Donnerstag, 31. Juli 2014

ധ്രുവദീപ്തി // Faith / Religion // കേട്ടത് പാതി, കേൾക്കാത്തത് പാതി / വൃദ്ധവിലാപം.../ ടി.പി.ജോസഫ് തറപ്പേൽ

ധ്രുവദീപ്തി :  Faith / Religion 


വൃദ്ധ വിലാപം. /

ടി.പി.ജോസഫ് തറപ്പേൽ

തുടർച്ച ...2


1924-ൽ പണിയാരംഭിച്ച് 1935 -ൽ പൂർത്തിയാക്കി പിതാമഹന്മാർ നമുക്ക് സമ്മാനിച്ച സുന്ദരമായ ദേവാലയം



2011 -ൽ കൊച്ചുമക്കളും രൂപതാ അധികാരികളും കൂടി ഡൈനമൈറ്റ് വച്ച് തകർത്തു. സൂചകാവശിഷ്ടങ്ങൾ യാതൊന്നുമില്ലാത്ത വിധത്തിൽ അപ്രത്യക്ഷമാക്കി. പിതാമഹന്മാരുടെ സമ്മാനത്തിനു പുല്ലുവില.


ആമുഖം

ടി. പി. ജോസഫ് 
തറപ്പേൽ
ചെങ്ങളം ഇടവകയിലെ പ്രായവും പക്വതയുമുള്ള കുറേപേർ ചേർന്ന് തയ്യാറാക്കിയ ശതാബ്ദി സ്മരണിക ഇതിനകം പുറത്തുവന്നു കാണും. ഇല്ലെങ്കിൽ ഉടനെ പുറത്തുവരും. ആ കമ്മിറ്റിയിലേയ്ക്ക് ഞാൻ ക്ഷണിതാവായിരുന്നില്ല. അപ്പോൾ എനിക്ക് തോന്നി, ശതാബ്ദി ആഘോഷത്തെപ്പറ്റിയും, പള്ളിയുടെ ചരിത്രത്തെപ്പറ്റിയും എനിക്കറിയാവുന്ന ചില കാര്യങ്ങൾ സ്വന്തമായി പ്രകാശനം ചെയ്യണമെന്ന്. ഒരു ലഘുലേഖ എഴുതി. ആ ലഘുലേഖ ആർക്കും എതിരായിട്ടുള്ളത് അല്ല. കുറെ ചരിത്ര സത്യങ്ങൾ ഇടവകക്കാരുടെ മുമ്പിൽ അവതരിപ്പിക്കുന്നു എന്ന് മാത്രം. എന്റെ മനസാക്ഷിയനുസരിച്ച് സത്യമെന്ന് പൂർണ്ണ ബോദ്ധ്യമുള്ളവ മാത്രം. ആരുടെയെങ്കിലും മനസ്സിന് ലഘുലേഖ മുറിവ് വരുത്തുന്നതായാൽ അതിനു ഇപ്പോൾ തന്നെ മാപ്പുചോദിക്കുന്നു. ഇതിനു "വൃദ്ധ വിലാപം" എന്നാണു പേരു കൊടുത്തിരിക്കുന്നത്. കുറെ മാസങ്ങൾക്ക് മുമ്പ് "വൃദ്ധവിലാപം ഒന്ന് "എന്നപേരിൽ നൊവേന ഭക്തിയെപ്പറ്റി ഒരു കുറിപ്പ് ഇറക്കിയിരുന്നു. അതിന്റെ കുറെ ഫോട്ടോസ്ടാറ്റ് കോപ്പികളെ വിതരണം നടന്നുള്ളൂ. ഈ ലഘുലേഖ ചെങ്ങളം ഇടവകയിലെ എന്റെ സഹോദരന്മാർക്കും സഹോദരിമാർക്കും സഹൃദയരായ എല്ലാ വായനക്കാർക്കും സ്വല്പം വൈകിയാണെങ്കിലും ഒരു പുതുവത്സര സമ്മാനമായിത്തന്നെ ഞാൻ സമർപ്പിക്കുന്നു.

