Donnerstag, 17. September 2020

ധ്രുവദീപ്തി // Politics // കെ. സി. സെബാസ്ററ്യൻ സ്മരണകൾ // യാത്രക്കിടയിൽ // സമ്പാദകൻ - ജോർജ് കുറ്റിക്കാട്ട് -

 

"1982, മാർച്ച്  24  ന് Late ശ്രീ. കെ.സി. സെബാസ്ററ്യൻ എഴുതിയ ലേഖനപരമ്പരയിൽനിന്ന്..." 

നാറാണത്തു ഭ്രാന്തനും മുന്നണി രാഷ്ട്രീയവും 

Late Shree. K. C. Sebastian 
(1929- 1986)   
ൽഹിയിൽ ഒന്നാംനിലയിലുള്ള എന്റെ ഫ്‌ളാറ്റിലിരുന്നു നോക്കുമ്പോൾ താഴെയുള്ള ഫ്‌ളാറ്റിന്റെ പരിസരം വൃത്തിയാക്കുന്ന അയാളെ എന്നും കാണാം. പ്രായമെത്രയെന്ന് നിശ്ചയിക്കാൻ സാദ്ധ്യമല്ല. അത്ര ശോഷിച്ചതും വികൃതവുമാണ്. ശരീരവും മുഖവും തണുപ്പുകാലമായാൽ കീറിയതും പറിഞ്ഞതുമായ നിരവധി ഉടുപ്പുകളും കോട്ടുകളും ഒന്നിന് മേലൊന്നായി ധരിച്ചു കൊണ്ടായിരിക്കും നടപ്പ്. ഓരോരോ ജോലി ചെയ്യുമ്പോഴും അവ മാറ്റി വയ്ക്കാറില്ല. വേനൽക്കാലമാകുമ്പോൾ വേഷമൊന്ന് മാറും. കീറിയതും പറിഞ്ഞതുമായ പാന്റും ഷർട്ടും കോട്ടും ഷൂസും ആയിരിക്കും അപ്പോൾ വേഷം. പക്ഷെ ജോലിയുടെ രീതിയിലോ സ്വഭാവത്തിലോ മൂന്നു വർഷമായി ഒരു മാറ്റവുമില്ല. എല്ലാം ചിട്ടയായും ക്രമമായും അടുക്കായും ഒരേ രീതിയിൽത്തന്നെ നടത്തുന്നു. 

ആരോടുമയാൾ ഭിക്ഷ യാചിച്ചു കണ്ടിട്ടില്ല. എന്നാൽ വാഹനങ്ങൾ വന്നു നിന്നാൽ അവിടെ ചുറ്റിപ്പറ്റി നിൽക്കും. ദൈന്യഭാവത്തിൽ മുഖത്തേയ്ക്ക് ഒന്ന് നോക്കും. ആരെങ്കിലും കൈ കമഴ്ത്തി നീട്ടിയാൽ അയാൾ അത് കൈ മലർത്തി വാങ്ങും. എന്തെങ്കിലും കിട്ടിയാലുമില്ലെങ്കിലും മുഖത്തു ഒരു ഭാവ വ്യത്യാസമില്ല. വാഹനം വിട്ടുപോകുമ്പോൾ ഒന്നും സംഭവിക്കാത്ത മട്ടിൽ ജോലി തുടരും.

