Dhruwadeepti //: Social & Politics //
ഇന്ത്യൻ ജനാധിപത്യത്തിലുള്ള വിശ്വാസക്കുറവ്. //
ജോർജ് കുറ്റിക്കാട്ട് - സൈദ്ധാന്തികമായി, ഇപ്പോൾ ഒരു പ്രക്ഷോപത്തിനുള്ള നല്ല സമയമായിരിക്കും.
കുറച്ചു ആളുകൾ മാത്രം എങ്ങനെ സമ്പന്നരാകുന്നു? ഇന്ത്യയിൽ ഇന്നത്തെ ജന സംഖ്യയിൽ ഭൂരിഭാഗവും സമ്പന്നരല്ല. അവർക്കത് നഷ്ടപ്പെടുകയാണ്. എന്നാൽ രാഷ്ട്രീയം അശേഷം പ്രതിധ്വനിക്കുന്നില്ല.അവർ പ്രതികരിക്കുന്നതിങ്ങനെ:" അതെങ്ങനെയുമാകട്ടെ, അത് ഞങ്ങൾക്ക് പ്രശ്നമില്ല."എന്തുകൊണ്ടാണ് ഇന്ത്യൻ രാഷ്ട്രീയക്കാരുടെയും അവർ വളർത്തുന്ന ചില സമ്പന്നരുടെ അഴിമതിക്ക് എതിരെ പ്രതിഷേധമില്ലാത്തത് ? ഒരു സംയുക്ത പ്രതിഷേധപ്രവർത്തനത്തിന് ജനങ്ങളെ കൊണ്ടുപോകാമെന്ന ചിന്ത അനേകം ആളുകളിൽ മിക്കവാറും ഇന്ന് ഉണ്ടാകും. പക്ഷെ, കുറെ പ്രതിഷേധക്കൊടികൾ പിടിച്ചു ആണവോർജ്ജ ത്തെ എതിർത്തവരുടെ വിജയം നോക്കുമ്പോൾ അത്തരം പ്രതിഷേധങ്ങൾ പ്രയോജനകരമല്ലെന്ന് ജനങ്ങൾ അനുഭവങ്ങളിൽ നിന്ന് മനസ്സിലാക്കി. ഇന്ന് രാഷ്ട്രീയക്കാരും ഭരണനേതൃത്വത്തിൽ ഏർപ്പെട്ടിരിക്കുന്നവരും ജനങ്ങളുടെ വികാരം അറിയാൻ ആഗ്രഹിക്കാത്തവരാണ്. ഇംഗ്ലണ്ടിൽ ഒരു പഴഞ്ചൊല്ല് ഉണ്ട്: "പരിചരണം സ്വന്തം വീടുകളിൽ ആരംഭിക്കണം". രാഷ്ട്രീയക്കാരും, രാജ്യം ഭരിക്കുന്ന സർക്കാരും "തങ്ങളുടെ ദൗത്യം" എങ്ങനെ എവിടെ, ആർക്കുവേണ്ടി നിർവ്വഹിക്കണമെന്ന് ചിന്തിച്ചു അവരുടെ സ്വന്തം വേദിയിൽ ജനങ്ങളുടെയും ആവശ്യങ്ങൾ നിർവഹിക്കുവാൻ തുടങ്ങണം. കേരളത്തിലോ ജനാധിപത്യ ഇന്ത്യയിലോ പൊതുവെ ഇതുവരെ രാഷ്ട്രീയം അതിനു തയ്യാറായിട്ടില്ല. ഇന്ന് ജനാധിപത്യത്തിന്റെ പേര് പറഞ്ഞു ജനങ്ങളുടെ ജീവൻ പിച്ചിച്ചീന്തുന്നതായ പ്രവർത്തനങ്ങൾ നടത്തുന്നവർ മാത്രം രാഷ്ട്രീയ വേദിയിലുണ്ട്.
കേരളത്തിൽ സാമ്പത്തികമായി പിന്നോക്കം പോയ്‌ക്കൊണ്ടിരിക്കുന്ന എല്ലാ കർഷകജനങ്ങളും അവരുടെ ആനുകാലിക പ്രതിസന്ധികൾ തുറന്നുകാട്ടി ഒരു പ്രതിഷേധം പറഞ്ഞാലും മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും അത് മനസ്സിലാക്കാൻ തയ്യാറല്ല. പ്രതിഷേധങ്ങളെ അപ്പാടെയും നനച്ച് ഇല്ലാതാക്കാൻ സമ്പന്നന്മാരുടെ സംരക്ഷകരായി നിലകൊള്ളുന്ന സർക്കാർ നേതൃത്വങ്ങൾ ജലപീരങ്കി ഉപയോഗിച്ച് എല്ലാ പ്രതിഷേധങ്ങളെയും രാജ്യത്തെ ജനാധിപത്യ ശൈലികളെയും ഒഴുക്കിക്കളയുന്ന അനുഭവമാണ് ഇപ്പോൾ കാണാനുള്ളത്. ഫലമോ? കർഷകരുടെ ആവശ്യങ്ങളോ പ്രശ്നങ്ങളെയോ കൃഷിയെക്കുറിച്ചോ അറിയാൻ ശ്രമിച്ചിട്ടില്ലാത്ത ഒരാളാണിപ്പോൾ കേരള സംസ്ഥാന കൃഷിമന്ത്രി. കൃഷി എന്താണ് എന്ന് പഠിക്കാൻ വേണ്ടി അയാൾ അനുഭാവികളെയും കൂട്ടി ചേർന്ന് ഇസ്രായേൽ രാജ്യത്തേയ്ക്ക് ജനങ്ങൾ നൽകുന്നതായ നികുതിപ്പണം എടുത്ത് വിദേശയാത്രയ്ക്ക് പോകുന്നുവെന്ന് വാർത്തയുണ്ടല്ലോ. വിദ്യാഭ്യാസം എങ്ങനെയെന്ന് പഠിക്കുവാനായി മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും മറ്റുള്ള കുറെ അകമ്പടി സേവിക്കുന്നവരെയും കൂട്ടി ജനങ്ങൾ സർക്കാരിലേയ്ക്ക് നൽകിയിട്ടുള്ള നികുതിപ്പണം എടുത്തുകൊണ്ട് ഒരു ആഗോളയാത്ര നടത്തി. മുഖ്യമന്ത്രിയ്ക്ക് തലവേദനയ്ക്കുള്ള മരുന്നിന് അമേരിക്കയിൽ പോയി അത് വാങ്ങണം പോലും!
