ശ്രീ. റ്റി. പി .ജോസഫ് തറപ്പേൽ |
ഏകദേശം ഒരു നൂറ്റാണ്ടു മുമ്പ് റവ. ഫാ. എബ്രാഹം കുടകശേരിൽ വി. അന്തോനീസു പുണ്യവാനിൽ നിന്നും ലഭിച്ച അനുഗ്രഹത്തിന് നന്ദിപ്രകടനമായി രചിച്ച "ചെങ്ങള മാഹാത്മ്യം" കവിത അന്നത്തെ ഭാഷാ തനിമ ഒട്ടും മാറാതെ തന്നെ ഘട്ടം ഘട്ടമായി വായനക്കാർക്ക് വേണ്ടി ഞങ്ങൾ സമർപ്പിക്കുകയാണ്. കവിതയുടെ അവസാന ഭാഗം കണ്ടുകിട്ടിയിട്ടില്ല./ തുടർച്ച- : ധൃവദീപ്തി
ചെങ്ങളമാഹാത്മ്യം. ഓട്ടൻ തുള്ളൽ- തുടർച്ച...
By-ഫാ.എബ്രാഹം കുടകശ്ശേരിൽ.
ഒരുപാടാളുകളപ്പോഴെന്നുടെ
കരയതിൽനിന്നും ചെങ്ങളമെന്നൊരു
കരയതിലേയ്ക്കതിരാവിലെയെന്നും
തിരുയാത്രക്കായ് പോക്കുതുടങ്ങി
പലപല മാറാരോഗവുമവരിൽ
പലരുടെ തീർന്നത് കണ്ടപ്പോളാ-
സ്ഥലമതിലേക്കറിയാത്തൊരു ശക്തി
ബാലമോടെന്നെ വലിച്ചു ജവത്തിൽ
പീറ്റർലക്ഷ്മണനെന്ന മഹാനും
തോറ്റുമടുത്തൊരു ദീനമകറ്റാൻ
പറ്റിയ വൈദ്യൻ പാദുവ പുരിയുടെ
യുറ്റസുതൻ മാറന്തോനീസ്സെ -
ന്നേറ്റമുറച്ചാ ചെങ്ങളദേശം
പറ്റി പ്രാർത്ഥനയുറ്റുതുടങ്ങി
കേരളമതിലൊരു പാദുവപുരമായ്
ചെങ്ങളമങ്ങു വിളങ്ങീടുന്നു
തിങ്ങളിൽ നാലുസഹസ്രം രൂപ മു-
ടങ്ങാതങ്ങുവരുന്നുണ്ടവിടെ
ചെങ്ങളമെന്നീ ധ്വനിയെയിന്നു ജ-
നങ്ങളിൽനിന്നും കേൾപ്പാനുള്ളൂ
ചെങ്ങളവും മംഗളവും തങ്ങളി-
ലാങ്ങളയും പെങ്ങളുമാണോർത്താൽ
കുരുതികഴിച്ചും ഭരണികരിച്ചും
കുറികൾ വരച്ചും ചരട് ധരിച്ചും
കുരവയുമിട്ടു നടക്കും പരിഷകൾ
കുരിശുവരപ്പതു കാണാമവിടെ
ഉരിയാടുന്നവർ പുലയരുമായി
ട്ടുരുമിനടപ്പതുമത്ഭുതമല്ല
ധരണീ സുരനും ചണ്ഡാലനുമാ-
യൊരുവ്യത്യാസവുമില്ലിവിടത്തിൽ
പൗര സമത്വം ശരിയായിതുപോ-
ലോരുദേശത്തും കാണ്മാനില്ല
ഒരുചരടിന്മേൽ കോർത്തുചമച്ചൊരു
കുരുനിരയല്ലേ? നരകുലമെല്ലാം
പറയാനുമങ്ങേയറ്റത്തമരും
ധരണീ സുരനാമാഢ്യനുമോർത്താൽ
പരമപിതാവിന്നൊരുപോലുളവാ-
മിരുപുത്രന്മാരാണുലകത്തിൽ
ഒരുവനെയപരൻ "ഹോം" നാദത്താ-
ലിരുപത്താറടിയകലത്താക്കാൻ
പരിചൊടു തുനിയുന്നതിലും വലുതായ്
പരിതാപത്തിനു വക മറ്റുണ്ടോ?