ശതാബ്ദിയാഘോഷത്തിരക്ക്-

2012 ഒക്ടോബർ രണ്ടാം തിയതി മുതൽ 2013 ഒക്ടോബർ ഒന്നാം തിയതി വരെ ചെങ്ങളം ഇടവകക്കാർ ശതാബ്ദിയാഘോഷത്തിന്റെ തിരക്കിലായിരുന്നല്ലോ. എന്നാൽ ഇതുവരെയും എനിക്ക് പിടികിട്ടാത്തത് ഈ ശതാബ്ദി എന്തിന്റെ ആയിരുന്നു എന്നുള്ളതാണ്. ശതാബ്ദി വർഷത്തെ കർമ്മപദ്ധതികൾ എന്ന ചെറുപുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് ദൈവാലയത്തിന്റെ ശതാബ്ദി എന്നാണ്. എന്നാൽ കല്ലിട്ട തിരുനാളിന്റെ നോട്ടീസിൽ പറഞ്ഞിരിക്കുന്നത് ദൈവാലയത്തിന് കല്ലിട്ടതിന്റെ ശതാബ്ദിയെന്നാണ്. ബ. വികാരിയച്ചനും ഒരിക്കൽ പറഞ്ഞത് പള്ളിയുടെ ശതാബ്ദി അല്ല, കല്ലിട്ടതിന്റെ ശതാബ്ദി എന്നാണ്. നിജസ്ഥിതി എന്താണെന്നറിയാൻ ചരിത്രത്തിന്റെ താളുകൾ ഒന്ന് മറിച്ചു നോക്കാം. ചരിത്രത്തിൽ കൂടി നമുക്ക് പിറകോട്ടു നടക്കാം. പ്രസക്തഭാഗങ്ങൾ താഴെ ചേർക്കുന്നു. ഇവിടെ ആരാണ് ശരിയും തെറ്റും പറഞ്ഞത്?

മൂന്നു കാക്കകളെ ഛർദ്ദിച്ച കഥ.

പിറകോട്ടു നടപ്പ് ഒരു ചെറിയ കഥയോടെ ആരംഭിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ഏതാണ്ട് എഴുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ ചെങ്ങളത്തുള്ള പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലം. അന്നത്തെ മൂന്നാം ക്ലാസ്സിലെ മലയാളം പാഠാവലിയിൽ ഉണ്ടായിരുന്ന ഒരു കഥയാണ് ഇവിടെ ചുരുക്കത്തിൽ എഴുതിയിരിക്കുന്നത്.

ഒരാൾ മൂന്നു കാക്കകളെ ഛർദ്ദിച്ചു. ഛർദ്ദിച്ചതെല്ലാം കാക്കകൾ. വാർത്ത കേട്ട ഒരാൾക്ക് അത് വിശ്വസിക്കാൻ ബുദ്ധിമുട്ടു തോന്നി. അതുകൊണ്ട് അയാൾ വാർത്തയുടെ ഉറവിടം അന്വേഷിച്ചു യാത്രയായി. "ഇന്നാര് പറഞ്ഞു കേട്ടു, ഇന്നാര് പറഞ്ഞു കേട്ടു"... എന്നാണു എല്ലായിടത്തുനിന്നും കിട്ടിയ മറുപടി. കുറെ കഴിഞ്ഞപ്പോൾ ഛർദ്ദിച്ചത് രണ്ടു കാക്കകൾ എന്നായി വേറൊരാൾ. നമ്മുടെ അന്വേഷക കഥാനായകൻ പിന്നെയും അന്വേഷണം തുടർന്നു. കുറെക്കഴിഞ്ഞപ്പോൾ ഛർദ്ദിച്ചത് ഒരു കാക്കയെ എന്നായി. നമ്മുടെ ആൾ അന്വേഷണം അവിടംകൊണ്ടും നിറുത്തിയില്ല. അവസാനം ഛർദ്ദിച്ച ആളിന്റെ അടുത്തെത്തി സംഭവം ശരിയോ എന്ന് തെരക്കി. ആ മനുഷ്യൻ പറഞ്ഞു. "ഞാൻ കാക്കയെ ഛർദ്ദിച്ചില്ല, പക്ഷെ ഒന്ന് ഛർദ്ദിച്ചു, അത് കറുത്തിരുന്നു, അത്രമാത്രം". ഇതാണൊരാൾ മൂന്ന് കാക്കകളെ ഛർദ്ദിച്ച കഥയായി രൂപപ്പെട്ടത്. ആരും സത്യം അറിയുവാൻ മെനക്കെടുന്നില്ല. കേട്ടതു പാതി, കേൾക്കാത്തത് പാതി , 'കാള പെറ്റു കയറെടുത്തോളൂ" എന്ന മട്ടിൽ തിരക്കഥകൾ തയ്യാറാക്കുന്നു എന്ന് മാത്രം.

