Dienstag, 25. Juni 2013

ധ്രുവദീപ്തി // പരിസ്ഥിതിവിചാരം//: വായുവും ജലവും വസിക്കുന്ന ഭൂമിയും// George Kuttikattu


പരിസ്ഥിതിവിചാരം//: 

വായുവും ജലവും വസിക്കുന്ന ഭൂമിയും// 

George Kuttikattu


ദീർഘകാലങ്ങളായി തുടരുന്ന പരിസ്ഥിതി സംരക്ഷണ വിപ്ലവത്തിലെ വലിയ പുരോഗതിയും വിജയവും സാമൂഹ്യജീവിതത്തിൽ സുദീർഘമായി നിലനിൽക്കുന്ന അഭിമാനകരമായ ഒരു യാഥാർത്ഥ്യമായി ജർമനിയുടെ പരിസ്ഥിതി സംരക്ഷണ ആശയവും വേലകളും ഫലമണിഞ്ഞുവെന്നുള്ള ആത്മാഭിമാനം ജർമൻ  ജനതയുടെ സ്വന്തവും ലോകജനതയ്ക്ക് മഹാമാതൃകയുമാണ്.


ആറ്റോമിക് മാലിന്യം വീപ്പകളിലാക്കി 
ഭൂഗർഭ അറകളിലേയ്ക്ക് 
പ്രത്യേക ട്രക്കുകളിൽ മാറ്റപ്പെടുന്നു.
ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനം മുതൽ ജർമ്മനിയുടെ എല്ലാനഗരങ്ങളിലും ഗ്രാമങ്ങളിലും വലിയ വിപത്തുപോലെ വർദ്ധിച്ച മാലിന്യവസ്തുക്കളെ പൂർണമായി നീക്കം ചെയ്യുന്നതിനായി സാദ്ധ്യമായ എല്ലാ നടപടികളും ചെയ്യുന്നതിന് ജർമൻ സർക്കാർ തുടക്കമിട്ടു. ഇതിനായി ആദ്യമായിട്ട് ചെയ്തത്, കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരുകളും നിരവധി തവണ മാറ്റങ്ങൾ വരുത്തിയ മാലിന്യ നിർമാർജന നിയമങ്ങളിൽ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്തുകയായിരുന്നു. 1991-ലെ നിയമപരിഷ്കരണത്തോടെ സാങ്കേതിക സഹായത്തിൽ മാലിന്യം നീക്കംചെയ്യലും സംസ്കരണവും, പരിസ്ഥിതി സംരക്ഷണവും പരിപൂർണ്ണ നിയമവിധേയമാക്കി.
                                                                                       
പൊതുപരിസ്ഥിതി സംരക്ഷണം ജർമനിയുടെ വികസനപരിപാടികളിലെ പ്രമുഖ ഘടകം ആണ്. ഇതിനാൽ ജനശ്രദ്ധയാകർഷിച്ച നിരവധി പദ്ധതികൾ സർക്കാരിന്റെ മേൽനോട്ടത്തിൽ നടന്നു കഴിഞ്ഞു. അവയിൽ പ്രധാനപ്പെട്ടത്, പൊതുജ നാരോഗ്യസംരക്ഷണത്തിനു സഹായകമായ പരിസ്ഥിതി ഘടകങ്ങളിൽ വായുവും, ജലവും, വസിക്കുന്ന ഭൂമിയും (മണ്ണ്), ശുദ്ധമായിരിക്കണമെന്ന അടിസ്ഥാന പ്രമാണമാണ്.

വായുവിലെ മാലിന്യങ്ങൾ:

