Freitag, 28. Februar 2014

ധ്രുവദീപ്തി // History/ Part II - സ്വാതന്ത്ര്യത്തിനു വിലപേശിയ അസാധാരണ സന്ധിസംഭാഷകൻ -വോൾഫ്ഗാംഗ് ഫോഗെൾ - Part-2 // George Kuttikattuധ്രുവദീപ്തി // History/  Part-II


സ്വാതന്ത്ര്യത്തിനു വിലപേശിയ അസാധാരണ സന്ധിസംഭാഷകൻ -വോൾഫ്ഗാംഗ് ഫോഗെൾ - Part-2

ജോർജ് കുറ്റിക്കാട്

1954 -വോൾഫ്ഗാംഗ് ഫോഗെളിന്റെ ഔദ്യോഗിക വൃത്തിയിൽ വളരെവേഗം ശ്രദ്ധയാർജ്ജിച്ച മാറ്റങ്ങൾ ഉണ്ടായി. ഈസ്റ്റ് ബർലിൻ അഭിഭാഷക ബാറിൽ അംഗീകരിക്കപ്പെട്ട വക്കീലായി ഉയർത്തപ്പെട്ടു. പിന്നീട് മൂന്നു വർഷങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിനു വെസ്റ്റ് ബർലിൻ കോടതികളിൽ പ്രാക്ടീസ് ചെയ്യുവാൻ അനുവാദവും  ലഭിച്ചു. 1961-ൽ ശീതയുദ്ധത്തിന്റെ ചരടുകൾ പാകിയിട്ടുള്ള രാജ്യങ്ങളുടെ ചാരന്മാരുടെയും അവർക്കുവേണ്ടി അന്ന് പ്രവർത്തിച്ച ഏജന്റുമാരുടെയും കൈമാറ്റ കാര്യങ്ങളിൽ അദ്ദേഹം മദ്ധ്യസ്ഥത നിന്നത്  ആദ്യത്തെ വിജയകരമായ സമാധാന ശ്രമം ആയിരുന്നു. അമേരിക്കയുടെയും സോവ്യറ്റ് റഷ്യയുടെയും തടവുകാരെ പരസ്പരം കൈമാറ്റം ചെയ്യുകയെന്ന വിജയകരമായ ദൌത്യം ആയിരുന്നത്.

1962 ഫെബ്.10 നു സോവ്യറ്റ്പട്ടാളം, സ്പൈ വർക്ക് ചെയ്ത അമേരിക്കൻ വിമാനത്തെ  വെടിവച്ചു വീഴ്ത്തി, അന്ന് തടവിലാക്കിയ അമേരിക്കൻ ചാരസംഘത്തിലെ പൈലറ്റ്‌ ഫ്രാൻസിസ് ഗാറി പവേർസിനെ സോവ്യറ്റ് ചാരനും കമ്യൂണിസ്റ്റ് നേതാവുമായ റുഡോൾഫ് ആബേലിനു പകരമായി  പോസ്റ്റ്‌ ഡാമിലെ ഗ്ലീനിക്കർ പാലത്തിൽ വച്ചു പരസ്പരം മോചിപ്പിക്കൽ കൈമാറ്റം നടത്തി. ഈ കൈമാറ്റ ഉദ്യമവും തുടർന്നുണ്ടായ അതിന്റെ ഫലവും മനസ്സിലാക്കിയ ഇരുരാജ്യശക്തികളും വോൾഫ്ഗാംഗ്  ഫോഗെളിനെ ഇടനിലക്കാരനായി  അംഗീകരിച്ചു കഴിഞ്ഞു. അദ്ദേഹത്തിനു ഇതോടെ ജർമനികളുടെ പുനരൈക്യ ചരിത്രത്തിലെ  ആദ്യപടിയിൽ പ്രവേശിക്കുവാൻ അത് കാരണമാക്കി.


GLIENICKER BRIDGE  IN  POSTDAM - BERLIN

ഈ ചരിത്രവിജയം മുതൽ സമാനതകളില്ലാത്ത പ്രവർത്തിമാനങ്ങളിലെയ്ക്ക് അതിവേഗം അദ്ദേഹം കുതിച്ചുയരുകയായിരുന്നു. ബെർലിൻ ഭിത്തിയുടെ തകർച്ചദിവസം വരെയും ഇരുപത്തിമൂന്ന് രാജ്യങ്ങളിൽ നിന്നുള്ള 150 രഹസ്യചാരന്മാരെയും ഏജന്റുമാരെയും ജയിലുകളിൽ നിന്നും മോചിപ്പിച്ചു. പരസ്പരം കൈമാറ്റം നടത്തി സ്വതന്ത്രരാക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇങ്ങനെ മോചിപ്പിക്കപ്പെട്ട തടവുകാരിൽ പ്രമുഖ തടവുകാരൻ ആയിരുന്നു, വെസ്റ്റ് ജർമൻ ചാൻസിലർ വില്ലി ബ്രാണ്ടിനെ ഒറ്റുകൊടുത്തു നിമിഷ രാജിക്ക് ഇടയാക്കിയ ഈസ്റ്റ് ജർമൻ പെരുച്ചാഴിയായിരുന്ന ഗ്യുണ്ടർ ഗിയോം.

 ഏതാണ്ട് 33775 രാഷ്ട്രീയ തടവുകാരെ അദ്ദേഹത്തിൻറെ ശ്രമത്തിൽ സ്വതന്ത്രമായി വാങ്ങിയെന്ന് പറയുന്നതാണ് ശരി. ഇങ്ങനെയെല്ലാം രാഷ്ട്രീയ വിജയം നേടിയെടുക്കുവാൻ വ്യക്തിപ്രഭാവം ഉണ്ടായിരുന്ന അദ്ദേഹം ഈസ്റ്റ് ജർമൻ ഭരണാധികാരിയായ ഏറിക്ക് ഹോണീക്കരുടെ മനുഷ്യാവകാശ സമിതിയുടെ ഉപദേഷ്ടാവായിരുന്നു. അതേസമയം വെസ്റ്റ് ജർമനിയുടെയും,   അമേരിക്കയുടെയും  മറ്റു സഖ്യഭരണാധികാരികളുടെയും എല്ലാ ക്രിസ്ത്യൻ സഭകളുടെയും SPD തുടങ്ങിയ ജർമൻ രാഷ്ട്രീയ പാർട്ടികളുടെയും ഉറപ്പുള്ള വിശ്വസ്തനുമായിരുന്നു. 1961-ൽ ബർലിൻ മതിൽ  നിർമ്മിച്ചതോടെ രണ്ടായി  വേർപെടുത്തപ്പെട്ടു പോയിരുന്ന  215019 ഈസ്റ്റ്ജർമൻ പൌരന്മാർക്ക് അദ്ദേഹത്തിന്റെ ശ്രമഫലമായി  അവരവരുടെ കുടുംബങ്ങൾക്ക് വീണ്ടും ഒന്നായിത്തീരുവാൻ പിൽക്കാലത്ത് അവസരമുണ്ടാക്കി.

സോവ്യറ്റ് യൂണിയനും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധത്തിനിടയിൽ ത്തന്നെ അദ്ദേഹത്തിന്റെ പ്രശസ്തിയും അതിഗൗരവ രാഷ്ട്രീയകാര്യങ്ങളിൽ അദ്ദേഹത്തിനുള്ള പ്രസക്തിയും ദിനംതോറും വർദ്ധിച്ചതേയുള്ളൂ.

കൂർമ്മബുദ്ധിശാലിയും പ്രശസ്ത നിയമജ്ഞനും എന്ന് പ്രസിദ്ധി നേടിയത് മാത്രമല്ല, സങ്കീർണ സമ്പൂർണ്ണരാഷ്ട്രീയ രഹസ്യദൗത്യങ്ങളിലുള്ള സമർത്ഥമായ  ഇടപെടലുകളിലുമെല്ലാം അതിവിദഗ്ധനെന്ന കീർത്തിമുദ്രയും അദ്ദേഹം  സമ്പാദിച്ചിരുന്നു. ഇത് പൂർവ-പശ്ചിമ ജർമനികൾക്കിടയിലെ ഇരുമ്പ് മറയ്ക്കപ്പുറത്തും ഇപ്പുറത്തും ഒരേ അളവിലും തൂക്കത്തിലും ഏറെയേറെ  പ്രതീക്ഷയോടെ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇരു ബ്ലോക്കുകളിലും "ഒരേ ഒരു മദ്ധ്യസ്ഥൻ " എന്ന നിലയിൽ തന്റെ ഇടപെടലുകളും അവയുടെ ഫലങ്ങളും എതിരഭിപ്രായമില്ലാതെ സ്വീകരിക്കപ്പെട്ടു. പ്രവർത്തനത്തിലെ എല്ലാവിധ  വിഷമവശങ്ങളും നേരിട്ടറിഞ്ഞ  അദ്ദേഹം തന്നെപ്പറ്റിയും തന്റെ പ്രവർത്തന ശൈലിയെയും കുറിച്ച് വോൾഫ്ഗാംഗ് ഫോഗെൾ ഒരിക്കൽ പൊതുവായി പറഞ്ഞതിങ്ങനെയാണ്: " എന്റെ വഴികൾ തീർത്തും കറുത്തതും, അത്പോലെ   വെളുത്തതുമല്ല; അവ ചാരനിറമായിരിക്കണം."

അതായത്-ഇരുമുന്നണികളുടെയും ഇടയ്ക്കുള്ള മനുഷ്യരുടെ - കക്ഷികളുടെ - വക്കീലായിരിക്കണം എന്നാണാഗ്രഹിച്ചത്‌. 1956 മുതൽ തന്റെ നിശബ്ദവും സമർത്ഥവുമായ ഇടപെടലുകൾ വഴി അന്നത്തെ പൂർവ -പശ്ചിമ ജർമൻ ഗവണ്‍മെണ്ടുകളുടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതൃത്വങ്ങളും ഗവണ്‍മെണ്ട് പ്രതിനിധികളുമായും ഒരു നല്ല ഉറച്ച ബന്ധം സ്ഥാപിച്ചെടുക്കുവാൻ കഴിഞ്ഞു. ഏറിക് ഹോണീക്കർ അദ്ദേഹത്തെ തന്റെ സ്വകാര്യ പ്രതിപുരുഷനും ഗവണ്‍മെണ്ടിന്റെ മനുഷ്യാവകാശ കമ്മിഷന്റെ ഉപദേഷ്ടാവായും നിയമിച്ചു.

Willi Brand (L ),
Günter Guillaume (R )
ഇരുപത്തിമൂന്നു രാജ്യങ്ങളിൽ തടവുകാരാക്കപ്പെട്ടിരുന്ന നൂറ്റിയമ്പത് (150) പൂർവജർമൻ "സ്റ്റാസി ഏജന്റുമാരെ "(State security Agents ) തന്റെ സ്വന്തം മധ്യസ്ഥ ഇടപെടലിൽ തടവറകളിൽ നിന്നും മോചിപ്പിച്ചു തിരികെ സ്വന്തം രാജ്യത്ത് കൊണ്ടുവന്നു. അവരിൽ ഏറ്റവും പ്രമുഖനും  ക്രൂരനും പ്രസിദ്ധനുമായിരുന്നു, പൂർവ ജർമൻ പെരുച്ചാഴിയായ ഗ്യുന്തർ ഗീയോം. പശ്ചിമ ജർമൻ ചാൻസിലർ വില്ലി ബ്രാണ്ടിന്റെ പേർസണൽ റഫറണ്ടന്റും ഗവണ്‍മെണ്ടിന്റെ വിശ്വസ്ത രാജ്യരക്ഷാമന്ത്രാലയ പ്രമുഖനും ആയിരുന്നു, ഗ്യുന്തർ ഗീയോം.

