Samstag, 9. Januar 2021

DRUWADEEPTI // Religion // ക്രിസ്ത്യൻ സഭകൾ മതമൗലികവാദികളുടെ തടവിൽ ?// ജോർജ് കുറ്റിക്കാട്ട് -


 -ക്രിസ്ത്യൻ സഭകൾ മതമൗലിക വാദികളുടെ തടവിൽ ?-

/ ജോർജ് കുറ്റിക്കാട്ട് -   

കേരളത്തിലും ലോകമെമ്പാടും ക്രിസ്ത്യൻസഭകളോരോ മതമൗലികതയുടെ വിഭാഗമായി മാറാനുള്ള വഴിയിലാണെന്നു ആദ്യമേ പറയട്ടെ. കാലങ്ങളായിട്ട് കേരളത്തിൽ ചില ക്രിസ്ത്യൻസഭാനേതൃത്വങ്ങളും, കത്തോലിക്കാസഭയിലെ നേതൃത്വങ്ങളും തമ്മിൽത്തമ്മിലും ചേർന്ന്, ക്രിസ്തീയ വിശ്വാസികളെയാകെ ഇരുളിന്റെ ആഴങ്ങളിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയിക്കൊണ്ടിരിക്കുന്നു. നിരവധിതരത്തിലുള്ള ദുരുപയോഗങ്ങളുടെ ആരോപണങ്ങൾ ഉണ്ടായിട്ടും അവയെല്ലാം മറച്ചുവയ്ക്കുകയും ചെയ്യുകയാണ്. എന്നാൽ അവയെക്കൂടാതെ വർത്തമാനകാലത്ത് ചില സഭയിലുണ്ടായിട്ടുള്ള നിരവധി ഗുരുതരപ്രശ്നങ്ങൾ മൂലം വത്തിക്കാൻ പോലും പരാജയപ്പെടുന്നു. ഈ വിധമുള്ള അഭിപ്രായങ്ങൾ മാർപാപ്പ പോലും അടുത്ത കാലത്ത് ശക്തമായ ഭാഷയിൽ ചില മുന്നറിയിപ്പ് നൽകിയിട്ടുള്ള കാര്യങ്ങളാണ്.

സഭ ഇക്കാലത്തു കുരിശ് വഹിക്കുകയാണ്. കത്തോലിക്കാ സഭയിൽ ഇരുണ്ട കാലമാണ്. നിലവിലിരിക്കുന്ന അനേകം സംവാദങ്ങളിൽപ്പെട്ടു കഴി യുന്ന കത്തോലിക്കാ സഭയ്ക്ക് പ്രത്യേകമായിട്ട്, ഇന്ത്യയിൽ, അത്തരമുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തിയ അനേകം സംഭവങ്ങൾ ഉണ്ടായി. അതിനാൽ കാലത്തിന്റെ ചില അടയാളങ്ങൾക്ക് സഭാനേതൃത്വം അടിയന്തിരമായി ഒരു വ്യാഖ്യാനവും വിശദീകരണവും നൽകേണ്ടതാവശ്യമാണ്. എന്നാൽ സഭയ്ക്ക് അതിലും ഒട്ടും വലിയ വിശ്വാസമില്ല. ഏറ്റവും അടുത്തകാലങ്ങളിൽപ്പോലും കേരളത്തിൽ സഭയിൽ മെത്രാന്മാരും പുരോഹിതരും ഉൾപ്പെട്ടിരുന്ന അനേകം പ്രശ്നങ്ങൾ സഭാസമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. അതുപക്ഷേ നിലവിലുള്ള ചില വെല്ലുവിളികളെക്കുറിച്ചു സഭാനേതൃത്വങ്ങളിൽ നിന്ന് ഉത്തരവാദിത്ത്വമുള്ള വിശദീകരണങ്ങളൊന്നും കേൾക്കാൻ കഴിഞ്ഞിട്ടില്ല. അത് കഴിയാത്തതിൽ അതിശയിക്കാനുമില്ല. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ക്രൈസ്‌തവ സഭകളെ അനുനയിപ്പിക്കാൻ നേരിട്ടിറങ്ങി എ ഐ സി സിയു ടെ  പ്രതിനിധി താരിഖ് അൻവർ കർദ്ദിനാൾ മാർ ക്ലീമിസുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. സഭയിലെ പ്രശ്നങ്ങളെക്കുറിച്ചു വിശദ ചർച്ച നടത്തിയത് കേരള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അപ്പോൾ ഒരു വലിയ സംശയമുണ്ട്, ആരാണിങ്ങനെയുള്ളവരുടെ വാക്കുകൾ  മാത്രം വിശ്വസിക്കാൻ ആഗ്രഹിച്ചത് എന്ന് ? സഭകളിൽ ഇന്ന് സത്യത്തിന്റെ വെളിച്ചം വീശുന്നതിനുപകരം പ്രതിനിധികളായവർ കരിമ്പട്ടയ്ക്കും അതു പോലെയേത് തരം കാര്യങ്ങളും മറച്ചുവയ്ക്കുന്നതിലും ആത്മവീര്യമടങ്ങിയ ഉത്തരവാദികളാണെന്ന് അടുത്ത കാലങ്ങളിൽ സഭാംഗങ്ങൾ വിശദീകരിച്ചു തുടങ്ങി. സഭാ നേതൃത്വങ്ങളുടെ സ്വയം സംരക്ഷണവും ഇതിനെല്ലാം പൂർണ്ണ കാരണമായിരിക്കും. സഭയുടെ ഇന്നത്തെ സാധാരണ പ്രവർത്തനങ്ങളെയും ആവശ്യപ്പെടലുകളെയും നിരീക്ഷിക്കുന്നവർ അവശ്യ നിർദ്ദേശങ്ങൾ പലതും പറയുന്നത് സഭാനേതൃത്വം ചെവിക്കൊള്ളൂന്നില്ലയെന്ന പരാതി ഉയരുന്നുണ്ട്. അപ്പോൾ ഒരു കാര്യം വ്യക്തമാണ്, കാലത്തിന്റെ അടയാളങ്ങൾ സമൂഹം സത്യസന്ധമായി തിരിച്ചറിയുകയെന്നത് തന്നെ സമൂലമായ പരിവർത്തനവും മാനസാന്തരവുമാണെന്ന് അവർ ഏറെയൊന്നും അറിയാൻ ആഗ്രഹിക്കുന്നില്ല. ഉത്തരവാദിത്വമുള്ളവരുടെ പിന്തിരിയൽ മനഃസ്ഥിതി ഒരു ശിക്ഷയായിട്ടാണ് അത് അർത്ഥമാക്കേണ്ടത്. ഒരു നല്ല ലക്ഷ്യത്തിലെത്താൻ കഴിയാത്ത ഓരോ പാതകളെക്കുറിച്ചുള്ള നല്ല പ്രതീക്ഷകൾ വിശ്വാസികളിൽ ഉണർത്തുന്നതിനു പകരം, ഫലപ്രദമായ കാര്യങ്ങൾ ചെയ്യുന്നതിൽ അർത്ഥമുണ്ടെന്നു നേതൃത്വം മനസ്സിലാക്കണം. കൊറോണ പ്രതിസന്ധിയിലും സഭകളുടെ നടപടികൾഏത് വിധമെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതായിരുന്നു. പാൻഡെമിക് സാഹചര്യങ്ങൾ നോക്കി സേവനവും സംരക്ഷണവും യോജിച്ച രീതിയിലായിരുന്നോ എന്നത് ചില നിരീക്ഷങ്ങളിൽ നിരീക്ഷകർ അഭിപ്രായപ്പെട്ടതിങ്ങനെ : "ഇത് ക്രിസ്ത്യൻ സുവിശേഷത്തിന്റെ യഥാർത്ഥ സന്ദേശത്തെ മുക്കിക്കൊല്ലാൻ ഭീഷണിപ്പെടുത്തുന്നു, അടിയന്തിര സമൂല പരിഷ്ക്കരണമില്ലാതെ സഭ ഒരു ഫണ്ടമെന്റൽ മൗലീകവാദ വിഭാഗമായി അധഃപതിക്കും". 

