Mittwoch, 8. Oktober 2014

Religion / മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അനന്യ വ്യക്തിത്വം./ Dr.Thomas Kuzhinapurathu


ലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അനന്യ വ്യക്തിത്വം.

Rev. Dr.Thomas Kuzhinapurathu
വിളിച്ചു കൂട്ടപ്പെട്ടവരുടെ സമൂഹം ( Ecclesia) എന്ന നിലയ്ക്ക് ഓരോ സഭാസമൂഹവും എക സത്യവിശ്വാസം സ്വീകരിക്കുകയും ജീവിക്കുകയും ചെയ്യുന്നത് അതതിന്റെ പ്രത്യേക ചരിത്ര-സാംസ്കാരിക- ജീവിത പശ്ചാത്തലങ്ങളിൽ നിന്നാണ്. ഈ തനതായ ജീവിതപശ്ചാത്തലത്തെ ഏകസത്യവിശ്വാസവുമായി ഇഴ ചേർക്കുമ്പോൾ ഒരു സഭാ     സമൂഹത്തിന്റെ വ്യക്തിത്വം രൂപപ്പെടുകയായി. ഈ സാഹചര്യത്തിൽ സീറോ-മലങ്കര കത്തോലിക്കാ സഭയുടെ വ്യക്തിത്വത്തെയും ചരിത്ര പശ്ചാത്തലത്തെയും പഠനവിധേയമാക്കുകയാണ് ഈ പ്രബന്ധത്തിലൂടെ ചെയ്യുന്നത്.

പ്പസ്തോലിക സഭ.

യേശുവിന്റെ ഈ ലോക ജീവിതത്തിൽ നിന്നുള്ള അനുഭവം സമ്പത്താക്കിയ ക്രിസ്തു ശിഷ്യനായ മാർത്തോമ്മാ ശ്ലീഹയിൽ (മത്താ.10, 3; മർക്കോ ,18 എ.പ്ര.1,13) നിന്ന് തന്നെ ക്രിസ്തുവർഷം 52-ൽ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുവാൻ ഭാഗ്യം സിദ്ധിച്ച വിശ്വാസീ സമൂഹമാണ് ഭാരതത്തിലേത്. ഇതിനു ഭാരതത്തിലും ഏഷ്യയിലും നിലനിന്നിരുന്ന ക്രൈസ്തവ പാരമ്പര്യങ്ങളിലും ആരാധനാക്രമങ്ങളിലും വേണ്ടുവോളം സാക്ഷ്യങ്ങളുണ്ട്. മാർത്തോമാ ശ്ലീഹയിൽ നിന്നും സ്വീകരിച്ച ഈ വിശ്വാസം ആർഷഭാരതത്തിന്റെ സാംസ്കാരിക തനിമയുമായി സമന്വയിപ്പിച്ച് തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുവാൻ   ആണ് ഇവിടുത്തെ വിശ്വാസികൾ എന്നും പരിശ്രമിച്ചിട്ടുള്ളത്.

അതോടൊപ്പം തുടർന്നുവന്ന നൂറ്റാണ്ടുകളിൽ പേർഷ്യൻ (പൗരസ്ത്യ സുറിയാനി) സഭാ പാരമ്പര്യവുമായി വളരെ അടുത്ത ബന്ധവും പുലർത്തി വന്നു. ഇതിനു കാരണമായി ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നത് പേർഷ്യൻ സഭയും ഭാരതസഭയും തങ്ങളുടെ പൊതു സഭാപിതാവായി മാർത്തോമ്മാസ്ലീഹായെ കരുതുന്നു എന്ന വസ്തുതയാണ്. എന്നാൽ ഏഴാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടങ്ങളിൽ മലങ്കരയിലെ സഭ പേർഷ്യൻ സഭയുടെ അധികാരത്തിൽ കീഴിലായിരുന്നു എന്നതിന് യാതൊരു തെളിവുകളും ലഭ്യമല്ല. ഈ കാലഘട്ടത്തിൽ ഇവിടുത്തെ പ്രാദേശിക സഭാധികാരികളായിരുന്നിരിക്കണം ഭാരത സഭയെ നയിച്ചിരുന്നത്.

ലങ്കരയിലെ സഭയും നസ്രാണികളും.

