Freitag, 4. September 2020

ധ്രുവദീപ്തി // കവിത // അഭയം തേടി .// ബേബി കലയൻകരി -



ജീവിക്കുവാൻ ദാഹിച്ചു കടലിൽ 
അലയുന്ന അഭയാർത്ഥികൾക്ക് സമർപ്പിക്കുന്നു...

അഭയം തേടി...
- ബേബി കലയൻകരി -   

ഈ ലോകം ഇന്നൊരു ഒരു ഭ്രാന്താലയം.  
ഇവിടെയായിരുന്നു ഒരു സ്വർഗ്ഗലോകം.
ദേവസഭാതലം ശൂന്യമായി, ദൈവീക,
ശക്തികൾ അന്യമായി...

ചിലടത്തു ജനിക്കുമ്പോൾ, ചിരികൾ വിടരുന്നു.
മറ്റൊരിടത്തോ മരണം മണക്കുന്നു.
അഭയം തേടുന്ന ഹൃദയങ്ങൾ ഇവിടെ...
അന്ധകാരത്തിന്റെ ഇടം ഇവിടെ.

നന്മകൾ തേടി നടക്കും മനുഷ്യനെ...
ചിതലരിക്കുന്നതും ഇവിടെ.
മോഹങ്ങൾ ഇവിടെ തളച്ചിടപ്പെടുന്നു
മോഹഭംഗത്തിന്റെ നിലവിളി കേൾക്കുന്നു.

സ്നേഹബന്ധങ്ങൾ ഇവിടെയുണ്ടോ ?
കണ്ണീർ തുടയ്ക്കുന്ന ദൈവമുണ്ടോ ?
മരവിച്ചു കിടക്കുന്ന മനുഷ്യജന്മങ്ങൾക്ക് 
സ്വാന്തനമായി മതങ്ങളുണ്ടോ?

സത്യങ്ങൾ മരിക്കും ഇടം ഇവിടെ. 
പിണങ്ങൾ മണക്കുന്നതും ഇവിടെ.
ധർമ്മവും നീതിയും, വെന്തുമരിക്കും..
ചിതയുടെ തീജ്വാലകൾ ഇവിടെ.

തലയൊന്നു ചായ്ക്കാൻ ഇടമില്ല...
ഒരുതുള്ളി ജലവും ഇവിടെയില്ല.
അന്ധകാരത്തിന്റെ ചുരുളുകളഴിയുമ്പോൾ 
വഴിമാറുന്നിതാ സ്വപ്ന കിരണങ്ങളും.

അഭയത്തിനായി ആഴക്കടലിൽ ...
അലയുന്ന ജന്മങ്ങൾ എത്രയേറെ...
എരിയുന്ന വെയിലിലും, തളരാതെ, ഇടരാതെ,
പൊരുതി മരിച്ചവരും ഇവിടെ.

കരയൊന്നു  കണ്ടപ്പോൾ, കാലൊന്നു ...വച്ചപ്പോൾ,
കാവൽപ്പടയുടെ വെടിമുഴക്കം.
കദനങ്ങൾ കേൾക്കാൻ കഴിയില്ലവർക്ക് 
ബധിരവർഗ്ഗത്തിന്റെ പടയാളികൾ.

സ്വപ്നങ്ങൾ...അ... സ്ത ...മിക്കുന്നു ...ഇവിടെ,ഇവിടെ...ഈ ..
അശാന്തമാം കടലിന്റെ ആഴത്തിൽ...(2)
മതിലുകൾ കെട്ടിയടയ്ക്കും... മനുഷ്യന്റെ 
മരവിച്ച മനസ്സും ഇവിടെ... ഇവിടെ ...ഇവിടെ.

------------------------------------------// -------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.