ക്രിസ്ത്യൻ സഭകളിൽ ഈയിടെ കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന തർക്കങ്ങളുടെ പേരിൽ ഉണ്ടായിട്ടുള്ള പോലീസ്-കോടതി നടപടികൾ വളരെ ഒട്ടും സന്തോഷമുണ്ടാക്കുന്നകാര്യങ്ങളല്ല. ഇന്ന് കേരള സഭയുടെ കാര്യത്തിൽ ഓർത്തഡോക്സ് -യാക്കോബൈറ്റ്സ് സഭാതർക്കങ്ങൾ, സീറോമലബാർ സഭാ തർക്കവിഷയങ്ങൾ, സഭയിലെ കോൺഗ്രിഗേഷണലുകളിൽ നിത്യസംഭവമാ കുന്ന തർക്കങ്ങളും കോടതി നടപടികളും, എല്ലാം സഭാവിശ്വാസികളെയും നേതൃത്വങ്ങൾക്കൊപ്പം പങ്കുകാരാക്കുന്ന പ്രവണതകൾ, സഭാതലങ്ങളിലിന്നും നടക്കുന്നത് ന്യായീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങൾ കേരളത്തിൽ മാത്രം നടക്കുന്ന കാര്യങ്ങളുമല്ല. യൂറോപ്പിലും അമേരിക്കയിലും മറ്റു ചില രാജ്യങ്ങളി ലും പുരുഷമേധാവിത്തം സഭയിൽ ശക്തിപ്പെടുന്നുണ്ട്. ജർമ്മൻ കർദ്ദിനാൾ റെയ്‌നാർഡ് മാർക്സ് ഈ കാര്യത്തിൽ തന്റെ അഭിപ്രായം പറഞ്ഞതിങ്ങനെ: "സഭയിൽ പുരുഷന്മാർക്ക് മാത്രമേ അധികാരമുണ്ടാകു എന്ന് യേശു ക്രിസ്തു ആഗ്രഹിച്ചില്ല"

അതിലേറെ പ്രശ്നവിഷയമായി ജർമ്മനിയിലെ കൊളോൺ അതിരൂപതയിൽ നടന്ന ലൈംഗികപീഡനത്തിന് ഇരയായവർക്കായുള്ള പരാതികളിൽ എടുത്ത സഭാനടപടികളിൽ അതൃപ്തികരമായ ഫലമാണ് ഉണ്ടായതെന്ന് 1970-ൽ നടന്ന ബലാത്സംഗം കേസ്സിൽപ്പെട്ട ഒരു പുരോഹിതന്റെയും ഒരു കിന്റർഗാർട്ടൻ കുട്ടിയുടെയും കാര്യം വാർത്താമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്നു. പെൺകുട്ടി സഭാധികാരികൾക്ക് 2010- ൽ പരാതി നൽകിയെങ്കിലും 2011-ൽ കൊളോണിലെ അതിരൂപതയ്ക്ക് എഴുതിയ രേഖാമൂലം, കേസ് കൂടുതൽ ഗൗരവമായി തുടരാൻ ആവശ്യപ്പെട്ടെങ്കിലും അക്കാര്യത്തിൽ അതിരൂപത ഒന്നും ചെയ്തില്ല. ഇത്തരം ആരോപണങ്ങൾ അന്വേഷിക്കാനും കൈകാര്യം ചെയ്യാനും റിപ്പോർട്ടുകൾ നൽകാനും കാനോൻ അഭിഭാഷകനായിരുന്ന കർദ്ദിനാൾ വോൾക്കിയെ അന്ന് നിയോഗിച്ചിരുന്നു. അതുപക്ഷേ കുറ്റാരോപിതനായ പുരോഹിതൻ രോഗിയാ യിത്തർന്നിരുന്നതിനാൽ തുടർ നടപടികളുണ്ടായില്ല..ജർമ്മനിയിൽ ഇങ്ങനെ ഇതുപോലെയുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതും കുറച്ചുകാലമായിട്ട് പ്രധാന വാർത്തകളായിരുന്നു. എങ്കിലും ഇത്തരം കേസുകൾ സാമാന്യതയ്ക്ക് നിരക്കാത്ത രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. അവയെല്ലാം ഇരുളിന്റെ മറവിലേയ്ക്ക് നീക്കിയ സംഭങ്ങളുണ്ടായി. 

അതിലൊരു ഉദാഹരണം, കുറച്ചു നാളുകൾക്ക് മുമ്പ് ഒരു കേരളീയ വൈദികൻ മേല്പറഞ്ഞതുപോലെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഒരു സംഭവം ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്ത് ഉണ്ടായി. ഒരു ജർമ്മൻ കോടതിയിൽ അയാൾക്ക് ജയിൽ ശിക്ഷ വിധിച്ചിരുന്നു. ജയിലിൽ അയച്ചു.കുറെ ദിവസങ്ങൾ മാത്രം ജയിൽവാസം അനുഭവിച്ചു. അത് പക്ഷെ, കേരളത്തിലെ ബന്ധപ്പെട്ട കത്തോലിക്കാ സഭാധികാരികളുടെ നേരിട്ടുള്ള ഇടപെടലിൽ അയാളെ ഉടൻ ജയിലിൽ നിന്നും രക്ഷപെടുത്തി കേരളത്തിലേയ്ക്ക് കൊണ്ടുപോയി. അന്ന് വളരെ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു. ഇത്തരം സംഭവങ്ങളാകെ കണ്ടും കേട്ടും ജീവിക്കുന്ന യഥാർത്ഥ വിശ്വാസികൾ എന്താണിതിൽനിന്നും പഠിച്ചു മനസ്സിലാക്കേണ്ടത്? എന്നും എപ്പോഴും ധാർമ്മികസന്ദേശങ്ങൾ ലോകത്തിന് അയക്കുന്ന ക്രൈസ്തവസഭയിൽ നിന്നും അവയെല്ലാം തീർച്ചയായും കൃത്യത പാലിക്കേണ്ടതുണ്ടെന്ന് സഭാംഗങ്ങളും രാജ്യ ഭരണാധികാരികളും പറയുന്നു, പക്ഷെ, ഇത്തരം ദുരുപയോഗറിപ്പോർട്ടുകൾ തിരുത്തി വ്യത്യസ്തമായി അവയെ കൈകാര്യം ചെയ്യാൻ ഒരു രൂപതാ നേതൃത്വങ്ങൾ പോലും തയ്യാറായിരുന്നില്ല.

സഭാംഗങ്ങളുടെ നാവരിയുന്നവർ.

