Dienstag, 11. Juni 2013

ധ്രുവദീപ്തി // Literatur // സർപ്പം മുട്ടയിട്ടിരിക്കുന്ന മാളം - മറിയമ്മ

ധ്രുവദീപ്തി : ചെറുകഥ -


 സർപ്പം മുട്ടയിട്ടിരിക്കുന്ന  മാളം


"മറിയമ്മ"


ലയാള സാഹിത്യത്തിൽ പുതിയൊരു ആവിഷ്കാര ശൈലിയുടെ സ്വാതന്ത്ര്യം. അതൊരു കൊടുങ്കാറ്റായിരുന്നു, ഇരുട്ടിന്റെ ആത്മാവിൽ പതിക്കുന്ന കലങ്ങി മറിഞ്ഞ ശബ്ദം പോലെ. ചിലപ്പോൾ ഒരു കുറ്റാന്വേഷകന്റെ രൂപവും നിർഭയ ഭാവവും കൂടിച്ചേർന്നു ഇളകിമറിയുന്ന തിരമാലകൾ ആയിരുന്നു. സ്നേഹത്തിന്റെ കെട്ടുകൾ പിന്നെയും പിന്നെയും മുറുക്കുന്നതായിരുന്നു. സ്നേഹവും ദുഖവും പുകയുന്ന പച്ചവിറകു കത്തുന്ന അടുപ്പായിരുന്നു. 1969 മുതൽ മലയാള ചെറുകഥാശാഖയിൽ എഴുതിയ കഥാകൃത്ത്‌  "മറിയമ്മ" യെന്ന തൂലികാനാമത്തിലെ വർക്കിച്ചൻ. നാല് പതിറ്റാണ്ടുകൾക്ക് ശേഷം                  നിങ്ങൾക്കായി വീണ്ടും ആ കഥ പറയുന്നു.                                                                                           
-----------------------------------------------------------

സർപ്പം മുട്ടയിട്ടിരിക്കുന്ന മാളത്തിനു
മപ്പുറത്ത്  മരങ്ങളുടെ മറവിൽ 
ഭ്രാന്തൻ ഇരുന്നു.

മരങ്ങളിൽനിറച്ചും പൂക്കളും പൂക്കളിൽ 
നിറയെ തേനും ഉണ്ടായിരുന്നു. തേൻ നുകരുന്ന വണ്ടുകൾക്കു
വർണ്ണം കൊടുക്കാത്ത ദൈവത്തെ 
ഭ്രാന്തൻ പഴിച്ചു.


അപ്പോൾ ദൂരെ ഒരു സ്ത്രീ ഉറക്കെ കരഞ്ഞു.


ദൈവത്തെ വിളിച്ചു ആ സ്ത്രീ നിലവിളിക്കുന്നതും
പിന്നെ ശപിച്ചുകൊണ്ട് എന്തെല്ലാമോ വിളിച്ചു 
പറയുന്നതും ഭ്രാന്തൻ കേട്ടു.
വിളിച്ചുപറയുന്നതെന്തെന്നു വീണ്ടും 
വീണ്ടും ശ്രദ്ധിക്കുമ്പോൾ കതിരിട്ട ഗോതമ്പ് വയലിന്റെ 
ഇടയിൽക്കൂടി
ഒരു സ്ത്രീ ഓടിപ്പോകുന്നതും 
ഉയർത്തിപ്പിടിച്ച കരിങ്കല്ലുമായി ഒരു
ചെറുപ്പക്കാരൻ അവളെ പിന്തുടരുന്നതും
ഭ്രാന്തൻ കണ്ടു.

ഒരുപക്ഷെ ചെറുപ്പക്കാരൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത്
മറ്റൊരു ചെറുപ്പക്കാരനെ സ്ത്രീ സത്ക്കരിച്ചിരിക്കും,
ഭ്രാന്തൻ കരുതി.

തന്റെ ഭാര്യയെ ഞെരിച്ചു കൊന്നതുപോലെ ,
ശ്വാസം മുട്ടിച്ചതുപോലെ, അവളെ കൊല്ലണമെന്നു
ഭ്രാന്തൻ വിളിച്ചുപറഞ്ഞു.


