Dienstag, 29. Dezember 2020

DHRUWADEEPTI // ചിന്താവിഷയം// നാശങ്ങൾ വിതച്ച ഒരാണ്ടിൽനിന്നുള്ള വിടവാങ്ങലും പ്രതീക്ഷകളുടെ നവവത്സരത്തിന്റെ ആഗമനവും //. George Kuttikattu


  പുതുവത്സരപ്പിറവി //  

നാശങ്ങൾ വിതച്ച ഒരാണ്ടിൽനിന്നുള്ള വിടവാങ്ങലും 

പ്രതീക്ഷകളുടെ  നവവത്സരത്തിന്റെ ആഗമനവും.

// ജോർജ് കുറ്റിക്കാട്ട് //


 George Kuttikattu
ജീവിതം കഴിഞ്ഞകാലങ്ങളെക്കാൾ വളരെ കൂടുതൽ മികച്ചതാകുമെന്ന് 2020-)0 മാണ്ടിന്റെ ആരംഭത്തിൽ ലോകമെമ്പാടുമുള്ള ജനങ്ങളെല്ലാം ആഗ്രഹിച്ചതാണ്. എല്ലാം വളരെ നന്നായി വികസിക്കുമെന്നും ഭാവിയിൽ ജീവിതം വളരെ എളുപ്പമാക്കുമെന്നും രാജ്യങ്ങളുടെ ഭരണകർത്താക്കൾ ആവർത്തിച്ചാവർത്തിച്ചു സത്യം ചെയ്തു പറഞ്ഞുകൊണ്ടുമിരുന്നു അതുപക്ഷേ, ഇപ്പോൾ അവസാനിക്കുന്ന ദുരന്തങ്ങളുടെ ഒരു ആണ്ടിന്റെയും അവസാനദിനത്തിൽ നിന്നും പിറകോട്ട് തിരിഞ്ഞു നോക്കിയാൽ, അവിടെ ഭയാനകവും വളരെ അപകടം നിറഞ്ഞതുമായ ഭീകര സ്മരണകളുടെ ചിത്രമാണല്ലോ തെളിഞ്ഞു കാണുന്നത്. അങ്ങനെയുള്ള നിരവധി നാശങ്ങൾ വിതച്ച ഒരാണ്ട് കഴിഞ്ഞു! ഇപ്പോൾ എന്ത്? നാമെല്ലാം ശുഭ പ്രതീക്ഷകളുടെ പൊൻവെളിച്ചം വീശുന്ന ഓരോരോ പുതിയ അനുഗ്രഹീത വത്സരത്തിലേയ്ക്കും, ദശകങ്ങളിലേയ്ക്കും കടക്കുകയാണ് എന്ന് നമുക്ക് കരുതാം ! 2021- വർഷം ഇപ്രകാരമുള്ള പാൻഡെമിക് വ്യാപനവും മറ്റുതരത്തിലുള്ള സാമൂഹിക ദുരന്തങ്ങളുടെ ആവർത്തനം തന്നെയാകുമോ എന്ന ആകാംക്ഷ ജനഹൃദയങ്ങളിൽ ഉണ്ട്. മനുഷ്യ നന്മയുടെ പ്രതീകമായിട്ട് പുത്തൻ ആണ്ടിനെ നമുക്ക് സന്തോഷപൂർവം സ്വീകരിക്കാം.

ലോകമാകെ അതിഭീകരമായ നാശങ്ങൾ വിതച്ച കോവിഡ് പാൻഡെമിക് ഒരു തെറ്റിദ്ധാരണയല്ല, എന്ന് ജനങ്ങളെല്ലാം നേരിട്ടറിഞ്ഞു. പുതുവത്സത്തിലേയ്ക്ക് കടന്നുവരുന്ന നമ്മുടെ ഓരോരോ ഭാവിപ്രതീക്ഷകളും സ്വപ്നങ്ങളും എപ്രകാരം എന്ന് പറയാൻ ഇപ്പോൾ അപ്രാപ്തരായിക്കൊണ്ടിരിക്കുകയാണ്. നല്ല പുത്തൻ താമസവീടുകൾ, ജോലികൾ, വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം, നിത്യ തൊഴിൽ വികസനസാദ്ധ്യതകൾക്കായുള്ള മേഖലകളുടെ വികസനസാദ്ധ്യത, വ്യാപാര- വ്യവസായമേഖലകളുടെ വികസനസാദ്ധ്യതകൾ, ഇങ്ങനെ, മനുഷ്യ ജീവിതത്തിന്റെ ഓരോ മേഖലകളിലേയ്ക്കും കടന്നു പോകുവാനുള്ള സ്വപ്നം സഫലമാക്കുവാൻ ജനം ആഗ്രഹിച്ചു. പക്ഷെ, ലോക ജനസമൂഹത്തിലെ മരണ ഭയം, നാശങ്ങൾ വിതച്ച പാൻഡെമിക് വ്യാപനംമൂലം മനുഷ്യജീവിതത്തിന്റെ ഭാവിദിനങ്ങൾ ആകെ ഭീകര തകർച്ചയുടെ ആഴങ്ങളിലേയ്ക്ക് പതിക്കുന്നുണ്ട്. ഓരോ രാജ്യങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ, മനുഷ്യജീവൻ കീറിമുറിക്കുന്ന യുദ്ധങ്ങൾ, ഇന്നത്തെ ജനാധിപത്യവ്യവസ്ഥിതിയൊന്നാകെ അധികാരരാഷ്ട്രീയത്തിന്റെ മറവിൽ ഇല്ലെന്നാക്കുന്നു ചില രാഷ്ട്രീയ- രാജ്യ നേതൃത്വങ്ങളുടെ ക്രൂരതകളും ; അതിക്രൂരമായ വംശവിവേചനം നടത്തുന്ന കൊലപാതകങ്ങൾ, അനേക ലക്ഷോപലക്ഷം മനുഷ്യരിലെ പട്ടിണി, ഇങ്ങനെ ഈ 2020 വർഷം തുടക്കം മുതൽ നിത്യസാക്ഷ്യത്വം നിൽക്കുന്നു. ഈ 2021- ന്റെ  പിറവിയിൽ നമുക്ക് നന്മയുടെ പ്രകാശം പ്രതീക്ഷിക്കാം

മനുഷ്യാവകാശലംഘനം ഇന്ത്യയിൽ-

എന്തൊക്കെ വിചിത്രമായ കാര്യങ്ങളാ ണ് നമ്മുടെ കാതുകളിൽ എത്തുന്നത്? ആഗോളീകരണയുഗത്തിൽ രാജ്യങ്ങൾ പരസ്പരം ചിന്തിക്കുന്നുണ്ട്, പരസ്പരം സഹകരിക്കാൻ ശ്രമിക്കുന്നുണ്ട്. എങ്കി ലും, എന്തിലും ഏതിലും വളരെ ഏറെ സംശയാലുക്കളാണ്. ജനങ്ങൾ ഇവയും വളരെ വൈകി മാത്രമേ അറിയുകയു ള്ളൂ. ഇന്ത്യ ഒരു ജനാധിപത്യരാജ്യമാ ണെന്ന് ഭരണഘടനയിൽ എഴുതിയിട്ടുണ്ട്, എന്ന് നാം വിശ്വസിക്കുന്നു. പക്ഷേ, ഇന്ത്യയിൽ ആ വിശ്വാസം തകർക്കുന്ന നിയമങ്ങളും നടപടിക്രമങ്ങളുമെല്ലാം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട് ഭരണാധികാരവും ഏറ്റെടുത്തവർ നടപ്പാക്കിയത് എന്താണ്? ജനങ്ങളെയെല്ലാം ജനപ്രതിനിധികൾ തന്ത്രപൂർവ്വം വഞ്ചിക്കുകയാണ്. പാർലമെന്റ്, നിയമസഭാ മന്ദിരങ്ങൾ അതിന് യോജിച്ച വിധം അവരുടെ കളിസ്ഥലമാക്കി മാറ്റിയിരിക്കുന്നു. ഇപ്പോഴിതാ, ഈ വരുന്ന ജനുവരി മുതൽ പൗരത്വഭേദഗതി ബിൽ നടപ്പിൽ വരുത്തുമെന്ന സർക്കാരും ഭരണകക്ഷിപാർട്ടി ബി. ജെ. പിയും പ്രഖ്യാപിക്കുന്നു. ഇത് ആർക്കുവേണ്ടി? ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം പ്രാപിച്ചു കഴിഞ്ഞ നാൾ മുതൽ നാമെല്ലാം ഇന്ത്യൻ പൗരന്മാർ തന്നെയാണല്ലോ? ഇന്ത്യയുടെ ഭരണ ഘടനയിലുമുണ്ടത്. അപ്പോൾ ഇതെന്തിന് വേണ്ടിയാണ്? കുറേക്കാലം മുമ്പ് ജനങ്ങളിലേക്ക് ഈ പാൻകാർഡ് സമ്പ്രദായം നടപ്പാക്കി. കുറേകാലം കഴിഞ്ഞു. അത് പോരാ, ആധാർ കാർഡ് തന്നെ ഉണ്ടാക്കണം. ഉണ്ടാക്കി. കുറച്ചുനാളുകൾ കഴിഞ്ഞു. ഇപ്പോൾ അവയെ രണ്ടും ഒന്നിച്ചാക്കി ചേർത്തു രജിസ്റ്റർ ചെയ്യണം, എന്നാക്കിയ നിയമം ഉണ്ടായി. ഇനിയും വേറെ അനേകം ജനവിരുദ്ധ നിയമങ്ങൾ വരുന്നു. നമ്മുടെ ഇന്ത്യയിൽ ജനാധിപത്യഭരണമാണെന്നാണ് ഭരണ കക്ഷി പാർട്ടി പറയുന്നത്- "ജനങ്ങളുടെ മേൽ നടപ്പാക്കുന്ന ഏകാധിപത്യ"മാണ് അത്. അതായത് ജനങ്ങളുടെമേലുള്ള ആധിപത്യം! ഇതിനെ ജനങ്ങൾ തെറ്റാണെന്നു പറയുക മാത്രമല്ല, ശക്തമായി എതിർക്കണം. അത് പക്ഷെ ഇന്ത്യയിൽ ആരും ഉറച്ചു എതിർക്കാൻ നോക്കില്ല. നിലവിലുള്ള ജനവിരുദ്ധ ഭരണകൂടത്തെ ഇന്ത്യൻജനത ജനാധിപത്യപരമായി പുറത്താക്കുകതന്നെ വേണം എന്ന്, ആരാണ് പറയുക? വീണ്ടും അതേ ഇന്ത്യൻ ജനത അവരെത്തന്നെ ജനപ്രിയ ഭരണകർത്താക്കളായി അവരുടെ വോട്ടുകൾ നൽകി അധികാരസ്ഥാനത്തു വാഴിക്കും..ഇതാണ് പാരമ്പര്യ ചരിത്രം.

