Freitag, 11. Dezember 2020

ധ്രുവദീപ്തി //Life // രാജ്യത്തിന്റെ കാവൽക്കാരന് സമ്മാനം കയ്യാമം! S -കുര്യൻ വേമ്പേനി

 
Late ശ്രീ S - കുര്യൻ വേമ്പേനി 


Life // രാജ്യത്തിന്റെ കാവൽക്കാരന് സമ്മാനം കയ്യാമം! // 
എസ്. കുര്യൻ വേബേനി


(*നിലവിൽ ഭൂമിയുടെ വില്പന വാങ്ങലുകൾ നിയമം കേരളത്തിലും മാറ്റി -വസ്തു വാങ്ങുമ്പോൾ സ്രോതസ്സിൽ നികുതി നൽകണം. - നിരക്ക്- ഒരു ശതമാനം മുതൽ   20 ശതമാനം വരെ നികുതി നൽകണം, വസ്തു വാങ്ങുന്നയാളും വസ്തു വിൽക്കുന്നയാളും നൽകണം -ഇത് എന്ത് , ഏതു രാജ്യത്തെ നിയമമാണ് ഇന്ത്യയിൽ ഉണ്ടാക്കിയത്? പ്രവാസിയുടെ ഒരു സ്ഥലം വാങ്ങുന്നതെങ്കിൽ - വിൽപ്പനയ്ക്കു 20 ശതമാനം നികുതിയും മറ്റുള്ള റെജിസ്ട്രേഷൻ തുകയും നൽകണം. ഇന്ത്യാക്കാരായ പ്രവാസികൾ ഇതറിയുന്നില്ലേ? ഇന്ത്യയിലെ  എല്ലാ ജനപ്രതിനിധികളും  ജനങ്ങളെ, പ്രത്യേകിച്ച് പ്രവാസി ഇന്ത്യാക്കാരുടെ കഴുത്തറത്തു മുറിച്ചു  രക്തം ഈമ്പിക്കുടിക്കുന്നത് ഇപ്പോൾ വ്യക്തമായി...

 ലോകചരിത്രത്തിൽ ഇതുവരെയും ഉണ്ടായിട്ടില്ലാത്ത ഏറ്റവും വലിയ കർഷക സമരമാണ് ഇന്ന് ഡൽഹിയിൽ നടക്കുന്നതെന്ന് ലോകമാദ്ധ്യമങ്ങൾ പറയുന്നു. "കർഷകർ മിണ്ടിപ്പോകരുത്, മന്ത്രിമാർ പറയുന്നത് അനുസരിച്ചോണം" ഇത് പറഞ്ഞത് ഇന്ത്യൻ പ്രധാനമന്ത്രിയാണ്. ഇന്ത്യയിലെ കർഷകരുടെ അവകാശങ്ങൾ ഇല്ലാതാക്കി സർക്കാരിന്റെ ക്രൂരത നിറഞ്ഞ തീരുമാനങ്ങളിൽ പ്രതിഷേധിച്ചുള്ള സമരം കർഷകരുടെ രക്തം കുടിക്കുന്ന ഇന്ത്യൻ ഭരണകർത്താക്കൾ അറിയണം. അനുനയചർച്ചകളല്ല ആവശ്യം, അവകാശങ്ങൾ വീണ്ടും പുന:സഥാപിക്കുകയാണ്.  

