Samstag, 31. August 2013

ധ്രുവദീപ്തി // ആരോഗ്യപരിപാലനം - ആശ്രയം മെഡിക്കൽ ഇൻഷുറൻസുകൾ // George Kuttikattu

ധ്രുവദീപ്തി // Health // 

ആരോഗ്യപരിപാലനം ആശ്രയം  മെഡിക്കൽ  
ഇൻഷുറൻസുകൾ // 

George Kuttikattu

ർദ്ധിച്ചുവരുന്ന പൊതുജന ആരോഗ്യപരിപാലന ചെലവുകൾ നിമിത്തം ലോക രാജ്യങ്ങളെല്ലാം സാമ്പത്തികമായ കാഴ്ചപ്പാടിൽ സ്പോടനാത്മക സ്ഥിതിവിശേഷത്തിലാണ്. വ്യക്തികൾക്ക്  സ്വയം താങ്ങാവുന്നതിലേറെ ചികിത്സാ ചെലവുകൾ നിയന്ത്രണാധീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പാശ്ചാത്യരാജ്യങ്ങളിലെയും മറ്റുള്ള രാജ്യങ്ങളിലെയും ഗവണ്‍മെണ്ടു കൾ സാമ്പത്തിക ഘടനയുടെ വികസന-സാധ്യതകളെയെന്നതുപോലെ തന്നെ ഏറെ സൂക്ഷ്മമായി ചർച്ച ചെയ്യപ്പെടുന്ന  ഒരു പ്രത്യേക വിഷയവും പൊതുജനങ്ങളുടെ ആരോഗ്യ പരിപാലനം തന്നെയാണ്.

കെട്ടുപിണഞ്ഞു കിടക്കുന്ന സാമൂഹ്യജീവിതത്തിലെ വ്യത്യസ്തമായ പല പൊതുതാല്പ്പര്യങ്ങളിലും, പൊതുജനാരോഗ്യവിഷയങ്ങളിലേറെ പരാജ യപ്പെട്ട  സർക്കാരുകളുടെ  കെടുകാര്യസ്ഥതയിലും ചുറ്റപ്പെട്ടു തളർന്നു കിടക്കുകയാണ ല്ലോ ഇന്ത്യയിലെ  ജനങ്ങളുടെ  ആരോഗ്യപരിപാലനം.

ആയുർവേദ  വിധികളുടെ വീഥിയിൽ 

ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യപരിപാലനം കുറഞ്ഞ ചെലവിൽ നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഭാരതത്തിന്റെ സ്വന്ത ആയുർ വേദശാസ്ത്ര ചികിത്സാരീതി ഇക്കാലത്ത് പാശ്ചാത്യരുടെ സ്വന്തമായ ചികിത്സാരീതി ആയിത്തീരുകയാണെന്നുള്ള മാദ്ധ്യമങ്ങളുടെ പരിഭവം ഏതാണ്ട് ഇവിടെ ശരിവയ്ക്കുന്നതു പൊലെയൊരനുഭവം ഈ കഴിഞ്ഞ കാലത്ത് ഉണ്ടായി. ജർമ്മനിയിലെ ഹൈഡൽബർഗ്ഗിലുള്ള റുപ്രെഹ്റ്റ് -കാൾസ് സർവ്വകലാശാലയുടെ സൌത്ത് ഏഷ്യൻ വിഭാഗത്തിന്റെ മേൽ നോട്ടത്തിൽ നടന്ന ആയുർവേദശാസ്ത്ര പഠന സെമിനാറായിരുന്നു അത്.

ഈ സെമിനാറിൽ ഒരു പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാൻ അവസരം ലഭിച്ച എനിക്ക്  അപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞതിതാണ്. സെമിനാറിൽ പങ്കെടുക്കുവാൻ ക്ഷണിക്കപ്പെട്ടു വന്നെത്തിയിരുന്ന ഏതാണ്ട് അമ്പതുപേർ കാണും. അവരിൽ ചിലർ ഇന്ത്യയിൽ നിന്നുള്ള സർവ്വ കലാശാലകളിലെ പ്രൊഫസ്സർമാരും അമേരിക്കയിൽനിന്നും ചില യൂറോപ്യൻ സർവ്വകലാശാലകളിൽ നിന്നുമുള്ള പ്രൊഫസ്സർമാരും ഗവേഷകരും ഉണ്ടായിരുന്നു. പ്രബന്ധവിഷയം അവതരിപ്പിച്ച് സംസാരിച്ചത് അമേരിക്കയിലെ അരിസോണ സർവ്വകലാശാലയിലെ പ്രസിദ്ധനായ പ്രൊ. ഡോ. മാർക്ക് നിഹ്ടർ ആയിരുന്നു.

വിഷയം "Ayurweda Popular Health Culture And Globalisation". ആയുർവേദശാസ്ത്ര ചികിത്സാ-രീതിയിൽ പതിറ്റാണ്ടുകൾക്കുള്ളിൽ ഉണ്ടായിട്ടുള്ള  പല വിധത്തിലുള്ള  മാറ്റങ്ങളെക്കുറിച്ചും, ലോകരാജ്യങ്ങളും വിശിഷ്യാ പാശ്ചാ ത്യലോകം ഇതിനു നൽകിയിരിക്കുന്ന ഏറിയ സ്വാഗതവും, ഭാരതത്തിൽ ഇക്കാലത്ത് നിലവിലിരിക്കുന്ന ആയുർവേദ ചികിത്സാരീതിയുടെ കൊമേ ഴ്സ്യൽ ദുരുപയോഗത്തെക്കുറിച്ചും വിശദമായി അദ്ദേഹം പരാമർശിച്ചു.

വ്യാപകമായ നിരീക്ഷണമെപ്പോഴും നല്ലത്  തന്നെ. യൂറോപ്യൻ, അമേരിക്കൻ  സർവ്വകലാശാലകളുടെ  വ്യക്തമായ  കാഴ്ചപ്പാടും   ആയുർവേദ ശാസ്ത്ര  ചികിത്സാ ശൈലിയുടെ സാമീപ്യവും  അറിവും  പരിചയവും  നേടുന്നതിനുള്ള  ബഹുമുഖ   താല്പര്യവും ഭാരതത്തിന്റെ ആയുർവേദ ശാസ്ത്ര ചികിത്സാ രീതിയെധന്യമാക്കുന്നുണ്ട് എന്ന് പറയുന്നതിൽ കുഴപ്പമില്ല.  എന്നാൽ  ഉടമസ്ഥതയും  ഉപയോഗവും ഭാരതത്തിന്‌ സാവധാനം അന്യമായേക്കാം.

ആരോഗ്യ സംരക്ഷണത്തിലെ പരാജയം.

ഒരു ബില്ലിയനിലേറെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇന്ത്യയിൽ ആരോഗ്യ സംരക്ഷണ പദ്ധതികളുടെ പ്രസക്തി കൂടുകയാണ്. ജനങ്ങളു ടെയും സർക്കാരിന്റെയും കെടുകാര്യസ്ഥതയിൽ ഭൂരിപക്ഷ ജനങ്ങൾ സാമ്പത്തിക പതനത്തിന്റെ പാതാളത്തിലേയ്ക്ക് ചവുട്ടിത്താഴ്ത്തപ്പെടു കയാണല്ലോ. ഒരു വശത്ത്‌ അജ്ഞാതമായ പുതിയ രോഗങ്ങളും അതിന്റെ പേരിൽ ഈടാക്കപ്പെടുന്ന അമിതമായ ചികിത്സാ ചെലവുകളും കൂടുന്നു. ആതുര സേവന രംഗത്തെ കീഴടക്കിയിരിക്കുന്ന ഘടകം, മെഡിക്കൽ ഡോക്ടർമാർ ഉൾപ്പടെയുള്ള മെഡിക്കൽ മാഫിയ ആധിപത്യവും, സർക്കാരുകളുടെ നിയമ നിയന്ത്രണത്തെ മറികടന്നു പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പുകളും, മറുവശത്ത്‌ നിശബ്ദമായി നിഷ്ക്രിയരായി ഇതൊന്നും കാണാത്ത മട്ടിൽകടന്നു കളയുന്ന ഉത്തരവാദപ്പെട്ട സർക്കാരിന്റെ നിരുത്തരവാദിത്വവും ജനവിരുദ്ധവുമായ നിലപാടുകളും ആണ്. ജനങ്ങൾ സഹിച്ചു കൊള്ളണം. ഇന്ത്യയിൽ മാത്രമല്ലാ, അമേരിക്കൻ ഐക്യ നാടുകളിലും ചില ഉപയൂറോപ്യൻ രാജ്യങ്ങളിലുമെല്ലാം പൊതു-ജനാരോഗ്യ വിഷയത്തിൽ ഏറെ പരാജയം സംഭവിച്ചിട്ടുള്ളതിനും, ഇത് തന്നെയാണ് കാരണങ്ങൾ.

കേരളത്തിലേതുപോലെ പൊതുജനാരോഗ്യ പരിപാലനവും പരിസ്ഥിതി സംരക്ഷണ പരിചരണവും ഇത്രയധികം തകർന്ന സാഹചര്യം ഇപ്പോൾ ലോകത്തിൽ മറ്റൊരിടത്തും കാണില്ല. കേരളത്തിലെ ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലെ സൌകര്യങ്ങളും സജ്ജീകരണങ്ങളും ഇതര രാജ്യങ്ങളെ അപേക്ഷിച്ച് നോക്കിയാൽ തീരെ അപര്യാപ്തമാണ്. ആശുപത്രി പരിസരങ്ങളെല്ലാം മാലിന്യകേന്ദ്രങ്ങളാണ്. പരിസ്ഥിതി-സംരക്ഷണത്തിൽ ഉത്തരവാദപ്പെട്ടവർ കണ്ണടക്കുകയാണ്. ആശുപത്രി പരിസരങ്ങളിൽ തുറന്നു പ്രവർത്തിക്കുന്ന ഭക്ഷണ ശാലകൾ വൃത്തിയായി സൂക്ഷിക്കുന്നില്ല. പഴക്കം ചെന്ന ഭക്ഷണസാധനങ്ങൾ വിൽപ്പന നടത്തുന്നുവെന്ന പൊതുപരാതിയുണ്ട്.