അവസാനിക്കുന്ന 2020 ആണ്ട് കാലംവിശ്വാസയോഗ്യത ഇല്ലാതാക്കിത്തീർത്ത നീതിന്യായം, മനുഷ്യാവകാശലംഘനം, ജനങ്ങളിൽനിന്നും ഊറ്റി എടുത്തു മാറ്റുന്ന നികുതികൾ, രഹസ്യസാമ്പത്തികകൊള്ള, റാസിസം, മേൽജാതിയും, കീഴ് ജാതി വിവേചനവും, തൊഴിൽനിഷേധം എന്നിങ്ങനെ ഓരോരോ ഇന്ത്യൻ  പൗരന്മാരുടെ സാമൂഹിക ജീവിതം വളരെ ക്രൂരമായി അവഗണിക്കപ്പെടുന്ന ഭരണശൈലിയും ഇന്ത്യൻ ഭരണകർത്താക്കളിൽ ഏറെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്ത്യയിൽ നരേന്ദ്രമോദി എന്ത് ചെയ്തു?, പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻറെ സന്ദർശനത്തിന് തൊട്ടു മുമ്പായി, ഡൽഹിയിലെ അനേകം പാവപ്പെട്ടവരുടെ പട്ടിണി ചിത്രം മറച്ചു വയ്ക്കാൻ കോടികൾ തുക മുടക്കി അതിഉയരത്തിൽ വൻമതിൽകെട്ടി മറച്ചുവച്ചു. വംശീയ വിവേചനം രാജ്യത്ത് ശക്തിപ്പെടുത്തുന്ന പൗരത്വബേദഗതി ബിൽ പാസാക്കി, ഹിന്ദുത്വം ശക്തിപ്പെടുത്താൻ വേണ്ടി ഈ വർഷം ഇന്ത്യൻ കലാശാലകളിൽ വേറെ പുതിയൊരു വിചിത്ര വിദ്യാഭ്യാസ പരിഷ്ക്കരണം കൊണ്ടുവരുന്നുണ്ട്. ഇതിലൊന്നും ആരും പ്രതികരിക്കുന്നില്ല.

കർഷകരുടെയും കാർഷിക മേഖലയുടെയും ആവശ്യങ്ങൾ തകർന്നുപോയി. ഇന്ത്യയിൽ അഴിമതി നടത്താൻ നോട്ടുനിരോധനം നടത്തി, GST നിയമങ്ങൾ നടപ്പിൽ വരുത്തി. ജനങ്ങളിൽ നിന്നും അധിക നികുതികൾ പിടിച്ചെടുത്തു. രാജ്യത്തെ മുഴുപട്ടിണിക്കാരെ രക്ഷിക്കുവാൻ സർക്കാർ ഈ 2020 വർഷത്തിൽ എന്ത് ചെയ്തു? പണം സമാഹരിച്ചു പാർട്ടി നേതൃത്വം അവരുടെ എല്ലാ സ്വകാര്യ താൽപര്യങ്ങൾക്കായി നിക്ഷേപിച്ചു. 2020 വർഷം മുഴുവൻ ഇന്ത്യൻ ജനതയുടെ ചരിത്രത്തിലെ ഏറ്റവും ഭീകര അനുഭവങ്ങളുടെ ഒരു കടുത്ത വർഷമാക്കിയത് നരേന്ദ്രമോദി ഭരണനേതൃത്വമായിരുന്നു. അതിൽ ജനങ്ങൾക്കും ഏറിയതോത് പങ്കുകൾ ഉണ്ടെന്നത് യാഥാർത്ഥ്യമാണെന്ന് പറയാതെ പോകുന്നത് ശരിയല്ല

അതുപോലെ, അനേകം രാജ്യങ്ങളിലും മനുഷ്യ ജീവിതത്തിനുള്ള സമാധാനം നശിപ്പിക്കുന്ന അനുഭവങ്ങളുടെ വിവരങ്ങൾ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അമേരിക്ക, ആഫ്രിക്ക, മദ്ധ്യപൂർവ്വരാജ്യങ്ങൾ, ഉദാ: സിറിയ, അഫ്‌ഗാനിസ്ഥാൻ, യൂറോപ്യൻ രാജ്യങ്ങളിൽ മറ്റു പലയിടത്തും, വളരെ വിചിത്രമായ സംഭവങ്ങൾ നടക്കുന്നുണ്ട്. 2020 വർഷം ഏതുവിധമുള്ള പ്രശ്നങ്ങളെയും നേരിടേണ്ടതായിട്ടു വന്നിരിക്കുന്നുവെന്ന് ചില രാജ്യതലവന്മാരെങ്കിലും മനസ്സിലാക്കുന്നുണ്ടെന്ന് ഒരുവിധത്തിൽ നമുക്ക് ചിന്തിക്കാം. എങ്കിലും അധികാരക്കൊതി പൂണ്ടവർ എല്ലാരാജ്യങ്ങളിലും ഉണ്ട്. അവരുടെ ശ്രദ്ധ ജനങ്ങളുടെ സുരക്ഷയോ അവരുടെ അഭിവൃത്തിയോ, ജീവിതമാർഗ്ഗം എളുപ്പമാക്കുകയോ അല്ല. ഈ വിഷയത്തിൽ അടുത്ത വർഷം ഇതിലേറെ പ്രശ്നങ്ങളെ ഇന്ത്യൻ ജനത നേരിട്ടനുഭവിക്കേണ്ടി വരുമെന്ന് തീർച്ചയാണ്! 

