Mittwoch, 29. Oktober 2014

Religion / Faith /വിശ്വാസ വാതിൽ തുറന്ന പ്രവാചകന്മാർ. / Dr. Andrews Makkattukunnel

വിശ്വാസത്തിന്റെ വാതിൽ ഏതാണെന്നും ആ വാതിൽക്കലേയ്ക്ക് എത്താനുള്ള വഴികൾ ചൂണ്ടിക്കാണിച്ച പ്രവാചകരുടെ ദൌത്യത്തെപ്പറ്റിയുമുള്ള ദൈവശാസ്ത്രപരമായ ബന്ധം വെളിപ്പെടുത്തുന്ന ഫാ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ സീറോമലബാർ സഭയുടെ വാടവാതൂർ മേജർ സെമിനാരി പ്രൊഫസ്സർ കൂടിയാണ്. 
(ധ്രുവദീപ്തി ഓണ്‍ലൈൻ)

 Prophets are men of God.

A prophet is a man who has been called of God to speak for him and be His messenger. A prophet receives the Lord's word for mankind including revelations, prophecies, and commandments.

A prophet is basically a spokesman for God, a person chosen by God to speak to people on God's behalf and convey a message or teaching. Prophets were role models of holiness, scholarship and closeness to God. They set the standars for the entire community.
The Hebrew word for a prophet, navi (Nun-Beit-Yod-Alef) comes from the term niv sefatayim meaning "fruit of the lips," which emphasizes the prophet's role as a speaker. 


 ആരായിരുന്നു പ്രവാചകർ?

Rev. Dr. Andrews Mekkattukunnel
ദൈവത്തിനു വേണ്ടി സംസാരിക്കാനും ദൈവഹിതം ജനത്തെ അറിയിക്കാനുമായി ദൈവം തന്നെ തിരഞ്ഞെടുത്തയക്കുന്ന വ്യക്തികളാണ് പ്രവാചകന്മാർ. പിതാവായ ദൈവത്തിന്റെ തെരഞ്ഞെടുത്ത വക്താക്കളിലൂടെ ദൈവാരൂപി തന്നെയാണ്  മനുഷ്യരോട്സംസാരിക്കുന്നുവെന്നതായിരുന്നു ഇസ്രായേലിലെ വിശ്വാസം ( 1 സാമു 10, 10; 1 രാജാ- 22, 24). ദൈവം മനുഷ്യരായ ഇവരെ ദീർഘദർശികൾ എന്നും വിളിച്ചിരുന്നുവെന്നു വിശ്വസിച്ചു. ( 1 സാമു. 9, 9 ). " പൂർവ്വ കാലങ്ങളിൽ ദൈവം നമ്മുടെ പിതാക്കന്മാരോട് പല പ്രകാരത്തിലും വിവിധതര കാഴ്ചപ്പാടിലും  പ്രവാചകരിലൂടെ സംസാരിച്ചു" (ഹെബ്രാ. 1, 1-2). ദൈവഹിതം അറിയിക്കുകവഴി പ്രവാചകർ ദൈവത്തിന്റെ ഹൃദയത്തിലേയ്ക്കുള്ള കവാടമാണ് ലോകത്തിനു തുറന്നു നൽകിയത്.

 ദൗത്യം.

ദൈവത്തോടുള്ള വിശ്വസ്തതയിൽ നിന്ന് ഇസ്രായേൽ ജനങ്ങൾ അകന്നുപോയപ്പോഴാണ് പ്രവാചകന്മാർ പ്രത്യക്ഷപ്പെട്ടത്. ഉടമ്പടി വ്യവസ്ഥകൾക്കനുസരണമായി ദൈവത്തോടും സഹോദരന്മാരോടുമുള്ള ബന്ധം പുന:സ്ഥാപിക്കുവാനുള്ള ആഹ്വാനമാണ് അവർക്ക് നൽകാനുണ്ടായിരുന്നത്. ജെറെമിയ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്യുന്നു.

"അവിശ്വസ്തരായ മക്കളേ, തിരിച്ചുവരുവിൻ; ഞാൻ നിങ്ങളുടെ അവിശ്വസ്തത പരിഹരിക്കാം"- ജെറെ  3, 22.