എന്തുകൊണ്ട് എന്ന ചോദ്യമുയരുന്നു.
എന്തുകൊണ്ടാണ് കേരളത്തിൽനിന്ന് യുവജനങ്ങൾ സ്വന്തം നാടുപേക്ഷിച്ചു അന്യനാടുകളിലേയ്ക്ക് കുടിയേറുന്നത്? അതിനെതിരെ കാരണം കാണാൻ ഈ രാഷ്ട്രീയക്കാർ ഒരുങ്ങിയിട്ടില്ല. കേരളത്തിൽ യുവജനങ്ങൾക്ക് ഒരു പഠന സാദ്ധ്യതകൾ നൽകാതെ പ്രവർത്തിക്കുന്നതായ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നേരെ ഒരു വാക്കു പറയാത്തവർ കേരളത്തെ ഒരു വന്യമൃഗസങ്കേതമാക്കിയും മാറ്റുകയാണ്. ഇക്കാര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവരായ മതനേതൃത്വങ്ങൾക്കും അതിൽ പങ്കുണ്ട്. ഇതൊരു യാഥാർത്ഥ്യമാണ്. നമ്മുടെ യുവജനങ്ങൾക്ക് അവരുടെ ഭാവി വിദ്യാഭ്യാസത്തിന് അവസരം നൽകുന്നതിന് അഴിമതിപ്പണം അവർക്ക് നൽകണം. അതല്ലെങ്കിൽ കോളജുകൾ അവരുടെ സ്വന്തപ്പെട്ടവർക്കായി മാറ്റി വച്ചിരിക്കുന്നു. കേരളത്തിലെ ഭാവിജീവിതമാർഗ്ഗം തകർക്കുന്ന ജനവിരുദ്ധത ഭയപ്പെട്ട് അനേകലക്ഷം യുവജനങ്ങൾ അവരുടെ സുരക്ഷിത ഭാവിജീവിതം തേടി രാഷ്ട്രീയ അഭയാർത്ഥികളെപ്പോലെ സ്വന്തം മാതൃരാജ്യം എന്നേയ്ക്കും ഉപേക്ഷിച്ചു അവർ അന്യനാടുകളിലേയ്ക്ക് വിട്ടു പോകുന്നു. ഉദാഹരണം പറയട്ടെ, ജർമ്മനിയിലേക്ക്, മറ്റു ചിലർ യൂറോപ്യൻ രാജ്യങ്ങളിലേക്ക്, കാനഡായിലേക്ക്, ഇങ്ങനെ അനേകം രാജ്യങ്ങളിലേക്കവർ കുടിയേറുന്നതിനു കാരണം, നാടിന്റെ ഭാവി തകർക്കുന്ന രാഷ്ട്രീയമാണെന്ന് വ്യക്തമായിക്കൊണ്ടിരിക്കുന്നു. ജനം കണ്ണീരിൽ താഴുന്നത് ഇവർക്ക് പ്രശ്നമല്ല. കുറെ വർഷങ്ങൾ വേണ്ടിവരുകയില്ല, കേരളം വന്യമൃഗങ്ങളുടേയും, അവയെ ഭയപ്പെട്ട് വിറയലോടെ അവരുടെ വീടുകളിൽ, മറുനാടുകളിൽ പഠനത്തിനും തൊഴിലിനും പോയ കുഞ്ഞുമക്കളെ വീണ്ടും അടുത്തു കാണാൻ കഴിയാതെ ജീവിക്കുന്ന കുറേ വയോജനങ്ങളുടെയും, അവരെ ചൂഷണം ചെയ്യുന്ന കുറെ ക്രിമിനലുകളുടെയും കേന്ദ്രമായി മാറും.
