Freitag, 27. November 2020

 

ധ്രുവദീപ്തി: Society // പാൻഡെമിക്// 

വിഷാദത്തിന്റെ ഇരട്ടി യാതനകൾ അനുഭവിക്കുമ്പോൾ -

-ജോർജ് കുറ്റിക്കാട്ട്-    

 George Kuttikattu
ഗോളതലത്തിൽ ആയുധയുദ്ധം ഇല്ലാത്ത ഒരു ഭീകര പാൻഡെമിക് യുദ്ധം  മനുഷ്യരെല്ലാം നേർക്കുനേർ നേരിടുകയാണ്. ആളുകൾ എന്തും സഹിക്കാൻ തയ്യാറാണ്, അതെന്തുകൊണ്ടാണെന്ന് അവർക്കറിയാമായിരുന്നെങ്കിൽ എന്ന് അവരുടെ ഹൃദയം പറയുന്നു. ഈ വിധമുള്ള അവസ്ഥയെക്കുറിച്ചു നാം  ചിന്തിച്ചാൽ അത്തരത്തിൽ അനുഭവിക്കുന്ന പ്രത്യേക കാര്യങ്ങളെക്കുറിച്ചു ഒറ്റവാക്കിൽ നമുക്കാർക്കും വേഗം പറയുവാൻ ഒട്ടും സാധിക്കുകയില്ല. ആളുകൾ അവരവരുടെ പുതിയ സാഹചര്യങ്ങളുമായി അവിശ്വസനീയമായ വിധം അതിവേഗത്തിൽ പുതിയ ജീവിതശൈലിയിൽ പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. ഇക്കാര്യത്തിൽ ജനങ്ങൾ മികച്ച മാതൃക കാണിക്കുന്നുവെങ്കിലും സാവധാനം സാമൂഹിക ജീവിതത്തിലെ ഏറെ വൈവിദ്ധ്യമുള്ള  ദൈനംദിന ബുദ്ധിമുട്ടുകൾക്ക് ഒരു കുറവുണ്ടാകുന്നില്ല. ആളുകൾ പ്രത്യേകിച്ചും ഓരോ  അനശ്ചിതമായ ജീവിത പ്രശ്നങ്ങളുടെ ശരിയായ പരിഹാരപരിമിതികളുടെ വെല്ലുവിളികളുമായി മല്ലിടുകയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇന്ന് പാൻഡെമിക് ദുരന്തസമയത്ത് മിക്ക ആളുകൾക്കും അധികാരികൾ നിർദ്ദേശിക്കുന്ന ഓരോ നിയന്ത്രണത്തിന്റെ ദൈർഘ്യം അതിന്റെ തീവ്രതയേക്കാൾ പ്രധാനമാണ്. എങ്കിലും ഈ അവസ്ഥയെക്കുറിച്ചു വിശദീകരിക്കാൻ ആഗ്രഹിക്കുമ്പോഴും ഒരു വസ്തുത യാഥാർത്ഥ്യമാണ് എന്ന് നിരീക്ഷിക്കാൻ കഴിയുന്നുണ്ട്.. ' ഇതിൽ,  ജനങ്ങളേറെ മികച്ചവരാണ്, അവർ പുതിയ പുതിയ ചില സാഹചര്യങ്ങളുമായി ഏറെക്കുറെ അവിശ്വസനീയമാംവിധം ആവുന്നവിധം വേഗത്തിൽ പൊരുത്തപ്പെടാൻ കഴിയുന്നതിന് ശ്രമിക്കുന്നുണ്ട് '.