നീതി കിട്ടാത്തവരുടെ കണ്ണീരിന്റെ ഉപ്പു രുചിക്കുന്നവർ.-

കൊറോണ പാൻഡെമിക് വ്യാപനത്തിന്റെ പേരിൽ ഇന്ത്യയിലെ ജനങ്ങളുടെ മാത്രമല്ല, ലോകജനങ്ങളുടെ അവകാശങ്ങളും നീതിന്യായങ്ങളും അധികൃതർ ലംഘിക്കുന്ന സംഭവങ്ങളാണ് നിത്യവും കേൾക്കുന്നത്. രാഷ്ട്രീയക്കാർക്കോ, ജഡ്ജിമാർക്കോ, പോലീസിനോ, ഒരു വൈറസിനെയും നിയന്ത്രിക്കാൻ ആവില്ല. അതിനു പകരം ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും അത്യാവശ്യമായി കാണുന്ന സഹായങ്ങളും നൽകാതെ അധികാരി വർഗ്ഗങ്ങൾ ഇഷ്ടാനുസരണം ജനങ്ങളോട് കല്പിക്കുകയാണ്! ജനങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്ന സഹായങ്ങൾ ചെയ്യുന്നതിന് പകരം അധികാരത്തിന്റെ ചൂണ്ടുവിരലിൽ ഒരു മനുഷ്യനെ ശിക്ഷിക്കുകയാണ്. ഇതാണ് കേരളത്തിലെ നിയമകോടതികളുടെ അവസ്ഥയും. അല്പസമയത്തെ നടപടിക്രമങ്ങൾകൊണ്ട് വിധി തീർപ്പാക്കാൻ സാധിക്കാവുന്ന കേസുകൾ പല തവണകൾ നീട്ടിക്കൊണ്ടുപോയി അനേക വർഷങ്ങൾക്കപ്പുറംവരെ ഒരു കേസ് നീട്ടിക്കൊണ്ടുപോകുന്ന ജഡ്ജിമാരുടെ ദുഷ്ടനടപടികൾക്കെതിരെ ഒരു നടപടിയുമെടുക്കാൻ നിയമപുസ്തകങ്ങളിൽ യാതൊരു വ്യവസ്ഥകളും ഇല്ലാ ! ഇന്ത്യയിൽ കോടതിയിൽ എത്തുന്ന ജഡ്ജിമാർ ദൈവങ്ങൾ കളിക്കുകയാണെന്ന് അനുഭവങ്ങൾ വിളിച്ചു പറയുന്നു. ഇന്ത്യയിൽ തീർത്തും ജനങ്ങളുടെ വിശ്വാസയോഗ്യത ഇല്ലാതാക്കിത്തീർത്ത നീതിന്യായ വ്യവസ്ഥയാണ് നിലവിലുള്ളത്. നീതിപാലകരെന്ന പേരിൽ ഒരു യൂണിഫോം ധരിച്ചു നടക്കുന്നവരുടെ ദൈനംദിന ഭക്ഷണത്തിനുള്ള ശ്രോതസ് എവിടെ നിന്നാണ്? അതാണ്, കോടതിയിൽ തടഞ്ഞുവച്ചു തവണകളാക്കി മുന്നോട്ടു മുന്നോട്ടു നീക്കി വച്ച് കൊണ്ടുപോകുന്ന ഓരോ കേസുസുകളും ! പരാതിക്ക് നീതി കൊടുക്കാതെ കേസുകൾ കെട്ടിക്കിടക്കുകയാണ്. നീതി ലഭിക്കാത്ത ജനങ്ങളുടെ കണ്ണീരിന്റെ ഉപ്പ്ചേർത്താണ് നീതിപാലകർ അന്നം ഭക്ഷിക്കുന്നത് എന്നത് യാഥാർഥ്യമാണ്. ഇന്ത്യയിൽ കാർഷിക സമരംപോലെ തന്നെ എന്തിനു വേണ്ടിയോ പരാതിക്കാരായ ജനങ്ങളുടെ നീതിക്ക് ഒരു പരിഹാരം കാണുവാൻ എന്നും സമരം അനിവാര്യമാകുമെന്നു വേണം കരുതാൻ. ഇതാണോ ഇന്ത്യൻ നീതി വ്യവസ്ഥ? ദശാബദ്ധങ്ങൾ കടന്നുപോകും, പക്ഷെ, ഏത് ഇന്ത്യൻപൗരന്‌ നീതി ലഭിക്കും? 2020- ലും ഇപ്രകാരം നിയമപാലകയുടെയും ജനവിരുദ്ധമായ  നടപടികൾമൂലം അനേകം ആളുകൾ,ഉദാ: ആത്മഹത്യകൾ പോലും ഉണ്ടായി, കുറ്റകൃത്യങ്ങൾക്ക് ഇരകളായി മാറുകയും ചെയ്യപ്പെട്ടിരുന്നു.

ഓരോ പോലീസ് സംവിധാനവും ആ നാടിന്റെ സർക്കാരിലെ മന്ത്രിമാരുടെ അടിമകളായി പ്രവർത്തിക്കുന്നു. ഇക്കാര്യത്തിൽ ഇന്ത്യയിലേതുപോലെതന്നെ മറ്റനേകം രാജ്യങ്ങളിലും അതിശക്തമായും കാണാം. 2020-ലേത് മാത്രമുള്ളതല്ല, പോലീസ് സംവിധാനത്തെ, അന്തർദ്ദേശീയതലത്തിൽ ഇന്ന് നടക്കുന്നത് മാത്രം നോക്കിയാൽമതി. അമേരിക്ക, ഫ്രാൻസ്, റഷ്യ, ബെലാറൂസ്, ഇന്ത്യ, തുടങ്ങിയ അനേകം ലോക രാജ്യങ്ങളിൽ നടക്കുന്നത് ജനങ്ങൾക്കുവേണ്ടിയല്ല, ഏത് രാജ്യ ത്തെയും പോലീസും നിലകൊള്ളുന്നത്. പകരം പോലീസ് സംവിധാനം ആ രാജ്യത്തുള്ള പൊതുജനങ്ങളുടെ എതിരാളികളായി മാത്രമാണെന്ന് നിത്യവും വാർത്തകൾ കാണപ്പെടുന്നുണ്ട്. ജനപ്രതിനിധികൾക്കും ഇതേ തത്വശാസ്ത്രം മനസ്സിൽ ഒട്ടും മറച്ചുവയ്ക്കാതെ ഭദ്രമായി സൂക്ഷിക്കുവാൻ അവർക്ക് ഏറെ താൽപ്പര്യമുണ്ട്. ജനങ്ങൾ സമൂഹത്തിന്റെ ഭാഗമാണെന്നും തങ്ങളൊക്കെയും അതിലെ ഒരംഗവുമാണെന്നും ഇവരാരും ഒട്ടും തന്നെ ചിന്തിക്കുന്നില്ല. അവർ അധികാരത്തിന്റെ ചാട്ടവാർ വഹിക്കുന്നവർ ആണല്ലോ.

വിചിത്രമായ കാത്തിരിപ്പും ജനപീഡനവും വാഗ്ദാനങ്ങളുടെ പെരുമഴയും. -

അമേരിക്ക, യൂറോപ്പ്, ചൈന, അതുപോലെ വിവിധ ഏഷ്യൻ രാജ്യങ്ങളെല്ലാം എന്നെത്തേക്കാളുമേറെ കൂടുതൽ സാമ്പത്തിക വികസന സാദ്ധ്യതകൾക്കുള്ള വിവിധതരം ഉത്പാദനങ്ങൾ വർദ്ധിപ്പിക്കുന്നുണ്ട്. എന്നത്തേക്കാളും കൂടുതൽ തൊഴിൽസാദ്ധ്യതകളും ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. യൂറോപ്പിൽ ജർമ്മനിയും യഥാർത്ഥത്തിൽ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കാൻ പണത്തിനു ഒരു കുറവു വരുത്തുന്നില്ല എന്ന് കാണാൻ കഴിയും. എന്നാൽ നമ്മുടെ ഇന്ത്യാമഹാരാജ്യം നേരിടുന്ന ജനങ്ങളുടെ പട്ടിണിക്ക് കുറവില്ല. തീരുന്നില്ല. കൊറോണക്കാലത്ത് ജനങ്ങൾ വളരെയേറെ മനോസമ്മർദ്ദത്തിൽ ആണ് എന്ന വിഷയം ഇന്ത്യയിൽ സർക്കാരിന് വലിയ വിഷയമല്ല. അതേസമയം അയൽരാജ്യങ്ങളുമായി യുദ്ധം നടത്താൻ, ജനങ്ങളുടെ അവകാശത്തിനെതിരെ നിയമയുദ്ധം പ്രഖ്യാപിക്കാൻ, സർക്കാരിന്റെ മനോവീര്യത്തിനു കുറവുമില്ല. ആവശ്യത്തിലധികം പണവും അതിനായി ചെലവഴിക്കുകയും ചെയ്യുന്നു. കൊറോണ പാൻഡെമിക് വ്യാപനം ശക്തമായിരുന്ന ദുരന്ത സമയത്തു ഇന്ത്യൻ സർക്കാർ രൂപീകരിച്ച ഏതുവിധ നയപരിപാടികളും ജനവിരുദ്ധമായട്ടുള്ള നടപടികളാണ് നടത്തിയിട്ടുള്ളത്. അതുപോലെതന്നെ മറ്റുചില രാജ്യങ്ങളിലും പൊതുജനങ്ങളുടെ പ്രത്യേകമായ സുരക്ഷാ പ്രവർത്തനങ്ങളല്ല, മറിച്ചു, അധികാര രാഷ്ട്രീയത്തിന്റെ വടംവലി നടത്തുന്ന വാർത്തകളായിരുന്നു, കേട്ടിരുന്നത്. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി തൊഴിൽസാദ്ധ്യതകൾ ഉണ്ടാക്കുവാൻ ഇന്ത്യയിലെ സർക്കാർ ഒന്നും ചെയ്തിട്ടില്ല. അതേസമയം പ്രതിമകളും ക്ഷേത്രങ്ങളും നിർമ്മിക്കാനുള്ള കാര്യങ്ങൾക്കായി ജനങ്ങളിൽനിന്നും അധിക നികുതി പിരിച്ചെടുക്കുന്നു.

