Freitag, 1. August 2014

ധ്രുവദീപ്തി // People // politics //പി. റ്റി. ചാക്കോ അനുസമരണം // George Kuttikattu

ധ്രുവദീപ്തി // People / politics

   പി. റ്റി .ചാക്കോ അനുസമരണം    

George Kuttikattu


കേരള രാഷ്ട്രീയത്തിന്റെ ആത്മാവ് സ്പർശിച്ചിട്ടുള്ള ഏതൊരു കേരളീയന്റയും അറിവിൽ ഇത്രയും ആഴത്തിലും സൂക്ഷ്മതയിലും ഇറങ്ങിചെന്നിട്ടുള്ള അപൂർവ്വ ത്യാഗോജ്വലമായ സേവനം ചെയ്ത മഹാനെയാണ് 1964 ആഗസ്റ്റ്‌ 1-നു എന്നേയ്ക്കും നഷ്ടമായതെന്ന് ഇന്നുള്ള കേരളജനതയിൽ ഏറെപ്പേരും രാഷ്ട്രീയവ്യത്യാസം കൂടാതെ ഓർമ്മിക്കും. അദ്ദേഹം ഇന്നും ജനമനസ്സിൽ ജീവിച്ചിരിക്കുന്നു. അദ്ദേഹമിന്ന്  ഉണ്ടായിരുന്നെങ്കിൽ 2015 ഏപ്രിൽ 9-നു അദ്ദേഹത്തിനു നൂറു വയസ് പൂർത്തി ആകുമയിരുന്നു.

P. T. Chacko-
(09. 04. 1915- 1. 08. 1964)

കേരളസംസ്ഥാന രാഷ്ട്രീയത്തിലെ അവിഭാജ്യ ഘടകമായിരുന്നു ശ്രീ. പി. റ്റി. ചാക്കോ.  രാഷ്ട്രീയത്തിൽ ഉന്നത മാനദണ്ഡം പുലർത്തിയ മഹാവ്യക്തിയായിരുന്നു. പ്രസിദ്ധ വാഗ്മിയെന്ന ഖ്യാതി നേടിയ അദ്ദേഹത്തിൻറെ രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ അഭിപ്രായങ്ങൾ മൂർച്ചയേറിയ മുനയുള്ള വാളിനേക്കാൾ ശക്തമായിരുന്നു. അതുപക്ഷെ എല്ലാത്തരം ആളുകളുടെയും സ്നേഹാദരവുകൾ പിടിച്ചു പറ്റിയ അദ്ദേഹ ത്തിനു ശത്രുക്കളെയും നേടാനായി എന്നത് വാസ്തവമാണ്.

ശ്രീ. പി. റ്റി. ചാക്കോയുടെ വേർപാടിനെക്കുറിച്ച്, അന്തരിച്ച മുൻ പാർലമെന്റ് മെമ്പറും കേരളം കണ്ടിട്ടുള്ള പത്രപ്രവർത്തകരിൽ ഏറ്റവും ശ്രേഷ്ഠ വ്യക്തിത്വം ഉണ്ടായിരുന്ന ശ്രീ. കെ. സി. സെബാസ്റ്യൻ അന്തരിച്ചപ്പോൾ, ശ്രീ. ആർ. ബാലകൃഷണ പിള്ള പറഞ്ഞത് ഇപ്രകാരമാണ്: " പി. റ്റി. ചാക്കോയും കെ. സി. സെബാസ്റ്റ്യനും ജേഷ്ഠനും അനുജനും പോലെ ആയിരുന്നു. സെബാസ്റ്റ്യന്റെ ഉപദേശം ചാക്കോയും  മറിച്ചു സെബാസറ്റ്യനും പോലും അങ്ങുമിങ്ങും സ്വീകരിച്ചുകൊണ്ടാണ് ഇരുവരും പ്രവർത്തിച്ചിരുന്നത്.

