മുട്ടത്തു വർക്കി //
കാല്പനിക സ്വപ്നങ്ങളുടെ കഥാകാരൻ //
Joseph kattakayam |
മലയാളികളുടെ കാല്പനിക സ്വപ്നങ്ങളെ ചിറക് വിടർത്തി ആകാശസീമകൾക്കപ്പുറമെത്തിച്ച തൂലികയുടെ ഉടമ. "പാടാത്ത പൈങ്കിളി"യുടെ കഥാകാരൻ. സാധാരണ മലയാളിയെ സ്വന്തം തൂലികയുടെ ഇന്ദ്രജാലത്താൽ വായനയുടെ ലോകത്തേയ്ക്ക് വിരുന്നു വിളിച്ച പ്രിയപ്പെട്ട സാഹിത്യകാരൻ. വടിവൊത്ത ജൂബ. ഇളം മഞ്ഞ (ഗബ്രിയേൽ ഗാർസ്യ മാർക്കോസിന് ഇഷ്ടപ്പെട്ട നിറം). ജൂബയ്ക്കുള്ളിൽ പരിശുദ്ധമായ കലാഹൃദയം സൂക്ഷിച്ച സഹൃദയൻ. നറുനിലാവിന്റെ നിറവിൽ പുഞ്ചിരി വിരിയുന്ന മുഖശ്രീ. സർവ്വേശ്വരൻ സർവൈശ്വര്യങ്ങളും കനിഞ്ഞനുഗ്രഹിച്ച അക്ഷയസൂര്യൻ. മലയാളിയുടെ മനസ്സറിഞ്ഞ ജനപ്രിയ രചനയുടെ കഥാകാരൻ. ഗ്രാമങ്ങളിലും വായനയുടെ നിറവസന്തം വിരിയിച്ച പാദുഷ- മലയാളിയുടെ സ്വന്തം മുട്ടത്തു വർക്കി. 1913 ഏപ്രിൽ 28- ന് കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്ക് അടുത്തുള്ള ചെത്തിപ്പുഴ ഗ്രാമത്തിൽ ജനിച്ച വർക്കിസാർ 1989 മെയ് മാസം 28-)0 തിയതി 76-)0 വയസ്സിൽ അന്തരിച്ചു. അദ്ദേഹം നാമേവരെയും വിട്ടു പിരിഞ്ഞിട്ട് ഇതിനകം മൂന്ന് പതിറ്റാണ്ടുകൾ (31 വർഷങ്ങൾ) പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.
ഗ്രാമത്തിന്റെ വിശുദ്ധിയും കഥാപാത്രങ്ങളുടെ ഓജസുറ്റ സംഭാഷണ ശൈലിയും മധുരം കിനിയുന്ന നാട്ടുഭാഷയും, മദ്ധ്യതിരുവിതാംകൂർ പശ്ചാത്തലമാക്കി തികച്ചും ഗ്രാമീണ കാൻവാസിൽ വിരചിച്ച ജീവസുറ്റ നായികാനായകന്മാർ മുട്ടത്തു വർക്കിയുടെ ഭാവനയിൽ വിളിയുടെയും ഹൃദയത്തിൽ തേങ്ങലായി, തെന്നലായി, തലോടലായി, തനിമയോടെ അവർ തീർത്ഥാടനം തുടർന്നു. അതെ! ഇന്നും സാധാരണ മലയാളി മനസ്സുകളിൽ ഈ കഥാപാത്രങ്ങൾ നിറഞ്ഞാടുന്നു. പൊൻകുന്നം വർക്കി എസ്റ്റാബ്ലിഷ്‌മെന്റിനെതിരെ "War Key" യുടെ (യുദ്ധത്തിന്റെ താക്കോൽ) സൂക്ഷിപ്പുകാരനാണ്. മുട്ടത്തു വർക്കി രചനയുടെ ജയഭേരി മുഴക്കിയ പോരാളിയും.
