ജനാധിപത്യവും
തെരഞ്ഞെടുപ്പുകാലവും //
ജോർജ് കുറ്റിക്കാട്ട് - ജർമനി |
കേരളത്തിലെ രാഷ്ട്രീയത്തിൽ യുക്തിസഹവും വിവേകപൂർണ്ണവുമായ അഭിനിവേശത്തെ ഏറെ അവഗണിക്കുന്നതായ പ്രവണത കാണപ്പെടുന്നുണ്ട്. അതിനാൽ ദൈനംദിന ജീവിത കാര്യങ്ങളിൽ സ്വന്തം ഐഡിയോളജി നോക്കി പിന്തുടരാൻ ഏതൊരാൾക്കും വലിയ തടസ്സമാകുന്നുണ്ട് .
സമീപകാലത്ത് എന്നെത്തന്നെ ഒരു ഒരു പ്രായോഗികവാദി, അതല്ലെങ്കിൽ എന്റെ കമ്യുണിറ്റി അഭിപ്രായം, ചിലർ നിർണ്ണയിക്കുന്ന വിധത്തിലുള്ള ചില കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നു വിധിച്ചു ചില സാമൂഹ്യ മീഡിയകൾ ശകാരിക്കുന്നു. അതുമല്ലെങ്കിൽ, ഞാൻ കുറിക്കുന്നതായ എന്റെ അഭിപ്രായത്തിനെതിരെ അവരുടെ ഉറച്ച ആധികാരിക സത്യപ്രതിജ്ഞയുടെ പദമായി അവർ വാളോങ്ങുന്നു. എന്നാൽ എന്റെ അഭിപ്രായ കുറിപ്പുകളിൽ അവ ഒരുതരത്തിലും തരം താഴ്ത്തുന്ന പദങ്ങൾ ഞാൻ തന്നെ കാണുന്നില്ല. എനിക്ക് തോന്നിയിട്ടുള്ള ചില അഭിപ്രായങ്ങൾ മാത്രം ഇവിടെ കുറിക്കട്ടെ : നമ്മൾ മലയാളികൾ ഏറിയകൂറും ആദർശവാദികളാണ്. അതുകൊണ്ട്, ഇന്ന് നമ്മൾക്ക് ആവശ്യമുള്ള ചില കാര്യങ്ങളിൽ മാത്രമല്ല, വിവിധതരത്തിലുള്ള ഏത് യാഥാർത്ഥ്യങ്ങളിലും ചിന്തിക്കുന്ന ആളുകൾ ഉള്ളപ്പോൾ, ഇത് നമ്മൾക്ക് ഒരു പക്ഷെ വളരെ നല്ലതാണ്. എന്നാൽ വാസ്തവത്തിൽ നൂതനമായ മാറ്റങ്ങൾ വരുത്താൻ കഴിയുന്നവയെല്ലാം പ്രായോഗികമായി, അതുപക്ഷേ, നമ്മിൽ ഒരു ചോദ്യമുദിക്കുന്നു; ആരാണ് അത് മാറ്റുന്നത് എന്ന ചോദ്യം. ഈ ചോദ്യം നാം ഓരോരുത്തനിലും ഇപ്പോൾ പലപ്പോഴും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ എന്റെ സ്വരം ഇവിടെ കേവലം വനരോദനമാകാനേ സാദ്ധ്യമാകൂ . ഒരു മാറ്റം സാമൂഹ്യചിന്തയിൽ ഉണ്ടാകണമെന്ന് എനിക്ക് അഭിപ്രായം പറയാനുണ്ടെങ്കിൽ "ധ്രുവദീപ്തി" ഓൺ ലൈനിലെ എന്റെ അനുഭവത്തിൽ നിന്നും ഇത്തരം ചില അഭിപ്രായങ്ങൾക്ക് ഒരു വെളിച്ചം കാണണമെങ്കിൽ സ്വന്തമായ പ്രസ്സ് പോലും വേണമെന്ന് ഞാൻ ഇതിനകം പഠിച്ചുകഴിഞ്ഞു: കാരണം, കർശനമായ പ്രസ്സ് നിയമങ്ങളാണ് ചിലയിടങ്ങളിൽ പ്രാബല്യത്തിലുള്ളത്.
അടിസ്ഥാനമൂല്യങ്ങളോടുള്ള നമ്മുടെ നല്ല കാഴ്ചപ്പാട് നമു ക്ക് ഒരു തരത്തിലും നഷ്ടമാകില്ലെന്നാണോ ഇതിനർത്ഥം ? എന്നാൽ അടിസ്ഥാനമൂല്യങ്ങൾ മാത്രം- ക്രമേണ അവയെല്ലാം സമൂഹത്തിൽ പ്രായോഗികമായി, എന്നാൽ അവയെ പ്രായോഗികമായി മാറ്റം വരുത്താനുള്ള കഴിവില്ലാതെ, സമൂഹത്തിൽ വേണ്ട സമാധാനത്തിന് ഉറപ്പ് ആരും നൽകുന്നില്ല. കാരണം, നാം അങ്ങനെയൊരു ഒറ്റപ്പെടലിൽ, അവ വേറൊരു അഭിപ്രായമിടുന്നതിലേയ്ക്കത് നയിച്ചേക്കാം . നമുക്ക് നേരെ തല ഉയർത്തുന്ന അനീതിയും അസഹിഷ്ണതയും സമാധാനത്തെ അപകടപ്പെടുത്തുന്നു . ഇന്ത്യയിലെ ഇന്നത്തെ ജനാധിപത്യവ്യവസ്ഥിതിയിൽ, പ്രത്യേകമായും തെരഞ്ഞെടുപ്പുകാലങ്ങളിൽ വിവിധ രാഷ്ട്രീയപാർട്ടികൾ പുറപ്പെടുവിക്കുന്ന പൊള്ള രാഷ്ട്രീയ വാഗ്ദാനങ്ങളിൽ ജനങ്ങൾക്കുള്ള സ്വന്തം അഭിപ്രായസ്ഥിരത തന്നെ നഷ്ടപ്പെട്ടവരായിത്തീരുന്ന അനേകം സംഭവങ്ങളും സാഹചര്യങ്ങളും കാണാം.