അടിയന്തിര  പ്രാധാന്യമുള്ള  ആരോഗ്യ പരിപാലന  വിഷയത്തിൽ  ചെലവു കുറഞ്ഞതും  കാര്യക്ഷമതയുള്ളതും  ആഗോള  നിലവാരത്തിൽ  മേന്മയു ള്ളതുമായ   ചികിത്സാശൈലി   കേരളത്തിൽ  സൌകര്യപ്പെടുത്തുവാൻ  സർക്കാരിന്എന്ത്ചെയ്യാൻ  കഴിയും എന്നാണ്‌  ഇക്കാലത്ത് നാമെല്ലാവരും ചിന്തിക്കുന്നത്. സ്വകാര്യ ആശുപത്രി ഉടമകൾ രോഗികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിൽ പരാജയപ്പെടുകയാണ്. നിസ്സാര രോഗങ്ങളാൽ ആശുപത്രികളിൽ എത്തിച്ചേർന്നാൽ ആദ്യമേതന്നെ ഐ സി.യു വിലേക്ക് തള്ളുന്നതും രോഗികളോട്‌ സെക്യൂരിറ്റി പണം ആവശ്യപ്പെടുന്നതുംമറ്റും കേരളത്തിൽ വലിയ ചർച്ചാവിഷയമാണ്. 

ആരോഗ്യ പരിപാലനം സാമൂഹ്യ പ്രശ്നമായിരുന്നു.

പുരാതനകാലത്തും മദ്ധ്യകാലഘട്ടത്തിലും അന്നുണ്ടായിരുന്ന പരിഷ്കൃത രാജ്യങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള പൊതുജനാരോഗ്യ പ്രവർത്തന നടപടികൾ നടന്നിരുന്നു. പ്രാചീന ഗ്രീക്ക്-റോമൻ സംസ്കാരത്തി ലും മധ്യകാലഘട്ടത്തിലും ജനങ്ങളുടെ ആരോഗ്യപരിപാലന പദ്ധതികൾ ഉണ്ടായിരുന്നു. ഈ കാലഘട്ടത്തിൽ തൊഴിലാളികളുടെ സംഘങ്ങളും ഗിൽ ഡുകളും ഇതിന്റെ പ്രവർത്തനം നടത്തിപ്പോന്നു. യൂറോപ്യൻ രാജ്യങ്ങളിലെ
"ആരോഗ്യ സംരക്ഷണനിധി" പോലുള്ള പദ്ധതികൾ അക്കാലത്ത് റോമൻ  സാമ്രാജ്യത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്നു.

വ്യവസായവത്കരണ കാലഘട്ടത്തിനുമുമ്പ് യൂറോപ്പിലെ വിവിധ ഗോത്ര വർഗ്ഗക്കാരും മതാചാര്യന്മാരും ഭരണകർത്താക്കളും തൊഴിലാളികളു ടെ സംഘങ്ങളും ആരോഗ്യസംരക്ഷണ നിധിയിലേയ്ക്ക് സാമ്പത്തിക-സഹായ പങ്കാളിത്തം നൽകിയിരുന്നു. രോഗങ്ങൾ മൂലമോ ശാരീരിക വൈകല്യം മൂലമോ തൊഴിൽ ചെയ്യാൻ സാധിക്കാതെവന്നവരുടെ മുടക്കം വന്നിരുന്ന തവണകൾ അടയ്ക്കുവാൻ സഹായം നൽകുന്നത് ഇത്തരം പ്രവർത്തന പദ്ധതികളുടെ സവിശേഷതയായിരുന്നു. പിൽക്കാലങ്ങളിൽ ഉണ്ടായിരുന്ന സ്വകാര്യ "ചികിത്സാസഹായ നിധി"യുടെ ഉത്ഭവത്തിനു പിന്നിലുണ്ടായ പ്രേരകശക്തിയും ആശയങ്ങളും അന്നുണ്ടായിരുന്ന സന്നദ്ധ സംഘങ്ങളുടെ പ്രവർത്തന ശൈലിയിൽ നിന്നുമായിരുന്നു.

മദ്ധ്യകാലഘട്ടങ്ങളുടെ അവസാനകാലമായപ്പോഴേയ്ക്കും യൂറോപ്പിൽ സാവധാനം ആരോഗ്യപരിപാലന കാര്യത്തിൽ കൂടുതൽ പരിവർത്തനങ്ങൾ തുടങ്ങി. ജർമനിയിൽ 1843-ൽ ആണ് ആതുര സേവനമേഖലയിൽ "രോഗീ സഹായ നിധി"എന്ന ആശയം ഭാഗികമായി രൂപമെടുത്തത്. ജർമനിയിലെ പുകയില തൊഴിലാളികൾക്കായി "രോഗീ സഹായ സംഘം" എന്നപേരിൽ ഒരു സഹകരണസംഘം രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. ഒരു തൊഴിലാളി രോഗം പിടിപെട്ട് ചികിത്സ വേണ്ടി വരുകയോ ജോലിക്ക് പോകാനൊക്കാതെ വരികയോ ചെയ്‌താൽ "രോഗീസഹായ സംഘം" ചെലവുകൾ പൂർണമായും ഏറ്റെടുത്തിരുന്നു. രോഗം പിടിപെട്ടാൽ, ഈ ആനുകൂല്യം ലഭിക്കാൻ, അതിനുമുൻപ്‌ തന്നെ സംഘത്തിലെ അംഗമായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്, എന്നു മാത്രം. ഈ വിഷയത്തിൽ ആതുരാലയങ്ങളും സംഘവും യോജിച്ചു പ്രവർത്തിക്കും.

ഇനി ആധുനിക കാലഘട്ടത്തിൽ ജർമനിയിൽ "ആരോഗ്യപരി പാലന സഹായ നിധി"യും ആരോഗ്യ പരിപാലനവും എങ്ങനെയെന്നു നോക്കാം. ജർമനിയിലെ "ആരോഗ്യപരിപാലന സഹായ നിധി" മറ്റുരാജ്യങ്ങ ൾക്ക് ഒരു മഹാമാതൃകയാണ്. അമേരിക്കൻ ഐഖ്യനാടുകളിൽപോലും എല്ലാ ജനങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസുകളുടെ സഹായ സേവനമെത്തിക്കുവാൻ ഇതുവരെയുള്ള സർക്കാരുകൾക്കായില്ല എന്ന വസ്തുത നാം അറിയുന്നു.

സാമൂഹിക ഇൻഷുറൻസുകളുടെ ആദിമരൂപം.

1845-ൽ പ്രോയ്സിഷൻ രാജ്യത്തെ തൊഴിൽ നിയമം നടപ്പിലായതോടെ എല്ലാ ഫാക്ടറി തൊഴിലാളികൾക്കും വ്യവസായതൊഴിലാളികൾക്കും മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കി. ഇതിനുശേഷം 1848-ലെ പരിഷ്ക്കരണത്തിൽ എല്ലാ സർക്കാർ ജീവനക്കാർക്കും പ്രത്യേകിച്ച് ബർളിനിലെ പോലീസ് പ്രസീഡിയത്തിലെ ജീവനക്കാർക്കും വേണ്ടിയുള്ള മെഡിക്കൽ ഇൻഷുറൻസിനു രൂപം കൊടുത്തു. ഇതാണ്, പിൽക്കാലത്ത് പ്രയോഗത്തിൽ വന്ന "സാമൂഹ്യ ഇൻഷുറ ൻസിന്റെ"ആദിമരൂപം.

സോഷ്യൽ ഇൻഷുറൻസും മെഡിക്കൽ ഇൻഷുറൻസും നടപ്പിലായതോടെ ജോലി ചെയ്യുന്നവരും അല്ലാത്തവരും മെഡിക്കൽ ഇൻഷുറൻസിൽ നിർബന്ധിത അംഗമായി ചേർന്ന് തുടങ്ങി. ഇതിനുശേഷം 1854ൽ ഗ്രാമ-പഞ്ചായത്തുകളുടെ പരിധിയിൽ താമസിക്കുന്ന എല്ലാ തൊഴിലാളികളെയും സാമ്പത്തിക പങ്കാളിത്തം നൽകിക്കൊണ്ടുള്ള രോഗീ സഹായ നിധികളിൽ അംഗമായി ചേർക്കുവാൻ ഗ്രാമപഞ്ചായത്തുകളെ ചുമതല-പ്പെടുത്തി സർക്കാർ നിയമം ഉണ്ടാക്കി. തൊഴിൽ പരിശീലനം ലഭിച്ചിട്ടുള്ളവരും അല്ലാത്തവരുമായ തൊഴിലാളികൾക്ക് ഇത് ഏറെ പ്രയോജനകരമായി. ജർമനിയുടെ അയൽരാജ്യങ്ങളും ഈ മാതൃക അനുകരിച്ചു തുടങ്ങി.