ജനങ്ങളുടെ ജീവിതത്തിന്റെ സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവിനെ സ്വീകരിക്കാനുള്ള ആഗ്രഹം വളരെ വലുതാണ്. പക്ഷെ, പാൻഡെമിക് ഭയം ഉണ്ടാക്കുന്ന അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നു. അതിലേറെ, വരുന്ന ഭാവിയുടെ നാളുകളിൽ നമ്മെ എവിടേക്കെത്തിക്കുമെന്ന വലിയ ആശങ്കയും പ്രത്യാശയും കെടാതെ കത്തുന്നു. അതിലേറെ മറ്റുചില കാര്യങ്ങൾ നമ്മെ കുറേക്കൂടി ദുർബ്ബലപ്പെടുത്തുന്നു. പരസ്പരമുള്ള സംരക്ഷണാത്മക പെരുമാറ്റ കാര്യങ്ങളിലും അതിലൂടെയുള്ള സ്വീകാര്യതയും കാരണമാകുന്ന അപകട സാദ്ധ്യത വളരെ പ്രസക്തമാണ് എന്ന് കരുതേണ്ടതുണ്ട്. ഈ അടുത്ത ഓരോ ദിവസങ്ങളും മാസങ്ങളും പാൻഡെമിക് കേസുകളുടെ എണ്ണം കൂടുന്നതയാൽ ഏറെ അപകട സാദ്ധ്യതയും കൂടുകയാണ്. എങ്കിലും സർക്കാർ ജനങ്ങളുടെ ജീവ സംരക്ഷണം അടിസ്ഥാനപ്പെടുത്തി സ്വീകരിച്ച "ലോക്ക് ഡൗൺ" നടപടി മുതൽ അപകട സാദ്ധ്യത അല്പം കുറഞ്ഞതും, അതല്പം പ്രയോജനപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ജനങ്ങൾ മനസ്സിലാക്കുന്നു. ലോക്ക് ഡൗൺ തുടക്കത്തിൽ ശുഭാപ്തി വിശ്വാസം ഇപ്പോഴുള്ളതിലും വലുതായിരുന്നു. കാര്യങ്ങൾ ഉടൻതന്നെ ശരിയാകുമെന്ന ഒരു തോന്നൽ ജനങ്ങളിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ജനങ്ങളിൽ കുറെ ഏറെ സംശയങ്ങൾ കുടിയേറിയിരിക്കുന്നു. വ്യത്യസ്തമായ നല്ലത് എന്തെങ്കിലും സംഭവിക്കാൻ ആഗ്രഹിക്കുന്നുണ്ട്. കാരണം, മനുഷ്യന് ദു:ഖത്തിന്റെ ദിനങ്ങൾ മാത്രമല്ലല്ലോ, കുറെ ഉല്ലാസജീവിതവും വേണമല്ലോ. അതിന്റെ ആവശ്യകത കൊറോണ പാൻഡെമിക്കിന്റെ തീവ്രതയേക്കാൾ വലുതാണ്.

ജനങ്ങൾക്ക് അവരുടെ ദൈനംദിന ജീവിതത്തിന്റെ സ്വാഭാവികതയ്ക്കായി കൊതിക്കുന്നത് ശരിയാണ്, അതൊരാവശ്യമാണ്. ആളുകൾ സുഖകരമായ മാനസികവികാരങ്ങൾക്കും സന്തോഷവാർത്തകൾക്കുമായി ആഗ്രഹിക്കുന്നു. ജനങ്ങൾ പ്രതീക്ഷിക്കുന്ന ആന്തരിക കാഴ്ചപ്പാട് നമ്മുടെ ലക്ഷ്യവും ശക്തിയും ഒരു ശരി ദിശാബോധം ഈയവസരത്തിൽ കൈവരിക്കുമെന്നാണ്. നെഗറ്റിവ് പ്രതീക്ഷകളാകട്ടെ വിമുഖതയും ആശങ്കളും ഭയവും സൃഷ്ടിക്കും, ജനങ്ങളുടെ ആന്തരിക ശക്തി നഷ്ടപ്പെടുത്തുകയും ചെയ്യാം. ഇപ്പോഴുള്ള നിയന്ത്രണങ്ങളും രോഗ പ്രതിരോധ വാക്‌സിനും കൊണ്ട് പാൻഡെമിക് വ്യാപനത്തെ തീർത്തും അവസാനിപ്പിക്കാനുള്ള സാദ്ധ്യതകളും ലോകജനതയിൽ ഏറെ ധൈര്യവും, മികച്ച മനോഭാവവുമുള്ള ആളുകളെ നിലനിറുത്തുവാൻ സഹായകമാണ്.