വലിയ ഒരു ശരീരത്തിൽ കലയേയും കാവ്യാത്മകതയേയും പ്രണയിക്കുന്ന മനസ്. ലക്ഷക്കണക്കിന് മലയാളികളെ വായനയുടെ അതിവിശാലമായ മാസ്മരിക ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ അനന്യപ്രതിഭ. കവിതയും കാവ്യാത്മ കതയും പ്രസാദാത്മക ഭാവങ്ങളും ഒക്കെ നുരയുന്ന രചനയുടെ അനിർവചനീയമായ തലങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്ന കരകാണാക്കടലലയുടെ കഥാകാരൻ. മുകിൽ വർണൻ - മുട്ടത്തു വർക്കി.
മുട്ടത്തുവർക്കിയുടെ കഥാപാത്ര സൃഷ്ടിയും ആഖ്യാനപാടവവും നിത്യനൂതനമാണ്. മാനവചിന്ത അതിന്റെ എല്ലാ രൂപങ്ങളിലും മൗലികമായി അധിഷ്ഠിതമായിരിക്കുന്നത് ആഖ്യാനത്തിലാണ്. കഥപറച്ചിൽ മനുഷ്യ വർഗ്ഗത്തിന്റെ സാർവ്വത്രികവും നൈസർഗ്ഗികവുമായ സ്വഭാവം തന്നെ. കഥാഖ്യാനം മനസ്സിനെ വിമോചിപ്പിക്കാനും ശാക്തീകരിക്കാനും ഉതകണം. ബുദ്ധി, വികാരം, ഇന്ദ്രിയ സംവേദനം, ഭാവന എന്നീ സിദ്ധികളെല്ലാം കഥ പറച്ചിൽ കൂടുതൽ സജീവമാക്കുന്നു. ഒരു പ്രബന്ധത്തെയോ പ്രസംഗത്തെയോ അപേക്ഷിച്ചു വളരെക്കൂടുതലായി അത് സാധാരണക്കാരന്റെ അനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്നു. ശരിയായ കഥാഖ്യാനം കഥാപാത്രങ്ങളുമായി താദാത്മ്യപ്പെടുവാൻ വായനക്കാരെ പ്രാപ്തരാക്കുന്നു. നല്ല കഥകൾ വായന ക്കാരുടെ ഉപബോധമനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നു. ഈ സൈദ്ധാന്തിക പശ്ചാത്തലത്തിലാണ് വർക്കി സാറിന്റെ രചനയുടെ മൂല്യം വിലയിരുത്തേ ണ്ടത്. അദ്ദേഹത്തിൻറെ കഥാപാത്രങ്ങൾ നമ്മളിൽ ഓരോരുത്തരുമാണെന്ന തോന്നൽ ഉളവാക്കുന്നു. ഷേക്സ്പീയറുടെ വിശ്വവിഖ്യാതമായ "ദ ഹാംലെറ്റ്" എന്ന നാടകത്തിന് എഴുതിയ നിരൂപണത്തിൽ ഡേവിഡ് ഡേയ്ച്ചസ് ഇങ്ങനെ പറയുന്നു: "It is we who are Hamlets." വിരുദ്ധ വികാരങ്ങളുടെ സംഘട്ടനത്തിൽ പ്പെട്ടുഴലുന്ന ഹാംലറ്റിന്റെ ധർമ്മസങ്കടം ഹൃദയ ഹാരിയായി ഷേക്സ്പീയർ അവതരിപ്പി ക്കുന്നു. "To be or not to be or take arms against the sea of trouble".
മുട്ടത്തു വർക്കിയുടെ കാൻവാസ് സാധാരണ മദ്ധ്യതിരുവിതാംകൂർ ജന ജീവിതത്തിന്റെ പരിച്ഛേദമാണ്. സാമൂഹികജീവിതത്തിന്റെ ഹൃദയ ത്തുടിപ്പുകളാണ് വർക്കിസാറിന്റെ തൂലിക ചലിപ്പിക്കുന്നത്.