സമൂഹത്തോടുള്ള ബന്ധത്തിനും വ്യക്തികളോടുള്ള ബന്ധത്തിനും മറ്റെന്തിനേക്കാൾ പ്രാധാന്യം നല്കിയത് പലപ്പോഴും അദ്ദേഹത്തിനു വിനയായിരുന്നു. സ്വന്തം രാഷ്ട്രീയത്തോടു പൂർണ്ണതോതിൽ വിശ്വസ്ഥത പുലർത്തി. തന്റെ ക്ഷീണിക്കാത്ത മനസ്സും സിഹംഗർജ്ജനതുല്യമായ പ്രസംഗങ്ങളും ജനശ്രദ്ധയെ  വർദ്ധിപ്പിച്ചു. എങ്കിലും തന്റെ വളർച്ചയിൽ ഒപ്പം അസൂയാലുക്കളും സ്വാർത്ഥമോഹികളും വളർന്നുവന്നത് അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ലേയെന്നു സംശയിക്കുകയാണ്.

ചെറുപ്പത്തിലെ തന്നെ രാഷ്ട്രീയത്തിലേയ്ക്ക് കടന്ന ശ്രീ. പി. റ്റി .ചാക്കോ ഒരുപക്ഷെ ഇന്ത്യയുടെ മുഴുവൻ രാഷ്ട്രീയ ചുക്കാൻ പിടിക്കത്തക്ക കഴിവുറ്റ വലിയ മഹാനായിരുന്നു.  നിയമപഠനം, പിന്നെ, തിരുവിതാംകൂർ -തിരുക്കൊച്ചി നിയമസമാജികൻ, ഇന്ത്യൻ പാർലമെന്റു മെമ്പർ, കോണ്‍ഗ്രസിന്റെ അത്യുന്നത നേതാവ്, കേരളത്തിന്റെ അഭ്യന്തര മന്ത്രി, കേരള രാഷ്ട്രീയ വിമോചനസമരത്തിനു നേതൃത്വം നല്കിയ കോണ്‍ഗ്രസ്  നേതാവ്, പ്രതിപക്ഷ നേതാവ് എന്നിങ്ങനെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്രയേറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു രാഷ്ട്രീയ പ്രതിഭ വേറെ  ഇല്ലായിരുന്നു.

കേരളരാഷ്ട്രീയത്തിലെ മറക്കപ്പെടാത്ത സാമൂഹ്യ ദുരന്തമായിത്തീരേണ്ട പ്രക്ഷോപണമായിരുന്നു 1959 ജൂലൈ 31 നു, ബാലറ്റുപെട്ടിയിലൂടെ അധികാരത്തിൽ  വന്ന കമ്മ്യുണിസ്റ്റ് സർക്കാരിനെ,  വ്യവസ്ഥാപിതമായ ജനകീയ പ്രക്ഷോപണം വഴി അധികാരത്തിൽ നിന്നും മാറ്റിയത്. ജനങ്ങൾ ഒരു പ്രതിജ്ഞയെടുത്തു: " ഈ  സർക്കാർ പോയെ തീരു".  "ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട നിങ്ങൾ രാജി വച്ചു ഒരു പുതിയ തെരഞ്ഞെടുപ്പു നടത്തുക." പ്രതിപക്ഷ കക്ഷിയുടെ നേതാവെന്ന നിലയിൽ പി. ടി. ചാക്കോ ആവശ്യപ്പെട്ടു. "ഈ സർക്കാർ രാജിവച്ചു പിരിയുക എന്നതല്ലാതെ യാതൊരു ഒത്തുതീർപ്പും ഇല്ല." കെ. പി. സി. സി. പ്രസിഡന്റു ആർ. ശങ്കർ പറഞ്ഞു. നാടാകെ രക്തക്കളമായി. ഒരു ശബ്ധമുയർന്നു : കല്ലറയാണേ കട്ടായം, പകരം ഞങ്ങൾ ചോദിക്കും." പകരം ചോദിച്ചു. തനിയെ മാറാത്തവരെ പിടിച്ചു മാറ്റി.