കേരളത്തിൽ മാത്രം കത്തോലിക്കാസഭാ പുരോഹിതന്മാരിൽ ഇങ്ങനെയുള്ള അനേകം ലൈംഗികപീഡനകഥകൾ ഉണ്ടായിരുന്നിട്ടും, അതുപോലെ ഏറെ വർഷങ്ങളായി ചർച്ചാവിഷയമായിരുന്ന മരണപ്പെട്ട സി. അഭയയുടെ കേസും, ജലന്ധർ രൂപതയുടെ മെത്രാനും മലയാളിയുമായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്ക ലിന്റെ ലൈംഗിക പീഡനക്കേസും, കോടതി കുറ്റവാളികളായിരുന്നു എന്ന് അന്വേഷണത്തിൽ മനസ്സിലാക്കിയപ്പോൾ അവർക്ക് ജയിൽ ശിക്ഷവിധിച്ചതും ലോകമൊട്ടാകെ അറിയുന്നു. അതുപക്ഷേ ഈ വിധിയെപ്പോലും പൂർണ്ണമായി നിഷേധിക്കാനുള്ള സഭാധികാരികളുടെ തയ്യാറെടുപ്പുകളെല്ലാം വിചിത്രമായ ഒരിടപെടലല്ലേ? സി. അഭയ കൊല്ലപ്പെട്ടത് തന്നെയെന്ന് ബോദ്ധ്യപ്പെട്ട കോടതി പ്രതികളായായിരുന്ന ഒരു കന്യാസ്‌ത്രിയ്ക്കും ഒരു പുരോഹിതനും ദീർഘകാല തടവ് ശിക്ഷ വിധിച്ചു. കോടതിയുടെ വിധി ശരിയല്ല, അഭയക്കേസിൽ ഇവർ കുറ്റക്കാരല്ലായെന്ന നിലാപാടാണ് സഭാനേതൃത്വം കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ കോടതിവിധി ശരിയാണെന്നും ക്രൂരതയ്ക്കിരയായ കൊല്ലപ്പെട്ട സി. അഭയയ്ക്ക് നീതി ലഭിച്ചെന്നും തുറന്ന് അഭിപ്രായം പറയുന്നവരെല്ലാം അതിൽ സാമൂഹ്യതാൽപ്പര്യങ്ങൾ മാനിച്ചല്ല എന്നൊക്കെ കേരളത്തിലെ കത്തോലിക്കാ സഭ നടത്തുന്ന ഒരു പ്രമുഖ പത്രം പരസ്യമായി കുറ്റപ്പെടുത്തുന്ന നിലപാടുകൾ എടുത്തിട്ടുണ്ട്. അതിലും ഉപരിയായി നേതൃത്വങ്ങൾ ലോകമാദ്ധ്യമങ്ങളിൽ, ഉദാഹരണത്തിന് ,Facebook, twitter,  തുടങ്ങിയ ചില സാമൂഹ്യ മാദ്ധ്യമങ്ങളിൽ സി. അഭയയുടെ മരണത്തിന് കാരണമായ കാര്യങ്ങളെപ്പറ്റിയും കോടതിയുടെ വിധിയും ശരിവയ്ക്കുന്ന അഭിപ്രായം എഴുതുന്നവരുടെ അഭിപ്രായങ്ങളെല്ലാം സാമൂഹ്യവിരുദ്ധ അഭിപ്രായങ്ങളാണെന്നും താങ്കളെഴുതിയ കമന്റ് മറ്റുള്ള വായനക്കാരിലെത്തുകയില്ലെന്നും ഫേസ്‌ബുക്ക് അധികൃതരെക്കൊണ്ട് ഇവർ അറിയിക്കുന്നു. സി. അഭയയുടെ മരണം, കോടതിവിധിയുടെ ശരി വസ്തുത കാര്യത്തിൽ ഒരു ആരോഗ്യവിദഗ്ധൻ, കോടതിവിധി ശരിയല്ലെന്നും കുറ്റവാളി പുരോഹിതനും കന്യാസ്ത്രീയും കുറ്റക്കാരല്ലെന്നും ചൂണ്ടിക്കാണിച്ച്‌ വളരെ വികല അഭിപ്രായമെഴുതി. അവയൊന്നും ശരിയല്ലെന്ന് ഞാൻ എഴുതിയ ഒരു കമന്റ് ശരിയല്ലെന്നും, സാമൂഹ്യവിരുദ്ധ അഭിപ്രായമാണ് അതെന്നും, കമന്റ് മറ്റുള്ളവരിലേക്ക് പോകാതിരിക്കാൻ ഫേസ്‌ബുക്ക് അധികൃതർ വേണ്ടതെല്ലാം ചെയ്തുവെന്നും, എനിക്ക് മെസഞ്ചറിലൂടെ മെസ്സേജ് നൽകി. ഇവയെ ആർക്ക് വേണ്ടിയാണ്, ഈ പുരോഹിതർ നിർദ്ദേശ നേതൃത്വം കൊടുക്കുന്ന ആഗോള മാദ്ധ്യമം അഭയക്കേസിൽ പ്രവർത്തിക്കുന്നത്? അതാർക്കും ഒട്ടും ശരിയായി മനസ്സിലാകുന്നില്ല. ലക്ഷോപലക്ഷം ജനങ്ങളെ കൊന്നൊടുക്കിയ അഡോൾഫ് ഹിറ്റ്‌ലർ ജർമ്മൻ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ആദ്യം തട്ടിത്തെറിപ്പിച്ചു ജനങ്ങളെ അന്ന് ക്രൂരമായി കൊന്നൊടുക്കി. ഇന്നിപ്പോൾ ഏകാധിപതികളായി ത്തീർന്നിരിക്കുന്ന ലോക പുരോഹിതന്മാരുടെ മേധാവിത്തത്തിനെതിരെയും സഭയിലെ കുറ്റവാളികളായ ഓരോ ക്രിസ്ത്യൻ പുരോഹിതരുടെയും ഓരോ സഭയിലെ കന്യാസ്‌തികളുടെയും കുറ്റകൃത്യങ്ങളെ തെറ്റാണെന്ന് പരസ്യമായി പറയുന്ന സഭാംഗങ്ങളായ "അല്മായർക്ക്" അഭിപ്രായസ്വാതന്ത്ര്യം സഭയുടെ നേതൃത്വം നിഷേധിച്ചിരിക്കുകയാണ്, ലോക മാദ്ധ്യമങ്ങളിൽപ്പോലും സഭാ നേതൃത്വങ്ങൾ സ്വാധീനം ചെലുത്തി അല്മായരുടെ നാവരിയുന്ന ക്രൂരതയാണ് അവർ നടപ്പിലാക്കുന്നത്.. 

കേരളത്തിൽ സഭാംഗങ്ങൾ മരിച്ചുകഴിഞ്ഞാൽ സംസ്‌കാരനടപടികൾക്കായി ഇടവക വികാരിയുടെ സഹകരണം സഭാപരമായ കർമ്മങ്ങൾക്കാവശ്യമാണ് എന്ന് നമുക്ക് അറിയാം. ഇത് സഭാപാരമ്പര്യമാണ്. അതുപക്ഷേ, ഇക്കാലത്തു ഇടവക വികാരിമാരുടെ ഏകാധിപത്യ മനോഭാവം മൂലം ആശയക്കുഴപ്പങ്ങൾ പലയിടത്തും ഉണ്ടാകുന്നകാര്യങ്ങൾ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരു ഇടവകപ്പള്ളിയുടെ സെമിത്തേരിയിൽ ശവക്കല്ലറ ലഭിക്കണമെങ്കിൽ കുറെ ലക്ഷങ്ങൾ തുക ഇടവകയിൽ നൽകണം. എങ്കിൽ മാത്രമേ സംസ്കാരം വികാരി നടത്തിക്കൊടുക്കുകയുള്ളു എന്ന പതിവ് നടക്കുന്നു. ഇടവകപ്പള്ളികളും അത് ഇരിക്കുന്ന ഏക്കർ കണക്കിന് ഭൂമിയും ഉണ്ടായത് ഇടവകജനങ്ങൾ സംഭാവന നലകിയതുമൂലമാണ്. എന്നാലും പള്ളിക്ക് പണം നൽകിയ ആൾ മരിച്ചാൽ വീണ്ടും ശിക്ഷയായി സെമിത്തേരിയിൽ കല്ലറയ്ക്കു സ്ഥലം ലഭിക്കാനുള്ള ലക്ഷം തുക നൽകിയില്ലെങ്കിൽ വികാരിയുടെ ഭീഷണിയുണ്ടാകും," ആ തുക നല്കാതെ സംസ്കാരം ഇവിടെ നടത്തുകയില്ല", എന്നാണ് ! ഇതിനെതിരെ ഈയിടെ ചേർത്തലയിൽ മരിച്ച ഒരു സഭാംഗത്തിന്റെ മൃതശരീരം വീട്ടുമുറ്റത്തുവച്ച് ദഹിപ്പിച്ചു ജനങ്ങളുടെ ശക്തമായ പ്രതിഷേധം സഭയെ ബോധ്യപ്പെടുത്തുവാൻ തുടക്കമിട്ടത്. ഇതുപോലെയാണ്, കേരളത്തിൽ പഴക്കംചെന്ന  നല്ല പള്ളികൾ പൊളിച്ചു പുതിയ പള്ളികൾ പണിയാൻ വേണ്ടി കോടികൾ തുക അല്മായരെ ഭീഷണിപ്പെടുത്തി നിർബന്ധപ്പിരിവുകൾ നടത്തിയത്. ഇത്തരം നടപടികൾക്ക് അംഗീകാരം നൽകിയത് രൂപതാധികാരിയായിരുന്നു. ഇപ്രകാരമുള്ള അനേക സംഭവങ്ങൾ കേരളത്തിൽ ഓരോ ഇടവകകളിലും മുറയ്ക്  നടന്നുകഴിഞ്ഞിട്ടും നേതൃത്വങ്ങളെല്ലാവരും പുരോഹിതർക്ക് അനുകൂലമായ നിലപാടാണ് എന്നും എടുക്കുന്നത്.

റോമൻ കത്തോലിക്കാ സഭയിലെ ലൈംഗിക പീഡനങ്ങൾ -  

വാർത്തകളിലേയ്ക്ക് നോക്കിയാൽ നമുക്ക് എന്താണ് മിക്ക ദിവസങ്ങളിലും വായിക്കാനുള്ളത്? റോമൻ കത്തോലിക്കാ സഭയിലെ ലൈംഗികപീഡനങ്ങൾ-റോമൻ കത്തോലിക്കാ സഭയുടെ ഏതെല്ലാം വിഭാഗങ്ങളിൽപ്പെട്ടവരായിട്ടുള്ള പുരോഹിതരും സഭാവിശ്വാസികളും, അവർ വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളവരും അല്ലാത്തവരുമാകട്ടെ, ഓരോ ബന്ധപ്പെട്ട, വ്യക്തിയുടെ സമ്മതത്തോടെയോ, അല്ലെങ്കിൽ കുറ്റകൃത്യങ്ങളിലൂടെയോ ശിക്ഷിക്കപ്പെടുന്ന സഭംഗങ്ങളായ ചില വ്യക്തികളുടെയോ ലൈംഗിക പ്രവർത്തനങ്ങളെപ്പറ്റിയാണ്. 