അഭ്യസ്തവിദ്യരായ ഇന്ത്യാക്കാർ ഒരു തൊഴിലിന് വേണ്ടി അന്യദേശങ്ങളിലേക്ക് അന്വേഷിച്ചു പോകേണ്ടി വരുന്ന അനുഭവങ്ങളാണുള്ളത്. കൊറോണക്കാലം ഉണ്ടായതോടെ മറുനാടൻ ഇന്ത്യാക്കാർക്ക് ഇന്ത്യയിലേയ്ക്ക് പോക്കുവരവിനും അനുകൂലമല്ലാത്ത സർക്കാർ നിബന്ധനകളും ഉണ്ടായി. ഒരു ഇന്ത്യാക്കാരന് ഒരു ഐഡന്റിറ്റി കാർഡ് ലഭിക്കണമെങ്കിൽ അയാൾ ഒരു മനുഷ്യായുസ് മുഴുവൻ കാത്തു നിൽക്കണം. ഇന്ത്യയുടെ ജാതി വ്യവസ്ഥയും വംശീയവിരോധവും ഈ 2020 വർഷം ആളിക്കത്തി. ഇന്ത്യൻ പൗരത്വ ഭേദഗതിനിയമം പാർലമെന്റ് കൂടി ഇന്ത്യൻസർക്കാർ ഒരു നിയമമാക്കി മാറ്റി. ഇന്ത്യയിൽ ഒരു സാമൂഹികജീവിത സമാധാനം ആകെ ഇല്ലെന്നാക്കി. ഇതെല്ലം ഈ 2020 )0 ആണ്ടിൽ തുടരെത്തുടരെ ഉണ്ടായ ദുരന്തങ്ങൾ തന്നെയാണല്ലോ ?.

വിചിത്ര കാര്യങ്ങൾ-

ചില സംസ്ഥാനങ്ങളിൽ, ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന വ്യവസ്ഥകൾ പോലും ധിക്കരിച്ചുകൊണ്ട്, ഇതര മത- ജാതിയിലുള്ളവരുമായി പരസ്പരമുള്ള വിവാഹനിയമങ്ങൾ നിരോധിച്ചുകൊണ്ട്, ഇന്ന് നിലവിലുള്ള അവകാശങ്ങളെ റദ്ദാക്കിക്കൊണ്ടു, നിയമം പാസാക്കി. പഴയ നിയമപ്രകാരം ഒരാൾ വിവാഹം ചെയ്‌താൽ, വർഷങ്ങളോളം ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുന്ന പുതിയ കോടതിനിയമങ്ങൾ നടപ്പിലാക്കി. മാത്രമല്ല, ഇന്ത്യൻ കർഷകരുടെ ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങൾ തകർത്തുകളയുന്ന ഒരു നിയമനടപടിമൂലം ഈയിടെ വീണ്ടും പ്രതിഷേധസമരങ്ങൾ നടക്കുന്നു. ഇത് ഇന്ത്യൻ പൗരന്മാരുടെ തലയിൽ പതിച്ച വെള്ളിടിയായി മാറി. അതിനെതിരെയാണ് ഡൽഹിയിൽ ഒട്ടാകെ ഇപ്പോൾ വൻ പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലാകെ കർഷകരെയെല്ലാം നരേന്ദ്ര മോഡി സർക്കാർ കാണുന്നത് വേറൊന്നായിട്ടാണ്. നരേന്ദ്രമോദിയുടെ അടുത്തവർഷ പദ്ധതിയാണ്, ഇന്ത്യയിലെ നിലവിലുള്ള ജനാധിപത്യതെരഞ്ഞെടുപ്പ് രീതിക്ക് മാറ്റം ഉണ്ടാക്കുകയെന്നത്. അതിലൂടെ ഏകാധിപത്യം ഇന്ത്യയിൽ ഉറപ്പിക്കുകയും ചെയ്യാമല്ലോയെന്ന് നരേന്ദ്രമോദി ആഗ്രഹിക്കുന്നു.

 കർഷകസമരം 

ഇന്ത്യയുടെ ആന്തരികശക്തിയുടെയും കേന്ദ്രം കർഷകരാണെന്ന് വ്യക്തമായി മനസ്സിലാക്കാൻ മോഡി സർക്കാർ ഒരി ക്കൽപ്പോലും തയാറായിട്ടില്ല. ബി. ജെ. പി. സർക്കാരിന്റെ ഓരോ ദിവസവും രാജ്യത്തു നടപ്പിലാക്കുന്ന ജനവിരുദ്ധ നിയമങ്ങൾക്കെതിരെ, ഇന്ത്യയിലെ പൗരന്മാരുടെ പ്രതിഷേധം ബി. ജെ. പി സർക്കാർ വകവയ്ക്കുന്നില്ല. മാത്രമല്ല   അതുപോലെയും മറ്റനേകം കാർഷിക ബന്ധനിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനെതിരെ ജനങ്ങൾക്ക് എതിർപ്പുണ്ട്. ഇന്ത്യൻ കർഷകർ എന്നും ശക്തമായി പ്രതിഷേധിക്കുന്നുണ്ട്. ലോകചരിത്രത്തിൽ, ഇതുപോലെ സമാനമായ കർഷക പ്രതിഷേധ സമരവും ഉണ്ടായിട്ടില്ല": ഇത്, അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ ഒരേസമയത്ത് ലക്ഷക്കണക്കിന് കർഷകരെല്ലാം ചേർന്ന് സർക്കാരിനെതിരെ ഡൽഹിയിൽ ഒന്നിച്ചു പ്രതിഷേധിച്ചത് ഈ നൂറ്റാണ്ടിലെ ഇന്ത്യൻ ജനത നേരിട്ട മഹാദുരന്തത്തിനെതിരെയാണ്. പക്ഷെ, ഇതിനെതിരെ എത്രയെത്ര കർഷകരെത്ര എതിർപ്പ്കൾ നടത്തിയാലും, വോട്ടുനൽകുന്ന ആ സമയത്ത് ബി. ജെ. പി പാർട്ടിക്ക് ഈ കർഷകർ തന്നെ വീണ്ടുംവീണ്ടും വോട്ടു ചെയ്യും; അവരെ വീണ്ടും ' ഭരണാധികാരികൾ' എന്ന ആ സ്ഥാനത്തെത്തിക്കും. ഇനിയെങ്കിലും ജനങ്ങൾക്ക് ഒരു പ്രതിജ്ഞയും കൂടി ചെയ്തുകൂടെ.. 'ഇനിമേലിൽ ബിജെപിയ്ക്ക് ഒരു വോട്ട് നൽകുകയില്ല' എന്ന സ്വതന്ത്ര തീരുമാനം എടുക്കാൻ ? ജനങ്ങൾക്ക് നേർക്കുനേർ ഉപദ്രവികളായിട്ടുള്ള ഒരുത്തരെയും വോട്ടു ചെയ്തു ജയിപ്പിപ്പിക്കുന്നത് ഏറെ അപകടകരമാണ്. നരേന്ദ്ര മോദിയുടെ എന്നുമെന്നും നടത്തുന്ന കൊലഭീഷണി പ്രസംഗങ്ങൾ കർഷകരുടെ നാവരിയുന്ന കടുത്ത അലറിച്ചയാണ്

പ്രവാസി മലയാളികളും, സംഘടനാ താൽപ്പര്യങ്ങളും!

ഇന്ത്യയിൽ എന്നത്തേതിലും കൂടുതൽ തൊഴിൽസാദ്ധ്യതകൾ വേണ്ടുവോളം ഉണ്ടാക്കാമായിരുന്നു, പക്ഷെ, അത്തരം വികസനപ്രവർത്തനത്തിലൊന്നുമല്ല പ്രധാനമന്ത്രി  നരേന്ദ്ര മോദി സർക്കാരിന്റെ ഉദ്ദേശം. ഇന്ന് ഇന്ത്യയിൽ അനേക ലക്ഷം ജനങ്ങൾക്ക് ആവശ്യമായ പാർപ്പിടത്തിന്റെ അഭാവമുണ്ട്. ഇന്ത്യയിലെ സാമ്പത്തിക വികസനത്തിന്റെ ഏതുരംഗത്തും കനത്ത പരാജയം ഉണ്ട്. നല്ല നാളയെപറ്റിയുള്ള വളരെയേറെ പ്രതീക്ഷകളുമായി കാത്തിരിക്കുന്ന ഓരോ ജനങ്ങളെയാണ് നാം നിത്യം കാണുന്നത്. ഇപ്രകാരം ഇന്ത്യയിൽ ദുരന്തഭാവി ഉണ്ടാവണമെന്നാരും തന്നെ ഉദ്ദേശിച്ചിട്ടില്ല. എന്താണ് പക്ഷെ സംഭവിച്ചത്? ഇന്ന് ഇന്ത്യയിൽ ലക്ഷോപലക്ഷം അഭ്യസ്തവിദ്യർ തൊഴിൽ തേടി അലയുന്നു. ഏത് തൊഴിൽ ലഭിക്കുവാനും ലോകം ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രത്യേക പ്രത്യേക പരീക്ഷകളും, തൊഴിൽ ദാതാവിന് ഇന്റർവ്യുകളും, കോഴപ്പണം നൽകലും വ്യവസ്ഥകളാണ്. എന്നാലും നരേന്ദ്ര മോദിയെ വാനോളം ഉയർത്തിപ്പിടിച്ചു സമയം പാഴാക്കുന്ന അനേകം പ്രവാസികളുമുണ്ട്. ഇവരുടെ പ്രവർത്തനമേഖല യാണ് ചില പ്രവാസി മലയാളി സംഘടനകൾ. ലോകമാകെ-ജർമ്മനി, മറ്റുള്ള ചില യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക, ആസ്‌ട്രേലിയ, പേർഷ്യൻ രാജ്യങ്ങൾ ഇങ്ങനെ നിരവധിയേറെ മലയാളി അവരുടെ സംഘടനകളുമുണ്ട്. ആഗോള മലയാളിവേൾഡ് മലയാളി, ലോക മലയാളി എന്നിങ്ങനെ ഓരോ പേരുകളിൽ! വിളക്കത്തെ വെള്ളീച്ചകളാണിവർ എന്നത് യാഥാർത്ഥ്യം തന്നെ.  