വിവിധ രേഖകൾ-

 2003ലെ ഡയറക്ക്ട്ടറിയിലും 2011-ലെയും, 1968 ലെ സുവർണ്ണ ജൂബിലി സ്മരണികയിലും 1988-ലെ പ്ലാറ്റിനം ജൂബിലി സ്മരണികയിലും എല്ലാം കുറിച്ച ചരിത്രരേഖകൾ ഒന്നുതന്നെയാണ്. 1968 ലെ ജൂബിലി സ്മരണികയിൽ ഇപ്രകാരം എഴുതിയിട്ടുണ്ട്:
"1912- ചെങ്ങളത്തെ കത്തോലിക്കാ വിശ്വാസികൾക്ക് ഒരു കുരിശുപള്ളി സ്ഥാപിച്ചു കിട്ടുന്നതിനു താല്പ്പര്യമുണ്ടായി. അതിനാവശ്യമായ സ്ഥലം തച്ചപറമ്പത്തു ഐപ്പ് അവിരാ ദാനം ചെയ്തു. വലിയ പറമ്പിൽ കരോട്ട് വർക്കി പോത്തൻ, തച്ചപറമ്പത്തു അവിരാ മാത്യൂ എന്നിവരായിരുന്നു അതിനു മുൻകൈ എടുത്തവർ. സ്ഥാപിക്കുന്ന കുരിശ് "കാഞ്ഞിരത്തിൻ തടി" കൊണ്ടായിരിക്കണമെന്നും കുരിശുപള്ളി വി. അന്തോനീസിന്റ നാമത്തിൽ ആയിരിക്കണമെന്നും അന്ന് നറുക്കിട്ട് തീരുമാനിച്ചു."

demolished St.Antony's Church, at
Chengalam
അതിനിടെ പനിപിടിച്ചു അവശനായ അവിരാ മാത്യൂവിനുവേണ്ടി അന്തോനീസു പുണ്യവാനോട് അപേക്ഷിച്ച് രോഗം പെട്ടെന്ന് കുറയുകയും പൂർണ്ണ സൗഖ്യം പ്രാപിക്കുകയും ചെയ്തു. മുൻവാഗ്ദാനമനുസരിച്ച് പള്ളിക്കുള്ള സ്ഥലം അവിരാ മാത്യൂ ദാനം ചെയ്തു. അങ്ങനെ 1913 ഒക്ടോബർ ആദ്യ ചൊവ്വാഴ്ച അന്നത്തെ ആനിക്കാട്ടുപള്ളി ഇടവകവികാരി ബ. പെരുമ്പുഴ അച്ചൻ പുതിയ ചെങ്ങളം പള്ളിക്ക് തറക്കല്ലിട്ടു. അവിടെ സ്ഥാപിക്കുന്നതിന് തയ്യാറാക്കിയ കുരിശ് വലിയ പറമ്പിൽ വർക്കി പോത്തൻ സ്വന്തം കൈകൊണ്ടു നിർമ്മിച്ചതായിരുന്നു.

മുൻ ആനിക്കാട്ടു പള്ളി വികാരിയായിരുന്ന ബ.കൊച്ചയ്യങ്കനാൽ അച്ചൻ തന്റെ സംഭാവനയായി വി.അന്തോനീസിന്റെ ഒരു രൂപം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. പള്ളിക്കുവേണ്ടിയിരുന്ന ഷെഡ്‌ നേരത്തെ തന്നെ തീർന്നിരുന്നതിനാൽ മദ്ബഹായും അൾത്താരയും മാത്രമേ ഉടനെതന്നെ ഉണ്ടാക്കേണ്ട ആവശ്യം നേരിട്ടുള്ളൂ.

