Dienstag, 1. September 2020

ധ്രുവദീപ്തി: സാമൂഹ്യം // ഓണം// വരുകില്ല മാവേലി നാണമുണ്ടെങ്കിൽ // എസ്. കുര്യൻ വേമ്പേനി

   
          - വരുകില്ല മാവേലി                                      നാണമുണ്ടെങ്കിൽ - 


എസ്. കുര്യൻ  വേമ്പേനി -
Late ശ്രീ.എസ്. കുര്യൻ
വേമ്പേനി
 
ണം വീണ്ടും വരുന്നു. തൂമ്പയും ചെമ്പകവും പൂത്തു ലഞ്ഞു നിൽക്കുന്ന മലനാട്ടിലേയ്ക്ക് പുന്നെല്ലിന്റെ നറുമണം വീശുന്ന പുഞ്ചവയലുകളുടെ നാട്ടിലേക്ക്. ചേമ്പും ചേനയും പച്ചക്കുട പിടിക്കുന്ന ആ കേരളത്തി ലേയ്ക്ക്. ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെ യും സന്ദേശവുമായി ഓണം വീണ്ടും നമ്മുടെ വീട്ടു പടി ക്കലെത്തിയിരിക്കുന്നു. 

കേരളത്തിലെ വിളവെടുപ്പുത്സവമാണ് ഓണമെന്ന് ബുദ്ധിജീവികൾ എല്ലാം വാദിക്കുന്നു. പക്ഷെ ഏതൊരു കേരളീയന്റേയും അയാൾ വളരെയേറെ വിദ്യാസമ്പന്ന നാകട്ടെ വിദ്യാവിഹീനനാകട്ടെ ഓണമെന്ന് കേൾക്കുമ്പോൾ മനസ്സിൽ ഓളം വെട്ടുന്നത് മാവേലിയുടെ സ്മരണയാണ്. മാവേലിയുടെ കഥ കെട്ടുകഥയാണെ ങ്കിലും മലയാളമനസ്സുകൾ അതിനോട് ഇഴുകിച്ചേർന്ന് പോയിരിക്കുന്നു.

നാം ജീവിക്കുന്ന ഇന്ന് പട്ടിണിയും രോഗവും പരാജയവും ആശാഭംഗവും അത്യാഹിതവും മൃത്യുഭയവും കൊണ്ട് വേദനിക്കുന്നതാണ്. എന്തുകൊണ്ടും ഇന്നിന്റെ തുഴകൾ പൊന്നിഴകളല്ല. ഉത്ക്കണ്ഠകളുടെയും കഷ്ടതകളുടെയും പരുക്കൻ നൂലുകൾകൊണ്ട് നെയ്തെടുത്തതാണ് അത്. ഇന്നത്തെ നിലവച്ചു നോക്കുമ്പോൾ നാളയെക്കുറിച്ചും ആശയ്ക്ക് വകയില്ല. നാളെയുടെ തിര ശീലയ്ക്ക് പിന്നിൽ എന്തെന്ത് ദുരിതങ്ങളാവാം പതിയിരിക്കുന്നത്. മറുനാടു കളിൽ പഠിക്കുന്ന മക്കൾ തീവണ്ടിയിൽ വരുന്നതിനിടയ്ക്ക് തീവണ്ടിയിൽ  കൊള്ളയടിച്ചെന്നു വരാം. യുവതിയായ മകളെ തട്ടിക്കൊണ്ടു പോയെന്നു വരാം. നിരാശ മൂത്തു നടക്കുന്ന മകൻ നാളെ ആത്മഹത്യ ചെയ്തെന്നു വരാം. നാളെയായിരിക്കാം വീടുകൊള്ളയടിക്കുന്നത്. ഹൃദ്രോഗബാധ പിടിക്കുന്നത്  നാളെയാകാം. ഇതുകൊണ്ടെല്ലാം ഇന്നിനെക്കുറിച്ചും നാളെയെക്കുറിച്ചും വർത്തമാനകാലത്തെയും ഭാവികാലത്തെയും കുറിച്ച് മോഹനസ്വപ്നങ്ങൾ കൊരുക്കാൻ യാഥാർത്ഥ്യ ബോധമുള്ള നമ്മുടെ മനസ്സ് മടിക്കുന്നു. എങ്കിലും സുന്ദര സങ്കല്പങ്ങൾ മെനയാതെ മനസ്സിന് വയ്യ. അതിനു ഒരു പോംവഴിയെ നാം കാണുന്നുള്ളൂ. ആയിരക്കണക്കിന് വർഷങ്ങൾക്ക് ഭൂതകാലത്തിന്റെ മനോഹരവേദിയിൽ-നടമാടിയിരുന്ന സമ്പൽസമൃദ്ധിയെക്കുറിച്ച കഥകൾ കൊരുത്ത് അത് ഉരുവിട്ടും അതിന്റെ സ്മരണ പുലർത്തിയും ആനന്ദിക്കുക അങ്ങനെയുള്ള ഒരു നല്ല കാലത്തിന്റെ കഥയാണ് മഹാബലിയുടെ കഥ ഒരു സുവർണ്ണ കാലഘട്ടത്തിൽ കേരളം ഭരിച്ചിരുന്ന മഹാബലി എന്ന അസുര ചക്രവർത്തിയാണ്. എങ്കിലെന്തു? അദ്ദേഹം കാഴ്ചവച്ച ഭരണം അലൗകിക സുന്ദരം, അന്യാദൃശ  സത് ഭരണം.!

