പരിസ്ഥിതി:
മിന്നിത്തിളങ്ങുന്ന ശുചിത്വമേ സ്വാഗതം //
George Kuttikattu
അഞ്ചു ലക്ഷം വർഷങ്ങളുടെ ചരിത്രമുള്ളതും ആറായിരത്തോളം മനോഹരമായ കൊട്ടാരങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും നിരവധി കത്തീദ്രലുകളും മറ്റു ദേവാലയങ്ങളും ഉൾക്കൊളളുന്ന വളരെ വലുതും പുരാത നത്വവുമുള്ള ഒരു രാജ്യമാണ് ജർമ്മൻ ഫെഡറൽ റിപ്പബ്ലിക്ക്.
ജർമ്മൻ ഭാഷയാണ് ഔദ്യോഗിക രാഷ്ട്ര ഭാഷ. മറ്റു നിരവധി ഉപഭാഷകളും ഉപയോഗിക്കപ്പെടുന്ന ഒരുമൾട്ടി-കൾച്ചറൽ സമൂഹമാണ് ജർമ്മനിയിലുള്ളത്. ആതിഥ്യമര്യാദയും, പരസ്പര പരിചയപ്പെടലുകളും, ശുചിത്വവിചാരവും, ഭക്ഷണശുചിത്വവും, കൃത്യനിഷ്ഠ ശീലവും ജർമ്മൻ ജനതയുടെ തനതു ശൈലികളും, അവരുടെ സാമൂഹ്യ ജീവിതത്തിലെ അതിശയകരമായ വൈവിധ്യം നിറഞ്ഞ സവിശേഷതകളാണ്.
മനുഷ്യൻ എവിടെയെങ്കിലും ഒരു സ്ഥലത്ത് സ്ഥിരതാമസ്സമാക്കിയ കാലം മുതൽ അവിടെയെല്ലാം ഉപയോഗശൂന്യ വസ്തുക്കളും ഉണ്ടായി. ഭക്ഷണാവശിഷ്ഠങ്ങളോ ഉപയോഗശൂന്യവസ്തുക്കളുടെ അവശിഷ്ഠങ്ങളോ ആയിരുന്നു അവയെല്ലാം. ചരിത്രാധീത കാലം മുതൽ മനുഷ്യർ അനുവർത്തിച്ചിരുന്ന ജീവിതക്രമങ്ങളിൽ പ്രധാനമായിക്കണ്ടത് സാമൂഹ്യ ശുചിത്വവും മാലിന്യ സംസ്കരണവും മാതൃകാപരമായി അതതു കാലത്തിനനുസരണമായി പുലർത്തിപ്പോന്നിരുന്നെന്നു കാണാം. പുരാതന നഗരസംവിധാനത്തെക്കുറിച്ച് പുരാവസ്തുഗവേഷകർ വെളിപ്പെടുത്തിയ അടയാളങ്ങളെല്ലാം അവയെ സ്ഥിരീകരിക്കുന്നു.
മദ്ധ്യകാലഘട്ടം ജർമ്മൻ ജനതയുടെ ശുചിത്വജീവിതവിചാരത്തിന്റെ തുടക്കമാണെന്ന് കാണാം. ഈ കാലഘട്ടത്തിലെ ജർമ്മനിയിൽ ജീവിച്ചിരുന്ന യഹൂദ വംശജരുടെ ശരീരവൃത്തിയേപ്പറ്റിയും, വീടുകൾ, പരിസരം, തുടങ്ങിയ സാമൂഹ്യസ്ഥലങ്ങളുടെ ശുചിത്വനിലവാരത്തെക്കുറിച്ചും അന്നും ജർമ്മൻകാർ നിശിതമായി വിമർശിച്ചിരുന്നു.