ഗ്യുന്തർ ഗീയോമിന്റെ ചതി മഹാനായ വില്ലി ബ്രാണ്ടിന്റെ രാഷ്ട്രീയ പതനത്തിൽ കൊണ്ടെത്തിച്ചു. 1974-ൽ പശ്ചിമ ജർമൻ ഗവണ്‍മെണ്ടിന്റെ രാഷ്ട്രീയ രഹസ്യങ്ങൾ ഹോണീക്കർ ഭരണകൂടത്തിനു ചോർത്തിക്കൊടുത്ത തന്റെ വിശ്വസ്തൻ ഗ്യുന്തർ ഗീയോമിന്റെ നടപടിയിൽ മനംനൊന്ത് ചാൻസിലർ വില്ലി ബ്രാൻഡ് ഉടനടിതന്നെ തന്റെ സർക്കാരിന്റെ രാജി പ്രഖ്യാപിച്ചു. ഇതേത്തുടർന്നു  തടവിലാക്കപ്പെട്ട ഗീയോമിനെ മോചിപ്പിക്കുന്ന വിഷയം ആറു വർഷങ്ങൾക്കുശേഷം സജീവമായി. 1981-ൽ വോൾഫ്ഗാംഗ് ഫോഗെളിന്റെ മധ്യസ്ഥ ഇടപെടലിൽ തടവുകാരെ ഇരുരാജ്യങ്ങളും കൈമാറ്റം ചെയ്ത കൂട്ടത്തിൽപ്പെടുത്തി ജയിലിൽനിന്നും മോചിപ്പിച്ചു ഗിയോമിനെ പൂർവജർമനിയിൽ എത്തിച്ചു.

1947-1989 വരെയുണ്ടായിട്ടുള്ള ശീതയുദ്ധകാലത്ത് രാഷ്ട്രീയ ചാരപ്രവർത്തിയും അറസ്റ്റും തടവുശിക്ഷയും ഏതാണ്ട് നിത്യസംഭവംതന്നെയാണ്. ഇരുചേരികളും അപകടകരമായ ഭീഷണികൾ തൊടുത്തുവിടുന്നു. ജോണ്‍. എഫ്.  കെന്നഡി ബർലിൻ മതിലിനു മുൻപിൽ നിന്ന് ജർമൻ ഭാഷയിൽ സോവ്യറ്റ് റഷ്യയുടെ നേർക്ക്‌ പ്രഖ്യാപിച്ചു, " Ich bin ein Berliner "- ഇഹ്  ബിൻ  ഐൻ ബെർലിനർ - (ഞാൻ ഒരു ബർലിൻ പൌരനാണ്)" . റൊണാൾഡ് റെഗൻ വിരൽചൂണ്ടി വെല്ലുവിളിച്ചു, "മിസ്റ്റർ ഗോർബാച്ചോവ്, മതിൽ പൊളിച്ചു മാറ്റുക." ഇതിനിടയിൽത്തന്നെ ചാരവ്രുത്തിയിൽ പിടിക്കപ്പെട്ടവരെ അറസ്റ്റ് ചെയ്യാനും കൈമാറ്റം ചെയ്യാനും രാഷ്ട്രീയ നീക്കങ്ങൾ വിപുലമായ അളവിൽ നടന്നിരുന്നു.

യു എസ് പ്രസിഡണ്ട് റൊണാൾഡ്‌ റെഗൻ , "മിസ്റ്റർ ഗോർബാച്ചോവ്, മതിൽ പൊളിച്ചു മാറ്റുക "

പശ്ചിമ ജർമനിയുടെ രഹസ്യാന്വേഷണ നടപടികൾക്കെതിരെ സോവ്യറ്റ് റഷ്യൻ കെ.ജി.ബി.യുടെ പെരുച്ചാഴി പ്രയോഗത്തിലകപ്പെട്ടുപോയ ഹൈൻസ്‌ ഫെൽബെയും കൈമാറ്റം ചെയ്യപ്പെട്ട പ്രമുഖ തടവുകാരിൽപ്പെട്ടിരുന്നു. എന്നാൽ ഗ്യുന്തർ ഗീയോമിന്റെ കൊടുംചതിയും അറസ്റ്റും ജർമൻ ചാൻസിലർ വില്ലി ബ്രാണ്ടിന്റെ അടിയന്തിര രാജിയും ജർമൻ ചരിത്രത്തിലെ ഏറ്റവും ഭീകരവും ചീഞ്ഞളിഞ്ഞ റഷ്യൻ ചാരപ്രവ്രുത്തിയുടെ എന്നും ജീവിക്കുന്ന വികൃതവുമായ സാക്ഷിപത്രമായി കാണാം.

1986-ൽ ഫെബ്രുവരി 11-നു 1962-ൽ കൈമാറ്റം ചെയ്യപ്പട്ട ഗേറി പവ്വെർസിനും റുഡോൾഫ്‌ ആബേലിനും വേണ്ടി അപ്പോൾ മധ്യസ്ഥത നിന്ന വോൾഫ്ഗാംഗ് ഫോഗെളിന്റെ സ്വർണ്ണ നിറമുള്ള അതെ മെർസിഡസ് ബൻസ് കാർ വീണ്ടും ബെർലിനും പോസ്റ്റ്‌ഡാമിനും ഇടയ്ക്കുള്ള അതേ ഗ്ലീനിക്കർ  പാലത്തിൽ എത്തി നിന്നു. അദ്ദേഹം അപ്പോൾത്തന്നെ അമേരിക്കൻ ജയിലിൻറെ കനത്ത ഇരുമ്പഴികൾക്കുള്ളിൽ കുടുങ്ങിപ്പോയ നാല് പൂർവജർമൻ ചാരന്മാരെ ഇരുപത്തിയഞ്ച് പശ്ചിമ ജർമൻ ചാരന്മാർക്കു പകരം വച്ചുമാറി.

1964-ൽ വക്കീൽപ്പണി ചെയ്തിരുന്ന വോൾഫ്ഗാംഗ് ഫോഗെൾ പശ്ചിമ ജർമനിക്ക് വേണ്ടി മുപ്പത്തി മൂവായിരത്തി മുന്നൂറ്റി എഴുപത്തിയഞ്ച് തടവുകാരെ തന്റെ സ്വന്തം മധ്യസ്തവേലയിൽ മോചിപ്പിച്ചു.

ഇതുപോലെ ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവങ്ങൾ എണ്ണി പറയാൻ സാധിക്കാത്ത വിധം ഉണ്ടായി. ജർമനിയെ രണ്ടാക്കി പിളർത്തിയ ബർലിൻ മതിലിന് അപ്പുറത്തും ഇപ്പുറത്തും കുടുംബാംഗങ്ങൾ വിഭജിക്കപ്പെട്ടു വേർപെട്ടുപോയ വേർപാടിന്റെ തേങ്ങിക്കരച്ചിൽ ! അപകടം യാതോന്നുമറിയാതെ രാവിലെ വീടുകളിൽനിന്നും പുറത്തു പോയവർക്ക് തിരിച്ചു അവരുടെ ഉറ്റവരുടെ അടുത്തെത്താൻ പോലും കഴിഞ്ഞില്ല. ജനങ്ങൾ ആകെ പ്രതിഷേധിച്ചു. ആരുണ്ട് കേൾക്കാൻ! കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം കൊടികുത്തിവാണിരിക്കുന്നു. നീണ്ട രാവുകളുടെയും പകലുകളുടെയും നാളുകൾ കടന്നു നീങ്ങി. ഉയർന്നു പൊങ്ങിനിൽക്കുന്ന മതിലിനിരുവശത്തുനിന്നും ഉയരുന്ന വേർപാടിന്റെ ഹൃദയഭേദക ഗദ്ഗദങ്ങളുടെ അലകൾ മേഘങ്ങൾക്കപ്പുറത്തും അലിഞ്ഞു  ഉയർന്നുകൊണ്ടേയിരുന്നു. റൈൻഹാർഡ് മെയ്, ഗ്യുന്തർ ഗ്രാസ് തുടങ്ങിയ മഹാകവികളിൽനിന്നും അവ വീണ്ടും വീണ്ടും ഇരമ്പിക്കൊണ്ടിരുന്നു.

ഈ പശ്ചാത്തലത്തിൽ, വേർപെടുത്തപ്പെട്ടു പോയ ജർമൻ കുടുംബാംഗങ്ങളെ വീണ്ടും കൂട്ടിച്ചേർക്കുന്നതിനുള്ള ചട്ടക്കൂടിന്റെ അടിസ്ഥാന വ്യവസ്ഥയിൽ ഉൾപ്പെടുത്തി രണ്ടുലക്ഷത്തി പതിനയ്യായിരത്തി ഒൻപതുപേരെ (അതിൽ ബഹുഭൂരിപക്ഷവും കുട്ടികളും വയോജനങ്ങളും ആയിരുന്നു) പൂർവജർമനി വിട്ടുപോകുവാൻ അനുവദിച്ചു. വോൾഫ്ഗാംഗ് ഫോഗെളിന്റെ ശക്തവും ബുദ്ധിപരവുമായ നയതന്ത്ര ഇടപെടലാണ് ഇതിനും വഴിയൊരുക്കിയത്.

രാഷ്ട്രീയ നയതന്ത്ര ഇടപെടലിന് പുറമേ സാമ്പത്തിക ഇടപെടലിന് മുൻ‌തൂക്കം ഉണ്ടായിരുന്നു. ആരംഭഘട്ടത്തിൽത്തന്നെ ഒറ്റവർഷത്തിനുള്ളിൽ പശ്ചിമ ജർമനി പൂർവജർമനിക്കു ആവശ്യമായി ചോദിച്ച മൂന്നര മില്യാർഡൻ "ജർമൻ മാർക്ക് "പ്രതിഫലമായി എണ്ണി കൊടുക്കേണ്ടിവന്നു. അതേസമയം അതിനു ആനുപാതികമായി കുറഞ്ഞപക്ഷം പല മില്യണ്‍ ജർമൻ മാർക്ക് ഇടനിലപ്പണ മായി വോൾഫ്ഗാംഗ് ഫോഗെളിനു ലഭിച്ചുകാണാനും ഇടയുണ്ട് എന്നതും ഒരു വസ്തുതയാണ്. അതുപക്ഷെ, തന്റെ നിശബ്ധമായ മധ്യസ്ഥ പ്രവർത്തനത്തിന്റെ തിളങ്ങുന്ന മഹത്തായ വിജയഫലമല്ലെ വീണ്ടും ഒരു മഹായുദ്ധം ഒഴിവാക്കി, രക്തചൊരിച്ചിൽ ഇല്ലാതെ യാഥാർത്ഥ്യമായ ജർമനികളുടെ പു:നരൈക്യം? നഷ്ടങ്ങളെയും ലാഭങ്ങളെയും കൂട്ടിക്കിഴിച്ചു അവയെ ഒരുവശത്തെയ്ക്ക് മാറ്റിവച്ച്കൊണ്ട്, "താത്വികമായ ഒരു ഐക്യപ്രക്രിയയുടെ സമ്പൂർണ്ണ വിജയമായിരുന്നു" ഇതെന്നും മൌനമായി സമ്മതിക്കുന്ന ജർമൻകാർ ധാരാളം ഉണ്ട്.