കാവടിയേന്തുവരന്തോനീസ്സിൻ
ചേവടിയുഗളം താണുവണങ്ങി
ബാവാപുത്രൻ റൂഹായെന്നും
നാവതുകൊണ്ടു ജപിച്ചീടുന്നു
സീമാവറ്റൊരു ഭാവുകമെത്താ-
നാമോദത്തോടിവരിൽപ്പലരും
മാമൂലഖില മുപേക്ഷിച്ചധുനാ
മാമോദീസാ മുഴുകിവരുന്നു
മാറന്നീശോമിശിഹായെ നിജ
മാറോടണയ്ക്കാൻ ഭവികം നേടിയ
മാറന്തോനീസ്സിന്റെ സമക്ഷ
മാറേഴാഴ്ച്ചകൾ പാർത്തവിടുന്നടി-
മാറാതേറെ മനസ്താപത്താൽ
മാറിലടിച്ചുകരഞ്ഞിട്ടെൻമന-
മാറാതുള്ളയപേക്ഷനിമിത്തം
മാറിയമട്ടായെന്റെ പ്രമേഹം
മറിയത്തിന്നതിവത്സനനെന്നും
മറുനാമത്താൽ പറയാവുന്നൊരു
മാറന്തോനീസ്സിന്റെ മനോഗുണ-
മറിയാതുള്ളവനാരിപ്പാരിൽ
മറി മായം കലരാത്തൊരു ജീവിത
മറിവായതുതൊട്ടാരംഭിച്ചു
മറപൊരുളാകെയറിഞ്ഞിട്ടനുപമ-
മാറാം കൂദാശയുമേറ്റാശ്രമ-
മറയുടെയുള്ളിലൊളിച്ചിട്ടൊരുവരു-
മറിയാതുള്ളജ്ഞാതനിവാസം
മറുതലവിട്ടു നയിച്ചീ യതിബല-
മറിയാനിടയായ് ലോകരശേഷം
മറിയത്തിന്റെ മഹസ്സുവിളങ്ങിയ
കരയേറ്റത്തിരുന്നാളിൽത്തന്നെ
ധരണിയിൽ വന്നുപിറക്കാൻധന്യൻ
വരമൊന്നാദ്യമെ കിട്ടി വിശേഷാൽ
അറിവായതുമുതലീശോ മറിയം
തിരുനാമങ്ങളുരപ്പതു കേട്ടാ-
ലരികേനിൽപ്പവരാകെസ്നേഹ-
ത്തിരമാലയിൽവീണൊന്നു കുളിക്കും
അത്ഭുതമിതുപോൽ വേറൊരു ധന്യനു-
മിബ്ഭൂവനത്തിൽ ചെയ്യുന്നില്ല
അത്ഭുതമങ്ങരുളാതെയിരുന്നാ-
ലത്ഭുതമെന്നെ പറവാനുള്ളു
പരിശുദ്ധന്മാരുടെ മാദ്ധ്യസ്ഥം
നിരസിക്കുന്നവർ സുവിശേഷത്തിൽ
പറയുന്നവയെപ്പാർത്താൽ ശരിയായ്
തിരിയാറാകും സംഗതിയഖിലം
യറുസലമതിനായ് മാദ്ധ്യസ്ഥം,മാർ
ഏറമ്യാസ് പറഞ്ഞീടുന്നു
വെളിപാടിൽ ചില പ്രാർത്ഥനനിരയെ
കിളവന്മാര് സമർപ്പിക്കുന്നു
പത്രോസും പൌലോസും തങ്ങടെ
മിത്രങ്ങൾക്കായ് പ്രാർത്ഥിക്കുന്നു
എസ്ത്പ്പാനും തന്നെയെറിഞ്ഞൊരു
ശത്രുവിനായിട്ടത്ഥർത്തിക്കുന്നു
യാക്കോശ്ലീഹാ പ്രാർത്ഥിപ്പാനായ്
വാക്കാലരുളിച്ചെയ്തീടുന്നു
