Sonntag, 22. November 2020

 ധ്രുവദീപ്തി : Health // 

"ഇവിടെ രോഗം ആശുപത്രിക്ക് "

-( 1982 ജൂൺ 28 വ്യാഴം )-

 - കെ. സി. സെബാസ്റ്റ്യൻ  സ്മരണകൾ

"ന്തുകൊണ്ടാണ് ഈ ലേഖനം വീണ്ടും "ധ്രുവദീപ്തി"യിൽ പ്രസിദ്ധീകരിക്കുന്നതിന് കാരണമെന്ന് വായനക്കാർ ചിന്തിച്ചു കാണും. ലോകമൊട്ടാകെ ഇക്കാലത്തും മുമ്പെന്നതുപോലെ ആശുപത്രികൾ പൂർണ്ണമായും ജീവൻ രക്ഷാകേന്ദ്രങ്ങളാണെന്നു പറയുക സാദ്ധ്യമല്ല. എനിക്കും നിങ്ങളിൽ പലർക്കും ഇത്തരം ദുരനുഭവങ്ങൾ വിശദീകരിക്കാനുണ്ടാകും. നമ്മുടെ ആരോഗ്യവും ജീവനും രക്ഷിക്കുന്ന അഭയകേന്ദ്രമല്ല ആശുപത്രികളും, ജീവൻ രക്ഷാപ്രവർത്തകരും..! നമ്മുടെ നീതിയും അവകാശങ്ങളും അപ്പാടെ സംരക്ഷിക്കുന്ന സംരക്ഷകരല്ല കോടതിയും ജഡ്ജിമാരും വക്കീലന്മാരും എന്ന പരമാർത്ഥം നേരിട്ടറിയാവുന്നവർ നമ്മുടെ ഇടയിൽ ഉണ്ട്. നമ്മുടെ ജനാധിപത്യത്തിന്റെ മൂല്യം നശിപ്പിക്കുന്നവരാണ് ജനപ്രതിനിധികൾ അടങ്ങിയ സർക്കാർ നേതൃത്വം. ജനാധിപത്യത്തെ തലകീഴാക്കിയവർ ജനങ്ങളുടെമേൽ ആധിപത്യം നേടിയിരിക്കുന്നു. ഇതിന്റെ പരിഷ്‌കൃതപേരാണ് "ജന ആധിപത്യം". ഇതേ അനുഭവങ്ങളാണ് രോഗിയായിത്തീർന്ന് ആശുപത്രികളിലെത്തുന്ന, അഥവാ പരാതികളുമായി നിയമസംരക്ഷകരുടെ, പൗരാവകാശ സംരക്ഷകരുടെ, പക്കലെത്തുന്ന ഒരാളുടെ ആശങ്ക!":

 - ധ്രുവദീപ്തി -

"ഇവിടെ രോഗം ആശുപത്രിക്ക്"

-(ഷെവലിയർ കെ. സി. ചാക്കോ കാടൻകാവിൽ )-

"സർ, ഈ മെഷീൻ പ്രവർത്തിക്കുന്നില്ല". ഒരു ദീന ശബ്ദം. "ആ മെഷീൻ പ്രവർത്തിക്കുന്നില്ലെന്നു തന്നോടാരു പറഞ്ഞു, അത് പ്രവർത്തിക്കുന്നുണ്ട്." ശരിയായി പ്രവർത്തിക്കുന്നില്ലെന്നു മാത്രമേയുള്ളു". പരുഷ സ്വരത്തിലുള്ള മറുപടി.  

 K.C.Sebastian

ശ്രദ്ധിക്കപ്പെടേണ്ട ഈ സംസാരം കേട്ടപ്പോൾ ലേഖകൻ ആ ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കി. കഴുത്തിൽ സ്റ്റെതസ് കോപ്പും തൂക്കി വെള്ളവേഷധരിച്ചു നിൽക്കുന്ന ഒരു യുവ ഡോക്ടർ, ഒരു കൊച്ചുകുഞ്ഞിനെയും കൈയിൽ പിടിച്ചു തന്റെ മുഖത്തു പകച്ചുനോക്കി നിൽക്കുന്ന കരണവരോ ടാണ് ഇപ്രകാരം പരുഷ സ്വരത്തിൽ തട്ടിമൂളിച്ചത്. ആ സ്വര ത്തിൽ പരിഹാസമുണ്ടായിരുന്നു. ചോദിച്ചയാളിനോടോ ആരോടാണ് പരിഹാസമെന്നത് വ്യക്തമായിരുന്നില്ല

തിരുവനന്തപുരത്ത് അഭിമാനാർഹമായി ജനസേവനം നട ത്തുന്നു എന്നവകാശ പ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള S. A. T ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണീ ശബ്ദം.

