Montag, 10. Juni 2013

ധ്രുവദീപ്തി // Kerala // നോഹയുടെ പെട്ടകം കാത്തിരിക്കുന്ന കേരളം // George Kuttikattu



ധ്രുവദീപ്തി   // Panorama -Kerala // 



നോഹയുടെ പെട്ടകം കാത്തിരിക്കുന്ന കേരളം // 


 
George Kuttikattu 

ജോണ്‍ എഫ്. കെന്നഡി അമേരിക്കൻ പ്രസിഡണ്ടായശേഷം നടത്തിയ ഒരു പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു:"Ask not what your country can do for you, ask what you can do for your country. "ജനങ്ങൾക്കും ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രധിനിധികൾക്കും രാജ്യക്ഷേമകാര്യത്തിലുള്ള  ഉത്തരവാദിത്വത്തിൽ ഒരുവ്യതാസവുമില്ലെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.

കഴിഞ്ഞകാലങ്ങളിൽ ഒരുപക്ഷെ അധികമൊന്നും അനുഭവിച്ചിട്ടില്ലാത്ത ഭീകരമായ സാമൂഹ്യദുരന്തമാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്‌. പ്രകൃതിക്ഷോപം മൂലം ഉണ്ടായത്, വരൾച്ചയും കുടിവെള്ളക്ഷാമവും പകർച്ചവ്യാധികളുമാണ്. 



 കുട്ടനാടിന്റെ ദൃശ്യം 
വേനൽച്ചൂടിൽ കൃഷിഭൂമികൾ വരണ്ടുണങ്ങി. ജലശ്രോതസ്സുകൾ വറ്റിവരണ്ടു. മഴപെയ്തിറങ്ങിയപ്പോൾ പകർച്ചവ്യാധികളും, നിത്യേന സംഭവിച്ചുകൊണ്ടിരിക്കുന്ന    മരണങ്ങളും ഒരുവശത്ത്‌  നിത്യ സംഭവങ്ങളായിരിക്കുന്നു. നമ്മുടെ ജനസമൂഹത്തെ പനിക്കിടക്കയിൽ കണ്ടിട്ടും അധികാരികൾ  വിശ്വസ്ത സേവനത്തിനുള്ള  ന്യായമായ ശമ്പള വർദ്ധനവിനു വേണ്ടി പണിമുടക്കം നടത്തുന്നവർക്ക് നേരെ നിഷ്കരുണം ശിക്ഷ നൽകുന്ന വലിയ ഉത്തരവാദപ്പെട്ടവർ മറുവശത്ത്‌, രോഗികളുടെ മണിപേഴ്സ് കാലിയാക്കാൻ പോക്കറ്റടിക്കാരെപ്പോലെ നോക്കിയിരിക്കുന്ന ആശുപത്രിമാനേജ്‌മെന്റുകൾ, ജനകീയ പ്രശ്നം തങ്ങളുടെ കാര്യമാല്ലായെന്ന മട്ടിൽ ഉന്നതസ്ഥാനത്തിനും മന്ത്രി സ്ഥാന ത്തിനും വേണ്ടി മാത്രമുള്ള തീക്ഷ്ണമായ നെട്ടോട്ടം ചെയ്യുന്നവർ മറുവശത്ത്‌. പനി ബാധിച്ചു മരിച്ചുവീഴുന്നവരുടെ ശവത്തിനു മുകളിൽക്കൂടി നടന്നു വേണോ ഈ സമരം എന്ന് ചോദിക്കുന്നവരും, സമരക്കാരുടെയും രോഗികളുടെയും ജീവന് തുല്യവിലയുണ്ടെന്നു പൊതുജനങ്ങളും, ആശുപത്രി അധികാരികളും സർക്കാരും ജനപ്രതിനിധികളും ആഴത്തിൽ മനസ്സിലാക്കണം. ആശുപത്രികളിൽ ആവശ്യമായ ജോലികൾ ചെയ്യാനുള്ള സാഹചര്യം അധികാരികൾ ഉണ്ടാക്കണം. ആശുപത്രികളിൽ ആവശ്യാനുസരണം പരിചാരകരുടെ സാന്നിദ്ധ്യം ആവശ്യമാണ്. നമ്മുടെ ആശുപത്രികളിൽ അതില്ല. അതിനു തെളിവാണ്, ഒരാൾ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യപ്പെടുന്ന സമയം മുതൽ രോഗിയുടെ കൂടെനിൽക്കാൻ ഒരാൾ വേണം. വിവിധതരം രോഗികളുടെയിടയിൽ മറ്റുള്ളവരുടെ സാന്നിദ്ധ്യം രോഗിക്കും ബൈസ്റ്റാൻഡർമാർക്കും അപകടമാണ്. മാത്രവുമല്ല രോഗിയുടെ കൂടെ ആയിരിക്കാൻ ഒരു വീട്ടിലെ അംഗങ്ങളുടെ കുറവ് കഴിഞ്ഞ കാലങ്ങളിലേതിലും പ്രശ്നസങ്കീർണ്ണമായിട്ടുണ്ട്. വീട് അടച്ചിട്ടു രോഗിയുടെ അടുത്തു നിൽക്കേണ്ടി വരുന്നത് കഷ്ടതരമാണ്. എന്നാലും ആശുപത്രി ബില്ലിൽ ഇതിനെല്ലാം ഒരു ഭീമൻ തുക രോഗി ആശുപത്രിക്ക് നൽകണം. ആശുപത്രി അധികാരികൾ രക്തം ഊറ്റിക്കുടിക്കുന്ന കൊതുകുകൾപോലെ ആയിരിക്കുന്നു.