വായുമണ്ഡലത്തിൽ എങ്ങനെ മാലിന്യങ്ങൾ ഉണ്ടാകുന്നു? കാലാവസ്ഥയുടെ വ്യതിയാനമാനുസരിച്ചു വായുവിലുണ്ടാകുന്ന മാലിന്യങ്ങളുടെ അളവിലും വ്യതിയാനം ഉണ്ടാകുന്നു. ചൂടുകാലങ്ങളിൽ, പ്രത്യേകിച്ച് വിവിധ ഉറവിടങ്ങളിൽനിന്നും പുറത്തേയ്ക്ക് വമിക്കുന്ന വിഷവാതകങ്ങളും വായുവിനെ മലീമസമാക്കുന്നു. വാഹനങ്ങളുടെയും വിമാനങ്ങളുടെയും ചെറുതും വലുതുമായ വ്യവസായശാലകളുടെയും എണ്ണം വർദ്ധിക്കുന്നു. വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറത്തുതള്ളുന്ന പുകയും മൈക്രോ പൊടികളും മറ്റു വാതകങ്ങളും വായുവിൽ തങ്ങിനില്ക്കുന്നത് പരിസ്ഥിതിസുരക്ഷാക്രമങ്ങളെ അടിതെറ്റിക്കുന്ന വലിയ ഘടകങ്ങളാണ്. ഇത് വായുവിൽ നിത്യേനയുണ്ടാകുന്ന മാലിന്യവർദ്ധനവിനെതിരെയുള്ള നടപടികൾക്ക് കടുത്ത വെല്ലുവിളിയാണ്.

വായൂമലിനീകരണം നിയന്ത്രിക്കുവാൻ ഗതാഗതവകുപ്പ് നിയമപരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിവേഗപാതകളിലും ഗ്രാമപാതകളിലും നഗരമദ്ധ്യത്തിലും ഗ്രാമത്തിലും വാഹനവേഗത നിബന്ധന ചെയ്തിട്ടുണ്ട്. ക്രമവിരുദ്ധമായി വാഹനം ഓടിക്കുന്നവർ നിയമാനുസരണമായ നടപടികളെ നേരിടെണ്ടി വരും. നഗരപാതകളുടെ വശങ്ങളിൽ സൈക്കിൾ യാത്രക്കാർക്കും, കാൽനടയാത്രക്കാർക്കും യോജിച്ച ചെറുപാതകൾ നിർമ്മിക്കുന്നു. നാഗരങ്ങളിലെ വാഹനത്തിരക്ക് കുറയ്ക്കുവാനാണീ നടപടികൾ. നവീന സാങ്കേതികവിദ്യ ഉപയോഗിച്ച് വാഹനങ്ങിളിൽ നിന്നും വരുന്ന വാതകങ്ങളെ നിയന്ത്രിച്ചിട്ടുള്ള വാഹനങ്ങൾ വിപണിയിൽ കൊണ്ടുവരുന്നു. ഇതിനു നിർമ്മാതാക്കളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു.

ഇതുപോലെതന്നെ, വായു മലിനീകരണം നടത്തുന്നതിൽ മറ്റൊരു പ്രധാന പങ്കു വ്യവസായശാലകൾക്കുണ്ട്. വ്യവസായശാലകളിൽനിന്നും മാലിന്യസംസ്കരണപ്ലാന്റുകളിൽ നിന്നും ചോർച്ചയിൽ പുറത്തേയ്ക്ക് വരാവുന്ന വാതകങ്ങൾ ഫിൽട്ടർ ചെയ്യാനുള്ള നവീന സാങ്കേതിക സംവിധാനങ്ങളും ചെയ്യുന്നു. ഇവയെല്ലാം പൊതുനിയമം അനുശാസിക്കുന്ന അളവുകോൽ അനുസരിച്ചാണ് നടപ്പാക്കുന്നത്. പൊതുജനാരോഗ്യം ജർമനിയിലെ മാത്രമല്ല, എല്ലാ ജനങ്ങളുടെയും ഇടയിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. മലിനവായുവും മലിനജലവും മലിനഭൂമിയും മനുഷ്യജീവിതം ദുഷ്കരമാക്കുന്നു.