കൂനൻ കുരിശ് , മട്ടാഞ്ചേരി
ഭാരതത്തിലെ സഭ പുരാതനകാലം മുതൽ മലങ്കര സഭ എന്നറിയപ്പെട്ടിരുന്നു. എ .ഡി.522-ൽ ഇവിടം സന്ദർശിച്ച കോസ്മോസ് എന്ന സഞ്ചാരി 'സാർവ്വത്രിക ക്രൈസ്തവ ചരിത്രം' എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.  "കുരുമുളക് വളരുന്ന "മാലെ" എന്ന രാജ്യത്ത് ഒരു സഭയുണ്ട്. അവിടെ പേർഷ്യയിൽ നിന്നും നിയമിതനായ ഒരു മെത്രാനുണ്ട്." ഇവിടെ സൂചിപ്പിക്കുന്ന "മാലെ" മലങ്കരയുടെ ചുരുക്ക രൂപമാണെന്ന് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു.

പുരാതന കാലത്ത് കുരുമുളക് ഉത്പാദിപ്പിച്ചിരുന്ന ഏക പ്രദേശം കേരളം മാത്രമായിരു ന്നു. മാർ തോമ്മാസ്ലീഹാ കേരളത്തിൽ ആദ്യമായെത്തിയ കൊടുങ്ങല്ലൂർ 'മാല്യങ്കര ' എന്നറിയപ്പെട്ടിരുന്നതിനാലും ഇവിടുത്തെ സഭ മലങ്കരസഭയെന്ന് വിളിക്കപ്പെടുവാൻ ഇടയായതായും ചില ഗ്രന്ഥകാരന്മാർ സ്ഥാപിക്കുന്നുണ്ട്. കുന്നുകളും താഴ്വരകളും ഇടകലർന്നു സ്ഥിതിചെയ്യുന്ന ഭൂപ്രദേശമായതിനാൽ ഇവിടെ 'മലങ്കര' എന്നറിയപ്പെട്ടു എന്ന വാദവും നിലവിലുണ്ട്. ഭാരതത്തിലെ സഭ മലങ്കര സഭ എന്നും ഇവിടുത്തെ ക്രിസ്ത്യാനികളെ മലങ്കരക്കാർ എന്നും വിളിച്ചിരുന്നതിനു ചരിത്രരേഖകൾ സാക്ഷ്യം വഹിക്കുന്നു. "മിശിഹാ പിറന്നിട്ട്‌ 1776-)O കാലം കുംഭമാസം 15-ന് ആലങ്ങാട്ട് മർത്ത മറിയം ഉമ്മാടെ പള്ളിയിൽ ബഹുമാനപ്പെട്ട മാർസലെസിയൊസ് ജെമിനീസ്യാ എന്ന നമ്മുടെ മെത്രാന്റെ മുമ്പാകെ വെച്ചു മലങ്കരഇടവകക്കാർകൂടി എഴുതിവെച്ച പടിയോല". 18-)O നൂറ്റാണ്ടിൽ ഇവിടുത്തെ നസ്രാണികൾ എഴുതി സമർപ്പിച്ച പടിയോലയിൽ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത് "മലങ്കരക്കാർ" എന്നാണെന്നുള്ളത് പ്രത്യേകം ശ്രദ്ധേയമാണ്.

മലങ്കര നസ്രാണികൾ ഉന്നതമായ സാമൂഹ്യനിലവാരം ഉള്ളവരായിരുന്നു. നസ്രാണികളുടെ ജീവിതാവസ്ഥയിലേയ്ക്ക് വിരൽ ചൂണ്ടുന്ന പുരാതന രേഖകളായ ചെമ്പു തകിടുകൾ അഥവാ ചെപ്പേടുകൾ ഭാരതസഭയെ സംബന്ധിച്ചിടത്തോളം അമൂല്യ ചരിത്രരേഖകൾ തന്നെയാണ്. തരിസാപ്പള്ളി ചെപ്പേട്‌ (849), വീരരാഘവപട്ടയം (13-14 നൂറ്റാണ്ടുകൾ) തുടങ്ങിയ ചെമ്പു തകിടുകൾ ഈ ഗണത്തിൽപ്പെടുന്നു. ഈ രേഖകളിലൂടെ ഇവിടുത്തെ നസ്രാണികൾക്ക് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും ഭരണാധികാരികൾ കൽപിച്ചു നല്കിയിരുന്നു. നസ്രാണികളുടെ ശ്രേഷ്ടമായ ജീവിതാവസ്ഥയെ പരിഗണിച്ച് ആയിരുന്നിരിക്കണം ഈ അവകാശങ്ങളും ആനുകൂല്യങ്ങളും നൽകപ്പെട്ടിരുന്നത്.

