Donnerstag, 4. Februar 2016

ധ്രുവദീപ്തി // Church In India // വൃദ്ധവിലാപം // കൽദായ വാദം - റീത്തിലെ ചില വിവരക്കേടുകൾ: ടി. പി. ജോസഫ് തറപ്പേൽ

ധ്രുവദീപ്തി // Church In India // വൃദ്ധവിലാപം // 
 
വി. മത്തായിയുടെ സുവിശേഷം 10 ഉം 27 ഉം വാക്യങ്ങളിൽ പറയുന്നു: "നിങ്ങൾ മനുഷ്യരെ ഭയപ്പെടേണ്ട. മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അന്ധകാരത്തിൽ ഞാൻ നിങ്ങളോട് പറയുന്നവ പ്രകാശത്തിൽ പറയുവിൻ, ചെവിയിൽ മന്ത്രിച്ചത് പുരമുകളിൽനിന്നു പ്രഘോഷിക്കുവിൻ". അതായത്, ആരും സത്യങ്ങൾ മൂടി വയ്ക്കുവാൻ സത്യവാനായ ദൈവം അനുവദിക്കുന്നില്ല. സത്യങ്ങൾ തുറന്നു പറയുവാനുള്ള സ്വാതന്ത്ര്യം ദൈവം തന്റെ അരുമ മക്കൾക്ക് കൊടുത്തിട്ടുണ്ട്.

കൽദായ വാദം- 
റീത്തിലെ ചില വിവരക്കേടുകൾ:

ടി. പി. ജോസഫ് തറപ്പേൽ

ടക്കാലത്ത് കൽദായവാദികൾ മൂന്ന് പുതിയ കടമുള്ള ദിവസങ്ങൾ കൂടി  പ്രഖ്യാപിച്ചു. ആദ്യം, കടമുള്ള ദിവസം പോലെ ആചരിക്കണമെന്ന് പറഞ്ഞു. പിന്നെ, അസ്സൽ കടമുള്ള ദിവസങ്ങളായി പ്രഖ്യാപനം നടന്നു. ജനുവരി 6-നു ദനഹ, ഉയിർപ്പിന്റെ 40-)0 ദിവസം സ്വർഗ്ഗാരോഹണം, ജൂൺ 29- ന് പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ. അതിനെതിരായി സത്യദീപത്തിൽ മൂന്നു തവണ ഞാൻ പ്രതികരിച്ചു. ഏതായാലും അത് പിന്നെ റദ്ദാക്കി. ആ പ്രഖ്യാപനം ഇപ്പോഴും കാനോനയിൽ ഉണ്ടെന്നാണ് എന്റെ അറിവ്.

കഴിഞ്ഞ കൊല്ലം പിന്നെയും ജൂൺ 29 കടമുള്ള ദിവസമാണെന്ന് രൂപതാ ബുള്ളറ്റിനിൽ ഞാൻ വായിച്ചു. ഏതായാലും ചെങ്ങളം ഇടവകപ്പള്ളിയിൽ അങ്ങനെ ഒരു പ്രഖ്യാപനം നടന്നില്ല. പക്ഷെ, വയലുങ്കൽ കുരിശുപള്ളിയിൽ 29-ന് കടമുള്ള ദിവസമാണെന്ന് തലേ ഞായറാഴ്ച പ്രഖ്യാപനമുണ്ടായി. കുരിശുപള്ളിക്കാർക്ക് അന്ന് കടമുള്ള ദിവസമായിരുന്നു. അധികാരികളുടെ ബോധത്തിന്റെ കുറവ്!
 