പശ്ചിമ ജർമൻ പ്രസിഡണ്ട് റിച്ചാർഡ് ഫൊൻ വൈസേക്കർ, യു എസ് പ്രസിഡണ്ട് റൊണാൾഡ്‌ റെഗൻ, ചാൻസിലർ ഹെല്മുട്ട് ഷ്മിത്ത്
ശീതയുദ്ധം പ്രത്യക്ഷത്തിൽത്തന്നെ കമ്മ്യൂണിസത്തിനും സാമ്പത്തിക ശക്തിരാഷ്ട്രങ്ങൾക്കുമിടയ്ക്കു പ്രത്യക്ഷപ്പെട്ട ഘടനാപരമായ ഉരസൽ ആയിരുന്നു. ഇതിനാൽത്തന്നെ  ഇരുകക്ഷികളും രാഷ്ട്രീയവും സാമ്പത്തികവും, മാത്രമല്ല സാമൂഹ്യവും സാങ്കേതികവും സൈനീകവുമായ തലങ്ങളിൽ ദീർഘകാല കിടമത്സരം വിട്ടുവീഴ്ച്ചയില്ലാതെ തുടർന്നു. ഇതിനെ ഇരുപതാം നൂറ്റാണ്ട് ഈസ്റ്റ്- വെസ്റ്റ് ശീത മത്സരം (East-West Conflict) എന്നും വിളിച്ചു. ഈ പശ്ചാത്തലത്തിൽ ആയിരുന്നു വോൾഫ്ഗാംഗ് ഫോഗെളിന്റെ ശ്രമകരമായ പ്രവർത്തനങ്ങൾ. വളരെയേറെ പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്തിട്ടും നിരവധി അനുകൂല കക്ഷികൾ എപ്പോഴും ചുറ്റും ഉണ്ടായിരുന്നിട്ടും വോൾഫ്ഗാംഗ് ഫോഗെളിനു ഇവയൊന്നും ഗുണകരമായി ഭവിച്ചില്ല.

1989-ൽ പുനരൈക്യ സംരംഭങ്ങൾ തകൃതിയായി നടക്കുമ്പോൾ പ്രാഗർ എംബസ്സിയിലും ബുഡാപെസ്റ്റിലും ഇരുരാജ്യങ്ങളെയും സംബന്ധിക്കുന്ന  അസാധാരണമായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ എപ്പോഴും അവരുടെ കൂടെ ഉണ്ടായിരുന്നിട്ടും ജർമനിയുടെ പുനരൈക്യം സാധിച്ചുകഴിഞ്ഞപ്പോൾ മുതൽ കയ്യിലും ഹൃദയത്തിലും ഒതുങ്ങാത്ത പ്രശ്നങ്ങളാണ് അദ്ദേഹത്തിനു നേരിടേണ്ടി വന്നത്. ക്രൂരമായ മാനഹാനി അനുഭവിക്കേണ്ടി വന്നു. സ്വയം വഞ്ചിതനായി സ്വയം പരിഹരിക്കാൻ പറ്റാത്ത കുഴപ്പത്തിൽ ചാടിയിരുന്നു. ഇതിനുള്ള കാരണങ്ങളും ആരോപണങ്ങളും പലതായിരുന്നു. ബർലിൻ മതിൽ നിലംപൊത്തിയതോടെ ഏറിക്ക് ഹോണീക്കറുടെ മേൽ കടുത്ത രാഷ്ട്രീയ കുറ്റാരോപണങ്ങൾ ഉണ്ടായി. ഇതോടെ 1990 വോൾഫ്ഗാംഗ് ഫൊഗെൽ തന്റെ വക്കീൽപ്പണിയും മറ്റു എല്ലാ മധ്യസ്ഥ ഇടപാടുകളും ഉപേക്ഷിക്കുകയും ചെയ്തു. പുനരൈക്യം നടന്നതോടെ അദ്ദേഹം വക്കീൽ പ്രാക്ടീസ്  ലൈസൻസ് കൂടി ഔദ്യോഗികമായി പെട്ടെന്ന്  ഉപേക്ഷിച്ചു. അദ്ദേഹം ഒരു ഈസ്റ്റ് ജർമൻ ചാരൻ ആണെന്ന ആരോപണം പൊതുവെ ഉയർന്നു വന്നു. 1992-ൽ ഉണ്ടായ ഇങ്ങനെയുള്ള ആരോപണ കാരണത്താൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. മുൻ ചാൻസിലർ ഹെല്മുട്ട് ഷ്മിത്ത്, മുൻ ജർമൻ വിദേശകാര്യ മന്ത്രി ഹാൻസ് ഡീട്രിഷ് ഗൻഷർ തുടങ്ങിയവരുടെയൊക്കെ  സാക്ഷ്യപ്പെടുത്തലിൽ 1998-ൽ ജർമൻ സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

വോൾഫ്ഗാംഗ് ഫോഗെൾ, 
ഗ്ലീനിക്കർ പാലത്തിൽ
എന്തുകൊണ്ടാണ് അദ്ദേഹത്തിനു ഒരു കുറ്റവാളിയെന്ന ദുഷ്പ്പേര് ലഭിച്ചത്? പൂർവ ജർമനിയിൽ നിന്നും അന്ന് പൂർണ്ണമായി പശ്ചിമ ജർമൻ പ്രദേശങ്ങളിലേയ്ക്ക് കുടിയേറി താമസിക്കുവാൻ ആഗ്രഹിച്ചിരുന്ന  പതിനായിരക്കണക്കിനു ജനങ്ങൾ ഉണ്ടായിരുന്നു. രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കിയ ജനങ്ങൾ സ്വന്തം വസ്തുവകകൾ എല്ലാം തീർത്തും അതത് താമസ്സസ്ഥലങ്ങളിൽ കണ്ണടച്ച് ഉപേക്ഷിച്ച് പോരുകയും ചെയ്തു. പശ്ചിമ ജർമനിയിലേയ്ക്ക് വെറും കൈയ്യോടെ പോരാനിടയായത്‌ അദ്ദേഹം ഒരു പിടിച്ചുപറിക്കാരൻ ആയിരുന്നതുകൊണ്ടാണ്‌ എന്ന് അവർ വിശ്വസിച്ചു. ഇത്തരം ആരോപണങ്ങൾ കൊണ്ടുതന്നെ അദ്ദേഹത്തെ ദയ അർഹിക്കാത്ത കുറ്റവാളിയുടെ ബഞ്ചിലേയ്ക്കു ജർമൻകാർ കൊണ്ടുവന്നിരുത്തി.

കോടതികളിൽ അദ്ദേഹം കയറിയിറങ്ങി. അതുകൊണ്ടുമാത്രം കാര്യം ഒട്ടും തീർന്നില്ല. കേസ് നിരീക്ഷണത്തിനും തെളിവെടുപ്പിനും വേണ്ടി അദ്ദേഹം കസ്റ്റടിയിലെടുക്കപ്പെട്ടു. ജയിൽവാസത്തിനിടെ അദ്ദേഹത്തെ സന്ദർശിക്കുവാൻ എത്തിയ സുഹൃത്തുക്കളെ അദ്ദേഹം ജയിലിൽ സ്വീകരിച്ചു. അവരിൽ പ്രമുഖൻ മുൻ ജർമൻ ചാൻസിലർ ഹെല്മുട്ട് ഷ്മിത്ത് ആയിരുന്നു. അപ്പോൾ ജയിൽവാസത്തെപ്പറ്റി ഹെല്മുട്ട് ഷ്മിത്ത് വോൾഫ്ഗാംഗ് ഫോഗളിനോട് പറഞ്ഞതിങ്ങനെയാണ്, "തത്വജ്ഞാനിയും റോമൻ ചക്രവർത്തിയുമായിരുന്ന മാർക്ക് ഔറെഷിന്റെ വീക്ഷണം പോലെ, ഈ പ്രശാന്തത താങ്കൾ ഇതിനുള്ളിലും ഭദ്രമായി കാത്തു സൂക്ഷിക്കണം".

മനുഷ്യാവകാശ സംരക്ഷണ പ്രശ്നങ്ങളുടെ പരിഹാരചർച്ചകളിലെല്ലാം വോൾഫ്ഗാംഗ് ഫോഗെളിനെ മാറ്റി നിറുത്തി കാര്യങ്ങൾ ചെയ്യാൻ ഒട്ടുംതന്നെ  എളുപ്പമല്ലായെന്നു ഇരുജർമനികൾക്കും അറിവുണ്ടായിരുന്നു. 1961-ലെ  ബർലിൻ മതിൽ നിർമ്മാണത്തോടെ ഉത്ഭവിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിനെ ഇരു സർക്കാരുകളും നിയോഗിക്കുകയാണ് ചെയ്തത്. ഒരു തടവുകാരനെ കൈമാറുവാൻ പൂർവജർമനിക്കു നൽകിയത് ശരാശരി 96000 ജർമൻ മാർക്കായിരുന്നു.

1985-ൽ അദ്ദേഹം പൂർവജർമനിയിലെ കാഡർ സർവ കലാശാലയിലെ നിയമ - അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ പ്രൊഫസ്സർ ആയി. വക്കീൽ ജോലിയിൽ തന്റെ ആദ്യത്തെ കേസ്,ഒരു സോവ്യറ്റ് ഓഫീസർക്കെതിരെ ഒരു വേശ്യാസ്ത്രീ നല്കിയ പരാതിയായിരുന്നു. രണ്ടാമത്തേത്, നാസി റെജിമെണ്ടിലെ ഒരു മുൻ കോണ്‍സെൻട്രേഷൻ ക്യാമ്പിലെ ഒരു ഡോക്ടർ അന്ന് പൂർവജർമനിയിൽ താനാരാണെന്ന് വെളിപ്പെടുത്താതെ രഹസ്യമായി പ്രാക്ടീസ് ചെയ്തതിനു എതിരെയുള്ള കേസ്സായിരുന്നു. എന്നാൽ തുടർന്നുള്ള പൂർവ- പശ്ചിമ ജർമൻ രാഷ്ട്രീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സജീവമായി അദ്ദേഹം ഇടപെട്ടു.

മധുരിക്കുന്നതും കയ്പ്പറിഞ്ഞതുമായ ജീവിതത്തിലെ ഉയരങ്ങളും താഴ്ചകളും മുഖാമുഖം ദർശിച്ച വോൾഫ്ഗാംഗ് ഫോഗെൾ രണ്ടാം ഭാര്യയുമായി തന്റെ വാർദ്ധക്യകാലം മുഴുവൻ ചെലവഴിച്ചത്‌ പുനരൈക്കപ്പെട്ട ജർമനിയുടെ തെക്ക് കിഴക്കൻ സംസ്ഥാനമായ ബവേറിയ സംസ്ഥാനത്തിലെ "സ്ലീയർസെയിൽ" ആയിരുന്നു. എണ്‍പത്തി രണ്ടാം വയസ്സിൽ 2008 ഓഗസ്റ്റ് 21-ന് വ്യാഴാഴ്ച അദ്ദേഹം നിര്യാതനായി. ചരിത്രത്തിൽ ആയിരമായിരം ജർമൻ ജനതയുടെ കതിരുകാണാസ്വപ്‌നങ്ങൾ സഫലമാക്കി സ്വാതന്ത്ര്യത്തിന്റെ മധുരം പകർന്നു  സമ്മാനിച്ച അദ്ദേഹം, എന്തെങ്കിലും ജീവിതത്തിൽ സ്വന്തമാക്കിയത് പ്രതീക്ഷിച്ച അതിർത്തിയില്ലാത്ത സ്വാതന്ത്ര്യത്തിന്റെ നിത്യതയിലേയ്ക്കു മറഞ്ഞു കഴിഞ്ഞപ്പോൾ ആയിരുന്നു. /gk.
 ധ്രുവദീപ്തി-E-mail:  dhruwadeepti@gmail.com

http://dhruwadeepti.blogspot.de/

--------------------------------------------------------------------------------

Freitag, 21. Februar 2014

ധ്രുവദീപ്തി // History // Part I- സ്വാതന്ത്ര്യത്തിന് വിലപേശിയ അസാധാരണ സന്ധിസംഭാഷകൻ -വോൾഫ്ഗാംഗ് ഫോഗെൽ. // George Kuttikattuധ്രുവദീപ്തി // History// Germany-Part-I-
സ്വാതന്ത്ര്യത്തിന് വിലപേശിയ അസാധാരണ സന്ധിസംഭാഷകൻ -വോൾഫ്ഗാംഗ് ഫോഗെൽ. // 

George Kuttikattu"ഞങ്ങൾ ഒരു ജനത "-1989 -ജർമനികളുടെ പുനരൈക്യം -ബർലിൻ ബ്രാൻഡൻബർഗർടോർ


ജോർജ് കുറ്റിക്കാട്-

Wolfgang Vogel

മ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനും മറുവശത്ത്‌ വ്യത്യസ്ഥ ലോക ജനാധിപത്യ വ്യവസ്ഥിതിക്കുമി ടയിൽ മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തി നുമായി നിരന്തരം തളരാത്ത  സന്ധിസംഭാഷണം ചെയ്ത അസാധാരണനായ വ്യക്തിയായിരുന്നു, 2008 ആഗസ്റ്റ്മാസം ജർമനിയിലെ തെക്ക് കിഴക്കൻ സംസ്ഥാനമായ ബവേറിയയിൽ നിര്യാതനായ മുൻ പൂർവജർമൻ നിയമജ്ഞൻ വോൾഫ്ഗാംഗ് ഫോഗെൽ (Born 30. Oct. 1925 in Wilhelmsthal, Kreis Habelschwerdt, Niederschlesien; - died on 21 August 2008 ).                                     