മെഡിക്കൽ  ഇൻഷുറൻസ്  പദ്ധതിയിൽ  മാറി  മാറി അധികാരത്തിൽ  വന്നു കൊണ്ടിരുന്ന ഭരണകൂടങ്ങൾ  അനേകം  തുടർപരിഷ്ക്കാരങ്ങൾ നടപ്പിലാക്കി ക്കൊണ്ടിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാൽ  മനസ്സിലാകും. ജർമനിയുടെ മുഖ്യസാമൂഹ്യപരിഷ്ക്കർത്താക്കളിൽ ഏറ്റവും പ്രമുഖനായി രുന്നയാൾ  ഒട്ടോ ഫൊൻ ബിസ്മാർക്ക് ആയിരുന്നു. തന്റെ വ്യക്തിപരമായ താൽപര്യത്തിൽ സാമൂഹ്യ പരിഷ്കരണം ജർമനിയിൽ നടപ്പാക്കാൻ ശ്രമിച്ചതോടൊപ്പം പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയിൽ ആവശ്യമായ പരിഷ്കാരങ്ങളും നടപ്പാക്കി. 1880-1890 കാലഘട്ടത്തിൽ ഇന്നും നിലവിൽ അറിയപ്പെടുന്ന സാമൂഹ്യ ഇൻഷുറൻസു പദ്ധതി അദ്ദേഹമാണ് നടപ്പാക്കിയത്.

1926-ൽ അന്ന് രാജ്യത്തുണ്ടായിരുന്ന എഴുനൂറ്റി തൊണ്ണൂറ് ഇൻഷുറൻസ് കമ്പനികളെല്ലാം കൂടി പൊതുധാരണ പ്രകാരം ഒരു ഐഖ്യ ഇൻഷുറൻസ്‌ ഗ്രൂപ്പ് സംവിധാനം നിലവിൽ വരുത്തുവാൻ കഴിഞ്ഞു. 1939 ആയപ്പോഴേയ്ക്കും ഇതിൽ അംഗങ്ങളായവരുടെ എണ്ണം എട്ടര മില്യണ്‍ (എണ്‍പത്തിഅഞ്ചു ലക്ഷം) ആയി ഉയർന്നിരുന്നു. സാമൂഹ്യ സുരക്ഷിത പദ്ധതികളായ അപകടസംരക്ഷണ ഇൻഷുറൻസ്‌ വലിയ രാഷ്ട്രീയ പ്രതികരണങ്ങൾ ഉണ്ടാക്കിയിരുന്നെങ്കിലും, സമൂഹത്തിലെ ദാരിദ്ര്യവും തൊഴിലില്ലായ്മയിൽ കഴിയുന്നവർക്കും വയോജനങ്ങളുടെ ഇടയിലെ ദാരിദ്ര്യവും ഉത്മൂലനം ചെയ്യുവാനുള്ള സാമൂഹ്യ പദ്ധതികൾ കർശനമായി നടപ്പാക്കുകയാണ് ചെയ്തത്.

ആരോഗ്യപരിപാലന പദ്ധതി നടപ്പാക്കുന്നതിന് ഏതു സാമ്പത്തിക നയം മാന:ദണ്ഡമായി സ്വീകരിക്കണമെന്ന് വിദഗ്ധ പഠനം ആവശ്യ മാണ്. തൊഴിലാളികളുടെ മാത്രമല്ലാ, എല്ലാ അംഗങ്ങളുടെയും ഏതു വിധമുള്ള സാമ്പത്തിക പങ്കാളിത്തം, സാമ്പത്തിക പ്രതിസന്ധിയോ, തകർച്ചയോ, ഉണ്ടാക്കാത്ത ചെലവുകുറഞ്ഞ ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുകയെന്ന ചിന്തയിൽ പുതിയ കാഴ്ചപ്പാടുകളാണ് പദ്ധതിക്കു വേണ്ടത്. അവയിൽ ചിലതിനെ നമുക്ക് നോക്കാം. ജർമനിയിൽ ഇൻഷുറൻസിൽ അംഗമാകുന്ന ഒരാൾ തന്റെ മൊത്ത വരുമാനത്തിൽ ഒരു നിശ്ചിത ശതമാനം അംഗത്വ വരിസംഖ്യയായി അടയ്ക്കണം. പ്രൈവറ്റ്, സിംഗിൾ, ഫാമിലി ,സ്റ്റുഡന്റ്സ്, എന്നിങ്ങനെ വിവിധ കാറ്റഗറിയിൽ ഇൻഷുറൻസിൽ  അംഗങ്ങളായി ചേരാം.

1941ലാണ് പെൻഷനേഴ്സ് മെഡിക്കൽ ഇൻഷുറൻസ് ജർമനിയിൽ നടപ്പാക്കിയത്. നാസികളുടെ ഭരണകാലത്ത് സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ മേൽ നിയന്ത്രണമുണ്ടായെങ്കിലും ജർമൻ ഫെഡറൽ റിപ്പബ്ലിക്കിന്റെ തുടക്കത്തിൽ തന്നെ സ്വയം ഭരണാധികാരം തിരികെ നല്കി. സാമ്പത്തികാടിസ്ഥാനത്തിൽ സ്വകാര്യ മെഡിക്കൽ ഇൻഷുറൻസോ, അതല്ലാ, സാധാരണയുള്ള പ്രാദേശിക നിയമ നിർബന്ധിത നിബന്ധനയും നിരീക്ഷണവുമുള്ള മെഡിക്കൽ ഇൻഷുറൻസുകളോ ജനങ്ങൾക്ക്‌ സ്വതന്ത്രമായി തെരഞ്ഞെടുക്കു-വാനുള്ള നിയമസംരക്ഷണവുമുണ്ടായി.

നിലവിൽ ജർമനിയിലും ആരോഗ്യപരിപാലന ചെലവുകൾ കുത്തനെ ഉയരുകയാണ്. 2011ൽ, കണക്കനുസരിച്ച്, പൊതുജനാ രോഗ്യ വിഷയത്തിൽ മുന്നൂറ് ബില്ല്യൻ യൂറോ, അതായത്, ഒരാൾക്ക്‌ ഒരു വർഷം 3600 യൂറോ (ഒരു യൂറോ = ശരാശരി എണ്‍പത് രൂപ) ശരാ ശരി തുക ചെലവായിരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചു. തലേവർഷ ത്തെക്കാൾ 1,9 ശതമാനം വർദ്ധനവുണ്ടായി. ഈ വർദ്ധനവ് നിർബന്ധിത ആരോഗ്യ പരിപാലന പദ്ധതിയിൽ മാത്രമല്ല, പ്രൈവറ്റ് ഇൻഷുറൻസ് മേഖലയിലും ഏതാണ്ടിതേരീതിയിൽ ഉണ്ടായിട്ടുണ്ട് എന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഈ കണക്കുകൾ താൽക്കാലികം മാത്രമാണ്. ജർമനിയുടെ ആരോഗ്യ പരിപാലന വിഷയത്തിൽ അനേകം ബില്ല്യൻ യൂറോ ഭാവിയിലെ ഗവേഷണത്തിനും പുതിയ ചികിത്സാരീതിക്കുമായി തുക സ്വരൂപിച്ചു വയ്ക്കേണ്ടതുണ്ട്. പൊതുവെ ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും വലിയ വെല്ലുവിളിയാണ്.

ഇതോടൊപ്പം വർദ്ധിച്ചുവരുന്ന മറ്റൊരു യഥാർതഥ വെല്ലുവിളിയും അപകടവും, ആരോഗ്യമേഖലയിൽ പ്രവർത്തിക്കാനുള്ള വിദഗ്ദ്ധരു ടെ തീവ്രമായ അഭാവമാണെന്ന് ജർമൻ സാംസ്കാരിക വ്യവസായ വകുപ്പ് ക്താക്കൾ മുന്നറിയിപ്പ് നല്കുന്നു. ഫാർമ ഇൻഡസ്ട്രീ, മെഡിസിൻ ടെക്നിക് എന്നീ മേഖലകളിൽ മാത്രമല്ല, രോഗീപരിചരണ വിഭാഗത്തിൽ ആവശ്യമായ സ്പെഷ്യൽ ജോലിക്കാർ വേണ്ടുവോളം ഇല്ലായെന്നും പറയുന്നു. ഇത്തരം പ്രശ്നങ്ങൾ ആരോഗ്യമേഖലയിൽ  സാമ്പത്തിക പ്രതിസന്ധിയെ സൂചിപ്പി ക്കുകയുമാണ്.

ആശുപത്രികൾ, വയോജന മന്ദിരങ്ങൾ, എന്നീ മേഖലകളിൽ ജോലിചെയ്യു വാൻ ഒഴിവു വന്നിടത്ത് പകരം ജോലിക്കാരെ ലഭിക്കുന്നില്ലാ യെന്ന പരാതിയും നിലവിലുണ്ട്. ഫാർമാ ഇൻഡസ്ട്രീ മേഖലയിൽ തന്നെ ജർമനിയിൽ ഏതാണ്ട്  57 ശതമാനം സ്പെഷ്യലിസ്റ്റുകളുടെ സേവനം കുറവു ണ്ടെന്നും സൂചിപ്പിക്കുന്നു. ഇത്തരം കണക്കുകൾ നീണ്ട കാലങ്ങ ളോളം നിലനിൽക്കുന്നതുമല്ലാ.

ജർമനിയിൽ സാമ്പത്തിക നീതിയും സാമൂഹ്യനീതിയും ഉറപ്പാക്കിയ ലോകശ്രദ്ധയാകർഷിച്ച മഹത്തായ സാമൂഹ്യനീതി സംസ്കാരമാണ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി. ഈ ആശയത്തിന്റെ മഹത്തായ വിജയത്തിന് ജനങ്ങളും ആതുരാലയങ്ങളും മെഡിക്കൽ സ്ഥാപനങ്ങളും ഗവേഷകരും ഗവണ്‍മെണ്ടും ഒന്നിച്ചു പ്രവർത്തിക്കുന്നു. ലോക ജനതയ്ക്ക് മുന്നിൽ ജർമനിയുടെ ആരോഗ്യപരിപാലന സംവിധാനവും മെഡിക്കൽ ഇൻഷുറൻസുകളും പൊതുജനാരോഗ്യ ഗവേഷണ കേന്ദ്രങ്ങളും (ഉദാ:ജർമൻ അർബുദ ഗവേഷണകേന്ദ്രം) ലോകത്തിൽ മഹത്തായ മാതൃകകളാണ്.

