Freitag, 18. Juli 2014

ധ്രുവദീപ്തി // Faith /Church / വൃദ്ധവിലാപം-// സത്യത്തിന്റെ ഒരു തരി: by ടി.പി. ജോസഫ് തറപ്പേൽ

 

ധ്രുവദീപ്തി:


 Faith /Church / വൃദ്ധവിലാപം- 


സത്യത്തിന്റെ ഒരു തരി: 

                                                    by  ടി.പി. ജോസഫ് തറപ്പേൽ                                                             

"1924-ൽ പണിയാരംഭിച്ച് 1935-ൽ പൂർത്തിയാക്കി പിതാമഹന്മാരായ മുൻ തലമുറ നമുക്ക് സമ്മാനിച്ച സുന്ദരമായ ദേവാലയം, 2011-ൽ കൊച്ചുമക്കളും സഭയുടെ കുറെ ക്ലെർജിമാരും കൂടിച്ചേർന്നു ഡൈനാമിറ്റ് വച്ച് അത് തകർത്തു. പിതാമഹന്മാരുടെ സമ്മാനത്തിനു പുല്ലുവില" (വൃദ്ധവിലാപം). ചെങ്ങളത്ത് വി.അന്തോനീസ് പുണ്യവാന്റെ നാമത്തിൽ പണിത പള്ളിയുടെ ചരിത്രം ശ്രീ ടി.പി.ജോസഫ് തറപ്പേൽ "വൃദ്ധവിലാപം" എന്ന പേരിൽ തുടർച്ചയായി എഴുതുന്നു. (ബഹു. വായനക്കാരുടെ അഭിപ്രായം സ്വാഗതാർഹാമാണ്. ധ്രുവദീപ്തി ഓണ്‍ലൈൻ)

                                                                     വൃദ്ധവിലാപം-              
                                                                       by ടി.പി.ജോസഫ് തറപ്പേൽ
                                                          

സത്യത്തിന്റെ ഒരു തരി: 

ടി .പി .ജോസഫ് 
തറപ്പേൽ
ചെങ്ങളത്തെ പണി ചെയ്യപ്പെടുന്ന പുതിയ പള്ളി കാണുമ്പോൾ ഭക്തിയല്ല ഭയമാണ് തോന്നുക. മണ്ണെടുത്തു മാറ്റി, മുമ്പുണ്ടായിരുന്ന പള്ളിക്കുന്നിന്റെ വ്യാപ്തി കുറച്ച് അതിന്റെ വിളുമ്പിൽ പഴയതിന്റെ ഒന്നര മടങ്ങ്‌ പൊക്കമുള്ള പള്ളി പടുത്തുയർത്തിവരുന്നു. 1935- ൽ പൂർത്തിയാക്കിയ പഴയ പള്ളി. 1938- ൽ ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉച്ചയൂണിനു വിട്ട സമയം. മഴയില്ല. ഒരു വെള്ളിടി! പള്ളിക്കിട്ടു ഇടി വെട്ടുന്നത് ഞാൻ കണ്ടു. മുഖവാരത്തിനു ക്ഷതം തട്ടി. നൂറുകണക്കിന് ഓടുകൾ തകർന്നു വീണു. എന്റെ പ്രൈമറി സ്കൂൾ പഠന കാലത്ത് ഒരിക്കൽ കൂടി ഇടിവെട്ടി. അത് ക്ലാസ് സമയത്തായിരുന്നു. 1942- നു ശേഷമാണ് ഇടിമിന്നൽകവചമൊക്കെ പിടിപ്പിച്ചത്. ഏതു കവചവും കവച്ചു വയ്ക്കാനുള്ള ശക്തി തമ്പുരാന്റെ ഇടിക്കുണ്ട്.



                                                               നൊവേന ഭക്തി:

സുമാർ നാൽപ്പത് കൊല്ലം മുമ്പ് അന്തോനീസ് പുണ്യവാന്റെ ഒരു വലിയ രൂപം (1. 1/4 വീതി, 1.3/4 നീളം ) ഫ്രെയിം ചെയ്ത് എന്റെ വീട്ടിൽ സ്ഥാപിച്ചു. അന്നുമുതൽ എന്നും സന്ധ്യാപ്രാർത്ഥനയോടുകൂടി അൽപനേരം വി.അന്തോനീസിനോട് പ്രാർത്ഥിക്കാറുമുണ്ട്. ഭക്തി തോന്നുന്ന അവസരങ്ങളിൽ, ആരോഗ്യമുണ്ടായിരുന്ന കാലത്ത്, പള്ളിയിലെ നൊവേനകളിൽ പങ്കെടുക്കാറുമുണ്ടായിരുന്നു. മാതാവിനോടും യൌസേപ്പിനോടും അതിലും കൂടുതലായിട്ട് പ്രാർത്ഥിക്കുമായിരുന്നു. ഇന്നും അങ്ങിനെ തന്നെ. അങ്ങനെയാണല്ലോ വേണ്ടത്. വി. അന്തോനീസിനു അവരുടെ സ്ഥാനമില്ലല്ലോ. 