"വാനമേഘങ്ങൾക്ക് മുകളിലും ജനതയുടെ സ്വാതന്ത്ര്യം അതിർത്തികൾ ഇല്ലാത്തതായിരിക്കണം" - പ്രസിദ്ധ ജർമൻ കവിയും യൂറോപ്പിലെ സ്വതന്ത്ര മനുഷ്യാവകാശപ്രവർത്തകനും ഗായകനുമായ റൈൻഹാർഡ് മെയ് പാടിയത്, ഇങ്ങനെയാണ്. അതുപക്ഷെ  ഒന്നായിത്തീരുവാൻ വെബൽകൊള്ളുന്ന വിഭജിക്കപ്പെട്ടുപോയ ജർമൻ ജനതയുടെ മുഴുവൻ ഹൃദയവികാരമായിരുന്നു കവി പാടിയത്. എന്നാൽ സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ വിലയറിഞ്ഞ ഒരു അസാധാരണ വ്യക്തിയായിരുന്നു, മനുഷ്യാവകാശ ചിന്തകനായിരുന്ന വോൾഫ്ഗാംഗ് ഫോഗെൽ.

വോൾഫ്ഗാംഗ് ഫോഗെൽ ജനിച്ചു വളർന്നത്  Lower Silesiaയിൽ, (the Republic of Poland), ഒരു കത്തോലിക്കാ കുടുംബത്തിലായിരുന്നു. പിതാവ് അവിടെ ഒരു അദ്ധ്യാപകൻ ആയിരുന്നു. 1932-1944 സ്കൂൾ വിദ്യാഭ്യാസം. അതിനു ശേഷം നാസ്സി റെജിമിന്റെ സൈനിക ജോലിയിൽ ആറുമാസം പരിശീലനം ചെയ്തു. 1935 കാലഘട്ടം മുതൽ എല്ലാ യുവാക്കളും നാസി റെജിമെണ്ടിൽ നിർബന്ധിത പരിശീലനം നടത്തിയിരിക്കണം എന്ന് നാസികൾ നിയമമാക്കിയിരുന്നു. ഈ പരിശീലനം പൂർത്തിയാക്കിയ വോൾഫ്ഗാംഗ് ഫോഗെൾ താമസിയാതെ തന്നെ നാവിഗേഷൻ പരിശീലകൻ ആകുവാനുള്ള പരിശീലന പഠനം തുടങ്ങി. 1944-1945 വരെ വ്യോമസേനാ പൈലറ്റായി സേവനം ചെയ്തു. 1945-ൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടത്തിൽ പോളണ്ടിൽ നിന്നും നാടുകടത്തപ്പെട്ട കുടുംബം ലോവർ സിലേഷ്യവിട്ടു ജർമനിയിലെ കിഴക്കൻ യേനായിലേക്ക് കുടിയേറി. യേനാ സർവകലാശാലയിൽ ചേർന്ന് നിയമപഠനം നടത്തിയ അദ്ദേഹം 1949 -ൽ നിയമ ബിരുദം നേടി. പിന്നീടിങ്ങോട്ട്‌ അദ്ദേഹത്തെ കാണുന്നത് തന്റെ പൊതുജീവിതത്തിലെ ശക്തമായ മുന്നേറ്റമാണ്.

പൂർവജർമൻ ജൂറിസ്റ്റ്, അമേരിക്കൻ മേല്കോയ്മയിൽ പശ്ചിമ സാമ്രാജ്യ ശക്തികളും റഷ്യൻ മേല്കോയ്മയിൽ പൂർവ ബ്ലോക്ക് ശക്തികളും പ്രസിദ്ധ ശീതയുദ്ധം ഭീകര സ്വരത്തിൽ കൊട്ടിഘോഷിക്കുന്ന കാലത്തെ പിടിക്കപ്പെട്ട ഓരോരോ സാമ്രാജ്യ ചാരസംഘ നേതൃ നിരയിലെ നിരവധി തടവിലാക്കപ്പെട്ടവരുടെ പരസ്പര വിടുതൽ വാങ്ങൽ കൈമാറ്റത്തിനായി പ്രവർത്തിച്ച രാജ്യശക്തികളുടെ ഇടനിലക്കാരൻ, പ്രത്യേകിച്ച് ഇപ്രകാരമുള്ള തടവുകാരെ സ്വതന്ത്രമായി വാങ്ങി അങ്ങുമിങ്ങും കൈമാറ്റം ചെയ്യാനുള്ള കേന്ദ്രീയസ്ഥാനമുള്ള നിയോഗിക്കപ്പെട്ട പൂർവ - പശ്ചിമ ജർമൻ രാഷ്ട്രീയ ഇടനിലക്കാരൻ എന്നീ നിലയിൽ എല്ലാം വോൾഫ്ഗാംഗ് ഫോഗെൾ ലോകശ്രദ്ധ നേടിയെടുത്തു. അതുപോലെ തന്നെ ചെയ്ത സേവനത്തിനു തക്ക  അർഹമായ പ്രതിഫലവും അംഗീകാരവും അദ്ദേഹത്തിനു നൽകപ്പെട്ടു.

അദ്ദേഹം ചെയ്തിട്ടുള്ള സമാധാന ഇടപെടലുകളും നയതന്ത്രപ്രധാനമായ ചർച്ചകളും പ്രവർത്തനങ്ങളും ഒരുപക്ഷെ മറ്റൊരു മഹായുദ്ധം ഈ ഭൂമിയിൽ ഉണ്ടാകാതിരിക്കുവാൻ പോലും കാരണമാക്കിയെന്നു നിസംശയം പറയാം. അമേരിക്കയുടെയും പാശ്ചാത്യരാജ്യങ്ങളുടെയും ഇരു ജർമനികളുടെയും ഈസ്റ്റ് ബ്ലോക്ക് രാജ്യങ്ങളുടെയും ഭരണ നേതൃത്വങ്ങളുടെ സന്ധിസംഭാഷകൻ വോൾഫ്ഗാംഗ് ഫോഗെൾ ആയിരുന്നു. ഇതിനെല്ലാം കൂടി അദ്ദേഹത്തിലേയ്ക്ക് എത്തിച്ചേർന്നത് നിരവധി അംഗീകാരങ്ങളും രാജ്യങ്ങളുടെ പരമോന്നത ബഹുമതികളും ആയിരുന്നു. സ്വീഡൻ, ഓസ്ട്രിയാ തുടങ്ങിയ രാജ്യങ്ങൾ അംഗീകാരവും ബഹുമതിയും നൽകിയിരുന്നു. വളരെയേറെ ലോകരാജ്യ ശ്രദ്ധനേടിയ പുരസ്കാരം പൂർവ ജർമനിയുടെ പരമോന്നത ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചതാണ്.

ബർലിൻ മതിൽ നിർമ്മിക്കുന്നു-1961 
1961- കാലഘട്ടം -അപ്പോൾ യുദ്ധകാല ശേഷമുള്ള  ജർമനിയിൽ കമ്യൂണിസ്റ്റ് സോവ്യറ്റ് റഷ്യയുടെ  കരങ്ങളാൽ ബർലിൻ നഗരം രണ്ടായി പിളർത്തി ക്കൊണ്ട് കെട്ടിയുയർത്തി യ "ബർലിൻ മതിൽ" , കണ്ണടച്ച് തുറക്കുന്നതിനു മുമ്പേ, ജർമൻ ജനതയെ രണ്ടാക്കി പിളർത്തി. ജനങ്ങൾ അന്ധാളിച്ചു നിന്നു. രാവിലെ ജോലിക്ക് പോയവർക്ക് ജോലി കഴിഞ്ഞു തിരിച്ചു സ്വന്തം വീട്ടിലെത്താൻ കഴിഞ്ഞില്ലാ. സ്വന്തം ഭാര്യയേയും കുട്ടികളെയും അവിടെ വേർപെടുത്തപ്പെട്ടു. ചിലർ ഒളിച്ചോടി പശ്ചിമ ജർമനിയിൽ എത്തി. അവരിൽ ചിലർ  ജി.ഡി.ആർ പോലീസിന്റെ തോക്കിനിരയായി. ചിലർ  പിടിക്കപ്പെട്ട് ജയിലിൽ എത്തി. ജനം പകച്ചു നിന്നു, അതുപക്ഷെ, ഒരു സമാധാന വിപ്ലവത്തിന്റെ ഉപമയില്ലാത്ത ലോകമാതൃകയായ പുനർ കൂടിച്ചേരലിന് കാലം വഴിയൊരുക്കി.

1989 നവംബർ ഒൻപത്. ലോകമഹായുദ്ധങ്ങൾക്ക് കാരണമാക്കിയ വേദിയാണ് ജർമനി. ലോകം വീണ്ടും ആശങ്കയോടെ തുറിച്ചു നോക്കിയ മഹാസംഭവം. ഇത്തവണ ജനം പകച്ചു നിന്നില്ല. വിഭജിക്കപ്പെട്ടു പോയ ഇരു ജർമനികളുടെ പുന:രൈക്യത്തിന്റെ ശുഭവേള. ഇരുപത്തിയെട്ടു വർഷങ്ങൾക്കു ശേഷം പുന:രൈക്യത്തിനായി തകർന്നടിയുന്ന ബെർലിൻ ഭിത്തിക്ക് മുകളിലേയ്ക്ക്  ചാടിക്കയറി നിന്ന് ഏകീകരണപ്പെടലിന്റെ സന്തോഷം ജനങ്ങൾ പരസ്പരം പങ്കുവയ്ക്കുമ്പോഴും അവർ ഉച്ചത്തിൽ പറഞ്ഞു: "ഞങ്ങൾ ഒരു ജനത" യാണെന്ന്. "വാന മേഘങ്ങൾക്ക് മുകളിലും ജനതയുടെ സ്വാതന്ത്ര്യം അതിർത്തി ഇല്ലാത്തതായിരിക്കണം" എന്ന ഗാനത്തിന്റെ ഈരടികൾ ജനങ്ങൾ അപ്പോൾ ഏറ്റു പാടിക്കൊണ്ടേയിരുന്നു. കാവൽ പട്ടാളം കൈകെട്ടി നോക്കി നിന്നു. ജനം അവരെ പൂമാലകൾ അണിയിച്ചു. രക്തച്ചൊരിച്ചിൽ ഇല്ലാതെ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ  പ്രതീകം. അതേസമയം ഇരു ജർമനികളിലും ഒരു ഭീകര രക്തച്ചൊരിച്ചിലിന്റെ ഒരു മഹാദുരന്തം ഒഴിവാക്കുവാൻ തീക്ഷ്ണമായി കളമൊരുക്കിയ പ്രമുഖരിൽ ഒരുവനായി വോൾഫ്ഗാംഗ് ഫോഗെൾ രാഷ്ട്രീയ അണിയറയിലും ഉണ്ടായിരുന്നു.