പാൻഡെമിക്ക് വ്യാപനവും, വിദ്യാഭ്യാസ മേഖലയും,  സമൂഹത്തിലെ ആശയക്കുഴപ്പങ്ങളും-

വിദ്യാഭ്യാസമേഖലയിൽ വിദ്യാർത്ഥികളുടെ ഭാവി ഒരു വലിയ സാമൂഹിക പ്രതിസന്ധിയാണ്. വിദ്യാർത്ഥികൾ എല്ലാവരും വീഡിയോ മീററിംഗ് മുഖേന പഠനം സാദ്ധ്യമാക്കണമെന്നത് പ്രായോഗികമായും മനഃശാസ്ത്രപരമായും ഒട്ടും ഭാവിപ്രതീക്ഷകൾ സഫലമാക്കുകയില്ല. വിദ്യാലയങ്ങളിലെയോ സർവ്വകലാ ശാലകളിലെയോ നടക്കുന്ന എല്ലാ സംഭവങ്ങളും ഓൺലൈൺസ്‌ക്രീനിൽ സജ്ജമാക്കി വസ്തുതകളെ എങ്ങനെ പുതുമുഖങ്ങളെ നേരിടാമെന്നുള്ള കാര്യം അനേകംപേർ സംശയം പ്രകടിപ്പിക്കുന്നു. അനേകം വിദ്യാർത്ഥികൾ പറയുന്ന കാര്യം നാം മാസ്സിലാക്കണം:"ഓൺലൈൻ പഠനം? എനിക്കതു ഉപയോഗിക്കാൻ ഇഷ്ടമല്ല" എല്ലാവരും തന്നെ സാധാരണ നിലയിലേയ്ക്ക് മുമ്പത്തേതുപോലെ മടങ്ങാൻ ആഗ്രഹിക്കുന്നു. കലാശാലകളിലെ ആരോഗ്യ ആശയ വിനിമയ കാര്യങ്ങൾ നിരീക്ഷിച്ചാൽ ഒരു കാര്യം വ്യക്തമാണ്, ആദ്യത്തേതുപോലെ കൊറോണ പാൻഡെമിക് വ്യാപനത്തിൽ ഇപ്പോൾ ഭയവും നിരന്തരം എന്നും ചിന്തിക്കേണ്ടിയിരുന്ന വികാരങ്ങളും വളരെ കുറയുകയും ചെയ്തുവെന്നും നാം കാണുന്നുണ്ട്. കുട്ടികളുടെ മാനസികവികസനത്തിനും, അത് ലഭിക്കുവാനും, സാമൂഹ്യജീവിതഗുണ പാഠങ്ങളും പരിശീലനവും ലഭിക്കുവാനും ഓൺലൈൻ പഠനം ഒട്ടും ഏതൊരു അർത്ഥത്തിലും സഹായകമല്ല.  