 പ്രവാസിമലയാളികൾ  കേരളത്തിൽ എല്ലാവരുടെയും സാമ്പത്തിക നിക്ഷേപമാണ്- പക്ഷെ അവരെ ഇല്ലാതാക്കുന്ന കഴുത്തറപ്പൻ രാഷ്ട്രീയപ്രവർത്തനങ്ങൾ ഇന്ത്യയിൽ വർദ്ധിച്ചു വരുന്നു. ശ്രീ. എസ്. കുര്യൻ വേബേനിയുടെ രാഷ്ട്രീയ അവലോകനവും ഇന്ത്യയിൽ കഷ്ടപ്പെടുന്ന കർഷകരുടെ പൂർവകാല അനുഭവങ്ങളും ഇന്നുള്ള എല്ലാ കർഷകരുടെയും അനുഭവങ്ങളും തമ്മിൽ വ്യത്യാസമില്ല എന്നദ്ദേഹം നമ്മെ ചൂണ്ടിക്കാണിക്കുന്നു, മെയ്യനക്കാതെ ഇന്ന് പ്രവാസിയുടെ വിയർപ്പിന്റെ ഉപ്പു രുചിക്കുന്ന രാഷ്ട്രീയക്കാരുടെ ലക്ഷ്യം പ്രത്യക്ഷമായി പ്രകടമാണല്ലോ:  പൂർവകാല ജീവിതത്തിന്റെ ചിത്രം- അതിപ്പോഴും ഇന്നത്തെ കാലത്തിന്റെ  ചിത്രമായി കാണുന്നതിനാൽ അദ്ദേഹത്തിൻറെ ഉറച്ച അഭിപ്രായത്തെ മാന്യ വായനക്കാർക്ക്  ആദരപൂർവ്വം സമർപ്പിക്കുന്നു:ധ്രുവദീപ്തി )-

"രോഗ ചികിത്സയോ , സംഗീതമൊ പോലെ ജന്മവാസനയും പഠനവുമർഹിക്കുന്ന ഒരു കലയാണ് രാജ്യഭരണവും. അതുപക്ഷേ,  അവിദഗ്ധരുടെയും സ്വാർത്ഥമതികളുടെയും കൈകളിൽ അർപ്പിക്കപ്പെട്ടതിന്റെ വമ്പൻ ദോഷഫലങ്ങളാണ് നാം ഇന്ന് ഇവിടെ കാണുന്നതു മുഴുവനും. ജനകീയഭരണ പ്രക്രിയയ്ക്ക് കാരണക്കാരായ മുൻ- പിൻ  തലമുറക്കാരായ സാമാന്യ ജനങ്ങൾ- കർഷകർ- ക്ലേശങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്ന കാലത്തോളം, രാജ്യം ആര് തന്നെ ഭരിക്കട്ടെ, നമുക്ക് അതൊരു ഭരണമല്ല. ജനാധിപത്യം എത്രതന്നെ പുലരട്ടെ, അതൊരു പുരോഗതിയല്ല.":  

Late - എസ് കുര്യൻ വേബേനി //-

 

രാജ്യത്തിന്റെ കാവൽക്കാരന് സമ്മാനം കയ്യാമം!
 
 -എസ്. കുര്യൻ വേബേനി
 
 കേരള കർഷകൻ 
പ്രകൃതിസൗന്ദര്യം അടുത്തു ചെന്ന് നന്നായി കാണുന്നതിനു ള്ള താല്പര്യം കൊണ്ട് ഞാൻ ഒരിക്കൽ കിഴക്കൻ മലകളിലേ യ്ക് പോയി. കല്ലുംമുള്ളും ഏറെ നിറഞ്ഞ മലമ്പാതകളിൽക്കൂടി ആയിരുന്നു എന്റെ യാത്ര. നടക്കുന്ന വഴിയുടെ ഇരുവശ ത്തും തലയുയർത്തി കുന്നുകൾ അങ്ങനെ കുലക്യന്യകകളെ പ്പോലെ നിൽക്കുകകയാണ്. സ്നേഹഗംഭീരനായ ചക്രവാളം അവയെ തഴുകി ചുംബിക്കുന്നു. ആ റോഡിൽനിന്നും നോക്കു മ്പോൾ തെങ്ങും കമുകും അകലെ ഇടതൂർന്നു നിൽക്കുന്ന അനേകം മലങ്കെട്ടുകൾ ആരെയാണ് ആകർഷിക്കാത്തത്? മലമ്പനിയുടെയും കാട്ടു മൃഗങ്ങളുടെയും ആ അധിവാസ കേന്ദ്രങ്ങളെ പിടിച്ചടക്കിയത് ധീരന്മാരായ കർഷകഭടന്മാരാണ് ! അവരുടെ എത്രമാത്രം വിയർപ്പുതുള്ളികൾ കൊണ്ട് നനഞ്ഞ താണ് ആ മലകൾ! തുണ്ടുതുണ്ടായി മുറിച്ചു എല്ലാ സ്ഥലങ്ങളും കയ്യാലകളും വച്ചിരിക്കുന്നു. ആ കൊച്ചുപുരയിടങ്ങളെ പിഞ്ചു കുഞ്ഞുങ്ങളെയെന്നപോലെ അവർ കയ്യാലയാകുന്ന ഹാരവും അരഞ്ഞാണവും അണിയിച്ചു നിറുത്തിയത് കണ്ടു. മദിച്ചു നടന്നുമടുത്തു കിടക്കുന്ന ആനകളേപ്പോലെ കിടക്കുന്ന പടു കൂറ്റൻ കരിമ്പാറക്കൂട്ടങ്ങളാണ് ചിലയിടങ്ങളിൽ. ചിലയിടങ്ങ ളിൽ വെള്ളാരൻ പാറകൾ തിളങ്ങി പ്രകാശിക്കുന്ന പാറക്കെട്ടു കളാണ്. അവിടെ നിന്നും ഒഴുകി വരുന്ന കുളിർജലം അവിടവി ടെ നിരപ്പാക്കിയെടുത്ത വയലുകളിൽ വന്നു വീഴുന്നു. കർഷ കൻ ആ മലകളിൽ വിളയിക്കാത്തതായി ഒന്നുമില്ല. തെങ്ങും കമുകുമില്ലാത്തിടത്തു ചേന പൊന്താലിലക്കുടകളായി നിൽ ക്കുന്നു. പ്രയത്ന ശീലം കണ്ടു അത്ഭുതപ്പെട്ടു. 
 