മാറിവന്ന സർക്കാരിൽ പി. റ്റി. ചാക്കോ മന്ത്രിയായി. ഇ. എം. എസ് നമ്പൂതിരി പ്പാട് പ്രതിപക്ഷ നേതാവുമായി. പ്രതിപക്ഷ നേതാവെന്ന നിലയിൽ കീർത്തി നേടിയ പി. റ്റി. ചാക്കോ അഭ്യന്തരമന്ത്രിയായി വീണ്ടും പേരും പെരുമയും ഉറപ്പിച്ചെടുത്തു. സഖാവ് ഇ. എം. എസ് നമ്പൂതിരിപ്പാടിന് പോലും പി. റ്റി. ചാക്കോ ഒരു തികഞ്ഞ വെല്ലുവിളിയായിരുന്നു. ഇക്കാരണത്താൽ തന്നെ കാർഷികബന്ധനിയമബില്ലിനെചൊല്ലി നടത്താനിരുന്ന സമരം പരാജയപ്പെട്ട കമ്മ്യുണിസ്റ്റുകൾ പി. റ്റി. ചാക്കോയെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാനുള്ള നയം അന്ന് പാടെ ഉപേക്ഷിച്ചിരുന്നു. മാത്രവുമല്ല ഈ സമീപനം വിമോചനസമര ത്തിനുള്ള കാരണമായ തങ്ങളുടെ നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കുവാനുള്ള ഭാഗവുമായിരുന്നുതാനും.

കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇന്നും ബാദ്ധ്യതയുള്ള സങ്കീർണ്ണ പ്രശ്നമാണ്, ഗൂപ്പ് രാഷ്ട്രീയം. കേരളത്തിൽ അന്നും ഇന്നും ഈ കാര്യം ഏറ്റവും മുൻ നിരയിലുമാണ്. ഐക്യകക്ഷി സർക്കാർ അന്ന് അധികാരത്തിലെത്തിയത് തന്നെ അന്നുണ്ടായിരുന്ന ഗ്രൂപ്പ് തച്ചുടച്ചശേഷവുമായിരുന്നു. ഇതിനിടെ ചില കോണ്‍ഗ്രസ് നേതാക്കൾ മന്തിസഭയിലെ ചിലരെ തങ്ങളുടെ ശത്രുക്കളായി പ്രഖ്യാപിച്ചു. സത്യം മനസിലാക്കിയ ചിലപത്രങ്ങൾ അത് ജനങ്ങളുടെ ശ്രദ്ധ യിൽ കൊണ്ടുവന്നു. ജനാധിപത്യ ഐക്യം രൂപീകരിക്കുന്നതിൽ വലിയ പങ്കു വഹിച്ച പി. റ്റി. ചാക്കോ പാർട്ടിയിൽ നടക്കുന്ന നടപടികളുടെ അപകടം മനസിലാക്കി. ജനാധിപത്യ ഐക്യം ജനങ്ങൾ കാത്തു സൂക്ഷിക്കുവാൻ അദ്ദേഹം മുന്നറിയിപ്പു നല്കി. പിന്നീട് നടന്നത്, പ്രസ്ഥാവനകളുടെ കുത്തി യൊഴുക്കാണുണ്ടായത്. മടുത്തു നിന്നവർ ചാക്കോയ്ക്ക് എതിരെ കടുത്ത കുശുകുശുപ്പ് രാഷ്ട്രീയവും തുടങ്ങി.

പി. റ്റി. ചാക്കോയുടെ നിലപാടിനെതിരെ നീങ്ങിയവർ അദ്ദേഹത്തെ അന്ന് ആഭ്യന്തര മന്ത്രിസ്ഥാനത്തുനിന്നും വരെ നീക്കം ചെയ്യുവാൻ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ തന്നെ പ്രഹ്ലാദൻ ഗോപാലാൻ നിയമസഭയ്ക്ക് വെളിയിൽ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക്മുൻപിൽ നിരാഹാരസമരം നടത്തിയതും കേരള നിയമസഭയിൽ നടന്ന പ്രസിദ്ധ സംഭവങ്ങൾ തന്നെയാണ് . സ്പീക്കർ സത്യഗ്രഹിക്ക് കിടക്കയും പുതപ്പും നല്കിയെന്ന് അന്ന് പറയപ്പെട്ടു. എന്നാലിന്ന ത്തെ നിലയോ? സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്യലും സ്പീക്കറുടെ കസേര വലിച്ചെറിയാലും മറ്റും നിത്യസംഭവമാണല്ലൊ.