സമയം അപ്പോൾ രാത്രി രണ്ടരമണിയോടടുത്തു കാണും. ഒരു സുഹൃത്തിന്റെ മൂന്നുമാസം മാത്രം പ്രായമെത്തിയ കുഞ്ഞു രാത്രിയിലുണർന്ന് നിർത്താതെ കരച്ചിലാരംഭിച്ചു. അത്യാവശ്യം കൈവശം സൂക്ഷിച്ചിരുന്ന പൊടി മരുന്നുകൾ പലതും കൊടുത്തുനോക്കി. കരച്ചിൽ അധികരിക്കുന്നതല്ലാതെ കുറയുന്ന മട്ടില്ല. മാതാപിതാക്കൾക്ക് പരിഭ്രമമായി. കുഞ്ഞിനെയുംകൊണ്ട് അവർ ടാക്സി കാറിൽ തിരുവനന്തപുരത്തെ കുട്ടികൾക്കായുള്ള ആ മികച്ച ആശുപത്രിയി ലേയ്ക്ക് പാഞ്ഞു.

ഡോക്ടർമാർക്കിരിക്കുവാനുള്ള മുറിയിൽ,  രണ്ടുമൂന്ന് യുവ ഡോകർമാർ ഒരു ലേഡി ഡോക്ടറുമായി സൊറ പറഞ്ഞിരിക്കുന്നുണ്ടായിരുന്നു. അവരുടെ അടു ത്തുചെന്ന് ഭവ്യതയോടെ കുട്ടിയുടെ രോഗവിവരം അറിയിച്ചു. രോഗ വിവരം പ്രത്യേകം അറിയിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. കുഞ്ഞു അപ്പോഴും ഒട്ടും നിർത്താതെ കരച്ചിൽ തുടന്നുകൊണ്ടിരുന്നു

സമീപത്തുള്ള ഒരു മുറി ചൂണ്ടിക്കാണിച്ചു, "അവിടെയൊരു ബെഡ്‌ഡിൽ കൊണ്ടുപോയി കിടത്തു, ഞങ്ങൾ വന്നു നോക്കാം". ഡോക്ടർമാരിൽ ഒരാൾ പറഞ്ഞു. അത്യാഹിതവിഭാഗം കൈകാര്യം ചെയ്യുന്നത് രാത്രികാലങ്ങളിൽ ഹൌസ് സർജന്മാരാണെന്നാണ് ലേഖകന്റെ അറിവ്. ചിറക് വച്ചുകഴിഞ്ഞില്ല. അതിനുമുമ്പ് കഴുകനെക്കാൾ ഉയർന്നുപറക്കാൻ അവർക്ക് മോഹം. മനസ്സിൽ തോന്നിയത് വെളിയിൽ പറഞ്ഞില്ലെന്നു മാത്രം

കുട്ടിയേയുംകൊണ്ട് മാതാവ് അടുത്തമുറിയിലേയ്ക്ക് പോയി. അവിടുത്തെ കിടക്കയും കിടക്കവിരിയും കണ്ടപ്പോൾ അമ്മയ്ക്ക് കുട്ടിയെ കിടത്താൻ ഭയം. ആ ബെഡ്‌ഡിൽ കിടത്തിയാൽ കുട്ടിക്ക് വേറെ എന്തെങ്കിലും കടുത്ത   രോഗം പിടിക്കുമോ എന്നതായിരുന്നു അവരുടെ ന്യായമായ  സംശയം. അതുകൊണ്ടു 'അമ്മ കരയുന്ന കുഞ്ഞിനേയും കയ്യിൽ വച്ചുകൊണ്ടുതന്നെ പരിശോധനയ്ക്ക് ഡോക്റ്ററുടെ വരവും കാത്തു നിലയായി.

സൊറപറച്ചിൽ അവസാനിപ്പിച്ചു പത്തുമിനിറ്റുകൾക്ക്ശേഷം യുവഡോകർ മാർ പരിശോധനയ്‌ക്കെത്തി.അവർ പരിശോധന കഴിഞ്ഞു എന്തോ മരുന്ന് കുറിച്ച് കൊടുത്തു. ഉതകുണ്ഠാകുലനായി നിന്ന പിതാവ് മരുന്നിന്റെ ചിറ്റുമായി ഉറക്കച്ചടവുമായി അവിടെ ഉണ്ടായിരുന്ന ഡ്യുട്ടി നേഴ്സിനെ സമീപിച്ചു."ഈ മരുന്ന് ആശുപത്രിയിലില്ല, വെളിയിൽനിന്നു വാങ്ങണം" നഴ്‌സിന്റെ മറുപടി. മെഡിക്കൽ ഷോപ്പുകൾ അടഞ്ഞുകിടക്കുന്ന അർദ്ധരാത്രിയിൽ രോഗിയുടെ ആൾക്കാർ എവിടെനിന്നു മരുന്ന് വാങ്ങാനാണ്. ദൈവാനുഗ്രഹത്തിനുവേണ്ടി പ്രാർത്ഥിച്ചു സമയം തള്ളി നീക്കാനെ അവർക്ക് കഴിയുകയുള്ളു