1917- ഏപ്രിൽ മാസത്തിൽ ചെങ്ങളം പള്ളിയിൽ സ്ഥിരം വൈദികനെ നിയമിച്ചു. പിന്നീട് ജൂലൈ മാസത്തിൽ ഇവിടേയ്ക്ക് നിയമിതനായ ബ. വടാനയിൽ അച്ചന്റെ കാലത്ത്, 1917-നവംബറിൽ ചെങ്ങളം പള്ളി ചങ്ങനാശ്ശേരി രൂപതയിലെ ഒരു ഇടവകപ്പള്ളിയായി ഉയർത്തപ്പെട്ടു. ദേവാലയം പുതുക്കി പണിയുന്ന കാര്യമാണ് അദ്ദേഹം പ്രധാനമായും ശ്രദ്ധിച്ചത്. മദ്ബഹായുടെ ഭാഗങ്ങൾ മിക്കവാറും അദ്ദേഹത്തിൻറെ കാലത്ത് പണിയപ്പെട്ടു എന്ന് പറയാം. വി.അന്തോനീസിന്റെ മാദ്ധ്യസ്ഥം മൂലമുള്ള രോഗശാന്തികൾ അക്കാലത്ത് ആരംഭിച്ചിരുന്നു.

1919-ൽ ബ. മണിയങ്ങാട്ട് അച്ചൻ വികാരിയായി വന്നപ്പോൾ മുതൽ ആയിരുന്നു ചെങ്ങളത്തെപ്പറ്റി ഏറെയും പുറലോകം അറിഞ്ഞുതുടങ്ങിയത്. തീരാവ്യാധികളും മറ്റും വിട്ടുമാറുന്നതിന് അന്തോനീസ് പുണ്യവാനോട്‌ പ്രാർത്ഥിക്കുവാൻ വേണ്ടി ചെങ്ങളത്തേയ്ക്ക് ധാരാളം ആളുകൾ പ്രവഹിച്ചു തുടങ്ങി. ഇടവകപ്പള്ളിക്കു വേണ്ടി മണിയങ്ങാട്ട് അച്ചൻ അഞ്ചേക്കർ സ്ഥലം വാങ്ങി. അതിനുശേഷം 1920-ൽ വികാരിയായി നിയമിതനായ ബ. കയ്പ്പൻപ്ലാക്കൽ അച്ചൻ പള്ളിക്കുവേണ്ടി ഒൻപത് ഏക്കർ ഭൂമിയും വാങ്ങി.

1924-ൽ ബഹു. തയ്യിലച്ചൻ വികാരിയായിരുന്ന കാലത്ത് പള്ളിപണി പുരോഗമിച്ചു. മദ്ബഹായുടെ പണി പൂർത്തിയാക്കി പുതിയ അൾത്താര പണികഴിപ്പിക്കുകയും അതിൽ ദിവ്യബലി അർപ്പിക്കുന്നതിനുള്ള അനുവാദം വാങ്ങുകയും ചെയ്തു. തുടർന്ന് പള്ളിയുടെ മുഖവാരത്തിന്റെ പണിക്ക് തുടക്കമിട്ടു. പിന്നീട് വന്ന ബഹു. ചക്കാലയിൽ അച്ചൻ വിശുദ്ധ അന്തോനീസിന്റെ ഒരു വലിയ രൂപം വാങ്ങുകയും പള്ളിക്കകം സിമിന്റിടുകയും ചെയ്തു. 1931-ൽ ബഹു. പൊറ്റേടത്തിൽ അച്ഛൻ ജനാലകളും മറ്റും പെയ്ന്റടിപ്പിച്ചു ചിത്രവേലകൾ ചെയ്യിപ്പിച്ചും പള്ളി മനോഹരമാക്കിത്തീർത്തു.