ഇത്തരം ലൈംഗിക അതിക്രമങ്ങളും, പള്ളിയധികാരികൾ ഇരകളോടെങ്ങനെ പെരുമാറിയതും, കാലങ്ങളായി സഭയ്ക്കുള്ളിൽ നിയന്ത്രണങ്ങൾ വേണ്ടവിധം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വലിയതോതിൽ  അവഗണിക്കപ്പെട്ടിരുന്നു.1990 കളുടെ മദ്ധ്യത്തോടുകൂടി ലോകമെമ്പാടും ഇങ്ങനെയുള്ള കാര്യങ്ങളിലേറെ ജനശ്രദ്ധ നേടി. ഇത് മുൻകാല വിഷയത്തെപ്പറ്റി അവബോധം പല ഇരകൾക്കും പതിറ്റാണ്ടുകൾക്ക്  ശേഷവും അവരുടെ വേദനാനുഭവങ്ങൾ പരസ്യമാക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു. എന്നിട്ടും ലോകമെമ്പാടും എത്രമാത്രം കുട്ടികൾ പീഡനം സംബന്ധിച്ച കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു, എത്ര വൈദികർ തങ്ങളെ പീഡിപ്പിച്ചു, എത്ര പുരോഹിതരെ നടപടിക്ക് വിധേയരാക്കി പിരിച്ചുവിട്ടു എന്ന് തുടങ്ങിയ കണക്കുകൾപോലും റോമൻകത്തോലിക്കാ സഭ ഇതുവരെ പുറത്തു വിട്ടിട്ടില്ല. വളരെയേറെ പ്രസിദ്ധമാണ്, നെതർലണ്ടു പോലെയുള്ള ഓരോരോ രാജ്യങ്ങളിൽ പതിനായിരക്കണക്കിന് കുട്ടികൾ ദുരുപയോഗപ്പെട്ട കാര്യങ്ങൾ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ക്രിസ്തുമതം.

 ത്രിത്വത്തിൽ ഏകത്വം 

മേൽപ്പറഞ്ഞ കാര്യങ്ങൾ ക്രിസ്തുമതവിശ്വാസത്തിനെ തിരാണല്ലോ. ഇക്കാര്യം നാം ചിന്തിക്കുമ്പോൾ മത വിശ്വാസകാര്യങ്ങൾ കൂടി അല്പം പുനർചിന്തിക്കാം. ക്രിസ്തുമതം യഹൂദമതത്തിൽനിന്നു ഉരുത്തിരിഞ്ഞ ലോകമതമാണ്. അവരുടെ അനുയായികളെയെല്ലാം ക്രിസ്ത്യാനികൾ എന്ന് വിളിക്കുന്നു. ക്രിസ്ത്യാനിക ളുടെ സമ്പൂർണ്ണതയെയാണ് "ക്രിസ്ത്യാനിറ്റി"യെന്നും വിളിക്കുന്നത്. യേശുക്രിസ്തു ക്രിസ്തുമതത്തിനു പ്രധാന പ്രാധാന്യം നൽകിയെന്ന് വിശ്വസിക്കുന്നവർ. പുതിയ നിയമത്തിലെ എഴുത്തുകളിൽ യേശുവിലുള്ള ഉറച്ച വിശ്വാസം അതിനടിസ്ഥാനം തന്നെയാണ്. ക്രിസ്ത്യാ നികളിൽ ഭൂരിപക്ഷവും ദൈവത്തെ 'ത്രിത്വത്തിൽ ഏകത്വം' വിശ്വസിക്കുന്നു. അതായത്, പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള ഐക്യമാണ്, എന്നുള്ള വിശ്വാസം. 

കാലങ്ങൾ കഴിഞ്ഞതനുസരിച്ചു വിശ്വാസികളുടെ സമൂഹത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി. ക്രിസ്തുമതത്തിൽത്തന്നെ ചെറിയ ആന്റി ട്രിനിറ്റി ഗ്രൂപ്പുകൾ ഉണ്ടായി. സമൂഹത്തിലെ നേതൃനിരയിലുണ്ടായ മാറ്റങ്ങളിൽ അതും പെടുന്നു. റോമൻ കത്തോലിക്കാസഭ, ഓർത്തഡോക്സ് സഭകൾ, പ്രൊട്ടസ്റ്റന്റ് സഭകൾ, ആംഗ്ലിക്കൻ സഭകൾ, പൊന്തകോസ്തു പ്രസ്ഥാനം, എന്നിങ്ങനെ പ്രധാന അഞ്ചു വിഭാഗങ്ങളിലായി ക്രൈസ്തവസഭകളെ വിഭജിക്കാം. ഏതാണ്ട് 2. 26 ബില്യൺ വിശ്വാസികളുള്ള ക്രിസ്തുമതം, ഇസ്ളാമിനും (1. 8 ബില്യൺ) ഹിന്ദുമതത്തിനും (ഏകദേശം 900 ദശലക്ഷം) മുമ്പ് ലോകത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള മതമാണ്.

പുരുഷാധിപത്യം സഭകളിൽ ആഞ്ഞടിച്ചതോടെ വിശ്വാസ സംഹിതയിലും ആചാരങ്ങളിലും ഭാഷാപരമായ കാരണങ്ങളും പ്രാമാണികതയുടെ നിലവാര വും വർദ്ധിച്ചു. അത്തരം മാറ്റങ്ങൾ ആധുനികകാലത്തും നാം നേരിട്ടവയെല്ലാം കാണുന്നു. റോമൻ കത്തോലിക്കാസഭയെന്നത് (Catholic of Greek) ക്രിസ്തുമതത്തി ലെ ഏറ്റവും വലിയ സഭയാണ്. വിശാലമായ അർത്ഥത്തിൽ 24 ഉപസഭകളിന്നു സ്വന്തം ആചാരപ്രകാരം ഉൾക്കൊള്ളുന്നുണ്ട്. അതിങ്ങനെയാണ് : ഒരു വശത്തു ലത്തീൻ സഭ (അല്ലെങ്കിൽ പടിഞ്ഞാറൻ സഭ) ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സഭ, മറുവശത്തു കത്തോലിക്കാ പൗരസ്ത്യ സഭകൾ എന്ന് വിശേഷിപ്പിക്കപ്പെ ടുന്ന മറ്റ് 23 ആരാധനാസഭകൾ. അവ ഉദാഹരണത്തിന് അനേകം ഭാഷകളുടെ അനുസരിച്ചു "കത്തോലിക്കാസഭ" എന്ന് പേര്. എന്നാൽ റോമൻ കത്തോലിക്കാ സഭ ലാറ്റിൻസഭയുമായി ബന്ധപ്പെട്ടതാണ്. ഗ്രീക്ക് കത്തോലിക്കാസഭ, അങ്ങനെ അല്ലെങ്കിൽ അർമേനിയൻ - കത്തോലിക്കാസഭ തുടങ്ങിയവരെപ്പോലെ എല്ലാ കത്തോലിക്കാസഭയും ഏഴു വിശുദ്ധ കുർബാനകൾ സംഭാവന ചെയ്യുന്നു. ഒരു പ്രത്യേകത മുഴുവൻ സഭയും റോമൻ ബിഷപ്പിന്റെ പ്രാമാണികതയുടെ അംഗീ കാരമാണ്. റോമൻ കത്തോലിക്കാ സഭയ്ക്ക് ലോകമെമ്പാടുമായിട്ട് ഏകദേശം 1. 3 . ബില്യൺ അംഗങ്ങളുണ്ട്. അതുപക്ഷേ ഇപ്പോൾ അതിലേറെ ഏതാണ്ട് 2010- നും 2015 നുമിടയ്ക്ക് 7. 4 ശതമാനം അംഗങ്ങൾ വർദ്ധിച്ചുവെന്നു നിരീക്ഷിച്ചു. കത്തോലിക്കാസഭയുടെ മാർപാപ്പയായി 2013 മാർച്ചു 13-മുതൽ, പദവി രാജിവച്ച ജർമ്മൻകാരനായ മാർപാപ്പ ബനഡിക്ട് പതിനാറാമന് പിൻഗാമിയായി പോപ്പ് ഫ്രാൻസിസ് (മുൻ ബയോനെസ് അയറസ് ആർച്ചുബിഷപ്പും അർജന്റീനയിൽ പ്രിമേറ്റ് ജോർജ് മരിയോ കർദ്ദിനാൾ ബർഗോളിയോ), തെരഞ്ഞെടുക്കപ്പെട്ടു. 