തിരുവനന്തപുരത്തെ പ്രധാന ആശുപത്രികളിൽ ഒന്നാണ് S. A. T ആശുപത്രി. അവിടെ അത്യാഹിത വിഭാഗത്തിൽ അസമയങ്ങളിൽ ഉപയോഗിക്കാനുള്ള അത്യാവശ്യം വേണ്ടുന്ന മരുന്നുകൾ ഇല്ലെന്നത് ഒരു തരത്തിലും ഭൂഷണമല്ല. ഈ ലേഖകൻ പിന്നീട് നടത്തിയ അന്വേഷണത്തിൽ S. A. T യിൽ മാത്രമല്ല, കേരള സംസ്ഥാനത്തെ മിക്ക സർക്കാർ ആശുപത്രികളിലും അത്യാവശ്യത്തിനുള്ള മരുന്നുകൾ പോലും ഇന്ന് ലഭ്യമല്ലെന്ന് മനസ്സിലായി. ഭീമമായ ഒരു തുക മരുന്ന് വാങ്ങുന്നതിനു വേണ്ടി വർഷംതോറും ബജറ്റിൽ നീക്കിവയ്ക്കുന്നുണ്ട്. ഇതിൽ ഒരു പൈസ പോലും ലാപ്സാകുന്നില്ല.  പക്ഷെ, മെഡിക്കൽ കോളജ്, റഫറൽ ആശുപത്രി അടക്കം സംസ്ഥാനത്തെ മിക്ക ആശുപത്രികളിലും രോഗികൾക്ക് മരുന്നിന് പകരം കിട്ടുന്നത് ചിറ്റുകളാണ്. മെഡിക്കൽ വകുപ്പ് വാങ്ങുന്ന കോടി കണക്കിന് തുകയുടെ മരുന്നുകൾ എവിടെ പോകുന്നു.? "ഒരു നിശ്ചയം ഇല്ലയൊന്നിനും "...

ഇത് കേരളത്തിലെ മാത്രം അനുഭവമാണെന്ന് ലേഖകൻ പറയുന്നില്ല. ഡൽഹി യിലെ ഏറ്റവും പ്രശസ്തമായ ഒരു ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഇതുപോലൊരു അർദ്ധരാത്രിയിൽ ഒരു വി.ഐ.പി. രോഗയെ (ഒരു എം. പി) കൊണ്ടുപോകേണ്ടിവന്നു. അവിടെയും ഡ്യുട്ടിയിൽ ഒരു യുവ ഡോക്ടർ തന്നെ. രോഗിയുടെ മേൽവിലാസം മനസ്സിലായതോടെ കാര്യമായ ശ്രദ്ധയുണ്ടായി. "മാസ്സീവ് ഹാർട്ട് അറ്റാക്ക് " ഡോക്ടർ ലേഖകനോട് പറഞ്ഞു. ലേഖകൻ അന്നവി ടെ ഉണ്ടായിരുന്ന വയലാർ രവിയേയും, എം. പി.മാരെയും, പി.ജെ. കുര്യനെയും  സ്കറിയ തോമസിനെയും വിവരമറിയിച്ചു. പക്ഷെ, ഉടൻ പരിചരണത്തിനുള്ള ഉപകരണങ്ങൾ വരുവാൻ അവിടെയും കാലതാമസം വരുന്നത് കണ്ടു

അല്പം കഴിഞ്ഞപ്പോൾ മറ്റൊരു രോഗിയെയും സ്‌ട്രെച്ചറിൽ അവിടെ കൊണ്ട് വന്നു. അയാളും ഒരു ഹൃദ്രോഗിയായിരുന്നു. അത്യാഹിത വിഭാഗത്തിലെ ചില അഡ്മിഷൻ സംബന്ധിച്ച നടപടി ക്രമങ്ങൾ പൂർത്തിയാക്കി ചികിത്സയ്ക്കുള്ള സ്ഥലത്തു രോഗിയെ കൊണ്ടുവന്നപ്പോഴേയ്ക്കും സമയം വൈകിപ്പോയി-" ഒരു പതിനഞ്ചു നേരത്തെ കൊണ്ടുവന്നിരുന്നെകിൽ" എന്ന് പറഞ്ഞുകൊണ്ട് ആ യുവ ഡോക്ടർ രോഗിയുടെ  കിടന്ന ഒരു തുണിക്കഷണമെടുത്തു മുഖം മൂടി. തിരികെ കൊണ്ടുപൊയ്ക്കൊള്ളാൻ ആംഗ്യം കാണിച്ചു