ഇനി മറ്റൊന്ന്-പുതിയ ഒരു ഉടമ്പടിയെക്കുറിച്ചും ദൈവം പ്രവാചകനിലൂടെ ഇപ്രകാരം അറിയിക്കുന്നു :

 " ഇസ്രായേൽ ഗോത്രത്തോടും യൂദാഗോത്രത്തോടും ഞാൻ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന ദിവസം ഇതാ വരുന്നു. ഞാൻ അവരെ കൈയ്ക്ക് പിടിച്ച് ഈജിപ്തിൽ നിന്നും കൊണ്ടു വന്ന നാളിൽ അവരുടെ പിതാക്കന്മാരോടു ചെയ്ത ഉടമ്പടി പോലെ ആയിരിക്കുകയില്ല, അത്. ഞാൻ അവരുടെ കർത്താവായിരുന്നിട്ടും എന്റെ ഉടമ്പടി അവർ ലംഘിച്ചു.

കർത്താവ് അരുളിച്ചെയ്യുന്നു: "ആ ദിവസം വരുമ്പോൾ ഞാൻ ഇസ്രായേലുമായി ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും. ഞാൻ എന്റെ നിയമം അവരുടെ ഉള്ളിൽ നിക്ഷേപിക്കും. അവ അവരുടെ ഹൃദയത്തിൽ എഴുതും. ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആയിരിക്കും.- ജെറെ 31, 31- 33.

നസ്രായനായ ഈശോമിശിഹായിൽ പൂർത്തിയായ ഉടമ്പടിയെക്കുറിച്ചായിരുന്നു ഈ പ്രവചനം. അന്ത്യത്താഴ വേളയിൽ അത് വ്യക്തമാക്കപ്പെടുന്നു.:-

"ഇത് പാപമോചനത്തിനായി അനേകർക്ക്‌ വേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടെതുമായ എന്റെ രക്തമാണ് "(മത്താ 26-28) എന്നരുളിചെയ്തത്, തന്റെ കുരിശുമരണത്തിലൂടെ പുതിയ ഉടമ്പടി മുദ്രവയ്ക്കപ്പെടുന്നു എന്ന് വ്യക്തമാക്കാനാണ്.

മിശിഹായെക്കുറിച്ചുള്ള പ്രതീക്ഷയുടെ വാതിൽ തുറന്ന പ്രവാചകർ.

Prophet Isaiah
യേശുമിശിഹായെക്കുറിച്ചുള്ള പ്രതീക്ഷയുടെ വാതിൽ തുറന്നു തരുന്നതും പ്രവാചകന്മാർ ആണ്.

" കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവൽ എന്ന് (ഏശ 7, 14) വിളിക്കപ്പെടും".  പ്രവചനം ഈശോയുടെ ജനനത്തിൽ പൂർത്തിയായി എന്ന് വിശുദ്ധ മത്തായി സുവിശേഷകൻ രേഖപ്പെടുത്തുന്നുണ്ടല്ലോ (മത്താ 1, 22- 23).

"അന്ധകാരത്തിൽ കഴിഞ്ഞിരുന്ന ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേൽ പ്രകാശം ഉദിച്ചു" (ഏശ-9,2) എന്ന പ്രവാചക വചനം ആണ് ഈശോയുടെ മനുഷ്യാവതാരത്തിൽ നിറവേറിയത്.

ജെസ്സെയുടെ കുറ്റിയിൽ നിന്ന് ഒരു മുള കിളിർത്തു വരും,അതിന്റെ വേരിൽ നിന്ന് ഒരു ശാഖ പൊട്ടിക്കിളിർക്കും "(ഏശ 11,1) എന്നത് ദാവീദിന്റെ പുത്രനായ ഈശോയെക്കുറിച്ച് ആയിരുന്നല്ലോ. സഹനദാസനായ മിശിഹായുടെ മരണം വഴിയാണ് നമുക്ക് രക്ഷയുടെ ഭവനത്തിലേയ്ക്കു പ്രവേശനം ലഭിക്കുന്നതെന്നു പ്രവാചകൻ മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.

" അവൻ തന്റെ ജീവനെ മരണത്തിനു ഏല്പ്പിച്ചു കൊടുക്കുകയും പാപികളോട്കൂടെ എണ്ണപ്പെടുകയും ചെയ്തു. എന്നിട്ടും അനേകരുടെ പാപഭാരം അവൻ പേറി; അവൻ അതിക്രമങ്ങൾക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിച്ചു"(ഏശ 53,12).