പരിസരം വൃത്തിയാക്കുന്ന ജോലിക്ക് താഴെയുള്ള ഫ്‌ളാറ്റുകാർ അയാൾക്ക് എന്ത് പ്രതിഫലം കൊടുക്കുമെന്ന് എനിക്കറിയില്ല. അയാളുടെ ജീവിതം ഈ വിധമായതിന് കാരണമെന്തെന്നറിയാൻ എനിക്ക് വാസ്തവത്തിൽ ജിജ്ഞാസ ഉണ്ട്. വല്ലപ്പോഴും 25 പൈസയോ 50 പൈസയോ കൊടുക്കുന്ന പരിചയമുള്ളത് കൊണ്ട് ചോദിച്ചാൽ വിവരം പറയുമായിരിക്കും. എനിക്ക് ഹിന്ദി അത്ര നല്ല വശമില്ലാത്തതുകൊണ്ട് ഹിന്ദി വശമുള്ളവരെക്കൊണ്ട് ഒരിക്കൽ സംസാരി പ്പിച്ചു നോക്കി. അവർക്കയാളുടെ കൊഞ്ഞ സംസാരം തിരിച്ചറിയാൻ പറ്റി യില്ല. പത്തിരുപത് കൊല്ലം മുമ്പ് അയാൾ ഫ്‌ളാറ്റിന്റെ പരിസരം നന്നാക്കുന്ന ജോലി സ്വയം ഏറ്റെടുത്തതാണത്രെ. അര  ഡസനോളം കുടുംബങ്ങളവിടെ താമസിക്കുകയും മാറിപോവുകയും ചെയ്തിട്ടുണ്ട്. പക്ഷെ അയാളാരുടെയും സർവീസിലല്ലാത്ത ആ ഫ്‌ളാറ്റ് പരിസരം ശുചീകരിക്കുന്ന ജോലിക്കാരനാണ്. ആരോടുമൊന്നും സംസാരിക്കുകയില്ലെന്നതും അയാളുടെ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുണ്ട്.

രാവിലെ പത്തുമണിയോടെ ജോലിസ്ഥലത്തെത്തും. കുറ്റിച്ചൂൽ, കൂർത്ത കമ്പി, പൊടി തുടയ്ക്കുന്ന മറ്റൊരു ചൂൽ ഇത്രയുമാണ് പണി ആയുധങ്ങൾ. വന്നാലുടൻ പണി ആരംഭിക്കുകയായി.

അയാൾക്കാരോടും ഒരു മമതയും വിരോധവുമില്ലെന്നു നേരത്തെ പറഞ്ഞ താണ്. പക്ഷെ ഒരു സാധനത്തോട് പരമ വിരോധമാണ്- ഉണങ്ങിയ ഇല. അതെവിടെ കണ്ടാലും അയാൾക്ക് കലിവരും. ഇലയെടുത്തു ഓടയിലെറിയു കയോ കയ്യിൽ വച്ച് തിരുമ്മി പൊടിച്ചു പറപ്പിച്ചു കളയുകയോ ചെയ്യും. അത്രയുമായാൽ ചിലപ്പോൾ മുഖമൊന്നു പ്രസാദിച്ചു എന്ന് വരാം. അങ്ങനെ പ്രാസാധിക്കണമെന്നും നിർബന്ധമില്ല.

ഫ്‌ളാറ്റിന്റെ മുറ്റത്തൊരു വേപ്പുമരം പടർന്ന് പന്തലിച്ചു നിറയെ ഇലകളുമായി നിൽപ്പുണ്ട്. വേപ്പിൽനിന്ന് ഇലകൾ പൊഴിയും. ഒരു കാറ്റുകൂടി വന്നാൽ ഇല പൊഴിച്ചിലിന്റെ കാര്യം പറയാനില്ല. കഴിഞ്ഞ 10, 20 കൊല്ലമായി ഈ കൂറ്റൻ വേപ്പിന്റെ ഇല അടിച്ചു കളയുകയാനായാൾ.

രാവിലെ ജോലിക്കുള്ള വേഷവുമായി വേപ്പുമരത്തിന്റെ ചുവട്ടിലെത്തുന്നു. കുറ്റിച്ചൂൽ ഉപയോഗിച്ച് തറയിൽ കിടക്കുന്ന ഓരോ ഉണക്ക ഇലയും അടിച്ചു മാറ്റുന്നു. ചില ഇലകൾ കാട്ടുപുല്ലിനടിയിൽ ഒളിച്ചിരിക്കും. അയാൾ അത് കണ്ടു പിടിക്കും. ചൂലിന് നീക്കാൻ കഴിയാത്ത ആ ഇലകൾ നീക്കാനാണ് കൂർത്ത കമ്പി ഉപയോഗിക്കുന്നത്.