പുതിയ വാക്സിനുകളെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ഉണ്ടായിരുന്നിട്ടും, ഫലപ്രദവും ഹാനികരമല്ലാത്തതുമായ വാക്സിനുകൾ എപ്പോൾ എവിടെനിന്നു വിപണിയിൽ എത്തുമെന്ന് വ്യക്തമല്ല. അഥവാ അത് അടുത്ത ഒരു ദിവസം ലഭിക്കും എന്ന അറിയിപ്പുണ്ടായാലും, ആരാണ് ആ വാക്സിനേഷൻ എടുക്കുക, അതിനുശേഷം നിർദ്ദേശിക്കപ്പെടുന്ന നിയന്ത്രണങ്ങൾ കുറയാൻ എത്രസമയം എടുക്കുമെന്ന്, അത് എത്രമാത്രം സംരക്ഷിക്കുമെന്നോ ആർക്കും യാതൊരു നിശ്ചയവുമില്ല. അതേസമയം ആളുകൾ പരസ്പരം ഒന്നിച്ചാഘോഷിക്കുന്നതും ഹസ്തദാനം ചെയ്യുന്നതും ആലിoഗനവും ചുംബനവും സിനിമയിൽ നൽകുന്നത് പാൻഡെമിക് ബാധിച്ചവരിൽ പോലും മിന്നിത്തിളങ്ങും. കാരണം അകന്നു വിട്ടുമാറാത്ത ഭയാശങ്കകൾ ഏറെക്കുറെ അസഹനീയമാണല്ലോ. അതിനെ നിർവചിക്കുക എളുപ്പമല്ല. അത് പരിഹരിക്കാൻ അധികാരികൾ ദിവസവും നിർദ്ദേശിക്കുന്ന ഓരോരോ നിയന്ത്രണങ്ങൾക്കും പ്രവചനങ്ങൾക്കും മീതെ ചില അടിസ്ഥാന കാര്യങ്ങൾ ആവശ്യമുണ്ട്. ചില കാര്യങ്ങൾ മാനസികമായി രോഗിയാക്കും. അതുപോലെ പകർച്ചവ്യാധികൾ സമൂഹത്തെയാകെ ഇരട്ടി അനിശ്ചിതത്വത്തിലേയ്ക്കും നയിക്കും. അതായത് ഈ പാൻഡെമിക് വ്യാപനം എത്രകാലം നിലനിൽക്കും, എങ്ങനെ പ്രതിരോധിക്കും എന്നിങ്ങനെ എപ്പോഴും വൈറസിനെപ്പറ്റി ആശയക്കുഴപ്പമുണ്ടാക്കുന്ന സാഹചര്യത്തിലേക്ക് ഇപ്പോൾ മനുഷ്യരെ എത്തിക്കുന്നു. 

ആശയക്കുഴപ്പമുണ്ടാക്കുന്ന ഘടകങ്ങൾ എന്താണ്? വൈറസ്‌തന്നെ ദൈനംദിന പ്രതീക്ഷകളെ ആശയക്കുഴപ്പമുണ്ടാക്കുന്ന സാഹചര്യത്തിലേക്ക് സമൂഹത്തെ മുഴുവൻ നയിക്കുന്നു. രോഗത്തിന്റെ ഗതിയിൽ ധാരാളം ലക്ഷണങ്ങളും ഏറെ വൈവിദ്ധ്യമാർന്ന വ്യതിയാനങ്ങളുമുണ്ട്. കൊറോണ വൈറസ് രോഗത്തിന് കാണപ്പെടുന്ന ഗതിയെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും വൈവിധ്യമാർന്ന വ്യതിയാനങ്ങളെക്കുറിച്ചും ആളുകൾക്ക് സംസാരവിഷയമാണ്. വൈറസിന് ഉറവിടം ഇപ്പോഴും അജ്ഞാതമാണ്. ഒരാളുടെ ഏതെങ്കിലും ഒരു രോഗം മറ്റുള്ള രോഗങ്ങളുമായി ഏറെക്കുറെ പൊരുത്തപ്പെടുമ്പോൾ കൊറോണ വൈറസ് രോഗവുമായി ക്രമീകരിക്കാൻ ബുദ്ധിമുട്ടാണെന്ന് ആളുകൾ പറയുന്നു. ഒരു വശത്ത് ഒരാളുടെ പ്രായവും രോഗത്തിന്റെ തീവ്രതയും തമ്മിൽ പ്രത്യേകിച്ച് ബന്ധമുണ്ടെന്നതിന് ശാസ്ത്രീയതെളിവുകൾ ലഭിക്കുമ്പോൾ ആളുകളിൽ ശരിക്കും അസ്വസ്ഥതയുണ്ടാക്കുമെന്നതിനു സംശയം വേണ്ട. അതേസമയം മറുവശത്തു കാണാവുന്നതിതാണ്‌: അപൂർവ്വമായിട്ടാണെങ്കിലും ഇന്റൻസീവ് വിഭാഗത്തിൽ ചികിത്സ ലഭിക്കേണ്ടതായി വരുന്നതും മറ്റു രോഗങ്ങളൊന്നും ഇല്ലാത്തവരുമായ സാമാന്യം ആരോഗ്യമുണ്ടായിരുന്ന ചെറുപ്പക്കാരെക്കുറിച്ചു ചില വാർത്തകൾ വരുന്നുണ്ട്. ഇപ്പോൾ ഭൂരിപക്ഷം ആളുകൾക്കും ഭാവിയിൽ എങ്ങനെയെന്നുള്ള വിചാരം കൂടി വരുന്നു.