Pope John xxii- 1316-1334
കേരളത്തിൽ ഉദയംപേരൂർ ആസ്ഥാനമാക്കി വില്ലാർവട്ടം എന്ന പേരിലറിയപ്പെട്ടിരുന്ന ഒരു ക്രൈസ്തവ രാജവംശം നിലനിന്നിരുന്നതായി ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ജോണ്‍ ഇരുപത്തിരണ്ടാം മാർപാപ്പ (1316- 1334) അവിഞ്ഞോണിൽ നിന്നും കേരളത്തിലെ ക്രൈസ്തവ രാജാവിനു കത്തുകൾ അയച്ചിരുന്നതായി വത്തിക്കാൻ രേഖാശേഖരത്തിൽ നിന്നും സൂചനകൾ ലഭിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് അന്ന് മലങ്കരക്കാർ മതപരമായും രാഷ്ട്രീയമായും ആദിമ നൂറ്റാണ്ടുകളിൽത്തന്നെ അംഗീകരിക്കപ്പെട്ട ഉന്നത ജീവിതനിലവാരം പുലർത്തിയിരുന്നുവെന്ന് കാണാം.
Pope John XXII (Latin: Ioannes XXII; 1244[citation needed] – 4 December 1334), born Jacques Duèze (or d'Euse), was Pope from 7 August 1316 to his death in 1334. He was the second Avignon Pope, elected by a conclave in Lyon assembled by King Louis X's brother Philip, the Count of Poitiers, later King Philip V of France.

കൂനൻ കുരിശു സത്യം: സഭാ വ്യക്തിത്വം നിലനിറുത്തുന്നതിനു വേണ്ടിയുള്ള പ്രക്ഷോപം.

"സാമ്പല്ലൂർ പാതിരിമാരുടെ കീഴിൽ ഞങ്ങളോ ഞങ്ങളുടെ പിൻ തലമുറകളോ നില നിൽക്കുകയില്ല" എന്നതായിരുന്നു കൂനൻ കുരിശു സത്യത്തിലെ പ്രതിജ്ഞ. തങ്ങളുടെ സഭയുടെ തനതായ വ്യക്തിത്വത്തെയും ആരാധനക്രമത്തെയും തീയിലിട്ടു ചുട്ടുകരിച്ച പോർച്ചുഗീസ് നേതൃത്വത്തിനെതിരെ ഉയർത്തിയ ശക്തമായ പ്രതിഷേധവും താക്കീതും മാത്രമായിരുന്നു, അത്. അതുപക്ഷെ വിശ്വാസത്തിലും സഭാകൂട്ടായ്മയിലും നിന്നുള്ള വ്യതിചലനം ഒരു തരത്തിലും ലക്ഷ്യം വച്ചിരുന്നില്ല.

പിന്നീട് ഒന്നാം മാർത്തോമ്മാ എന്ന പേരിൽ 1653 മെയ് 22 ന്, പന്ത്രണ്ടു വൈദികരുടെ "കൈവയ്പ്പിലൂടെ" മെത്രാനെ വാഴിക്കുന്നതുവരെ കൊണ്ടുചെന്നെത്തിച്ച സംഭവ വികാസങ്ങളെ നിർഭാഗ്യകരമെന്ന് മാത്രമേ പറയാനാവു. എങ്കിലും തങ്ങളുടെ വ്യക്തിത്വങ്ങളെയും സാമൂഹിക അന്തസ്സിനെയും സ്വാശ്രയ സഭാസ്തിത്വത്തെയും ആരുടെ മുന്നിലും അടിയറവ് വയ്ക്കാതിരിക്കാനുള്ള മലങ്കര ക്രിസ്ത്യാനികളുടെ ചങ്കൂറ്റവും ആത്മാഭിമാനവും ഇതിന്റെയേല്ലാം പിന്നിൽ വെളിവാകുന്നുണ്ടെന്നുള്ള കാര്യം അനിഷേദ്ധ്യമാണ്.

