Freitag, 25. Juli 2014

ധ്രുവദീപ്തി // Religion / പൗരോഹിത്യം പൗരസ്ത്യ കാനോന സംഹിതയിൽ / ഫാ. ഡോ. തോമസ്‌ കുഴിനാപ്പുറത്ത്

Religion / 

പൗരോഹിത്യം പൗരസ്ത്യ 
കാനോന 
സംഹിതയിൽ /  


ഫാ. ഡോ. തോമസ്‌ കുഴിനാപ്പുറത്ത് 


Judicial Vicar at Major
Archdiocese of Trivandrum




 ഫാ. ഡോ. തോമസ്‌
കുഴിനാപ്പുറത്ത്
പ്പസ്തോലിക കാലം മുതൽ സഭയിൽ വിവിധ ശുശ്രൂഷാസ്ഥാനങ്ങൾ നില നിന്നിരുന്നു. കർത്താവായ യേശുക്രിസ്തു തന്നെ സ്ലീഹന്മാരെ തെരഞ്ഞെടുത്തു. അവർക്ക് പ്രത്യേക നിയോഗം നൽകി അയക്കുകയും ചെയ്തു (മത്താ.10. 1-15). സഭയെ നയിക്കുന്നതിനും പഠിപ്പിക്കുന്നതിനും വിശുദ്ധീകരിക്കുന്നതിനും ഉള്ള അധികാരം ലഭിച്ച ശ്ലീഹന്മാർ പിന്നീട് തങ്ങളുടെ സഭയിലെ ശുശ്രൂഷകളിൽ സഹായിക്കുന്നതിനു പലരെയും തെരെഞ്ഞെടുക്കുകയും കൈവയ്പ്പ് നൽകി അധികാരപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ സഭയിൽ വിവിധ പൌരോഹിത്യ ശുശ്രൂഷാ ക്രമങ്ങൾ നിലവിൽ വന്നു. ഇപ്രകാരം തെരഞ്ഞെടുക്കപ്പെടുന്നവരെല്ലാവരും ക്രിസ്തുവി ന്റെ ശുശ്രൂഷാ പൗരോഹിത്യത്തിൽ തങ്ങളുടേ തായ  നിലയിൽ പങ്കു പറ്റുന്നു.

ശ്ലീഹന്മാരുടെ പിൻഗാമികളായ മെത്രാന്മാർ കൈവയ്പ് വഴി അവരെ പൗരോഹിത്യത്തിൽ പങ്കുകാരാക്കുന്നു. ഇപ്രകാരം നിയോഗിക്കപ്പെടുന്ന പുരോഹിത ശുശ്രൂഷകളുടെ ജീവിതത്തെ ക്കുറിച്ചും പ്രതിപാദിക്കാനാണ്, പൗരസ്ത്യ സഭകളുടെ കാനോനിക സംഹിത (CCEO) അതിന്റെ പത്താം ശീർഷകം മുഴുവൻ നീക്കി വച്ചിരിക്കുന്നത് (കാനോന-323-398). ഈ കാനോന കളുടെ ആമുഖമായി കാനോന സംഹിതയിൽ ഉരുത്തിരിയുന്ന പൗരോ  ഹിത്യ ദർശനത്തിലേയ്ക്ക് ഒരു അന്വേഷണം നടത്തുകയാണ് ഈ ലേഖനത്തിൽ.

പൗരോഹിത്യം: ഒരു കാനോനിക നിർവചനം.