പാൻഡെമിക് വ്യാപനം വളരെക്കാലങ്ങൾ നീണ്ടുനിൽക്കുന്നില്ലെങ്കിൽ, അത് കുറച്ചു ആഴ്ചകളോ മാസങ്ങളോ ആയാലും കുഴപ്പമില്ല, അഥവാ മാസങ്ങളോ അതിലല്പം കൂടുതലോ ആയാലും കുഴപ്പമില്ല, അടിയന്തിരമായി നടക്കേണ്ട ചില കാര്യങ്ങൾ കുറെ നാളേയ്ക്ക് മുമ്പോട്ട് നീക്കാമല്ലോ, എന്നാശ്വസിക്കുന്ന ആളുകളും സമൂഹത്തിൽ ഉണ്ട്. അങ്ങനെ എന്തും സഹിക്കാൻ തയ്യാറായിട്ടു മുമ്പോട്ട് നോക്കുന്നവരുമുണ്ട്. അത് ശരിവയ്ക്കുന്നരും ഉണ്ട്. അതുപക്ഷേ അപകടഭീഷണി ഉണ്ടെങ്കിലും അശ്രദ്ധരായി ജീവിക്കുന്നവരും ഉണ്ടല്ലോ. രോഗം ബാധിച്ചവരുടെ മാനസികനില ഒരു വിഷാദഭാവത്തിനു കാരണമാകും. ഈയൊരു അവസ്ഥയിൽഅതൊരു ഇരട്ടപ്രഹരം എന്നപോലെ ചില മാറ്റങ്ങൾ ചിലരിൽ ഉണ്ടാക്കാം. എന്നിരുന്നാലും ചിലരിൽ ചുരുങ്ങിയ സമയത്തിൽ ഓരോ പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടുകായും അവയെ പോസിറ്റിവ് ആയി വിലയിരുത്തുകയും ചെയ്യുന്നത് അതിശയകരമാണ്. വ്യത്യസ്‌തമായ മാറ്റങ്ങളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാനും തങ്ങൾക്ക് പ്രാപ്തിയുണ്ട് എന്ന് അവർ ചിന്തിക്കുന്നു. മുൻമ്പുണ്ടായ ഭയം ആവശ്യമില്ലാതെയായിരുന്നു എന്ന് പിറകോട്ടു ചിന്തിക്കുന്നുമില്ല.

എന്നിരുന്നാലും ഇത്തരം പ്രതീക്ഷകളെ നിരാശപ്പെടുത്താൻ കഴിയില്ലല്ലോ. ഇപ്പോൾ അടുത്തുവരുന്ന ക്രിസ്മസ് ദിനങ്ങളെപ്പറ്റിയുള്ള ആശങ്കകൾ വളരെ ഏറെയാണ്. ജനങ്ങളിൽ ക്രിസ്മസ് വിഷയം ഒരു പ്രധാന വിഷയമാണ്. ഉല്ലാസ പ്രിയന്മാരായ ജനങ്ങൾക്ക് രാഷ്ട്രീയപാർട്ടികൾ നിർദ്ദേശിക്കുന്ന നിയന്ത്രണ ചട്ടങ്ങൾ- അതായത് കുടുംബാംഗങ്ങൾ ക്രിസ്മസ് ദിനങ്ങളിൽ ഒരുമിക്കുന്നത് ഉപേക്ഷിക്കാൻ നിർദ്ദേശിക്കുന്ന നിയന്ത്രണ ചട്ടങ്ങളെ എങ്ങനെ എപ്രകാരം പ്രതികരിക്കും? ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട കുടുംബോത്സവമാണ്, രോഗ സംരക്ഷണ അതോറിറ്റിയുടെ ചട്ടങ്ങൾപ്രകാരം പരിമിതപ്പെടുത്താൻ ചില രാജ്യങ്ങളിൽ, ഉദാഹരണമായി ജർമ്മനി, സർക്കാർ തീരുമാനങ്ങൾ എടുക്കുന്നത്. ഇതിനെതിരെ ജർമ്മനിയിൽ ജനങ്ങളുടെ പ്രതിഷേധം എങ്ങനെ പ്രതിഫലിക്കുമെന്ന് പറയാനാവില്ല. കൂടുതൽ പ്രതിഷേധം പ്രതീക്ഷിക്കാം.