പി. റ്റി. ചാക്കോ പലരിലും പലതിലും വിഭിന്നനായിരുന്നു. ഒരുദാഹരണമാ ണിത്. 1957-  ൽ  കമ്മ്യൂണിസ്റ്റ് സർക്കാർ കേരളം ഭരിക്കുന്നു. സഭയിലെ ഒരു കമ്മ്യുണിസ്റ്റ് അംഗം (സ്പീക്കർ ശങ്കരനാരായണൻ തമ്പി) പാർലമെന്ററി ജനാധിപത്യത്തെപ്പറ്റി പഠിക്കുവാൻ വിദേശത്തു പോകുന്നതിലെ ഔചിത്യം അന്ന് പ്രതിപക്ഷ നേതാവായിരുന്ന പി. റ്റി. ചാക്കോ ഫലിതരൂപത്തിൽ ചോദ്യം ചെയ്തു. ആന്ധ്രാ അരിപ്രശ്നത്തിൽ ഇ. എം. എസ് നടത്തിയ സർക്കാർ  ഇടപെടൽ സംബന്ധിച്ച പ്രഖ്യാപനത്തിൽ പി. റ്റി. ചാക്കോ നല്കിയ അവശ്യ തിരുത്തലുകൾപോലും  ഇ. എം. എസ്‌ സമ്മതിച്ചു. ഇന്നത്തെ സ്ഥിതിയോ ? നിയമസഭയിൽ അധരവ്യായാമം മുതൽ സർക്കസ് കളിവരെ നടത്തുവാൻ വരുന്നവരാണ് നിയമസഭാംഗങ്ങൾ. ജനാധിപത്യത്തിൽ മൂല്യശോഷണം ഇന്ന് ഭവിച്ചിരിക്കുന്നു.

1957- ൽ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് സർക്കാരിന് പ്രതിപക്ഷം തികച്ചും ശക്തമായിരുന്നു. പട്ടം താണുപിള്ള, പി. റ്റി . ചാക്കോ തുടങ്ങിയവർ പ്രതിപക്ഷത്തിന് നേതൃത്വം കൊടുത്തു. പ്രതിപക്ഷനേതാവായിരുന്ന പി. റ്റി. ചാക്കോ തികച്ചും ദീഘവീക്ഷണമുള്ളയാളായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാന വിപത്തിനെ നേരിടുവാൻ ജനാധിപത്യകക്ഷികളുടെ മുന്നണിയുണ്ടാകണം എന്നുതന്നെ അദ്ദേഹത്തിനു ബോദ്ധ്യപ്പെട്ടു. "ഒറ്റപ്പെടുത്തി ഇല്ലെന്നാക്കുക" എന്ന രാഷ്ട്രീയതന്ത്രം ഫലപ്രദമായി ഉപയോഗിച്ചാണ് 1959- ൽ അക്കാലത്തെ കമ്മ്യൂണിസ്റ്റ്കാരെ അധികാരത്തിൽ നിന്നും വെളിയിലാക്കിയത്.