ഞാൻ എന്റെ കൂടെ വന്ന ഒരു കർഷക സ്നേഹിതനോട് അവിടെ ദൂരെക്കാണുന്ന പ്രകൃതി സൗന്ദര്യം വളരെ നന്നായി കടഞ്ഞെടുത്ത ഒരു കുന്നിനെ ചൂണ്ടിക്കൊണ്ട് ചോദിച്ചു.:-       അതാരുടെയാ ? 
അയാൾ പറഞ്ഞു;  'അത് നെല്ലിമൂട്ടിൽ മാത്തച്ചന്റെയാണ്'. 
'റോഡിനു മേൽഭാഗത്തു കാണുന്ന കാമുകിൻതോപ്പോ? ..'
'അത് ചെമ്പകശ്ശേരി തോമ്മാച്ചന്റെ'. 
'ആ കുന്നിന്പുറത്തു കാണുന്ന വീടും കാപ്പിത്തോട്ടവുമൊ?'..
'വിളകാത്ത് അന്തോണിയുടെ' ...
'തെക്കുവശത്ത് മലയടിവാരത്ത് കാണുന്ന വയലോ?'.
'മുല്ലശ്ശേരി ചാക്കോച്ചന്റെയാണ് അക്കാണുന്നതു മുഴുവനും'...
ഞങ്ങൾ പിന്നെയും മുന്നോട്ട് നടന്നു. 
ഒരു ചെറിയ ചായക്കട പാതവക്കത്ത് കണ്ടു. 
ഞാൻ ചോദിച്ചു കൂട്ടുകാരനോട്.' അതാരുടേയാ ?'. 
'അത് തിരുവല്ലാക്കാരൻ രാമൻ നായരുടേയാ '.
ഒരു നാലുകാലിൽ മാടം  കണ്ടു. 'അതോ ? '.
'അത് ഒരു വേലുവിന്റെ '...

ഞാൻ സൂക്ഷിച്ചു നോക്കി. അവിടെ ഒരു ചെറിയ പലകയിൽ കരിക്കട്ടകൊണ്ടു "ബാർബർ ഷോപ്പ്" എന്നെഴുതിയിരിക്കുന്നു. താഴെ ചുണ്ണാമ്പ്‌കട്ടകൊണ്ടു ഒരു കത്രികയും വരച്ചു വച്ചിരിക്കു ന്നു. സാമൂഹിക പരിഷ്‌ക്കാരം പതുക്കെ ആ മലയിലേക്ക് കയ റിച്ചെല്ലുന്ന വിധം ഞാൻ അന്തരംഗത്തിൽ കണ്ടു. പിന്നീടുള്ള ചോദ്യ വർഷങ്ങൾ കൊണ്ട് സ്നേഹിതനെ ബുദ്ധിമുട്ടിച്ചില്ല.