ദിനം തോറും വർദ്ധിക്കുന്ന നിത്യോപയോഗവസ്തുക്കളുടെ ഭീകരമായവിലക്ക യറ്റം, കച്ചവടക്കാരുടെയും മദ്ധ്യവർത്തികളുടെയും കൊള്ളയടിക്കൽ, ഇങ്ങനെയെല്ലാം കൊണ്ടും ദുരന്തജീവിതത്തിന്റെ ആഴക്കടലിൽ മുങ്ങി പ്പോകാൻ തുടങ്ങുന്ന വഞ്ചിയാത്രികരായിത്തീർന്നിരിക്കുന്നു, കേരളീയർ. ദൈനംദിന ജീവിതം ദുഷ്കരമാവുകയാണെന്ന് എല്ലാവിധ മാധ്യമങ്ങളും അതർഹിക്കുന്ന ഗൌരവത്തിൽത്തന്നെ ലോകത്തെ അറിയിക്കുന്നുണ്ട്. പക്ഷെ ദുരന്തങ്ങൾക്കെതിരെ സംസ്ഥാനത്ത് ജനരക്ഷാപ്രവർത്തനം ചെയ്യാൻ ഉത്തരവാദപ്പെട്ടവർ താൽപ്പര്യപ്പെടുന്നില്ലായെന്ന സത്യം മനസ്സിലാക്കുന്ന നിസ്സഹായരായി പകച്ചു നിൽക്കുന്ന പൊതുജനങ്ങളെയാണ് നാം മുന്നിൽ കാണുന്നത്.
 മാലിന്യക്കൂമ്പാരം 

പകർച്ചവ്യാധികളുടെ ആക്രമണ ത്തിൽ അടിപ്പെട്ടിരിക്കുന്ന കേരളം അതിനു കാരണമായിരിക്കുന്ന മാലിന്യംകൊണ്ട് മൂടപ്പെട്ടിരിക്ക യാണ്. സ്വന്തം വീടും അവിടെ കാണുന്ന പരിസരങ്ങളും ജീവിത യോഗ്യമാണോ  എന്നന്വേഷിക്കാൻ പോലും അവിടെ ആരും തയ്യാറല്ലാ. വീട്ടുമാലിന്യങ്ങൾ കിടന്നിടത്ത് സംസ്കരിക്കാതെ, മാറ്റപ്പെടാതെ, ഒന്നിന് മേൽ മറ്റൊന്നുകൂടി അവിടേക്ക് വലിച്ചെറിയുന്നുണ്ട്. അവിടെ പക്ഷികൾ, എലികൾ, മറ്റു മൃഗങ്ങൾ, കൊതുകുകൾ, പാറ്റകൾ, പ്രാണികൾ എന്നിവയുടെ നിത്യ സന്ദർശനവേദിയായിത്തീരുന്നു. മാലിന്യം ഏറെക്കൂടുമ്പോൾ അവിടെനിന്നും മാറ്റി റോഡരുകിലും തോടുകളിലും പുഴകളിലും അവ  കൊണ്ടുപോയി എറിഞ്ഞു കളയുന്നു. വേനൽച്ചൂടിൽ ജലം വറ്റിയ പുഴകൾ വെറും മാലിന്യശേഖരണിയായിത്തീരുന്നു.