പ്രധാനപ്പെട്ടവർ കുഞ്ഞുങ്ങൾ : ഫ്രാൻസിസ് മാർപാപ്പ
ഫ്രാൻസിസ് മാർപാപ്പ 2014-ൽ സിസ്റ്റൈൻ ചാപ്പലിൽ വച്ച് യേശുവിന്റെ ജ്ഞാന സ്നാനത്തിരുന്നാൾ ദിവസം 32 കുഞ്ഞുങ്ങൾക്ക്‌ മാമ്മോദീസാ നൽകി. അന്ന് അദ്ദേഹം അമ്മമാരോട് പറഞ്ഞതിപ്രകാരമാണ്: " സിസ്റ്റൈൻ ചാപ്പലിൽ വച്ചാണെങ്കിലും മാർപാപ്പയുടെ കുർബാനയ്ക്കിടയിൽ ആണെങ്കിലും കുഞ്ഞുങ്ങൾക്ക്‌ വിശന്നാൽ അവർക്ക് ആഹാരം കൊടുക്കണം. അവരെ മുലയൂട്ടണം എന്നാണു. കാരണം ആ കർമ്മത്തിൽ അവരാണ് പ്രധാനം". നമ്മുടെ റീത്തിൽ, മാർത്തോമ്മാക്കുരിശുവാദികളുടെ ഇടയിൽ റീത്താണ് പ്രധാനം. കുഞ്ഞുങ്ങൾക്ക്‌ സ്ഥാനമില്ല. കുഞ്ഞുങ്ങൾ എത്ര കരഞ്ഞാലും കൂദാശകൾ മൂന്നും കൊടുത്ത് കഴിഞ്ഞാലേ അവർക്ക് രക്ഷയുള്ളൂ. ചൂടും ആവിയും പരവേശവുമായിട്ട് കഴിയുക അത്രതന്നെ. ഏതായാലും മാമ്മോദീസാ തൊട്ടിയിലെ വെള്ളത്തിൽ മുക്കാത്തത് കാരണവന്മാർ ചെയ്ത പുണ്യത്തിന്റെ ഫലം.

ലത്തീൻ പണവും സുറിയാനിപ്പണവും.

നേരത്തെ പഠിച്ചു വച്ചിരുന്നത് നിയമം മനുഷ്യന് വേണ്ടിയാണ്, അല്ലാതെ മനുഷ്യൻ നിയമത്തിന് വേണ്ടി അല്ലായെന്നാണ്. പക്ഷെ, ഇന്ന് മനസ്സിലായി തുടങ്ങിയിരിക്കുന്നത് മനുഷ്യൻ റീത്തിനു വേണ്ടിയാണ്, അല്ലാതെ റീത്ത് മനുഷ്യന് വേണ്ടിയല്ലാ എന്നാണല്ലോ. അടുത്ത കാലത്ത് ഒരു കത്തോലിക്കാ വാരികയിൽ വായിക്കാനിടയായ ഒരു കാര്യം ഇവിടെ കുറിക്കാം. ഡൽഹിയിൽ ഈ അടുത്ത കാലത്തായി ഫരിദാബാദ് രൂപത എന്ന പേരിൽ സീറോ മലബാർ സഭയ്ക്ക് ഒരു പുതിയ രൂപത നിലവിൽ വന്നിട്ടുണ്ടല്ലോ. ഒരാൾ എഴുപതു എൺപത് കൊല്ലങ്ങൾക്ക് മുമ്പ് ഡൽഹിയിൽ ജനിച്ചു ലത്തീൻ റീത്തിൽ മാമ്മോദീസയും മുങ്ങി. അയാൾ വിവാഹജീവിതത്തിൽ പ്രവേശിച്ച്, മക്കളും മക്കളുടെ മക്കളും ആയിക്കഴിഞ്ഞപ്പോൾ പുതിയ രൂപത വന്നു. പുതിയ നിയമങ്ങൾ ഉണ്ടായി. ഇനി അയാൾ മരിക്കണമെങ്കിൽ, അയാളുടെ മാതാപിതാക്കന്മാർ സീറോ മലബാറുകാരായിരുന്നെങ്കിൽ, സുറിയാനിക്കാർ ആയിരുന്നെങ്കിൽ സുറിയാനി റീത്തിലെ മരിക്കുവാൻ അവകാശമുള്ളൂ എന്ന നിലയായി. അപ്പോൾ, ഇതാർക്ക്? അത്മേനിക്ക് മാത്രം !
 
 യൂറോപ്പ്- സീറോ മലബാർ കുർബാനയും 
മോഹിനിയാട്ടവും 
അതേസമയം ലത്തീനിൽ ചേർന്ന് ജോലി ചെയ്യുന്ന, ലത്തീൻ രൂപതയിലെ  അവരുടെ നിരവധി  സ്ഥാപനങ്ങളിൽ ജോലിചെയ്തു പ്രതിഫലം വാങ്ങുന്ന സുറിയാനി മെത്രാന്മാർക്കും, സുറിയാനി സഭയിലെ ഓരോരോ  വൈദികർക്കും, ഓരോരോ കന്യാസ്ത്രികൾക്കും ഈ നിയമം അവർക്ക് ബാധകമേയല്ലല്ലോ! അവർക്ക് എന്തുമാകാം(ചിത്രം). ലഭിക്കുന്ന ലത്തീൻ പണം സുറിയാനി പണമാക്കി അവർ പരിവർത്തനം ചെയ്യും. അത് ഒട്ടും നിഷിദ്ധമല്ല. അവർക്ക് ലത്തീനിൽ തുടരാം, മരിക്കാം, നിയമങ്ങളെല്ലാം പിന്നെ ആർക്കാണ് ബാധകം? പാവം മണ്ടൻ അത്മേനികൾക്ക്! അതേസമയം ലത്തീൻ മഠങ്ങളിൽ അംഗമായി ചേരാൻ മാത്രം സുറിയാനി മെത്രാൻ സുറിയാനിറീത്തിൽപ്പെട്ട ഒരു പെണ്ണുങ്ങളെ അനുവദിക്കുകയില്ല.