അടുത്തതായി ക്രിസ്ത്യൻ സഭകളുടെ മറ്റുള്ള ഓരോ വിഭാഗങ്ങളെക്കുറിച്ചും നമുക്ക് കുറെ കാര്യങ്ങൾമാത്രം നോക്കാം. ക്രിസ്ത്യൻ സഭയിൽ അനേകം ഉപ സഭകളുണ്ടെന്ന് നമുക്കറിയാം. ആരംഭകാലങ്ങൾ മുതൽക്കേ സഭയിൽ പുരുഷ മേധാവിത്തം, അധികാര സംഘർഷങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചരിത്രമായി തീർന്നിരിക്കുന്നു. അധികാരവും സമ്പത്തും ഓരോരോ സഭാവിഭാഗങ്ങളിലും പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. കേരളത്തിൽ നടക്കുന്ന സഭാസംഘർഷ ങ്ങൾ മാത്രം മതിയാകും നമുക്ക് ഇവയെപ്പറ്റി അറിയുവാൻ. ഉദാഹരണത്തിന്, യാക്കോബായ-ഓർത്തഡോക്സ് സംഘർഷം വർഷങ്ങളായി ശക്തിപ്രാപിക്കുന്നു . കോടതികളും സഭാതർക്കങ്ങൾമൂലം വഴിമുട്ടിനിൽക്കുന്ന പ്രത്യേക കാഴ്ചകൾ നമ്മെ അമ്പരപ്പിക്കുന്നതാണ്. അടുത്തയിടെയാണ് സഭാതർക്കങ്ങൾക്ക് ഓരോ രാഷ്ട്രീയ ഇടപെടൽവഴി പരിഹാരം നേടാനുള്ള ശ്രമങ്ങൾ തേടുന്നതെന്നുള്ള മാദ്ധ്യമവാർത്തകൾ പുറത്തുവരുന്നത്. രാഷ്ട്രീയ നേതൃത്വങ്ങളെ സഭയുടെ ഏതു കാര്യങ്ങളും തീരുമാനിക്കാനുള്ള പാത്രിയാർക്ക് ആയി നിയമിച്ചുവോ ?  

റോമൻ സഭയും പൗരസ്ത്യസഭകളും വിവിധതരത്തിലുള്ള സംഘർഷങ്ങളെ നേരിടുന്നുണ്ട്. ഉദാഹരണമായി ഇന്ന് സീറോ മലബാർ സഭയുടെ നേതൃത്വവും വത്തിക്കാനും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ. അത് സീറോമലബാർ സഭ യുടെ അധികാരത്തിന്റെ ചവിട്ടു പടികളെ വീണ്ടും ഉയർത്തണമെന്നുള്ള ഒരു പിടിവാശി, അതായത് സഭയുടെ തലവനായിട്ട്  ഒരു പാത്രീയാർക്ക് പദവികൂടി അംഗീകരിക്കണമെന്നുള്ള സീറോ മലബാർസഭയുടെ സ്വയംഭരണ അവകാശ വാദം!. സഭാതർക്കങ്ങളിൽ അടുത്തകാലത്തെ വലിയ സംഘർഷങ്ങൾക്ക് ഒരു വിധ പരിഹാരം കാണുവാൻ മലങ്കര കർദ്ദിനാൾ ക്ളീമിസ് തുടങ്ങിയവരുമായി സർക്കാർ -രാഷ്ട്രീയ തലങ്ങളിലുള്ള ശ്രമങ്ങൾ ക്രിസ്തുമതമെന്ന വാക്കിനൊട്ടും ചേർന്നതുമല്ല. മദ്ധ്യസ്ഥ ചർച്ചകളാൽ യോജിച്ച പ്രശനപരിഹാരം കാണുമെന്ന് കരുതാമോ? സഭയുടെ പ്രശ്നങ്ങളിൽ, യേശുവിൽ വിശ്വസിക്കുന്നവർ, വിട്ടുവീഴ്ച ഇല്ലാത്തവരായിരിക്കുന്നവരുടെ "സമരപ്രഖ്യാപനമാണല്ലോ" ഇതർത്ഥമാക്കുക.

അതുമാത്രല്ല, ഇന്ത്യയിൽ നിരവധി ക്രിസ്ത്യൻ സഭാവിഭാഗങ്ങൾ നിലവിലുണ്ട്. എന്നാൽ ഇവരിൽ ആരാണ് ഇതിലേറെ ഏറ്റവും ശക്തിമാന്മാർ എന്ന് ഇവരുടെ നേതൃത്വം ഉറക്കമിളച്ചു നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയിലെ യാക്കോബായ സിറി യൻ ക്രിസ്ത്യൻചർച്ചിന്റെ ആസ്ഥാനമാണ് "പുത്തൻകുരിശ്". ഇന്ത്യൻ സർക്കാ രിന്റെ "Society Act" പ്രകാരം സൊസൈറ്റിയായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്ത്യോ ക്യായിലെ പ്രശസ്തനുമായ പാത്രിയർക്കീസ് ഇഗ്നേഷ്യസ് സക്കി ഇവാസിന്റെ പേരിലാണ് ഇതിന്റെ ആസ്ഥാനം. കാതോലിക്ക ബസേലിയോസ് പൗലോസ് രണ്ടാമന്റെ നിര്യാണത്തോടെ മൂവാറ്റുപുഴയിലെ പ്രധാന താവളത്തിൽനിന്നു പ്രവർത്തനം തുടരുന്നതിൽ സഭയ്ക്ക് ബുദ്ധിമുട്ടുകൾ നേരിട്ടു. അതെ തുടർന്ന് ബസേലിയോസ് തോമസ് ഒന്നാമന്റെ നേതൃത്വത്തിലാണ് സ്വത്തു വാങ്ങിക്കു കയും മുന്നോട്ട് പ്രവർത്തനം നടത്തുകയും ചെയ്തത് എന്ന് സഭയുടെ ചരിത്രം പറയുന്നു. 

ക്രിസ്തുമതവിഭാഗങ്ങളുടെ ഘടനയുടെ ചരിത്രരേഖകളിലേക്ക് നോക്കുമ്പോൾ ചില കാര്യങ്ങൾ വ്യക്തമാകും. സെന്റ്‌ തോമസ് ക്രിസ്ത്യാനികൾ, സെന്റ്‌ തോമസ് പള്ളികൾ, മലങ്കര പള്ളി എന്നിങ്ങനെ പലതും ഉണ്ടായിട്ടുണ്ട്. മലങ്കര സഭയുടെ ചരിത്രവും പരിണാമവും-കേരളത്തിലെ വി. തോമസ് ക്രിസ്ത്യാനി കൾ A D 295 മുതൽ 1599 വരെ കിഴക്കൻ സഭയുമായി കൂട്ടായ്മായിലാരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അക്കാലത്തെ സുഗന്ധവ്യഞ്ജന വ്യാപാരികളുടെതായ വ്യാപാര കപ്പലുകളിൽ കേരളത്തിലേയ്ക്ക് പോയ സിറിയൻ മെത്രാന്മാരിൽ നിന്ന് അവർക്ക് എപ്പിസ്‌കോപ്പൽ പിന്തുണയും ലഭിച്ചു. അന്നത്തെ സെന്റ്‌ തോമസ് ക്രിസ്ത്യാനികളുടെ പ്രാദേശിക നേതാവ് ആർച്ചുഡീക്കൻ പദവിയും വഹിച്ചു. പകലോമറ്റം കുടുംബത്തിന്റെ പാരമ്പര്യ ഓഫീസായിയിരുന്നു അത്. പതിനാറാംനൂറ്റാണ്ടിൽ, തോമസ്ക്രിസ്ത്യാനികളെ ലാറ്റിൻറൈറ്റ് കത്തോലി ക്കാ മതത്തിലേക്ക് കൊണ്ടുവരാനുള്ള പോർച്ചുഗീസ് പാഡ്‌റോഡോയുടെ ചില ശ്രമങ്ങൾ പോർച്ചുഗീസ് കൊളോണിയലിസ്റ്റുകൾ കാരണം സമൂഹത്തിൽ പല വിള്ളലുകൾക്ക് കാരണമായി. സീറോ -മലബാർ ചർച്ചും മലങ്കര വിഭാഗങ്ങളും ആരംഭിച്ചു. അതിനുശേഷം കൂടുതൽ പിളർപ്പുകൾ സംഭവിച്ചു, അങ്ങനെ ഇപ്പോൾ സെന്റ്‌ തോമസ് ക്രിസ്ത്യാനികളെ പല വിഭാഗങ്ങളായി വിഭജിച്ചു.

വിശുദ്ധ തോമസ് ക്രിസ്ത്യാനികൾ ഭരണപരമായ കാഴ്ചപ്പാടിൽ ഒരു ആർച്ചു ഡീക്കൻറെ നേതൃത്വത്തിലായിരുന്നു. അതായത്, ആത്മീയവും അതേസമയം താൽക്കാലികവുമായ അധികാരബലമുള്ള ഒരു സ്വദേശിസഭാതലവനുമാണ്. ആർച്ചു ഡീക്കൻ എന്ന ഗ്രീക്ക് ഭാഷാപദം "അർക്കിദികോനോസ്" എന്നൊരു പദത്തിൽനിന്നും രൂപംകൊണ്ടതാണ്. അന്ന് പേർഷ്യ കേന്ദ്രീകരിച്ചു കിഴക്കൻ സഭയുമായി കൂട്ടായ്‌മയിലായിരുന്നു, ഏതാണ്ട് 496 കാലഘട്ടം മുതൽ. കേരളാ അപ്പസ്തോലനായ സെന്റ് തോമസ് കൈമാറിയ വിശ്വാസവും പാരമ്പര്യവും അവർ പിന്തുടർന്നു.