മിശിഹായുടെ ഭരണകാലത്ത് പറുദീസായിലെ അവസ്ഥ പുന:സ്ഥാപിക്കപ്പെടും എന്ന് പ്രവചിച്ചത് ഏശയ്യായാണ്. " ജെസ്സെയുടെ കുറ്റിയിൽ നിന്ന് ഒരു മുള കിളിർത്തുവരും; അവന്റെ വേരിൽനിന്നു ഒരു ശാഖ പൊട്ടിക്കിളിർക്കും. കർത്താവിന്റെ ആത്മാവ് അവന്റെ മേൽ ആവസിക്കും. ചെന്നായും ആട്ടിൻകുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളി പ്പുലി കോലാട്ടിൻ കുട്ടിയുടെ കൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും. ഒരു ശിശു അവയെ നയിക്കും. പശുവും കരടിയും ഒരിടത്ത് മേയും. അവയുടെ കുട്ടികൾ ഒന്നിച്ചു കിടക്കും. സിംഹം കാളയെപ്പോലെ വൈക്കോൽ തിന്നും. മുലകുടിക്കുന്ന ശിശു സർപ്പപ്പൊത്തിനു മുകളിൽ കളിക്കും. മുലകുടിമാറിയ കുട്ടി അണലിയുടെ അളയിൽ കയ്യിടും" (ഏശ 11, 1- 8).

"നിന്റെ സൂര്യൻ അസ്തമിക്കുകയില്ല. നിന്റെ ചന്ദ്രൻ മായുകയുമില്ല. കർത്താവ് നിന്റെ നിത്യപ്രകാശമായിരിക്കും" (ഏശ 60, 26). ഈശോയുടെ പുൽക്കൂട്ടിലെ ജനനം ഈ മുഴുവൻ പ്രവചനങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. ഈ പ്രവചനങ്ങൾ കുരിശിൽ പൂർത്തിയായി എന്ന് അനുതപിച്ച കള്ളനോടുള്ള ഈശോയുടെ വാക്കുകളിൽ നിന്ന് സ്പഷ്ടമാണ് : "ഇന്ന് നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും (ലൂക്കാ 23, 43)" .

യോഹന്നാൻ മാംദാന.

പുതിയനിയമത്തിന്റെ വാതിൽ നമുക്ക് തുറന്നു തരുന്ന പ്രവാചകൻ യോഹന്നാൻ മാംദാന ആണ്. മിശിഹായിലേയ്ക്ക് നയിക്കുന്ന വഴിയൊരുക്കി, മനുഷ്യവർഗ്ഗത്തെ യോഹന്നാൻ രക്ഷയുടെ കവാടത്തിങ്കൽ എത്തിക്കുന്നു. തന്റെ ശിഷ്യന്മാർക്ക് മിശിഹായെ ചൂണ്ടിക്കാണിച്ചു കൊണ്ട് "ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ (യോഹ 1, 29) കുഞ്ഞാട്" എന്ന് പറയുമ്പോഴും ഈ ദൌത്യമാണ് മാംദാനാ നിർവഹിക്കുന്നത്. ദൈവ പുത്രനായ നസ്രായനെക്കുറിച്ചുള്ള അദ്ദേഹത്തിൻറെ സാക്ഷ്യമാണ് അന്ത്രയോസിനെയും സ്നേഹിതനെയും മിശിഹാനുഭവത്തിന്റെ വാതിൽ കടക്കാൻ പ്രചോദിപ്പിച്ചത്. അപ്പോൾ മിശിഹായാകുന്ന വാതിലിലേയ്ക്കുള്ള ചൂണ്ടുപലകകളായി പ്രവാചക സാക്ഷ്യങ്ങൾ ഇന്നും നിലകൊള്ളുന്നു. അതുകൊണ്ടാണ് പരിശുദ്ധ കുർബാനയിലെ വചനശുശ്രൂഷയിൽ മോശയുടെ നിയമഗ്രന്ഥത്തിൽ നിന്നെന്നതുപോലെ പ്രവാചക ഗ്രന്ഥങ്ങളിൽ നിന്നും നമ്മൾ വായിക്കുന്നത്.

Dhruwadeepthi.Blogspot.de

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.