ജനങ്ങൾക്ക് ആവശ്യമായി തോന്നുന്ന അവരുടെ ഓരോരോ അടിയന്തിര പ്രശ്ന പരിഹാരം ഉണ്ടാക്കുവാൻ നടത്തുന്ന പ്രതിഷേധങ്ങളെ, ജനങ്ങൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി തെരഞ്ഞെടുപ്പുകളിലൂടെ തെരഞ്ഞെടുത്ത പ്രതിനിധികൾ തന്നെ ജനാധിപത്യവിരുദ്ധമെന്നു വിശേഷിപ്പിക്കുന്ന സ്വരം ഉയർത്തുന്നു. ഇവർ ഉൾപ്പെടുന്ന ജനാധിപത്യ ഭരണകൂടം പോലും വിമശനം നടത്തുന്നു. എന്നാൽ, ഇതൊന്നും അശേഷം പരിഗണിക്കാതെ ആളുകൾക്ക് വിവേകപൂർണ്ണമായ മറ്റെന്തെങ്കിലും തെരഞ്ഞെടുക്കാമായിരുന്നു. കാരണം, ഒരു ജനാധിപത്യ ഭരണകൂടം പോലും, അതിന്റെ പ്രധാന ശത്രുവായ രാജ്യത്തെ ജനങ്ങളിൽനിന്ന് സംരക്ഷിക്കപ്പെടുന്നില്ലെന്നു പറയും, ഇത് രാഷ്ടീയക്കാരുടെ അതി അത്യാഗ്രഹവും വിഡ്ഢിത്തരവും അവർ തുറന്നു കാണിക്കുകയല്ലേ?
എന്തുകൊണ്ടാണ് ജനങ്ങളുടെ വിശ്വാസം കുറയുന്നത്? അതിനെക്കുറിച്ചു ഒരു വിശകലനം ചെയ്യാതെ ജനങ്ങൾ ജനാധിപത്യമൂല്യങ്ങളെ വിലമതിക്കുന്നില്ല എന്ന ഇക്കാലത്തെ രാഷ്ട്രീയക്കാരുടെ നിലപാട് ശരിയല്ല. ജനങ്ങളില്ലാത്ത രാഷ്ട്രീയാക്കാർ മാത്രമുള്ള, അതെ-ജനങ്ങളില്ലാത്ത ജനാധിപത്യമില്ല. എന്നും എക്കാലവും രാജ്യത്തു വർദ്ധിച്ചുവരുന്ന ജനങ്ങളുടെ ആവശ്യങ്ങളും സമ്പത് നിലവാരവും, രാജ്യത്തെ ജനസംഖ്യയുടെ അനുപാതവും എങ്ങനെയെന്ന് മനസ്സിലാക്കിയശേഷം ജനങ്ങളുമായി സഹകരിച്ചു ഏത് പ്രശ്നങ്ങളും ഉടനെ പരിഹരിക്കുന്നതിന് സഹായിക്കേണ്ടത് അവരുടെ ദൗത്യമാണ്. സർക്കാർ ഇത് മനസ്സിലാക്കണം. കേരളത്തെയാകെ ജനങ്ങളെ ആക്രമിച്ചു കൊന്നു തിന്നുന്ന കടുവാകളുടെയും കാട്ടുമൃഗങ്ങളുടെയും വിഹാരകേന്ദ്രമാക്കി കേരളത്തിലെ സർക്കാർ കാട്ടു മൃഗങ്ങൾക്ക് സുരക്ഷനൽകുന്ന നിയമം ഉണ്ടാക്കി. സർക്കാർ നേതൃത്വത്തെ അവരുടെ മൃഗീയ മനഃസാക്ഷിനിലപാടിനെതിരെ ജനങ്ങൾ എന്തുകൊണ്ട് ഇപ്പോൾ പരസ്യമായി പ്രതികരിക്കുന്നില്ല ? ജനങ്ങളുടെ ജീവനല്ല രാഷ്ട്രീയക്കാരുടെ വിഷയം. അവർ ജനങ്ങളിൽ നിന്നും എങ്ങനെയും പണം തട്ടിയെടുക്കുവാൻ, മനുഷ്യനെ കൊല്ലുന്ന മൃഗങ്ങളെ ഉപദ്രവിക്കുന്നതിന്റെ പേരിൽ അവർക്കെതിരെ ശിക്ഷാനടപടിയായി അവരിൽനിന്നു സർക്കാർ പിടിച്ചെടുക്കും. കേരളത്തിലെ ജനങ്ങളിൽ നിന്നും ഓരോരോ വിധത്തിൽ നികുതികൾ പിരിച്ചെടുക്കുന്ന ഒരു നിയമം സൃഷ്ടിക്കുന്നു. ഇവിടെ രാഷ്ട്രീയം ഏകാധിപത്യ നിലപാടാണ് എന്നും സ്വീകരിക്കുന്നത്. ഒരുദാഹരണം, ഒരു വീട്ടിൽ ഒരു വളർത്ത്പട്ടി ഉണ്ടെങ്കിൽ അതിനും നികുതി ചുമത്തുന്ന നിയമം ഇന്ത്യയിൽ ഉണ്ടായല്ലോ. ആരാണ്, ഇത് എന്തുകൊണ്ടാണ് ഇന്നുള്ള ഇന്ത്യൻ ജനാധിപത്യവ്യവസ്ഥിതിയിൽ ആവശ്യമായ ഈവിധം ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നത്?