ഏതാണ്ട് പതിനാറാം നൂറ്റാണ്ടിൽ ജെസ്യുറ്റുകൾ സ്വദേശികളായിരുന്ന കേരള ക്രിസ്ത്യാനികളെ കത്തോലിക്കാസഭയുമായി ബന്ധിപ്പിക്കുന്നതിനുള്ള ബോധ പൂർവമായ ശ്രമങ്ങൾ ആരംഭിച്ചു. 1599 -ൽ ഉദയംപേരൂർ സിനഡ് വഴി അവരത് വിജയിച്ചു. 1653 - ൽ നടന്ന കൂനൻകുരിശ് ശപഥം വഴി പോർച്ചുഗീസുകാർക്ക് കീഴിൽ ഒരിക്കലും കീഴടങ്ങില്ലെന്ന് ശപഥം ചെയ്യാൻ അന്നു ആർച്ചു ഡീക്കൻ തോമസിന്റെ കീഴിലുള്ള ഭൂരിപക്ഷം സമൂഹം തയ്യാറായി. അന്ന് തോമസിന് കീഴിൽ ഏകീകൃതമായ മലങ്കര പള്ളി ഗ്രിഗോറിയോസ് അബ്ദുൽ ജലീലിനെ സ്വാഗതം ചെയ്യുകയും ചെയ്തു എന്നാണു ചരിത്രം. തോമയെ ഒരു മെത്രാനായി നിയോഗിക്കുകയും ചെയ്തു.

ബാൽക്കൻ, ഗ്രീസ്, ഏഷ്യ മൈനർ, സിറിയ, റഷ്യ എന്നിവടങ്ങളിൽ ഇന്നത്തെ ഓട്ടോ സെഫാലസ് ദേശീയ ഓർത്തഡോക്സ് പള്ളികൾ ഹെല്ലനിസ്റ്റിക് സാംസ്കാ രിക മേഖലയിൽ നിന്നാണ് ഉത്ഭവിച്ചത്. അങ്ങനെയല്ലെങ്കിൽ, അവിടെ നിന്നും സ്ഥാപിക്കപ്പെട്ടതും 1453 -ൽ കോൺസ്റ്റാന്റിനോപ്പിളിനെ മുസ്‌ലിം സമൂഹം കീഴടക്കുന്നതുവരെ ബൈസാന്റൈൻ സാമ്രാജ്യത്വ സഭയുടെ ഭരണത്തിന് കീഴിലായിരുന്നു. അപ്പോൾ , ഒരു വശത്തു, കിഴക്കൻ ആചാരങ്ങളുടെ പള്ളിക ളെന്നു വിളിക്കപ്പെടുന്ന ഒരു വേർതിരിവ് ഉണ്ടായിരിക്കണം. ചുരുക്കത്തിൽ, ഓർത്തഡോക്സ്, യുണൈറ്റഡ്, പുരാതന നിയർ ഈസ്റ്റേൺ പള്ളികളെല്ലാം ഇന്ന് പലപ്പോഴും ചർച്ച് എന്നറിയപ്പെടുന്നു. ഈസ്റ്റേൺ ചർച്ച് എന്ന പദം സഭയിൽ ഒരു ഭൂമിശാസ്ത്രപരമായ കൂട്ടായ പദം മാത്രമാണ്. ഒരു കൂട്ടം സഭകളെ ഒരു യുണിറ്റ് ആയി കണക്കാക്കുന്നില്ല. കാരണം, ഓർത്തഡോക്സ് പള്ളികൾ യുണൈറ്റഡ് ചർച്ചുകളുമായി കൂട്ടായ്മയിലല്ലല്ലോ. ക്രിസ്ത്യൻ സഭാസംവിധാനം നോക്കുക. ആകെമാനം വ്യക്തിഗത അധികാരാവകാശങ്ങളുടെ പിടിയിൽ അകപ്പെട്ടു കഴിയുന്നു എന്നതിന് ഉദാഹരങ്ങളാണ് അനേകം സഭാസംവിധാനങ്ങൾ ഇന്ന് കാണുന്നത്. 

യാക്കോബായ സിറിയൻ ക്രിസ്ത്യൻ ചർച്ച്, മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് എന്നും അറിയപ്പെടുന്നു. അന്ത്യോക്യയിലെ സിറിയൻ ഓർത്തഡോക്സ് പാത്രിയാർക്കിനെ കിഴക്കൻ പരമോന്നത തലവനായി അംഗീ കരിക്കുകയും ചെയ്യുന്നു. നിലവിൽ അന്ത്യോക്യയിലെ സിറിയൻ ക്രിസ്ത്യൻ വിഭാഗവുമായി നേരിട്ട് ബന്ധമുള്ള മലങ്കരയിലെ ഒരേയൊരു പള്ളിയാണിത്, വെസ്റ്റ് സിറിയൻ റൈറ്റ് ആരാധനാക്രമത്തിൽ അത് തുടരുന്നു. ഓർത്തഡോക്സ് ഐഡന്റിറ്റി പ്രകടിപ്പിക്കാൻ ഓർത്തഡോക്സ് സഭകളിൽ വിവിധഭാഷ പദങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിങ്ങനെയാണ് : ഓർത്തഡോക്സ് ചർച്ച്, ഓർത്തഡോക്സ് കാത്തലിക് ചർച്ച്, ഈസ്റ്റേൺ ചർച്ച്, ഈസ്റ്റേൺ ഓർത്തഡോക്സ് ചർച്ച്, ഗ്രീക്ക് ഓർത്തഡോക്സ്  എന്നിങ്ങനെയാണ്..സഭയുടെ തുടക്കം ഗ്രീസ്സാണല്ലോ. 

ഇതും നമുക്ക് കാണാം. അന്ത്യോക്യയിൽനിന്നുള്ള ഒരു കുടിയേറ്റ ജൂത വംശ ക്രിസ്ത്യാനിയുടെ പിൻഗാമികളാണെന്നാണ് ക്നാനായ സിറിയൻ സമൂഹവും അവകാശപ്പെടുന്നത്. A D. 345 -ൽ മലയാളം കലണ്ടർ (കൊല്ലവർഷം ) ക്നാനായ തോമ്മായുടെ നേതൃത്വത്തിൽ എഡെസ്സേയിൽ (അല്ലെങ്കിൽ, ഇപ്പോൾ "ഉർഫാ" എന്നറിയപ്പെടുന്ന പ്രദേശം ) നിന്ന് 72 കുടുംബങ്ങൾ ("മലബാറിലേക്ക്") ഇന്നുള്ള കേരളത്തിലേയ്ക്ക് കുടിയേറി. ഈ കുടിയേറ്റം തോമസ് ക്രിസ്ത്യാനികളുടെ ഒരു നല്ല വഴിത്തിരിവായിട്ടാണ് കരുതപ്പെടുന്നത്. പുരോഹിതർ, ഡീക്കന്മാർ, അവരുടെ മെത്രാൻ എന്നിവരായിരുന്നവരുടെ സമൂഹം. ഈയൊരു പുത്തൻ കോളനിക്കാരെ സ്വാഗതം ചെയ്തത് അന്നത്തെ കേരള ചക്രവർത്തിയായിരുന്ന ചേരമാൻ പെരുമാൾ ആയിരുന്നു. അവർക്ക് പ്രത്യേകമായി അനുമതി നൽകി 72 റോയൽ പദവികൾ കാനാ കോപ്പർ പ്ലേറ്റുകളിൽ തോമസ് ക്രിസ്ത്യൻ ആക്കി പ്രഖ്യാപിച്ചു. സെനാറിയോസ് കുര്യാക്കോസിന്റെ മാർഗ്ഗനിർദ്ദേശങ്ങളിലും ഡയറക്ടറേറ്റിലും സീറോമലബാർ കത്തോലിക്കാ (കോട്ടയം ആർക്കെപാർക്കി) യാക്കോബായ ഓർത്തഡോക്സ്ചർച്ചിലും (ക്നാനായ അതിരൂപത) അംഗങ്ങളാണ്, ഇന്ന് ക്നാനയിലെ ഭൂരിപക്ഷവും എന്നാണ് പഠനം കാണിക്കുന്നത്. 