1960- ൽ പി. എസ്. പി യുമായി സഹകരിച്ചാണ് കോണ്‍ഗ്രസ് കേരളത്തിൽ ഭരണം നടത്തിയത്. ഏറെത്താമാസ്സിയാതെ ഈ കൂട്ടുഭരണത്തിൽ ഇളക്കം ഉണ്ടാക്കി. എങ്കിലും കമ്മ്യൂണിസ്റ്റുകൾക്ക് നടപ്പിലാക്കാൻ കഴിയാതെപോയ കാർഷിക പരിഷ്കരണബിൽ (മുൻ റവന്യു മന്ത്രി കെ. ആർ. ഗൌരിയമ്മയുടെ ആശയം) അന്ന് റവന്യൂ മന്തിയായിരുന്ന പി.റ്റി. ചാക്കോയ്ക്ക് കഴിഞ്ഞു. അങ്ങനെ കേരളത്തിൽ ജന്മി-കുടിയാൻ എന്ന വ്യവസ്ഥിതിക്ക് അവസാനം വരുത്തി. കുടിയാന്മാരുടെ ഭൂമി അവർക്ക് സ്വന്തമായി. ഇന്നും ആക്ഷേപം പറയാനില്ലാത്ത, കോടതികൾക്ക് ചോദ്യം ചെയ്യാൻ വയ്യാത്ത വിധം അത് ഭരണഘടനയുടെ ഒൻപതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുകയും ചെയ്യാൻ ചാക്കോയ്ക്ക് സാധിച്ചു. അതുപക്ഷെ, ഇങ്ങനെയുള്ള അനുകൂല കാലാവസ്ഥയെ പ്രയോജനപ്പെടുത്തുവാൻ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പ്രശ്നം മൂലം കഴിഞ്ഞില്ല. ഒരു നിസ്സാര സംഭവം പർവ്വതീകരിച്ച് കോണ്‍ഗ്രസ്സിലെ ചാക്കോ വിരുദ്ധന്മാർ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നും വെളിയിലാക്കി. പിന്നീട് അദ്ദേഹം ഹൃദയം പൊട്ടി മരിക്കുകയും ചെയ്തു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ രാഷ്ട്രീയമായി കൈകാര്യം ചെയ്ത മഹാനായ നേതാവ് അങ്ങനെ കേരളത്തിനു എന്നേയ്‌ക്കുമായി നഷ്ടപ്പെട്ടു.

പി. റ്റി. ചാക്കോയുടെ മരണവും കോണ്‍ഗ്രസ്സിന്റെ തകർച്ചയും പെട്ടെന്നായി രുന്നു. അന്ന് കെ. എം. ജോര്ജിന്റെ നേതൃത്വത്തിൽ 15 പേർ ചേർന്ന് കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പായി മാറി. പുതിയ പാർട്ടിയുടെ പിറവിയ്ക്ക് ശ്രീ. കെ. എം. ജോർജ്, ശ്രീ മാത്തച്ചൻ കുരുവിനാക്കുന്നേൽ, ശ്രീ. ആർ. ബാലകൃഷ്‌ണപിള്ള  തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. കേരളാകോൺഗ്രസ്സിനു അന്ന് അഖിലേന്ത്യാതലത്തിൽ വേറെ തലതൊട്ടപ്പന്മാരില്ല. അവർ പ്രതിപക്ഷത്തു ചേർന്ന് വോട്ടു ചെയ്ത് 1964- ൽ ആർ. ശങ്കറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്മന്ത്രിസഭയെ വെളിയിലാക്കി.  