മാത്യൂ വറുഗീസ് ചെങ്ങളത്തിന്റെ ചില ഓർമ്മക്കുറിപ്പുകൾ-

ആദ്യകാലത്ത് ചെങ്ങളത്ത് പള്ളിയായി ഉപയോഗിച്ചിരുന്നത് വെറും ഒരു ഷെഡ്‌ മാത്രമായിരുന്നു. അത് കിഴക്കോട്ടു ദർശനം കൊടുത്ത് പണിതതായിരുന്നു. ഏതാണ്ട് നാല് കൊല്ലത്തോളം തിരുക്കർമ്മങ്ങളും മറ്റും അവിടെ നടന്നു. പിന്നീടാണ് ദർശനം കിഴക്കിന് പകരം പടിഞ്ഞാട്ടാകണം എന്ന അഭിപ്രായം പൊന്തി വന്നത്. അതനുസരിച്ച് ഷെഡ്ഡിനു നല്കിയിരുന്ന രൂപത്തിന് വ്യത്യാസംവരുത്തി മദ്ബഹായും അൾത്താരയും കിഴക്കേ അറ്റത്തേയ്ക്ക് മാറ്റിയും മുഖവാരം പടിഞ്ഞാട്ടേയ്ക്കും നല്കി സ്ഥാപിച്ചു.

യാത്രാസൗകര്യങ്ങൾ തീർത്തും ഇല്ലാതിരുന്നതിനാൽ ചെങ്ങളത്തെയ്ക്ക് വരുന്ന തീർത്ഥാടകർ ചെങ്ങളം അടുത്തുള്ള ഏതെങ്കിലും വീടുകളിൽ തിങ്കളാഴ്ച തന്നെ വന്നു തങ്ങുകയായിരുന്നു പതിവ്. ചൊവ്വാഴ്ചകളിൽ ആയിരുന്നു പുണ്യവാനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന നടന്നിരുന്നത്. മാത്യൂ വർഗീസ് നേരിൽ കണ്ട കാഴ്ചകൾ ഇവിടെ വിവരിക്കുന്നു: - "തിങ്കളാഴ്ച പത്തുമണിയാകുമ്പോഴേയ്ക്കും ജനപ്രവാഹം ആരംഭിക്കുകയായി. നാലുമണി ആകുമ്പോഴേയ്ക്കും പള്ളിയും പരിസരങ്ങളും ആളുകളെക്കൊണ്ട് നിറഞ്ഞു കഴിയും. ചൊവ്വാഴ്ച രണ്ടുമണി വരെ ജനത്തിരക്കിനു കുറവുണ്ടാവുകയില്ല. ഈ ആൾക്കൂട്ടം പാലായിലെ രാക്കുളിത്തിരുനാളിനു അന്ന് കൂടുന്ന ആൾക്കൂട്ടത്തിനു തുല്യമായിരുന്നു.

തീർത്ഥാടകരുടെ സൗകര്യത്തിനായി ചൊവ്വാഴ്ച ദിവസങ്ങളിൽ വിശുദ്ധന്റെ രൂപം ഷെഡ്ഡിന്റെ മുൻവശത്ത്‌ ഉണ്ടാക്കിയ ഒരു മണ്ഡപത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചിരുന്നു. അഴിക്കാലുകൾ നാട്ടി സ്ഥലം വേർതിരിച്ചാണ് രൂപത്തിന് മുമ്പിലുള്ള തിക്കും തിരക്കും നിയന്ത്രിച്ചിരുന്നത്. പിശാചു ബാധയുള്ളവരും അല്ലാത്തവരുമായ പല രോഗികളും അഴിക്കാലുകളിൽ പിടിച്ച്‌ "പുണ്യാളാ, പുണ്യാളാ"  എന്ന് വിളിച്ചുകൊണ്ടു മുമ്പോട്ടും പിറകോട്ടും ആടുന്നതും, മറ്റു ചിലർ അഴികളിൽ പിടിച്ചുകൊണ്ടും അല്ലാതെയും മേൽപ്പോട്ടും കീഴ്പ്പോട്ടും ചാടുന്നതും കുറേക്കഴിയുമ്പോൾ മലർന്നടിച്ചു വീഴുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഇങ്ങനെ രോഗികൾ മലർന്നടിച്ചു വീഴുമ്പോൾ ആളുകൾ പിന്നോക്കം പോകുന്നതിനു തിടുക്കം കൂട്ടിയിരുന്നു. ആ ബഹളത്തിൽ പലരും പിറകെ പിറകെ ഒന്നൊന്നായി വീഴുന്നതും കണ്ടിട്ടുണ്ട്."