പൗരോഹിത്യ ശുശ്രൂഷകളെ സൂചിപ്പിക്കുവാനായി പൗരസ്ത്യ കാനോന സംഹിതയിൽ ഉപയോഗിച്ചിരിക്കുന്ന പദം "ക്ലെരിക് " എന്നതാണ്. ഈ പദം ഗ്രീക്ക് ഭാഷയിലെ "ക്ലേരോസ്" എന്ന സംജ്ഞയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. ഇതിന്റെ വാച്യാർത്ഥം "നറുക്ക്" എന്നതാണ്. അതായത്, ക്ലെരിക് എന്നാൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവൻ എന്നർത്ഥം (അപ്പ. പ്ര.1,26). പിൽക്കാലങ്ങളിൽ തെരെഞ്ഞെടുപ്പ് കൂടാതെ പൗരോഹിത്യ ശുശ്രൂഷയ്ക്ക് തെരെഞ്ഞെടുക്കപ്പെടുന്നവരും "ക്ലെരിക്" എന്ന്  അറിയപ്പെടാൻ തുടങ്ങി. ഇവരെ വിശുദ്ധ ശുശ്രൂഷികൾ (Sacred Ministers) എന്നും കാനോന സംഹിത വിളിക്കുന്നു. ഇവിടെ "വിശുദ്ധ" എന്ന പദത്തിനർത്ഥം "മതപരമായത്" എന്നാണ്. ഇത് ലൗകീകമായ സേവനങ്ങളിൽ നിന്നും പൗരോഹിത്യ ശുശ്രൂഷയെ വ്യതിരക്തമായി കാണുവാൻ ഉപയോഗിച്ചിരിക്കുന്നു എന്ന് സൂചിതം.

പൗരസ്ത്യ കാനോന സംഹിതയിൽ പൗരോഹിത്യത്തിനു ഒരു നിർവ്വചനം തന്നെ കണ്ടെത്താനാവും. ഔദ്യോഗിക സഭാധികാരിയാൽ തെരഞ്ഞെടുക്കപ്പെട്ട ഇടയനായ ക്രിസ്തുവിന്റെ ദൗത്യത്തിലും അധികാരത്തിലും പങ്കുചേരുന്ന സഭാ ശുശ്രൂഷകരായിത്തീരുന്നതിന് പൗരോഹിത്യ സ്വീകരണത്തിലൂടെ ലഭിക്കുന്ന പരിശുദ്ധാത്മാവിന്റെ ദാനത്താൽ നിയുക്തരായ ക്രൈസ്തവ വിശ്വാസികളാണ് വിശുദ്ധ ശുശ്രൂഷികൾ എന്നുകൂടി വിളിക്കപ്പെടുന്ന പുരോഹിതർ (കാനോന-323). ഈ കാനോനിക നിർവ്വചനത്തിൽ അഞ്ചു വ്യത്യസ്ത മാനങ്ങൾ ഉൾച്ചേർന്നിരിക്കുന്നു.

1. ക്രിസ്തു കേന്ദ്രീകൃതം (Christocentric).

Christocentric-ക്രിസ്തുകേന്ദ്രീകൃതം
ഇടയനായ ക്രിസ്തുവിന്റെ ദൗത്യത്തി ലും അധികാരത്തിലും പങ്കുചേരുന്ന സഭാ ശുശ്രൂഷകരായി തീരുന്നതിനാ ണ് പുരോഹിതർ വിളിക്കപ്പെട്ടിരി ക്കുന്നത്. ക്രിസ്തുവാണ്‌ പരിശുദ്ധാ ത്മാവിൽ ഈ ശുശ്രൂഷകരെ വിളി ക്കുന്നത് (കാനോന-328§1 ).

2. പരിശുദ്ധാത്മപരം (Pneumatological)

പരിശുദ്ധാത്മാവിന്റെ ദാനത്തിലാണ് ഒരുവൻ പുരോഹിതനാവുന്നത്. "പ്രവചന പ്രകാരവും സഭാശ്രേഷ്ഠന്മാരുടെ കൈവയ്പ് വഴിയും നിനക്ക് നൽകപ്പെട്ട കൃപാവരം നീ അവഗണിക്കരുത്" (2 തിമോ.4,14 ). "എന്റെ കൈവയ്പിലൂടെ നിനക്ക് ലഭിച്ച ദൈവീകവരം വീണ്ടും ഉജ്ജ്വലിപ്പിക്കണ മെന്നു ഞാൻ നിന്നെ അനുസ്മരിപ്പിക്കുന്നു." (തിമോ.1,6). "നിന്നെ ഏൽപ്പിച്ചിരി ക്കുന്ന നല്ല ആക്ഷേപങ്ങൾ നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാൽ കാത്തുസൂക്ഷിക്കുക" (2 തിമോ.1,14).