പ്രചാരണത്തിന്റെ ദൃശ്യം |
കേരളത്തിലിപ്പോൾ നടത്താനിരിക്കുന്ന തെരഞ്ഞെടുപ്പ്കാലത്തിന്റെ തിരി കത്തിത്തുടങ്ങി. എന്നാൽ രാഷ്ട്രീയ മനോഭാവങ്ങളിൽ പുതിയ മാറ്റങ്ങൾ പാടില്ല, എന്ന് ശഠിക്കുന്ന രാഷ്ട്രീയ തത്വശാസ്ത്രം മാറ്റങ്ങൾക്ക് വേണ്ടി , അതെ ആ മാറ്റങ്ങൾകൊണ്ട് പുതിയ സാമൂഹിക പുരോഗതി സ്വപ്നം കാണുന്ന രാജ്യത്തെ പൗരന്മാർക്ക് ഈ രാഷ്ട്രീയ തത്വശാസ്ത്രം കൊണ്ട് അവരുടെ താൽപ്പര്യങ്ങൾക്ക് അപ്രായോഗികമാണ് എന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു. ജനങ്ങൾ വിശ്വസിക്കുന്ന അടിസ്ഥാന മൂല്യങ്ങളോടുള്ള അഭിനിവേശത്തിന് കനത്തവെല്ലുവിളിയാകുന്നുണ്ട്. എല്ലാ രാഷ്ട്രീയപാർട്ടികളും ജനങ്ങളുടെ സ്വന്തം പ്രതിനിധിയാകുവാൻ ശ്രമിക്കുന്ന ഓരോരുത്തരുടെയും ആന്തരിക വക്രതാവേശങ്ങളുംകൊണ്ട് അവർ നമ്മുടെ രാജ്യത്തെ സാമൂഹിക ജീവിതസമാധാനം അപ്പാടെ തകിടം മറിക്കുകയാണ്.
പ്രവാസി ഇന്ത്യാക്കാരും തെരഞ്ഞെടുപ്പ് വിഷയവും.
മലയാളിയുടെ സഹിഷ്ണുത പോലെ, കേരളത്തിന്റെ സാംസ്കാരികവും ജീവിത ശൈലിയുടെ വികാസത്തിൽ അവരുടെ സംഭാഷണരീതിയിലും ഒരു നീണ്ട പാരമ്പര്യമുണ്ട്. ഇത് നമ്മുടെ രാഷ്ട്രീയ കാര്യങ്ങളിൽവരെ ഏറെ തെളിഞ്ഞു കാണുന്നുണ്ട് . ഒരു പക്ഷെ എന്റെ അഭിപ്രായത്തോട് യോജിക്കാനും ചില തടസ്സങ്ങൾ തോന്നാം. പ്രവാസി ഇന്ത്യാക്കാരെ വിവിധ തരത്തിൽ നിരന്തരം വേട്ടയാടുവാൻ സർക്കാർ പലതരത്തിലും നിയമങ്ങൾ പരിഷ്‌ക്കരിക്കുന്നു. അവരുടെ മേൽ അധികനികുതികൾപോലും അടിച്ചേൽപ്പിക്കുന്നു. അപ്പോൾ, ഇന്ത്യയിലെ ഏതൊരു തെരഞ്ഞെടുപ്പുകളിലും തങ്ങളുടെ ജന്മനാട്ടിലെ ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുക്കുവാൻ വേണ്ടിയുള്ള വോട്ടു ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്ന് വമ്പൻ പ്രചാരണങ്ങൾ നടത്തുകയും ചെയ്യും. എന്നാൽ അവർ ആവശ്യപ്പെടുന്ന സൗകര്യം- പോസ്റ്റൽവോട്ട് നിരോധിക്കും ! എന്തൊരു വിരോധാഭാസം! ഇങ്ങനെയുള്ള പല കാര്യങ്ങൾ സർക്കാർ ആർക്കു വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത് ?
പ്രവാസികൾക്ക് അവകാശപ്പെട്ട അവരുടെ സ്വന്തം സ്വത്തുക്കളിൽന്മേൽ ഈ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ നിയമസഭകളിലും പാർലമെന്റ് ഹാളിലും എത്തി ഏകാധിപത്യ രീതിയിൽ പ്രവാസികൾക്ക് നേരെ അധിക നികുതി ചുമത്തുവാനുള്ള നിയമനിർമ്മാണത്തിനുള്ള സഹായം നൽകാൻ വേണ്ടിയാണോ പ്രവാസികൾ വോട്ടു നൽകേണ്ടത് ? അതിനുവേണ്ടിയാണോ പ്രവാസികൾ സ്വന്തം നാട്ടിൽ പണം നിക്ഷേപം നടത്തണമെന്ന് മന്ത്രിമാർ വിളിച്ചു കൂവുന്നത് ? പ്രവാസികൾ തങ്ങളുടെ സ്വത്തുക്കൾ വില്പന നടത്തി എങ്കിൽ 20 % നികുതിയും മറ്റു സഹനികുതികളും ചെലവുകളും നൽകണം. ലോകരാജ്യങ്ങളിലിന്ന് എവിടെയുണ്ട് ഇപ്രകാരം സ്വന്തം പൗരന്മാർക്കെതിരെ നടത്തുന്ന നിയമസംഹിത ? അപ്പോൾ, പ്രവാസികൾക്ക് വോട്ട് ചെയ്യുവാനുള്ള സൗകര്യം ലഭിക്കുവാൻ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിൽ കുമ്പിട്ട് പ്രവാസി യാചിക്കേണ്ടി വന്നെങ്കിൽ അത് ഒരു ഇന്ത്യാക്കാരൻ എന്ന നിലയ്ക്ക് വലിയ നാണക്കേടുതന്നെ. ഇത് ജനാധിപത്യ മര്യാദയാണോ ?
കേരളം നമ്മുടെ വീടാണ്. അതുല്യരായ ആളുകളും, അതിമനോഹരമായ പ്രകൃതിയുമുള്ള ഇന്ത്യൻ സംസ്ഥാനമാണ് കേരളം. നാമെല്ലാവരും പ്രകൃതി മനോഹരമായ നമ്മുടെ കേരളത്തിൽ എവിടെയും താമസിക്കുന്നത് വളരെ ആസ്വദിക്കുന്നു. ഒപ്പം നമ്മുടെ ഐക്യദാർഢ്യത്തെയും അറിയുന്നു. ഇക്കാര്യം നാമെല്ലാവരും സ്വയം അഭിമാനിക്കുന്നു. പ്രാധാന്യമുള്ള ഏതു വിഷയത്തിലും എപ്പോൾ വേണമെങ്കിലും നമ്മൾ പരസ്പരം അവിടെയുണ്ട്. നമ്മുടെ രാജ്യത്തെ ആളുകളുടെയും കമ്പനികളുടെയും കാർഷികരംഗത്തെയും ഉത്സാഹവും ചാതുര്യവും അടിസ്ഥാനമാക്കിയുള്ള ഏതുവിധ അഭിവൃത്തിയെയും നമ്മൾ വിലമതിക്കുന്നു. നമ്മൾ ജീവിക്കുന്നത് ലോകത്തിലെ ഏറ്റവും സുരക്ഷിത പ്രദേശങ്ങളിലൊന്നിലാണ്. എങ്കിലും നമ്മൾ അനവധി ആവശ്യകാര്യങ്ങളിൽ വിഷമിക്കുന്നുണ്ട്, ഖേദിക്കുന്നുണ്ട്. അനേകം ആളുകളുടെ പ്രശ്നങ്ങളിലും പലപ്പോഴും പലരെയും സഹായിക്കുന്നുണ്ട്. ആളുകൾ എല്ലാവരും അവരുടെ പരിധിയിലാണ്. എന്നാൽ ഇത് നാം തുറന്നു കാണിക്കുന്നുണ്ട്. ആര് കാണുന്നു ?