ജനങ്ങളുടെ ധർമ്മസങ്കടങ്ങൾ രാഷ്ട്രീയക്കാരുടെ പ്രസ്താവനകൾ കൊണ്ട് പരിഹരിക്കാൻ പ്രയാസമാണ്. അവർ ചിലപ്പോൾ പറയും എല്ലാം പരിപൂർണ്ണ നിയന്ത്രണത്തിലാണ്, പ്രതിരോധ വാക്സിനുകൾ ഉടൻ ഉണ്ടാകും എന്നൊക്കെ. ഇങ്ങനെ അറിയിക്കാൻ ഭരണാധികാരികൾ ആഗ്രഹിക്കുന്നു. യഥാർത്ഥത്തിൽ എല്ലാ രാജ്യങ്ങളിലെയും ആരോഗ്യമന്ത്രിമാർ എഴുന്നേറ്റുനിന്നു രാജ്യത്തെ ജനങ്ങളോട്, എനിക്ക് നിങ്ങളോടു ഒന്നും വാഗ്ദാനം ചെയ്യാൻ കഴിയില്ല, എന്ന് പറയണം. എന്നിരുന്നാലും അനിശ്ചിതത്വത്തിന്റെ ഭയവികാരം ജനങ്ങളിൽ വർദ്ധിപ്പിക്കും. അതേസമയം വ്യക്തമായ അറിവിലൂടെയുള്ള പ്രഖ്യാപനവും അതിനെടുക്കുന്ന സമയപരിധിയും ഒക്കെ ജനങ്ങൾക്ക് ആശ്വാസം നൽകും. അതേസമയം പ്രഖ്യാപിച്ച വിധമുള്ള വാക്സിന്റെ ലഭ്യതയും സമയവും മറ്റും പാലിക്കപ്പെട്ടില്ലെങ്കിൽ ആശങ്കകൾ വർദ്ധിക്കുകയെ ഉള്ളു. അങ്ങനെയായാൽ വാക്സിന്റെ അപ്രതീക്ഷിത പാർശ്വഫലങ്ങൾ ഉണ്ടാക്കിയെങ്കിലോ എന്ന ഭയം വളരെ വലുതായിരിക്കും. അതുപോലെ നാമറിയുന്നതെല്ലാം അനുസരിച്ചു ജനങ്ങളിൽ കൂടുതൽ നിരാശയും ആശങ്കയും സർക്കാർ ഇപ്പോൾ രാജ്യങ്ങളിൽ നൽകിയിരിക്കുന്ന നിയന്ത്രണത്തിന്റെ മാനസിക പിരിമുറുക്കത്തെക്കാൾ, അതിനുള്ള ചെലവുകളേക്കാൾ വളരെ വലുതായിരിക്കും എന്നുവേണം നാം കരുതേണ്ടത്.