മാനവവംശത്തിനു സംശയരഹിതമായ നാശത്തിനിടയാക്കുന്നതിൽ നിരത്തിലൂടെ ഒഴുകുന്ന വാഹനങ്ങൾക്ക് ഏറിയ പങ്കുണ്ടെന്ന് യൂറോപ്യൻ പരിസ്ഥിതി ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പഠനങ്ങൾ നടക്കുന്നതിനു ചില നടപടികൾ ഉണ്ടായി. ജർമനിയിലെ ചില സ്ഥലങ്ങളിലൂടെ പോകുമ്പോൾ വഴിവക്കുകളിൽ "പരിസ്ഥിതി ഏരിയ"എന്നെഴുതിവച്ചിരിക്കുന്ന ബോർഡുകൾ കാണാൻ കഴിയും. ഏതു തരത്തിലുള്ള വാഹനങ്ങൾ ആ വഴിക്കു കടന്നു പോകാം എന്നും ആ ബോർഡിൽ കാണാനുണ്ട്. വാഹനവാതകം ഏറെയുള്ള വാഹനങ്ങൾക്ക് പരിസ്ഥിതി എരിയായ്ക്ക് പുറത്തു പാര്ക്ക് ചെയ്യാനേ അനുവാദമുള്ളു. ഇതിനെതിരെയുള്ള ഏതു പ്രവർത്തിയും ശിക്ഷാർഹമാണ്. ജർമനിയിൽ ഇത്തരം നാൽപതിലേറെ പരിസ്ഥിതി ഏറിയ നിലവിലുണ്ട്.

പൊടിപടലങ്ങൾ ഉണ്ടാക്കുന്ന സാഹചര്യങ്ങൾ നിയന്ത്രിക്കുകയും (കെട്ടിടം പണി, റോഡുപണികൾ, തുടങ്ങിയ കാര്യങ്ങൾ) വിഷവാതക ഉത്പാദനവും കുത്തനെ കുറയ്ക്കുക, കാർഷികഭൂമിയിൽ ഉപയോഗിക്കുന്ന സാങ്കേതിക വളങ്ങളുടെ ഉപയോഗം നിയന്ത്രണവിധേയമായി വിപണിയിൽ എത്തിക്കുന്ന നടപടി, ഇവയൊക്കെ പരിസ്ഥിതി സംരക്ഷണത്തിനു പ്രധാന ഘടകങ്ങളാണ്. 1985-മുതൽ ഇതിനായി സർക്കാർ വിപുലമായ നിയമപരിഷ്കരണം നടത്തി.

കുടിവെള്ളത്തിൽ വിഷം.
 
അങ്ങകലെ  നീലാകാശം നിർമ്മലമല്ല. ഇവ കവികളുടെ ഭാവനയിൽ മാത്രമായി അലിഞ്ഞുചേരുന്നു. ആ ഭാവനയിലും മാലിന്യം കടന്നുകൂടി. ഭൂമിയുടെ ദാഹശമനത്തിനായ് പെയ്തിറങ്ങുന്ന മഴവെള്ളത്തിൽ കലർന്ന വിഷവാതകവും എണ്ണയുടെ അംശവും ഒരേസമയം നീലാകാശത്തെ മാത്രമല്ല, ജലവും ജലസ്രോതസ്സുകളും മണ്ണും മലിനപ്പെടുത്തുന്നു. വീണ്ടുംവീണ്ടും പുറത്തേയ്ക്ക്  വരുന്ന വിഷവാതകം മാത്രമല്ല, പൊടിപടലങ്ങളും വായുവിൽ നിറയുന്നു. വീണ്ടും ആ മഴവെള്ളം വിഷവാഹിനിയായി ഭൂമിയിലും ജലത്തിലും അവിടെ വളരുന്ന വ്രുക്ഷങ്ങളിലും ചെടികളിലും ഫലങ്ങളിലും എത്തിച്ചേരുന്നു. ഇത് മനുഷ്യനും മൃഗത്തിനും ആഹാരമായി പരിവർത്തനപ്പെടുന്നു. മനുഷ്യൻ അറിയാതെ അവസാന ശ്വാസം അവനു നഷടമാകുന്നു.

ഒഴുക്കുവെള്ളത്തിൽ അഴുക്കില്ലാ.