മുകളിൽ കുറിച്ചതുപോലെ, നമ്മൾ മലയാളികൾ താമസിക്കുന്നത് ഇന്ത്യയിൽ ഏറ്റവും മികച്ച പ്രകൃതിയുള്ള സംസ്ഥാനങ്ങളിലൊന്നിലാണ്. അതിനാൽ ഈ വികാരം ശക്തി പ്രാപിപ്പിക്കാനുള്ള സാമാന്യബുദ്ധി, കണ്ടുപിടുത്തം, നമ്മുടെ ഭാവിവഴിയിൽ നല്ല നല്ല ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള സന്നദ്ധത ഓരോ തെരഞ്ഞെടുപ്പുകൾക്കുശേഷവും നമ്മൾക്ക് ആവശ്യമാണ്. പക്ഷെ, ഇന്നത്തെ കേരളത്തിൽ സാമൂഹിക ജീവിതാന്തരീക്ഷം കേരളത്തിലെയും പൊതുവെ ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികളുടെയും മതനേതൃത്വങ്ങളുടെയും പ്രവർത്തന നേതൃത്വശൈലിയിൽ സമാധാനപരമായ സാമൂഹ്യജീവിതത്തിനും സാമൂഹ്യ ജീവിതമൂല്യങ്ങൾക്കും, പരിസ്ഥിതിക്കും, സാമ്പത്തിക ഭദ്രതയ്ക്കും വളരെ എടുത്തു പറയത്തക്ക സുരക്ഷിതമല്ലാത്ത ഒരു നാടാക്കി കേരളത്തെയാകെ നാശത്തിന്റെ പെരുവഴിയിലെത്തിക്കുകയാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുമുതൽ സ്ഥാനാർത്ഥികൾ ജനാധിപത്യ മര്യാദകൾ നന്നായി പറയും. മാദ്ധ്യമങ്ങൾ അതിനൊപ്പം അവരുടെയും നിറം മാറ്റും. തെരഞ്ഞെടുപ്പ് കഴിഞ്ഞു. അന്ന് തെരഞ്ഞെടുപ്പിന് മത്സരിച്ചവരിൽ ചിലർ തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാൽ അവരുടെയും നിറം മാറ്റുകയും അവർ ജനങ്ങളുടെമേൽ ആധിപത്യവും സ്ഥാപിക്കും. അതായത്, ജനാധിപത്യം എന്നവർ മനസ്സിലാക്കുന്ന ജനാധിപത്യതത്വശാസ്ത്രം ജനങ്ങളുടെമേലുള്ള ഇക്കൂട്ടരുടെ ആധിപത്യം എന്ന നിർവചനം നൽകിയാണ് പ്രവർത്തനങ്ങൾ തുടരുന്നത്. ഭരണഘടനാപരമായ എല്ലാ ജനാധിപത്യവ്യവസ്ഥകളും മര്യാദയും അവർ നിയമം സൃഷ്ടിച്ചു മാറ്റുകയും ചെയ്യും.
തെരഞ്ഞെടുപ്പുകാലചിന്തകൾ ഉണരുന്ന കാലമായി. കേരളത്തിൽ വലിയ ജോലികൾ നമുക്ക് മുന്നിലുണ്ട്. ഏതു കാലാവസ്ഥയെയും അതിജീവിക്കുന്ന നമ്മുടെ സാമൂഹിക ജീവിതത്തെയും സംരക്ഷിക്കണമല്ലോ. ഇത്തരം വലിയ ഘടനാപരമായ മാറ്റങ്ങളിൽ നമ്മുടെ സ്വന്തം അഭിവൃത്തി ഉറപ്പാക്കാൻ വേണ്ട നമ്മുടെ സമ്പത്‌വ്യവസ്ഥയെ ക്രമീകരിക്കുകയും വേണം. അത് നാമെല്ലാം ശ്രദ്ധിക്കുന്നു. എന്നാൽ അതോടൊപ്പം നമ്മുടെ സമൂഹത്തിന്റെ യോജിപ്പ് ഉറപ്പാക്കണം, ലിബറൽ ജനാധിപത്യ സമ്പ്രദായത്തെ ശക്തിപ്പെടുത്തുകയും അതിനൊപ്പം ആവശ്യമായ കാര്യങ്ങളിൽ പ്രതിരോധിക്കുകയും ചെയ്യണം. ഇത് സാധിക്കുന്നത്, നമ്മൾ എങ്ങനെ ഈ വരുന്ന തെരഞ്ഞെടുപ്പ് നടത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അത് ചെയ്യാൻ വേണ്ട ശരിയായ ജിജ്ഞാസ, ധൈര്യം, അനുഭവം എന്നിവ ആവശ്യമാണ്. ശരിയായ വിധം തീരുമാനങ്ങൾ എടുക്കുക. വിവിധ സാമൂഹിക രാഷ്ട്രീയ പ്രതിസന്ധിഘട്ടങ്ങളിലും നമ്മുടെ രാജ്യത്തെ വിജയകരമായി ഭരിക്കുവാൻ കഴിവുള്ളവരെ തെരഞ്ഞെടുക്കണം. കാരണം ഓരോരോ രാഷ്ട്രീയപാർട്ടികൾക്കും അവരുടെ താത്പര്യങ്ങൾക്ക് ഭരിക്കാനും സ്വയം വളരാനും മാത്രമേ അവരുടെ രാജ്യസേവന അജൻഡയിൽ ഉള്ളൂ.