സിറിയൻ ഓർത്തഡോക്സ് കൂട്ടായ്‌മയുടെ ഭാഗമായി, വെസ്റ്റ് സിറിയൻ ആരാധ നാലയം ഉപയോഗിക്കുന്നു. അത് കൂടാതെ, ഓറിയന്റൽ ഓർത്തഡോക്സ് ഗ്രൂപ്പ് ഭാഗവുമാണ്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും, അമേരിക്ക, കാനഡ, ഇംഗ്ലണ്ട്, പടിഞ്ഞാറൻ യൂറോപ്പ്, പേർഷ്യൻ ഗൾഫ്, ഓസ്‌ട്രേലിയ, ന്യുസിലാൻഡ് എന്നീ രാജ്യങ്ങളിലും രൂപതകളുണ്ട്. 2003-ൽ ആഗോളതലത്തിൽ സഭയിൽ 1000,000 അംഗങ്ങളുണ്ടെന്ന്, അതായത്, ക്നാനായ ഉൾപ്പടെ കണക്കാക്കപ്പെട്ടിരുന്നു. ഇന്ന് ഓർത്തഡോക്സ് പള്ളികൾ ഒരു കൂട്ടം പള്ളികളാണല്ലോ. അവർ സഭയെയും ആരാധനയെയും പഠനങ്ങളെയും കുറിച്ചുള്ള ധാരണയിൽ വലിയതോതിൽ യോജിക്കുകയും ശക്തമായ ഒരു ബോധ്യം പുലർത്തുകയും ചെയ്യുന്നുവെന്ന് കാണാം. അവർ, പാശ്ചാത്യ സഭകളിൽനിന്ന് വ്യത്യസ്തമായി, 325-നും 787- നും ഇടയിലുള്ള ഏഴ് എക്യൂമെനിക്കൽ കൗൺസിലുകളുടെ പ്രമേയങ്ങളെ എല്ലാം അടിസ്ഥാനമാക്കിയുള്ളതാണെന്ന്, അവകാശപ്പെടുന്നു. ഓർത്തഡോക്സ് സഭയി ലെ ബൈബിൾ, ആരാധനാഭാഷ, അതല്ലെങ്കിൽ പഴയ സ്ളാവിക്ക് ഭാഷാരൂപ മായ പുരാതന ഗ്രീക്ക് എന്നിവയുടെ പഴയ രൂപമാണ്. ഗ്രീക്ക് പാരമ്പര്യത്തിന് പുറമെ ഓർത്തഡോക്സ് സഭകളുടെ ബൈസന്ററ്റീൻ ആചാരം പ്രധാനമായും സ്ലാവിക് പാരമ്പര്യമാണ്. കാരണം, മദ്ധ്യകാലഘട്ടത്തിലെ സ്ളാവിക് പ്രദേശ ങ്ങൾ ക്രിസ്തുമതം പ്രത്യേകിച്ചും ബൈസന്ററ്റീയത്തിൽനിന്നും ഏറ്റെടുത്തു. പിന്നീട് റോമിനെക്കാൾ കോൺസ്റ്റാന്റിനോപ്പിളിനെ പരാമർശിക്കുകയും ചെയ്തു. ഒരു കാര്യം, ഓർത്തഡോക്സിലെ മറ്റൊരു പ്രധാന സാംസ്കാരികകൂട്ടായ്‍മ ആണ് അരമായ ക്രിസ്ത്യാനികൾ. 

ഹാഗിയ സോഫിയ മുമ്പ് ഏറ്റവും വലിയ ഓർത്തഡോക്സ് പള്ളികളിൽ ഒന്നായി രുന്നു. ഓർത്തഡോക്സ് സഭകളുടെ സഭാപാരമ്പര്യങ്ങളും പഠിപ്പിക്കലുമെല്ലാം യേശുക്രിസ്തുവിന്റെ അരികിലേക്ക് പോകുന്നു. അതിന്റെ മുഴുവൻ നിഴലും ബൈസന്റൈൻ സാമ്രാജ്യത്തിലും കോൺസ്റ്റാന്റിനോപ്പിളും കേന്ദ്രീകരിച്ചു കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ്, ലാറ്റിൻ സഭയ്‌ക്കോ റോമൻ സഭയ്‌ക്കോ വിരുദ്ധമായി ചിലർ ഗ്രീക്ക് സഭയെക്കുറിച്ചു പല അഭിപ്രായങ്ങൾ പറയുന്നത്. എന്നാൽ കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന മറ്റുള്ള പള്ളികളും ബൈസാന്റൈൻ പാരമ്പര്യത്തിന്റെ യാഥാസ്ഥിതികയിൽനിന്ന് ദൈവശാസ്ത്രപരമായും ആരാധനാപരമായും ചില വ്യത്യാസങ്ങൾ ഉണ്ട്. അത് ഇങ്ങനെ, അതായത്, "ഈസ്റ്റേൺ കത്തോലിക്കാ പള്ളികൾ" ആധുനിക കാല ഘട്ടത്തിൽ പുരാതന ഓറിയന്റൽ പള്ളികൾ ( ഓറിയന്റൽ ഓർത്തഡോക്സ്, മോണോഫിസൈറ്റ്, മിയാഫൈസാറ്റ് പള്ളികൾ എന്നൊക്കെ അറിയപ്പെടുന്നു; നെസ്റ്റോറിയൻ ചർച്ച് എന്ന്.

സ്വയം ഭരണം നടത്തുന്ന കിഴക്കൻ പള്ളികൾ ഭാഗികമായി ദേശീയ സഭകൾ തന്നെയാണ്, പക്ഷെ സാംസ്കാരിക വ്യത്യാസങ്ങൾ കാണിക്കുന്നുവെങ്കിലും അവകൾ പരസ്പരം കൂട്ടായ്മായിലാണെന്നാണ് വിശ്വാസം. ഓർത്തഡോക്സ് സഭ യിലെ അംഗങ്ങൾ ഒരു യൂണിറ്റായി കാണുന്നുവെന്നും പറയുന്നു. സഭാകണക്ക് പ്രകാരം ഏതാണ്ട് 300 ദശലക്ഷം അംഗങ്ങളുള്ള ഓർത്തഡോക്സ് പള്ളികൾ ഇന്ന് ലോകത്തിൽ രണ്ടാമത്തെ വലിയ ക്രിസ്ത്യൻ സമൂഹമാണ്. എന്നാൽ പുരാതന ഓറിയന്റൽ പള്ളികളിൽനിന്നും കത്തോലിക്കാ കിഴക്കൻ പള്ളികളിൽ നിന്നും വേറിട്ട് വേർതിരിക്കേണ്ടതാണ്.

മുൻകാല ചരിത്രത്തിൽ സഭകളുടെ വളർച്ചയുടെ ഘട്ടത്തിലുണ്ടായ പരസ്‌പര ധാരണകളും മേധാവിത്ത സംഘർഷങ്ങളും ഇന്നത്തെ സഭകളിൽ കാണുന്നത് പോലെ മൂർച്ഛയേറിയതായിരുന്നുവെന്നു മനസ്സിലാക്കാം. അധികാരത്തിന്റെ കാര്യം മാത്രമല്ല, സമ്പത്തുസമ്പാദനവും കീർത്തിയും ആയിരുന്നു, ലക്‌ഷ്യം. ഇക്കാലത്തെ കിഴക്കൻ സഭകളുടെ (ഉദാഹരണത്തിന് കേരളത്തിൽ നടക്കുന്ന സഭായുദ്ധം) പോര് മുറുകിയപ്പോൾ പ്രശ്നം രാഷ്ട്രീയപരമായ വേദികളിലെത്തി ക്കുകയും ഇന്ത്യൻ ദേശീയരാഷ്ട്രീയത്തിൽ വലിച്ചിഴക്കുകയും ചെയ്തത് സഭ പ്രതീക്ഷിക്കുന്ന ആത്മീയതയിൽപെട്ടതല്ല. "പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്തു എന്താ കാര്യം" ഇത് തന്നെ ചോദിക്കുന്നത്, ഒരുപക്ഷെ എനിക്കുള്ള അറിവിലെ  കുറവാണെന്നു ധരിക്കുക. ഇന്ത്യൻ പ്രധാനമന്ത്രിയാണോ ക്രിസ്ത്യൻ സഭയ്ക്ക് അവരോധിക്കപ്പെട്ട പുതിയ പാത്രിയാർക്ക് ?, സഭാതലവൻ? ആയിരിക്കാം,.. അതാണല്ലോ, സഭയുടെ പ്രശ്നം തീർത്താൽ മോദിയുടെ രാഷ്ട്രീയപാർട്ടിക്കു തങ്ങൾ വോട്ടുനല്കുമെന്നു ഒരു കൂട്ടം സഭാനേതൃത്വം ലക്ഷ്യമിട്ട് പറയുന്നത്...! അപ്പോൾ ഒരു ചോദ്യമിവിടെ ഉദിക്കുന്നു: സഭ ആർക്കുവേണ്ടി, സഭയുടെ നില നിൽപ്പ് എവിടെ? ആരുടെ തടവിലാണ് ഇന്ന് ക്രിസ്ത്യൻ സഭകളെ അടച്ചത് ?