മലിനജലം സുഗമമായി നീക്കം ചെയ്യുക,ജലത്തിനുള്ള ശുദ്ധതപരിശോധനയും, നിരീക്ഷണവും നടത്തുക, എന്നിങ്ങനെയുള്ള പ്രധാന കാര്യങ്ങളിൽ ജർമ്മനിയി ലെ ശുദ്ധജലവിതരണത്തിനും അതിന്റെ നിയമാനുസൃതമായ സംരക്ഷണത്തിനും ചരിത്രപരമായ സ്ഥാനമാണുള്ളത്. എന്നാൽ അങ്ങനെയല്ലാത്ത ഒരു കാലമുണ്ടായിരുന്നു, ജർമനിയിലും യൂറോപ്പിലും. പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യ കാലഘട്ടങ്ങളിൽ നിർമ്മിച്ച "അഴുക്കുചാൽ നെറ്റിൽ" മലിനജലവും മറ്റു മലിനവസ്തുക്കളും വേർതിരിക്കാത്ത അവസ്ഥയിൽത്തന്നെ ഓവുചാലുകൾ വഴി നദികളിലെയ്ക്കും തടാകങ്ങളിലേയ്ക്കും മറ്റു വലിയ ജലാശയങ്ങളിലേയ്ക്കും ഒഴുക്കി വിടുകയായിരുന്നു പതിവ്  (ഇതെഴുതുമ്പോൾ, കേരളത്തിലെ ജലക്ഷാമവും, ജനങ്ങളുടെ വീണ്ടുവിചാരമില്ലാത്ത ജലമലിനീകരണ പ്രവർത്തനവും ശ്രദ്ധയിൽ വരുന്നു. തികച്ചും കുറെ പന്നിക്കൂട്ടങ്ങളുടെ സംസ്കാര ശൈലിയിൽ ഒരു ജനവിഭാഗം നശിക്കുകയാണെന്നു ഖേധപൂർവ്വം പറയാതെ വയ്യ. ഇതിനു ഈ ജനവിഭാഗത്തിനു സമ്മാനമായി ലഭിക്കുന്നതോ, പകർച്ചവ്യാധികളും നിത്യേന സ്വാഗതം ചെയ്യേണ്ട ദുർമരണങ്ങളുമാണ്.).

മഹായുദ്ധം മൂലം ഉണ്ടായ ദീർഘകാലമലിനീകരണത്തിലൂടെ പരിസരമലിനീകരണത്തിന്റെ ഭീകരമുഖം ദർശിച്ച ജർമനി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ജലശുദ്ധീകരണ വിഷയത്തിൽ നവീനസാങ്കേതിക വിദ്യകളുടെ സഹായം തേടിത്തുടങ്ങി. പുതിയ സാങ്കേതിക വിദ്യയിൽ നിർമ്മിച്ച ജശുദ്ധീകരണ ശാലകളും ഭീമാകൃതിയിലുള്ള അരിപ്പ്പ്ലാന്റുകളും സാധ്യമായ എല്ലാ സ്ഥലങ്ങളിലും സ്ഥാപിച്ചു. അങ്ങനെ എവിടെനിന്നും ഒഴുകിയെത്തിയ മാലിന്യം മൂലമുണ്ടായ പരിസരമലിനീകരണത്തിനു ഒരവസാനമായി.

സാങ്കേതികസഹായം മാത്രമായിരുന്നില്ല പരിസ്ഥിതിസംരക്ഷണത്തിൽ സ്ഥാനം ഉണ്ടായിരുന്നത്. അക്കാലത്തും അറിയപ്പെട്ടിരുന്ന സാമാന്യതത്വം "സ്വാഭാവിക ശുദ്ധീകരണശക്തി"യെ പ്രയോജനപ്പെടുത്തുക യെന്നതായിരുന്നു അത്.  "ഒഴുക്ക് വെള്ളത്തിൽ അഴുക്കില്ലാ"യെന്ന പ്രസിദ്ധമായ സാധാരണ നാട്ടുവിശ്വാസത്തിൽ പുഴകളും തോടുകളും ക്രമീകരിച്ചുള്ള ജലശുചീകരണ പ്രക്രിയ ചെയ്യുക, ഈ നടപടിക്രമം യുദ്ധാനന്തരകാലത്തും ജർമനി ഉപയോഗപ്പെടുത്തി.