ഏതാനും മണിക്കൂർ കൊണ്ടൊരുഭാഗം തുടച്ചു വൃത്തിയാക്കും. അത് കഴിഞ്ഞു മറ്റു സ്ഥലത്തേയ്ക്ക് പോകുന്നതിനുമുമ്പ് വിജയഭാവത്തോടെ ഒരു തിരിഞ്ഞുനോട്ടമാണ്. ഒരു കാറ്റ് വന്നാൽ മുഖം വീണ്ടും കറക്കും. മണിക്കൂറു കൾ ശ്രമിച്ചു വൃത്തിയാക്കിയ സ്ഥലം മുഴുവൻ വീണ്ടും കരിയില പിടിച്ചട ക്കിയിരിക്കുന്നു. നേരത്തെ അടിച്ചു കൂട്ടിയ കരിയില വാരിക്കളയാൻ നിൽക്കാതെ പുതിയ ഇലകൾ അടിച്ചു മാറ്റാനുള്ള നീക്കമായി. ഇതിനിടയിൽ കാറ്റുവന്നു നേരത്തെ കൂട്ടിയിട്ടിരുന്ന ഇലകൾ ചിതറിക്കുന്നത് സാധാരണ സംഭവമാണ്. പിറുപിറുത്തുകൊണ്ട് ജോലി തുടരുന്നതല്ലാതെ പണികൾ ഉപേക്ഷിക്കുകയില്ല.

ഉച്ചയ്ക്ക് വീട്ടുകാർ എന്തെങ്കിലും ആഹാരം നൽകും. കൈ വസ്ത്രത്തിൽ തുടച്ചു വൃത്തിയാക്കി ആഹാരസാധനം രണ്ടു കയ്യിലുമായി വാങ്ങും. വല്ല വൃക്ഷത്തണലിലും പോയിരുന്നു ഭക്ഷണം കഴിക്കും.ഏതെങ്കിലും പൈപ്പിൽ നിന്ന് കുറെ വെള്ളവും കുടിക്കും. അയാൾ ഭക്ഷണത്തിനു ശേഷവും ഉടു വസ്ത്രത്തിൽ തുടച്ചാണ്‌ കൈ ശുദ്ധമാക്കുന്നത്‌. വെള്ളം തന്റെ ദേഹത്തു പറ്റുന്നതിനോടായാൾക്ക് താല്പര്യമില്ല. ഉച്ചഭക്ഷണം കഴിഞ്ഞാൽ ഉടനെതന്നെ മരത്തണലിൽ ഒരു പള്ളിയുറക്കമുണ്ട്. അത് മൂന്ന് മൂന്നര മണിവരെ നീണ്ടു പോകും.

കുറ്റബോധം നിഴലിക്കുന്ന മുഖവുമായി വീണ്ടും ജോലിസ്ഥലത്തെത്തുന്നു. അവിടമാകെ ഇലകൾ വീണു വൃത്തികേടായിരിക്കും. ഉച്ചകഴിഞ്ഞുള്ള ജോലി തിടുക്കത്തിലാണ്. ജോലി സന്ധ്യയ്ക്ക് മുമ്പ് തീരണം. പ്രകാശം മങ്ങുന്നതുവരെ അയാൾ അവിടെ ഇല അടിക്കും. ജോലി നിർത്തുമ്പോൾ മിക്കപ്പോഴും പരിസരത്തിന്റെ നില,ജോലിയാരംഭിച്ചപ്പോൾഉണ്ടായിരുന്നത് തന്നെയായിരിക്കും. വൈകുന്നേരം ജോലി അവസാനിപ്പിക്കുമ്പോൾ ഒരു നോട്ടമുണ്ട് - നാളെ എല്ലാം ശരിയാക്കിക്കോളാ0, എന്ന ഭാവത്തിൽ രണ്ടു ദശാബ്ദമായി നടക്കുന്ന ഒരു പ്രക്രിയയാണിത്.