ഞങ്ങൾ യാത്ര തുടർന്നു. തിളച്ചു രുകുന്ന വെയിലത്ത് കുറേ പേർ നിന്ന് അവിടെ പണി നടത്തുന്നു. മുണ്ടും ചട്ടയും ധരിച്ചു കഴുത്തി ൽ മാലയുമണിഞ്ഞ യുവതിക ൾ! വിയർത്തൊലിച്ചു പുരുഷന്മാ രോടൊപ്പം അവരും ജോലികൾ ചെയ്യുന്നു .
 
ഞാൻ ചിന്തിച്ചു. എന്തായിരിക്കും, ഈ സമയത്തു പട്ടണത്തിൽ  ഒരു ഭേദപ്പെട്ട കുടുംബത്തിലാണെങ്കിൽ, സംഭവിക്കുകയെന്ന് ? അവിടെ കുടുംബ നായികയും പ്രായമായ പെൺമക്കളും, തലയിൽ പേൻ കുത്തുകയോ, അയൽക്കാരികളോടുകൂടി ഇരുന്നു നുണ പറയുകയോ ചെയ്യുകയായിരിക്കും. അഥവാ വിനോദ വിഹാരത്തിന് വേണ്ടി സെന്റും പൗഡറും പൂശി മേക്കബ് ചെയ്യുകയായിരിക്കും. നില കണ്ണാടിയുടെ മുമ്പിൽ വന്ന് നിന്ന് പല്ലിന്റെ ഭംഗി നോക്കുകയോ, മുടി കോതി ഉണക്കുകയോ ചെയ്യുകയാവും. ഗൃഹനാഥനും ആണ്മക്കളും റേഡിയോ ഗാനം കേട്ട് ചാരുകസേരയിൽ കിടക്കുകയോ ഇലക്ട്രിക് ഫാനിന്റെ കീഴിലിരുന്ന് സുഖിക്കുകയോ ചെയ്യുകയാവും. ഒരു ഗ്രാമീണ കർഷകൻ ഈ നേരംകൊണ്ട് രണ്ടാളുടെ പണി ചെയ്തുതീർത്തിരിക്കും. വ്രതവും നോറ്റ് കെട്ടും മുറുക്കി ശബരി മലയ്ക്ക് പോകുന്നതുപോലെ മാറിമാറി മാനം വെളുത്തു കഴിഞ്ഞാലെന്നും കർഷകൻ കെട്ടും ചുമടുമായി മലമുകളിലേക്ക്പോവുന്നു. പതിനെട്ടാം പടി കയറി മകരവിളക്കും കണ്ട് ' അയ്യപ്പന്മാർ' തിരികെ വരുമ്പോഴേയ്ക്കും, കർമ്മക്ഷേത്രത്തിൽ ഐശ്വര്യത്തിന്റെ തൂക്ക് വിളക്കും കൊളുത്തിയിട്ട് ആ കർഷകൻ ഉടൻ താഴേയ്ക്ക് ഇറങ്ങുകയാണ്‌. 
 
രാജ്യലക്ഷ്മിയുടെ തിരുമാറിൽ മരതക മാല്യം ചാർത്തുന്ന പ്രേമ ഗംഭീരനാണ് കർഷകൻ. അവനു മഴയില്ല, മഞ്ഞില്ല, വെയിലില്ല. സദാ സമയവും ഭൂമിയെക്കുറിച്ചുള്ള  ചിന്തയാ ണ്. ആ മണ്ണിൽ അവനു ഒരു  പൊന്നു വിളയിക്കണം. രാത്രി യിൽ തലക്കോഴി കൂവുമ്പോൾ കുളിർ കാറ്റ് ചുറ്റിയടിക്കുമ്പോ ൾ-പട്ടണവാസികൾ എല്ലാവരും സുഖനിദ്ര ചെയ്യുമ്പോൾ അങ്ങ് അകലെ "ഏറുമാടത്ത് " നിന്നും ഒരു പാട്ടു കേൾക്കാം. അതി ന്റെ ഓരോ ലയങ്ങളും വായുവിൽ ഓളങ്ങളിളക്കിക്കൊണ്ട് നമ്മുടെ കാതുകളിൽ അലിഞ്ഞു ചേരുകയാണ്. ഭയവും പ്രയാ സവും ആകെ മറക്കുവാനാണ് അയാൾ പാട്ടുപാടുന്നത്. കാട്ടു മൃഗങ്ങളെ പേടിച്ചു അയാൾ പച്ചപ്പാവാട ഉടുത്തു നെൽക്കന്യക കൾ ആ ഗാനം കേട്ട് പുളകമണിയുന്നുണ്ടാകും. അവരുടെയോ കാമുകനാണ് ആ കർഷകൻ. നിറകൊതുമ്പിട്ട് നല്ല നെന്മണിക ളെ പ്രദാനം ചെയ്യുന്നവരെയും ഓർത്ത് അയാൾ ആ പ്രേമഗീത ഇമ്പമായി പാടുന്നുണ്ടാകും.
 