പിന്നെ, പള്ളിയിൽ താഴെ ഭാഗത്ത്, ആദ്യകാല അന്തോനീസിന്റെ രൂപം. അൾത്താര ഭാഗത്ത് മണിയങ്ങാട്ട് വല്യച്ചൻ വാങ്ങിച്ചു വച്ച രൂപം. ഇനി കുരിശുംതൊട്ടിയിലെ കാര്യം. കുരിശുംതൊട്ടിയിൽ ജോർജ് കുറ്റിക്കാട്ടിന്റെ സംഭാവന. ചന്തക്കപ്പേളയിൽ ഉള്ള അന്തോനീസു പുണ്യാളന്റെ രൂപം കുന്നപ്പള്ളിൽ വർഗീസ് ചേട്ടന്റെ സംഭാവന. അങ്ങനെ പള്ളിയിൽ തന്നെ നാല് വി.അന്തോനീസ് രൂപങ്ങൾ ഉണ്ട്.

ഇനി എന്തിനാണ് അഞ്ചാമത് ഒരെണ്ണം ? ഇറ്റലിയിൽ നിന്നും അത് വാങ്ങിക്കൊണ്ടു വന്നതാണ് എന്ന് നാട്ടുകാർ പറയുന്നു. ഇടവകയിലെ ഓരോ വീടുകളിലും ഓരോ ദിവസം കൊണ്ടുവയ്ക്കുന്നു. ഒരു വീട്ടിൽ കൊണ്ടുവന്നു വച്ചാൽ അത് പിറ്റേന്ന് ആളുകളെ കൂട്ടി അടുത്ത വീടുകളിലേയ്ക്ക് എന്ന ക്രമത്തിൽ രൂപം കൊണ്ടുനടക്കുന്നു. വി.അന്തോനീസിനെ അപമാനിക്കാനാണെന്ന് തോന്നിപ്പോകും. ഒരു വീട്ടുകാർക്ക് ചെലവാകുന്ന തുക ആയിരങ്ങളും. നമ്മുടെ ജീവിത ലക്ഷ്യം അന്തോനീസല്ലല്ലോ, കുരിശിൽ തൂങ്ങപ്പെട്ട ഈശോയല്ലേ? 

ചെങ്ങളം പള്ളി വികാരി മണിയങ്ങാട്ട് ബ. ലൂക്കാ അച്ചന്റെ കാലത്ത് കല്ലിട്ട തിരുനാളിന് ത്രിദിന അപേക്ഷയാണ് ഉണ്ടായിരുന്നത്. പിന്നീട് അത് നൊവേന ആയി മാറി. നൊവേനയെന്നാൽ ഒൻപത് ദിവസത്തെ പ്രത്യേക അപേക്ഷ. ദർശന തിരുനാളിനോടനുബന്ധിച്ച് നൊവേനയ്ക്ക് തുടക്കമായി. പണ്ട് ഒൻപതു ദിവസമായിരുന്നു നൊവേന. കൊടിയേറ്റത്തിന്റെ തലേദിവസം വരെ. ഇപ്പോൾ അത് പതിമൂന്നു ദിവസമായി മാറി. കാലം മാറി വന്നപ്പോൾ പിന്നീട് ചെങ്ങളത്തു വികാരിയായിരുന്ന കൊച്ചുപറമ്പിൽ അച്ചന്റെ കാലം മുതൽ ജൂണ്‍ മാസത്തിലെ പതിമൂന്നാം തിയതി തിരുനാളിനൊരുക്കമായി നൊവേന ആരംഭിച്ചു. ഇനി കുറെ കാലങ്ങൾ  കഴിയുമ്പോൾ ആണ്ടിൽ 365 ദിവസങ്ങളും നൊവേനയാകാം. ഇപ്പോൾ വീടുകളിൽ നടത്തുന്നതുംകൂടി കണക്കിലെടുത്താൽ നിത്യ നൊവേന എന്ന് പറയാം.

കഴിഞ്ഞ ജനുവരി ഇരുപതാം തിയതി (2013- ജനുവരി 20 ന്.) ചെങ്ങളം പള്ളിയിൽ കേട്ട ഒരു പ്രസംഗത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മദ്യം അകത്താക്കുന്നത് ദൈവത്തിന്റെ സ്വന്തം നാടായ, ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ വസിക്കുന്ന കൊച്ചു കേരളമാണെന്ന് കേട്ടു. പ്രാദേശിക കണക്ക് നോക്കിയാൽ കേരളത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് അന്യമതസ്ഥരോ, അന്യസഭാ വിഭാഗങ്ങളോ, തീരെയില്ലാത്ത കറകളഞ്ഞ കൽദായ കത്തോലിക്കർ മാത്രം ഉള്ള, നമ്മുടെ നാടാണെന്നും കേട്ടു.