ഇനി നമുക്ക് ചില ഓർമ്മകളിലേയ്ക്ക് യാത്ര ചെയ്യാം. ഞാൻ ആദ്യമായി പി.റ്റി. ചാക്കോയെ കാണുന്നത് എന്റെ ജന്മനാടായ ചെങ്ങളത്തു വച്ചായി രുന്നു. അന്ന് ഞാൻ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്നു. ഇടവേള സമയത്ത് ഞങ്ങൾ കുട്ടികൾ ക്ലാസിനു പുറത്തു ഓടി നടക്കുന്നു. അപ്പോഴുണ്ട് ചിലയാളുകൾ സ്കൂളിനു തൊട്ടുള്ള വഴിയിലൂടെ നടന്നു വരുന്നു. മുപിൽ ഒരാൾ പലനിറത്തിലുള്ള തുണിക്കഷണങ്ങൾ ചേർത്തുണ്ടാക്കിയ ഒരു പതാക പിടിച്ചിരിക്കുന്നു. തവിട്ടു നിറത്തിലുള്ള ട്രൌസർ, പിന്നെ വെളുത്ത നിറമുള്ള ഷർട്ടും ധരിച്ചിരിക്കുന്നു. തലയിൽ ഒരു ഗാന്ധി തൊപ്പിയും ധരിച്ചിട്ടുണ്ട്. ഇവർ രാഷ്ട്രീയക്കാരാണെന്നും നേതാക്കളാ ണെന്നും അതിൽ കൊടിപിടിച്ച് മുന്നോട്ടു നീങ്ങുന്നയാളുടെ പേര് പി. റ്റി. ചാക്കൊയെന്നും സ്കൂൾ മുറ്റത്തുള്ള ആരോ കുറച്ചു പേർ അടക്കം പറയുന്നത് കേട്ടു. 'രാഷ്ട്രീയ'മെന്ന വാക്ക് ആദ്യമായാണ് കേൾക്കുന്നത്. കൊടിപിടിച്ചു നടന്നുനീങ്ങുന്ന ഒരു വലിയമനുഷ്യൻ, മുഖത്തു മനോഹരമായി വച്ചുപിടിപ്പിച്ച മേൽമീശ, ആകൃതിയിൽ അതൊരു മറക്കാനാവാത്ത നല്ല ഒരു കാഴ്ചയായിരുന്നു. ഇതിനുശേഷം പലപ്പോഴും ഇദ്ദേഹം അടുത്ത പ്രദേശങ്ങളിൽ വരുന്നു ണ്ടെന്നും പ്രസംഗിക്കുന്നുവെന്നും അറിഞ്ഞാൽ അവിടെ കേക്കുവാൻ ഞാനും നടന്നു എത്തുമായിരുന്നു. സിംഹം ഗർജിക്കുന്നപോലെ, വീണ്ടും വീണ്ടും കേട്ടിരിക്കാൻ കൊതിക്കുന്ന ശബ്ദം.

അവസാനം, ഒരുദിവസം - 1964 ഓഗസ്റ്റ് ഒന്നാംതീയതി... അദ്ദേഹത്തിന്റെ മരണ വാർത്ത അറിഞ്ഞു. അതൊരു ഞെട്ടലോടെയാണ് അറിഞ്ഞത്. അന്ന് ഞാൻ ചെങ്ങളത്തുള്ള ഹൈസ്‌കൂൾ വിദ്യാർത്ഥിയാണ്. ഞാൻ ചെങ്ങളത്തു നിന്നും കുറെയേറെ കിലോമീറ്ററുകൾ നടന്നു നടന്നു അദ്ദേഹത്തെ ഒന്നുകൂടി കാണുവാൻ ശവസംസ്കാരത്തിന് എളങ്ങോയിയിലെ അദ്ദേഹത്തിന്റ ഇടവക പള്ളിമുറ്റത്തെത്തി. ഒടുവിൽ  കാണുന്നത്, എളങ്ങോയി പള്ളിയുടെ ഇടവക സെമിത്തെരിയിലേയ്ക്ക് കണ്ണെത്താദൂരത്ത് തിങ്ങിനിറഞ്ഞ ദു:ഖാർത്തരായ വലിയ ജനക്കൂട്ടത്തിൽ, അലങ്കരിച്ച വലിയ ശവമഞ്ചത്തിൽ മൃതശരീരം കൊണ്ടുവരുന്നതാണ്; എന്റെ ആ മാതൃകാ സങ്കൽപ മനുഷ്യന്റെ- ശ്രീമാൻ പി. ടി. ചാക്കോയുടെ, മൃതദേഹമാണത്.