3. സഭാത്മകം (Ecclesial).

പുരോഹിത ശുശ്രൂഷികൾ സഭയിൽ നിന്നും സഭാധികാരികളാൽ തെരെ ഞ്ഞെടുക്കപ്പെടുന്നവരാണ്. അവർ സഭയുടെ ശുശ്രൂഷികളും സഭയെ പ്രതി നിധീകരിക്കുന്നവരുമാണ്.

4. ആരാധനാക്രമപരം (Liturgical )

ആരാധനാക്രമപരമായ പട്ടംകൊട ശുശ്രൂഷയിലൂടെയാണ് ഒരുവൻ പൗരോഹിത്യം സ്വീകരിക്കുന്നത്. ക്രിസ്തുവിനാൽ വിളിക്കപ്പെട്ടു പരിശുദ്ധാത്മാ ദാനത്തിലൂടെ സഭാശുശ്രൂഷകരായി നിയുക്തരാകുന്നത് ഈ ആരാധനക്രമശുശ്രൂഷയിലൂടെയാണ്. അതോടൊപ്പം ആരാധനക്രമാപരമായ ശുശ്രൂഷകൾ നിർവഹിക്കുന്നതിനു വേണ്ടിയാണ് പുരോഹിതൻ അഭിഷിക്ത നായിരിക്കുന്നത്.

5. കാനോനികം അഥവാ നൈയാമികം. (Canonical)

വൈദികപട്ടം വഴി അഭിഷിക്തരാകുന്ന പുരോഹിതർക്ക് ദൈവിക ശക്തിയാൽ തങ്ങളുടെ സ്ഥാനത്തിനു ചേർന്ന വിശുദ്ധ ശുശ്രൂഷകൾ നിർവഹിക്കുന്നതിനുള്ള അധികാരവും ലഭിക്കുന്നു.

പൗരോഹിത്യ ദൗത്യം: ദൈവീകം.

പുരോഹിതർ സഭയുടെ ശുശ്രൂഷകരാണ് എന്നതിനർത്ഥം അവർ സഭയിലെ ജീവനക്കാർ ആണെന്നല്ല. മറിച്ച് ക്രിസ്തുശരീരമായ സഭയിലെ ദൈവജനത്തിന്റെ ശുശ്രൂഷകരാകുവാൻ ദൈവത്താൽ പവിത്രീകരിക്കപ്പെട്ടവരാണ്, അവർ (Consecrated by God). ദൈവജന ശുശ്രൂഷയ്ക്കായി നിത്യപുരോഹിതനായ ക്രിസ്തുവിന്റെ കൂടുതൽ ഉത്തമങ്ങളായ ഉപകരണങ്ങളായി തീരുന്നതിനും അജഗണത്തിനു ശ്രേഷ്ഠമായ മാതൃകകളായി ഇരിക്കുന്നതിനും വൈദിക പട്ടാഭിഷേകത്തിലൂടെ നവമായ രീതിയിൽ ദൈവത്തിനു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു(കാനോന-368 ).