ഒരു വശത്ത്‌ നൊവേന ഭക്തി, മറുവശത്ത്‌ മദ്യഭക്തി ! ഇവ രണ്ടും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? മന:സാക്ഷിയുള്ളവർ അവനവന്റെ മന:സാക്ഷിയോട് ഒന്ന് ചോദിച്ചു നോക്കട്ടെ!
(രചന -ചെങ്ങളം, 19. 03. 2013.)                                                                        

തീരുമാനം:                                                                                                                                                                                                                                                                    
-St.Antony's Church 
Chengalam
*വിവാദ വിഷയമായിത്തീർന്ന ചെങ്ങളം പള്ളി പൊളിക്കൽ വിഷയം ഒടുവിൽ പുരാവസ്തു വകുപ്പ് കാര്യാലയം വരെ എത്തി. അതുപക്ഷെ, കുത്തിയൊഴുകുന്ന കോഴപ്പണത്തിന്റെ ശക്തിയിലും കയ്യൂക്കിന്റെ ബലത്തിലും പുരാവസ്തു വകുപ്പിനെ പ്പോലും ബലക്ഷയപ്പെടുത്തി. "കേരളത്തിലെ പാദുവ"( Ref: ചരിത്ര സംക്ഷേപം) എന്ന വിളിപ്പേരുള്ള ചരിത്ര പ്രധാനമായ ചെങ്ങളം പള്ളി അതേപടി  സംരക്ഷിക്ക ണമെന്നും, ഇടിച്ചു പൊളിച്ചു കളയരുതെന്നും ചൂണ്ടി ക്കാണിച്ചുകൊണ്ട്  ലോക മെമ്പാടും നിന്ന് ഏറെ പരാതികൾ ഒന്നൊന്നായി പുരാവസ്തു വകുപ്പിലേയ്ക്ക് പ്രവഹിച്ചു,. ഇടവകാംഗങ്ങൾ രണ്ടു തട്ടിലായി. എന്നിട്ടും ഫലം, ഒടുവിൽ ഇങ്ങനെ സംഭവിച്ചു.      മറുപടി വന്നു. അതിങ്ങനെ:

                                                                         പുരാവസ്തു വകുപ്പദ്ധ്യക്ഷകാര്യാലയം 
                                                                                ശ്രീപാദം പാലസ്, ഫോർട്ട്‌ (പി.ഒ.)
                                                                                          തിരുവനന്തപുരം-23 
                                                                                            തിയതി : 04.11.2011 
A-2- 4560/ 2011/ DA
ഫാ:മാത്യൂ പുതുമന 
വികാരി 
സെന്റ്‌ ആന്റണീസ് ചർച്ച് 
ചെങ്ങളം-686585 

സാർ,

വിഷയം :- പുരാവസ്തുവകുപ്പ്-ചെങ്ങളം സെന്റ്‌ ആന്റണീസ് ചർച്ചു    പുതുക്കിപ്പണിയുന്നത് സംബന്ധിച്ച്.

സൂചന:-  1.    22.10.11-ലെ ഇതേ നമ്പർ കത്ത്.

                      2.    02.11.11.ലെ വകുപ്പിലെ എക്സ്കവേഷൻ അസിസ്റ്റന്റിന്റെ റിപ്പോർട്ട്                     

                     3.    03.11.11.ലെ 2526/ 1/ MCRD, P&C നമ്പരായ സർക്കാർ മേലെഴുത്തു.

സൂചന ഒന്ന് പ്രകാരം ചെങ്ങളം പള്ളി പൊളിക്കാതിരിക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന് വകുപ്പിൽനിന്നും അറിയിച്ചിരുന്നു. എന്നാൽ സൂചന 2- പ്രകാരമുള്ള എക്സ്കവേഷൻ അസിസ്റ്റന്റിന്റെ വിശദമായ റിപ്പോർട്ട് പ്രകാരം 1917-ൽ നിർമ്മിതമായ ചെങ്ങളം പള്ളിക്ക് പുരാവസ്തുപരമായോ, ചരിത്ര പരമായോ വാസ്തു ശാസ്ത്രപരമായോ പ്രാധാന്യമില്ലെന്ന് അറിയിച്ചിരിക്കുന്നു. ആയതിനാൽ പ്രസ്തുത പള്ളി പൊളിച്ചു പണിയുന്നതിനുള്ള അനുമതി നൽകുന്നു. 

വിശ്വസ്തതയോടെ                                                ഒപ്പ്-
                                                                     ഡയറക്ടർ-ഇൻ-ചാർജ് 

അംഗീകാരത്തോടെ 
സീനിയർ സൂപ്രണ്ട്.

പകർപ്പ്: 1: വില്ലേജ് ഓഫീസർ, വില്ലേജ് ഓഫീസ്, ചെങ്ങളം, കോട്ടയം.

                   2. ശ്രീ. ടി.പി.ജോസഫ് തറപ്പേൽ, ചെങ്ങളം, കോട്ടയം.
S-0411.

 ( വൃദ്ധ വിലാപം- തുടർച്ച അടുത്തതിൽ----ധൃവദീപ്തി ഓണ്‍ലൈൻ. )
-------------------------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.