ഓവു ചാലുകളുടെ ശുചീകരണവും, മത്സ്യങ്ങളുടെയും, ജലജീവികളുടെയും ജലാശയസമ്പത്ത്  വർത്തനവും സംരക്ഷണവും കണക്കാക്കി ജർമനിയൊട്ടാകെ ഗ്രാമീണ ഹൈജീൻ പദ്ധതി സ്ഥാപിച്ചു.നാട്ടുപ്രദേശങ്ങളിൽ ഓവു ചാലുകളും തടയണകളും ജല അരിപ്പ് സംവിധാനങ്ങളും, ചോർച്ച വരാത്ത പടുകൂറ്റൻ ടണലുകളും മാലിന്യം നീക്കം ചെയ്യാൻ നിർമ്മിച്ചു. ശ്രദ്ധേയമായ ഒരു വാസ്തവം അന്ന് നാട്ടിൻപുറങ്ങളിലെ തോടുകളും ചെറിയ നദികളും ഉറവുചാലുകളും താരതന്മ്യേന മലിനവുമായിരുന്നു. അതുപോലെതന്നെ കൃഷിയിടങ്ങളും വ്യാവസായ മേഖലകളും ഗാർഹിക മേഖലകളും മാലിന്യകൂമ്പാരങ്ങളായിരുന്നു.

പരിസ്ഥിതി സംരക്ഷണ യുദ്ധം 

മാറിമാറിയ കാലങ്ങളിൽ നിയങ്ങളിൽ ഉണ്ടായമാറ്റം ജലസംരക്ഷണത്തിലും കൂടുതൽ മേന്മയുണ്ടാക്കി. മലിനവസ്തു സംഭരണികളിൽ ചോർച്ചയുണ്ടായി ഭൂമിയും ജലവും (Ground water) വായുവും മലിനപ്പെടാതിരിക്കാൻ നടപടികൾ ഉണ്ടായി. മാലിന്യസംഭരണികളുടെ അടിത്തട്ടുകളും വശങ്ങളും അടപ്പുകളും ചോർച്ചയില്ലാതെ നിർമ്മിക്കുവാൻ നടപടിയുണ്ടായി. ഉണങ്ങിക്കിടക്കുന്ന മാലിന്യ സംഭരണികളിൽനിന്നും അഗ്നിബാധയുണ്ടാകാതിരിക്കുവാൻ അടപ്പിന് പ്രത്യേക നിർമ്മിതിയാണ്‌ ചെയ്തത്.

പല നിറങ്ങളിലും ആകൃതിയിലും വലുപ്പത്തിലും നിർമ്മിച്ചിട്ടുള്ള വീപ്പകളും കണ്ടയ്നറുകളും എല്ലായിടത്തും വിതരണം ചെയ്തു. ഇത്തരം ക്രമീകരണങ്ങളും നടപടികളും മൂലം പൊതുജനാരോഗ്യ വിഷയത്തിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചുവെന്നത് പച്ചസത്യമാണ്. ജനങ്ങൾ താങ്ങേണ്ടിയിരുന്ന അധികചെലവുകൾ വളരെയേറെ കുറയ്ക്കുവാനും കാരണമാക്കി.

1980-ലാണ് അഴുക്കുജലം ജലാശയങ്ങളിലെയ്ക്ക് ഒഴുക്കിവിടുന്നത് നിയന്ത്രിക്കുവാൻ നടപടിയുണ്ടായത്. ജർമനിയിലെ ആഷാഫൻബുർഗ്ഗിൽ ആണ് ആദ്യമായി ഒരു ബയോളജിക്കൽ ശുദ്ധീകരണശാല തുറന്നത്. ഇതിനു പിന്നാലെ രാജ്യത്ത് നിരവധിയിടത്തു സ്ഥാപിക്കപ്പെട്ടു. എന്നാലവിടെയെല്ലാം ഉണ്ടായ ചെളിയും മലിന അവശിഷ്ടങ്ങളും മറ്റൊരു വെല്ലുവിളിയായി.

പരിസ്ഥിതിസംരക്ഷണ യുദ്ധം തുടർന്നു. 1990-ആയപ്പോഴേയ്ക്കും രാജ്യത്തെ തൊണ്ണൂറു ശതമാനം ജലശ്രോതസുകളും, ജലവും, ഉപയോഗവുമെല്ലാം ശുദ്ധീകരണ ശാലകളുമായി ബന്ധപ്പെടുത്തി വികസിപ്പിച്ചെടുത്തു. ഇതിന്റെ പൊതുവായ ഫലം പകർച്ചവ്യാധികൾ യൂറോപ്പിൽ ഏറെ അപരിചിതമായി ത്തീർന്നുവെന്നതാണ്.