അക്കരപ്പച്ച, ഒരു കുടയും കുഞ്ഞുപെങ്ങളും, ഇണപ്രാവുകൾ, പട്ടുതൂവാല, തെക്കൻ കാറ്റ്, ലോറ, നീ എവിടെ?, പാടാത്ത പൈങ്കിളി, മറിയക്കുട്ടി എന്നീ നോവലുകൾ ഹൃദയങ്ങളെ ത്രസിപ്പിക്കുന്ന ചടുലമായ രചനാവൈഭവത്തിനു ഉദാഹരണങ്ങളാണ്. രചനയുടെ വാഗ്മയങ്ങൾ വാർന്ന് വീഴുന്ന അത്ഭുത സിദ്ധി വർക്കിസാറിന്റെ രചനകളിൽ ഇതളിട്ടുണരുന്നു. ഇണപ്രാവുകളിലെ കഥാപാത്രങ്ങളായ അന്തോണിയും റാഹേലും വിശ്വസാഹിത്യ തലങ്ങളിലേ ക്ക് ഉയരുന്നു. ആന്റണി ആൻഡ് ക്ലിയോ പാട്രയിലെ കഥാപാത്രങ്ങളോട് 'ഇണപ്രാവുകളിലെ നായികാനായകന്മാരായ അന്തോണി- റാഹേല്മാരെയും ഉപമിക്കാറുണ്ട്.
അറുനൂറിലേറെ ചെറുകഥകളും ഡസൻ കണക്കിന് നോവലുകളും എഴുതിയ ശേഷമാണ് "ഇണപ്രാവുകളെ" വായനക്കാരുടെ അടുത്തേയ്ക്ക് അയയ്ക്കുന്ന തെന്ന് ആ പുസ്തകത്തിന്റെ ആമുഖക്കുറിപ്പിൽ വർക്കിസാർ പറയുന്നു. തന്റെ കഥാപാത്രങ്ങൾ നിർദ്ദോഷികളാണ്. അന്ധമായ സമൂഹം, നിഷ്ടൂര മായ സമൂഹം ഈ കഥാപാത്രങ്ങളെ ജീവിതത്തിന്റെ വിഷമ വൃത്തങ്ങളിലേ യ്ക്ക് തള്ളിവിടുകയാണെന്നു അദ്ദേഹം പറയുന്നു.
ഒരു സുഖ ശീതള ഗ്രാമീണ അന്തരീക്ഷത്തിലാണ് കഥ തുടങ്ങുന്നത്. "ശർക്കരേച്ചി" എന്ന തേന്മാവിന്റെ ചുവട്ടിൽ മൊട്ടിട്ടു വളരുന്ന പ്രണയം. ചുറ്റുപാടുകളുടെ സമ്മർദ്ദത്തിൽ ദുരന്തപര്യവസായിയായ കഥ. കാമുകീ-കാമുകന്മാരുടെ തിരക്കഥാസംഭാഷണത്തിന് വികാരതീവ്രത ഉൾച്ചേർക്കുന്ന ക്രാഫ്റ്റ് ഉദാത്തമായ തലങ്ങളിലേക്ക് ഉയരുന്നു. ഉദാഹരണം:
"ഏഴുനിലയുള്ള പൊൻമണിമാളികയിൽ
നിന്നു നീ നിൻ മുഖം മാറ്റിക്കളയല്ലേ
അക്കിളിവാതിലടയ്ക്കല്ലേ
തൈമണിക്കാറ്റിലുലഞ്ഞോട്ടാ-
കുന്തളപ്പാളികൾ"
'പാടാത്ത പൈങ്കിളി'യുടെ കർത്താവിനെ പൈങ്കിളിക്കഥാകാരൻ എന്ന് ആക്ഷേപിച്ചവർ അനേകം. സാധാരണ വായനക്കാരനെ ശ്വാസം അടക്കി പിടിച്ചിരുത്തി വായിപ്പിക്കുന്ന ആഖ്യാനപാടവം ഇദ്ദേഹത്തിന്റെ മൗലിക പ്രതിഭയുടെ പ്രതിഫലനം മാത്രം.