ജനപ്രതിനിധികൾ, അടിസ്ഥാനയോഗ്യതകൾ -
ഏതെങ്കിലും രാഷ്ട്രീയപ്രവർത്തകർ നേരായ രീതിയിൽ ഏതോ അടിസ്ഥാന മൂല്യങ്ങളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ? ഈ അടിസ്ഥാനമൂല്യങ്ങളെപ്പറ്റി ഏവരും ഒരേ ധാരണയിലാണോ എന്ന് അറിയേണ്ടതുണ്ട്. പക്ഷെ, ഇന്ന് മനുഷാന്തസ്, ജനാധിപത്യതത്വങ്ങൾ, ഭരണഘടനവിധേയ രാഷ്ട്രതത്വങ്ങൾ, സാമൂഹ്യനീതി തത്വങ്ങൾ എന്നിവയുടെ സ്ഥാപനത്തിൽ വ്യത്യസ്തപ്പെട്ടതും ഓരോ കാര്യവും പ്രശ്നങ്ങളുമെല്ലാം ഒരുപക്ഷെ വിമർശനാത്മകമായി ചൂടുപിടിച്ച ചർച്ചകൾ ചെയ്യേണ്ടിവരും. ജനാധിപത്യ രാഷ്ട്രീയത്തിന്റെ സത്തയും സവിശേഷതയും അതുതന്നെയാണല്ലോ. ചില വസ്തുതകൾ നാം മനസ്സിലാക്കണം. ജനാധിപത്യ വാദപ്രതിവാദങ്ങൾ പലപ്പോഴും അശ്രീകരമായിരിക്കും. അതിൽപ്പെട്ടതായി ഇന്ന് ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ജനപ്രതിനിധികളുടെ അടിസ്ഥാന വിദ്യാഭ്യാസയോഗ്യതയുടെ കാര്യം.
ഇന്ത്യയിൽ ജനാധിപത്യസമ്പ്രദായത്തിൽ ഒരാളെ ജനപ്രതിനിധിനിധിയായി ജനങ്ങൾ വോട്ടുനൽകി തെരഞ്ഞെടുക്കുമ്പോൾ വളരെയേറെ പ്രധാനപ്പെട്ട ചില അടിസ്ഥാന മാനദണ്ഡങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടോയെന്ന് അറിയാനാണ് നാം ശ്രദ്ധിക്കേണ്ടത്. തെരഞ്ഞെടുക്കുവാനുള്ള സ്ഥാനാർത്ഥിത്തം ലഭിക്കാൻ ചില അടിസ്ഥാനനിയമങ്ങൾ സ്ഥിരപ്പെടുത്തേണ്ടതുണ്ട്. നിയമസഭയിൽ ഈ നിയമം സ്ഥിരപ്പെടുത്തുവാൻ നിയമസഭാസമ്മേളനം കൂടുമ്പോൾ പുതിയ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ സാമാജികർ സ്ഥിരപ്പെടുത്തണം. സ്ഥാനാർത്ഥികൾ ആകുന്നതിന്, അതെ, നമ്മുടെ പ്രതിനിധിയാകാൻ വേണ്ടി ചിന്തിക്കുന്നവർ, അവരുടെ വിദ്യാഭ്യാസ യോഗ്യതാമാനദണ്ഡങ്ങളെക്കുറിച്ചുള്ള മാനദണ്ഡം പാലിക്കണം. അത് ഇതുവരെ ഒരിക്കലും ഉണ്ടായിട്ടില്ല. ഇത് ഉണ്ടാകേണ്ടതുണ്ട്. സംസ്ഥാനത്തെ ഏതുവിധ തെരഞ്ഞെടുപ്പുകൾക്കും പാലിക്കുവാനുള്ള ഉറച്ച നിയമങ്ങൾ ഉണ്ടാകണം. ഏതുവിധ ജോലികൾക്കും വേണ്ടി അപേക്ഷകന്റെ കാര്യത്തിൽ ചില അടിസ്ഥാനയോഗ്യതകൾ സർക്കാർ നിര്ണയിച്ചിട്ടുണ്ടല്ലോ. അതാവശ്യപ്പെടുന്നുണ്ട്.
അതിനാൽ, ജനപ്രതിനിധി എന്ന വളരെയേറെ ഉത്തരവാദപ്പെട്ട സ്ഥാനത്തിന് തെരഞ്ഞെടുക്കപ്പെടാൻ സ്ഥാനാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസയോഗ്യത ഉണ്ടാകണമെന്ന് നിയമപരമായിത്തന്നെ നിർബന്ധമാക്കണം. നടുറോഡിൽ നിന്നുകൊണ്ട് ജനങ്ങളോട് പൊരിഞ്ഞ വാചകക്കസർത്തു ചെയ്യാൻ വളരെ ഏറെയുള്ള കഴിവ് ജനപ്രതിനിധി സ്ഥാനാർത്ഥിയാകാനുള്ള, അല്ലെങ്കിൽ ഒരു എം. എൽ. എ. യോ, എം. പി. യോ, മന്ത്രിയോ ആകാനുള്ള യോഗ്യതയാകരുത്. കുറഞ്ഞത് ഏതെങ്കിലും ഒരു സർവ്വകലാശാലാ ബിരുദം അടിസ്ഥാനമായി ചിട്ടപ്പെടുത്തണം. അത് നിർബന്ധമാക്കണം. കൂടാതെ അതിന്മേലുള്ള ചില പ്രായോഗിക പരിശീലന പരിചയവും ഉണ്ടായിരിക്കുന്ന ആളായിരിക്കണം, അത് നടത്തപ്പെടുന്ന ഏത് തെരഞ്ഞെടുകളിലും സ്ഥാനാർത്ഥികളാകാനുള്ള മിനിമം യോഗ്യത ഒരാൾക്ക് അത്രയുമെങ്കിലും ഉണ്ടായിരിക്കണം.
ജനങ്ങളുടെ ജീവിതവും അവരുടെ ആവശ്യങ്ങളും എപ്പോഴും വിവിധങ്ങളാണ്. അപ്പോൾ അങ്ങനെയുള്ള അവസരങ്ങളിൽ അവയ്ക്ക് പരിഹാരം കാണാനും അത് നിർവഹിക്കാനും സഹായകമായ വിധം വിദ്യാഭ്യാസം നേടിയിട്ടുള്ള യോഗ്യതയും പരിജ്ഞാനവും ജനപ്രതിനിധികളാകുന്നവർക്കുണ്ടായിരിക്കണം . രാജ്യത്തെ പൗരന്മാർ ഇവയെല്ലാം അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണെന്ന് നാം അറിയണം.