പറുദീസയും മാലിന്യ നിക്ഷേപ കേന്ദ്രവും.

ആറ്റോമിക് മാലിന്യം ഭൂഗർഭ 
അറകളിൽ 
ഭദ്രമായി സൂക്ഷിക്കപ്പെടുന്നു.
മാലിന്യം നീക്കം ചെയ്യലും സംസ്കരണവും രാജ്യഭേദമില്ലാതെ പൊതുജനമനസ്സുകളിൽ വളരെ വ്യത്യസ്ഥ അഭിപ്രായങ്ങൾ നേരിടുന്ന വിഷയമാണ്. ജർമനിയിൽ ഏതാണ്ട് അഞ്ഞൂറോളം മാലിന്യ ഡിപ്പോകൾ ഉണ്ട്. മാലിന്യം വർദ്ധിക്കു ന്നതനുസരിച്ച് എണ്ണം കൂടുകയും ചെയ്യാം. സുരക്ഷിതത്വ ക്രമം പാലിക്കാതെ, പ്രത്യേകം സംസ്കരിക്കേണ്ട മാലിന്യങ്ങൾ ഇത്തരം ഡിപ്പോകളിൽ സൂക്ഷിക്കരുതെന്നു നിയമ നിബന്ധനയുള്ളതാണ്. ഇങ്ങനെ യുള്ള മാലിന്യാവഷിഷ്ടങ്ങൾ പൊതുമാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ മാത്രമേ സൂക്ഷിക്കാവു. അതല്ലാത്ത നിക്ഷേപങ്ങൾ പരിസ്ഥിതിക്ക് ഹാനികരമാക്കും.

നാം അധിവസിക്കുന്ന നന്മ നിറഞ്ഞ ഭൂമിയിലേയ്ക്ക് അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യ വസ്തുക്കൾ എല്ലാം മേല്പ്പറയുന്ന നിക്ഷേപ കേന്ദ്രങ്ങളിൽ കൊണ്ടുപോയി നശിപ്പിക്കുന്ന കാര്യം ഏറെ ശ്രദ്ധയർഹിക്കുന്നതും വിഷമകരവുമാണ്. ഇതിനുള്ള കാരണങ്ങൾ അനവധിയുണ്ട് .

ജൈവമാലിന്യങ്ങൾ, കെമിക്കൽ, അറ്റോമിക്, വ്യവസായ, ഗാർഹികപരിസര, കൃഷിഭൂമി തുടങ്ങിയ മേഖലകളിലെ മാലിന്യങ്ങൾ ഇവ പരമ പ്രാധാന്യം അർഹിക്കുന്നു. ഇതുപോലെത്തന്നെ നദികളിലെയും മറ്റു ജലാശയങ്ങളിലെയും മാലിന്യങ്ങൾ പ്രത്യേകം തരംതിരിച്ച് വാഹനങ്ങളിലാക്കി നീക്കം ചെയ്യണം. ഇവയെല്ലാം ഇപ്രകാരം ചെയ്യുന്നത് എന്തിനു?

ഒരേയൊരു ലക്ഷ്യത്തിനു വേണ്ടി മാത്രമാണ്. ജീവനെ സംരക്ഷിക്കുകയും നില നിറുത്തുകയും ചെയ്യാൻ സഹായകമായ പ്രകൃതിയുടെ സംരക്ഷണം സാധിക്കാൻ. അതുമാത്രമാണ്. നമ്മുടെ മനോഹരമായ പറുദീസയ്ക്കോ (ഭൂമി) ജീവൻ നിലനിറുത്തുന്ന ജലത്തിനൊ ജീവശ്വാസമായ വായുവിനൊ നാശം വരുന്നത്  മനുഷ്യവംശ നിലനിൽപ്പിനെതിരെ ഉയരുന്ന കടുത്ത വെല്ലുവിളിയാണ്.// -/gk // -
-------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.