അന്തരിച്ച അഭിവന്ദ്യനായ ശ്രീ. കെ. സി സെബാസ്റ്യൻ കുറിച്ച ഓർമ്മകളി ലേയ്ക്ക് നോക്കാം. "ഒരു പത്ര പ്രവർത്തകനെന്ന നിലയ്ക്ക് ഒട്ടേറെപ്പേരുമായി എനിക്ക്   ഇടപെടുവാൻ സാധിച്ചിട്ടുണ്ട്. ഞാൻ പ്രത്യേക സിദ്ധിയൊന്നും അവകാശപ്പെടുന്നില്ല. സാധാരണക്കാരൻ എന്ന കാഴ്ചപ്പാടിൽ പറയുമ്പോൾ പി. റ്റി. ചാക്കോയെപ്പോലെ ഹൃദയവിശാലതയും, മറ്റുള്ളവരെ വളരെയേറെയും  മനസ്സിലാക്കാനുമുള്ള കഴിവും ഒത്തുചേർന്ന മറ്റൊരു നേതാവിനെ എന്റെ ഓർമ്മയിൽ വരുന്നില്ല. അദ്ദേഹത്തിൻറെ പൂർണ്ണകായ പ്രതിമ കോട്ടയത്ത് അനാവരണം ചെയ്തപ്പോൾ അദ്ധ്യക്ഷവേദിയുടെ ഒരു കോണിൽ എനിക്ക് ഇരിക്കാനുള്ള അവസരം ലഭിച്ചത് എന്നും ചാരിതാർത്ഥ്യത്തോടെ തന്നെ ഓർമ്മിക്കും."

കെ. സിയുടെ ഓർമ്മകൾ ഇങ്ങനെ തുടരുന്നു. "സ്വന്തം കാര്യങ്ങൾ ഒഴിച്ച് മറ്റെല്ലാ കാര്യങ്ങളിലും പി. റ്റി. ചാക്കോ ധീരനായിരുന്നു. എന്ത് തീരുമാനമെടു ക്കുവാനും എന്ത് സാഹസികത കാണിക്കാനും അദ്ദേഹം അറച്ചുനിന്നിട്ടില്ല. പി. റ്റി. ചാക്കോയെ കേരളം ഓർമ്മിക്കുന്നത് ഒരു രാഷ്ട്രീയക്കരനായിട്ടാണ്. അത് പുറമെയുള്ള ചിത്രം. രണ്ടു മുഖമുള്ള ഒരു മഹാനായിരുന്നു. തന്റെ മകനെ ഒരു ഹൃദയ ശസ്ത്രക്രിയയ്ക്ക് വേണ്ടി വെല്ലൂർ മെഡിക്കൽ കോളജിൽ പ്രവേശിച്ചപ്പോൾ അദ്ദേഹം ഒരു പിതാവായി മാറി. എന്ത് മനോവേദന അനുഭവിച്ചു എന്നത് ചുരുക്കം ആളുകൾക്കേ അറിയാവു.

താൻ ആരുടേയും പിന്നിലല്ല എന്ന വിചാരം ഒരു അഹങ്കാരമായി പോയി എന്ന് കരുതുന്നവർ കാണും. വിമോചനസമരശേഷം 1960-ൽ മന്ത്രിസഭയുടെ രൂപീകരണ ചർച്ചകൾ കൊടുമ്പിരിക്കൊണ്ട് നടക്കുകയാണ്. അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് യു. എൻ. ധേബാർ ചർച്ചകൾക്ക് എത്തി. പി. റ്റി. ചാക്കോയുടെ കാലുവാരി ആർ. ശങ്കറെ പൊക്കിക്കൊണ്ട് വരുവാൻ അന്ന് ശ്രമങ്ങൾ നടക്കുന്നു. അല്പം ക്ഷീണിത മാനസ്സനായി പി. റ്റി. ചാക്കോ കെ. സി. സെബാസ്റ്യൻ താമസിക്കുന്ന സ്ഥലത്തുവന്നു. "ഇന്നിവിടെ ഞാൻ ഉറങ്ങും. രാത്രിയിൽ വല്ല വിളിയും വന്നാൽ ഞാനുറക്കമാണെന്ന് പറയണം." ചാക്കോ. അദ്ദേഹം ഉറങ്ങാൻ പോയി. രാത്രി ഒരുമണിയായിരിക്കും, യു. എൻ. ധേബാർ പി. റ്റി. ചാക്കോയെ കെ. സി. സെബസ്റ്റ്യന്റെ നമ്പരിൽ വിളിച്ചു. "പി. റ്റി. ചാക്കോ ഉറക്കമായി." സെബാസ്റ്യൻ. "വിളിക്കൂ" എന്നായി ധേബാർ. പക്ഷെ സെബാസ്റ്റ്യൻ കൂട്ടാക്കിയില്ല. ഒരുപക്ഷെ, അന്ന് അർദ്ധരാത്രിയിൽ പി. റ്റി. ചാക്കോ കോണ്‍ഗ്രസ് പ്രസിഡന്റിനെ കണ്ടിരുന്നെങ്കിൽ കേരള രാഷ്ട്രീയം വ്യത്യസ്ഥമായിരുന്നെനേം. സംഭവിക്കാനുള്ളതു അങ്ങനെ സംഭവിക്കാതെ  ഇരിക്കില്ലല്ലോ .

