിക്കിൽ അടിസ്ഥാനമായി മറ്റു എല്ലാ യൂറോപ്യൻ രാജ്യങ്ങളുടെയും ന്യായമായ നിർദ്ദേശങ്ങൾക്ക് അനുസരണമായി മാറ്റം ഉണ്ടായേ തീരു. അഭയാർത്ഥികളെ മുഴുവൻ യൂറോപ്പിലെ രാജ്യങ്ങളിൽ ഏതാണ്ട് തുല്യമായി നീതിയോടെ വിതരണം ചെയ്യുകയെന്ന നിർദ്ദേശമാകും പ്രായോഗികം. അതുപോലെ തന്നെ വളരെയധികം  പ്രാധാനപ്പെട്ട  വിഷയമാണ് അഭയാർത്ഥികൾക്കു നൽകേണ്ട സാമ്പത്തികസഹായം. ഇതിൽത്തന്നെ പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഒരേ തോതിൽ അംഗീകരിക്കുകയില്ല. എല്ലാ യൂറോപ്യൻ രാജ്യങ്ങളും തന്നെ, ഉദാ: ഇംഗ്ലണ്ട്, ഓസ്ട്രിയ, സ്വേഡൻ, പോളണ്ട്, ഹംഗറി എന്നിങ്ങനെ, അഭയാർത്ഥികളുടെ എണ്ണത്തിൽ കുത്തനെ നിയന്ത്രണം വരുത്തുവാൻ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇക്കാര്യത്തിൽ നിയന്ത്രണരേഖയുണ്ടാക്കുകയും ചെയ്യും. അതുപോലെ ജനങ്ങളെ അഭയാർത്ഥികളായി പണം വാങ്ങി മറ്റു രാജ്യങ്ങളിൽ എത്തിക്കുവാൻ ശ്രമിക്കുന്ന സംഘങ്ങളെ നിരീക്ഷിക്കുവാൻ യൂറോപ്യൻ യൂണിയൻ തീരുമാനം ഉണ്ട്.

ജർമ്മനിയും അഭയാർത്ഥികളും എന്ന മഹത് വിഷയത്തിൽ, ജർമ്മനിയുടെ വരുംഭാവിയിൽ ഒരുവിധം ഫലപ്രദമായി രാഷ്ട്രീയമായും സാമൂഹികമായും സാംസ്കാരികമായും മനുഷ്യാവകാശങ്ങളെ അതേപടി  അംഗീകരിക്കുന്ന ഒരു കുടിയേറ്റരാജ്യം, എന്നുള്ള വ്യക്തമായ അംഗീകാരത്തിൽ ഉണ്ടാകേണ്ട പുതിയ ദൃഡമായ തിരിച്ചറിവു ലോകജനാധിപത്യരാജ്യങ്ങൾക്കുണ്ടാകണം. പക്ഷെ യൂറോപ്യൻയൂണിയൻ മറ്റുരാജ്യങ്ങളിലെ അഭയാർത്ഥികളെ കണ്ണുമടച്ചു സ്വീകരിക്കുന്നകാര്യത്തിൽ ഭാവിയിൽ പ്രതീക്ഷിക്കാത്ത വളരെ വ്യത്യസ്തവും  കടുത്ത നിലപാടുകളും സ്വീകരിക്കുമെന്നുതന്നെ തീർച്ചയാണ്. ജർമ്മനിയുടെ ഭരണകക്ഷിപാർട്ടികളും പ്രതിപക്ഷവും ചാൻസലർ അങ്കെല മെർക്കലിന്റെ ഉറച്ച രാഷ്ട്രീയ താൽപ്പര്യത്തോട് വിരുദ്ധനിലപാടാണ് സ്വീകരിക്കുന്നത്. ഇവടെ ഇതിനാവശ്യമായത്, ഭാവികേന്ദ്രീകൃത കുടിയേറ്റകരാർനിയമ സംഹിതയാണ്. അത് ഏതെങ്കിലും കുറെ അഭയാർത്ഥിക്കു മാത്രമല്ല, എല്ലാ ലോകജനങ്ങൾക്കും, പൊതുവെ ശക്തമായ  യൂറോപ്യൻ യൂണിയൻ ഐഖ്യത്തിനും, ജനാധിപത്യ ജർമ്മനിയുടെ ഭരണഘടനയ്ക്കു ഏതുവിധവും ഉപകാരപ്രദവുംആകണം. മൗലീകവും മാനുഷികവുമായ അവകാശങ്ങൾ, ആവശ്യങ്ങൾ, കാലികമായി എക്കാലവും അടിയന്തിര മാറ്റങ്ങൾക്ക് വിധേയമാക്കാൻപോലും കഴിയുന്ന  തരത്തിൽ, പുതിയ  നിയമവ്യവസ്ഥകളുണ്ടാക്കണം. എന്തായാലും ശരി, പുതിയ കുടിയേറ്റക്കാർ, നിയമാനുസരണമായിത്തന്നെയാകട്ടെ, സ്ഥിരതയുള്ള ഇന്റഗ്രേഷന് എല്ലാവിധത്തിലും അർഹതയുള്ള അഭയാർത്ഥികളാണെങ്കിലും, കാലക്രമത്തിൽ എല്ലാ യൂറോപ്യൻയൂണിയൻ രാജ്യങ്ങളിലും, പ്രത്യേകിച്ച് ജർമ്മനിയിലും, അവരുടെ ജീവിതവഴിയിൽ ക്രമേണ പ്രതീക്ഷിക്കാത്തവിധം മത വിശ്വാസത്തിലും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പരിവർത്തനത്തിന് അവർ വഴി തുറക്കും. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജർമ്മൻ ജനത വീണ്ടും ലോകശ്രദ്ധ നേടിയിരിക്കുന്നു//-

------------------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
objectives or opinions of the articles in any form."

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.