ദില്ലിയിൽ പ്രാകൃതമായ ഈ മനുഷ്യന്റെ ജോലി കാണുമ്പോഴെല്ലാം കേരളത്തിൽ ഒരു കാലത്ത് പ്രചുര പ്രചാരമായിരുന്ന ഒരു കഥ എന്റെ ഓർമ്മയിൽ വരും.... നാറാണത്തു ഭ്രാന്തന്റെ കഥ.. പത്താളുകൾ പിടിച്ചാലും ഇളക്കാൻ വിഷമമുള്ള പാറക്കല്ല് മലയുടെ മുകളിൽ പ്രതിഷ്ഠിക്കണമെന്നുള്ള നാറാണത്തു ഭ്രാന്തന്റെ ലക്ഷ്യം. അസാമാന്യ കായബലമുള്ള അയാൾ കല്ലുരുട്ടി മുകളിൽ കൊണ്ടുപോകും. വിശ്രമില്ലാത്ത ജോലിയാണ്. കൈ വിട്ടാൽ കല്ലുരുണ്ട് താഴെ വീഴും. കല്ലുരുട്ടുന്നതിനിടയിൽ കൈ കഴയ്ക്കുക സാധാരണയാണ്. അപ്പോൾ കല്ലിൽ നിന്നും കൈ വിടും. കല്ല് താഴെപ്പോരും. വീണ്ടും വാശിയായി മുകളിലേയ്ക്ക് കല്ല് തള്ളിക്കൊണ്ട് പോകും. ഫലം തഥൈവ. നാറാണത്തു ഭ്രാന്തൻ തന്റെ ജീവിതം മുഴുവൻ കല്ലുരുട്ടി ചെലവാക്കിയെന്നാണ് കഥ.

നാറാണത്തു ഭ്രാന്തന്റെ കാര്യത്തിൽ കല്ല്, ഡൽഹിക്കാരന്റെ കാര്യത്തിൽ ഉണക്കയില, ഒന്ന്, കഥയാണ്, രണ്ടാമത്തേത് ഇന്നും കാണാൻ സാധിക്കുന്ന നിത്യ കാഴ്ച. എത്രനാൾ കൂടി? ആർക്കും പറയാൻ സാദ്ധ്യമല്ല. 

കേരളത്തിൽ വിവിധ രാഷ്ട്രീയ കക്ഷികൾ മുന്നണികളുണ്ടാക്കുകയും അധികാരത്തിൽ വരാൻ കല്ലുരുട്ടുകയും ഇല പെറുക്കുകയും ചെയ്യുന്നു. അധികാരത്തിൽ വന്നാൽ താമസ്സം വേണ്ട. മുന്നണി പിളരുകയായി. അധികാരം നഷ്ടപ്പെടുകയായി. തള്ളിക്കയറ്റിയ കല്ലും, പെറുക്കി നീക്കിയ ഇലയും പഴയ സ്ഥലത്തു തന്നെ. പുതിയ മുന്നണികൾ വരികയായി. അധികാരത്തിലേക്ക് മലകയറ്റമായി. ഇല പെറുക്കലായി. 

ഒരു ചെറിയ സംഭവം മതി, വീണ്ടും പഴയ നിലയിലാകാൻ. ഡൽഹിയിലെ തൂപ്പുകാരനെ കാണാനവസരം കിട്ടുമ്പോഴെല്ലാം കേരളത്തിലെ മുന്നണി പ്രവർത്തനവും മനസ്സിന്റെ സ്‌ക്രീനിൽ വരാറുണ്ട്. ഒരു കണക്കിന് പറഞ്ഞാൽ മുന്നണി സംവിധാനവും നാറാണത്തു ഭ്രാന്തന്റെ പ്രവർത്തനവും തമ്മിൽ എന്താണ് വ്യത്യാസം? //- 
----------------------------------------------------//----------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.