ജനങ്ങൾ വന്നു ചേരുന്ന ബസ്സ്‌ സ്റ്റാൻണ്ടുകൾ, കടകൾ, റസ്റ്റൊറന്റുകൾ തുടങ്ങിയവയുടെ പരിസരങ്ങൾ, എവിടെയ്ക്ക് നോക്കിയാലും മാലിന്യ ദുർഗന്ധം മൂലം എവിടെയെങ്കിലും ഒന്നിരിക്കാമെന്നുപോലും വിചാരിക്കെ ണ്ടതില്ല. നമ്മുടെ പഴയ മനോഹരമായ ഗ്രാമങ്ങളും ചെറിയ നഗരങ്ങളും ഇന്ന്പകർച്ച വ്യാധി പരത്തുന്ന കൊതുകുകളുടെ ജന്മസ്ഥലവും മാലിന്യം അഴുകിയ ദുർഗന്ധം വമിക്കുന്ന സംഭരണികൾ  ആയിത്തീർന്നിരിക്കുന്നു. മാലിന്യനീക്കം ചെയ്യൽ, സംസ്കരണം ശുചിത്വപാലനം, ഇവയൊന്നും സ്വന്ത കാര്യമല്ലയെന്ന് ചിന്തിക്കുന്ന കുറെ മനുഷ്യജീവികളുടെയും വിഹാര രംഗമായി മാറി,കേരളം 


ഓരോ ജീവനും വിലപ്പെട്ടതാണ്‌. പകർച്ചവ്യാധികൾ, വെള്ളപ്പൊക്ക ദുരന്തം, വേനൽച്ചൂടിൽ ഉണ്ടാകുന്ന വരൾച്ച, ശുദ്ധജലക്ഷാമം, കൃഷി നാശങ്ങൾ, തുടങ്ങിയവമൂലം നാടൊട്ടാകെ ദുരന്തങ്ങളുണ്ടാകുമ്പോൾ അടിയന്തിര രക്ഷാസഹായങ്ങൾ (രാഷ്ട്രീയ നിഘണ്ടുവിലെ "യുദ്ധകാലാടിസ്ഥാന ത്തിലുള്ള"സുരക്ഷാപ്രവർത്തനങ്ങൾ) ലഭ്യമാക്കാൻ കീഴ്വഴക്കങ്ങൾക്കും നിലവിലുള്ള നിയമങ്ങൾക്കും അതീതമായി തീരുമാനങ്ങളെടുക്കുവാൻ സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ട്. ഇക്കാര്യത്തിൽ ജനങ്ങളും വേണ്ട സഹകരണം നൽകണം. ജനോപകാര പ്രദമായ ഏതുതീരുമാനങ്ങളും ഉചിതമായ നടപടികളും സർക്കാരുകൾ ചെയ്യുന്നതിനെ ആരും അനീതി യെന്ന് വിളിക്കുകയില്ല. ഏതു രാജ്യത്തും പ്രക്രുതി ദുരന്തങ്ങളും പകർച്ച വ്യാധികളും ഉണ്ടാകാം. അതിനെ നേരിടുന്ന കാര്യത്തിൽ പിഴവുകൾ സംഭവിക്കാം. അതേ സമയം സർക്കാർ എടുക്കുന്ന കാര്യക്ഷമമായ തീരുമാനങ്ങളും തീവ്രമായ നടപടികളും ജനസഹകരണവും പ്രശ്നഘട്ടങ്ങളെ നേരിടുന്നതിൽ എളുപ്പമാക്കുമെന്നു കാണാൻ കഴിയും.