ഇന്ത്യയിൽ ഇത്രയും കാലങ്ങൾ പിന്നിട്ടിട്ടും, ഒരു ജനപ്രതിനിധിയാകാൻ, ഒരു മന്ത്രിയാകാൻ, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ആരും ചോദിക്കുന്നില്ലെന്ന യുക്തി വളരെ ആശ്ചര്യകരമാണ്, ഖേദകരമാണ്. തെരഞ്ഞെടുപ്പിൽ വോട്ടു ചോദിച്ചു വരുന്ന സ്ഥാനാർത്ഥിയോട് ആരെങ്കിലും ചോദിക്കുമോ, താങ്കൾക്ക് എന്ത് വിദ്യാഭ്യാസ യോഗ്യതയുണ്ട് എന്ന്? തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി പിന്നീട് മന്ത്രിയായിത്തീരുമ്പോൾ ആ വ്യക്തിക്ക് ചില മാറ്റങ്ങൾ അയാളിൽ പ്രകടമായിത്തെളിയുന്നു. ജനാധിപത്യ സമ്പ്രദായത്തിൽ നടത്തപ്പെട്ട പൊതു തെരഞ്ഞെടുപ്പിൽ ഒരാൾ ജയിച്ചുകഴിഞ്ഞാൽ അയാൾ ജനങ്ങളുടെ മേലുള്ള ആധിപത്യമായും, അവരുടെ അവകാശാധികാരവുമായും മാറ്റിക്കളയും. ഇത് അവരുടെ ജനങ്ങളുടെമേലുള്ള ആധിപത്യം.!! ജനാധിപത്യനിർവചനം അവർ തകിടം മറിക്കുന്നു. അല്ലെങ്കിൽ ഈ രാഷ്ട്രീയക്കാർ തങ്ങൾക്ക് വോട്ടു നൽകി തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളോട് അപ്രകാരം പെരുമാറുന്നു. ഇന്ന് നിയമ സഭകളിൽ എത്തിച്ചേർന്നാൽ ജനപ്രതിനിധികൾ ജനങ്ങൾക്ക് പ്രയോജനപ്പെട്ട ഏതുവിധ നിയമങ്ങളുണ്ടെന്ന് അവർ ജനങ്ങളോട് വിശദീകരിക്കുമോ? കുറെ നികുതി വർദ്ധനവുമാത്രമാണ് അവരുടെ തലച്ചോറിന് ഭക്ഷണമാകുന്നത്, അവരുടെ ഹാൻഡ് ബാഗിന് ഘനം വർദ്ധിക്കുന്ന ആശയങ്ങൾ നിറയുന്നത്.
രാഷ്ട്രീയ ബിസിനസ്സ് വേദി- വോട്ടർമാരാണ് ജനാധിപത്യ അടിത്തറ -
കേരളാ രാഷ്ട്രീയ ബിസിനസ്സിന്റെ ചില ദൈനംദിന വാർത്താ ദിനചര്യയിൽ നിന്നും, അതുപോലെ, ഒന്നും ചെയ്യാതിരിക്കാനുള്ള പ്രലോഭനത്തിൽനിന്നും, മാത്രവുമല്ല, ചെറിയ വലിയ ടി.വി. ദൃശ്യങ്ങളിൽ നിന്നുപോലും അതുപോലെ രാഷ്ട്രീയ ലാഭം നോക്കുന്ന പത്രമാദ്ധ്യമ അഭിമുഖങ്ങളിൽനിന്നും, നാമൊക്കെ പിന്മാറാൻ പരിശീലിക്കണം. കാരണം, രാഷ്ട്രീയക്കാരുടെ നിർദ്ദേശംമാത്രം അവർ പ്രചരിപ്പിക്കുന്നു. നാം ചെയ്യേണ്ടത്, ആളുകളിൽനിന്നുള്ള പ്രധാനപ്പെട്ട ചോദ്യങ്ങൾ രാഷ്ട്രീയക്കാരെ വ്യക്തമാക്കുന്നതിനു മുമ്പ് ആദ്യമായി നമ്മൾ സമാന ചിന്താഗതിക്കാരായ ആളുകളുമായും വിദഗ്ദരുമായും സ്വയം ഇടപെട്ട് ആശയകൈമാറ്റങ്ങൾ ചെയ്തിരിക്കണം. ഈ കുറവ് നമ്മൾ മനസ്സിലാക്കുന്നു. അതുപക്ഷേ നാമെല്ലാം അത് മനസ്സിലാക്കുന്നത് നാമെല്ലാം ദർശിച്ചുകഴിഞ്ഞ തെരഞ്ഞെടുപ്പുകാലം അവസാനിക്കുമ്പോഴാണ്.
ആദ്യമേതന്നെ ഒരു വ്യക്തി ആരാണെന്നും അടുത്തു നടക്കാനിരിക്കുന്ന ഒരു തെരഞ്ഞെടുപ്പിൽ ജനപ്രതിനിധിയാകാൻ സ്വയം മുന്നിൽ വന്നിരിക്കുന്നവർ വിദ്യാഭ്യാസപരമായ യോഗ്യതകളോ, പ്രായോഗിക പൊതുവിഷയങ്ങളിൽ പരിശീലനമോ ഉള്ളവരാണോയെന്ന് നാമറിയണം. ജനാധിപത്യ രീതിയിൽ ഒരു ജനപ്രതിനിധിയെ നിശ്ചയിക്കുന്നത് വോട്ടർമാരാണ്. നാം വോട്ടർമാരാണ് ജനാധിപത്യത്തിന്റെ ഘടനയും അടിസ്ഥാനവും. അവരില്ലാതെ ജനാധിപത്യം ഇല്ല. അവരാണ് ജനപ്രതിനിധികളുടെ അധികാരികളും തൊഴിൽദാതാക്കളും.
ഇത്രയുംകാലങ്ങൾ കഴിഞ്ഞിട്ടും നമ്മൾ ഇത്തരം പ്രധാനപ്പെട്ട കാര്യങ്ങളിൽ സമൂഹമദ്ധ്യത്തിൽ ശ്രദ്ധ കൊണ്ടുവരാൻ ഒട്ടും വലിയ പ്രാധാന്യം പൊതുവെ കൊടുത്തില്ല. ഈ ചുമതല ജനങ്ങൾ ഏതുരാജ്യത്തും കുറച്ചുകാണുന്നതിന് ഉണ്ടായ കാരണങ്ങൾ എന്തായിരിക്കും? ചിലചില കാര്യങ്ങൾ മാത്രം ചുരുക്കി ഇവിടെ കുറിക്കട്ടെ: ഒരു രോഗത്തിന്റെ കാരണങ്ങൾ തിരിച്ചറിയുമ്പോൾ മാത്രമേ നമുക്ക് അതിനുവേണ്ടി ചികിത്സിക്കാൻ കഴിയു.. ഒരു യാഥാർത്ഥ്യം : നമ്മൾ എന്ത് തെറ്റുകൾ ഇത്രയുംകാലം വരുത്തി, എന്ത് ഒഴിവാക്കലുകളാണ് നമ്മൾ ചെയ്തത്, മറ്റെന്താണ് ഇനിയും നമുക്ക് തിരുത്തുവാൻ കഴിയുക, നമ്മൾ പ്രത്യേകമായി ഇനി എന്താണ് ചെയ്യേണ്ടത്, ആദ്യം എന്താണ് ചെയ്യാനുള്ളത്, പിന്നീട് എന്താണ്, ഇങ്ങനെ നാം തെരഞ്ഞെടുപ്പ്കാലം വരുന്നതിനേറെ മുമ്പേ തന്നെ നമുക്കുവേണ്ടി നമ്മുടെയൊക്കെ പ്രതിനിധികളാകുവാൻ രാഷ്ട്രീയ പാർട്ടികൾ ഉദ്ദേശിക്കുന്നവരെക്കുറിച്ചു അറിയേണ്ടതുണ്ട്, അവയെക്കുറിച്ചു തീരുമാനിക്കുകയും ചെയ്യേണ്ടതുണ്ട്.