മാർത്തോമ്മ-1 (Archdiacon Thomas Parampil)
എന്നാൽ അവരെ കൊണ്ടുചെന്നെത്തിച്ചത് ചില വ്യത്യസ്ത ചേരികളിലേയ്ക്കായിരുന്നു എന്നതും ചരിത്ര യാഥാർത്ഥ്യമാണ്. എന്നിരുന്നാലും തങ്ങളുടെ സഭാവ്യക്തിത്വം തനതായി നിലനിറുത്തിക്കൊണ്ട് ക്രിസ്തുവിന്റെ ഏക സഭയുടെ ഭാഗമാകുവാൻ മലങ്കരക്കാർ എന്നും അഭിലഷിച്ചിരുന്നു. ഈ ലക്ഷ്യം സാധിക്കുന്നതിനുവേണ്ടി പിന്നീട് അവർ നടത്തിയ കത്തിടപാടുകൾ ഇന്നും വിവിധ വത്തിക്കാൻ കാര്യാലയങ്ങളുടെ രേഖാലയങ്ങളുടെ ചുവപ്പു നാടകളിൽ കുടുങ്ങിപ്പോയില്ലായിരുന്നുവെങ്കിൽ കേരളസഭയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു.

യാക്കോബായ സഭയുമായുള്ള ബന്ധം.

വൈദികരിൽ നിന്നും ലഭിച്ച കൈവയ്പ്പിന്റെ സാധുതയെ കുറിച്ചുള്ള സംശയം ഒന്നാം മാർത്തോമ്മായുടെ കാലം മുതൽക്കേ ഉണ്ടായിരുന്നു. പിന്നീട് ആറാം മാർത്തോമ്മായുടെ കാലമായപ്പോഴേയ്ക്കും യഥാർത്ഥ കൈവയ്പ് ലഭിക്കുന്നതിനു വേണ്ടിയുള്ള അഭിവാഞ്ച കൊണ്ടുചെന്നെത്തിച്ചത് യാക്കോബ സഭയുമായുള്ള ബന്ധത്തിലേക്കായിരുന്നു. അങ്ങനെ ആറാം മാർത്തോമ്മ, "ദിവന്യാസോസ്" എന്ന പേരിൽ 1770-ൽ യാക്കോബായ മെത്രാനായ മാർ ഗ്രിഗോറിയോസിൽ നിന്നും കൈവയ്പ് സ്വീകരിക്കുന്നതിലൂടെ മലങ്കരയിലെ ഏക സഭയുടെ വിഭജനം പൂർണ്ണമാവുകയായിരുന്നു.

ഈ അവസരം ഉപയോഗിച്ച് അന്ത്യോക്യയിലെ യാക്കോബായ സഭ തങ്ങളുടെ അധികാരം മലങ്കരയിൽ പൂർണ്ണമായി വിനിയോഗിക്കുവാനും തുടങ്ങി. മലങ്കരയിലെ സഭയുടെ ഭൗതിക സ്വത്തിന്മേലും ക്രമേണ അന്ത്യോക്യൻ സഭ അധികാരം ഉപയോഗിക്കുവാൻ തുടങ്ങിയപ്പോൾ മലങ്കര മെത്രാപ്പോലീത്ത അതിനെതിരെ പ്രതിഷേധമുയർത്തി. 1909-ൽ കേരളത്തിൽ എത്തിയ മാർ അബ്ദുല്ലാ പാത്രിയാർക്കീസ് മലങ്കര സഭയുടെ ആത്മീയവും ഭൗതീകവുമായ അധികാരം തനിക്കുണ്ടെന്ന അവകാശവാദം ഉന്നയിച്ചു. ഇതിനെതിര് നിന്ന മലങ്കര മെത്രാപ്പോലീത്തയെ 1911- ൽ പാത്രിയാർക്കീസ് മുടക്കിയതോടെ മെത്രാൻ കക്ഷിയും ബാവാ കക്ഷിയും എന്ന വിഭജനവും മലങ്കരയിൽ സംഭവിച്ചു. 
(തുടരും.)

dhruwadeepthi.blogspot.de, or, dhruwadeepthi.com
  

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.