സുറിയാനി സഭയിലെ പ്രഥമ സഭാപിതാവായ അഫ്രഹാത്തിന്റെ ചിന്തയനുസരിച്ച് ക്രിസ്തുവിന്റെ കീഴ്‌ ഇടയന്മാർ (under shepherds) ആയിട്ടാണ് പുരോഹിതർ നിയുക്തരായിരിക്കുന്നത്. ഈ ആത്മീയ അധികാരത്തെ വി.പത്രോസ് വിവരിക്കുന്നതിപ്രകാരമാണ്. "നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിൻ. അത് നിർബന്ധം മൂലം ആകരുത്. ദൈവത്തെ പ്രതി സന്മനസ്സോടെ ആയിരിക്കണം. ലാഭേശ്ചയോടെ ആയിരിക്കരുത്"(1 പത്രോസ് 5,2-3). ക്രിസ്തുവിന്റെ ഈ വിശുദ്ധ അധികാരം (sacred power) മതേതര അധികാരത്തിൽ (secular power) നിന്നും തികച്ചും വ്യത്യസ്തമാണ്. "വിജാതീയരുടെ മേൽ അവരുടെ രാജാക്കന്മാർ ആധിപത്യം അടിച്ചേൽപ്പിക്കുന്നു. തങ്ങളുടെ മേൽ അധികാരമുള്ളവരെ അവർ ഉപകാരികളായി കണക്കാക്കുകയും ചെയ്യുന്നു. എന്നാൽ നിങ്ങൾ അങ്ങനെയായിരിക്കരുത്. നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും ചെറിയവനെപ്പോലെയും അധികാരമുള്ളവൻ ശുശ്രൂഷകനെപ്പോലെയും ആയിരിക്കണം" (ലൂക്ക്.22,24-26).

പൗരോഹിത്യം ഒരു സമ്പൂർണ്ണ സമർപ്പണം

Hierarchical Communion
ദൈവീക പട്ടാഭിഷേക ശുശ്രൂഷ യിലൂടെ ആണ് ഒരുവൻ പുരോഹിത നാവുന്നത്.  തിരുപ്പട്ട സ്വീകരണത്തി നു മുമ്പ് അർത്ഥി  വാഗ്ദാനം നടത്തേണ്ടതുണ്ട്. തിരുപ്പട്ടം സ്വീകരിക്കുവാൻ താൻ തയ്യാറാണെ ന്നും അതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം സ്വയമായും സ്വന്തമായും സ്വീകരിക്കു ന്നുവെന്നും സഭാശുശ്രൂഷ യ്ക്കായി തന്നെ സ്ഥിരമായി അർപ്പിക്കുന്നുവെന്നും (devote) സാക്ഷ്യപ്പെടുത്തി ക്കൊണ്ടും അതേ സമയം തിരുപ്പട്ടം സ്വീകരിക്കുവാൻ തന്നെ അനുവദിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടും തന്റെ കൈയ്യോപ്പോടുകൂടിയ ഒരു പ്രഖ്യാപനം തന്റെ ഭദ്രാസന മെത്രാനൊ മേജർ സുപ്പീരിയറിനൊ അർത്ഥി സമർപ്പിക്കേണ്ടതാണ് (കാനോന-762).

ഇവിടെ സഭാശുശ്രൂഷയ്ക്കായുള്ള സമ്പൂർണ്ണ സമർപ്പണമാണ് കാനോന സംഹിത അർത്ഥിയിൽ നിന്നും ആവശ്യപ്പെടുന്നത്. ഈ സമർപ്പണത്തെ (devote) സൂചിപ്പിക്കുവാനായി കാനോനാസംഹിതയിൽ ഉപയോഗിച്ചിരിക്കുന്ന ലത്തീൻ പദം (Mancipare) "മൻസിപ്പാരെ" എന്നാണു. ഇതിന്റെ വ്യാച്യാർത്ഥം ഒരു അടിമ വേല ചെയ്യുവാനായി സ്വയം സമർപ്പിക്കുക എന്നതാണ്." Mancipium-"എന്നതുകൊണ്ട്‌ ശുശ്രൂഷകൻ എന്ന അർത്ഥമാണ് ഇവിടെ നൽകപ്പെടുന്നത്. ശുശ്രൂഷകൻ ശുശ്രൂഷ ചെയ്യുവാനുള്ളവനാണ്. അയാൾ സഭയേയും തദ്വാര ദൈവജനത്തേയും ശുശ്രൂഷിക്കുന്നവനാണ്. മറിച്ചു ആരെയും അധീനപ്പെടുത്തുവാനുള്ള അധികാരമല്ല പൗരോഹിത്യത്തിലൂടെ ലഭിക്കുന്നതെന്ന് സൂചിതം.