സുരക്ഷ ആസൂത്രണം ചെയ്യാൻ എല്ലാ രാജ്യങ്ങളിലെയും ആളുകൾ മനസ്സാ ആഗ്രഹിക്കുന്നു. ഓരോ രാജ്യങ്ങളിലും വ്യത്യസ്തപ്പെട്ട കണക്കുകളാണ്, ഉദാ: ആഫ്രിക്കൻ രാജ്യങ്ങളിൽ പാൻഡെമിയുടെ വ്യാപനം നിയന്ത്രിക്കാൻ ഓരോ ആളുകളും സർക്കാരുകളും ശ്രദ്ധിക്കുന്നുവെന്ന് മാദ്ധ്യമങ്ങൾ പറയുന്നുണ്ട്. അനിശ്ചിതത്വത്തോടെ ജീവിക്കാൻ പഠിക്കണം എന്ന് ഈ രാജ്യങ്ങളിലെ ആളുകളോട് പറയുന്നു. സർക്കാരിന് അറിയാവുന്ന കാര്യങ്ങൾ പറയുന്നു എന്ന കാര്യങ്ങൾ വ്യക്തമാക്കുകയാണവിടെ. അല്ലാത്തത് ആർക്കുമൊന്നും ഒട്ടും അറിയില്ലെന്നു കഴിയില്ല. ഇപ്പോൾ ജർമ്മനിയിൽ ക്രിസ്മസ് കാലം അടുത്തു വരുന്നു. അപ്പോൾ ഡിസംബർ അവസാനം വരെ കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്നകാര്യം തള്ളിക്കളയേണ്ട . ഇതിനർത്ഥമെന്താണ്, പാൻഡെമിക്ക് പ്രതിരോധം കൈകാര്യം ചെയ്യുന്നത് റിയാലിറ്റി തത്വത്തിന്റെ പരിധികൾ ഉണ്ടെന്നുള്ള വസ്തുത പുകമറയിൽ പ്രദർശിപ്പിക്കുന്നു. അപ്പോൾ, നമ്മുടെ സ്വന്തം ഭയവും വേവലാതികളും, നമുക്ക് ലഭിക്കുന്ന ചില വിശ്വസനീയമായ വിവരങ്ങളുമായി പരസ്പരം താരതമ്മ്യം ചെയ്തു തുടങ്ങും. ഫലമോ? ഇവിടെ ഒരു മധ്യനിര പാളി സൃഷ്ഠിക്കപ്പെടുന്നു.

മനുഷ്യരുടെ സ്വാതന്ത്ര്യത്തിന്റെ അവകാശത്തിനും എതിരില്ലാതെയുള്ള സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് ആളുകൾ പറയുന്നു. അതിനു തക്ക അടിസ്ഥാനമില്ലെന്നും പറയുക വയ്യ. ആളുകളുടെ ശരീരത്തിൽ കുത്തി വയ്ക്കുന്നതു എന്താണെന്ന് അറിയുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണ മെന്നാണ് ആവശ്യം. അതുപോലെ വാക്സിനേഷൻ ചർച്ചയിലെ ഒരു സുപ്രധാന ഭാഗമാണ് സർക്കാർ സ്വീകരിക്കുന്ന നിർബന്ധത്തെക്കുറിച്ചുള്ള ഭയം. അത് വാസ്തവത്തിൽ അത്ര അടിസ്ഥാനരഹിതമല്ല. ചരിത്രവും നിയമപുസ്തകങ്ങളും നോക്കുമ്പോൾ ഒരു നൂറ്റമ്പത് വർഷങ്ങൾക്ക് മുമ്പ് നിർബന്ധിത വാക്സിനേഷൻ എടുക്കുന്നതിനെതിരെ സ്വിറ്റസർലണ്ടിൽ പൊതുജന അഭിപ്രായം ഉണ്ടായി. അന്ന് അവർ പാര്ലമെന്റിനോട് ആവശ്യപ്പെട്ടത് ഇങ്ങനെ: നിർബന്ധിത വസൂരി പ്രതിരോധ കുത്തിവയ്പ് ഏർപ്പെടുത്തുമ്പോൾ മെഡിക്കൽ വിദഗ്ധരുടെ കടുംപിടുത്തത്തിൽനിന്നു ഓരോ പൗരനെയും സംരക്ഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അന്ന് നിയമം ആത്യന്തികമായി ജനങ്ങൾ നിരസിച്ചിരുന്നു. പ്രതിരോധ കുത്തിവയ്പ്പിനെ എതിർക്കുന്നവർ ലോകമെമ്പാടുമുണ്ട്. ശാസ്ത്രജ്ജ്ഞർ ഉണ്ട്, പ്രകൃതി ചികിത്‌സാ വിദഗ്ധർ ഉണ്ട്, ഹോമിയോ വിദഗ്ധരുണ്ട്, അവരോട് വാക്സിനേഷന് എതിരുള്ളവർ അഭിപ്രായം തേടുന്നുണ്ട്. വാക്സിനേഷൻ പ്രകൃതി വിരുദ്ധമായ ചികിത്സാരീതിയയാണെന്ന ചിന്തയുടെ ഉറവിടം ഭയമാണ്