ഭ്രാന്തൻ ധരിച്ചിരുന്നത്, നിറം മങ്ങിയതും കീറിയതുമായ 

കറുത്ത കോട്ടായിരുന്നു.
കോട്ടിനുള്ളിൽ നിറച്ചും വറുത്ത കടലയും കുട്ടികളെ
എറിയുന്നതിനുള്ള കല്ലും ഉണ്ടായിരുന്നു.

മുമ്പിൽ ഓടിപ്പോയ സ്ത്രീയെ 
എങ്ങനെ കൊല്ലേണ്ടുവെന്നു ഭ്രാന്തൻ ചിന്തിച്ചു.

പിന്നിൽക്കൂടി കടന്നു ചെന്ന്കഴുത്തു പിടിച്ചു
ഞെരിച്ചുകൊല്ലുക.
അല്ലെങ്കിൽ പിടിച്ചു നിറുത്തി കഴുത്തറക്കുക.

കൊല്ലുന്നതിന്റെ വിവിധവശങ്ങളെപ്പറ്റി 
ഭ്രാന്തൻ ചിന്തിച്ചു.

എറിഞ്ഞുകൊല്ലുന്നതും ഭംഗിയെന്ന് കരുതിയ ഭ്രാന്തൻ 
കോട്ടിനുള്ളിൽനിന്നും ഘനമുള്ള ഒരു കല്ലെടുത്തു.

അപ്പോൾ ആ സ്ത്രീ കുറ്റിക്കാട്ടിനുള്ളിൽ മറഞ്ഞുകഴിഞ്ഞിരുന്നു.
പുറകെ ഓടിമറഞ്ഞ ചെറുപ്പക്കാരൻ
അവളെ കൊന്നിരിക്കും...
ഭ്രാന്തൻ കരുതി.

വേദനയോടുകൂടി കരയുന്ന  സ്ത്രീയുടെ 
ശബ്ദം കേൾക്കുന്നുണ്ടോ എന്നയാൾ 
ചെവിയോർത്തു.
രക്തം പുതുമണ്ണിൽ പുരളുമ്പോൾ ഉയരുന്ന ഗന്ധം! 
ഓർത്തപ്പോൾ ഭ്രാന്തന് ശർദ്ദിക്കാൻ തോന്നി.

അപ്പോൾ ദൂരെ ഇണ ചേർന്ന് നില്ക്കുന്ന 
കറുത്തപാണ്ടുള്ള പട്ടിയെ എറിയാൻ തക്കം നോക്കി
നിൽക്കുകയായിരുന്ന ചെറുക്കനും
അവനു കല്ല് പെറുക്കി കൊടുക്കുന്ന വെളുപ്പുദീനം പിടിച്ച
തെണ്ടിയും അരികത്തുണ്ടായിരുന്നു.

ചെറുക്കനെപ്പോലെ തക്കം നോക്കി
കാടിനു വെളിയിൽ കാത്തിരുന്ന ഭ്രാന്തൻ
ഉള്ളിൽ കടന്നു.
രക്തത്തിൽ കുളിച്ചു തല വേർപെട്ടുകിടന്നു പിടയ്ക്കുന്ന 
സ്ത്രീയുടെ ജഡം കാണണം. ജഡത്തിൽ
ആഞെറിയുന്ന പുരുഷൻ.

ഭ്രാന്തൻ ധൈര്യം വരുത്തി.
പിന്നെ ശബ്ദം ഉണ്ടാക്കാതെ ഒരു വള്ളിയിൽ പിടിച്ചുകൊണ്ടു 
അകത്തേയ്ക്ക് നോക്കി.
അസ്തമിക്കുന്ന സൂര്യന്റെ വെളിച്ചത്തിൽ
ഭിത്തിയിൽ
സ്ത്രീയുടെ നിഴൽ പുരുഷന്റെ നിഴലിനോട്‌ കൂടിച്ചേർന്നു.
ഭ്രാന്തന്റെ കണ്ണുകളടഞ്ഞു.


(published in Mathrubhoomi Vishu weekly-13.04.1969)
*മാതൃഭൂമി വാരികയുടെ 1969ലെ വിഷുപ്പതിപ്പിൽ പ്രസ്സിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല ചെറുകഥയ്ക്കുള്ള
ഒന്നാം സ്ഥാനം ലഭിച്ച മറിയമ്മയുടെ ചെറുകഥ.

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.