ഒരു ഈശ്വരാംശസംഭവനെക്കൊണ്ട് രാജ്യഭരണം നടത്തിക്കുന്ന ഐതിഹ്യം മെനഞ്ഞെടുക്കുന്നതിനു പകരം എന്തിന് ഒരസുരചക്രവർത്തിയെ ആണോ പ്രതിഷ്ഠിച്ചുവെന്ന ചോദ്യം ഇവിടെ സംഗതമാണ്. കള്ളനോടും നുണയനോടും കവർച്ചക്കാരനോടും കൊലപാതകിയോടുമൊക്കെ കടുത്ത നിർദാക്ഷീണ്യം പെരുമാറാൻ ഒരു ഈശ്വരനെക്കാൾ യുക്തൻ അസുരനാണെന്ന് നമ്മുടെ പൂർവീകന്മാർ ചിന്തിച്ചിരിക്കാം. ഈശ്വരൻ കരുണാവാരിധിയും അതിരില്ലാ ക്ഷമാധനനും ആണല്ലോ. ദയാവാരിധിയായ ഈശ്വരൻ ധാർമ്മികൾക്ക് എങ്ങനെ ക്രൂരശിക്ഷ നൽകും? അസുരചക്രവർത്തിയുടെ മുമ്പിൽ മറ്റൊരു അഴിഞ്ഞാട്ടം നടപ്പില്ലല്ലോ.

മഹാബലിയോടൊപ്പം അദ്ദേഹത്തിൻറെ ഭരണകാലത്തെ പ്രജകളെയും അഭിനന്ദിച്ചെ പറ്റൂ.ചക്രവർത്തിയുടെ ഹിതാനുസൃതം നിയമങ്ങൾ അഭംഗുരം പാലിച്ചു, നന്മയിൽ മാത്രം വ്യാപാരിച്ചിരുന്നവരാണല്ലോ അന്നത്തെ നമ്മുടെ കേരളീയൻ! ഒരു രാജ്യവാസികൾ ഒന്നടങ്കം നല്ലവരായി വർത്തിക്കുന്ന ഒരു മനോഹര ദൃശ്യമാണ് മാവേലിയുടെ കാലത്തു നാം കാണുക. എങ്ങനെ ആ സമൂഹത്തെ വാഴ്ത്താതിരിക്കാനാവും? അവരുടെ ഇടയിൽ ചതിയില്ല, കള്ളമില്ല, പൊളിവചനമില്ല, അളവിലും തൂക്കത്തിലും കൃത്രിമം കാട്ടലില്ല, ഞാനാണ് കേമനെന്ന അഹന്തയില്ല, അവർ തികഞ്ഞ സത്യവാദികൾ, നിറഞ്ഞ ധർമ്മനിഷ്ഠർ, ഭൗതികമേന്മകളേക്കാൾ ഉപരി ആദ്ധ്യാത്മിക മേന്മകളാണ് അവരിൽ ദൃശ്യമാകുന്നത്. അവർ ആരോഗ്യ ശാലികളും നല്ല ഉല്ലാസവാന്മാരും ഉത്സാഹപ്രകൃതികളുമൊക്കെ ആയിരുന്നിരിക്കാം. 