ഒരു ഉറ്റ സുഹൃത്തിന്റെ ഗതികേട്.

ഒരു പഴയ സുഹൃത്ത് പറഞ്ഞ കാര്യമാണ് ഓർമ്മയിൽ വരുന്നത്. ഒരു അദ്ധ്യാപക സുഹൃത്തായിരുന്നു, ശുദ്ധഹൃദയൻ, ഇന്നദ്ദേഹം ജീവിച്ചിരിപ്പില്ല. അദ്ദേഹം ഒരിക്കൽ എന്നോട് പറഞ്ഞു: നിയമങ്ങളെല്ലാം എട്ടുകാലി വല പോലെയാണ്. ചെറിയ ഇരകൾ വരുമ്പോൾ അതിൽ കുടുങ്ങും. വലിയവ വരുമ്പോഴോ വലകൾ പൊട്ടിച്ചു അവയ്ക്ക് തോന്നുന്നിടത്തെയ്ക്ക് പോകും. ഇതാണ് ലോകം. ആ സുഹൃത്ത് അവസാനം എന്തുചെയ്തു? നല്ലപ്രായത്തിൽ അച്ചന്മാർ എന്തുപറഞ്ഞാലും അതെല്ലാം അതേപടി സ്വീകരിക്കുന്ന സ്വഭാവം. വർഷങ്ങൾ ഞങ്ങൾ ഒരേ മേശയ്ക്കൾ ഇരുന്നു ജോലി ചെയ്തു. കുറെ ഉത്തമ സുഹൃത്തുക്കൾ, വയസ്സ് തൊണ്ണൂറു കഴിഞ്ഞപ്പോഴേയ്ക്കും അച്ചന്മാരെ മാത്രമേ വിശ്വാസമുണ്ടായിരുന്നുള്ളൂ. സ്വന്തക്കാരെയോ ബന്ധക്കാരെയോ ആരെയും വിശ്വാസമില്ല. ഭാര്യ നേരത്തെ മരിച്ചു പോയിരുന്നു. ഒരു മകൻ മാത്രം ശേഷിച്ചു.

അവന്റെ കല്യാണം നടന്നിട്ടില്ല. അദ്ദേഹത്തിൻറെ വളരെ അടുത്ത ബന്ധു, എന്റെ ഒരു സഹപാഠി, എന്നോട് പറഞ്ഞു: ഞാൻ പറഞ്ഞാൽ മകന്റെ കല്യാണം നടക്കുമായിരിക്കും. അവരെ ആരെയും ആ സാറിനു വിശ്വാസമില്ല. ഞാൻ സാറിനെ പോയി കണ്ടു. കല്യാണാലോചനയ്ക്ക് സമ്മതം മൂളി. " എന്റെ ചെറുക്കന് ആവശ്യത്തിനു സമ്പത്തുണ്ട്. അതുകൊണ്ട് സ്ത്രീധനമായിട്ട് പെൺ വീട്ടുകാർ മനസ്സുള്ളതു തന്നാൽ മതി. സ്ത്രീയാണ് ധനം" എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർത്തു. എന്തെങ്കിലും ഒരു ആലോചനയ്ക്ക് തുടക്കം ഇടുന്നതിനു മുമ്പ് തന്നെ, ആ മാസം തന്നെ, ആ സുഹൃത്ത് മരിച്ചു...

അദ്ദേഹം തന്റെ സമ്പാദ്യം മുഴുവനും, സ്ഥാവരജംഗമ വസ്തുക്കളും എല്ലാം രൂപതയ്ക്ക് വിട്ടുകൊടുത്തു. ആ മകൻ ഇന്ന് ഏതോ സ്ഥാപനത്തിൽ ഏതോ അനാഥനായി,  അല്ലാ, സനാഥനായിട്ട് കഴിയുന്നു. 