മഴയ്ക്കും വെയിലിനുംവേണ്ടി അയാൾ പ്രാർത്ഥിക്കും. എന്നും മാനത്തു മഴക്കാറു കാണുമ്പോൾ അയാൾ ആഹ്‌ളാദിക്കുന്നു- ഈശ്വരന് കൂപ്പുകൈ ഉയർത്തുന്നു. കാലാകാലങ്ങളിൽ മഴയും വെയിലും ഈശ്വരൻ നൽകുന്നുവെന്ന് അയാൾ വിശ്വസിക്കു ന്നു. കൃഷി ചെയ്യണമെന്ന ചിന്തയല്ലാതെ മറ്റൊന്നുമയാൾക്കില്ല. ഊരാളികൾ പോലും കൈയൊഴിഞ്ഞിരിക്കുന്ന മലകളിലേ യ്ക്ക് അയാൾ നിർഭയം യാത്രയാകുന്നു. മലമ്പനിയും കാട്ടു ജന്തുക്കളും അയാളെ ഒരിഞ്ചു വളരാൻ സമ്മതിക്കുകയില്ല. എങ്കിലും അയാൾ മുന്നോട്ടുതന്നെ ഓരോ ചുവടു വയ്ക്കുകയാ ണ്. പാവം ധീരനായ കർഷകൻ! ഒരു കുട്ടികളെ പഠിപ്പിക്കാൻ പോലും യാതൊരു സൗകര്യങ്ങളില്ല. രോഗം വന്നാൽ ചികിത്സി ക്കാൻ അവിടെ ആശുപത്രിയില്ല. പ്രകൃതി നൽകിയിട്ടുള്ള ജീവിത സൗകര്യങ്ങളല്ലാതെ ഒരു സുഖവും അവനില്ല.  എത്ര ദിവസങ്ങൾ അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കഴിഞ്ഞിരി ക്കുന്നു. എത്രയോ നാളുകളായി എല്ലും തോലുമായിത്തീർന്ന ഭാര്യയും കുട്ടികളും പണി എടുക്കുന്നു. പക്ഷെ അതിലാർക്കും സങ്കടമില്ല. അവനും സങ്കടമില്ല. 

കഷ്ടതകളും പട്ടിണിയും വന്നാലും അവനു പണിമുടക്കില്ല. അതിനു അവനെ പ്രേരിപ്പിക്കാനും ആരുമില്ല. ആർക്കും അവ ന്റെ ബുദ്ധിമുട്ടുകൾ ഒരു പ്രശ്നം ആകുന്നില്ല. ഒരു കശുവണ്ടിത ല്ലുന്നവൻ- ചകിരി പിരിക്കുന്നവൻ- കൈ വലിച്ചാൽ- നാടുമുഴു വൻ ഉണരുകയാണ്. രാഷ്ട്രീയക്കാർ ഈയാംപാറ്റകളെപ്പോലെ ഓടിയടുക്കുകയാണ്. ഒത്തുതീർപ്പ് വിദഗ്ധന്മാർ ഒന്നിച്ചുകൂടുക യാണ്. ഫാക്ടറി ഉടമസ്ഥന് പരവശതയുണ്ടാകാൻ ആ പണിമുട ക്ക് മതി. മന്ത്രിക്കസേരകൾക്ക് ഇളക്കം തട്ടാനും ആ സംഗതി മതി . ആ പണിമുടക്കകാരന്റെയാകെ പരാധീനതകളെ മറ്റു ള്ളവർ ഊതി വീർപ്പിക്കുകയാണ്. ആ തൊഴിലാളിയുടെ ദുഖ: ജീവിതത്തിൽ അനേകർ മുതലക്കണ്ണീർ പൊഴിക്കുന്നു. പത്ര ക്കാർ അതിന് പ്രാമാണ്യം നൽകുന്നു. എല്ലാവരുടെയും ശ്രദ്ധാ വിഷയം അതുതന്നെ. !!
 