  മുൻ ജർമൻ ചാൻസലർ
ഹെൽമുട്ട് ഷ്മിത്ത് 
ഒരുദാഹരണം- 1960- ൽ, കൊടുങ്കാറ്റിന്റെ സംഹാരശക്തിയിൽ ആഞ്ഞടിച്ചു കയറിയ കടൽ വേലിയേറ്റത്തിൽ ജർമ്മനിയിലെ ഹാംബുർഗ് നഗരം നിമിഷങ്ങൾക്കകം മുങ്ങിപ്പോയി. ആദ്യത്തെ ദുരന്തരാത്രിയിൽ തന്നെ നൂറുകണക്കിനാളുകൾ മരിച്ചു. ആയിരങ്ങൾ വീണ്ടും മരണപ്പെടുമെന്ന കണക്കുകൂട്ടലാണ് ഉണ്ടായതും. ഹാംബുർഗ് നഗരസഭയുടെ അന്നത്തെ അഭ്യന്തര സെനറ്ററായിരുന്ന ഹെൽമുട്ട്ഷ്മിറ്റ് (മുൻ ജർമ്മൻ ചാൻസലർ 1974-1982) നിമിഷങ്ങൾക്കകം ജർമ്മനിയുടെ  ഫെഡറൽ സൈന്യത്തെ നിയമപരമായി തന്റെ അധികാര പരിധിയിൽ അല്ലാതിരുന്നിട്ടും, തന്റെ പരിപൂർണ്ണ നിയന്ത്രണത്തിലാക്കി ക്കൊണ്ട്  അതിതീവ്ര സുരക്ഷാപ്രവർത്തന ത്തിന് നിർദ്ദേശം നല്കി. അപകടത്തിൽപ്പെട്ടു മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരുന്ന ഹാംബുർഗ്ഗിലെ നിസ്സഹായരായ ജനങ്ങളെ രക്ഷാപ്രവർ ത്തനത്തിലൂടെ രക്ഷപെടുത്തുവാൻ കഴിഞ്ഞു. രക്ഷപെട്ട എല്ലാവർക്കും അപ്പോൾത്തന്നെ ജീവിതാവശ്യങ്ങൾക്കായി പണം കയ്യിൽ  വച്ചു കൊടുത്തു ലോകത്തിനു മാതൃകയായിത്തീർന്നു.

ദുരന്ത നിമിഷത്തിൽ ഒരു വീണ്ടുവിചാരവുമില്ലാതെ തന്റെ ധാർമ്മികമായ കർത്തവ്യനിർവഹണത്തിനു, ഒരു മുന്നൊരുക്കവും കൂടാതെയുള്ള രക്ഷാ പ്രവർത്തനത്തിന് ഒട്ടനവധി നിയമങ്ങളെയും, ഒരുപക്ഷെ ഭരണഘടനയിലെ അടിസ്ഥാന നിയമങ്ങളേപ്പോലും ഹെൽമുട്ട് ശ്ച്മിട്ട് ലംഘിച്ചിട്ടുണ്ടാവണം. എന്നാൽ അദ്ദേഹം കൈക്കൊണ്ട തീരുമാനങ്ങൾക്കും നടപടികൾക്കുമെ തിരെ ആരും പിറുപിറുക്കുകയോ പരാതിപ്പെടുകയോ ചെയ്തില്ല.


ജനസുരക്ഷാപ്രവർത്തനത്തിൽ അടിയന്തിര നടപടികൾ എടുക്കുവാനും നടത്തുവാനും കേരള സർക്കാർ പരാജയപ്പെടുകയാണ്. പരാജയപ്പെടുന്നത് ഒരു കാര്യത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. വിവാദങ്ങൾ നിറഞ്ഞ രാഷ്ട്രീയം, രാഷ്ട്രീയനേതാക്കൾ, അസംബ്ലിസമ്മളനം, മാദ്ധ്യമങ്ങൾക്ക് മുന്നിൽ ശ്രദ്ധ നിൽക്കാൻ വേണ്ടിയ നേതൃത്വ നിരകളുടെ വാക്പോരാട്ടങ്ങൾ , സമുദായങ്ങളുടെയും മതങ്ങളുടെയും രാഷ്ട്രീയ ഇടപെടലുകൾ, വിചിത്ര കാരണങ്ങൾ പറഞ്ഞുള്ള ബന്ദുകൾ ഇവയൊന്നും കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങളിൽ പൂരകമാകുന്നില്ല."