അങ്ങനെ, സാമ്പത്തികമായി ക്ലേശിച്ചിരുന്ന രൂപതയുടെ സാമൂഹ്യസേവന  പ്രവർത്തനത്തിന് കരുത്തേകി. ആവക സൗകര്യങ്ങളെല്ലാം രൂപത അങ്ങനെ അദ്ദേഹത്തിന് ഒരുക്കിക്കൊടുത്തു. 

96-)0 വയസ്സിൽ അദ്ദേഹം സ്വർഗ്ഗം പൂകി. ഇപ്പോൾ എട്ട് വർഷങ്ങൾ പിന്നിട്ടു. സമ്പന്നനായിരുന്നതുകൊണ്ട് അദ്ദേഹത്തെ കുടുംബക്കല്ലറയിൽ സംസ്കരിച്ചു കാണണം. രൂപതാദ്ധ്യക്ഷൻ ആയിരുന്നു ചടങ്ങുകൾക്ക് അന്ന് കാർമ്മികൻ എന്നാണെന്റെ ഓർമ്മ. തിമിര ശസ്ത്രക്രിയ ചെയ്തു കഴിഞ്ഞ ഉടനെ ആയിരുന്നതുകൊണ്ട് വീട്ടിലെ കർമ്മങ്ങളിൽ മാത്രമേ പങ്കെടുക്കുവാൻ കഴിഞ്ഞുള്ളു... 

സത്യത്തിന്റെ ഒരു തരി. 

Tomb of Saint Alphonsa
അൽഫോൻസാമ്മ മരിക്കുമ്പോൾ ഞാൻ ഭരണങ്ങാനത്ത് അന്ന് ഹൈസ്കൂളിൽ പഠിക്കുകയായിരുന്നു. സംസ്കരിക്കുവാൻ കൊണ്ടുപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവിടെ ചേർന്നിട്ട് ഏതാണ്ട് രണ്ടു മാസംമാത്രം.. സിമിത്തേരി ചാപ്പൽ അതിനു മുമ്പേ ഉണ്ടായതാണ്. അന്ന് മദ്ബഹായിലെ കല്ലറകൾ അച്ചന്മാർക്ക് വേണ്ടിയുള്ളത്. അതിനു താഴോട്ടുള്ള കല്ലറകളിൽ ആദ്യത്തെ നിര അമ്മമാർക്ക് വേണ്ടിയുള്ളത് .അതിലൊരെണ്ണമായിരുന്നു അൽഫൊൻസാമ്മയ്ക്ക് കിട്ടിയത്. പ്രത്യേക കല്ലറ ഒന്നുമല്ല, അത് സ്വന്തം പേരിൽ പതിച്ചു കിട്ടിയത് അടയാളങ്ങൾ കാട്ടിത്തുടങ്ങി യപ്പോൾ മാത്രം. സംസ്കാരത്തിന് വി.ഐ.പി.കൾ ആരും ഇല്ലായിരുന്നു. അമ്മമാരുടെ കല്ലറകൾക്ക് താഴോട്ടുള്ളത് എല്ലാം അന്ന് പൊതുജനത്തിനുള്ള കല്ലറകൾ ആയിരുന്നു.

മലബാർ സഭയുടെ ആദ്യത്തെ അതിരൂപതയായിരുന്ന എറണാകുളം അതി രൂപതയുടെ കല്ലറകളെ സംബന്ധിച്ചുള്ള നിയമാവലിയിൽ പറഞ്ഞിരിക്കുന്നത് "വ്യക്തികല്ലറകളും കുടുംബക്കല്ലറകളും പ്രോത്സാഹിപ്പിക്കേണ്ടവയല്ല" എന്നാണ്. എന്നാൽ കാഞ്ഞിരപ്പള്ളി രൂപതയുടെ നിയമാവലിയിൽ ഇതാണ് പറഞ്ഞിരിക്കുന്നത് (രൂപതാ ബുള്ളറ്റിൻ 2013 ജനുവരി ലക്കം), കുടുംബക്കല്ലറ അവകാശപ്പെടുത്തിയവർക്ക് 90 വർഷങ്ങൾ വരെയോ അല്ലെങ്കിൽ മൂന്നു തല മുറകൾ വരെയോ മാത്രമേ ഉപയോഗിക്കുവാൻ അവകാശമുള്ളൂ.