ലോകരാജ്യങ്ങളിലെ ജനങ്ങൾ നിരന്തരം അഭിമുഖീകരിക്കേണ്ടുന്ന നിത്യ വെല്ലുവിളികളാണ് പുതിയ പുതിയ മാരകരോഗങ്ങളും അതനുസരി ച്ചുതന്നെ കുതിച്ചുയരുന്ന ചികിത്സാ ചെലവുകളും. ജനങ്ങളുടെ സാമ്പത്തിക നിലയെ തകർക്കുന്ന ആരോഗ്യപരിപാലന-സംരക്ഷണ മേഖല മുഴുവൻ ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ഫലപ്രദമായ നിരീക്ഷണവും ആവശ്യമായ നിയന്ത്രണവുമില്ലാതെ സാമ്പത്തിക മാഫിയാകളുടെ നീണ്ടകരങ്ങളുടെ പിടിയിലകപ്പെട്ടിരിക്കയാണ്.

ഇത്തരം വെല്ലുവിളികളെ നേരിടുവാൻ പ്രാപ്തരായ ഗവേഷകരും ഗവേഷണ കേന്ദ്രങ്ങളും പൊതുജനാരോഗ്യ ഇൻഷുറൻസ് പ്രസ്ഥാനങ്ങളും സർക്കാരും ജർമനിയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ശ്രദ്ധിക്കപ്പെട്ട വിഷയം ജനങ്ങളുടെ വിലയേറിയ ജീവനും മെച്ചപ്പെട്ട ആരോഗ്യ പരിപാലനവുമാണ്. /gk
----------------------------------------
*കോട്ടയം-"പ്രതിശ്ചായ "വാരികയിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം

Freitag, 23. August 2013

ധ്രുവദീപ്തി // കവിത // വിരഹാർദ്രമീ ആത്മനൊമ്പരം by Nandhini Varghese

 ധ്രുവദീപ്തി // കവിത // 


വിരഹാർദ്രമീ ആത്മനൊമ്പരം   


 Nandhini Varghese


      

 സൃഷ്ടിയിൽ  ഉത്തമം സൃഷ്ടപ്രപഞ്ചത്തിൽ
                         മർത്യനും മർത്യനിൽ കുടികൊള്ളും ആത്മാവും..                 സ്വർഗ്ഗവാസം വെടിയവേ ഭൂമിയിൽ
                                            മർത്യദേഹേ പ്രതിഷ്ഠിതം നിശ്ചയം..

                                    സത്യത്തിനുണ്മയാം ആത്മഹർഷങ്ങളിൽ
                                           ഓംകാരനാദലയത്തിൽ തരളിതം..
                                     സ്വർഗ്ഗസൗഭാഗ്യമാം നഷ്ടസ്വപ്നങ്ങളിൽ
                                     ആത്മാവു കേഴുന്നു വിരഹം വിധി സമം ..

                                   ലോകമോ വിസ്മയം ,ഒതുങ്ങില്ല പാണിയിൽ 
                                    ലോകമോഹങ്ങളോ ,അനന്തം അജ്ഞാതവും.. 
                                       ചിതറിയോ ചിന്തയും ചിന്താസരണിയും 
                                       അപരനിൽ ശത്രുവെ ദർശിച്ച മാത്രയിൽ.. 

                                      ഓങ്ങും കഠാരയിൽ രേണുവർണങ്ങളിൽ 
                                    തേങ്ങിത്തുടങ്ങിയോ ആത്മാവിനുൾത്തടം..
                                      കുഞ്ഞിൻ കരച്ചിലിൽ ഉടയും വളകളിൽ 
                                        വൈകൃതഭാവം പുനർജനിക്കുന്നുവോ ...

                               അടിഞ്ഞ ചെളിക്കുണ്ടിൽ അടിയും വികാരത്തിൽ 
                                         ദേഹ ദേഹീ വാണ  ചിന്താശകലത്തിൽ ..
                                    ഞെങ്ങി ഞെരുങ്ങിയോ ആത്മനൊമ്പരങ്ങൾ 
                                      ചോദിച്ചുവോ ചോദ്യം 'ഞാനും വരട്ടെയോ '..

                                     സൃഷ്ടാവിനാത്മാവ് മന്ത്രിച്ചുവോ കാതിൽ 
                                        'പാപ പരിഹാരം ,തിരുത്തുക ജീവിതം ..' 
                                     കേണുവോ ആത്മാവ് 'മോക്ഷമേകൂ നാഥാ..'
                                         നൊമ്പരശ്ചായയിൽ അഗ്നിസമാനമായ് ..

                                    വിരഹം വിതുമ്പുന്നു പരതുന്നു വാക്കുകൾ 
                                      സാത്വികചിന്തയിൽ ഓംകാര ധ്വനികളിൽ ..
                                     മഴകാത്ത വേഴാമ്പലായ് മാറി വിരഹവും 
                                       വിരഹം വിരിയിച്ച നൊമ്പരപ്പൂക്കളും ...
(Nandini Varghese-)/   
                                                                ----------------- 

Montag, 19. August 2013

ധ്രുവദീപ്തി // // History // ദേവാലയം ജനപ്രതിനിധികൾക്കും മേൽക്കൂര // George Kuttikattu

ധ്രുവദീപ്തി //  // History 


ദേവാലയം ജനപ്രതിനിധികൾക്കും 
മേൽക്കൂര //

George Kuttikattu



"Have you sometimes heard the voice of the Lord which through a desire, a certain restlessness, invites you to follow Him more closely? Have you had any desire to be aposteles of Jesus."
Pope  Francis.

യൂറോപ്യൻ രാജ്യങ്ങളിൽ ജനാധിപത്യ അടിസ്ഥാനത്തിൽ രാഷ്ട്രീയവും  മതവും പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്നുവെന്നും ജർമനിയിൽ ചില രാഷ്ട്രീയ പാർട്ടികളിലെ അംഗത്വം ഏറെയും ക്രിസ്ത്യാനികളുടേതാണെ ന്നും ജർമൻ പാർലമെന്റു വൈസ്പ്രസിഡണ്ട് വോൾഫ്ഗാംങു തീയർസ്സെ പ്രസിഡന്റ് ആയിരിക്കുമ്പോൾ അഭിപ്രായപ്പെട്ടു. തെക്കൻ ജർമ്മനിയിലെ ഷ്വെറ്റ്സിങ്ങൻ പട്ടണത്തിൽ നടത്തപ്പെട്ട സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി യുടെ ഒരു സമ്മേളനത്തിൽ അദ്ദേഹം പ്രസംഗിക്കുകയായിരുന്നു. രാഷ്ട്രീയ ത്തിൽ ജർമനിയിലെ ക്രിസ്ത്യൻ സഭകളുടെ സജ്ജീവ സാന്നിദ്ധ്യം സാമൂഹ്യ ജീവിതമേഖലകളെ  മാതൃകാപരമായി സ്വാധീനിക്കുന്നുണ്ടന്നും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിലെ ഏകദേശം എഴുപത്തിരണ്ട് ശതമാനം അംഗ ങ്ങളും വിശ്വാസികളായ ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരാണെന്നും ആണ് അദ്ദേഹം വ്യക്തമാക്കിയത് .

ലോകരാജ്യങ്ങൾക്ക് ആകെമാനം മാതൃകയായിക്കൊണ്ട് കത്തോലിക്ക സഭാ ആസ്ഥാനത്ത് നടന്നിരുന്ന അനേകം അഴിമതിക്കെതിരെ നടപടികളും മറ്റു കർശന നിലപാടുകളും സ്വീകരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ നടപടികൾ വിശ്വാസീലോകത്തിനു  മുഴുവൻ ശക്തി പകരുകയാണ്. കത്തോലിക്കാ സഭ യുടെ ഏറ്റവും വലിയ വിമർശകൻ ആരാണെന്ന് ചോദിച്ചാൽ, ഫ്രാൻസിസ് മാർപാപ്പ തന്നെയാണെന്ന് പറയാൻ കഴിയുമെന്ന് വോൾഫ്ഗാംഗ് തീയർസ്സെ പറഞ്ഞു.

ജർമനിയുടെ ദേശീയ രാഷ്ട്രീയ ചരിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെടേണ്ട മഹാ സംഭവങ്ങൾ ഒന്നിന് പുറകെ മറ്റൊന്നായി സംഭവിച്ചുകൊണ്ടിരുന്ന കാലം. മദ്ധ്യയുഗകാലം മുതലേ ക്രിസ്ത്യൻ പുരോഹിത വർഗത്തിന്റെയും ഭരണ കർതൃശ്രേണിയുടെയും സ്വാധീനം അക്കാലത്തെ ജനജീവിതത്തിൽ ഏറെ ആഴത്തിൽ ഊന്നിയിറങ്ങിയിരുന്നു.

1848- ൽ ജർമനിയിലെ ദേശീയ പാർലമെന്റിലേയ്ക്ക് ജനാധിപത്യപരമായി നടന്ന പൊതുതെരഞ്ഞെടുപ്പിലൂടെ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന  ജനപ്രതിനിധികളുടെ സമ്മേളനവേദിയായി മാറിയത് വിശുദ്ധ പൌലോസി ന്റെ നാമത്തിലുള്ള ഫ്രാങ്ക്ഫർട്ടിലെ ദേവാലയമായിരുന്നു.