പി. റ്റി. ചാക്കോ അഴിമതിക്ക് അതീതനായിരുന്നെന്നു അദ്ദേഹത്തിൻറെ രാഷ്ട്രീയശത്രുക്കൾപോലും സമ്മതിക്കും. അഭ്യന്തര മന്ത്രിയായിരുന്നപ്പോൾ നടന്ന പോലീസ് സബ് ഇൻസ്പക്ടർ നിയമനത്തിന് സ്വന്തം സഹോദരന് യോഗ്യതയുണ്ടായി തെരഞ്ഞെടുക്കപ്പെടുമെന്ന് മനസ്സിലായപ്പോൾ അത് തന്റെ ഔദ്യോഗിക ജീവിതത്തിനു കളങ്കം വരുമെന്നു ഭയന്നാകാം ലഭിക്കാമായിരുന്ന നിയമനാവസരം അദ്ദേഹം നിഷേധിച്ചത്.

ഇന്ന് പലരും ഈ വസ്തുത സ്മരിക്കുന്നില്ല. "തന്റെ മരുമകനാണ്, എന്റെ ഉറ്റ ബന്ധുവാണ്", അടുത്തതെന്ന് ഇന്റർവ്യൂ നടത്തുന്നവരെ അറിയിച്ചു ഒളിഞ്ഞു നിന്ന് കാര്യം നേടുന്ന പൊതുപ്രവർത്തകർ പി. റ്റി. ചാക്കോ എടുത്ത തീരുമാനം ശരിയാണോ എന്ന് ഒർമ്മിക്കുമോ? ഇന്ന് പി. റ്റി. ചാക്കോയുടെ പേരിൽ ലാഭം കൊയ്യുന്നവർക്ക് മഹാനായ പി. റ്റി. ചാക്കോ പ്രതിനിധാനം ചെയ്ത ആശയങ്ങളും ആദർശങ്ങളും കൊണ്ട് അത്തരമൊരവസ്ഥ കേരള രാഷ്ട്രീയത്തിൽ സൃഷ്ടിക്കുവാൻ കഴിയുന്നില്ലല്ലോയെന്ന ദു:ഖം ഉണ്ടായാൽ നല്ലതു തന്നെ. വർത്തമാനകാല കേരളത്തിനു ആ ആത്മാവിന്റെ ചൈതന്യം കൈ മോശം വന്നിരിക്കുന്നു. സ്വന്തം ജീവിതം കേരളത്തിനു സന്ദേശമാക്കിയ അദ്ദേഹത്തിലെ കർമ്മ ചൈതന്യം ഒരു ദേശത്തിന്റെ ജനക്ഷേമതൽപരരായ ഭരണാധികാരികൾക്ക് ഒരു മന്ത്രോപദേശം ആയിരിക്കും.//-
------------------
-ധൃവദീപ്തി-   dhruwadeepti.blogspot.com

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.