ശുശ്രൂഷാ പൗരോഹിത്യവും ക്രൈസ്തവ വിശ്വാസികളുടെ പൊതു പൌരോഹിത്യവും.

ക്രൈസ്തവ വിശ്വാസികളുടെ പൊതുവായ രാജകീയപൌരോഹിത്യത്തെക്കുറിച്ചു കാനോന സംഹിത പറയുന്നതിങ്ങനെയാണ്. "മാമ്മോദീസയിലൂടെ ക്രിസ്തുവിൽ ചേർക്കപ്പെട്ട ദൈവജനമായി സ്ഥാപിക്കപ്പെട്ടവരാണ് ക്രൈസ്തവ വിശ്വാസികൾ. ഇക്കാരണത്താൽ ക്രിസ്തുവിന്റെ പുരോഹിത, പ്രവാചക,രാജകീയ ധർമ്മങ്ങളിൽ തങ്ങളുടേതായ രീതിയിൽ ഭാഗഭാക്കുകളായിക്കൊണ്ട് ലോകത്തിൽ പൂർത്തിയാകു വാനായി ദൈവം സഭയെ ഭരമേൽപ്പിച്ചിരിക്കുന്ന ദൗത്യം തങ്ങളുടെ ജീവിതാവസ്ഥ കൾക്കനുസരിച്ച് നിർവ്വഹിക്കുവാൻ വിളിക്കപ്പെട്ടവരാണവർ" (കാനോന-7§1 ). ശുശ്രൂഷാ പൗരോഹിത്യം എല്ലാ ക്രൈസ്തവ വിശ്വാസികൾക്കുമുള്ള രാജകീയ പൌരോഹിത്യത്തിൽ നിന്നും വിഭിന്നമാണെന്ന് കാനോന സംഹിത പഠിപ്പിക്കുന്നു. "തിരുപ്പട്ടത്തിന്റെ അടിസ്ഥാനത്തിൽ പുരോഹിത ശുശ്രൂഷികൾ ഇതര ക്രൈസ്തവ വിശ്വാസികളിൽ നിന്നും ദൈവനിശ്ചയത്താൽ വേർതിരിക്കപ്പെട്ടിരിക്കുന്നു" (കാനോന-323 § 2 ). ഈ വ്യത്യസ്തത നാല് തലങ്ങളിലാണെന്ന സൂചന സംഹിതയിൽ നിന്നും ലഭിക്കുന്നു.

1. പ്രത്യേകമായ ദൈവവിളിയുടെ കാര്യത്തിൽ - ഇതിലൂടെ പ്രത്യേകമായ                    പരിശുദ്ധാത്മദാനങ്ങൾക്കായി അർത്ഥികൾ ക്ഷണിക്കപ്പെടുന്നു.

2. വൈദീക പട്ടാഭിഷേകത്തിലൂടെ - സഭാശുശ്രൂഷകരായി പുരോഹിതരെ      പ്രത്യേകമായി സഭ ചുമതലപ്പെടുത്തുന്നു.

3. ക്രിസ്തുവിന്റെ അജപാലനപരമായ ദൗത്യത്തിലും അധികാരത്തിലും പുരോഹിതർ പങ്കു പറ്റുന്നതിലൂടെ.

4. ഇടയനായ ക്രിസ്തുവിന്റെ ദൗത്യം തുടരുവാൻ പ്രത്യേകമായി തെരഞ്ഞെടുക്കപ്പെടുന്നതിലൂടെ.