ഇന്ത്യയുടെ സമ്പത് വികസനം നിലവിലുള്ള ബി. ജെ. പി സർക്കാർ കത്തിച്ചു കളഞ്ഞു. അതിലൊരു ഉദാഹരണം, ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ മാദ്ധ്യമങ്ങളിൽ വന്ന വാർത്തയാണ്. വസ്തുക്കൾ വാങ്ങുന്നയാൾ സർക്കാരിന് ഒരു നിശ്ചിത തുക നികുതിയായി നല്കണം. എന്നാൽപ്രവാസിഇന്ത്യക്കാരൻ ഇന്ത്യാക്കാരന്റെ കൈവശം വച്ചിരിക്കുന്ന ഭൂമി വിറ്റാൽ വില്പനത്തുകയുടെ ഇരുപതു ശതമാനം നികുതിയും മറ്റുഫീസുകളും സർക്കാരിന് നൽകണം. ഇന്ന് ഇന്ത്യയിൽ എത്രതരം നിയമങ്ങൾ ജനങ്ങൾക്ക് വിരുദ്ധമായി ഇന്ത്യൻസർക്കാർ ഉണ്ടാക്കിയിട്ടുണ്ട് ? ഇത്തരം നിയമങ്ങളുണ്ടാക്കി ഏതെല്ലാം തരത്തിൽ ഓരോ ഇന്ത്യൻ പൗരനെയും കൊന്നു രക്തം കുടിക്കണമെന്നാണ് വോട്ടുകൾ വാങ്ങി അധികാരത്തിൽ വരുന്നവൻ ചിന്തിക്കുന്നത്. ഇതാണോ ജനപ്രതിനിധികളും സർക്കാരും വിഭാവന ചെയ്യുന്ന പൊതുജനസമ്പത്തു വികസനം? ഇപ്രകാരം ഒരു രാക്ഷസ രാജ്യഭരണത്തിനെതിരെ പ്രവാസിമലയാളികൾ അറിഞ്ഞിട്ടും, ഏതു വിചാരത്തിൽ ഇവരും മൗനം പാലിക്കുന്നു? ഓരോരോ ഇന്ത്യൻ പൗരന്റെ നാവരിയുന്ന 'ഇന്ത്യൻ പൗരത്വനിയമം 2020 മറ്റൊരു വിചിത്ര ചിത്രമാണല്ലോ. ഇന്ന് ഇപ്രകാരമുള്ള ഏതൊരു കാര്യത്തെപ്പറ്റിയും കൂടുതലേറെ മലയാളികൾ അറിയുകയില്ല. ഇന്ത്യയിൽനിന്ന് ഏതെങ്കിലും ഒരു രാഷ്ട്രീയപ്രമുഖൻ വരും എന്നറിഞ്ഞാൽ അയാൾക്ക് സ്വീകരണം നൽകാനും അടുത്തിരുന്നു ഫോട്ടോ എടുക്കാനും ഇവർ ഇടിച്ചു കയറുന്ന രംഗങ്ങൾ കണ്ടിട്ടുണ്ട്.          

 ഇന്ത്യൻ കർഷക സമരം- അവകാശ നിഷേധം 

നടത്തുന്ന സർക്കാർ നയം.-

 ന്യുഡൽഹിയിലെ കർഷകസമരം 

  2020- )0 മാണ്ടത്തെ കൊറോണ വൈറസ് ഒരു തരത്തിൽ പാൻഡെമിക് വ്യാപനം മാത്രമല്ല, നരേന്ദ്രമോദി സർക്കാരിന്റെ നിഗൂഡ കമ്പോളസമ്പത് വ്യവസ്ഥയുടെ യും നിലവിലുള്ള സാമ്പത്തിക ശാസ്ത്ര ത്തിന്റെയും ഒരു തകർപ്പൻ പരാജയവും മാത്രമേ കാണാനുള്ളൂ. ഈ മഹാ പതന ത്തിനു പ്രധാന കാരണമായി രാഷ്ട്രീയ വൃത്തങ്ങൾ പറയുന്ന ഓരോരോ പുതിയ വ്യത്യസ്തപ്പെട്ട ന്യായങ്ങളെല്ലാം ലോകം അഭിമുഖീകരിക്കുന്ന പാൻഡെമിക്കിന്റെ ആരംഭകാലം മുതലാണെന്നതാണ്. ഇന്ത്യൻ സമ്പത് വ്യവസ്ഥ എങ്ങനെയെന്ന് ഇന്ത്യൻജനതയ്ക്ക് മനസ്സിലാക്കാൻ യാതൊരു അവസരവുമില്ല. പണം ലാഭിക്കുന്ന ഒരു സമ്പത് തത്വശാസ്ത്രത്തിൽ രാജ്യം എങ്ങനെ വികസിക്കും? അക്കാര്യം വലിയ അന്ധവിശ്വാസമായിട്ടാണ് രാജ്യത്തെ രാഷ്ട്രീയവൃത്തങ്ങൾ പ്രചരിപ്പിക്കുന്നത്. 2020-)0  വർഷം ഇന്ത്യൻ പൗരന്മാരുടെ ദുരന്ത കാലത്തിൻറെ ദിനങ്ങളാണ് ഉൾക്കൊണ്ടത്. രാജ്യത്തെ പൗരന്മാരുടെ മൗലീകാവകാശങ്ങൾ ഒന്നിനൊന്നായി ഇല്ലെന്നാക്കിയ അനേകം പുതിയ നിയമബില്ലുകൾ ഇന്ത്യൻ പാർലമെന്റ് പാസാക്കി. 

ഏറ്റവുമൊടുവിലത്തെ ദുരന്തത്തിന്റെ കണ്ണുനീരാണ് ന്യുഡൽഹിയിലാകെ ഈയിടെ ഒഴുകിയത്. ഇന്ത്യയിലെ കർഷകരുടെ ഭാവിയെ തകർത്ത നിയമം ഉണ്ടാക്കി. രാജ്യത്തെ സർക്കാർ സാമ്പത്തിക മേഖല മുഴുവൻ തന്നെ ചിലരുടെ മാത്രം സ്വന്തം ഉടമസ്ഥതയിലാക്കി. നരേന്ദ്ര മോദിയുടെ നാട്ടുകാരാണ് അവർ. ഏറെയും അംബാനിയുടെ സ്വന്തം സ്വകാര്യസ്വത്താക്കിമാറ്റി. അത് മോദിയും അംബാനിയുമായി നടത്തിയ രഹസ്യ  ധാരണയിലായിരുന്നു. ഇനിയുള്ളത് ഒരു കാർഷികരംഗവും കൂടി സ്വകാര്യവത്ക്കരിക്കുന്ന നിയമം പാസാക്കി പ്രവർ ത്തിയിലേയ്ക്ക് വരുന്ന താമസമേയുള്ളു, ഇന്ത്യയിലെ ജനങ്ങളാഗ്രഹിച്ചിരുന്ന സ്വാകാര്യസാമ്പത്തിക വികസനത്തിന്റെ തകർച്ചക്ക് ആരംഭം ഉണ്ടാകുവാൻ. എങ്കിൽ, അധികം താമസിയാതെതന്നെ ഇന്ത്യയിൽ പട്ടിണി മരണങ്ങളുടെയും ,ആത്മഹത്യകളുടെയും, നിത്യസംഭവങ്ങളുടെ ദീനരോദനം നാം നിത്യവും കേൾക്കേണ്ടിവരും, തീർച്ചയാണ്. നരേന്ദ്രമോദിയെന്ന ചരിത്രത്തിലെ രണ്ടാം അഡോൾഫ് ഹിറ്റ്ലർ നടത്തുന്ന നരവേട്ടയെ ആർക്ക് പ്രതിരോധിക്കാൻ ഇന്ന് കഴിയും ?.     