 Frankfurt National conference-1848
ജർമനിയിലെ ഫ്രാങ്ക്ഫർട്ട് നഗരത്തിന്റെ ഹൃദയ ഭാഗത്തു തലയുയർത്തി നിൽക്കുന്ന പൌലോസ് അപ്പസ്തോലന്റെ നാമത്തിലു ള്ള ഈ ദേവാലയം അറിയപ്പെടുന്നത് ഇന്ന് "ഫ്രാങ്ക്ഫർ ട്ട് പോൾസ്  ചർച്ച്  "എന്നാണ്. ( "ഫ്രാങ്ക്ഫർട്ടർ പൌൾസ് കിയ്ർഹെ"  എന്ന് ജർമൻ ഭാഷയിൽ വിളിക്കുന്നു.)

രണ്ടാം ലോകമഹായുദ്ധം അതിന്റെ എല്ലാ ഭീകരഭാവത്തിലും യൂറോപ്പിൽ സംഹാര താണ്ഡവം നടത്തിക്കൊണ്ട് മുന്നേറുന്നു. ജർമനി ബോംബാക്രമണത്തിൽ അപ്പോൾ കത്തിയെരിയുന്നു. 1944 മാർച്ച് 18- നു തുരു തുരാ ആഞ്ഞടിച്ചിരുന്ന അതി ഭീകരമായ   ബോംബാക്രമണത്തിൽ പൌലോസ് അപ്പ സ്തോലന്റെ നാമത്തിലുള്ള ആ ദേവാലയ വും അഗ്നിക്കിരയായി നിലംപതിച്ചു.

വിവിധ കാലഘട്ടങ്ങളിൽ പുതുക്കിപ്പണികൾ വേണ്ടിവന്നിരുന്ന  ദേവാലയം അന്ന് അവിടെ തകർന്നു വീണത് ചരിത്രത്തിലെ ഒരു ഭീകരസംഭവമായി രുന്നു. അധികകാലം താമസ്സിച്ചില്ല. മഹായുദ്ധം അവസാനിച്ചയുടൻ തന്നെ ദേവാലയത്തിന്റെ പൂർവ്വ രൂപത്തിന് യാതൊരു മാറ്റവും വരുത്താതെതന്നെ  എല്ലാവിധ നവീന സൌകര്യങ്ങളും ചേർത്തുകൊണ്ട് ഫ്രാങ്ക്ഫർട്ട് നഗരത്തി ലെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള സ്ഥാപനമെന്നനിലയിൽ തന്നെ പുനർ നിർമ്മാണം നടത്തി.

ബാർഫ്യുസർ കിയർഹെ :

മദ്ധ്യയുഗത്തിൽ ഫ്രാൻസിസ്കൻ സഭാ സന്യാസികളുടെ ആശ്രമ ദേവാലയമാ യിരുന്നു ഇപ്പോൾ അവിടെ കാണപ്പെടുന്ന സെൻട് പോൾസ് ദേവാലയം. "ബാർ ഫ്യുസർ കിയർഹെ "അഥവാ, "പാദരക്ഷ രഹിത സന്യാസികളുടെ" പള്ളി എന്നാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. ക്രിസ്ത്യൻ മതപരിഷ്കരണ കാലത്ത് (റിഫോർമേഷൻ) തന്നെ ഈ ദേവാലയം ജർമ്മനിയിലെ അന്നത്തെ ദേവാലയങ്ങളിൽ ഏറ്റവും വലുതായിരുന്നു. ഇതിനാൽ 1548- ൽ ലൂതറൻ ചർച്ചിന്റെ ഏറ്റവും പ്രധാന ദേവാലയമായി ബാർഫ്യുസർ ദേവാലയത്തെ അംഗീകരിക്കുകയും ചെയ്തു.

മധ്യയുഗത്തിൽ യൂറോപ്യൻ ഭൂപ്രദേശങ്ങളിൽ രാജഭരണവും രാജ്യങ്ങൾ പിടിച്ചടക്കലും ചോദ്യം ചെയ്യപ്പെടാത്ത ഏകാധിപത്യഭരണവും അധികാര കൈമാറ്റങ്ങളും തകൃതിയായി നടക്കുന്ന കാലമാണ്. ജർമനിയിലും സ്ഥിതി-വിശേഷങ്ങൾ മറ്റൊന്നായിരുന്നില്ല. രാഷ്ട്രവും രാഷ്ട്രീയവും ക്രിസ്തുമതവും തമ്മിൽ വേർപെടുത്താനാവാത്ത  സമ്പർക്കമാണ്‌  ഉണ്ടായിരുന്നത്.

ഫാങ്ക്ഫർട്ടിലും ഇപ്രകാരംതന്നെ ഫ്രാൻസിസ്കൻ ആശ്രമവാസികളുമായി മാറി മാറി വരുന്ന നഗര ഭരണകർത്താക്കൾക്ക് ബന്ധമുണ്ടായിരുന്നു. ആശ്രമ ദേവാലയമായ ബാർഫ്യുസർ പള്ളി നഗരവാസികൾക്ക് പൊതുവിൽ അത് ഇടവക ദേവാലയമായിരുന്നെങ്കിലും അവിടുത്തെ ഇടവക വികാരിത്തവും ഭരണാധികാര കുത്തകയും അന്നത്തെ ചക്രവർത്തിയുടെ അധീനതയിലുള്ള സെൻട് ബർത്തലുമായ് പള്ളിയുടെ കീഴിലായിരുന്നു.

1314- ൽ ലുഡ്വിഗ് നാലാമൻ രാജാവിന്റെ തെരഞ്ഞെടുപ്പ് അന്നത്തെ റോമൻ മാർപാപ്പയുമായി ആദർശപരമായ ഒരു ഏറ്റുമുട്ടലിന് കാരണമാക്കി. ഇതേ സമയം ഫ്രാങ്ക്ഫർട്ടിലെ പുരോഹിതഗണത്തിലും സാരമായ പിളർപ്പുണ്ടായി.  ഇവർ ചേരിതിരിഞ്ഞ് ചക്രവർത്തിയുടെ അനുഭാവികളും മാർപാപ്പയുടെ അനുഭാവികളുമായി രണ്ടായി പിളർന്നു.

1330- നും 1350- നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ ഫ്രാൻസിസ്കൻ ആശ്രമ ദേവാ ലയമായ "ബാർഫ്യുസർ ചർച്ച്" അടച്ചു പൂട്ടിയെങ്കിലും ചക്രവർത്തിയോട് അനുഭാവം പുലർത്തിയിരുന്ന ആശ്രമനിവാസികൾ വിശുദ്ധ കുർബാനയും മറ്റ് ആചാരാനുഷ്ഠാനങ്ങളും ഇടയ്ക്കിടെ നടത്തിയിരുന്നു. പ്രസിദ്ധ ജർമൻ ചരിത്രകാരനായിരുന്ന ജോഹാൻ ജോർജ് ബാറ്റോൻ 1866- ൽ ഫ്രാങ്ക്ഫർട്ടിലെ ഒരു പ്രാദേശിക പ്രസിദ്ധീകരണത്തിൽ ഇക്കാര്യത്തെക്കുറിച്ച് വിശദമായി എഴുതിയിരുന്നു.

1270- ലാണ് പാദരക്ഷരഹിതരായ (ചെരിപ്പുപയോഗിക്കാത്തവർ) ഫ്രാൻസിസ്ക ൻ സഭാസന്യാസികളുടെ ആശ്രമ ദേവാലയം ഔദ്യോഗികമായി ആദ്യമായി  രജിസ്റ്റർ ചെയ്തു പ്രഖ്യാപിക്കപ്പെട്ടത്. എങ്കിലും ഈ പള്ളിയുടെ നിർമ്മാണം പതിറ്റാണ്ടുകൾക്ക് മുൻപ്തന്നെ തീർന്നിരുന്നുവെന്നു ചരിത്രകാരന്മാർ നമ്മെ സാക്ഷ്യപ്പെടുത്തുന്നു. 1238 മുതൽ ഈ ദേവാലയം ഉണ്ടായിരുന്നുവെന്ന്  1706- ൽ ഫ്രാങ്ക്ഫർട്ടിൽ അക്കാലത്ത് പ്രമുഖനായിരുന്ന അഗസ്റ്റസ് ഫൊൻ ലെർസ്നർ പ്രസിദ്ധീകരിച്ചിരുന്ന ലേഖനത്തിൽ വെളിപ്പെടുത്തിയിരുന്നതായി കാണാം.

ഈയൊരു അറിവിനെ ഒന്നുകൂടി സ്ഥിരപ്പെടുത്തുന്നതായ തെളിവുകളാണ് ഹൈൻറിഷ് ക്നോബ്ലോഹ് തുടങ്ങിയ പലരുടെയും ശവക്കല്ലറകളിൽ അന്ന് എഴുതപ്പെട്ടിരുന്ന ജീവിത സാക്ഷ്യങ്ങൾ. വിശ്വാസയോഗ്യമായ ഇത്തരമുള്ള തെളിവുകളനുസരിച്ചു 1221-മുതൽ ജർമനിയുടെ പ്രധാനപ്പെട്ട നഗരങ്ങളിലും ഫ്രാൻസിസ്കൻ പാദരക്ഷാരഹിതരുടെ (സഭാസന്യാസികൾ) ആശ്രമങ്ങളും ദേവാലയങ്ങളും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുന്നുണ്ട്.