വർക്കിസാറിന്റെ രചനകൾ "പൈങ്കിളി"യെന്ന് പുച്ഛിച്ചു പുറംകാലുകൊണ്ട് തട്ടിയകറ്റുന്നതെന്തേ എന്ന ചോദ്യം സാഹിത്യവാരഫലക്കാരന്റെ മുമ്പിൽ വന്നു. ആകർഷകമായ പ്രേമകഥകളെ ആരും പുച്ഛിക്കാറില്ല. പ്രേമാവി ഷ്ക്കാരം ബഹിർഭഗസ്ഥമോ അയഥാർത്ഥമോ ആകുമ്പോഴാണ് ദുരനുഭവം ഉണ്ടാകുന്നതെന്ന് അന്തരിച്ച വിമർശന സാമ്രാട്ട് എം. കൃഷ്ണൻ നായർ പറഞ്ഞു. ഉപരിപ്ലവമായ ആശയങ്ങൾക്കാണ് "പൈങ്കിളി"കഥയിൽ മുന്തിയ പ്രാധാന്യം. ആർക്കും ആഴങ്ങളിലേക്ക് ചെന്നുപറ്റാനറിയില്ലാത്ത അവസ്ഥ. ഈ അടിസ്ഥാനത്തിൽ പൈങ്കിളിക്കഥകളിലെ ജീവിത ചിത്രീകരണം അവാസ്തവമായി, അതിഭാവുകത്വമുള്ളതായി മനസ്സിന് പരിപാകം വന്നവർ ക്ക് തോന്നും. "രചന അസത്യാത്മകവും അതിഭാവുകത്വമാർന്നതുമായാൽ അനുവാചകൻ അധ:പതിക്കും" എന്ന ന്യായം പറഞ്ഞാണ് കൃഷ്ണൻ നായർ പൈങ്കിളിക്കഥകളെ തള്ളിപ്പറഞ്ഞത്.
"മ"പ്രസിദ്ധീകരണങ്ങളിലെ "പൈങ്കിളി"ക്കഥകൾ മാത്രമേ ഒരഞ്ചു കൊല്ല ത്തേയ്ക്ക് ഉണ്ടാകുന്നുള്ളൂ, എന്നുവച്ചാൽ കേരളജനത ഒന്നിനും കൊള്ളാത്ത വരായി അധഃപതിക്കുമെന്ന് കൃഷ്ണൻ നായർ പറഞ്ഞു. കലാകാരന്മാർ തങ്ങ ളുടെ സ്വത്വം രചനകളിൽ നിവേശിപ്പിച്ചു അതിന് അന്യാദൃശ്യ സ്വഭാവം വരുത്തും. "തത്തമ്മേ പൂച്ച പൂച്ച" എന്ന മട്ടിൽ എല്ലാവരും ഒരേ വസ്തുതയും ആവർത്തിക്കുന്നു. "മനുഷ്യന്റെ ക്ഷുദ്രവികാരങ്ങളെ ഇളക്കിവിടുന്ന പൈങ്കിളിക്കഥകളാണ്."- കൃഷ്ണൻനായർ അന്തിമ യുദ്ധത്തിന്റെ കുന്തമുന ഉയർത്തി.
"കരകാണാക്കടലിൽ" സത്യൻ നായകവേഷമിട്ടു. മറ്റു മിക്ക ചിത്രങ്ങളിലും പ്രേംനസ്സീർ ആണ് നായകൻ. ശാരദയും, ഷീലയും, മിസ്.കുമാരിയും നായികമാർ. തന്റെ ചിത്രത്തിൽ വേഷമിട്ട താരങ്ങളുമായി വർക്കിസാറിന് നല്ല ബന്ധമുണ്ടായിരുന്നു. "കരകാണാക്കടലിലെ " നായകനെ സത്യൻ അഭ്രത്തിൽ അനശ്വരനാക്കി.