"കേരളം പനിച്ചുവിറയ്ക്കുന്നു, കേരളം പനിക്കിടക്കയിൽ," എന്നൊക്കെ ധാരാളം തലക്കെട്ടുകളിൽ വാർത്തയുണ്ട്. ആശുപത്രികളിൽ, രോഗികൾക്ക് ആവശ്യമായ പരിചരണമില്ല, ഡോക്ടർ ഇല്ലാ, ആവശ്യമായ കിടക്കകളില്ല, രോഗികൾ ആശുപത്രികൾ തോറും നിസ്സഹായരായി മരിച്ചുവീഴുന്നു. അപ്പോഴാണ്‌,  മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും സ്ഥാനതർക്കങ്ങൾ ഉണ്ടാക്കുവാനുള്ള നല്ല അവസരം! അടിയന്തിര ജനാവശ്യങ്ങളിൽ നിന്നും അവർ ഒളിച്ചോടുകയാണ്. ആശുപത്രി ചെലവുകൾ താങ്ങാനാവാത്ത തരത്തിൽ ഭീമമായ തുക കൊടുത്താൽ പോലും കേരളത്തിൽ ജനജീവൻ ഇന്ന് ദൈവം നീട്ടിക്കൊടുക്കുന്ന കാരുണ്യ ലോട്ടറിയായി മാറിയരിക്കുന്നു. ഇത്തരം ദുരന്തമരണങ്ങൾ ഉണ്ടാകുമ്പോൾ കേരള സർക്കാർ ജനങ്ങളെ സഹായിച്ചേ തീരു. അടിയന്തിരമായി ആശുപത്രിചെലവുകൾ രാജ്യമേറ്റെടുക്കണം. മാത്രമല്ല, ഒരുവിഭാഗം സാമ്പത്തിക ക്ലേശം മൂലം മരണപ്പെടുമ്പോൾ ആശുപത്രി വ്യവസായം നടത്തുന്ന ചക്രവർത്തികൾ ജനങ്ങളെ പീഡിപ്പിക്കുകയാണ്. ലോകരാജ്യങ്ങളിൽ ഒരിടത്തുമില്ലാത്ത രോഗീ ചികിത്സാ ചെലവുകൾ കുടുംബങ്ങളെ നശിപ്പിക്കുന്നു. 


യൂറോപ്പിലും മറ്റുവികസിത രാജ്യങ്ങളിലും പ്രകൃതിക്ഷോപങ്ങൾ മൂലമുണ്ടാ കുന്ന ദുരന്തങ്ങളിൽ രക്ഷാനടപടികൾക്ക് വേണ്ടി ഗവണ്‍മെണ്ടുകൾ മുൻ കൂട്ടി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഉദാഹരണമായി പറഞ്ഞാൽ, ജർമ്മനിയിൽ, പ്രാദേശികമായി പഞ്ചായത്തുകളും നഗരസഭകളും തീവ്ര ദുരന്ത സാഹചര്യങ്ങളെ നേരിടുവാൻ വോളണ്ടറി പരിശീലനകേന്ദ്രങ്ങൾ നടത്തുന്നു. പരിശീലനങ്ങളിലൂടെ പ്രാവർത്തിക പരിചയം പുതുക്കലും അതിനായി കൂടെക്കൂടെയുള്ള ക്യാമ്പുകളും നടത്തുന്നു. സ്കൂളുകളിൽ രക്ഷാപ്രവർത്തന പരിശീലനം നൽകുന്നു. റെഡ്ക്രോസ്, സ്കൗട്ട്, തുടങ്ങിയ സംഘടനകളാണ് ഇതിനു മേൽനോട്ടം വഹിക്കുന്നത്. അവയിൽ ചിലതാണ്, നീന്തൽ പരിശീലനം, അഗ്നി ശമനം, ജലപ്രളയ ദുരിത നിവാരണപരിശീലനം തുടങ്ങിയവ. ഇവയെല്ലാം പ്രാദേശിക ഭരണകർത്താക്കളുടെ ചുമതലയിലും മേൽനോട്ടത്തിലും നടത്തുന്നു. അതുപോലെതന്നെ സർക്കാർ നൽകുന്ന അടിയന്തിര സഹായങ്ങൾ കൂടാതെ ദുരന്തനഷ്ടപരിഹാര പദ്ധതികൾക്കായി യൂറോപ്പിൽ സർക്കാരുകൾ ഇൻഷുറൻസ് തുടങ്ങിയ നിരവധി പദ്ധതികളും തുടങ്ങിയിരിക്കുന്നു. ജനങ്ങൾക്കുണ്ടാകാവുന്ന നഷ്ടങ്ങളെ ലഘൂകരിക്കുക യെന്ന ലക്ഷ്യമാണ്‌ ഇതിനുള്ളത്.