പതിമൂന്നാംനൂറ്റാണ്ടിൽ വർദ്ധിച്ചു വന്നുകൊണ്ടിരുന്ന ജനപ്പെരുപ്പം കാരണം ഫ്രാങ്ക്ഫർട്ടു പോലെയുള്ള നഗരങ്ങളിൽ സാമൂഹ്യജീവിതത്തിൽ വലിയ മാറ്റങ്ങൾക്കു കാരണമാക്കി. വിവിധ കാരണങ്ങളാൽ  പ്രശ്നസങ്കീർണമായ ഒരു കാലഘട്ടമായിരുന്നു. ഇതോടെ  ഫ്രാങ്ക്ഫർട്ടിലെ  വിശ്വാസിസമൂഹത്തി ന്റെ ആത്മീയോപദേഷ്ഠാക്കളായും നഗരത്തിൽ സാമൂഹ്യക്ഷേമ പ്രവർത്തന ങ്ങളുടെ മേൽനോട്ടക്കാരായും ഫ്രാൻസിസ്കൻ പാദരക്ഷരഹിത സന്യാസി കൾ മുന്നോട്ടു വന്നു സമൂഹത്തിൽ പ്രവർത്തിച്ചു.

First national assembly
പിന്നീടുള്ള കാലങ്ങളിൽ ഫ്രാങ്ക്ഫ ർട്ടു നഗരസഭയും ആശ്രമവുമായി ഏറെ അടുത്ത ബന്ധങ്ങൾ പുലർത്തിയിരുന്നു. ആശ്രമവും പള്ളിയും പള്ളിയുടെ മറ്റു സ്ഥാപനങ്ങളും ജനങ്ങളുടെ പൊതു ആവശ്യത്തിനായി ഉപയോഗിക്കു വാൻ അനുവദിച്ചു. വിശുദ്ധ കുർബാനയ്ക്ക് പുറമേ, ചക്രവർ ത്തിയുടെയോ രാജാവിന്റെയോ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള വേദിയായും ആശ്രമവക സ്ഥാപ നങ്ങൾ ഒരുക്കിക്കൊടുത്തു. പലപ്പോഴും ആശ്രമമന്ദിരങ്ങൾ നഗര സഭ യുടെ പ്രധാനപ്പെട്ട സ്ഥിരം സമ്മേളനവേദിയായി മാറി. എല്ലാംകൊണ്ടും പല   സൌകര്യങ്ങളോടുകൂടി 1405-ലാണ് നഗരസഭയ്ക്ക് വേണ്ടി റോമാക്കാരുടെ സഹായത്തോടെ ഒരു മന്ദിരം വാങ്ങിയത്.

മനസ്സിലാക്കപ്പെടുന്നത്‌ ഇങ്ങനെയാണ്, വിശുദ്ധ ഫ്രാൻസിസിന്റെ കത്തോലി ക്കാ സഭാചട്ടങ്ങൾക്ക് വിരുദ്ധമായി കാണപ്പെട്ടതും  പിൽക്കാലത്തുണ്ടായ അനവധി നടപടികളും പരിഷ്കാരങ്ങളും മൂലം ജർമനിയൊട്ടാകെയും, അതു പോലെ ഫ്രാങ്ക്ഫർട്ടിലും ആശ്രമഭരണക്രമത്തിൽ സാരമായ വലിയ മാറ്റങ്ങൾ സംഭവിച്ചു. 1469- ൽ ആശ്രമചട്ടങ്ങളുടെ ബഹുമുഖ പരിഷ്കരണങ്ങളുണ്ടായി.   സന്യാസികളുടെ ദാരിദ്ര്യവൃതം പൂർവാധികം ശക്തമായി ബലപ്പെടുത്തുന്ന   തീരുമാനമായി. ഇതുമൂലം സന്യാസികളുടെ എണ്ണത്തിലും സാരമായ കുറവു അനുഭവപ്പെട്ടു തുടങ്ങി. ആശ്രമവക സ്ഥാപനങ്ങൾ ക്രമേണ നഗര സഭയ്ക്ക് വിട്ടുകൊടുത്തു. ഇക്കാലത്ത് ഫ്രാങ്ക്ഫർട്ടിലെ ആശ്രമത്തിലാകെ പത്തോളം സന്യാസിമാർ മാത്രമാണ് അന്തേവാസികളായി ഉണ്ടായിരുന്നത്.

1530 നോടകം ഔദ്യോഗികമായിത്തന്നെ ഫ്രാങ്ക്ഫർട്ടിൽ ക്രിസ്ത്യൻവിഭാഗ  മതപരിഷ്കരണം (റിഫോർമേഷൻ) ഏതാണ്ട് പൂർണമായിക്കഴിഞ്ഞിരുന്നു. 1529 ജൂണ്‍ ഒൻപതിന് പാദരക്ഷരഹിത ഫ്രാൻസിസ്കൻ സന്യാസിമാരുടെ ഒരു ആശ്രമം നഗരസഭയ്ക്ക് പൂർണമായി കൈമാറ്റം ചെയ്തു. ഇതേത്തുടർന്ന് ഉടനെ അക്കാലത്തുണ്ടായിരുന്ന അനവധി സന്യാസികൾ ആശ്രമം ഉപേക്ഷിച്ചുപോ യി വിവാഹിതരായി. അവരിലെ അവസാനത്തെ കണ്ണി, പീറ്റർ ഫൈഫർ നഗരസഭ നിശ്ചയിച്ച മതപ്രസംഗകനായിത്തീർന്നു. അങ്ങനെ, ഫാൻസിസ്കൻ ബാർഫ്യുസർ ചർച്ച് 1548 മുതൽ ജർമനിയിലെ ഏറ്റവും പ്രധാനപ്പെട്ട വലിയ ലൂതറൻസ് ചർച്ചായിത്തീർന്നു.

1833 മെയ് 23 ന് ആശ്രമ ദേവാലയത്തിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന സംഭവം നടന്നു. ഫ്രാങ്ക്ഫർട്ടു നഗരസഭയിലെ ലൂതറൻസ് ചർച്ച്സമിതിയുടെ  അക്കാലത്ത് പുതുക്കിപ്പണിത ദേവാലയത്തിന് പൌലോസ് അപ്പസ്തോല ന്റെ നാമം നൽകണമെന്നുള്ള നിർദ്ദേശം പാസ്സാക്കി ഉത്തരവിട്ടു. ഇത്തരം   തീരുമാനത്തിന് അടിസ്ഥാനമായിരുന്ന ന്യായം പറയുന്നതിങ്ങനെയാണ്: "കത്തോലിക്കാസഭയിലെ ഫ്രാൻസിസ്കൻ പാദരക്ഷരഹിതസന്യാസികൾ ജർമനിയിൽ തീർത്തും അന്യം നിന്നുപോയി." ഇതിനാൽത്തന്നെ ആശ്രമത്തി നും ആശ്രമ ദേവാലയത്തിനും ഉണ്ടായിരുന്ന പേര് പുതുക്കിപ്പണി നടത്തിയ  ദേവാലയത്തിന് ചേരുന്നതല്ലായെന്ന വാദഗതിക്കപ്പോൾ മുൻഗണന ലഭിച്ചത് തികച്ചും സ്വാഭാവികം മാത്രം.

അന്നേദിവസം തന്നെ ജൂണ്‍ ഒൻപതാം തിയതി നടക്കുന്നതായ ഔദ്യോഗിക ഉത്ഘാടന ചടങ്ങിനു വിശുദ്ധ കുർബാനയും മറ്റു ചടങ്ങുകളും ഉണ്ടായിരിക്ക ണമെന്നും നഗരസഭ തീരുമാനിച്ചു. ദേവാലയത്തിലെ ചടങ്ങുകൾ വളരെ ലളിതമായിരുന്നെങ്കിലും ജനപ്രതിനിധികളുടെ മുഴുവൻ സാന്നിദ്ധ്യവും  ആവശ്യവും പ്രസക്തിയും ഏറെ ശക്തമായി തെളിയിക്കു കയും ചെയ്തു.

അനവധി രാഷ്ട്രീയ സംഭവ പരമ്പരകൾക്ക് ജർമനി സാക്ഷ്യം വഹിച്ച കാല ഘട്ടമായിരുന്നു, 1848. പൌരാവകാശങ്ങൾക്കു വേണ്ടി ജനകീയ സമര ങ്ങളും പ്രകടനങ്ങളും മാത്രമായിരുന്നില്ല, ചരിത്രപ്രസിദ്ധമായ മാർച്ച് വിപ്ലവവും അരങ്ങേറി. ജനാധിപത്യ മാതൃകയിൽ ജർമനിയിൽ ആദ്യമായി ഒരു പൊതു തെരഞ്ഞെടുപ്പു വഴി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ  ഉൾക്കൊള്ളു ന്ന ഒരു ജനകീയ പാർലമെണ്ടിനു രൂപം കൊടുക്കുവാൻ തീരുമാനിച്ചു.

1848 മാർച്ച്  31 മുതൽ ഏപ്രിൽ മൂന്നു വരെയുള്ള ദിവസങ്ങളിൽ ഫ്രാങ്ക്ഫർട്ട് വിശുദ്ധ പൌലോസിന്റെ ദേവാലയത്തിൽ വച്ച് അഖില ജർമൻ ദേശീയ അസംബ്ലി കൂടുന്നതിനെപ്പറ്റിയുള്ള പ്രാരംഭ കൂടിയാലോചനകൾ നടന്നു. 1848 മെയ് 18 ന് ജർമനിയിലാദ്യമായി നടന്ന പൊതുതെരഞ്ഞെടുപ്പിലൂടെ അന്ന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അഖില ജർമൻ ദേശീയ പാർല മെണ്ട് - അഥവാ "പൗലോസ്‌ ദേവാലയ പാർലമെണ്ട് " എന്നറിയപ്പെട്ട ദേശീയ അസംബ്ലിക്ക് വിശുദ്ധ പൗലോസിന്റെ നാമത്തിലുള്ള ഫ്രാങ്ക്ഫർട്ടിലുള്ള  ദേവാലയം സാക്ഷിയായി.