Schwetzingen |
ലോകരാജ്യങ്ങളിലൊട്ടും ആദരവർഹിക്കാത്ത പരിസ്ഥിതി മലിനീകരണം നടക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ്, ഇന്ത്യ. അതിൽത്തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതു കേരളീയരും. ജോഹാൻ യാക്കോബ് ഷഡ്ടിനുണ്ടായ അതേ വികാരമാണ്, കേരളീയരുടെ സാമൂഹ്യജീവിതത്തിലെ ശുചിത്വത്തെക്കുറിച്ചും, വ്യക്തിശുചിത്വത്തെക്കുറിച്ചും ഉണ്ടാകുന്നത്. പഴയ തലമുറക്കാർ പറയും: "പണ്ട് ഇതിലൊക്കെ എത്രയോ നല്ലതായിരുന്നു." പലരും ഇതൊക്കെ ഓർക്കുന്നുണ്ടാകും. പക്ഷെ, ഇപ്പോഴത്തെകേരളത്തിലെ ജനങ്ങളുടെ അശ്രദ്ധയേറിയതും ഒട്ടും ആദരവില്ലാത്തതുമായ രീതിയിൽ മലിനപ്പെട്ടും മലിനീകരണം നടത്തിയും അതിൽത്തന്നെ ജീവിക്കുന്ന ഒരു അപൂർവ്വജനവിഭാഗമായി രൂപാന്തരപ്പെട്ട ദുരവസ്ഥ കണ്ടിട്ട് അവയെപ്പറ്റി എന്തെല്ലാം പറയുമായിരുന്നു?
കേരളത്തിലെ സാമൂഹ്യ ജീവിതം തകരാറിലാണ്. കേരളത്തിന്റെ എല്ലാ പൊതുനിരത്തുകളും, ബസ് സ്റ്റാൻഡുകളും, എന്തിനേറെ സ്വന്തം വീടുകൾ പോലും മലീമസ്സമാണ്. പൊതുസ്ഥലങ്ങളും കൃഷിസ്ഥലങ്ങളും പ്ലാസ്റ്റിക്കു സാധനങ്ങൾ, കടലാസ്, മറ്റു നിരവധി ചപ്പുചവറുകൾ, വീട്ടിലെ അടുക്കള മാലിന്യങ്ങൾ എന്നിവയുടെ കൂനകളായിത്തീർന്നിരിക്കുന്നു. അവിടെയൊ കാണപ്പെടുന്ന പ്രാണികളും, പക്ഷികളും, പട്ടികളും, പശുക്കളും തീറ്റകൾ തെരയുന്ന ഇടങ്ങളായി മാറി. ഗ്രാമത്തിലെയും പട്ടണത്തിലെയും ഓരോ ജലാശയങ്ങൾ കീടങ്ങളുടെയും രോഗാണുക്കളുടെയും കൊതുകുകളുടെയും അധിവാസ സ്ഥലമായിത്തീർന്നു. ഇവയെല്ലാം അവിടെ പകർച്ച വ്യാധികൾ വിതയ്ക്കുന്നു. ഇങ്ങനെ കേരളത്തിൽ ജനജീവിതം താറുമാറായി. മരണത്തെ മുന്നിൽ നേർക്കുനേർകാണുന്ന ദയനീയ രംഗം. ഇതൊന്നും കാണാത്ത മട്ടിൽ സ്ഥാനമാനങ്ങൾക്കും അഴിമതികൾക്കും വേണ്ടി നിത്യം പിറകെ പോകുന്ന ഉത്തരവാദപ്പെട്ടവർ. ഇതെല്ലാം കേരള ജനതയുടെ ദൈനംദിന ജീവിത സംസ്കാരത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. സ്വന്തം കടമകൾ കണ്ണുകൾ തുറന്ന് ബോധപൂർവ്വം നിർവഹിക്കാൻ ആരും തയ്യാറല്ലാ.
അഴുക്കുവെള്ളത്തിൽ ദിവസം ഏഴുപ്രാവശ്യം സ്നാനം ചെയ്യുകയും വസ്ത്രം കഴുകുകയും ചെയ്യുന്നു. സ്വന്തം നേട്ടങ്ങൾക്കും താൽപ്പര്യങ്ങൾക്കും വേണ്ടി മാത്രം ജീവിക്കുന്നു. ഈ രാജ്യത്തും എന്റെ അയൽ പക്കത്തും എന്തുണ്ടായാലും ഇല്ലെങ്കിലും എനിക്കെന്തുകാര്യം? അവയൊന്നും എനിക്ക് പ്രശ്നമല്ലയെന്ന ചിന്താഗതിയാണ് മഹാഭൂരിപക്ഷത്തിനും. കേരളജനതയുടെ ശുചിത്വപ്രമാണവും, സാമൂഹ്യജീവിത ശൈലിയുമാണത്. ശിക്ഷണം നൽകുന്നതിൽ എന്തുഫലം?