വെറുതെയങ്ങ് കിട്ടിയതോ, ആരെങ്കിലും സമ്മാനമായി കൊടുത്തതോ ഒന്നും ആയിരുന്നില്ല ജർമനിയുടെ പുനരൈക്യം.

ഈസ്റ്റു ജർമൻ പട്ടാളക്കാരൻ
വൈദ്യൂതമതിൽ ചാടിക്കടന്നു
രക്ഷപെടുവാനുള്ള ശ്രമം.
കമ്യൂണിസം കെട്ടിപ്പൊക്കിയ ബർലിൻ മതിൽ ഇടിച്ചുപൊളിച്ച് ജർമൻ വംശജരെ വീണ്ടും ഒന്നായി കൂട്ടിച്ചേർത്തതിന് പിന്നിൽ നടന്ന രാഷ്ട്രീയ രഹസ്യ നാടകവേദിയുടെ കർട്ടനു പിന്നിലെ മേക്കപ്പുകാരനായിരുന്നു, 2008 ആഗസ്റ്റ്‌ മാസം 21 ന് ജർമനിയിലെ സ്ലയർസെയിൽ അന്തരിച്ച വോൾഫ്ഗാംഗ് ഫോഗെൾ. അദ്ദേഹം അതിർത്തിയില്ലാത്ത സ്വാതന്ത്ര്യത്തിന്റെ നിത്യതയിലേയ്ക്കു മങ്ങിമറഞ്ഞു. ഇനി വോൾഫ്ഗാംഗ് ഫോഗെൾ ചരിത്രത്താളുകളിൽ ജീവിക്കും.

1949-ൽ സോവ്യറ്റ് റഷ്യയുടെ അധീനതയിൽ ഉണ്ടായിരുന്ന പൂർവജർമനി ഒരു വേറിട്ട രാജ്യമായിത്തീർന്നപ്പോൾ ഭരണം ഏറ്റെടുത്തത്, അന്ന്, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയും കമ്യൂണിസ്റ്റ് പാർട്ടിയും ഒരുമിച്ചു ചേർന്ന് രൂപീകരിച്ച ഒരു ഐക്യ സോഷ്യലിസ്റ്റ് പാർട്ടി ( Die Socialistishe Einheitspartei Deutschlands (SED) പൂർവ ജർമനിയുടെ നിയമപ്രകാരം ഒറ്റയ്ക്ക് ഭരണം ഏറ്റെടുത്തു. പ്രതിപക്ഷം ഇല്ലാത്ത ഭരണമാതൃക. അതൊരു രാഷ്ട്രീയ പാർട്ടിയുടെ  ഏകാധിപത്യ ഭരണമാതൃക എന്നതിനെ വിശേഷിപ്പിക്കാം.

 SED ജനറൽ സെക്രട്ടറിയും ഈസ്റ്റ് ജർമൻ ഭരണത്തലവനുമായ സ്വേച്ഛാധിപതി ഏറിക്ക് ഹോണീക്കറുടെ ഇഷ്ട സുഹൃത്തായിരുന്നു, വോൾഫ്ഗാംഗ് ഫോഗെൾ. അദ്ദേഹം ഏറിക്ക് ഹോണീക്കറുടെ സ്വകാര്യ ഉപദേഷ്ടാവും ചില നിർദ്ദിഷ്ട രാജ്യരഹസ്യ കാര്യങ്ങളുടെ ചുമതല  വഹിക്കുന്ന  പ്രതിപുരുഷനുമായിരുന്നു. യുദ്ധാനന്തരം യഥാർത്ഥത്തിൽ 1990 വരെ നിയമപരമായി SED പാർട്ടിനേതൃത്വം  പൂർവജർമനിയിൽ ഭരണം നടത്തി. രാജ്യത്തിന്റെ എല്ലാ കാര്യങ്ങളിലും-പാർലമെണ്ടിൽ, ഭരണ കൂടത്തിൽ, നീതിന്യായതലങ്ങളിൽ, എല്ലാ മനുഷ്യാവകാശങ്ങളിലും എന്നു വേണ്ടഎല്ലായിടത്തും-ഒറ്റപാർട്ടി സിസ്റ്റത്തിൽ ജനങ്ങളെ മുഴുവൻ നിശബ്ധമാക്കി സോവ്യറ്റ് ഏകാധിപത്യത്തിന്റെ ചെങ്കോൽ ഉയർത്തി വീശി ശക്തി പ്രകടിപ്പിച്ചിരുന്നു. അഡോൾഫ് ഹിറ്റ്ലർ നടത്തിയ മഹാ ക്രൂരയുദ്ധം തീർന്നതെ തുടങ്ങി, ജർമനിയിൽ അടുത്ത മഹാദുരന്തം. അതിനു ബർലിനിൽ കമ്യൂണിസ്റ്റുകൾ ഉയർത്തിക്കെട്ടിയ ബർലിൻ മതിൽ തുടക്കമിട്ടു.

കമ്യൂണിസ്റ്റ് റെജിമിന് നേരെ ഈസ്റ്റ് ജർമൻ
ജനതയുടെ പ്രക്ഷോപണം- "ഞങ്ങൾ ഒരു ജനത"

ആയിരക്കണക്കിന് തടവുകാരെയും അതുപോലെതന്നെ ബർലിൻ മതിലിന്റെ നിർമ്മാണവേളയിൽത്തന്നെ വേർപെടുത്തപ്പെട്ടു പോയ കുട്ടികളെയും വയോജനങ്ങളെയും വോൾഫ്ഗാംഗ് ഫോഗെൾ എന്ന നിയമ പണ്ഡിതന്റെ സ്വന്തം മധ്യസ്ഥതയിൽ പൂർവ ജർമനിയിൽ നിന്ന് പശ്ചിമ ജർമനിയിലേയ്ക്ക് ചില പ്രത്യേക വ്യവസ്ഥയിൽ കൊണ്ടുപോന്നു. ഈ ഇടപാടുകൾക്കുവേണ്ടി പശ്ചിമ ജർമൻ ഗവണ്‍മെണ്ട് അനവധി മില്യാർഡൻ "ജർമൻ മാർക്ക് *(യൂറോയ്ക്ക് മുമ്പുണ്ടായിരുന്ന നാണയം) എണ്ണി കൊടുക്കേണ്ടി വന്നു. അതേസമയം വോൾഫ്ഗാംഗ് ഫോഗെൾ ഇടനിലപ്രതിഫലമായി ലക്ഷോപ ലക്ഷങ്ങൾ വാങ്ങിക്കുകയും ചെയ്തിരുന്നു എന്നത് വസ്തുതയുമാണ്. കാലങ്ങൾ അധികം വേണ്ടി വന്നില്ല. അദ്ദേഹത്തെ ആരോപണങ്ങളുടെ നടുക്കയത്തിൽ മുക്കിക്കഴിഞ്ഞിരുന്നു. പൂർവ ജർമനിയിൽ നിന്ന് പുറത്തു പോകാൻ ആഗ്രഹിച്ചവരെ ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിക്കുന്നവനെന്ന വലിയ കുറ്റമാണാരോപിച്ചത്.

ആരാലും ചോദ്യം ചെയ്യപ്പെടാത്ത തിളങ്ങുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. കൃത്യമായി പറഞ്ഞാൽ വ്യക്തിപരമായി ശാന്തഗംഭീരനും   അതിബുദ്ധിശാലിയുമായിരുന്നു  വോൾഫ്ഗാംഗ് ഫോഗെൾ. ഈസ്റ്റ് -വെസ്റ്റ് ശക്തികളുടെ  കരാറിൽ വിഭജിക്കപ്പെട്ടു പോയ ജർമനിയുടെ പൂർവ ബർലിനിൽ നോട്ടറിയായും വക്കീലായും അദ്ദേഹം ജോലി തുടങ്ങി വച്ചു. അവിടെ നിന്നാണ് അദ്ദേഹത്തിൻറെ ജീവിത വഴിത്തിരിവ് ഉണ്ടായത്. പൂർവ ജർമൻ കമ്യൂണിസ്റ്റ് നേതൃത്വത്തിന്റെ പ്രിയങ്കരനായിത്തീർന്നു. അവരുടെ മനുഷ്യാവകാശ കൌണ്‍സിലിന്റെ ഉപദേഷ്ടാവായി. ഏറിക്ക് ഹോണിക്കറുടെ ആത്മസുഹൃത്തും അതേസമയം പശ്ചിമ ജർമൻ ചാൻസിലർമാരായ വില്ലി ബ്രാൻഡ്, ഹെല്മുട്ട് ഷ്മിത്ത്, ഹെൽമുട്ട് കോൾ, അന്നത്തെ ബവേറിയൻ സംസ്ഥാന ചീഫ് മിനിസ്റ്ററും പ്രശസ്ത സാമ്പത്തിക വിദഗ്ധനും ക്രിസ്ത്യൻ സോഷ്യൽ യൂണിയൻ പാർട്ടി (CSU) യുടെ ചെയർമാനുമായ ഫ്രാൻസ് ജോസെഫ് സ്ട്രൌസ് തുടങ്ങിയ വെസ്റ്റ് നേതൃനിരയുടെ കണ്ണിലുണ്ണിയുമായിരുന്നു. പ്രവർത്തനങ്ങളിലെ താഴ്ചകളും ഉയരങ്ങളും നേരിട്ടറിഞ്ഞവനായിരുന്നു വോൾഫ്ഗാംഗ് ഫോഗെൾ (തുടരും).
ധ്രുവദീപ്തി

----------------------------------------------------------------------------------------------------------------