ചില ഇടവകപ്പള്ളികൾക്ക് പത്തും പതിനഞ്ചും ഏക്കർ സ്ഥലം ഉണ്ട്. അവിടെ കല്ലറകൾക്ക് വേണ്ടി വളരെ ഇടുങ്ങിയ, ഏറിയാൽ 400- 500 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലുള്ള ശവക്കോട്ടകൾ മാത്രമാണ് ഉള്ളത്. അതിനുള്ളിൽ ഒരിഞ്ചു പോലും ഒരു കല്ലറയിൽ നിന്നും മറ്റൊരു കല്ലറയിലേയ്ക്ക് അകലം ഇല്ലാതെയാണ് കല്ലറകൾക്ക് സ്ഥലം നല്കുക. ശവക്കല്ലറകൾക്ക് മുകളിൽ ചവുട്ടികയറി നിന്നുവേണം മറ്റേ കല്ലറയിൽ നടത്തപ്പെടുന്ന ശവ സംസ്കാരം നടത്തുവാൻ കഴിയൂ. മെത്രാനും വൈദികരും അത്മേനികളും എല്ലാവരും മരിച്ചുപോയ ഒരാളുടെ ശവശരീരത്തോട് ഒരു ബഹുമാനവും കൊടുക്കാത്ത വിവരക്കേടിനു ആര് സഹായിക്കും?
സീറോ മലബാർ ചർച് സെമിത്തേരി
മരിച്ചവരെയെല്ലാം അടക്കം ചെയ്തിരിക്കുന്ന കല്ലറകളും  അവരുടെയൊക്കെ ജീവിതാന്തസ് കാത്തുപരിപാലിക്കാനും,  അവയെ വൃത്തിയായി സംരക്ഷിക്കുവാനും  നമുക്ക് അവകാശമുണ്ട്‌. ഇതിനു കല്ലറകൾക്കായി ആവശ്യമായ സ്ഥലം ഇടവകയുടെ പതിനഞ്ച് ഏക്കർ വരുന്ന വലിയ സ്ഥലത്തിൽ നിന്നും മാറ്റിയെടുക്കുവാൻ സ്ഥലം സീറോമലബാർ പള്ളിയധികാരികൾ ചിന്തിക്കേണ്ടതാണ്. അത്മേനികൾ ദാനം ചെയ്തതാണ് പള്ളിയുടെ സ്ഥലങ്ങൾ.

ഇപ്പോഴോ, സ്ഥിരാവകാശം പള്ളിയുടെതാണ്. എന്നുവച്ചാൽ മെത്രാന്റെത്. 90 വർഷത്തെ കല്ലറകളുടെ കൈവശാവകാശം മാത്രമേ പാട്ടക്കാർക്കു ഉള്ളൂ. പിന്നീടും കുടുംബാംഗങ്ങൾക്ക് കൈവശം വയ്ക്കണമെന്നുണ്ടെങ്കിൽ അന്നത്തെ നിരക്കിൽ പിന്നെയും രൂപ കൊടുത്താൽ മാത്രമേ കൈവശാവകാശം പതിച്ചു പുനസ്ഥാപിച്ചു കിട്ടുകയുള്ളൂ. 

പള്ളിക്ക് പൊതുക്കല്ലറകൾ അനിവാര്യമാണ്. അതുപോലെ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും പ്രാദേശിക ഭരണാധികാരികളും സർക്കാരും കേരളത്തിൽ പൊതുക്കല്ലറകൾ ഉണ്ടാക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടതാണ്. ഒരാളെ അടക്കിയശേഷം വീണ്ടും പിന്നീടൊരാളെ സംസ്കരിക്കുന്നതിനാവശ്യം വരുന്നതുവരെ,  അവിടെ കാണപ്പെടുന്ന കല്ലറ ആദ്യത്തെ ആളിന്റെ തന്നെ യെന്നു കാണാനുള്ള ബോധം ആർക്കും ഉണ്ടാകണം. രൂപതയും പള്ളികളും  തടിച്ചുകൊഴുത്ത കാശുണ്ടാക്കുന്നതിനുവേണ്ടി  കൊണ്ടുവന്ന ഒരു വമ്പൻ  വ്യവസായമാണ്‌ ഇടവകകളിലെ മരിച്ചവരുടെ മൃതശരീരത്തെ വില പേശി നടത്തുന്ന  അധാർമ്മിക കല്ലറ വ്യവസായം. ജീവനില്ലാത്ത, മൃതശരീരത്തിന് പ്രതികരിക്കാനാവില്ലല്ലോ // -
------------------------------------------------------------------------------------------------------------------

Visit  
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER: Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
E-mail: dhruwadeeptionline@gmail.com
  

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.