രാഷ്ട്രീയത്തിന്റെ മുഷ്ക്ക് പ്രകടനം |
കേരളത്തിലെ ജനങ്ങളുടെ സാമൂഹിക ജീവിത അവസ്ഥയെക്കുറിച്ചുള്ള കാര്യങ്ങൾ അറിയാനുള്ള രാഷ്ട്രീയക്കാരുടെ വിമുഖതയും അറിവില്ലായ്മയും ആണ് ഈ വിധം ദുർവിധിക്ക് അടിസ്ഥാന കാരണം. കേരളത്തിലെ ഓരോരോ രാഷ്ട്രീയക്കാർക്ക് തങ്ങളുടെ സമാനമനസ്കരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ കഴിഞ്ഞെന്നു വിശ്വസിക്കുന്നതോടെ മാത്രമേ അവർ തങ്ങളുടെ കൃത്യങ്ങളെക്കുറിച്ചു സംശയമൊന്നും കൂടാതെ, ജനങ്ങളുടെ മുന്നിൽ വന്നു നിൽക്കുകയും അവരുടെ സത്യങ്ങൾ ഉറക്കെ പറയുകയും, ജനങ്ങളെ വിളിച്ചു അവരെ സാമൂഹികമായി ആവശ്യാനുസരണം പ്രബുദ്ധരാക്കുകയും ചെയ്യാൻ കഴിയുകയുള്ളു. ഇപ്പോൾ ഇന്ത്യയിലെയും, കേരളത്തിലെയും ചില രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയനേതൃത്വങ്ങളും തികച്ചും വട്ടപൂജ്യാവസ്ഥയിലാണ്. തീർച്ചയായും ഈ അവസ്ഥാവിശേഷം നമുക്കും നിലനിൽക്കുകയാണെങ്കിൽ നമ്മുടെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളില്ലാത്ത വളരെ ആഴത്തിലുള്ള ദുഃഖത്തിലേയ്ക്ക് നാം പതിക്കും. കേരളത്തിൽ വരുന്ന തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ടു സ്ഥാനാർത്ഥിത്വം പ്രതീക്ഷിക്കുന്നവർ, ഇന്നത്തെ കേരളം നേരിടുന്ന സാമൂഹികാവസ്ഥയും അവർ നിയമസഭയിൽ എത്തിയാൽ തങ്ങൾക്കുള്ള ഭീമാകാരമായ നിരവധി ചുമതലകളും വലിയ കടമകളും ഉത്തരവാദിത്വങ്ങളും ഉണ്ടെന്നു അവർ മനസ്സിലാക്കിയോ? അതിനു പകരം പാർട്ടിനേതാക്കൾ പരസ്‌പരം നേർക്ക് നേരെ തരംതാണ ചില വാക്കുകളിൽ എതിർ പാർട്ടികൾക്കു ചില സർവ്വനാമം ചേർത്ത് അവഹേളിക്കുകയെന്നത് തെരഞ്ഞെടുപ്പുകാലം അടുക്കുമ്പോൾ തുടങ്ങുന്ന പാരമ്പര്യവൃണമാണ് ..
ഇന്ത്യൻ ഭരണഘടനയിൽ മൂന്നു പ്രധാനപ്പെട്ട സംഘാടനസിരാകേന്ദ്രങ്ങൾ ഉണ്ടല്ലോ. ലെജിസ്ലേറ്റീവ്, എക്സിക്യുട്ടീവ്, ജൂഡിക്കേറ്റിവ്, എന്നീ മൂന്നു സിരാ കേന്ദ്രങ്ങൾ ജനാധിപത്യവ്യവസ്ഥിതിയിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട് എന്ന കാര്യം നാം ഏതാണ്ട് അറിയുന്നുണ്ടല്ലോ. പാർലമെന്ററി ജനാധിപത്യം ഇന്ത്യയിൽ ഉണ്ടല്ലോ. ഇപ്പോൾ കേരളത്തിലും ഇന്ത്യയൊട്ടാകെയും നിരവധി പുതിയ രാഷ്ട്രീയപാർട്ടികൾ ജന്മമെടുക്കുന്നുണ്ട്. ഇവർ തമ്മിലുള്ള പരസ്പര യുദ്ധഭീഷണികൾ ജനങ്ങളുടെ നന്മയ്ക്കോ ജനാധിപത്യസംസ്കാരത്തിനോ ഒട്ടു ചേർന്നതല്ല. ജനവിരുദ്ധനടപടികൾ തന്നെയാണെന്ന് ഈ രാഷ്ട്രീയക്കാർ ഒന്നു മനസ്സിലാക്കിയാൽ നല്ലത്. ജനം അതേപടി സ്വീകരിക്കും എന്ന് വരുകയില്ല. തെരഞ്ഞെടുപ്പ് കാലത്തു ഉയരുന്ന പൊതുതാല്പര്യചോദ്യങ്ങൾക്ക് മുമ്പിൽ ഈ സ്ഥാനാർത്ഥികൾ ഇതിനെല്ലാം മറുപടി പറയാൻ ബാദ്ധ്യതപ്പെട്ടിരിക്കും.
നമുക്കറിയാം, കേരളത്തിൽ തെരഞ്ഞെടുപ്പുകാലമാണ്, ഇപ്പോൾ. ഏതെല്ലാം വിഷയങ്ങളിലും സർക്കാർ പ്രവർത്തനത്തിൽ സുതാര്യത അനിവാര്യമാണ്. പക്ഷെ, അവയിൽ വ്യക്തമായ സുതാര്യത ഇല്ലെങ്കിൽ ജനസമ്മതിക്കും തെരഞ്ഞെടുപ്പ്കൾക്കും പ്രത്യേകമായ അർത്ഥമില്ലാതായിത്തീരും. മുകളിൽ മേൽപ്പറഞ്ഞ മൂന്ന് സംഘാടനസിരാകേന്ദ്രഘടകങ്ങളിൽ സുതാര്യതയിൽ അന്യോന്യം വിധേയമായിരിക്കണം. അതായത്, ജനപ്രതിനിധികളുടെയെല്ലാം അടിസ്ഥാനയോഗ്യത മുതൽ മറ്റനേകം അടിസ്ഥാന വ്യവസ്ഥകളെ ഒരിക്കലും മാനിക്കാത്ത ഒരു രാജ്യത്ത് ജനാധിപത്യം അപകടത്തിലാക്കും, കേരളത്തിൽ തെരഞ്ഞെടുപ്പ്കാലത്ത് എത്ര പെട്ടെന്നാണ് ജനാധിപത്യം അപകടപ്പെടുന്നത് എന്ന് അപ്പോൾ വിചാരിച്ചാൽ മതി. കേരളത്തിൽ ഇതുവരെ സംഭവിക്കുന്നത് സാമൂഹിക-രാഷ്ട്രീയത്തിൽ ജനാധിപത്യത്തിന്റെ വിജയമല്ല. നേരെമറിച്ചു ഭീകരതയുടെയും, മുഷ്ക്കിന്റെയും, ഏകാധിപത്യമനോഭാവത്തിൽ, ചില രാഷ്ട്രീയ പാർട്ടികൾ ജനങ്ങളിലെ സമാധാന ജീവിതാന്തരീക്ഷത്തെയാകെ മലീമസമാക്കുകയാണ്.