ശുശ്രൂഷാ പുരോഹിതർ പ്രത്യേകമായി വിളിക്കപ്പെടുകയും അയയ്ക്കപ്പെടുകയും ചെയ്തിട്ടുള്ളവരാണെന്ന് കാനോന സംഹിത പഠിപ്പിക്കുന്നു. "അവർ കർത്താവിനു ശുശ്രൂഷ ചെയ്തും ഉപവസിച്ചും കഴിയവെ പരിശുദ്ധാത്മാവു അവരോട് പറഞ്ഞു. ബർണ്ണബാസിനെയും സാവൂളിനെയും ഞാൻ വിളിച്ചിരിക്കുന്ന ജോലിക്കായി എനിക്കുവേണ്ടി മാറ്റി നിറുത്തുക. ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ശേഷം അവർ അവരുടെ മേൽ കൈവയ്പ്പ് നടത്തി പറഞ്ഞയച്ചു" (അ.പ്ര.13,2-3). അതോടൊപ്പം ചിതറിക്കിടക്കുന്ന ആട്ടിൻ കൂട്ടത്തെ ഒരുമിച്ചു ചേർക്കാനുള്ള ഉത്തരവാദിത്വം (യോഹ.10,16 ) പുരോഹിതർക്കുണ്ടെന്ന പ്രബോധനവും കാനോന സംഹിതയിലുണ്ട്. ക്രിസ്തുവിൽ ആട്ടിൻ കൂട്ടത്തെ മേയിക്കാനുള്ള ചുമതലയും (യോഹ.21,25,-17) ഇവർക്ക് നൽകപ്പെടുന്നു. ഇടയനും ആട്ടിൻ കൂട്ടവും തമ്മിൽ വ്യത്യാസം ഉണ്ടെന്നും ഇത് ദൈവജന ശുശ്രൂഷയുടെ നല്ല നടത്തിപ്പിനുവേണ്ടി ദൈവത്താൽ സ്ഥാപിതമാണെന്നും കാനോന സംഹിത പഠിപ്പിക്കുന്നു (കാനോന-323§2).

വിശ്വാസികളുടെ പൊതുവായ പൗരോഹിത്യവും ശുശ്രൂഷാ പൗരോഹിത്യവും അളവിൽ മാത്രമല്ല സത്തപരമായിത്തന്നെ വ്യത്യസ്തമെങ്കിലും അവയ്ക്ക് പരസ്പര ബന്ധമുണ്ട്. (രണ്ടാം വത്തിക്കാൻ സുന്നഹദോസ്, തിരുസഭ.10). പൗരോഹിത്യ സ്വീകരണത്തിലൂടെ ഒരു വ്യക്തിയിൽ സത്താപരമായ വ്യതിയാനം തന്നെ സംഭവിക്കുന്നു എന്നാണ് സുന്നഹദോസ് മതം. അതിനാലാണ് പൗരോഹിത്യം ഒരിക്കൽ നൽകപ്പെട്ടാൽ അത് ആവർത്തിക്കാനാവില്ല എന്ന് സഭ പഠിപ്പിക്കുന്നത്‌. മാമ്മോദീസ, സ്ഥൈര്യലേപനം, തിരുപ്പട്ടം എന്നീ കൂദാശകൾ (കാനോന- 972 &1) ആവർത്തിക്കപ്പെടാവുന്നതല്ല. കാരണം ഈ കൂദാശയിലൂടെ മായാത്ത മുദ്ര പതിക്കപ്പെടുന്നു. ഇപ്രകാരം സ്ഥായീഭാവത്തോടെ ദൈവത്താൽ വിളിക്കപ്പെട്ടു പരിശുദ്ധാത്മാദാനത്താൽ ദൈവീകദൗത്യ നിർവ്വഹണത്തിനായി പ്രത്യേകം വേർതിരിക്കപ്പെട്ടവർ ആണ് ക്രിസ്തീയ പുരോഹിതഗണം.

ശുശ്രൂഷാ പൗരോഹിത്യത്തിലെ ഐക്യം.