ഇപ്രകാരം രാഷ്ട്രീയമായും സാമൂഹ്യമായും മതപരമായും അനവധി കാലാവസ്ഥാമാറ്റങ്ങൾ ഇതിനു ശേഷം ജർമനിയൊട്ടാകെ തുടർച്ചയായി സംഭവിച്ചുകൊണ്ടിരുന്നു. രാഷ്ട്രീയമായ കാരണങ്ങൾ ചരിത്ര നിരീക്ഷക ർക്ക് ഇതേക്കുറിച്ച് ചില ഉറച്ച അഭിപ്രായങ്ങൾ ഉണ്ട്. രണ്ട് ഉദാഹരണങ്ങൾ -

visit of John .F. Kennady
1 ഫ്രാങ്ക്ഫർട്ടിൽ ഉണ്ടായിരുന്ന ക്രിസ്ത്യൻ പുരോഹിതരിൽ ഏറെപ്പേരും   ദേശീയ ജർമൻ ചേരിയിലായിരുന്നു.

2- ക്രിസ്ത്യൻ വിരോധവും അധാർ മ്മിക ചിന്തകളും ദൈവവിരോധ പ്രവർ ത്തനങ്ങളും സദാചാര വിരുദ്ധ പ്രവർത്തികളും സമൂഹത്തിൽ വർദ്ധിച്ചുകൊ ണ്ടിരുന്നു. മാറ്റങ്ങൾക്കു  നേതൃത്വവും പിന്തുണയും കൊടുത്തിരുന്നതെല്ലാം    ജർമനിയിലെ കമ്യൂണിസ്റ്റ്നേതൃത്വവും സോഷ്യലിസ്റ് വാദികളുമായിരുന്നു    

"സ്വാതന്ത്ര്യത്തിന്റെ പ്രതീകമെന്നും ജർമൻജനാധിപത്യത്തിന്റെ തൊട്ടിൽ"  എന്നും വിശേഷിക്കപ്പെടുന്ന "ഫ്രാങ്ക്ഫർട്ടർ പോൾസ് ചർച്"ഇന്ന് (വിശുദ്ധ  പൌലോസിന്റെ ദേവാലയം)  ഒരു ദേശീയ സ്മാരകമാണ്.

1998- ൽ ഫ്രാങ്ക്ഫർട്ടിൽ ചേർന്ന അഖില ജർമ്മൻ ദേശീയ സമ്മേളനത്തിൽ നിരവധി ചരിത്രസാക്ഷ്യങ്ങൾ വഹിച്ചിട്ടുള്ള ഈ ദേവാലയം ജർമനിയുടെ ദേശീയ ഐഖ്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായിത്തന്നെ  പ്രഖ്യാപിക്കപ്പെട്ടു. മതവും രാഷ്ട്രവും രാഷ്ട്രീയവും ജനാധിപത്യവും ഒന്നും ഒരിക്കലും വേർപെട്ടിട്ടില്ല. ജനാധിപത്യത്തിന് എന്നും വഴികാട്ടിയും എല്ലാ ജനപ്രതിനിധികൾക്കും ഒരു മേൽക്കൂരയായും ഫ്രാങ്ക്ഫർട്ട് സെന്റ്‌ പോൾസ് ചർച്ച്‌ സമാധാനത്തിന്റെ പ്രതീകമായി ശിരസുയർത്തി നിൽക്കുന്നു. /gk


(പ്രതിശ്ചായ വാരികയിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം.)

Freitag, 16. August 2013

ധ്രുവദീപ്തി // യാത്രാ വിവരണം // Fort Hackenberg, Part III // ഹാക്കൻബർഗിലെ ഭൂഗർഭ സൈനികത്താവളത്തിൽ ഒരു ദിവസം


 ധ്രുവദീപ്തി // യാത്രാ വിവരണം // Fort Hackenberg, Part III //                                 
ഹാക്കൻബർഗിലെ
ഭൂഗർഭ
സൈനികത്താവളത്തിൽ 
ഒരു ദിവസം.

ജോർജ് കുറ്റിക്കാട്ട് 



Mini Railway line
ഹാക്കൻബർഗിലെ ബങ്കർ നിർമ്മാണത്തിനായി അഞ്ചുവർഷ മെടുത്തു. ആയിരക്കണക്കിന് ടണ്‍ കല്ലുകളും മണ്ണും ഒരു ഭൂഗർഭ ടണ ലിന്റെ  നിർമ്മാണത്തിന് അവിടെ നിന്നും മാറ്റപ്പെടെണ്ടിയിരുന്നു. ടണ ലിലെ എണ്ണമറ്റ-വഴികൾ, മുറികൾ, പ്രതിരോധസെല്ലുകൾ, പീരങ്കി സ്റ്റേ ഷൻ, ആരോഗ്യ-സംരക്ഷണകേന്ദ്രം, അടുക്കള എന്നിങ്ങനെ വിവിധ സവിശേഷതകൾ നാം കാണുന്നു. ഇത്തരം  സവിശേഷതകൾ  പുറ ത്തു നിൽക്കുന്ന ആർക്കും മനസ്സിലാവുകയില്ല. ഒരുപക്ഷെ, ബങ്കറിന് പുറത്തു ഉന്തിനിൽക്കുന്ന കുറെ ഇരുമ്പ് ദണ്ഡുകളും, ഇരുമ്പ് കമ്പിവലകളുടെ ഭാഗങ്ങളും കാണാൻ കഴിയും. അത്രമാത്രം.

ഹാക്കൻബർഗ് ബങ്കർനിർമ്മാണം ഫ്രഞ്ചുസർക്കാരിന്റെ ദീർഘകാല പദ്ധതി-യായിരുന്നെങ്കിലും ജർമൻ സേനയുടെ ശക്തികേന്ദ്രീകരണവും ആയുധവത്ക്കരണവും മൂലം അതിവേഗനിർമ്മാണം അഞ്ചു വർഷങ്ങൾ-കൊണ്ട്‌ പൂർത്തിയാക്കുകയാണ് ചെയ്തത്.

ഹാക്കൻബർഗിലെ ബങ്കർ രണ്ടുബ്ലോക്കുകളായിട്ടാണ് നിർമ്മിച്ചത്‌. ഒന്ന്, പീരങ്കി ആയുധങ്ങൾ കൊണ്ടുവരാനും കൊണ്ടുപോകാനും, രണ്ട്, സൈന്യ-ങ്ങൾക്ക് അകത്തേയ്ക്ക് പ്രവേശിക്കാനും പുറത്തേയ്ക്ക് പോകുവാനും. ബങ്കറിനുള്ളിലെ ചെക്കുപോയിന്റുകൾ ശ്രദ്ധേയമായ മറ്റൊരു സവിശേഷതയാണ്. അവിടെ യെല്ലാം സൈനികകാവൽ  ഉണ്ടായിരുന്നതായി കാണാം. അത്തരം പതിനേഴു പ്രതിരോധ പോസ്റ്റുകളും ചെക്കു-പോയിന്റുകളും അവിടെയുണ്ട്.

ഭൂനിരപ്പിൽനിന്നും ഇരുപത്തിയഞ്ച് മീറ്റർ താഴ്ചയിൽ പല നിലകളിൽ നിർമ്മിച്ചിട്ടുള്ള തുരങ്കതുല്യമായ മുപ്പതുചതുരശ്ര കിലോമീറ്റർ  വിസ്തീർണ ത്തിൽ ഗതാഗതമാർഗ്ഗം നിർമ്മിച്ചിട്ടുണ്ട്. അവിടെ നാലു കിലോമീറ്റർ നീളത്തിൽ ഒരു മിനി റയിൽപാതയും. പീരങ്കി ട്രാൻസ്പ്പോർട്ട് ചെയ്യാനും പരിക്കേറ്റ സൈനികരെ ബങ്കറിനുള്ളിൽ നിർമ്മിച്ചിരിക്കുന്ന  ലസറത്ത് ഹോസ്പ്പിറ്റലിൽ എത്തിക്കുവാനും വേണ്ടി ഈ റയിൽപാത ഉപയോഗിച്ചു. പത്തുകിലോമീറ്റർ ദൂരത്തിൽ പാറകൾ പൊട്ടിച്ചുനീക്കിയാണ് ഈ പാത നിർമ്മിച്ചത്.

ബങ്കറിനുള്ളിലെ ഭിത്തികൾക്ക്‌സുരക്ഷിതത്വം നൽകിയിരിക്കുന്ന കനത്ത സ്റ്റീൽനിർമ്മിത കവചം തകർത്താൽ മാത്രമേ ബങ്കറിനുള്ളിലെ പ്രധാന കേന്ദ്രങ്ങളിലേയ്ക്ക് അക്രമികൾക്ക് പ്രവേശിക്കുവാൻ കഴിയുമായിരു ന്നുള്ളൂ. ഇത്തരം സുരക്ഷാസംവിധാനങ്ങൾ അന്നുണ്ടായിരുന്ന സാങ്കേതിക വിദ്യയുടെ പരിപൂർണതയിൽ തീർത്തിട്ടുള്ളതാണ്. പീരങ്കികൾ ട്രാൻ സ്പോർട്ട് ചെയ്തിരുന്ന മിനിറയിൽപ്പാളത്തിലൂടെ നീങ്ങുന്ന ചെറിയ ബോഗികളിൽ ബങ്കറിനുള്ളിലൂടെ മുന്നോട്ടുനീങ്ങുമ്പോൾ, ഒരു നൂറ്റാണ്ടി ന്റെ രാജ്യസുരക്ഷാ തന്ത്രത്തിന്റെ വെറും  ഒരംശം മാത്രമേ ഞങ്ങൾക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞുള്ളു.
 