എന്നാൽ ഒരു രാജ്യത്തെ ഊട്ടി ത്തീറ്റുവാൻ യത്നിക്കുന്ന കർഷകന്റെ പട്ടിണി കണ്ടിട്ട് ആർക്കും പരാതിയില്ല. ഒരു മന്ത്രിക്കും സഹതാപമില്ല. ഒരു രാഷ്ട്രീയ നേതാവിനും പ്രയാ സമില്ല. ഏത് പാതിരാത്രിക്കോ പെരുമഴയ്ക്കോ അവരെ കുടി ഇറക്കുന്നതിൽ ആർക്കുമൊരു കൂസലില്ല. മണിമന്ദിരങ്ങളിൽ സുഖ ജീവിതം കഴിക്കുന്നവ ന്റെയല്ല, മനോജ്ഞവാഹനങ്ങളിൽ സഞ്ചരിക്കുന്നവന്റെയല്ല, കൊഴുത്ത ശമ്പളം വാങ്ങിച്ചു പിന്നെയും ക്ഷാമബത്ത ആവശ്യ പ്പെടുന്നവന്റെ അല്ല, ആണ്ടോടാണ്ട് അദ്ധ്വാനമില്ലാതെ, ഒന്നും മിച്ചമില്ലാത്ത കർഷകന്റെ ഭൂമിക്ക് വമ്പിച്ച നികുതിപ്പണം ഈടാക്കണം. അവന്റെ ഭൂമിക്ക് അമിതാദായം കൽപ്പിക്കണം എന്ന കാര്യത്തിലെല്ലാ ബുദ്ധിരാക്ഷസന്മാരും ഒരുപോലെ ഏക മതികളാണ്.  

കേരളത്തിലെ കർഷകന്റെ ജീവിതം ഒരു മെഴുക് തിരിയുടേ താണ്. അത് എല്ലാവർക്കും പ്രകാശം നൽകുന്നു. പ്രകാശം നൽകിക്കൊണ്ടു തന്നെ അത് കത്തിയെരിയുന്നു. അത് തീരുന്ന തുവരെയും പ്രകാശിക്കുകയാണ്. അത് പ്രകാശിക്കുന്നതുകൊ ണ്ടുതന്നെ കെട്ടു തീരുകയും ചെയ്യുന്നു. ഈ കർഷകർ ഒന്ന് പണിമുടക്കിയാൽ അവൻ തന്റെ പണിയായുധത്തിൽനിന്നും ഒന്ന് കൈ എടുത്താൽ ചന്ദ്രനും നക്ഷത്രങ്ങളും അറ്റുപോയ ആകാശംപോലെയായിതീരും ഈ ഭൂമി. 
 