പതിറ്റാണ്ടുകളായി രാജ്യത്തെ ജനപ്രതിനിധികളായിരുന്നവർ - അവരാകട്ടെ, സ്ത്രീ-പുരുഷഭേദമില്ലാതെ ഒരു രാഷ്ട്രീയക്കാരും ഒരിക്കലും അഴിമതിയെ നൂറു ശതമാനവും ചെറുത്തിട്ടില്ല. ഒരു രാജ്യത്തിന്റെ ഏകാധിപത്യ ഭരണ മാനേജ്‌മെന്റിനെ നിസ്വാർത്ഥമായി പിന്തുടരുന്നവർക്ക് പുറമെ അവർക്ക് സമ്പത് വ്യവസ്ഥയിൽ ഒരു നല്ല ജോലി സ്വയം ലഭിക്കുന്നതുവരെ, അവരുടെ വ്യക്തിഗത സമ്പുഷ്‌ടീകരണത്തിലോ വീണ്ടും ഒരു തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നതിലോ മാത്രം താല്പര്യമുള്ളവരാണ്. അതുനശേഷം അവർ വിവേകശൂന്യമായ തീരുമാനങ്ങളെടുക്കുന്നു, പ്രവർത്തിക്കുന്നു. അവർ നുണ പറയുകയോ തെറ്റ് ചെയ്യുകയോ ചെയ്‌താൽ അവർ നിവൃത്തികേടിൽ പിന്നീട് രാജിവച്ചു സ്വയം കുറ്റവിമുക്തനാകുന്നു. അങ്ങനെയാണെങ്കിലും നേരത്തെ അവർ ചില ബിസ്സിനസിന്റെയും അതിനോട് അടുത്ത് ബന്ധപ്പെട്ട രാഷ്ട്രീയത്തിന്റെയും ഉയർന്നുവരുന്ന കെട്ടുപാടുകളിലൂടെ ആവർത്തിച്ചു ബ്രൗസ് ചെയ്യാൻ കഴിയുന്നതിനാൽ ഇന്ന് അവരുടെയൊക്കെ മോശമായിട്ടുള്ള പെരുമാറ്റത്തിന് യാതൊരു പ്രത്യാഘാതങ്ങളുമില്ല. അതിനു ചില വശങ്ങൾ ഉണ്ട്. ഒരാൾ അത്, എപ്പോൾ ചെയ്യണം- ഓരോ ദിവസവും പുതിയ പുതിയ അഴിമതികൾ, പുതിയ ചോർച്ചയെക്കുറിച്ചുള്ള പഠനം, മുഖംമൂടിയുള്ള ചില ഇടപെടലുകൾ, അതിനും ചില ബന്ധപ്പെട്ട പരാജയങ്ങൾ, രാഷ്ട്രീയവും ചില വ്യാവസായികവുമായ ബന്ധങ്ങൾ, ഇങ്ങനെ വിവിധ വിഷയങ്ങളിൽ നമ്മൾ-അതെ വിഡ്ഢികളായ ജനങ്ങളിലൂടെ വീണ്ടും അവർ സംരക്ഷിക്കപ്പെടുന്നു.
വിവിധ ലോകരാജ്യങ്ങളിൽ ആയിരക്കണക്കിന് ജനങ്ങൾ അവരുടെ മൗലീക അവകാശങ്ങൾ നീതിപൂർവ്വം ലഭിക്കുവാൻ ഭരണകേന്ദ്രങ്ങൾക്ക് മുമ്പിലും തെരുവുകളിലും ചേർന്ന് പ്രതിഷേധസമരങ്ങൾ ചെയ്യുന്ന കാലഘട്ടമാണിത്. അവിടെയെല്ലാം ജനങ്ങളെ എതിർക്കുന്ന സർക്കാരിന്റെ ക്രൂരനടപടികൾക്ക് ഇരയായി മരണപ്പെടുന്നവർ ധാരാളമുണ്ട്. ഇറാനിൽ, അഫ്‌ഗാനിസ്ഥാനിൽ, തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ, മാത്രമല്ല, ജർമ്മനിയിൽ പോലും ജനം പ്രതിഷേധം അറിയിച്ചു ഒരുമിച്ചുകൂടുന്ന വാർത്തകൾ വരുന്നു. ജർമ്മനിയിൽ കർഷകരുടെ ആവശ്യമാണ് പ്രകൃതിയ്ക്കനുസരിച്ചുള്ള കൃഷിവികസനത്തെ സർക്കാർ ആവശ്യമായ സഹകരണവും നടപടികളും ചെയ്യണമെന്ന കാര്യം. ഇത്തരം ജനങ്ങളുടെ ആവശ്യങ്ങൾക്ക് ചങ്ങലയിട്ട് നിയന്ത്രിക്കുന്ന സർക്കാർ ഇന്ത്യയിൽ ശക്തമായി പ്രവർത്തിക്കുന്നു. ഇന്ത്യയിൽ നിലവിൽ ഭരിക്കുന്ന സർക്കാരിനെതിരെ പ്രതിഷേധമുണ്ട്. അതുപക്ഷേ, "വിശാലമായ രീതിയിൽ പ്രതിപക്ഷത്തിന്റെ ഒരു പിറുപിറുപ്പ്" എന്നതുപോലെ മാത്രമേ അതിപ്പോൾ പ്രതിഫലിക്കുന്നുള്ളൂ. "വിശാലമായ വിപരീതമുന്നണി" യുടെ തളർന്ന ഏതോ പിറുപിറുപ്പ്, എന്നതിനെ ഭരണകക്ഷികളും അവരുടെ എല്ലാ അനുകൂലികളും ചേർന്ന് വിളംബരം ചെയ്യുന്നു. ഇന്ത്യയിൽ എല്ലാവിധ പ്രതിസന്ധികളും ചുറ്റി നടക്കുന്നുണ്ട്. നിലവിൽ കൊറോണയ്ക്ക് പകരം വലിയ ഊർജ്ജ പ്രതിസന്ധി, സാമ്പത്തിക പ്രതിസന്ധി, ജനങ്ങളിലെ ദാരിദ്ര്യവും തൊഴിൽപ്രശ്‌നങ്ങളും, സാധാരണജനങ്ങളിൽ കാണപ്പെടുന്ന മേൽജാതി-കീഴ്‌ജാതി- മത- സാമ്പത്തിക തലങ്ങളിൽ കാണപ്പെടുന്ന അനീതികളും അഴിമതികളും നിത്യസംഭവമാണ്. ജനങ്ങളുടെ ഉള്ളിൽ രോഷത്തിന്റെ ശൈത്യകാലത്തെ നോക്കി വലത്പക്ഷ തീവ്വ്രവാദികൾ അവരുടെ പിന്തുണക്കാരെ അണിനിരത്തുന്നു എന്നത് പ്രധാന വിഷയമാണ്. അതിലേറെ പ്രകടമായി കാണുന്നത് ഭരണഘടനാവിരുദ്ധമായി ഏകാധിപത്യവത്ക്കരിക്കപ്പെടുത്തി നടപ്പാക്കിയ കേന്ദ്ര-കേരള സർക്കാരുകൾ ആണ് ജനങ്ങളുടെ പ്രധാന പ്രതിസന്ധികളിൽ പ്രധാനമായതും. അതാണ് ഇന്ന് ജനങ്ങളുടെ മാരകമായ ഭയം.
കേരളം ഒരു യുദ്ധഭൂമിയാകുന്നവോ?
അഴിമതികൾ കൂടാതെ, ഒരു സർക്കാർ അവരുടെ തീരുമാനങ്ങൾക്ക് എങ്ങനെ ആശയവിനിമയം ജനങ്ങൾക്കുവേണ്ടി നടത്തുന്നുവെന്നതും ഇന്ന് അവ വളരെ അപ്രധാനമായി കാണുകയും ചെയ്യുന്നു. പല ചെറുകിട സംരംഭകരും സ്വയം തൊഴിൽ ചെയ്യുന്നവരും അതുപോലെ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടവർ, ഏറെക്കുറെ കൊറോണ പകർച്ചവ്യാധിയുടെ കാലത്തിനു ശേഷം പാപ്പരായ ആളുകളെ സഹായിച്ചു അവരെ ബലപ്പെടുത്തേണ്ടതിന് കുറെ ധനസഹായം നൽകേണ്ട സമയമാണിത്. കേരളത്തിലെ കർഷകരുടെ വരുമാനമാർഗ്ഗങ്ങൾ കുറയുന്നതിന് കാരണം കാർഷിക ഉത്പന്നങ്ങളുടെ കുറവിൽ ഉണ്ടായിട്ടുള്ള പ്രശ്നമാണ്. ദൈനംദിനം ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധനവ്, അനാവശ്യമായ നികുതിപിരിവ്, ഇങ്ങനെയുള്ള നിരവധി ജീവിതപ്രശ്നങ്ങൾ, ഇതെല്ലാം ആർക്കും ലളിതമായി മനസ്സിലാക്കാം. പക്ഷെ, രാഷ്ട്രീയവും അത് നയിക്കുന്നവരും മനസ്സിലാക്കുന്നില്ല. ഒരു ജനപ്രതിനിധിയുടെ ടെലിഫോൺ ഉപയോഗത്തിനുള്ള ചെലവുകൾ, അവൻ ഇന്ന് ഉപയോഗിക്കുന്ന വസ്ത്രങ്ങൾ വീണ്ടും വീണ്ടും അലക്കുവാനും അത് ഇസ്തിരിയിട്ട് മിനുക്കിയെടുക്കാനും വേണ്ടിവരുന്ന ചെലവുകൾ, നിത്യവും നടത്തുന്ന യാത്രച്ചെലവുകൾ എല്ലാം സർക്കാർ നൽകുന്നു. എന്നാൽ ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കും, ആവശ്യങ്ങൾക്കും പരിഹാരം ഉണ്ടാക്കാൻ ജനപ്രതിനിധികൾ ശ്രദ്ധിക്കുന്നില്ല. കുറച്ചു ആളുകൾ മാത്രം അധാർമ്മികമായ വിധത്തിൽ ഇന്ന് സമ്പന്നരാകുന്നു. കേരളത്തിൽ യുവജനങ്ങൾക്കും കർഷകർക്കും സ്ഥാനമില്ല, അവകാശങ്ങൾക്ക് അർഹതയില്ല, രാഷ്ട്രീയക്കാർ കേരളം യുദ്ധഭൂമിയാക്കി ത്തീർത്തു. കേരളത്തിലെ ജനങ്ങൾക്ക് ദൈനംദിന ആവശ്യത്തിനുള്ള അരി ഭക്ഷണം നൽകുന്നത് സർക്കാരാണെന്നുള്ള പ്രഖ്യാപനമാണ് മുഖ്യമന്ത്രിയും അതുപോലെ ഇന്ത്യൻ പ്രധാനമന്ത്രിയും എല്ലാദിവസവും പറയുന്നത്. നമ്മുടെ യുവജനങ്ങൾ അവരുടെ ഭാവിജീവിത ഭയം മൂലം കേരളം വിട്ട് എന്നേയ്ക്കും മറുരാജ്യങ്ങളിൽ അഭയം തേടുന്നു.