മുൻകാല ചരിത്രം കുറെ ബോധ്യപ്പെടുത്തുന്നു. ഡച്ചു ഈസ്റ്റ് ഇന്ത്യാ കമ്പനി 1663- ൽ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി മലബാറിലെ (കേരളത്തിലെ) സുഗന്ധ വ്യഞ്ജന വ്യാപാരത്തിൽ മേധാവിത്തം നേടി. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഹായത്തോടെ അന്ന് കത്തോലിക്കാ പീഡനങ്ങളിൽ നിന്നും രക്ഷപെടാൻ മലങ്കരസഭ ആ അവസരം ഉപയോഗിച്ചു എന്നാണു ചരിത്രം. മലങ്കര സഭയുടെ അഭ്യർത്ഥന മാനിച്ച് ഡച്ചുകാർ 1665- ൽ സിറിയക് ഓർത്ത ഡോക്സ് സഭയുടെ മെത്രാനായിരുന്ന ജറുസലേമിലെ ഗ്രിഗോറിയോസ്‌ അബ്ദുൽ ജലീലിനെ അവരുടെ വ്യാപാരക്കപ്പലിൽ കൊണ്ടുവന്നു. തോമസ് സിറിയൻ ഓർത്തഡോക്സ് സഭയുമായി ഒരു ബന്ധം സ്ഥാപിക്കുകയും, ക്രമേണ പടിഞ്ഞാ റൻ സിറിയൻ ആരാധനാക്രമങ്ങളും രീതികളും സ്വീകരിക്കുകയും ചെയ്തു. ഇതെല്ലാം ചില ഉദാഹരങ്ങൾ മാത്രമാണ്. ദൈവശാസ്ത്രപരമായ ക്രിസ്ത്യൻ ഓർത്തഡോക്സ് സഭയെ മനസ്സിലാക്കുന്നതനുസരിച്ചു ആ സഭ എല്ലാവരുടേയും ഐക്യമാണെന്നാണ്. അവിടെയുള്ളയെല്ലാം, ദൈവവും സൃഷ്ടിയും തമ്മിൽ ഒന്നിപ്പിക്കാനായി വിധിച്ചിരിക്കുന്നുവെന്നാണ് വിവക്ഷ. മാത്രവുമല്ല, അത് ദൈവത്തിന്റെ ശാശ്വതപദ്ധതിയുടെ പൂർത്തീകരണമെന്നും പഠിപ്പിക്കുന്നു. അത് സർവ്വ ഐക്യം സഭയിൽ നിത്യമാണെന്നു കരുതിയാലും അവയെല്ലാം താൽക്കാലികമാണെന്നു സംഭവങ്ങൾ മനസ്സിലാക്കുന്നു. സഭ ക്രിസ്തുവിന്റെ ശരീരമാണെന്നാണ് പഠനം.

ക്രിസ്ത്യൻ സഭകളിൽ പ്രത്യേകിച്ച്, ചില സഭകളിൽ ഇക്കാലത്തു നേതൃത്വ ദോഷം മൂലം സഭാംഗങ്ങളും നേതൃത്വങ്ങളും നേർക്കുനേർ നിന്ന് വെല്ലുവിളി ഉയർത്തുന്നു. സമരപ്രഖ്യാപനങ്ങളും സമരവും കേരളത്തിൽ ഇന്ന് നിത്യവും കാണപ്പെടുന്ന പ്രശ്നങ്ങളാണ്. ഉദാഹരണത്തിന് സീറോ- മലബാർ സഭയുടെ നേതൃത്വങ്ങളും അല്മായരും പരസ്പരം ഒരു ധാരണയില്ലാതെ നേതൃത്വത്തിന്റെ അഴിമതികളെയും, അല്മായരുടെ സഭാപരമായ അവകാശ നിഷേധങ്ങളും, പള്ളി ഭരണകാര്യത്തിൽ അല്മായർക്ക് നിഷേധിക്കപ്പെട്ടു കിടക്കുന്ന സഭയിലെ അവകാശങ്ങളും സാധിച്ചെടുക്കാൻ "ചർച്ച് ആക്ട് " ഉടൻ നടപ്പാക്കണമെന്നാണ് ശക്തമായി അല്മായരുടെ സമൂഹം സമരപ്രഖ്യാപനത്തിൽ ആവശ്യപ്പെടുന്നത്. ഇപ്പോൾ വളരെ ഗൗരവമായ വിവാദവിഷയം സീറോ മലബാർ സഭയിൽ നിന്ന് ഉയരുന്നത് എറണാകുളം- അങ്കമാലി അതിരൂപത നടത്തിയ ഭൂമി വില്പന പ്രശ്നം തന്നെയാണ്. അതിവിദഗ്ധമായി ഭൂമിവില്പനയിൽ തട്ടിപ്പ് നടന്നതിനെചൊല്ലി ഉണ്ടായിരിക്കുന്ന പരാതിയിൽ പോലീസും കോടതിയും ചില സംശയത്തോടെ വീക്ഷിക്കുന്നു.  

 കോൺസ്റ്റന്റീൻ 

സഭയിൽ വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ പ്രകാരം സഭയുടെ എല്ലാ സാമ്പത്തിക ഭരണകാര്യങ്ങളി ലും അല്മായ സഹകരണം ആവശ്യമാണെന്ന് വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുപക്ഷേ, സഭാതലവന്മാർ ഇതിനെ നഖശിഖാന്തം എതിർക്കുന്നു. അൽമായരുടെ  സമൂഹം നൽകിയ സ്വത്തുക്കളാണ് സഭയുടേതെന്നുള്ള യാഥാർത്ഥ്യം ഇവർ സ്വയം വിസ്മരിക്കുന്നുണ്ട്. ഇപ്പോൾ അതേപോലെതന്നെ, കേരളത്തിലെ മറ്റുള്ള, ഓർത്തഡോ ക്സ്, യാക്കോബായ, മലങ്കര സഭകൾ, ഇങ്ങനെ തുടങ്ങിയ സഭകളിൽ എന്ത് കാര്യങ്ങളാണ് നിലവിൽ യാതൊരു പരിഹാരവുമില്ലാതെ കത്തിയെരിയുന്നത് ? കോടതികൾ , രാഷ്ട്രീയ നേതൃത്വം, മാത്രമല്ല, മന്ത്രിമാർ ഇവരെല്ലാം പ്രശ്നപരിഹാരങ്ങൾക്കുള്ള ഓരോ മദ്ധ്യസ്ഥവേഷങ്ങൾ  ചമയുന്ന കാഴ്ച്ചയാണല്ലോ നാമെല്ലാവരും കാണുന്നത്.? ഇങ്ങനെയുള്ളവരാണോ സഭയിൽ പ്രശ്നപരിഹാരങ്ങൾ  കാണേണ്ടവർ? അവയെ സംശയിച്ചു പോകുന്നു. ലോക ക്രിസ്തുമതം ഓരോ സഭ ഭരിക്കുന്ന മതമൗലികവാദികളുടെ സ്വന്തം കൈപ്പിടിയിൽ ഇപ്പോൾ ശ്വാസം മുട്ടുകയാണ്. യേശു അല്ല ഇക്കൂട്ടരുടെ ജീവിതമാതൃക എന്നുവേണം കാണാൻ. ചക്രവർത്തിയാകാൻവേണ്ടി, യേശുവിൽ വിശ്വസിച്ചു ജീവിച്ചിരുന്ന തന്റെ സ്വന്തം രണ്ടാമത്തെ മകനെയും, തന്റെ ഭാര്യാസഹോദരനെയും ആക്രമിച്ചു കൊല ചെയ്തശേഷം, റോമൻ ചക്രവർത്തിയായി സ്വയം പ്രഖ്യാപിച്ച ക്രൂരനായ കോൺസ്റ്റാന്റീൻ ആണ്, " യേശുവിനെ തറച്ച കുരിശാണ്" എന്നെ റോമിന്റെ ചക്രവർത്തിയാക്കിയതെന്നും, ക്രിസ്തുമതം നമ്മുടെയും ജീവരക്ഷയാണെന്നും  കോൺസ്റ്റന്റീൻ പ്രഖ്യാപിച്ചെന്ന് ചരിത്രഗവേഷകരഭിപ്രായപ്പെടുന്നു. ഇങ്ങനെ ഒരവസ്ഥയാണോ ക്രിസ്തുമതത്തിൽ ഇന്ന് കാണുന്നതെന്ന് ചിന്തിക്കേണ്ടതായി വരുമോ ?. //- dhruwadeepti.blogspot.com

                                 Browse and share: https://dhruwadeepti.blogspot.com 

 ഈ  ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

-----------------------------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.