 മാലിന്യസംഭരണികൾ 
കേരളം നേരിടുന്നത് ജനദ്രോഹ പരമായ ആശയങ്ങളെയാണ്. ജനങ്ങളിൽ, പ്രത്യേകമായി യുവ ജനങ്ങളിൽ, രാഷ്ട്രീയവിഷം മാത്രം കുത്തി നിറച്ചിരിക്കുന്ന ഒരു ഭൂവിഭാഗമാണ് കേരളം. ഇതിനോട് താത്വികമായി യോജിക്കുവാൻ കഴിയുന്ന നിരവധിഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കുവാനും കഴിയും. സ്വാർത്ഥതല്പ്പരരായ രാഷ്ട്രീയ പ്രവർത്തകർക്കു ഒരു രാജ്യം കുട്ടിച്ചോറാക്കാനും കഴിയും. അതുപക്ഷെ, നിരപരാധികളായ നാട്ടിലെ സാധാരണ പൌരന്മാർക്ക് എളുപ്പം മനസ്സിലാക്കാനും കഴിയുകയില്ല. 

അഴിമതിയും കോഴപ്പണവും, അധികാരവടംവലിയും രാഷ്ട്രീയ പ്രവർത്ത നത്തിൽ ജനങ്ങളെ പല  ചേരികളിൽ എത്തിക്കുകയാണ്. സാമാന്യജനങ്ങൾ അറിയേണ്ടതായ നിരവധി കാര്യങ്ങളിൽ അവരുടെ  പൊതുവിവരാവകാശം ലഭിക്കുവാൻ പാടില്ലായെന്ന് ശഠിക്കുന്നതുതന്നെ ഒട്ടും സഹിഷ്ണതയില്ലാത്ത നടപടിതന്നെയാണ്. ജനങ്ങളോട് ഉത്തരവാദപ്പെട്ടവർ തന്നെയല്ലേ ഇതെല്ലാം ചെയ്യുന്നത്? അതിന്റെ അർത്ഥം പിന്നെ എന്താണെന്ന് വേണമെങ്കിൽ ആർക്കും മനസ്സിലാകും. വികസനം, ജനക്ഷേമം, ഇതെല്ലാം ഇന്ന് വഴിയോരത്ത് സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡുകളിൽ മാത്രം ഒതുങ്ങുന്നു. ഒരേ കാര്യത്തിന് ഉത്ഘാടനങ്ങൾ ആഘോഷമായി നടക്കുന്നു, ഫണ്ടുകൾ അനുവദിക്കുന്നതിൽ മന്ത്രിമാർ ആരും ഒരു ക്ഷാമവും കാണിക്കു ന്നില്ല, പക്ഷെ, അതിന്റെ പൂർത്തീകരണത്തിനായി ജനങ്ങൾ  മഴ കാത്തിരി ക്കുന്ന വേഴാമ്പൽ ആയി  തീരുകയാണ്.