അതുമൂലം എന്ത് സംഭവിക്കുന്നു? നമ്മുടെ ധാരണകളും അറിവുകളും വളരെ വേഗത്തിൽ മാറ്റം ഉണ്ടാകുന്നു. അതാകട്ടെ ശരിയായി സുരക്ഷിതമല്ലാത്ത ഒരു നിലയായിരിക്കും. ഇവിടെ ഒരുവിധമുള്ള സാങ്കല്പികത മാത്രം വർദ്ധിക്കുന്നു. മറ്റുചിലർ ഇതൊന്നും വകവയ്ക്കാതെ അടുത്ത പാൻഡെമിക് ദിനങ്ങളിലൂടെ സന്തോഷത്തോടെ പോകുന്നുവെന്ന് കാണാം..അല്ലാത്തവർ കൂടുതൽ ഏറെ വിഷാദത്തിലും ആശയക്കുഴപ്പത്തിലും..പാൻഡെമികിനു എതിരെഎടുക്കുന്ന നിയന്ത്രണങ്ങൾ ആവശ്യമായി വരുമ്പോൾ അതിനു അർത്ഥമുണ്ടാകണം. അത് നമ്മുടെ സ്വന്തം ജീവിതസാഹചര്യങ്ങളുമായി ചേരുന്ന ഏതുതരമുള്ള നടപടികൾ ചെയ്യാനുണ്ടെന്നറിയിച്ചുകൊണ്ടു നാം പ്രചോദനം നേടണം. ഇത് സംബന്ധിച്ച് അമിതമായി ആശയവിനിമയം നടത്താനും ആർക്കുമാർക്കും കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. പക്ഷെ ഈ വിഷയത്തിൽ ഒരു ചോദ്യം നമ്മിലുണ്ടായിരിക്കണം. അതായത്, നമുക്ക് സ്വയം എന്ത് ചെയ്യാൻ കഴിയും? നമുക്ക് ചുറ്റുമുള്ള അനേകർക്കും ഇപ്പോൾ ഈ പാൻഡെമിക് വ്യാപന ദുരന്തം ഭീകരമായിത്തോന്നുന്നു. മാനസികാവസ്ഥയിൽ വലിയ മാറ്റങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. നാമെല്ലാവരും പുറത്തുനിന്നുള്ള ധാർമ്മികസഹായം പ്രതീക്ഷിക്കുന്നതിനോ, അത് ലഭിക്കുന്നില്ലെങ്കിൽ പരാതിപ്പെടുന്നതിനോ പകരം നമ്മുടെ ചുറ്റുമുള്ള ആളുകളുടെ ജീവിത സാഹചര്യങ്ങളെ എങ്ങനെ മികച്ചതാക്കാൻ കഴിയുമെന്ന് ചിന്തിക്കുന്നത് നല്ലതല്ലേ? നമ്മുടെ സംഭാവന എന്താണ്, നാമെല്ലാം എവിടെയാണ് ഇപ്രകാരം ഇടപെടുക ?.. ഇതായിരിക്കട്ടെ നമ്മുടെ സമാധാനം. //-

-----------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."
FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.