മാദ്ധ്യമധർമ്മം.
ഇങ്ങനെയുള്ള അവസരങ്ങളിൽ നല്ല മാതൃക നൽകേണ്ടത് ജനാഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കുവാൻ തക്കവണ്ണം രാജ്യത്തു സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമങ്ങൾ കറ പുരളാത്ത ആദർശപ്രതിരൂപമായി പ്രവർത്തിക്കുമ്പോഴാണ്. അതുപക്ഷേ, ഇക്കാലത്തെ മാധ്യമങ്ങൾ എല്ലാംതന്നെ ഏതെങ്കിലും തണൽ തേടി യാഥാർത്ഥ്യങ്ങളിൽനിന്നു പുറംതിരിയുന്ന നിത്യ കാഴ്ചകളാണ് ഉള്ളത്. ജനാധിപത്യവും മാധ്യമങ്ങളും ഇപ്പോഴും എപ്പോഴും പുറംശക്തികളാൽ എന്നും പരീക്ഷിക്കപ്പെടുന്നുവെന്നു നിരീക്ഷിക്കാൻ കഴിയുന്നു. ഇത്തരം പിഴവുകൾ സ്വാഭാവികമായും ഉണ്ടാകാം. ആരെങ്കിലും കൂടുതൽ ആദർശവത്ക്കരിച്ചു യാഥാർത്ഥ്യങ്ങളെ കാണുവാൻ ആഗ്രഹിച്ചാൽ ഒരുപക്ഷെ, മറ്റു കാരണത്താൽ നൈരാശ്യത്തിന് വകയാവുകയും ചെയ്യുന്നു. ഇത്തരം അനുഭവങ്ങൾ ഓരോ ആന്റി ഡെമോക്രാറ്റി വികാരത്തിന് കാരണമാകും.
ജനാധിപത്യം മനുഷ്യത്വപരമായിരിക്കണം.
രാഷ്ട്രീയഭീകരത അഴിച്ചുവിടുന്നത് പാർട്ടികൾ രൂപീകരിക്കുന്നവരുടെ തനി സ്വാർത്ഥതയും, അതുപോലെ ചില വ്യക്തികളുടെയും ചുറ്റുമുള്ള അവരുടെ ഒരു സമൂഹത്തിന്റെയും സ്വന്തമായ ലാഭത്തിനാണ്. അവരുടെ അരാജകത്വം അവരുടെ അഴിച്ചുവിട്ട ഭീകരത എന്ന് ചുരുക്കമായി പറയാം. ഇന്ത്യ ഇന്ന് ഒരു ജാനാധിപത്യ രാജ്യമാണെന്ന് നാമെല്ലാവരും വാക്കാൽ പറയുന്നുണ്ടല്ലോ. ജനാധിപത്യം മനുഷ്യത്വപരമായ നിലകൊള്ളണം. അവ എല്ലാംകൊണ്ടും മനുഷ്യത്വപരമായിരിക്കണം. മഹാത്മാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവർത്തനം ഇംഗ്ലീഷ് ഭരണത്തിൽനിന്നും ഇന്ത്യൻ ജനതയുടെ മുഴുവൻ മൗലീക അവകാശ സ്വാതന്ത്ര്യം ലഭിക്കുവാൻ വേണ്ടിയുള്ളതായിരുന്നു. അദ്ദേഹത്തിൻറെ ആകെ സമരമാർഗ്ഗങ്ങൾ - പൊതു ഹർത്താൽ, സത്യാഗ്രഹം, തുടങ്ങിയ പ്രതിഷേധവും മറ്റും അദ്ദേഹത്തിന് ഒരു ആത്‌മശുദ്ധീകരണ പ്രക്രിയ പോലെയായിരുന്നു. ഒരു പാവനമായ സമരമായിരുന്നു. പക്ഷെ ഇന്ന് ഇന്ത്യയിലൊട്ടാകെയും മാതമല്ല, കേരളത്തിലെയും രാഷ്ട്രീയ നേതൃത്വം ചെയ്യുന്ന പ്രവർത്തനങ്ങൾ ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളെ മനഃപൂർവം മനസ്സിലാക്കാതെ ഏതാണ്ട് മൂന്നേകാൽ കോടി ജനങ്ങളുടെ സാമ്പത്തികസ്വാതന്ത്യവ്യവസ്ഥയെ ക്രൂരമായിത്തന്നെ അട്ടിമറിക്കുകയാണ്.
ഗാന്ധിജി ഹർത്താലും നിരാഹാരസമരവും ചെയ്തത് അന്നത്തെ ബ്രിട്ടീഷ് ഭരണ സംവിധാനത്തിനെതിരെ ഒരു പ്രത്യേക താല്പര്യമായിരുന്നെങ്കിൽ, പക്ഷെ കേരളത്തിലെ നേതൃത്വങ്ങൾ ഇന്നുള്ള സമരങ്ങളെയും ഹർത്താലുകളെയും പണിമുടക്കുകളെയും മനസ്സിലാക്കിയത് തെറ്റായിട്ടാണ്. ഇവർ ജനാധിപത്യ തത്വങ്ങളെ മനസ്സിലാക്കാൻ വിമുഖതയുള്ളവർ തന്നെ. ലോകരാജ്യങ്ങളിൽ എഴുതിത്തള്ളിയ ഏതോ ആശയങ്ങളെ ആരാധിക്കുന്നവരാണ്. ഇതറിയുന്ന ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടികൾ വിശദീക്കുവാൻ നടുറോഡിൽനിന്ന് ജനസമ്പർക്കങ്ങൾ നടത്തുന്ന മന്ത്രിമാരോ ജനപ്രതിനിധികളോ തയ്യാറല്ല. ഇന്ത്യൻ രാഷ്ട്രീയവും യൂറോപ്യൻ രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസമാണ് നാം കാണുന്നത്. യൂറോപ്പിൽ ജനപ്രതിനിധികൾ ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും. ലോകരാജ്യങ്ങളിലെല്ലാം, യൂറോപ്പിലും അപ്രകാരംതന്നെ രാഷ്ട്രീയക്കാരുടെ അഴിമതിക്കഥകൾ കെട്ടുകഥകളുമല്ല. പക്ഷെ ജനങ്ങളുടെ പക്കൽനിന്നും എടുക്കുന്ന നികുതിപ്പണം അമ്മാനം ആടി രസിക്കുന്നതായ രാഷ്ട്രീയ കീടങ്ങൾ അവിടെ ഇത്രയേറെ കാണാനില്ല. നമ്മുടെയും, രാഷ്ട്രീയ കേരളത്തിൽ അക്ഷരത്തിലും അർത്ഥത്തിലും ഇങ്ങനെ സംഭവിക്കുന്നത്, കണ്ണുമടച്ചുള്ള അഴിമതി- ഈയൊരു രാഷ്ട്രീയ- സാംസ്കാരിക തകർച്ചയാണ്.