ഒരു രാജ്യത്തുണ്ടാകാവുന്ന മഹാദുരന്തങ്ങളേ താൽക്കാലികമായി നേരിടു കയെന്നത് മാത്രമല്ല, പരിപൂർണ്ണമായി നേരിടുവാൻ, കേരളത്തിൽ കുട്ടികൾ മുതൽ, എല്ലാ പ്രായത്തിലും തലങ്ങളിലുമുള്ളവർ സ്വയം സന്നദ്ധ സംഘങ്ങ ളായി പ്രവർത്തിക്കുന്ന സംഘടനകൾ പ്രാദേശികമായി എല്ലായിടത്തും രൂപീകരിച്ചു പ്രവർത്തിക്കണം. സ്വന്തം വീടുകളിലും, നഴ്സറി സ്കൂളുകളിലും, സ്കൂളുകളിലും മാലിന്യം നീക്കം ചെയ്യൽ, സംസ്കരിക്കൽ, മനോഹരമായ കേരളത്തെ മാലിന്യം മൂലമുണ്ടാകുന്ന പകർച്ചവ്യാധികളിൽ നിന്നും എങ്ങനെ രക്ഷിക്കാം, എന്നിവയിൽ നിർബന്ധിത പരിശീലനം നൽകണം. ക്ലീൻഷേവു ചെയ്ത് ചുളുക്കം വരാത്ത ഡ്രസ്സണിഞ്ഞു വേദികളിൽ പ്രത്യക്ഷപ്പെടുന്ന ജനപ്രതിനിധികൾക്കും  സ്കൂളുകളിൽ ഹാജരാകുന്ന അദ്ധ്യാപകർക്കും, മിനുക്കം വന്ന യൂണിഫോം ധരിച്ച സ്‌കൂൾ കുട്ടികൾക്കും മാലിന്യം, മാലിന്യ സംസ്കരണത്തിന്റെ ആവശ്യം എന്നിവയെക്കുറിച്ചുള്ള വിചാരം തികച്ചും അന്യമാണ്. 


 കുട്ടികൾക്കായി നീന്തൽക്കുളം 
പാഠ്യപദ്ധതിയിൽ ശാസ്ത്രീയമായ പഠനവിഷയമായി പൊതുജനാരോ ഗ്യ സംരക്ഷണവും, മാലിന്യരഹിത നാടും, പ്രാധാന്യം കാണാൻ കഴി യണം. സ്കൂൾ കുട്ടികളിൽ മറ്റു പാഠ്യ വിഷയങ്ങൾപോലെതന്നെ  മാലിന്യ സംസ്കരണത്തിൽ പ്രായോഗിക പരിശീലന പദ്ധതി നിർബന്ധമാക്ക ണം. ഇതിനെല്ലാം ഉപരിയായി ആരോഗ്യസംരക്ഷണത്തിനുവേണ്ടി അടിയന്തിര മാറ്റിപ്പാർപ്പിക്കൽ, തുടങ്ങി ഒട്ടനവധി മറ്റുള്ള  ബോധവൽക്കരണം, എന്നിവയ്ക്ക് പരിശീലനം നല്കണം. അതുപക്ഷെ, ഇവയൊക്കെ കേരളത്തിലും നന്നായി നടക്കുന്നുണ്ടെന്ന് ചിന്തിക്കുന്നവർക്ക് "നാറാണത്ത് ഭ്രാന്തന്റെ" സന്തോഷം മാത്രമാണു കാണാനുള്ളത്. ഇതിനു സർക്കാർ നേരിട്ട് പ്രായോഗിക അടിയന്തിര നടപടികളെ പ്രായോഗികമായി സ്വീകരിക്കണം. ഗ്രാമ പഞ്ചായത്തുകളോ, മതസ്ഥാപനങ്ങളോ നടത്തുന്ന മാലിന്യവാരാചരണങ്ങളോ കൊട്ടിഘോഷങ്ങളോ ഒന്നും പ്രശ്ന പരിഹാരമല്ല.

ജനോപകാരപ്രദമായ സാമൂഹ്യശ്രദ്ധയാകർഷിക്കുന്ന അനേകം പദ്ധതികൾ യൂറോപ്യൻ രാജ്യങ്ങൾ എത്രയോ മുൻപ് പ്രാവർത്തികമാക്കിയിരിക്കുന്നു. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇതുപോലെയുള്ള പദ്ധതികൾക്ക്  സജ്ജീകരണങ്ങൾ കുറഞ്ഞ തോതിലെങ്കിലും ഉണ്ടായാൽ ജനങ്ങൾക്കേറെ സഹായകരമായിരിക്കും. ജനങ്ങളും ജനപ്രധിനിധികളും എല്ലാ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും സാഹിത്യകാരന്മാരും ഇത്തരം അത്യാധുനിക പദ്ധതികളെക്കുറിച്ച് ആദ്യമായി ബോധവാന്മാരാകണം//-.

/gk
-------------------------------------------------------------------------------------------------------------------------
published in Pratichaya weekly, Kottayam.
9.8.2009



Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.