Montag, 10. Februar 2014

ധ്രുവദീപ്തി // കവിത - ഒരിറ്റു കണ്ണുനീർ. / നന്ദിനി വർഗീസ്

ധ്രുവദീപ്തി // കവിത  - 


ഒരിറ്റു കണ്ണുനീർ. / 

നന്ദിനി വർഗീസ് Nandhini Varghese

നീർചോല തന്നിലൊഴുകും കുളിർ  ജലം 
കൈകുമ്പിളിൽ കോരി മേപ്പോട്ടെറിഞ്ഞതും
തുള്ളിക്കൊരു കുടം ശിരസ്സാവഹിച്ചുകൊണ്ടു -
ന്മാദമുച്ചത്തിലാർപ്പു വിളിച്ചതും ..
കല്ലുകൾ പെറുക്കിയടുക്കി ചെറിയൊരു 
തടയണ കെട്ടി ഒഴുക്കു തടഞ്ഞതും ..
മുട്ടോളം വെള്ളത്തിലിരിപ്പുറപ്പിക്കവേ 
ചെറുമീനൊരെണ്ണം  നീന്തിയടുത്തതും ..
ചെകിളപ്പൂക്കൾ ഇളക്കി കുണുങ്ങവേ  
പദാന്തികങ്ങളിൽ ഇക്കിളി കൂട്ടവേ ..
കൈയ്യിൽ തടഞ്ഞൊരാ കോലങ്ങെടുത്തിട്ടു -
കല്ലിന്നടിയിലേയ്ക്കാഞ്ഞങ്ങു കുത്തവേ 
ഞെട്ടിപ്പിടഞ്ഞു പുറത്തേയ്ക്ക് ചാടിയ 
ഞണ്ട് കൈനീട്ടി ഇങ്ങുവാ കാട്ടവേ ...
ഓടാൻ ഭയം തടയുന്നൊരാ വേളയിൽ 
കാൽ തട്ടി തടയണ പൊട്ടിത്തകർന്നതും ..
ഒഴുകുന്ന വെള്ളത്തിൽ ബഹുദൂരം നീങ്ങവേ 
പാറമേൽ ആസന്നം തെല്ലുറപ്പിച്ചതും ..
പുളവൻ പുളഞ്ഞൊരു  തീർപ്പു കല്പ്പിച്ചതും 
പല്ലുകൾ ആഴത്തിൽ തെല്ലു പതിഞ്ഞതും ..
കാലുകൾ ശരവേഗ മാർഗ്ഗേ ഗമിച്ചു കൊണ്ട-
കലേയ്ക്ക് വേഗത്തിൽ പാഞ്ഞു പോയീടവേ ..
പടലിൻപടർപ്പിന്നിടയിൽ ഒളിച്ചൊരു 
കുഞ്ഞു മുയൽ ചാടി ഓടി അകന്നതും 
മണ്‍പാത താണ്ടിയും തിട്ടിൽ ചവിട്ടിയും 
കുത്തുകല്ലുകൾ കേറി വീട്ടിലേയ്ക്കോടവേ ..
നടയിൽ കാൽതെറ്റി തെന്നി വഴുതവേ 
ഉച്ചത്തിലമ്മെ  വിളിച്ചു കരഞ്ഞതും 
കുഞ്ഞേ ഉണരൂ എന്നോതുന്നൊരമ്മയെ 
കെട്ടിപ്പിടിച്ചു കൊണ്ടേങ്ങിക്കരഞ്ഞതും 
ഞണ്ടിൻ വരവും പുളവൻ കടിയും
കുഞ്ഞിൻ സ്വപ്നത്തിലാടിത്തിമിർക്കവേ ... അമ്മ തൻ മടിയിലായ് ശാന്തത തേടുന്ന 
പൈതലിൻ  പൂമുഖം, ലോകമോഹങ്ങളിൽ  
പിച്ചിയെറിയുവാൻ  വെമ്പുന്ന മാതൃത്വം 
ഉലകം നിറയ്ക്കവേ ..കലികാല ധ്വനികളിൽ     
ഒരമ്മ കരയുന്നു എന്തിനീ അമ്മമാർ ..
കുഞ്ഞിനെ വച്ചു വിലപറഞ്ഞീടുന്നു .....?
................

Samstag, 1. Februar 2014

ധ്രുവദീപ്തി // Religion // ഇടവക - ഒരു കാനോനിക വീക്ഷണം.// Fr. Dr. Thomas Kuzhinapurath


ധ്രുവദീപ്തി  // Religion/ :


ഇടവക - ഒരു കാനോനിക വീക്ഷണം.//

 Fr. Dr. Thomas KuzhinapurathFr.  Dr .Thomas  Kuzhinapurath 
ക്രിസ്തുവിന്റെ ഉത്ഥാനത്തിനു ശേഷം അവിടുത്തെ അനുയായികൾ ഭവനങ്ങളിൽ ദൈവാ രാധനയ്ക്കായി ഒത്തുചേർന്നു. ക്രമേണ ഈ കൂട്ടാ യ്മകൾ ഒരു നേതൃത്വത്തിൻ കീഴിൽ വലിയ സമൂഹ മായി രൂപം പ്രാപിച്ചു. ഇന്നത്തെ ഇടവകകളുടെയും ഭദ്രാസനങ്ങളുടെയും പ്രതിരൂപങ്ങളായി അവ പരി ണമിക്കുകയായിരുന്നു. ക്രമേണ ചരിത്രത്തി ന്റെ പുരോഗതിയിൽ, നിശ്ചിത നിയമങ്ങളുടെ അടി സ്ഥാനത്തിൽ നിയത സഭാഘടകങ്ങളായി അവ രൂപം പ്രാപിച്ചു.

രണ്ടാം വത്തിക്കാൻ സുന്നഹദോസിന്റെ ദർശന മനുസരിച്ച് ഓരോ ഇടവകയും ഭദ്രാസന മെത്രാന്റെ അധികാരസീമയിൽപ്പെട്ട ദൈവജന ത്തിന്റെ ഒരു പ്രാദേശിക കൂട്ടായമയ്മാണ്. "തന്റെ സഭയിൽ എല്ലായിടത്തും എല്ലായ്പ്പോഴും അജഗണങ്ങളുടെ സമൂഹത്തിൽ ആദ്ധ്യക്ഷം വഹിക്കാൻ സാദ്ധ്യമല്ലാത്ത തിനാൽ മെത്രാൻ വിശാസികളെ ചെറുഗുണങ്ങളായി തിരിച്ച് തന്റെ പ്രതിനിധികളായ വികാരിമാരെ അവയുടെ ചുമതല ഏൽപ്പിക്കുന്നു. ഇപ്രകാരം ക്രിസ്തുവിനാൽ സ്ഥാപിതമായ സഭയുടെ ദൃശ്യവും പ്രാദേശിക വുമായ രൂപമാണ് ഇടവക (ആരാധനാക്രമം 12).
                                                                         
പൗരസ്ത്യ സഭകളുട കാനോനസംഹിത (CCEO)യിൽ ശീർഷകം-7, മൂന്നാം അദ്ധ്യായം ഇടവകയുടെ കാനോനിക അസ്തിത്വത്തെക്കുറിച്ച് വ്യക്തമായി ചർച്ച ചെയ്യുന്നു. 1983 ജനുവരി 25നു പരിഷ്ക്കരിച്ച് ലത്തീൻ കാനോന  സാഹിത (CIC) യിലാകട്ടെ 515 മുതൽ 552 വരെയുള്ള കാനോനകളാണ് ഇടവകയുടെ നയ്യാമികസ്ഥിതിയെയും വികാരിമാരുടെ ചുമതലകളെയും കുറിച്ച് വിശദമായി പ്രതിപാദിക്കുക. ഈ  ഇരു കാനോന സംഹിതകളുടെയും അടിസ്ഥാനത്തിൽ വെളിവാക്കപ്പെടുന്ന ഇടവകയുടെ കാനോനിക ദർശനമാണ് ഈ പ്രബന്ധം ലക്ഷ്യം വയ്ക്കുന്നു. 
                                                                                                
The Five Pillars of 1930 Reunion Event.
Metropolitan Archbishop Mar Ivanios,
Bisop Jacob Mar Theophilis,
Fr. John Kuzhinapurath OIC,
Dn.Alexander OIC, Mr. Chacko Kilileth


കാനോനിക നിർവ്വചനം

ഒരു ഭദ്രാസനത്തിൽ സ്ഥായിയായി സ്ഥാപി തമായിട്ടുള്ളതും ഭദ്രാസന മെത്രാന്റെ അധികാരത്തിൻ കീഴിൽ ഒരു വികാരിയുടെ അജപാലന ശുശ്രൂഷയ്ക്കായി ഭരമേൽപ്പിക്ക പ്പെട്ടിട്ടുള്ളതുമായ ക്രൈസ്തവ വിശ്വാസി കളുടെ ഒരു നിശ്ചിത സമൂഹമാണ് ഇടവക. (CCEO. 279; CIC. 515 §1). ഈ കാനോനിക നിർവ്വചനത്തിന്റെ അടിസ്ഥാനത്തിൽ ഒരു പ്രാദേശിക ദൈവജന കൂട്ടായ്മയ്ക്ക് ഇടവക എന്ന ഔദ്യോഗിക സ്ഥാനം കൈവരുന്നത്, അത് ഒരു ഭദ്രാസനത്തിൽ സ്ഥായീഭാവ ത്തോടെ സ്ഥാപിതമാകുമ്പോഴാണ്. അതോ ടൊപ്പം ഭദ്രാസനാദ്ധ്യക്ഷന്റെ പ്രതിനിധി യായി അജപാലന ചുമതല നിർവ്വഹിക്കേണ്ട ഒരു വൈദികൻ ഇടവക വികാരിയായി ഭദ്രാസനാദ്ധ്യക്ഷനാൽ നിയമിക്കപ്പെടേണ്ട തും ഇടവകയുടെ കാനോനിക അംഗീകാര ത്തിനു  അനിവാര്യമാണ്. കൂടാതെ വെറു മൊരു കൂട്ടം എന്നതിനേക്കാളുപരി, സ്നേഹ ത്തിൽ അധിഷ്ടിതമായി ദൈവത്താൽ ഒരുമിച്ചു കൂട്ടപ്പെട്ട വിശ്വാസികളുടെ കൂട്ടായ്മ (കമ്മ്യൂണിറ്റി) ആണ് ഇടവക.
                                                                                              
ഇടവകാസ്ഥാപനം.

തന്റെ ഭദ്രാസനത്തിൽ ഒരു ഇടവക സ്ഥാപിക്കുന്നതിനോ, ഒരു ഇടവക നിർത്തലാക്കുന്നതിനോ, മാറ്റി സ്ഥാപിക്കുന്നതിനോ ഉള്ള അധികാരം ഭദ്രാസനാദ്ധ്യക്ഷന് മാത്രമുള്ളതാണ്. (CCEO. 280 §2; CIC. 515 §2). ഇതിൽ ഭദ്രാസനാദ്ധ്യക്ഷൻ വൈദിക സമിതിയുടെ ആലോചന തേടേണ്ടതുണ്ട്. പൊതുവെ ഭൂമിശാസ്ത്രപരമായ മാനദണ്ഢങ്ങളാണ് ഇടവക സ്ഥാപിക്കുന്നതിൽ ഭദ്രാസനാദ്ധ്യക്ഷൻ പരിഗണിക്കേണ്ടത്. എന്നാൽ വിശ്വാസികളുടെ രാഷ്ട്ര പൌരത്വം,ഭാഷ തുടങ്ങിയ വ്യക്തിപരമായ ഘടകങ്ങൾ പരിഗണിച്ചുകൊണ്ട്‌, ഭൂമിശാസ്ത്രപരമായ മാനദണ്ഡത്തിനു അതീതമായി ഇടവകകൾ സ്ഥാപിക്കുവാൻ ഭദ്രാസനാദ്ധ്യക്ഷന് അധികാരം ഉണ്ട്(CCEO.218 § 1; CIC. 518). നിയമാനുസൃതമായി സ്ഥാപിക്കപ്പെട്ട ഓരോ ഇടവകയും അതിന്റെ സ്ഥാപനത്താൽ ഒരു നയ്യാമിക വ്യക്തിയാണ് (CCEO.280 § 3; CIC. 515 § 3). നയ്യാമിക വ്യക്തി (Juridic Person) യെന്നാൽ, സഭയ്ക്കുവേണ്ടി, സഭയുടെ നാമത്തിൽ ഉചിതരായ സഭാധികാരികളാൽ അംഗീകരിക്കപ്പെട്ട ശാരീരിക വ്യക്തികളുടെയോ (Physical Persons) വസ്തുക്കളുടെയോ സമന്വയം എന്നാണർത്ഥം.

ഇടവകവികാരി 

Cardinal-Major Archbishop Mar Baselious 
Cleemis.
തന്റെ അധികാര പരിധിയിൽപ്പെട്ട ഒരു നിശ്ചിത ഇടവകയിലെ അജഗണ ത്തിന്റെ ആത്മീയ സംരക്ഷണത്തി നു തന്നോട് സഹകരിച്ചു പ്രവർത്തി ക്കുന്നതിനായി ഭദ്രാസനാദ്ധ്യക്ഷനാ ൽ നിയമിക്കപ്പെടുന്ന ഒരു വൈദിക നാണ് ഇടവകവികാരി (CCEO.281§1:CIC 519). സന്യാസാശ്രമങ്ങൾ തുടങ്ങിയ നയ്യാമിക വ്യക്തികൾക്ക് (Juridic Persons) ഇടവകവികാരി ആയിരിക്കു വാൻ നിയമപരമായി സാദ്ധ്യമല്ല. കാരണം ഇടവകവികാരി ഒരുനിശ്ചി ത  വൈദികനായിരിക്കണം എന്ന് കാനോനസംഹിതകൾ  പ്രത്യേകം അനുശാസിക്കുന്നുണ്ട്. എന്നാൽ സന്യാസാശ്ര മാംഗമായ ഒരു നിശ്ചിത വൈദികനെ ഇടവകവികാരിയായി ചുമതല എൽപ്പിക്കുന്നതിന്  ഭദ്രാസനാ ദ്ധ്യക്ഷന് അധികാരം ഉണ്ട് (CCEO. 281§ 2; CIC. 520 §1-2). ഈ ഇടവക വികാരി ഒരു വൈദികനായിരിക്കണം എന്ന് നിയമം അനുശാസിക്കുമ്പോൾ (CCEO. 281§1; CIC. 521§1) ഈ സ്ഥാനം ഒരു ഡീക്കനോ അല്മായപ്രതിനിധിക്കോ നിർവഹിക്കുക സാദ്ധ്യമല്ല എന്ന് വ്യക്തമാക്കുന്നു.