പുരോഹിത ഗണത്തിലെ ഐക്യവും കൂട്ടായ്മയും പൗരസ്ത്യ കാനോനസംഹിത ചർച്ചചെയ്യുന്ന മറ്റൊരു വിഷയമാണ്. ഹൈരാർക്കിക്കൽ കൂട്ടായ്മ (Hierarchical communion) വഴി പരസ്പരം ബന്ധപ്പെട്ടിരിക്കയും വിവിധ തലങ്ങളിൽ ശുശ്രൂഷ ചെയ്യുകയും ചെയ്യുന്ന പുരോഹിത ശുശ്രൂഷികൾ സഭയുടെ ദൈവസ്ഥാപിതമായ ഏകശുശ്രൂഷയിൽ വിവിധ തരത്തിൽ പങ്കുചേരുന്നു (കാനോന-324).സഭയിൽ വിവിധ ശുശ്രൂഷകൾ ചെയ്യുന്ന പൗരോഹിത്യ സമൂഹത്തിലെ ഐക്യത്തെയാണ് കാനോനസംഹിത അനുശാസിക്കുന്നു. ഈ ഹൈരാർക്കിക്കൽ കൂട്ടായ്മയ്ക്ക് പുറത്തു ശുശ്രൂഷചെയ്യുന്ന പുരോഹിതർ തികച്ചും സഭാഗോത്രത്തിൽനിന്നും വിഭിന്നമായ സേവനമാണ് ചെയ്യുന്നത് എന്ന് കാനോന സംഹിത വ്യംഗ്യമായി സൂചിപ്പിക്കുകയാണിവിടെ. തിരുപ്പട്ടത്തിന്റെ അടിസ്ഥാനത്തിൽ പുരോഹിത ശുശ്രൂഷകളെ മെത്രാന്മാർ, വൈദികർ, ശേമ്മാശന്മാർ എന്നിങ്ങനെ വേർതിരിക്കുന്നു (കാനോന- ). ഈ ഹൈരാർക്കിക്കൽ കൂട്ടായ്മ അതിന്റെ എല്ലാ അർത്ഥത്തിലും പൂർണ്ണമാക്കപ്പെടുമ്പോഴാണ് സഭയിലെ പൗരോഹിത്യശുശ്രൂഷ അർത്ഥപൂർണ്ണവും സഫലവുമാകുന്നത്. ഈ പരസ്പരപൂരകമായ ഐക്യത്തിൽ ദൈവജനശുശ്രൂഷ നിവർത്തിപ്പെടുമ്പോഴാണ് സഭയെന്ന യാഥാർത്ഥ്യം ഓരോ പ്രദേശത്തും സജ്ജീവമാകുന്നത്.

ഉപസംഹാരം.

പ്രത്യേക ദൈവവിളിയാലും പരിശുദ്ധാത്മാദാനത്താലും തെരഞ്ഞെടുക്കപ്പെട്ട് വേർതിരിക്കപ്പെടുന്ന പുരോഹിതരുടെ ദൈവജന ശുശ്രൂഷാദൗത്യം ദൈവീകമാണ്‌. അത് പുരോഹിത ശുശ്രൂഷികളിൽ നിന്നും സമ്പൂർണ്ണ സമർപ്പണം ആവശ്യപ്പെടുന്ന ഒരു ജീവിതാവസ്ഥയാണ്. ഈ സമർപ്പണം സംഭവിക്കേണ്ടത്‌ സഭയിലെ ഹൈരാർക്കിക്കൽ കൂട്ടായ്മയിലൂടെയാണ്. മെത്രാനും വൈദീകരും, ശെമ്മാശന്മാരും അടങ്ങുന്ന ഈ കൂട്ടായ്മ ദൈവജനശുശ്രൂഷ എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടു പ്രവർത്തനനിരതമാകുമ്പോൾ അത് സാർവ്വത്രിക സഭയ്ക്ക് ഒരു പ്രദേശിക സാക്ഷ്യമായി ഭവിക്കുന്നു എന്നും കാനോനസംഹിത പഠിപ്പിക്കുന്നു. ഈ പൗരസ്ത്യ കാനോനസംഹിതയിൽ ഉരുത്തിരിയുന്ന ഈ പൗരോഹിത്യ ദർശനം നമ്മുടെ പ്രേഷിത മേഖലകളിൽ പുത്തനുണർവ് പകരട്ടെ.

 

---------------------------------------------------------------------------------------------------------------

Rev. Dr. Thomas Kuzhinapurath
Judicial Vicar at Major
Archdiocese of Trivandrum

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.