നാം നമ്മുടെ വഴി തെരഞ്ഞെടുത്തില്ല.പകരം നമ്മുടെ നാടിനെ തെറ്റായ പുരോഗതിയുടെ വഴിയെ നയിക്കുന്നു. നിയമസഭകൾ സമ്മേളിക്കുന്നതിന് സർക്കാർ ജനങ്ങളുടെ നികുതിപ്പണത്തിൽ കോടികൾ ചെലവു വരുത്തുന്നു. ഇത്രയും തുക മുടക്കി ജനപ്രതിനിധികൾ നിയമസഭയിൽ എത്തുന്നത് സഭാ ഹാളിൽ ജനാധിപത്യവിരുദ്ധ, ഭരണഘടനാ വിരുദ്ധ ഗുണ്ടായിസ്സം ഉറപ്പിച്ചു നടത്തുവാനാണ്. അഞ്ചുമിനിട്ടു സമയം നിയമസഭാ സമ്മേളനം നടന്നത് കേരളത്തിലാണ്. ഇതുതന്നെ സാമൂഹ്യ മലിനീകരണമാണ്.
ഇങ്ങനെ പണം തെറ്റായ വഴിക്കു ചെലവാക്കാൻ ജനങ്ങൾ എന്തിനു ജനപ്രതിനിധികളെ തെരഞ്ഞെടുക്കണം? ഇത്തരം തെറ്റുകൾ മാത്രമല്ല നമ്മുടെ പ്രശ്നം. പ്രതിഷേധങ്ങളിൽ ചിലതിനെ ന്യായീകരിക്കാൻ കഴിയും. അതുപക്ഷെ ജനോപകാര കാര്യങ്ങളിൽ എതിരായി വരരുതെന്ന് മാത്രം. ഇത്തരം ഭാവി പ്രതിസന്ധികളുടെ ചുഴികളിൽ പെടാതിതിരിക്കാൻ, അവയെ യഥാർത്ഥത്തിൽ തടയിടണമെന്നു ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇന്ന് മുതൽ പ്രവർത്തിക്കാൻ ആരംഭിക്കണം. കുറഞ്ഞപക്ഷം ആശയപരമായി ഓരോരുത്തരും അറിവുള്ളവരായിരിക്കും. ശരിയായ പണനിക്ഷേപം ചെയ്യുന്നതിലെ ഏറെശ്രമകരമായ ഉത്തരവാദിത്വം ഏറ്റെടുക്കൽ കാര്യങ്ങളെ നേരെ സ്വീകരിക്കുന്നതിൽ നമ്മെയും ബോധവാന്മാരാക്കും.
ട്രിയർ നഗരം
|
പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം മുതലിങ്ങോട്ടു രണ്ടാംലോക മഹായുദ്ധകാലം വരെ ജർമ്മനിയിൽ ഉണ്ടായ ജനസംഖ്യാവർദ്ധനവും അതുമൂലമുണ്ടായ നിത്യോപയോഗ വസ്തുക്കളുടെ ആവശ്യവും പെരുപ്പവും മലിനാവശിഷ്ടകൂമ്പാരങ്ങളുടെ വർദ്ധനവും അവരുടെ സാമൂഹ്യജീവിത സുരക്ഷിതത്വത്തിന് ശക്തിയേറിയ വെല്ലുവിളികളായിരുന്നു.
മദ്ധ്യയുഗകാലഘട്ടത്തിൽ ഉണ്ടായതുപോലെ യൂറോപ്പിൽ പകർച്ച വ്യാധി കളുടെ വലിയ അപകടസൂചനകൾ ഉണ്ടായി. മാലിന്യകൂമ്പാരങ്ങൾ നഗര വീഥികളിൽനിന്നും, ജലാശയങ്ങളിൽനിന്നും, ഭവനപരിസരങ്ങളിൽ നിന്നും, കൃഷിസ്ഥലങ്ങളിൽനിന്നും, വ്യവസായശാലകളിൽനിന്നും, അറവുശാലകളിൽനിനും കർശനമായി നീക്കം ചെയ്യണം. മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്നതിലൂടെ മാത്രമേ പൊതുസാമൂഹ്യജീവിതവും സാമ്പത്തികവും ഭദ്രമാവുകയുള്ളൂയെന്ന തത്വം ജർമ്മൻ ജനത പൂർണ്ണമായി അംഗീകരിച്ചു.
ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും വ്യവസായവത്കരണത്തിന്റെ തുടക്കം മുതൽ മാലിന്യവസ്തുക്കളുടെ ശാസ്ത്രീയമായ സംസ്കരണവും ഫലപ്രദമായും തടസ്സമില്ലാതെയും പ്രവർത്തിക്കാനുള്ള ഔദ്യോഗിക സംവിധാനങ്ങളും നടപടികളും ഉണ്ടായി. ഗ്രാമസഭകൾ പ്രാദേശികമായി പ്രവർത്തന യോഗ്യമായ ശുദ്ധജലവിതരണവും സംരക്ഷണവും, മലിനജല നിർമാർജനത്തിന്വേണ്ടി അണ്ടർഗ്രൌണ്ട് ഓവുചാലുകളും സ്ഥാപിച്ചു. നിയമാനുസൃതമായതും ക്രമാനുഗതവുമായ ശുദ്ധജലവിതരണം എവിടെയും അന്ന് വിജയകരമായി നടപ്പാക്കപ്പെട്ടു. പൊതുനിരത്തുകൾ ജലമുപയോഗിച്ച് കഴുകി വൃത്തിയാക്കുന്ന നടപടികൾ ഓരോന്നും ക്രമേണ യന്ത്രവത്കൃത ഉപകരണങ്ങൾ ഉപയോഗിച്ചു ചെയ്തുതുടങ്ങി. പലപ്പോഴും നഗരങ്ങളിലെ പാതകളിൽ വാഹനജനത്തിരക്കുമൂലവും റോഡുകൾ കഴുകുന്നത് ക്രമമായി കഴിഞ്ഞില്ലായെന്നത് വസ്തുതയാണ്.
1810-1847 കാലഘട്ടത്തിൽ അന്നത്തെ മെഗാ നഗരങ്ങളായ ബർലിനിൽ ജനസംഖ്യ ഒന്നേമുക്കാൽ ലക്ഷവും, മ്യൂനിച്ചിൽ അമ്പതിനായിരവും (1811ൽ) ഉണ്ടായിരുന്നിടത്ത് ഇപ്പോൾ പത്തുലക്ഷം കവിഞ്ഞു. അവിടങ്ങളിൽ മലിന വസ്തുക്കളുടെ നീക്കം ചെയ്യലും സംസ്കരണവും നഗരശുചീകരണവുമെല്ലാം സർക്കാരിന് പുകയുന്ന പ്രശ്നമായി. പ്രശ്നപരിഹാരം സർക്കാർതന്നെ നേരിട്ട് ഏറ്റെടുത്തു. ഇതിനാൽ നഗരസഭകൾക്ക് മാലിന്യസംസ്കരണവും നഗര ശുചീകരണവും വിജയകരമായി നിർവഹിക്കാൻ കഴിഞ്ഞു. അവയെല്ലാം കൃത്യമായിപ്പറഞ്ഞാൽ ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള ചുമതലയും ഉത്തരവാദിത്വങ്ങളും പഞ്ചായത്തും, മുനിസിപ്പാലിറ്റിയും നഗരസഭയും ഏറ്റെടുക്കുകയാണ് ചെയ്തത്.