ഇത്തരം വിശ്വാസം ഇന്ത്യയിൽ മാത്രമല്ല, മറ്റുചില രാജ്യങ്ങളിലും സാമ്പത്തിക തകർച്ചയുടെ വക്കിലായിരുന്നു. അതായത് ഉത്പാദനം കുറയുന്നു, വരുമാനം കുറയുന്നു, അങ്ങനെ എല്ലാം അതിനനുപാതകമായി ചുരുങ്ങുന്നു. ഈ വത്സരം തുടങ്ങിയതുമുതൽ ലോകസാമ്പത്തിക വ്യവസ്ഥിതിയിലും ഒരു ദശകത്തിലെ സാമ്പത്തിക തകർച്ചയുടെ ഒരു ഞെട്ടലിൽ ആയിരുന്നുവെന്നു സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. അതിനു ചില അടയാളങ്ങളായിരുന്നു, ജർമ്മൻ സാമ്പത്തിക പ്രതിസന്ധിയുടെയും, മറ്റുള്ള അജണ്ട ഉപേക്ഷിക്കലും പിടിവാശി എന്ന നിലയിൽ ഉണ്ടായത്. ചില രാഷ്ട്രീയവൃത്തങ്ങൾ അതിനേറെ പ്രചാരണം നൽകുകയും ചെയ്തു. വികസനകാര്യത്തിൽ എല്ലാ മേഖലകളും ചുരുങ്ങുമെന്നു അവർ പ്രസംഗിച്ചു. അവരുടെ കാഴ്ചപ്പാടിൽ പൊതുവിതരണം, ജനനനിരക്ക്, ജനസംഖ്യയുടെ കുറവ്, ആഗോളവത്ക്കരണം ഇവയെല്ലാം പൊതുവെ വളരെ അധികം ചെലവ് കൂടിയതുമാണ് എന്നവർ വാദിച്ചുകൊണ്ടിരുന്നു

കൊറോണ പാൻഡെമിക്കിന്റെ വ്യാപ നം രൂക്ഷമായതോടെ തൊഴിൽ രംഗം, വ്യവസായമേഖലകൾ, മറ്റുള്ള വിവിധ സാമ്പത്തിക വികസനസാദ്ധ്യതകൾ ഇവയ്ക്ക് സാരമായ മാന്ദ്യം സംഭവിച്ചു വെന്ന് സർക്കാരും പൊതുജനങ്ങളും ഒരുപോലെ മനസ്സിലാക്കി. അനേകം പേരുടെ ജോലികൾ നഷ്ടപ്പെട്ടു. ഭരണ കർത്താക്കൾ ഇന്ത്യൻ പൗരന്മാരുടെ സാമൂഹിക ജീവിതത്തിനു എതിരായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അപ്പോൾ തൊഴിൽ രംഗം, സാമ്പത്തികരംഗം, ആരോഗ്യരംഗം, ആചാരങ്ങൾ എന്നിങ്ങനെ എല്ലാമേഖലകളും ചുരുങ്ങി. ആ ഓരോ നിയന്ത്രണങ്ങളും ക്രമങ്ങളും പ്രായോഗികമായി ഇവയെല്ലാം എന്താണ് അർത്ഥമാക്കുന്നത് എന്ന കാര്യങ്ങൾ ചുരുങ്ങിയ അക്കങ്ങളിൽ നിന്ന് നമുക്ക് ഊഹിക്കാൻ കഴിയുമോ? പൊതുവായി അവയ്ക്ക് എന്തായാലും എല്ലാം വലിയ വിഡ്ഢിത്തമാണെന്നു കരുതുന്ന വിവിധ അഭിപ്രായങ്ങൾ ചില സാമ്പത്തിക വിദഗ്ധരുടെ ഭാഗത്തുനിന്നും പുറത്തുവരുന്നു. തീരാൻ പോകുന്ന പാൻഡെമിക് വർഷത്തിന്റെ ആരംഭം മുതൽ ഉണ്ടായ വിവിധ തരത്തിലുള്ള ജീവിതത്തിലെ പ്രതിസന്ധികൾക്ക് അടുത്ത വർഷങ്ങളിൽ എത്രമാത്രം മാറ്റങ്ങൾ വരുമെന്ന് രാജ്യഭരണാധികാരികൾ പ്രവചിക്കുന്നത് എന്തുകൊണ്ട്?  ഈ ശതാബ്ദത്തിന്റെ മാരകമായ ഒരു നിഗമനമല്ലേ അത്തരം പ്രവചനങ്ങൾ ? ലോകമൊട്ടാകെയുള്ള എല്ലാവരുടെയും ജീവരക്ഷയ്‌ക്കുതകുന്ന വാക്സിൻ വേഗത്തിൽ എല്ലായിടത്തും പ്രചാരത്തിലാക്കുവാൻ ലോകരാഷ്ട്രങ്ങളും ആരോഗ്യശാസ്ത്ര ഗവേഷകരും അതിവേഗപരിശ്രമംനടത്തിയെന്നത് മനുഷ്യരാശിക്ക് മുഴുവൻ ആശ്വാസമാണ് .എത്രയുംവേഗം പാൻഡെമിക് വ്യാപനം നിയന്ത്രിക്കാനാകുമെന്നു തന്നെയാണ് ലോകം കാത്തിരിക്കുന്നത് 

നിഗമനങ്ങളും പ്രവചനങ്ങളും; ജനപ്പെരുപ്പം-

ലോകമൊട്ടാകെ രാജ്യഭരണാധികാരികൾ പ്രവചനങ്ങളും നിഗമനങ്ങളും എത്ര മനോഹരമായി അവതരിപ്പിക്കുന്നു! ഇന്ത്യ, അമേരിക്ക, തുടങ്ങിയ നിരവധി രാജ്യങ്ങളിലെ ഭരണകർത്താക്കൾ ഈ ദുരന്തകാലത്തു ജനങ്ങളിലേക്ക് ഏറെ പ്രതീക്ഷകളുടെ വാഗ്ദാനങ്ങൾ നൽകി. ജനങ്ങളിലെ പ്രതീക്ഷകൾ തുടക്കം മുതലേ ഇടുങ്ങിയതായിരുന്നു. ഇന്ത്യയിലെ ജനസംഖ്യാ വികസനത്തിന്റെ ഔദ്യോഗിക കണക്കുകളിലേതുപോലെ, വ്യക്തമായി ഒന്നും കാണാനാകില്ല. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ വർദ്ധനവിന്റെ വളർച്ചയെക്കുറിച്ചുള്ള ഔദ്യോഗിക കണക്കുകളിലേതുപോലെതന്നെ, വ്യക്തമായി ഒന്നും നമുക്ക് കാണാൻ കഴിയില്ല. എല്ലാ പ്രതീക്ഷകൾക്കുമെതിരെ ഇന്ത്യയിൽ ജനനനിരക്ക് ഉയർന്നു. പട്ടിണിപ്പാവങ്ങളുടെ എണ്ണം വർദ്ധിക്കുന്നു. എന്നാലും നരേന്ദ്രമോദി പ്രഖ്യാപിക്കുന്നു, വേൾഡ് എക്കണോമിക് ലീഗ് ടേബിൾ എന്ന പ്രസ്ഥാനത്തിന് കൂട്ടുപിടിച്ചു , "ഇന്ത്യ ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന്". സമാന്തരമായി ഇന്ത്യ പട്ടിണിയുടെ ഒന്നാം സ്ഥാനത്തേയ്‌ക്കെത്തും.

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞു. പുതിയ തുടക്കത്തിൽ പ്രതീക്ഷകൾ എത്ര ഇടുങ്ങിയതായിരുന്നെന്നു ചരിത്രസാക്ഷ്യം പറയുന്നു. അക്കാലത്തെ ജർമ്മൻ ജനസംഖ്യാ വികസനത്തിന്റെ കണക്കെടുപ്പിന്റെ ഔദ്യോഗിക രേഖകളിലെ കണക്കുകളിൽ നിന്നും ഒന്നും വ്യക്തമായി കാണാൻ കഴിയില്ല.  ഇപ്പോഴുള്ള അധികാരികളുടെ കാഴ്ചപ്പാട്. അതിനാൽ 2010-ൽ ജർമ്മൻ ഫെഡറൽ സ്റ്റാറ്റിസ്റ്റി ക്കൽ ഓഫീസ് പ്രവചിച്ച ഒരു പ്രവചനം പറഞ്ഞതിങ്ങനെ:" 2020-ആകുമ്പോൾ രാജ്യത്തെ ആളുകളുടെ എണ്ണം വെറും 79. 9 ദശലക്ഷമായി കുറയും". അതെത്ര തെറ്റായ പ്രവചനം ആയിരുന്നുവെന്ന് കൃത്യമായി അറിയാൻ കഴിയുന്നുവെന്ന് സ്ഥിരീകരിക്കുന്നുണ്ട്. വാസ്തവത്തിൽ 83 ദശലക്ഷത്തിലധികം ആളുകൾ ഇന്ന് ജർമ്മനിയിൽ താമസിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്. കൂടാതെ അഭയാർത്ഥികൾ കാരണം, ഈ കണക്ക് ഒരു ചെറിയ പരിധിവരെ മാത്രമാണ് കൂടുതൽ ഉള്ളത്. അത് ഏതാണ്ട് 166000 ലേറെയും വരും. നിരവധിയാളുകൾ, ഭാഗികമായി പ്രതിസന്ധി നിറഞ്ഞ തെക്കൻ യൂറോപ്പിൽനിന്നും മുൻകാലത്തെ പ്രതിസന്ധി കേന്ദ്രമായ ജർമ്മനിയിലേക്ക് കുടിയേറി. ഇത് മറ്റൊരു വിധത്തിൽ പറഞ്ഞാൽ, 2010 ലെ കണക്കുകളേക്കാൾ ഏകദേശം 3.5 ദശലക്ഷം കൂടുതൽ ആളുകൾ ഈ രാജ്യത്തു 2020 കാലഘട്ടമായപ്പോൾ താമസിക്കുന്നു.