ജനപ്രതിനിധികൾ നിർമ്മിച്ച ജനാധിപത്യം !
ജനങ്ങൾക്ക് മാനസികമായിട്ടുള്ള സമാധാനജീവിതം ഇല്ലാതാക്കുന്ന രാഷ്ട്രീയ കോളിളക്കങ്ങൾ സൃഷ്ടിക്കുന്നത് ഏതുതരം രാഷ്ട്രീയ പാർട്ടി ആണെങ്കിലും അവർ നിയമ നിഷേധമാണ് നടത്തുന്നത്. അതിന്റെ പരിണതഫലം നിയമം അനുസരിച്ചു ലഭിക്കുന്നത് ഒന്നുമറിയാത്ത ചില അനുയായികൾക്കാണല്ലോ. ജനങ്ങളെ രാഷ്ട്രീയ നേതൃത്വങ്ങൾ വഞ്ചിക്കുകയാണ്.
ഒരൊറ്റ ദിവസം നിയമസഭ സമ്മേളിക്കുന്നതിനു ചെലവാകുന്നത് കോടികൾ ആണ്. ഇതെവിടെനിന്നുണ്ടാകുന്നു? വോട്ടു നൽകുന്ന സാധാരണ ജനം ഇത് അറിയുന്നുണ്ടോ ? അന്വേഷിക്കുന്നുണ്ടോ? വോട്ടു ചോദിക്കുന്നവനോട് "താൻ എന്ത് പഠിച്ചിട്ടുണ്ടെന്നു ഒരു വെറും ചോദ്യം പോലും ചോദിക്കാൻ അറിയാത്ത, അഥവാ ധൈര്യപ്പെടാത്ത ജനങ്ങൾ ഇതും എങ്ങനെ അറിയും ?.ഈ തുകയും നിത്യജീവിതത്തിനുവേണ്ടി കഷ്ടപ്പെടുന്ന ജനങ്ങളിൽനിന്നും പിടിച്ചെടുക്കും. നികുതി ! ഒരു പൗരൻ നിവൃത്തികേടിൽ ഒരു തവണ നികുതിപ്പണം നല്കാൻ താമസിച്ചാൽ, പിഴയും അല്ലെങ്കിൽ ജപ്തി നോട്ടീസും ഉണ്ടാകും. തല ചായ്ക്കാൻ രണ്ടു സെന്റ് സ്ഥലം വാങ്ങി സ്വന്തം പേരിൽ കൂട്ടിച്ചേർത്ത് രജിസ്റ്റർ ചെയ്യാൻ കൊടുക്കേണ്ടിവരുന്ന തടിച്ച നികുതിയും, കൈക്കൂലി വാങ്ങുവാൻ നോക്കി ഇരിക്കുന്ന ഉദ്യോഗസ്ഥനും, അവരുടെ തല ഉയർത്തിപ്പിടിച്ചുള്ള ഭീഷണിയും.!
ഇതിലേറെ കഷ്ടമായ അവസ്ഥയാണ് ഇന്ത്യൻ രാഷ്ട്രീയക്കാർ പേരെടുത്തു അവഹേളിച്ചു വിളിക്കുന്ന "പ്രവാസി" ഇന്ത്യാക്കാരുടെ സ്ഥിതി. ജീവിക്കാൻ വേണ്ടി ഒരു തൊഴിൽ തേടി മറുനാട്ടിലെത്തി കഷ്ടപ്പെട്ട് ജോലിചെയ്ത് മിച്ചം വയ്ക്കുന്ന പണംകൊണ്ട് ഒരു വീടും കുറെ സ്ഥലവും വാങ്ങിയാൽ അതുമതി അവന്റെ കഷ്ടകാലം ആരംഭിക്കാൻ. കേരളത്തിലെ സർക്കാരും നിയമസഭാ ജനപ്രതിനിധികളും പ്രവാസി മലയാളികളെ ശിക്ഷിക്കുന്ന നിയമങ്ങളാണ് ഉണ്ടാക്കിയത്. എല്ലാക്കാര്യങ്ങളിലും ശിക്ഷിക്കുന്ന നിയമം. പ്രവാസിയുടെ വസ്തു വിൽക്കുകയോ വാങ്ങുകയോ ചെയ്യുമ്പോൾ പ്രവാസി 20 ശതമാനമോ അതിലേറെയോ നികുതി സർക്കാരിന് നൽകണം. പ്രവാസികളെ എപ്രകാരം കേരളത്തിലെ ജനപ്രതിനിധികൾ ചൂഷണം നടത്തുന്നുവെന്നതിനു ഉത്തമ ഉദാഹരണമാണിവയെല്ലാം. അഴിമതി ദിനചര്യയാക്കിയവർക്ക് എല്ലാവിധ ആനുകൂല്യങ്ങളും സംരക്ഷണവും ജനങ്ങൾ വോട്ട് നൽകി ഉറപ്പിച്ചു. ഇതാണ് അവർ നിർമ്മിച്ച ജനാധിപത്യം.!! പൊതുജനസേവനം എന്ന് പറയപ്പെടുന്നത് എന്താണ് ? ഭരണത്തിൽ പാളിച്ചകൾ ഉണ്ടെങ്കിൽ അത് ചർച്ച ചെയ്യാനും ഏത് പരിഹാരവും കാണുവാനും ജനഹിതം അറിയിക്കുവാനുമുള്ള ജനാധിപത്യ വേദിയാണല്ലോ നിയമസഭ. ഇതിനാണല്ലോ ജനങ്ങൾ അവർക്കുവേണ്ടി ഒരു പ്രതിനിധിയെ വോട്ടിട്ട് തെരഞ്ഞെടുത്ത് നിയമസഭയിലെത്തിക്കുന്നത്. ..//-
----------------------------------------------------------------------------------------------------------------------- Browse and share: https://dhruwadeepti.blogspot.com
ഈ ഈബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെയും ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.