1928-ലെ ചരിത്ര സംക്ഷേപം.

പ്രാരംഭ ചരിത്രമായിരുന്നു അത്. വെറും പത്തൊൻപത് പേജുകൾ മാത്രമുള്ള ചെറിയ വേദോപദേശത്തിന്റെ വലുപ്പമുള്ള ഒരു പുസ്തകമായിരുന്നു. അതിന്റെ പ്രസിദ്ധീകരണ വർഷമൊന്നും പുസ്തകത്തിലൊട്ടു ചേർത്തിട്ടുമില്ല. ബ. തയ്യിൽ അച്ചന്റെ കാലം വരെയുള്ള കാര്യങ്ങളാണ് തന്നിരിക്കുന്നത്. അതുകൊണ്ട് ഇത് 1928-ൽ പ്രസിദ്ധീകരിച്ചതാണെന്ന് അനുമാനിക്കാം. ഒരുപക്ഷെ, 1927-നവംബറിൽ ഇടവകയുടെ ദശവത്സരാഘോഷം പ്രമാണിച്ച് ഇറക്കിയതായിരിക്കാം.


Bishop Mar Thomas Kuriyalachery-
(1911-1925)
1968-ൽ  ചെങ്ങളം പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷവേളയിൽ സുവർണ്ണ ജൂബിലി സ്മരണിക പ്രസിദ്ധീകരിച്ചിരുന്നു. ലഭിച്ച വിപുലമായ ചരിത്ര തെളിവുകൾ 135 പേജുകളിൽ ശേഖരിച്ചുകൊണ്ടു പള്ളിയുടെ നിർമ്മാണാരംഭ ചരിത്ര രൂപരേഖ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ചങ്ങനാശ്ശേരിയിലെ The Kerala Digest Press 1968 ഫെബ്രുവരി 6- ന് സുവർണ്ണ ജൂബിലി സ്മാരക ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഈ ഗ്രന്ഥം തയ്യാറാക്കുന്നതിന് മാത്രമായി ഒരു ചരിത്ര നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു. അക്കാലത്ത് സർക്കാർ സർവീസിൽ അദ്ധ്യാപകനായിരുന്ന ശ്രീ. കെ.എ.തോമസ്‌ കുറ്റിക്കാട്ട് ആയിരുന്നു ചരിത്രനിർമ്മാണകമ്മിറ്റിയുടെ കണ്‍വീനർ.

1967- ൽ ആണ് ചരിത്ര നിർമ്മാണ കമ്മിറ്റിയുടെയും പത്രാധിപ സമിതിയുടെയും രൂപീകരണം നടത്തിയത്. രക്ഷാധികാരിയായി അന്നത്തെ വികാരിയായിരുന്ന ഫാ. ലുക്ക്‌ മണിയങ്ങാട്ട് ആയിരുന്നു. അക്കാലത്തു ശ്രീ ആന്റണി കുറ്റിക്കാട്ട് പള്ളിയുടെ ട്രസ്റ്റി ആയിരുന്നു. ചീഫ് എഡിറ്റർ-ബ. ഫാ. ആന്റണി മൈലാടി, മാനേജർ- ബ. ഫാ. ആന്റണി താന്നിക്കൽ, ശ്രീ. കെ. റ്റി. ആന്റണി (അദ്ധ്യാപകൻ) കണ്‍വീനറുമായിരുന്നു. ഇവരെ കൂടാതെ ശ്രീ തൊമ്മൻ തൊമ്മൻ പാറാന്തോട്ട്, മാത്യൂ വറുഗീസ് ചെങ്ങളത്ത്, ജോസഫ് പൌലോസ് തറപ്പേൽ, ദേവസ്യ വർഗീസ് മൈലാടിയിൽ, അദ്ധ്യാപകരായിരുന്ന ശ്രീ. കെ. എ. തോമസ്‌ കുറ്റിക്കാട്ട്, ശ്രീ. കെ.പി. വർക്കി കുറ്റിക്കാട്ട്, ശ്രീ. വി.ജെ. ആന്റണി വയലുങ്കൽ, ശ്രീ. കെ. ജെ. ജോസഫ് കുഴിക്കൊമ്പിൽ എന്നിവർ പത്രാധിപസമിതിയിൽ അംഗങ്ങളുമായിരുന്നു.