മാദ്ധ്യസ്ഥം ഗുണമാണെന്നതിനാൽ
സിദ്ധിക്കുന്നതുകൊണ്ടവരോട്നാം
ശ്രദ്ധയോടേറ്റമപേക്ഷിച്ചെന്നാൽ
സിദ്ധിച്ചീടും പലപലകാര്യം
കവളിൻവാർപ്പു പൊറുക്കായെന്നത്
കളവാണെന്നുംതെളിയിക്കാം ഞാൻ
അതുപോലുള്ളൊരുകേസുകളും ചെ-
ങ്ങളമതിലിന്ന് ശമിച്ചീടുന്നു
തളർവാതത്താലൊമ്പതു വർഷം
തളമതിൽ വാണൊരു മടവാരെറണാ-
കുളമതിൽനിന്നുംവന്നവളും ചെ-
ങ്ങളമതിൽനിന്ന് സുഖത്തോടുപോയി
ക്ഷയമെന്നുള്ളൊരു ദിനംപോലും
ക്ഷയമെത്തുന്നുണ്ടവിടെച്ചെന്നാൽ
ക്ഷയരോഗികളെ! പണമാസകലം
ക്ഷയമരുളാതവിടത്തിൽച്ചെന്ന-
ക്ഷയമാനസനാമന്തോനീസ്സൊട്
ക്ഷണമേറാതിരുപാണികൾ കൂപ്പി-
ക്ഷമയോടവിടെ വസിച്ചു ഭജിച്ച്
ക്ഷേമത്തോടു തിരിച്ചു ഗമിപ്പിൻ
കുഷ്ഠം വിട്ടത് കേട്ടിട്ടുണ്ടോ?
കൂട്ടരെ വന്നാൽ കാട്ടിത്തരുവാൻ
പൊട്ടിയൊലിച്ചുവരുന്നിവിടേയ്ക്കായ്
വാട്ടിയുണക്കി വിടുന്നിവിടുന്ന്
ചുണ്ടപ്പഴനിറമാണ്ടുതടിച്ചു
വിണ്ടപ്പുഴു കുലമുണ്ടുവസിക്കും
കണ്ഠക്കുരു രണ്ടാഴ്ചകൾ കൊണ്ടു വ-
രണ്ടൊക്കെ ത്തൊണ്ടാടിയതെല്ലാം
കണ്ടോർക്കല്ലാതുണ്ടോ തിരയൂ.
രണ്ടാൾക്കിങ്ങനെ സുഖമുണ്ടായി
നീർപ്പണ്ടത്തിനുകേടുപിടിച്ചുവെ-
റുപ്പുണ്ടാക്കുംമട്ടുദരത്തിൽ
വീർപ്പുണ്ടാക്കുന്നതിനുംകൂടെ
തീർപ്പുണ്ടിവിടെയണഞ്ഞെന്നാകിൽ
ഗോത്രവഴിക്കുംവന്നുവശായൊരു
മൂത്രമൊഴിച്ചിലുമത്രപൊറുക്കും
ഇത്രയുമെഴുതാൻ ഞാൻ വശമായതു
മെത്രയുമത്ഭുതമാണു നിനച്ചാൽ
ചുഴലും തീയിൽ വീണു കരിഞ്ഞൊരു
ചുഴലിദ്ദീനക്കാരായവരും
ഉഴലും മാനസമോടിഹവന്നാൽ മുഴുവൻ
മുഴുവൻ ഭേദമതായ് പിരിയുന്നു
ചേനച്ചുണ്ട്സമംനാസികയിൽ
തുനിച്ചിട്ടു പുറത്തേയ്ക്കുന്തിയ
പീനാകൃതി പൂണ്ടുള്ള ഭയങ്കര
പീനസശമനംപലതെണ്ണീടാം
അമ്മിപ്പിള്ള കണക്കുവയറ്റിൽ
വിമ്മിട്ടത്തോട് പാഞ്ഞുനടക്കും
ഗുന്മൻവ്യാധികളേറെജനത്തിനു
നിർമ്മൂലമതായ് ത്തീരുന്നുണ്ട്....
ധ്രുവദീപ്തി ഓണ്‍ലൈൻ