അങ്ങനെ 1893ലെ പ്രോയ്‌സിഷൻ പഞ്ചായത്ത് ആക്ട് ( കമ്മ്യൂണൽ ആക്റ്റ് ) പ്രാദേശിക അധികാരികൾക്ക്, മാലിന്യ നിർമാർജന പദ്ധതികൾ ക്രമമായും വിജയകരമായും നടത്താനുള്ള ചെലവുകൾക്കായി അതതു പ്രദേശങ്ങളിലെ സ്ഥലവാസികളിൽനിന്നും ഫീസ് ഈടാക്കാനുള്ള അധികാരം ലഭിച്ചു. ഗവണ്‍മെണ്ടിന്റെ ഈ പദ്ധതിയിൽ നിർബന്ധിത പങ്കാളിത്തം ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് നിയമം അനുശാസിച്ചു. ജർമ്മനിയിലെ ഗ്രാമ-നഗര ശുചീകരണ പ്രക്രിയയുടെ ഭാഗമായ മാലിന്യവസ്തു ശേഖരണവും നീക്കം ചെയ്യലും സംസ്കരണവും സംബന്ധിച്ച നിയമനിർമ്മാണം നടന്നത് ഒരേവിധത്തിലോ ഒരേ കാലഘട്ടത്തിലോ ആയിരുന്നില്ല.
പത്തൊൻപതാം നൂറ്റാണ്ടിൽ മലിനജലം ഒഴുക്കി നീക്കം ചെയ്യുന്നതിന് ഇക്കാലത്തുള്ളതുപോലെയുള്ള ഒഴുക്ക് ചാലുകൾ നിർമ്മിച്ചിരുന്നു. ഇവയിൽ ഒഴുകിയെത്തിച്ചേർന്ന ചെളിക്കൂമ്പാരങ്ങൾ അപ്പോഴപ്പോൾ പമ്പ് ചെയ്തു നീക്കം ചെയ്തിരുന്നു. അവ കർഷകരുടെ കൃഷിസ്ഥലങ്ങളിൽ വളമായി ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്.
ജർമ്മനിയിൽ എണ്ണമറ്റ വ്യവസായശാലകളും എനർജി സംഭരണത്തിനുള്ള ഖനന ജോലികളും അറ്റോമിക് എനർജി നിർമ്മിക്കുന്നതുനുവേണ്ടിയുള്ള യുറേനിയം സംസ്കരണവും അതുപോലെയുള്ള വൻകിട പദ്ധതികളും വർദ്ധിച്ചതോടെ മാലിന്യങ്ങളുടെ നീക്കം ചെയ്യലും സംസ്കരണവും കൂടുതൽ ക്ലേശകരമായി. ദിനംപ്രതിയുള്ള ആയിരക്കണക്കിന് ടണ്‍ മാലിന്യം നീക്കം ചെയ്തു സംസ്കരിക്കുകയെന്നതു ഭാരിച്ച ഒരു ഉത്തരവാദിത്വമാണ്.
പരിസര മലിനീകരണം നടക്കുന്നത് ഏതു രാജ്യത്തായാലും വേണ്ടില്ല, പൊതു ജീവിതം അപകടത്തിലാക്കുന്ന ഒരു മഹാവിപത്തായിത്തന്നെ ജനങ്ങളും സർക്കാരും മനസ്സിലാക്കണം. കേരളീയർ വീണ്ടുവിചാരമില്ലാതെ മാലിന്യം നീക്കം ചെയ്യുന്നതിലുണ്ടായ നിരുത്തരവാദിത്വവും അതുമൂലം കേരളത്തിൽ പൊതുജീവിതത്തിൽ ഉണ്ടായ നഷ്ടങ്ങളും ഇതുവരെ മലയാളികൾ ആരും ശ്രദ്ധിക്കപ്പെടാതെയിരിക്കുന്നു. ഈ നഷ്ടം ഇന്നത്തെ തലമുറക്കും വരുന്ന തലമുറക്കും നികത്താനൊക്കുമോ? നമ്മുടെ പിഴവുകൾ നാം മനസ്സുതുറന്നു സമ്മതിക്കണം. ഈയൊരു തിരിച്ചറിവു എന്നു നമ്മെ സഹായിക്കുമെങ്കിൽ, അതായിരിക്കും നമ്മുടെ പൊതുജീവിതത്തിൽ ഒരു പുതിയ സാമൂഹിക പ്രശ്നപരിഹാരമായിത്തീരാനുള്ള അടിസ്ഥാനം .
/gk
--------------------------------------------------------------------------------------------------------------------------------------
* "പ്രതിഛായ" രാഷ്ട്രീയ-സാംസ്കാരിക വാരികയിൽ
03.11.2010-ൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം.
03.11.2010-ൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം.
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.