1944ൽ ജർമൻ പട്ടാളത്തിന്റെയും അമേരിക്കൻ സൈന്യത്തിന്റെയും ഒരു ഏറ്റുമുട്ടലിൽ ഹാക്കൻബർഗിലെ ബങ്കറിനു സാരമായ കേടു പാടുകളു ണ്ടാക്കി. മോസ്സലിൽ നിന്നും ഉതിർത്തുവിട്ട അമേരിക്കൻ പടയുടെ പീരങ്കിയ്ക്കു ബങ്കറിൽ കയറി ഒളിച്ചിരുന്ന മുപ്പതു ജർമൻ പട്ടാളത്തെ തുരത്തുവാൻ കഴിഞ്ഞു. 
          
 Transport system in Bunker Fort Hackenberg,France

ഹാക്കൻബർഗിൽ താവള മടിച്ചിരുന്നത്‌ 1100 ഫ്രഞ്ചു സൈനികരാണ്. കൂടാതെ കുറെ ഓഫീസർമാരും. പ്രതിരോധ ടീമിന്റെ ജീവിതം ഏറെ ശ്രദ്ധേയ-മായിരുന്നു. ഭക്ഷണം പാകം ചെയ്യൽ വസ്ത്രങ്ങ ൾ അലക്കുന്ന രീതികൾ, അടുക്കളയുടെ പ്രവർത്ത നം, പീരങ്കികളുടെ സൂക്ഷിപ്പ്, ശുദ്ധവായു ലഭ്യമാക്കൽ, ലസറത്തു പ്രവർത്തനം, വായനശാല, കപ്പേളയും വിശുദ്ധ കർമ്മങ്ങളും, വി.ഐ.പി.-കൾക്കുള്ള പ്രത്യേക മുറികൾ ഓഫീസുകൾ, ഇവയെല്ലാം ക്രമം തെറ്റാതെ പ്രവർത്തനസജ്ജമാക്കുവാൻ നിർമ്മിച്ചിരിക്കുന്ന പടുകൂറ്റൻ യന്ത്രങ്ങളിൽ നിന്നും പുറപ്പെടുന്ന ഭീകര ശബ്ദം, ഇവയെല്ലാം അവസ്ഥാഭേദങ്ങൾ വരുത്താതെ ഇന്ന് നാം അവയെ വീണ്ടും കാണുമ്പോൾ ഒരു സൈനിക പ്രതിരോധ സംവിധാനത്തിലെ യാഥാർത്ഥ്യങ്ങൾ മുഴുവൻ നമ്മെ അവ പഠിപ്പിക്കുന്നു. ഇവയെല്ലാം സന്ദർശകർക്ക് ഒരിക്കലും വിസ്മരിക്കപ്പെടാത്ത സ്മരണകൾ പകരുന്നു.

ഒരിക്കലും നമ്മുടെ മനസ്സിനെ വിട്ടുമാറാത്ത പീരങ്കികളും അവയെ സൂക്ഷിച്ചിരുന്ന കണ്‍ടയ്ന റുകളും പ്രത്യേക മുറികളും മിനി റയിൽ പാളവും സൈനികപ്രതിമകളും, യൂണിഫോറങ്ങളും, എല്ലാം ഒരു യുദ്ധം  ആർക്കു-വേണ്ടി എന്തിനുവേണ്ടി എന്ന ചോദ്യങ്ങൾ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും വീണ്ടും വീണ്ടും ഞങ്ങളിൽ ഉയരുകയാണ്.
          
ബങ്കറിനുള്ളിൽ സഹായിയായി ഞങ്ങളെ നയിച്ചിരുന്ന, എപ്പോഴും തുരുതുരാ സംസാരിച്ചുകൊണ്ട് ഞങ്ങളോട് ചേർന്ന് നടക്കുന്ന അറുപത്തിഏഴുകാരൻ ഫ്രഞ്ചുകാരന്റെ നാവിൻതുമ്പിൽ, ബങ്കറിലെ പാതയോരത്ത് ഒലിച്ചിറങ്ങുന്ന ഉറവത്തുള്ളികളുടെ നനവിൽ കുതിർന്ന, ഇളംകാറ്റിന്റെ തണുപ്പുള്ള ബങ്കറിന്റെ ജീവിക്കുന്ന കഥകൾ ആഞ്ഞു തുടിക്കുന്നുണ്ടായിരുന്നു.

ഏറെ അത്ഭുതകരമായി ഞങ്ങളെ ആകർഷിച്ചത്, ബങ്കറിന്റെ ഉൾ ഭിത്തികൾ കട്ടിയുള്ള ലോഹത്തകിടുകൊണ്ട് പതിപ്പിച്ചിരുന്നതാണ്. അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ഏതൊരു ആക്രമണത്തെയും ഫലപ്രദമായി ചെറുത്തു നിൽക്കുവാൻ ഈയൊരു ക്രമീകരണം മാത്രമേ കരണീയമായിരുന്നുള്ളൂ.

പ്രതിരോധ ടവറിനുള്ളിലെ പീരങ്കി തൊടുത്തു വിടുന്നതുൾപ്പടെ അനേകം കാര്യങ്ങൾ ഞങ്ങളുടെ സഹായി ഇടമുറിയാതെ പറഞ്ഞു കൊണ്ടിരുന്നു. ഞങ്ങൾ അവയെല്ലാം മനസ്സിലാക്കിയോ എന്നത് അദ്ദേഹത്തിന് വെറും രണ്ടാംകാര്യമായിരുന്നു.

ഒരു പകൽ മുഴുവൻ സൂര്യവെളിച്ചമില്ലാത്ത ഭൂഗർഭ സൈനികത്താവള ത്തിലെ കൃത്രിമവെളിച്ചത്തിൽ നടന്നുനീങ്ങിയ എന്റെ ചിന്തയും ഏറെ ആഴത്തിൽ വികലവുമായിരുന്നു. ഇവിടെ താമസിച്ചിരുന്ന ആയിരത്തി ലേറെ മനുഷ്യർ മാസ്സങ്ങളോളം പകൽസൂര്യനെ ഒരുനോക്ക് പോലും കാണാതെയാണല്ലോ ജീവിച്ചത്! അവരുടെ മാനസ്സിക നിലയും അവരിൽ ഉണ്ടായിരുന്നിരിക്കാവുന്ന "ഡിപ്രഷൻ"ഏതു വിധമായിരുന്നിരിക്കാം എന്ന് നമുക്ക് സങ്കൽപ്പിക്കാം.

ഈ അവസ്ഥയുടെ ഭീകരതയിൽനിന്നും ഒളിച്ചോടാൻ അവർ സ്വീകരിച്ചി രുന്ന മാർഗ്ഗം ആൽക്കഹോൾ മാത്രമായിരുന്നു. ഓരോരുത്തരും ഉച്ചയ്ക്കും വൈകിട്ടും റെഡ് വൈനും കൂടാതെ ആവശ്യത്തിലേറെ മറ്റു മദ്യവും കഴിക്കു-മായിരുന്നു. ഇവയെക്കുറിച്ചെല്ലാം ഞങ്ങളോട് വിശദീകരിച്ചു പറഞ്ഞുതന്ന സഹായി ഞങ്ങൾക്ക് ഇവയിൽ ഒന്നും നൽകാതെ സ്വതസിദ്ധമായി തോന്നി-പ്പിക്കുന്ന സ്നേഹപുഞ്ചിരിയിൽ പൊതിഞ്ഞ ചരിത്ര സ്മരണകൾ നൽകി ഞങ്ങളെ സമാശ്വസിപ്പിച്ചു തൃപ്തിപ്പെടുത്തി.

ഫോർട്ട്‌ ഹാക്കൻബർഗിലെ യുദ്ധ പ്രതിരോധ സജ്ജീകരണങ്ങളുടെ അതിശ യകരമായ അവശിഷ്ടങ്ങൾ ദർശിക്കുന്നതിനുള്ള അസാധാരണ അവസരം ലഭിച്ചത് ഒരു വലിയ അനുഭവമായിരുന്നു.  ഫോർട്ട്‌ ഹാക്കൻബർഗ് വെറുമൊരു മിലിട്ടറി കേന്ദ്രം മാത്രമായിരുന്നില്ല. പിന്നെയോ? ഒരു മഹായുദ്ധത്തിന്റെ അവസാന ചിഹ്നം പോലെ, അക്രമരാഷ്ട്രീയത്തിന്റെ തീക്കനലുകൾ എരിഞ്ഞടങ്ങിയിടത്തെ ജനജീവിത രക്ഷാകവചത്തിന്റെ മായാത്ത അടയാളമായി നിലകൊള്ളുന്നു.

പിറകോട്ടു ഞാൻ പിന്നിട്ടത് ഒരു കഷണം ചരിത്രത്തിന്റെ ഭാഗങ്ങൾ മാത്രം - ബങ്കറിനുള്ളിലെ കൃത്രിമ വെളിച്ചത്തിൽ ഒരു രണ്ടര മണിക്കൂർ ചുറ്റിനടന്നു കാണാൻ കഴിഞ്ഞത് തീർച്ചയായും ഒരു വീണ്ടു വിചാരത്തിലേയ്ക്കാണ് എന്നെ നയിച്ചത്. ഒരു യുദ്ധകാല പടയാളികളായി അന്ന് അവിടെ ഞങ്ങളായിരുന്നു എത്തിയിരുന്നതെങ്കിൽ, ഇപ്പോഴുള്ള ഞങ്ങളിലെ സ്വാതന്ത്ര്യ വിചാരത്തിൽ, ഒരിക്കലും അങ്ങനെയൊരു ആത്മസംതൃപ്തി ഉണ്ടാവില്ലെന്നത് ഉറപ്പായിരുന്നു. /gk
(അവസാനിച്ചു. )
*"പ്രതിശ്ചായ "വാരികയിൽ പ്രസിദ്ധീകരിക്കപ്പെട്ട യാത്രാവിവരണം