ഈ സംഭവം പറയുവാൻ ഒരു പ്രത്യേക കാരണമുണ്ട്. അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ആശുപത്രികളിലെങ്കിലും അത്യാവശ്യം വേണ്ട മരുന്നുകളും ഉപകരണങ്ങളും രാത്രികാലങ്ങളിലെങ്കിലും സൂക്ഷിക്കേണ്ട ചുമതല ഓരോ ആശുപത്രി അധികൃതർക്കുമുണ്ട്. അത് ചെയ്യാത്തത് ഗുരുതരമായ ഒരു കൃത്യ വിലോപം ആണ്. ഏതായാലും എന്റെ സുഹൃത്തിന്റെ കുട്ടിക്ക് ആ ഡോക്ടർ കുറിച്ച് കൊടുത്ത മരുന്ന് അവരുടെ വീട്ടിൽ മുൻ‌കൂർ വാങ്ങി വച്ചിരുന്നത് തന്നെയായിരുന്നു. 

ഒരു കുട്ടിയുടെ പരിശോധന സംബന്ധിച്ചു കാത്തുനിൽക്കുന്നതിനിടയിലാണ് അത്യാഹിത വിഭാഗത്തിലെ ഓ. പി യിൽ വച്ചിട്ടുള്ള തൂക്കമറിയാനുള്ള ഒരു മെഷീന്റെ അത്ഭുതകരമായ പ്രവർത്തനശൈലി ശ്രദ്ധയിൽ പെട്ടത്. ഓരോ തവണയും ഒരാൾ തന്നെ കയറിനിൽക്കുമ്പോൾ വ്യത്യസ്ത തൂക്കം രേഖപ്പെടു ത്തിക്കൊണ്ടാണ് ആ ഉപകരണത്തിന്റെ പ്രവർത്തനം. ഇതേപ്പറ്റി പരാതിപ്പെട്ട ആളിനോടാണ് മെഷീൻ പ്രവർത്തിക്കുന്നുണ്ട്, ശരിയായി പ്രവർത്തിക്കുന്നില്ല എന്നേയുള്ളൂ എന്ന് പരിഹാസം നിറഞ്ഞ മറുപടി ഡോക്ടറിൽനിന്നുണ്ടായത്. പല ഡോക്ടർമാരെയും സംബന്ധിച്ചിടത്തോളം ഇതെല്ലാം ഒരു കളിയാണ്. പക്ഷെ ഈ യന്ത്രവും ഇതുപോലുള്ള മറ്റു യന്ത്രങ്ങളുമായി രോഗനിർണയവും അതുവഴി ചികിത്സയും തീരുമാനിക്കുന്നതെന്നുള്ള യാഥാർത്ഥ്യങ്ങളും മറ്റും ഓർക്കുമ്പോൾ ഹൃദയമുള്ളവർ ഞെട്ടിപ്പോകും. 

ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കേണ്ട ഈ സ്ഥലത്ത് കൂനിന്മേൽ കുരു എന്നപോലെ വൈദ്യുതി തകരാറും ഒരു നിത്യസംഭവമാണ്. അവിടെ ഒരു ജനറേറ്റർ പോലും നൽകാനായിട്ടില്ല. S.A. T. ആശുപത്രി ശുചിത്വത്തിൽ പേര് കേട്ടിരുന്നതാണ്. ഇപ്പോൾ മരുന്നും വെളിച്ചവും ശുചിത്വവും പ്രവർത്തനക്ഷമ തയും പ്രവർത്തനക്ഷമമായ ഉപകരണങ്ങളും കമ്മിയായതുപോലെ എല്ലാം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.//-

------------------------------------------------------------------------------------------------------------------------------

പ്രസിദ്ധ പത്രപ്രവർത്തകനും ദീപികയുടെ തിരുവനന്തപുരം ബ്യുറോ ചീഫും പാർലമെന്റ് മെമ്പറുരുമായിരുന്ന ശ്രീ. കെ.സി. സെബാസ്റ്റ്യൻ കാടൻകാവിൽ എഴുതിയ അനുഭവക്കുറിപ്പ് അദ്ദേഹത്തിൻറെ ജേഷ്ഠ  സഹോദരൻ ഷെവലിയർ. കെ. സി. ചാക്കോ ഓർമ്മിച്ചു. ഇങ്ങനെയുള്ള   കാര്യങ്ങൾ ഇന്നും മാറ്റമില്ലാതെ തുടരുന്നുവെന്ന യാഥാർത്ഥ്യം ഏറെ ചിന്തനീയം ആണ്.: ധ്രുവദീപ്തി  

****************************************************************** 

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.