Sonntag, 16. Juni 2013

ധ്രുവദീപ്തി // കവിത // അളന്നകന്ന ഇഴനൂലുകൾ // നന്ദിനി-



അളന്നകന്ന  ഇഴനൂലുകൾ



കുറ്റമറ്റതാം ഉറ്റ ബന്ധങ്ങളിൽ
കുത്സിത സ്നേഹ ബന്ധിത പ്രേരണ
ഊറ്റമുൾക്കൊണ്ട ചിരകാല സ്മരണയിൽ
ഉറ്റവർ ഉടയവർ സർവ്വസമസ്യകൾ

ഉറ്റവർ ചൊല്ലിപ്പഴകിയ പാഠങ്ങൾ
ഉറ്റസ്നേഹത്തിൻ പരിലാളനങ്ങളായ്
ഏറ്റുവാങ്ങി വളർന്ന തലമുറ
ഉറ്റവരെ ഊറ്റും കലികാല കാഴ്ചകൾ
                                       
ഉടയവർ മാറിമറിഞ്ഞു വന്നീടവെ
ഉറ്റവർ ദൂരെ മറഞ്ഞു നിന്നീടവേ ...
പോയ കാലങ്ങളെല്ലാം പേറ്റുനോവുകൾ പോലും
ആട്ടിയകറ്റി ഉടയവർ വാഴവെ ..
                                 
ഇറ്റു സ്നേഹത്തിനായ് കേഴും മനസ്സുകൾ
ഇരകളായ് മാറി കുരുങ്ങവെ ചൂണ്ടയിൽ ..
പകുത്ത ഹൃദയത്തിൽ പിടഞ്ഞ ജന്മങ്ങളിൽ
ഉറ്റവർ വീണ്‍വാക്കായ് അലിഞ്ഞു പോയീടവേ... 

എന്തിനോ വേണ്ടി തിരഞ്ഞ  കണ്‍കോണുകൾ
ആരെയോ തേടി അലഞ്ഞ കട മിഴി ...
ആർക്കോ വേണ്ടി നനഞ്ഞ കവിൾത്തടം
ആരെന്നറിയില്ല ആർക്കെന്നറിയില്ല ...

ആരോ മെനഞ്ഞ തിരക്കഥ തന്നിലെ
ആട്ടക്കാരുടെ ജീവിതക്കാഴ്ചകൾ...
തന്നിലേയ്ക്കുൾക്കൊണ്ട  ഇന്നിൻ തലമുറ
ആടിത്തിമിർത്തുവോ ആട്ടക്കലാശമായ്...

കലക്കവെള്ളത്തിൽ തെളിഞ്ഞ ചിത്രങ്ങളിൽ
കഷ്ടനഷ്ടക്കണക്കേറി നിന്നീടുമ്പോൾ
ഉടയവർ  ലാഭത്തിലൂന്നി അകലവേ
ഉറ്റവർക്കായ് തെളിയുമോ കൈത്തിരി...
                                                                            

നന്ദിനി, Poona, India, 04.05.2013

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.