ആളുകൾ കൂടിയപ്പോൾ ആവശ്യങ്ങളും കൂടുതലായി, വരുമാനവും വർദ്ധിച്ചു. ഗതാഗതസൗകര്യം വർദ്ധിപ്പിച്ചു. അതനുസരിച്ചു റെയിവേ വരുമാനം കൂടുതൽ ലഭിച്ചുവെന്നാണ് സർക്കാർ വെളിപ്പെടുത്തുന്നത്. സ്വകാര്യവാഹനങ്ങളുടെ എണ്ണം കൂടുതൽ വർദ്ധിച്ചു. അതുപോലെ തന്നെയാണ് ആഭ്യന്തര പ്രതിശീർഷ ഉത്പാദനവും ഏറെ വർദ്ധിച്ചു. എന്നാൽ വ്യവസായരംഗത്ത് 2010 കാലഘട്ടം മുതൽ ഉത്പാദനശേഷി കുറെ മന്ദീഭവിപ്പിച്ച അനുഭവം ഉണ്ടായതായി ജർമ്മൻ തൊഴിൽ സംഘടനകൾ പറയുന്നുണ്ട്. നിർമ്മാണരംഗത്തുള്ള ആവശ്യമായ കണക്കനുസരിച്ചു എട്ടു ലക്ഷം ആളുകൾ കുറവുണ്ടെന്ന് അവർ പറയുന്നുണ്ട്. അത് വികസനം ചുരുങ്ങുന്നതിനു കാരണം തന്നെയാകുമല്ലോ എന്ന വിധിക്ക് മുൻതൂക്കമുണ്ട് .

അഭയം തേടിയുള്ള കുടിയേറ്റം: 

അഭയം തേടിയുള്ള മനുഷ്യ കുടിയേറ്റം 2020- ൽ  കുറഞ്ഞു വരുന്നുവെന്നാണ് ജർമ്മനിയുടെ എമിഗ്രേഷൻ വകുപ്പിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്ന വിവരം. എന്നാൽ പഠനത്തിനും തൊഴിലിനുമായിട്ട് കൂടുതലാളുകൾ ജർമ്മനിയിലേക്ക് വന്നെത്തുന്നുണ്ടെന്നാണ് എമിഗ്രേഷൻ വകുപ്പ് പറയുന്നത്. ജർമ്മനിയിലേക്ക് വരുന്ന ആളുകളുടെ എണ്ണം കഴിഞ്ഞ ഒരുവർഷമായിട്ട് വളരെ സ്ഥിരമായിട്ട് തുടരുന്നു. അതേസമയത്ത് കഴിഞ്ഞ രണ്ടുവർഷത്തെ കാലാവധിക്കുള്ളിൽ ഉണ്ടായിട്ടുള്ള തിരിച്ചുപോകുന്നവരുടെ എണ്ണവും ഇന്ന് വരുന്നവരുടെ എണ്ണവും കണക്കാക്കിയാൽ 2018 മുതൽ ഇന്നുവരെയുള്ള കുറവ് 1. 7 ഉണ്ടായിട്ടുണ്ട്. 1.2 ദശ ലക്ഷം ആളുകൾ രാജ്യം വിട്ടുപോയി എന്ന് ജർമ്മൻ എമിഗ്രേഷൻ അധികൃതർ പറയുന്നു.

സഞ്ചാര സ്വാതന്ത്യത്തിന് അർഹതയുള്ള യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ഫെഡറൽറിപ്പബ്ലിക്ക് ജർമനി ഇപ്പോഴും എപ്പോഴും ആകർഷകമായ രാജ്യമാണ് .അതിനാൽത്തന്നെ കുടിയേറ്റത്തിന്റെ മൂന്നിൽ രണ്ട്‌ ഭാഗത്തിനും ജർമ്മനി ഒരു ലക്ഷ്യസ്ഥാനമാണ്. ഇന്ന് കുടിയേറ്റക്കാരിൽ പ്രധാനമായി റുമേനിയക്കാർ, പോളണ്ട്, ബൾഗേറിയ, എന്നാൽ അഭയാർത്ഥികളായി സിറിയക്കാർ ഏറ്റവും മുമ്പിലായിരുന്നു. പ്രാരംഭത്തിൽ അഭയാർത്ഥി അപേക്ഷകരിൽ 27.6 ശതമാനം സിറിയക്കാരാണ്. അതുപോലെ ഇറാക്ക് തുർക്കിയേക്കാൾ രണ്ടാം സ്ഥാനത്തും എത്തി. 2020-)0 മാണ്ട് ആരംഭത്തിൽ മുതൽ കൊറോണ പാൻഡെമിക് വ്യാപനം അഭയാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്നതിലേയ്ക്ക് നയിച്ചെന്നുള്ളത് കുറെ വസ്തുതയാണ്. ഐക്യരാഷ്ട്ര സഭ പോലും അത് ശരിവച്ചിട്ടുള്ള കാര്യവുമാണ്. അതിന്റെ അനന്തരഫലങ്ങളിപ്പോൾ കാണാൻ കഴിയുന്നുണ്ടെന്ന് ജർമ്മൻ ഭരണകൂടം സമ്മതിക്കുന്നു. അതുപോലെയാണ്, അറ്റ്ലാന്റിക് സമുദ്രത്തിലെ സ്പാനിഷ് പ്രദേശത്തിലും കുടിയേറുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ആഗോള പാൻഡെമിക് ദുരന്തത്തിന്റെ ഒരടയാളമാണ്. അതുപോലെതന്നെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കൊറോണ പാൻഡെമിക്കിന്റെ പേരിലുണ്ടാകുന്ന അനേകം കുടിയേറ്റങ്ങൾ നടത്തുന്നതിനെതീരെ  ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ നടപടിയെടുക്കുന്നുണ്ട്. അതുപക്ഷേ പല വിമർശങ്ങളും പിറകെ ഉണ്ടാകുന്നു. കടലിൽക്കൂടിയുള്ള കുടിയേറ്റം അനേകം ആളുകളുടെ മരണം ഉണ്ടാകുവാൻ കാരണമായി. ജർമനിയുൾപ്പടെയുള്ള രാജ്യങ്ങൾ കുടിയേറ്റ നയം രാജ്യങ്ങളുടെ നിയമാനുസൃതമായ വഴിയിലാക്കാൻ ആലോചിക്കുന്നുണ്ട്. 2020 പാൻഡെമിക് വർഷമായി ഇതുവരെയും പരിഹാരം കാണാത്ത ദുരന്തമായി കാണുകയാണ്. അടുത്തവർഷം എങ്ങനെ ആയിരിക്കുമെന്ന് പ്രവചിക്കുവാൻ കഴിയുകയില്ല.

പാൻഡെമിക് യുദ്ധവും തൊഴിൽ പ്രശ്നവും -

2020 കാലഘട്ടമായപ്പോഴേയ്ക്കും എല്ലായിടത്തും സമ്പത്ഘടന കുതിച്ചുയരുന്ന അടയാളങ്ങൾ ഉണ്ട്. പൊതുസ്ഥാപനങ്ങൾക്ക് വേണ്ടിയ കെട്ടിടങ്ങൾ പത്തു വർഷങ്ങളിലേതിനേക്കാൾ കൂടുതൽ കൂടുതൽ നിർമ്മിച്ചിട്ടുണ്ട്. ജർമ്മനിയിൽ സംസ്ഥാനങ്ങൾ അതിനുവേണ്ടി ശ്രദ്ധിച്ചു. ഇന്ന് പൊതുസേവനമേഖലകളിൽ കൂടുതൽ ആളുകൾക്ക് തൊഴിൽ അവസരങ്ങൾ ലഭിക്കുന്നുണ്ട്. സമ്പത് നില വർദ്ധിക്കുകയും ചെയ്തു. അതിനാൽ സിവിൾമേഖലകളിൽ (സ്വകാര്യ) ഇപ്പോൾ നിർമ്മാണത്തൊഴിലാളികളോ, കരകൗശല തൊഴിലാളികളോ കുറവാണെന്ന് റിപ്പോർട്ടുണ്ട്. അതുപോലെ കഴിഞ്ഞ കാലങ്ങളിലേതിനേക്കാൾ കൂടുതലേറെ ചെറുപ്പക്കാർക്ക് വിദഗ്ധ ട്രേഡുകളിൽ പരിശീലനം നൽകുന്ന പദ്ധതി നന്നായി പോകുവാൻ കഴിഞ്ഞില്ലെന്നു അധികൃതർ പറയുന്നുണ്ട്. ആരോഗ്യരംഗത്തും പാളിച്ചകൾ സംഭവിച്ചുവെന്നുള്ള യാഥാർത്ഥ്യം പരക്കെ പ്രസിദ്ധമാണ്. രോഗം വന്നു, ആശുപത്രികളിൽ പ്രവേശിക്കുന്നവർ ഇടനാഴികളിൽ കിടക്കുമ്പോൾ ആശ്ചര്യപ്പെടേണ്ടതില്ല. ഇപ്പോൾ കൊറോണ പാൻഡെമിക്ക് പൊട്ടിപ്പുറപ്പെട്ടത് ഒരു യുദ്ധകാല അവസ്ഥ ഉണ്ടായതുപോലെയാണെന്നു ജനങ്ങൾ പറയുന്നു.