  ഈ രാജ്യത്തിന്റെ യഥാർത്ഥ കാവൽക്കാരാണ് കർഷകർ. അവർ കൈവെള്ള പൊട്ടിച്ചു പണിയെടുക്കുന്നതു കൊണ്ടാ ണ് ഈ രാജ്യം ഇത്രയെങ്കിലും വിഭവ സമൃദ്ധമായത്. ഈ നാടിന്റെ സൗന്ദര്യത്തെ എല്ലാ വരും കൂടുതൽ ശ്‌ളാഘിക്കു ന്നു. ഇവിടെ ഇടതൂർന്നു നിൽ ക്കുന്ന തെങ്ങും കമുകും കുരു മുളകുകൊടിയും കണ്ട് ഇവിടെയൊരു നന്ദനോദ്യാനമാണെന്ന് ഏവരും പുകഴ്ത്തുന്നു. പക്ഷെ ഇതിന്റെയെല്ലാം പിറകിൽ മറഞ്ഞുകിടക്കുന്ന ആ നിശബ്ദമായ വലിയ മനുഷ്യ പ്രയത്നം ആരുമാരും കാണുന്നില്ല. പച്ച പിടിച്ച കുന്നുകളും, നന്നായി വിളഞ്ഞുകിടക്കുന്ന നെൽപ്പാടങ്ങളും കാണുമ്പോൾ പലർക്കും അസൂയ ജനിക്കാറുണ്ട്. ചിലർ പറയാറുണ്ട്, നാട്ടിലെ വിഭവ സമൃദ്ധമായ ഓരോ വസ്തുവകകൾ മുഴുവൻ അവിടെ കർഷകർ കയ്യടക്കി വച്ചിരിക്കുകയാണെന്ന്. പക്ഷെ അത് പറയുന്നവർ ഒട്ടും ചിന്തിക്കാറില്ല, ഇന്ന് സ്ഥലങ്ങൾ തനതായി  അനുഭവിക്കു ന്ന കർഷകരുടെ പൂർവികന്മാർ എന്തെന്ത് യാതനകൾ ആ ഭൂമി ക്കുവേണ്ടി അനുഭവിച്ചിട്ടുണ്ടെന്ന്. അവിടെ ഇന്ന് ഉയർന്നു നിൽ ക്കുന്ന വൃക്ഷലതാതികളുടെ ചുവട് അന്ന് വിയർപ്പുകണങ്ങൾ കൊണ്ട് നനച്ചിട്ടുണ്ട്‌! എത്രയെത്ര കർഷകരുടെ ജീവരക്തം കൊണ്ട് ഈ മലനാടുകളിലെ മണ്ണ് ആകെ നനഞ്ഞുപോയിട്ടില്ല? 
 
കേരളത്തിലെ മലപ്രദേശങ്ങൾ കർഷകരുടെ സ്ഥിര പ്രയത്ന ത്തിന്റെ വിജയമകുടങ്ങളാണ്. കാട്ടുമൃഗങ്ങളോടും രോഗങ്ങ ളോടും ആരോഗ്യ മുള്ള ശരീരം കൊണ്ടും മാത്രം എതിരിടേണ്ടി വന്ന മലനാടുകളിലെ ആദിമ കുടിയേറ്റക്കാർ എത്രയോവലിയ  മഹത്തായ ത്യാഗമാണ് സഹിച്ചിരിക്കുന്നതു!!
 
വിയർപ്പു കൊണ്ട് അപ്പം ഭക്ഷി ക്കുന്ന ഈ കർഷകർക്ക് ഗവണ്മെ ന്റ് കൂടി സഹായഹസ്തം നല്കുമാ യിരുന്നെങ്കിൽ? പക്ഷെ എന്ത് ചെയ്യാം..! അഹന്ത കൊണ്ടോ അജ്ഞത കൊണ്ടോ, കേരള ഗവണ്മെന്റും അവരുടെ നല്ല കൈകൾ രണ്ടും നിയമത്തിന്റെ വിലങ്ങിട്ട് പിടിച്ചുകെട്ടുന്നു. രോഗ ചികിത്സയോ ,സംഗീതമൊ പോലെ ജന്മവാസനയും പഠനവുമർഹിക്കുന്ന ഒരു കലയാണ് രാജ്യഭരണവും. അതുപക്ഷേ,  അവിദഗ്ധരുടെയും സ്വാർത്ഥമതി കളുടെയും കൈകളിൽ അർപ്പിക്ക പ്പെട്ടതിന്റെ വമ്പൻ ദോഷ ഫലങ്ങളാണ് നാം ഇന്ന് ഇവിടെ കാണുന്നതു മുഴുവനും. ജനകീ യഭരണ പ്രക്രിയയ്ക്ക് കാരണക്കാരായ മുൻ- പിൻ തലമുറക്കാ രായ സാമാന്യ ജനങ്ങൾ- കർഷകർ-ക്ലേശങ്ങൾ കൊണ്ട് വീർപ്പു മുട്ടുന്ന കാലത്തോളം, രാജ്യം ആര് തന്നെ ഭരിക്കട്ടെ, നമുക്ക് അതൊരു ഭരണമല്ല. ജനാധിപത്യം എത്രതന്നെ പുലരട്ടെ, ഒട്ടും  അതൊരു പുരോഗതിയല്ല.//-
  --------------------------------------------------------------

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371
 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.