മുട്ടത്തു വർക്കിയുടെ രചനകളെ "പൈങ്കിളി" യെന്ന് ആക്ഷേപിക്കുന്നവർക്ക് അദ്ദേഹത്തിൻറെ രചനാസൗകുമാര്യത്തെപ്പറ്റി എന്താണ് പറയാനുള്ളത്? മലയാളിയുടെ വായനാശീലത്തെ ഊട്ടിവളർത്തിയത് ആരാണ്? സ്വർണ്ണം വാരി വലിച്ചിട്ടിരിക്കുന്നതിനിടയിൽ ഇരുമ്പ്പൊടി തെരയുന്നതെന്തിന്? "പാടാത്ത പൈങ്കിളി" യും "ഇണപ്രാവുകളും" ഇറങ്ങിയ കാലത്ത് ഓരോ വീടിന്റെയും ഉമ്മറപ്പടിയിൽ നോവൽ ഖണ്ഡശയായി പ്രസിദ്ധീകരിക്കുന്ന പത്രത്തിന്റെ വാരാന്ത്യം ഒരു വേള കണ്ണോടിക്കാൻ കാത്തുനിന്ന അമ്മമാരു ടെ നിര പതിവ് ദൃശ്യമായിരുന്നു. തകഴിയുടെ ഭാര്യ കാത്തയ്ക്കും പുത്രിക്കും വർക്കിക്കഥകൾ ഹരമായിരുന്നു.
മുറുക്കിചുവപ്പിച്ച ചുണ്ടുകൾ, രൂപഭദ്രതയുള്ള തിളക്കമാർന്ന പല്ലുകൾ, ചുണ്ടിൽ വിരിയുന്ന മന്ദഹാസം, ചിന്തേരിട്ട് ചിത്രം വരുത്തിയ വേഷ്ടി. ഒരു കൈയിൽ മുറുക്കാൻ ചെല്ലവും, അതാത് വാരികകൾക്ക് കൊടുക്കാനുള്ള നോവലുകളുടെ അദ്ധ്യായങ്ങളും അടുക്കിവച്ച ബാഗ്. മറ്റേ കയ്യിൽ നീണ്ട കാലൻകുട. തിരക്കേറിയ നഗരഹൃദയ ഭൂമിയിലെ കവലകൾ മുറിച്ചുകടന്ന് ഈ ഒറ്റയാൾ പട്ടാളത്തിന്റെ കുതിപ്പ് - പത്രം ഓഫീസിലേയ്ക്ക്. കിതപ്പറിയാ ത്ത കുതിപ്പ് - പൊക്കക്കുറവാണെന്റെ പൊക്കം എന്ന മട്ടിൽ.
'ദീപിക' യിൽ "നേരും നേരമ്പോക്കും" എന്ന പരമ്പര "ജിൻ" എന്ന തൂലികാ നാമത്തിൽ പ്രസിദ്ധീകരിച്ചു. ഡെസ്കിൽ വിവർത്തനത്തിന്റെ ചുമതലക്കാര നായിരുന്നു സാർ, വിവർത്തനഭാഗം പദാനുപദ വിവർത്തനമാക്കാതെ അതിന് മൗലികമായ ഓജസ്സും തേജസ്സും സന്നിവേശിപ്പിക്കാനായി ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസും, ബോറിസ് പാസ്റ്റർ നാക്കിന്റെ ഡോ. ഷിവാഗോയും വർക്കിസാർ വിവർത്തനം ചെയ്തു.
'നേരും നേരമ്പോക്കും' എന്ന പംക്തിയിൽ 'ഗുരുവും ശിഷ്യനും' എന്ന ശീർഷകത്തിൽ ഉള്ള ചോദ്യോത്തരഭാഗം ഉൾപ്പെടുത്തിയിരുന്നു. ഓരോരോ ഞായറാഴ്ചകളിലെ വാരാന്ത്യത്തിലെ പ്രത്യേക ഐറ്റമാണ് ജിൻ. ഹൃദ്യമായ നർമ്മമായിരുന്നു, ഇതിന്റെ സത്ത. കൂട്ടത്തിൽ പറയട്ടെ, ജിന്നും, ഷിവാസ് റീഗലും സാറിന്റെ ഇഷ്ട പാനീയങ്ങളായിരുന്നു. പൈങ്കിളി എന്ന് പറഞ്ഞു വർക്കിസാറിന്റെ നോവലുകളെ ആക്ഷേപിച്ച വാരഫലക്കാരൻ സാഹിത്യ വാരഫലത്തിൽ ഉപയോഗിച്ച ചോദ്യോത്തരശൈലി ഗുരുവും ശിഷ്യനും എന്ന വർക്കിസാറിന്റെ ശീർഷകത്തിൽനിന്നും കടം കൊണ്ടതാകുമോ?
നർമ്മോക്തികളുടെ മൊഴിമുത്തുകൾ വിളമ്പിയ 'നിക്കി' എന്ന ചിത്രകഥ വർക്കിസാർ ദീപികയിലൂടെ അവതരിപ്പിച്ചു. ഇതിൽ ഒരു കഥാപാത്രമായ തലപ്പന്തൻ ചേട്ടന്റെ സ്വാഭാവമഹിമയെ വാഴ്ത്തുന്നത് നോക്കുക:
"തലപ്പന്തൻ ചേട്ടൻ
നല്ല നല്ല ചേട്ടൻ
തല്ലുകേല ചേട്ടൻ
നുള്ളുകേല ചേട്ടൻ
നല്ല നല്ല ചേട്ടൻ"
താൻ നിൽക്കുന്നത് ഈ മണ്ണിന്റെ മാറിലാണെന്നും ഭൗതികയാഥാർത്ഥ്യങ്ങ ൾ കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ഉച്ചവരെ അദ്ധ്വാനം കഴിഞ്ഞാണ് അദ്ദേഹം ഓഫീസിൽ പോയിരുന്നത്. നെല്ലിൻതണ്ട് മണക്കുന്ന വഴിയിലൂടെ താറാവ്‌നടത്തം . മരച്ചീനിക്ക് കണപൊട്ടുന്ന സ്വര ത്തിനു കാതോർത്ത് ആരുമായും ഇഴുകിച്ചേരുന്ന സ്വഭാവം. ഔന്നത്യത്തി ന്റെ മുഖം മൂടി അദ്ദേഹത്തിന് അന്യമായിരുന്നു. കൊണ്ടും കൊടുത്തും മുന്നേറുന്ന സംഭാഷണ ചാതുരി. സംഭാഷണമദ്ധ്യേ അഹിതമായത് വല്ലതും എഴുന്നള്ളിച്ചാൽ ഉടൻ പ്രതികരിക്കും. "എനിക്കിത് വരണമെടാ "...
"ലോറാ നീ എവിടെ?" എന്ന നോവലിന് ഒരു ആസ്വാദനം എഴുതാൻ അദ്ദേഹം ഈയുള്ളവനെ സമീപിച്ചു. ഗുരുവിന്റെ വലിയ അംഗീകാരമെന്ന നിലയിൽ ആ ദൗത്യം ഞാൻ നിറവേറ്റി.
മുട്ടത്തു വർക്കിസാറിന്റെ വേർപാടിന്റെ ഓർമ്മകൾ മൂന്ന് ദശകങ്ങൾ പിന്നിടുമ്പോൾ അശ്രുപുഷ്പങ്ങൾ അർപ്പിക്കുന്നു. //-
-----------------------------------------------------//-------------------------------------------------------------------
ധൃവദീപ്തി ഓണ്‍ലൈൻ
https://dhruwadeepti.blogspot.com
for up-to-dates and FW. link Send Article, comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany, in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors.
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
FACE BOOK: GEORGE Kuttikattu MOB. + oo49 170 5957371
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.