സമൃദ്ധിയുടെ ഒരു കുറവ് കാണിക്കുന്ന ഘടകം രാജ്യത്തെ സമ്പത് വ്യവസ്ഥ ആണല്ലോ. ജനങ്ങളുടെ സാമ്പത്തിക നില ചുരുങ്ങുന്നുവെന്നു പറയുന്നുണ്ട്. അത് പക്ഷെ ജർമ്മൻ ജനത എത്രമാത്രം ചുരുങ്ങി ജീവിച്ചിട്ടുള്ളവരാണെന്നും അവർക്ക് അറിയാം. അങ്ങനെ മെച്ചപ്പെട്ട സാമ്പത്തിക വ്യവസ്ഥയുടെ പൊതു വികസനത്തിന് കൂടുതൽ ആളുകൾ രാജ്യത്തേയ്ക്ക് കടക്കുമെന്ന്, അല്ലെങ്കിൽ കൂടുതലേറെ ആളുകളും സാമ്പത്തിക ഉത്പാദനത്തിനായി ഏറെ ശ്രദ്ധയോടെ പണിയേണ്ടിവരുമെന്നും ഇവർ മുൻകൂട്ടി കണ്ടിരുന്നു. അതപ്രകാരം തന്നെയും സംഭവിച്ചിരുന്നു. അങ്ങനെയാണ് ജർമ്മനിയിലേക്ക് അനേകമാളുകൾ കടന്നു വന്നത്. അപ്പോൾ, രാജ്യത്തിന്റെ സാഹചര്യത്തിനനുസരിച്ചു പ്രവർത്തിക്കുന്ന ഒരു മറു ധനനയം ജർമ്മൻ രാജ്യത്തിന് മാരകമായ തളർച്ച ഉണ്ടാക്കും. ഇപ്പോൾ അനേകം രാജ്യങ്ങളിൽ എവിടെയും, ധനശേഷിയുടെ അഭാവത്തെ കൂടുതൽ കാണാനുണ്ട്. അത് ഏതുരാജ്യത്തെ അധികാരികളിലായാലും, ഏത് രാജ്യത്തെ നിർമ്മാണവ്യവസായ മേഖലകളിലായാലും പ്രകടമായി കാണപ്പെടുന്നു. 2020 ഇതിനെല്ലാം സാക്ഷിത്വം നിൽക്കേണ്ടതായി വന്നു.

പുത്തനാണ്ട്- വൈകല്യങ്ങൾ തിരുത്തലുകളുടെ കാലം?

2020 ലെ പാൻഡെമിക് വ്യാപനവും പ്രതിസന്ധികളും ജനലക്ഷങ്ങൾ നേർക്ക് നേർ നേരിട്ടതായ മരണ- ഭയവികാരങ്ങളുടെ ഭയപ്പെടുത്തുന്ന ദിനരാത്രങ്ങളും, ഉണ്ടായി. അതിനാൽ അവയ്‌ക്കെല്ലാം പരിഹാരവും കണ്ടുകൊണ്ട് പുതിയ നല്ല ഭാവിക്കുവേണ്ടി ഇപ്പോൾ മുതൽ മുൻ വൈകല്യങ്ങളുടെ തിരുത്തലിലാണ് ശ്രദ്ധിക്കേണ്ടത്. ഇതിൽനിന്നു പാഠങ്ങൾ പഠിക്കാനും അടുത്ത ഒരു ദശകത്തെ വെളിച്ചപൂർണ്ണമാക്കി മാറ്റാനും ഒരു പുതിയ ജീവിതത്തിന്റെ അടിത്തറയുടെ മുദ്രാവാക്യത്തിന് വിധേയമാക്കാനും, ലോകരാജ്യങ്ങളും, ഭരണാധികാരികൾ എല്ലാവരും അതിനു സമയമായെന്ന പുതിയ പ്രതിജ്ഞ എടുക്കുകയുമാണ്, 2021 മുതൽ തുടങ്ങുന്ന അടുത്ത ഒരു ദശകത്തിന് അവശ്യമായത്. വൈകല്യങ്ങൾ ഇല്ലാതാക്കുക. അഥവാ കുറെ കൂടുതൽ മനോഹരമായി പറഞ്ഞാൽ, ഭാവിക്ക് യോജിച്ച നവീകരണം, നിരവധി പോരായ്മകൾക്ക് പരിഹാരം കാണുന്ന ഒരു വലിയ നവോത്ഥാനം.. അത് സാധിക്കേണ്ട ഒരു വലിയ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥയുടെ പുനർ നിർമ്മാണം ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

കഴിഞ്ഞ ഒരു ദശകമായിട്ട് നിരവധി പോരായ്മാകൾ പരിഹരിക്കാൻ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും, കാത്തിരുന്ന കുറെ നിക്ഷേപപദ്ധതികൾക്ക് വർഷങ്ങൾ എടുക്കുന്നുണ്ട്. നിർമ്മാണാവശ്യങ്ങളും അതിനോട് ബന്ധപ്പെട്ട ഏതാവശ്യങ്ങളും കൂടുതൽ സൃഷ്ടിക്കപ്പെട്ടുവെങ്കിൽ, അതായത് കുടുങ്ങി കിടക്കുന്ന, പഴയ ദശകത്തിലെ ചുരുങ്ങിപ്പോയ, അഥവാ ഇപ്പോഴും ചുരുങ്ങിക്കൊണ്ടിരിക്കുന്ന ചില കമ്പനികൾക്കോ പണസഹായം നൽകി, പുതിയ ശേഷികളിലേക്കും കൂടുതൽ ജോലികളിലേക്കും തിരികെ കൊണ്ടുവരാൻ കഴിഞ്ഞാൽ, അപ്പോൾ ആവശ്യങ്ങൾ കൂടും, അതങ്ങനെയും തന്നെ തുടരും. ഇപ്പോൾ അവസാനിക്കുന്ന ഒരാണ്ടിന്റെ, അതിലുമുപരിയായി ഇപ്പോഴവസാനിക്കുന്ന ഒരു ദശാബ്ദത്തിന്റെ, കൂടുതൽ മെച്ചമായി പറഞ്ഞാൽ വരുന്ന മറ്റൊരു ദശാബ്ദത്തിന്റെ ആരംഭത്തിനുതൊട്ടു മുമ്പ് നമ്മുടെ പുത്തൻ പ്രതീക്ഷകളേക്കാൾ, ഒരു ദശാബ്ദത്തിനുള്ളിൽ, അതായത് 2030- ആണ്ടുകാലം തുടങ്ങുന്നത് വരെ കൂടുതൽ വികസനസാദ്ധ്യതകൾ ഉണ്ടാകാം. ഉണ്ടാക്കാം. മാത്രവുമല്ല, ജനസംഖ്യയിൽ വർദ്ധനവ് ജർമ്മനിയിലും പ്രതീക്ഷിക്കാമെന്ന് കഴിഞ്ഞ വർഷങ്ങളിൽ കണ്ട വളർച്ചയെക്കുറിച്ചു പിറകോട്ടു നോക്കിയാൽ മനസ്സിലാക്കാം. പത്തുവർഷത്തെയ്ക്ക് ഓരോ രാജ്യങ്ങളിലും വികസനത്തിന് എതിരായിരുന്ന ഘടകങ്ങളെയെല്ലാം മാറ്റിനിറുത്തി, സമ്പാദ്യത്തിന്റെ കുറെ പിടിവാശിയോട് വിട പറയാനും, അടുത്ത പത്തുവർഷത്തെ വികസനത്തിന് അനുയോജ്യരീതിയിൽ നിക്ഷേപം നടത്തുവാനും, ഇപ്പോൾ സമയമായിട്ടുണ്ട്. ഇത്തരത്തിലുള്ള വികസനത്തിനുവേണ്ടിയുള്ള മികച്ച നിക്ഷേപം ഓരോരോ രാജ്യങ്ങളും നടത്തേണ്ടതാണെന്നുള്ള അറിവും ഉത്തരവാദിത്തബോധവും ലോകരാജ്യങ്ങൾ കൈപ്പിടിയിൽ ഒതുക്കിയിട്ടുള്ള എല്ലാ ഏകാധിപതികളും ചിന്തിക്കണം. ഈ നൂറ്റാണ്ടിൽ ജനാധിപത്യം അപകടത്തിലേക്ക് നീങ്ങുന്നത് എപ്രകാരമാണെന്ന് ജനങ്ങൾ മനസ്സിലാക്കേണ്ടതിനു ഒരു സമയമായി. "പൊതു ജനങ്ങളുടെ മേലുള്ള ആധിപത്യത്തെയല്ല" ജനാധിപത്യം എന്ന് വിളിക്കുക. നന്മ നിറഞ്ഞ പുത്തനാണ്ടിനെ സ്വീകരിക്കാൻ നമ്മുടെ ഹൃദയം പ്രതീക്ഷകളുടെ പൂച്ചെണ്ടുമായി കാത്തിരിക്കാം.//-

-------------------------------------------------------------------

 Browse and share: https://dhruwadeepti.blogspot.com 

 ഈ  ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

ധൃവദീപ്തി  ഓണ്‍ലൈൻ
 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.