നല്ല ധാർമികബോധവും ശരിയായ വിശ്വാസവും മനുഷ്യരക്ഷയ്ക്ക് വേണ്ടി യുള്ള തീക്ഷ്ണതയും വിവേകവും മറ്റു പുണ്യങ്ങളും സ്വന്തമാക്കിയിട്ടുള്ള വൈദികനായിരിക്കണം ഇടവകവികാരി (CCEO. 285§1; CIC. 512 §2). ദൈവജന സമൂഹത്തെ പ്രബോധിപ്പിക്കുന്നതിലും വിശുദ്ധീകരിക്കുന്നതിലും നയിക്കു ന്നതിലും ഇടവകവികാരിക്കുള്ള കടമയും ഉത്തരവാദിത്വവും ഇരു കാനോന സംഹിതകളും ഏറെ പ്രാധാന്യത്തോടെ പ്രതിപാദിക്കുന്നുണ്ട് (CCEO. 289; CIC.528-529).

Cardinal-Mar Baselious Cleemis 
and  Pope  Benedikt -16 
ഇടവക സമൂഹത്തെ നയിക്കുമ്പോൾ, അല്മായ രെയും ഇടവകയിലെ സംഘടനകളെയും വേണ്ട വിധത്തിൽ പരിഗണിച്ച് ഉത്തമ ദൈവജന സമൂഹത്തെ രൂപവത്ക്കരിക്കുന്നതിലും വളർത്തു ന്നതിലും അവരുടെ കഴിവുകൾ ശരിയാംവിധം വിനിയോഗിക്കുവാൻ വികാരിമാർ ശ്രദ്ധിക്കണ മെന്ന് കാനോന സംഹിതകൾ പ്രത്യേകം ഓർമ്മ പ്പെടുത്തുന്നു (CCEO.289 §3; CIC.529§2).

ഇടവകയെ സംബന്ധിക്കുന്ന എല്ലാ നയ്യാമിക കാര്യങ്ങളിലും ഇടവകയുടെ പ്രതിനിധി വികാരിയായിരിക്കും (CCEO. 290 §1; CIC 532). ഇടവകയിൽ നടത്ത പ്പെടുന്ന എല്ലാ പ്രധാന കൂദാശകളും കൂദാശാനുഷ്ടാനങ്ങളും പരികർമ്മം ചെയ്യുന്നതിനുള്ള അധികാരം ഭദ്രാസനാദ്ധ്യക്ഷനും ഇടവകവികാരിക്കും മാത്രമുള്ളതായിരിക്കും (CCEO. 290 §2; CIC 530). അസിസ്റ്റന്റ് വികാരിമാരോ മറ്റു വൈദികരൊ ഈ കർമ്മങ്ങൾ പരികർമ്മം ചെയ്യുമ്പോൾ അവർ ഇടവകവികാരിയുടെ സമ്മതം മുൻകൂട്ടി വാങ്ങിയിരിക്കേണ്ടതാണ്.

ഇടവകപള്ളിയോട് ചേർന്നുള്ള വൈദികമന്ദിരത്തിൽ സ്ഥിരമായി താമ സിക്കുവാൻ ഇടവകവികാരിക്ക് ഉത്തരവാദിത്വം ഉണ്ടെന്ന് ഇരു നിയമ സംഹിതകളും പ്രത്യേകം അനുശാസിക്കുന്നു (CCEO.292 §1; CIC. 533 §1). ഗൗരവ തരങ്ങളായ തടസ്സങ്ങൾ ഇല്ലാത്തപക്ഷം ഒരു മാസം വരെ നീണ്ടുനിൽക്കുന്ന വാർഷിക അവധി ഇടവക വികാരിക്ക് അനുവദനീയമാണ്. (CCEO. 292 §2 : CIC. 533 §2).

ഇടവകാംഗത്വം.

സഭാംഗങ്ങളും വൈദികരും
ഒരു വ്യക്തിസഭയിലെ ഇടവകയുടെ അതിർത്തിയിൽ സ്ഥിരതാമസമുള്ള പ്രസ്തുത സഭാംഗങ്ങൾ എല്ലാവരും ആ ഇടവകയിലെ അംഗങ്ങൾ ആയിരി ക്കും. ഒരു വ്യക്തിക്ക് കത്തോലിക്കാ ഇടവകാംഗത്വം ലഭിക്കുന്നതിനുള്ള അടിസ്ഥാന സാദ്ധ്യതകൾ താഴെ പറയുന്നവയാണ്.


ഒരു വ്യക്തിസഭയിലെ അംഗങ്ങളായ മാതാപിതാക്കളുടെ കുട്ടികൾ ജ്ഞാന സ്നാനം സ്വീകരിക്കുമ്പോൾ അതിനാൽത്തന്നെ അവർ മാതാപിതാക്കളുടെ ഇടവകയിലെ അംഗങ്ങളായിത്തീരുന്നു. മാതാപിതാക്കൾ വ്യത്യസ്ത കത്തോ ലിക്ക വ്യക്തി സഭാംഗങ്ങളായിരിക്കേ പൗരസ്ത്യ സഭാ നിയമം (CCEO) അനു സരിച്ച് അവരുടെ കുട്ടികൾ പിതാവിന്റെ വ്യക്തിസഭയിലെ ഇടവകാം ഗങ്ങൾ ആയിട്ടാകാം മാറുക. എന്നാൽ മേൽപ്പറഞ്ഞ സാഹചര്യത്തിൽ മാതാ പിതാക്കൾ ഇരുവരും ഒരുമിച്ചു എത്തിച്ചേർന്ന തീരുമാനത്തിന്മേൽ അവരുടെ കുട്ടികൾക്ക്‌ ജ്ഞാനസ്നാനം വഴി മാതാവിന്റെ വ്യക്തിസഭയിലെ ഇടവക യുടെ അംഗത്വം സ്വീകരിക്കാവുന്നതാണ് (CCEO.29§1). ഇവിടെ ലത്തീൻ കാനോന സംഹിത അല്പ്പം വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത് ശ്രദ്ധേയമാണ്.

മാതാപിതാക്കൾ വ്യത്യസ്ത കത്തോലിക്കാ വ്യക്തി സഭാംഗങ്ങൾ ആയിരിക്കേ അവരുടെ കുട്ടികൾ ജ്ഞാനസ്നാനം വഴി പിതാവിന്റെ വ്യക്തിസഭയിലെ ഇടവകയുടെ അംഗങ്ങൾ ആയി മാറുന്നുവെന്ന അനുശാസനം പ്രാഥമി കമായി ലത്തീൻ സഭ നൽകുന്നില്ല. മറിച്ച് മേൽപ്പറഞ്ഞ സാഹചര്യത്തിൽ കുട്ടികൾക്ക് ഏതു വ്യക്തിസഭയിലെ അംഗത്വം നൽകണമെന്നതിനെ സംബന്ധിച്ച് മാതാപിതാക്കൾക്ക് ഒരുമിച്ചു തീരുമാനത്തിലെത്താൻ സാധി ക്കാത്തപക്ഷം കുട്ടികൾക്ക് ജ്ഞാനസ്നാനം വഴി പിതാവിന്റെ വ്യക്തി സഭയിലെ അംഗങ്ങളായി മാറുന്നുവെന്നാണ് ലത്തീൻ കാനോന സംഹിത അനുശാസിക്കുന്നത് (CIC. 111 §1). ലത്തീൻ കാനോനസംഹിതയനുസരിച്ച് രണ്ട് വ്യത്യസ്ത വ്യക്തിസഭാംഗങ്ങളായ മാതാപിതാക്കളുടെ കുട്ടികൾക്ക് യഥോ ചിതം മാതാവിന്റെയോ പിതാവിന്റെയോ വ്യക്തിസഭയിലെ ഇടവകയുടെ അംഗത്വം ജ്ഞാനസ്നാനത്തിലൂടെ നൽകുന്നതിന് പ്രാഥമികമായി തടസ്സമില്ല (See Salachas, Instituzioni. 77-79). എന്നാൽ പതിനാല് വയസ്സ് പൂർത്തിയായ ഒരു സ്നാനാർത്ഥിക്കു സ്വതന്ത്രമായി ഏതു വ്യക്തി  സഭയുടെയും ഇടവകയിൽ ജ്ഞാനസ്നാനം വഴി അംഗത്വം സമ്പാദിക്കാവുന്നതാണെന്ന് ഇരു സംഹിത കളും അനുശാസിക്കുന്നു (CCEO. 30; CIC. 111 §2).

അക്രൈസ്തവർക്ക് വിശ്വാസ സ്വീകരണത്തിലൂടെയും ജ്ഞാനസ്നാനം വഴിയും ഇടവകകളിൽ അംഗത്വം ലഭിക്കുന്നു. വിശ്വാസം സ്വീകരിച്ചവരുടെ സ്ഥിരതാമസം ഏത് ഇടവകാതിർത്തിയിലാണോ ആ ഇടവകയിലേക്ക് ആയിരിക്കും അവർ സ്വീകരിക്കപ്പെടുക. ഒരേ സ്ഥലത്ത് വ്യത്യസ്ത വ്യക്തിസഭാ ഇടവകകളുള്ള പക്ഷം പ്രായപൂർത്തിയായ അക്രൈസ്തവ സ്നാനാർത്ഥിയുടെ സ്വതന്ത്രമായ തീരുമാനമായിരിക്കും ഇടവകാംഗത്വ ത്തിന്റെ മാനദണ്ഡം.

ജ്ഞാന സ്നാനം സ്വീകരിച്ചിട്ടുള്ള അകത്തോലിക്കർ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് പുനരൈക്യപ്പെടുമ്പോൾ തങ്ങൾ പിന്തുടർന്നു പോരുന്ന ആചാര അനുഷ്ടാനങ്ങളും പൈതൃകങ്ങളും സംരക്ഷിക്കപ്പെടുന്ന വ്യക്തിസഭയാണ് തെരഞ്ഞെടുക്കേണ്ടത്. കേരള പശ്ചാത്തലത്തിൽ അന്ത്യോക്യൻ ആരാധനക്രമ പൈതൃകങ്ങളുടെ പിന്തുടർച്ചക്കാരായ അകത്തോലിക്കാ സഭാവിഭാഗങ്ങളിൽ നിന്നും കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് കടന്നു വരുന്നവർക്ക് സ്വീകരിക്കാവുന്ന ഏക മാർഗ്ഗം മലങ്കര സുറിയാനി കത്തോലിക്കാ സഭയാണ്. ഇങ്ങനെ പുനരൈക്യ പ്പെടുന്നവർ നിശ്ചയമായും പ്രാദേശിക ഇടവകകളിലെ അംഗങ്ങളായി മാറുന്നു.