ജനപ്രതിനിധികൾ ജനങ്ങളെ വേട്ടയാടുന്നു.
കേരളത്തിൽ ജനസംഖ്യയുടെ ഭൂരിഭാഗവും ജീവിതപ്രശ്നങ്ങളിലൂടെ അവരുടെ സ്വന്തം ജീവിതവഴികൾ നഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു. കേരളസർക്കാർ ഇപ്പോൾ പുതിയ നികുതിവർദ്ധനവിനു വേണ്ടി ബജറ്റ് നിർമ്മിക്കുന്നു. എന്തിന് വേണ്ടി എന്ന് ആരും ചോദിക്കുന്നില്ല. കേരള വൈദ്യുതി ഉപഭോക്താക്കളിൽ നിന്ന്, അതായത് മുഴുവൻ ജനങ്ങളുടെയും പണം ചോർത്തിയെടുക്കാനുള്ള ഒരു പദ്ധതി ഇലക്ട്രിസിറ്റി ബോർഡും ചില ബാങ്കുകളുമായി ചേർന്ന് പുതിയ തന്ത്രം മെനഞ്ഞെടുത്തു കഴിഞ്ഞു. ഇതിനെതിരെ ജനങ്ങൾ പ്രതികരിച്ചില്ല. കാരണം സർക്കാരിന്റെ തലോടൽ ഇങ്ങനെയുള്ള അഴിമതിക്ക് തലോടൽ ലഭിക്കുന്നുണ്ടെന്നറിയാം. കെ-റയിൽ പദ്ധതി, വിഴിഞ്ഞം പദ്ധതി, മാത്രമല്ല, ജനവാസകേന്ദ്രങ്ങളെ ബഫർസോൺ പദ്ധതിപ്രകാരം കുടിയൊഴിപ്പിച്ചു പുറത്താക്കുക, ഇങ്ങനെ ഏതെല്ലാം വിധത്തിൽ ജനങ്ങളെ വേട്ടയാടിക്കൊണ്ട് രാഷ്ട്രീയത്തിന്റെ കരുത്തു തെളിയിക്കുന്ന നടപടിയാണ് ഇന്നുള്ള കേരള മന്ത്രിമാരും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും ചെയ്യുന്നത്. രാഷ്ട്രീയക്കാരുടെ ആശയവിനിമയം ഒരു തലക്കെട്ടിൽ മാത്രമെ ഉണ്ടാകുന്നുള്ളൂ എന്ന് ഇപ്പോൾ തോന്നുന്നു. അത് എന്തുമാകട്ടെ, പ്രശ്നമല്ല. അവർ എന്തും അവരുടെ പുതിയ തീരുമാനങ്ങൾ സുതാര്യമായി വിശദീകരിച്ചാലും, അഥവാ, അവർ ദിവസവും എന്തെങ്കിലും ഉപായം ഉപയോഗിച്ച് എന്ത് പറഞ്ഞാലും, അസുഖകരമായ ചില വിശദാ൦ശങ്ങളുമായി ആശയവിനിമയം അവർ ചെയ്യരുത്. ഇത് കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ അതിനെതിരെ സൈദ്ധാന്തികമായി ഒരു പ്രതിഷേധത്തിന് നല്ല സമയം ആയിരുന്നു. പക്ഷെ, ബഹുജനങ്ങളെല്ലാം പ്രതിഷേധവുമായി പരസ്പരം ഒരുമിക്കാൻ കഴിഞ്ഞാലും, ഇതുവരെ നിലവിൽ ഇല്ലാത്ത പ്രതിഷേധങ്ങളെ ചിലർ കാണുമ്പോൾ അതിനെ ഒരുവിധം രോഗ പ്രതിരോധ നടപടിപോലെ തരംതിരിക്കുകയും അത്തരം സാദ്ധ്യമായ വലത് പക്ഷ പ്രതിഷേധങ്ങൾക്കെതിരെ അവർ മുൻവിധികൾ പറയുകയും ചെയ്യും. മാത്രമല്ല, ഏതു പ്രതിഷേധങ്ങൾക്കുമെതിരെ അലയടിപ്പിക്കുന്നവരെ എന്നും പ്രകടമായി കാണാൻ കഴിയും.