ചരിത്രത്തിലേയ്ക്ക് പിറകോട്ടു പോയാൽ നമ്മെ അമ്പരപ്പിക്കുന്ന തെളിവുകൾ കാണുന്നുണ്ട്. 1912-ൽ ചെങ്ങളത്ത് ഒരു കുരിശു സ്ഥാപിക്കുന്നതിലേയ്ക്കായി വലിയ പറമ്പിൽകരോട്ടു വർക്കി പോത്തനും ചെങ്ങളത്ത് അവിരാ മാത്തുവും കൂടി ആലോചിക്കുകയും, ഒരു പള്ളിക്കുവേണ്ടിയ സ്ഥലമായി അഞ്ചുപറ വിത്തിനുള്ള  സ്ഥലം ദാനമായി തന്നുകൊള്ളാമെന്ന് അവിരാ മാത്തു വാഗ്ദാനം ചെയ്യുകയും ചെയ്തു. അനന്തരം വർക്കി പോത്തൻ പ്രാർത്ഥനാപൂർവ്വം നിത്യാരാധന പുസ്തകം തുറന്നപ്പോൾ വി. അന്തോനീസിന്റെ രൂപം കണ്ടു. അപ്പോൾത്തന്നെ വി.അന്തോനീസിന്റെ നാമത്തിൽ കുരിശ് സ്ഥാപിക്കണമെന്ന് മനസ്സിലുറപ്പിച്ചു. അതിനിടെ അവിരാ മാത്തുവിനു കലശലായ പനി പിടിപെട്ടു. അതറിഞ്ഞ വർക്കി പോത്തൻ കൂട്ടുകാരന്റെ അടുത്തുചെന്ന് രോഗിയെ തൊട്ട് വിശുദ്ധ അന്തോനീസിനോട് പ്രാർത്ഥിച്ചു. അപ്പോൾ കൂട്ടുകാരന്റെ പനി കുറഞ്ഞ് താമസിയാതെ രോഗി പൂർണ്ണ സൗഖ്യം പ്രാപിച്ചു. അനന്തരം അവിരാ മാത്തു മുൻ നിശ്ചയപ്രകാരം തന്റെ കുടുംബസ്വത്തിൽ നിന്നുമുള്ള ഒരേക്കർ സ്ഥലം പള്ളിക്കായി എഴുതിക്കൊടുത്തു. ഇങ്ങനെയാണ് തുടക്കം.

ഔദ്യോഗിക അനുവാദം

അതിനുശേഷം ചങ്ങനാശ്ശേരി മെത്രാൻ മാർ തോമസ്‌ കുര്യാളശ്ശേരി (1911-1925 വരെ ചങ്ങനാശ്ശേരി മെത്രാൻ) ചെങ്ങളത്ത് കുരിശു സ്ഥാപിക്കുന്നതിന് അനുവദിച്ചു. അടുത്ത നടപടി പള്ളി പണിയുന്നതിനു സർക്കാരിൽ നിന്നും ഔദ്യോഗിക അനുവാദം വാങ്ങുന്നതിനായിരുന്നു. അതിനായി വലിയപറമ്പിൽ വർക്കി പോത്തനും, അവിരാമാത്തുവും, ചാക്കോ ദേവസ്യയും, വലിയപറമ്പിൽതെക്ക് ചാക്കോ പോത്തനും കൂടി തിരുവിതാംകൂർ പേഷ്ക്കാരെ സമീപിച്ചു. പള്ളി സ്ഥാപിക്കുന്നതിന് പല തടസ്സങ്ങളും നേരിട്ടെങ്കിലും, അവസാനം 1913- സെപ്. 2- നു തിരുവനന്തപുരം ഹജ്ജൂർ കച്ചേരിയിൽ നിന്നും (ഇന്നത്തെ ഹൈക്കോടതി എന്ന് പറയാം) പള്ളിക്ക് അനുമതി ലഭിച്ചു.//-

(തുടരും ...ധ്രുവദീപ്തി )
     

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.