ഇടവകസമിതികൾ 

വൈദികരും സഭാ മേലദ്ധ്യക്ഷരും
ഇടവകയുടെ അജപാലനപരവും സാ മ്പത്തികവുമായ കാര്യങ്ങളിൽ ശരി യായ തീരുമാനങ്ങൾ കൈക്കൊണ്ട്, സഭയുടെ പൊതുനിയമങ്ങൾക്കും നിബന്ധനകൾക്കും അനുസൃതമായി ഇടവകയെ പരിപാലിക്കുന്നതിന്  ആവശ്യമായ സമിതികൾ ഇടവക യിൽ ഉണ്ടായി രിക്കണം (CCEO. 295; CIC. 536-537). ഇവിടെ ഓരോ വ്യക്തി സഭയുടെയും പ്രത്യേക നിയമങ്ങൾ' ആണ് പരിഗണിക്കേണ്ടത്. തിരുവന ന്തപുരം മേജർ അതിഭദ്രാസനത്തിൽ കൈക്കൊണ്ടിട്ടുള്ള നിബന്ധനകൾ ശ്രദ്ധേയമാണ്. അവ ചുവടെ ചേർ ക്കുന്നു: പൊതുയോഗം, ഇടവക കമ്മിറ്റി എന്നീ രണ്ടു സമിതികൾ ഇടവക യിൽ അവശ്യം ഉണ്ടായിരിക്കണം.

ഔദ്യോഗികമായും പരസ്യമായും   മുടക്കപ്പെട്ടിട്ടില്ലാത്ത പക്ഷം, പതിനെട്ടു വയസ്സ് പൂർത്തിയായ എല്ലാ ഇടവകാംഗങ്ങളും ഇടവകാപൊതുയോഗത്തിൽ അംഗങ്ങൾ ആയിരിക്കും. ഇടവകയെ സംബന്ധിക്കുന്ന സുപ്രധാന തീരുമാനങ്ങൾ പൊതുയോഗത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്. പൊതുയോഗ തിയതിയും യോഗം നടക്കുന്ന ഞായറാഴ്ച ഉൾപ്പെടെ രണ്ടു പ്രാവശ്യമെങ്കിലും മുൻകൂട്ടി തീരുമാനിച്ച് അറിയിച്ചിരിക്കേണ്ടതാണ്.

പൊതുയോഗത്തിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ പ്രത്യേക സമിതിയാണ് ഇടവക കമ്മിറ്റി. കമ്മിറ്റിയംഗങ്ങളുടെ സംഖ്യ അഞ്ചിൽ കുറയുകയോ പതിനഞ്ചിൽ കൂടുകയോ അരുത്. പിതൃസംഘം, മാതൃസംഘം, വേദ പാഠാദ്ധ്യാപകർ, യുവജനസംഘടന എന്നിവയുടെ പ്രതി നിധികളെ ഉൾപ്പെടുത്തിയാണ് ഇടവക കമ്മിറ്റി രൂപവൽക്കരിക്കേണ്ടത്. ഇട വകയുടെ സുസ്ഥിതിക്കും വളർച്ചയ്ക്കും ഇടവകവികാരിയോടു സഹകരി ച്ചു പ്രവർത്തിക്കുന്നതിനു കടമയുള്ള ഇടവക കമ്മിറ്റിയുടെ കാലാവധി ഏപ്രിൽ മുതൽ മാർച്ച് വരെയുള്ള ഒരു വർഷക്കാലമായിരിക്കും.

കമ്മിറ്റിയംഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഇടവക കൈക്കാരനും (കാര്യദർശിയും (Secretary) ഇടവക വികാരിക്ക് വിധേയരായി ഇടവക പരിപാലനയിൽ ശ്രദ്ധിക്കേണ്ടതാണ്. ഇടവക സ്വത്തുക്കളുടെ സംരക്ഷണം, വികസനം, വരവുചെലവുകണക്കുകൾ എന്നിവയ്ക്ക് കൈക്കാരൻ മേൽനോട്ടം വഹിക്കുന്നു. എന്നാൽ കാര്യദർശിയാകട്ടെ, ഇടവകയുടെ കണക്കുകളും യോഗറിപ്പോർട്ടുകളും നിശ്ചിത ബുക്കുകളിൽ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുന്നു.

ഇടവകയും ഭക്തസംഘടനകളും.

ഇടവകയുടെ പ്രവർത്തനത്തെ സജീവമാക്കുന്നതിൽ ഭക്തസംഘടനകൾ വഹിക്കുന്ന പങ്കു അനിഷേദ്ധ്യമാണ്. തന്റെ അധികാരസീമയിൽപ്പെട്ട ഇടവകയിൽ ഒരു ഭക്തസംഘടന ആരംഭിക്കുന്നതിനും അംഗീകാരം നൽകുന്നതിനുമുള്ള അധികാരം ഭദ്രാസനാദ്ധ്യക്ഷ്ന്റെതായിരിക്കും. ഭദ്രാസനത്തിന് പുറത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സംഘടനയുടെ ശാഖ ഇടവകയിൽ ആരംഭിക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്യണമെങ്കിൽ ഭദ്രാസനാദ്ധ്യക്ഷന്റെ രേഖാമൂലമായ അനുവാദം ആവശ്യമാണ് (CCEO. 575 §1; CIC. 312). സഭയുടെ പൊതുവായ പ്രബോധനങ്ങൾക്കും നിബന്ധനകൾക്കും അനുസൃതമായി, സഭയുടെ നന്മയ്ക്കും പുരോഗതിക്കുമായി ഭക്തസംഘട നകൾ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തുവാൻ ഭദ്രാസനാദ്ധ്യക്ഷനും ഇടവകവികാരിക്കും കടമയുണ്ടെന്ന് കാനോനസംഹിതകൾ പ്രത്യേകം അനുശാസിക്കുന്നു.

ഇടവകരേഖകൾ, സാക്ഷ്യപത്രങ്ങൾ.  


മലങ്കര കത്തോലിക്കാ സഭാദ്ധ്യക്ഷന്മാർ
ഇടവകാംഗങ്ങളുടെ സഭാജീവിത ത്തെയും ഇടവകയുടെ അസ്തിത്വ ത്തെയും സംബന്ധിക്കുന്ന നിർണാ യക രേഖകൾ ഇടവകയിൽ സൂക്ഷ്മ മായി രേഖപ്പെടുത്തി സംരക്ഷിക്കേ ണ്ടതാണ്. അവയുടെ അടിസ്ഥാന ത്തിൽ ആവശ്യാനു സരണം സാക്ഷിപത്രങ്ങൾ യഥാവിധി നൽകേ ണ്ടതുണ്ട്. അതതു വ്യക്തി സഭകളുടെ നിബന്ധനകളനുസരിച്ചുള്ള കൂദാശ പരവും നയ്യാമികവുമായ രേഖകൾ യഥാവിധി സംരക്ഷിക്കുന്നുവെന്ന് വികാരി ഉറപ്പു വരുത്തേണ്ടതാണ്. ഇടവകാംഗങ്ങളുടെ കാനോ നിക പദവിയെ സംബന്ധിക്കുന്ന എല്ലാ സാക്ഷ്യപത്രങ്ങളിലും വികാരിയോ, അദ്ദേഹത്താൽ അധികാരപ്പെടുത്തപ്പെട്ട  ആളോ ഒപ്പ് വയ്ക്കുകയും ഇടവക യുടെ മുദ്ര കുത്തുകയും വേണം (CCEO. 296; CIC. 535).

ഇടവക പൊതുയോഗത്തിന്റെയും കമ്മിറ്റിയുടെയും റിപ്പോർട്ടുകൾ കാര്യദർശി യഥാവിധി റിപ്പോർട്ട് ബുക്കുകളിൽ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. ഇടവകയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രാസനാദ്ധ്യക്ഷൻ പ്രസിദ്ധീകരിക്കുന്ന അജപാലനപരമായ കല്പ്പനകളും ലേഖനങ്ങളും കൃത്യമായി ഫയൽ ചെയ്തു സൂക്ഷിക്കുന്നതിന് ഇടവകയിൽ ക്രമീകരണങ്ങൾ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ് (CCEO. 296§4; CIC. 535§4).

സെമിത്തേരിയും മൃതസംസ്കാരവും.

ഒരു മനുഷ്യവ്യക്തിയോട് ക്രൈസ്തവ കൂട്ടായ്മയ്ക്കുള്ള ആദരവും സഹാനു ഭൂതിയും സാഹോദര്യവും ആണ് മൃതസംസ്കാരം എന്ന ആചാര നുഷ്ടാനത്തിലൂടെ സഭ വെളിവാക്കുന്നത്. ഈ ആചാരാനുഷ്ടാനം പവിത്രവും ഹൃദയസ്പർശിയുമായ വിധത്തിൽ നടത്തപ്പെടുമ്പോൾ ഈ സാക്ഷ്യമാണ് ഓരോ ഇടവകയും നല്കുക. തന്മൂലം മൃതസംസ്കാരത്തിനായി പ്രത്യേക സ്ഥലങ്ങൾ പവിത്രമായി ഇടവകകളിൽ സംരക്ഷിക്കപ്പെടണമെന്ന് സഭാ നിയമം അനുശാസിക്കുന്നു.

സെമിത്തേരി
നിയമവിലക്കില്ലാത്ത എല്ലാ ക്രൈസ്തവ വിശ്വാസി കൾക്കും വിശ്വാസ പരിശീലനത്തിൽ  (Catechumens) സഭാപരമായ മൃതസംസ്കാരം നൽകേണ്ടതാണ്. വേർപെട്ടുപോയ ആത്മാവിനുവേണ്ടിയുള്ള പ്രാർ ത്ഥന, മൃതശരീരത്തോടുള്ള ആദരവ്, പരേതരുടെ ബന്ധുമിത്രാദികൾക്ക് ലഭിക്കേണ്ട സമാശ്വാസം എന്നീ ഘടകങ്ങൾ ഒത്തുചേർന്ന ആരാധനക്രമ ശുശ്രൂഷയാണ് മൃതസംസ്കാര കർമ്മത്തിലൂടെ ഉദ്ദേശിക്കുക (CCEO. 875; CIC. 1176§2).

കത്തോലിക്കാ സഭയിൽ ജ്ഞാനസ്നാനം നൽകുന്നതിന് മാതാപിതാക്കൾക്ക് ആഗ്രഹമുണ്ടായിരിക്കെ, അവരുടെ കുഞ്ഞുങ്ങൾ ജ്ഞാനസ്നാനം സ്വീകരി ക്കുന്നതിനു മുൻപ് മരിക്കുന്നപക്ഷം, ഭദ്രാസനാദ്ധ്യക്ഷന്റെ സന്ദർഭോചിത മായ തീരുമാനമനുസരിച്ച് ആ കുഞ്ഞുങ്ങൾക്ക്‌ സഭാപരമായ മൃതസംസ്കാരം നൽകാവുന്നതാണ്‌ (CCEO. 876§2. CIC. 1183 §2)

പ്രാദേശിക സാക്ഷ്യം.
സഭയുടെ ദൃശ്യരൂപമായ ഇടവക ഭദ്രാസനാദ്ധ്യക്ഷന്റെ അധികാര പരിധി ക്കുള്ളിൽ അദ്ദേഹത്തിൻറെ പ്രതിനിധിയായ ഇടവകവികാരിയുടെ നേതൃ ത്വത്തിൽ,പ്രാദേശികമായ ഒരു കൂട്ടായ്മാജീവിതം കെട്ടിപ്പെടുക്കുമ്പോൾ സാർവ്വത്രിക സഭയ്ക്കൊരു പ്രാദേശിക സാക്ഷ്യം കൈവരുകയായി. ഇങ്ങനെ കൂട്ടായ്മാജീവിതം നയിക്കുന്നതിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളാ ണ് ഇടവകയെ സംബന്ധിക്കുന്ന സഭാനിയമങ്ങൾ. ഈ സാക്ഷ്യത്തിന്റെ അംശമാണ് സഭാനിയമങ്ങളുടെ അന്ത:സത്തായി ഉൾചേർത്തിരിക്കുന്നതെ ന്ന വസ്തുത നമുക്ക് വിസ്മരിക്കാനാവില്ല. //-
----------------------------------------------------------------------------------------------------------------------