കുറച്ച് അതിസമ്പന്നരും വളരെയേറെ ദരിദ്രരും-
ഇന്ത്യയുടെ മൊത്തം ആസ്തിയുടെ 40 ശതമാനത്തിലും കവിഞ്ഞു സമ്പത്ത് 1 ശതമാനം മാത്രം വരുന്ന അതിസമ്പന്നരുടെ കൈകളിൽ ആയിരിക്കുന്നു വെന്ന വാർത്ത ഈ കഴിഞ്ഞ നാളിൽ കേരളത്തിലെ ചില മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നല്ലോ. എന്നാൽ അതേസമയം പകുതി ജി എസ് ടി യും വരുന്നത് പാവങ്ങളുടെ കരങ്ങളിൽ നിന്നാണ്. ഇന്ത്യയിൽ ഇന്ന് ഒരു ശതമാനം വരുന്ന ഏറ്റവും സമ്പന്നരായ ധനികർ ഒന്നടങ്കം കൈവശം വച്ചിരിക്കുന്നതായ ആസ്തി രാജ്യത്തെ മൊത്തം സമ്പത്തിന്റെ നാല്പത് ശതമാനമാണ്. അവരിൽ ചിലരാണ്, അംബാനി, അദാനി തുടങ്ങിയ കോടീശ്വരന്മാർ. ഇന്ത്യൻ പ്രധാന മന്ത്രിയാണ് അവരുടെ സമ്പത്തിന്റെയാകെ മേൽനോട്ടക്കാരനും രക്ഷകനും. ഒരു യാഥാർത്ഥ്യമിതാണ്, ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ പകുതിവരുന്ന താഴേത്തട്ടിലുള്ളവരുടെ സമ്പത്ത് ഒരുമിച്ചു ചേർത്താൽപ്പോലും അത് ആകെ വരുന്നത് മൂന്ന് ശതമാനം മാത്രമാണെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. ഇന്ത്യയിൽ "ഓക്സ്ഫോ൦ ഇന്ത്യ" നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. അവരുടെ നിരീക്ഷണത്തിൽ ഇന്ത്യയിലെ പത്തു അതിസമ്പന്നരിൽ നിന്നും അഞ്ചു ശതമാനം നികുതി ഈടാക്കിയാൽ രാജ്യത്തെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം നൽകാൻ കഴിയുമെന്ന് മാത്രമല്ല, ഇത് വേൾഡ് എക്കണോമിക്സ് ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൽ ഇന്ത്യയിൽ വിവിധ മേഖലകളിൽ ഉണ്ടായിരിക്കുന്ന അസമത്വത്തിന്റെ ശക്തി തെളിയിക്കുന്ന തെളിവുകൾ പോലും ഓക്സ്ഫോ൦ ചൂണ്ടിക്കാണിച്ചിരുന്നു.
|
|
മാത്രവുമല്ല, 2017- 21 വർഷങ്ങളിൽ ഇന്ത്യയിലെ അതി സമ്പന്നനായ ഗൗതം അദാനിയുടെ സമ്പത്തിന്റെ മൂല്യവർദ്ധനവിന് ഒറ്റത്തവണ മാത്രം നികുതി ചുമത്തിയാൽത്തന്നെ 1.79 ലക്ഷം രൂപ ലഭിക്കുമായിരുന്നു. ഇന്ത്യയിലെ അഞ്ച് ലക്ഷത്തിലധികം പ്രൈമറി സ്‌കൂൾ അദ്ധ്യാപകർക്ക് ഒരു വർഷത്തേയ്ക്ക് നൽകാൻ ഈ തുക മതിയാകും. അതുപോലെ ഇന്ത്യയിലെ മറ്റ് ശതകോടി സമ്പന്നന്മാർക്ക് അവരുടെ മുഴുവൻ രണ്ടു ശതമാനം നികുതി ചുമത്തിയാൽ അടുത്ത മൂന്നു വർഷത്തേയ്ക്ക് രാജ്യത്തെ പട്ടിണി പരിഹരിക്കാൻ വേണ്ടി 40423 കോടി രൂപ സമാഹരിക്കാമായിരുന്നു. എന്നാൽ പ്രവാസി ഇന്ത്യാക്കാരുടെ ഭൂസ്വത്തുക്കൾ വില്പനനടത്തിയാൽ സർക്കാരിന് നൽകേണ്ടതായ നികുതി ശരാശരി 20-മുതൽ 30 ശതമാനം വരെ നല്കേണ്ടിവരുന്നു. ഒരേസമയം തന്നെ പ്രവാസികളെ പുകഴ്ത്തിപ്പറയുന്നു, എന്നാൽ പുറംകാലുകൊണ്ടു അവരെ സർക്കാർ തൊഴിച്ചു പുറത്താക്കുന്ന നിയമങ്ങൾ ഉണ്ടാക്കി. ഇതാണ് ഇപ്പോൾ കേരളത്തിലെ സർക്കാർ പണം സമ്പാദിക്കുന്ന എളുപ്പമാർഗം. ജനങ്ങളുടെ നിരവധിയേറെ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കാൻ തയ്യാറല്ല. കേരളത്തിൽ ഇന്നും സ്ത്രീതൊഴിലാളികൾക്കും പുരുഷ തൊഴിലാളിക്കും മുന്നോക്കവിഭാഗ തൊഴിലാളിക്കും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും തമ്മിൽ വേതന വ്യവസ്ഥകളിൽ വലിയ അസമത്വം നിലവിലുണ്ട്. രാജ്യത്തെ ജനങ്ങളുടെ വിദ്യാഭ്യാസം, തൊഴിൽ അവസരങ്ങൾ, ആരോഗ്യപരിപാലനവിഷയങ്ങൾ, എന്നിങ്ങനെ അനേകം ജനകീയ കാര്യങ്ങളിൽ ജനാധിപത്യം വിളിച്ചുല്ലസിച്ചു ആഡംബരജീവിതം നടത്തുന്ന രാഷ്ട്രീയരാക്ഷസവിഭാഗം അവയൊന്നും കണ്ടില്ലെന്ന് ഭാവിക്കുകയാണ്.
എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയും കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയും തുടരെ അവകാശപ്പെടുന്നത്, കേരളത്തിലോ, ഇന്ത്യയൊട്ടാകെയോ യാതൊരു വിധ സാമ്പത്തിക പ്രതിസന്ധിയില്ലെന്നും, ഇപ്പോൾ ഇന്ത്യ ലോകത്തിലെ വലിയ ഒരു സാമ്പത്തിക ശക്തിയായി മാറിയെന്നുമാണ്. അടുത്ത തെരഞ്ഞെടുപ്പിലൂടെ ജയിച്ചു നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകാനും, പിണറായി വിജയൻ കേരളത്തിലെ മുഖ്യനാകാനും എല്ലാവിധ രാഷ്ട്രീയ അടവുകളും എടുത്തു പയറ്റിത്തുടങ്ങി. റഷ്യൻ പ്രസിഡന്റ് ശ്രീ . വ്ളാദിമിയർ പുട്ടിനെപ്പോലെയും തുർക്കി രാജ്യത്തെ പ്രസിഡന്റ് എർഡോവാനെപ്പോലെയും ജീവിതകാലം മുഴുവൻ ആ രാജ്യങ്ങളിലെ ഏകാധിപതിയാകാൻ ആഗ്രഹിച്ചതുപോലെയും ഇന്ത്യയിൽ മേൽപ്പറഞ്ഞ ആളുകൾ ആഗ്രഹിക്കുന്നു. പക്ഷെ, ജനങ്ങൾക്ക് വേണ്ടത് ഇനിയൊരു നരേന്ദ്രജാലമല്ല, സർക്കാരുകളുടെ നികുതി ചൂഷണത്തിൽ നിന്നുമുള്ള ജനങ്ങളുടെ മോചനവും ജീവിതസുരക്ഷിതത്വവുമാണ്. അതുപോലെ കേരളത്തിൽ വീണ്ടുമൊരു പിണറായി ഏകാധിപത്യ നേതൃത്വം നയിക്കുന്ന പേട്ടതുള്ളൽ അല്ല ജനങ്ങൾ ആഗ്രഹിക്കുന്നത്. ഇന്ന് നുണയുടെ ഏകാധിപത്യ രാഷ്ട്രീയം ജനാധിപത്യത്തിൽ ഉണ്ടായിരുന്ന വിശ്വാസം തകർക്കുകയാണ്. ജനങ്ങൾക്ക് വിശ്വാസം ഇല്ലാതാവുകയാണ്.
ജനങ്ങൾക്ക് എന്താണ് അഭിമാനിക്കാനുള്ളത്? എല്ലാവർക്കും പഴയതുപോലെ ജീവിതം തുടരാം? എന്നാൽ അവരിൽ ഭൂരിഭാഗവും കൂടുതൽ നിരാശരാണ്. ഒരു ഘട്ടത്തിൽ അവർ എവിടെ, ആരായിരുന്നാലും സ്വേച്ഛാധിപത്യത്തോടു ഇപ്പോഴുള്ള പ്രവണതയ്ക്ക് വഴങ്ങിയെന്നു ജനങ്ങൾ ചിന്തിക്കുന്നുവെങ്കിൽ, ജനങ്ങൾ അതിന്റെ യാഥാർത്ഥ്യം ചിന്തിക്കേണ്ടതില്ല. അതുതന്നെയാണല്ലോ ഇപ്പോൾ രാഷ്ട്രീയക്കാരുടെ ജനാധിപത്യ ചിന്താഗതി. ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം കുറയുകയും ചെയ്യുന്നു.
രാഷ്ട്രീയക്കാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രശസ്തി പൂജ്യത്തിലാണ്; ഇന്ത്യയിൽ രാഷ്ട്രീയക്കാരും പാർട്ടികളും ജനാഭിപ്രായത്തിൽ പൂർണ്ണമായിട്ട് പുറംതള്ളപ്പെട്ടിരിക്കുകയാണ്. സമൂഹത്തിന്റെ നീരസം രാഷ്ട്രീയത്തിലുള്ള ആത്മവിശ്വാസത്തിന്റെ തീരാത്ത പ്രതിസന്ധിയായി വർദ്ധിച്ചു കഴിഞ്ഞു. നിർഭാഗ്യവശാൽ, ഇത് ശരിയാണ്. മിക്കവാറും എല്ലാം. പക്ഷെ, ജനങ്ങൾ എല്ലാം മറന്ന് അവർക്ക് താങ്ങുകളായി വീണ്ടും പ്രത്യക്ഷപ്പെടും. //-
*********************************************
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
ധൃവദീപ്തി ഓണ്‍ലൈൻ
https://dhruwadeepti.blogspot.com
for up-to-dates and FW. link Send Article, comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors.
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
FACE BOOK: GEORGE Kuttikattu MOB. + oo49 170 5957371
Posted by George Kuttikattu
*********************************************************