ഇത്ര നല്ല ഒരു ജനതതിയെ വീട്ടിട്ട് മഹാബലിക്ക് പാതാളം പോകേണ്ടി വന്നു. തന്റെ പതനത്തിലല്ല, തന്റെ ഉത്തമരായ പ്രജാ ലക്ഷങ്ങളെയെല്ലാവരെയും  പിരിയേണ്ടി വരുന്നതിലായിരുന്നു ബലിക്ക് ദുഃഖം. വാമനൻ മൂർദ്ധാവിൽ പാദം വച്ച് നിൽക്കുമ്പോഴും അദ്ദേഹത്തിൻറെ പ്രജകളെ മേലിൽ കാണാൻ ഒക്കുകയില്ലല്ലോ എന്നതായിരുന്നു. എത്ര നല്ല രാജാവ്, എന്ത് നല്ല പ്രജകൾ! ആണ്ടുവട്ടത്തിലൊരിക്കൽ കേരളത്തിൽ വന്നു തന്റെ ജനങ്ങളെയൊക്കെ ഒരിക്കൽ  കാണാനുള്ള അനുവാദമേ അദ്ദേഹത്തിന് വേണ്ടിയിരുന്നുള്ളൂ. ആ അപേക്ഷ വാമനൻ കനിഞ്ഞനുവദിക്കുകയും ചെയ്തു. അങ്ങനെ ഇന്ന് മഹാബലിക്കും കേരളീയർക്കും കൈവന്ന കനകാവസരമാണ് ഓണക്കാലം.  ചക്രവർത്തി നാടുകാണുന്ന സുദിനമാണ് തിരുവോണനാളിൽ.

സുഖത്തിലും സുഭിക്ഷിതയിലും കഴിയുന്ന കേരളജനതയെ കൺകുളിർക്കെ കാണാനല്ലോ  പഴയ ചക്രവർത്തിയുടെ വരവ്. അതുകൊണ്ടു കാണം വിറ്റും നാം ഓണം ഉണ്ണുകയാണ്. നമ്മുടെ ഇല്ലാവല്ലായ്മകൊണ്ടു ആണ്ടുവട്ടത്തിൽ ഒരിക്കൽ വരുന്ന ചക്രവർത്തിയെ ദുഖിപ്പിക്കരുതല്ലോ . അതിനാൽ കെട്ടു താലി പറിച്ചും കറവപ്പശുവിനെ വിറ്റും കിട്ടാവുന്നിടത്തുനിന്നെല്ലാം കടം കൊണ്ടുമെല്ലാം ഓണം നാം ആഘോഷിക്കുകയാണ്. അത്രയും നന്ന്. പഴയ ഓർമ്മകൾ വച്ചുകൊണ്ടു ഇന്ന് നാടുകാണാൻ വരുന്ന മഹാബലി നാട്ടിൽ  എന്തൊക്കെയായിരിക്കും കാണുകയും കേൾക്കുകയും ചെയ്യുക?

ഇന്ന് ഒരു ചക്രവർത്തിക്ക് പകരം ഒരു ഡസനിലധികം ജനകീയ മന്ത്രിമാർ കേരളം ഭരിക്കുന്നു. അവരുടെ രഥചക്രത്തിനടിയിൽപ്പെട്ടു അഗതികളായ മുതിർന്ന സ്ത്രീകൾ, പെൺകുട്ടികൾ, പിടഞ്ഞു മരിക്കുന്നു. രാഷ്ടീയത്തിന് വിലകുറിക്കുന്ന രാഷ്ട്രീയ പകപോക്കലിന് വേണ്ടി മനുഷ്യജീവൻ വെട്ടി വീഴിക്കുന്നു. അരിയിലും പഞ്ചസാരയിലും  മണൽ ചേർത്തുവിൽക്കുന്നു. മണ്ണെണ്ണയിലും പെട്രോളിലും ഔഷധങ്ങളിലും എന്തിനു മദ്യത്തിലും, ഇന്ന്  വിഷത്തിലും പോലും മായവും വിഷവും ചേർക്കുന്നു. കള്ളക്കടത്തുകാരും കള്ളരാഷ്ട്രീയക്കാരും മോഷ്ടാക്കളും പിടിച്ചുപറിക്കാരും വഞ്ചകന്മാരും കള്ള ഈശ്വരന്മാരും ആണല്ലോ കേരളം ഭരിക്കുന്നത്. ആഹാരം കഴിക്കാൻ പോലും മനുഷ്യൻ ഭയപ്പെടുന്നു. അത്രമാത്രം മായം കലർന്നതായിരിക്കും കടകളിൽനിന്നും കിട്ടുന്ന ആഹാരപദാർത്ഥങ്ങൾ. നമുക്ക് ലഭിക്കുന്ന എല്ലാ ആഹാരപദാർത്ഥങ്ങളിൽ മാത്രമല്ല, മനുഷ്യരുടെ സംസാരത്തിലും മായം കലർന്നിരിക്കുന്നു. ശുദ്ധസത്യവും നീതിയും നിയമവുമൊന്നും ഇന്ന് ആരിൽ നിന്നും കേൾക്കാനാവുകയില്ല. നേരുപറയുന്നതു കേൾക്കാൻ ഇന്ന് വളരെ കൊതിക്കേണ്ടി വരുന്നു. അത് തിന്മയാണെന്ന കഥ തന്നെ കേരളീയർ എന്നേ മറന്നിരിക്കുന്നു. 

സംഭാവന, പാരിതോഷികം, വിശേഷാൽ പ്രതിഫലം എന്നീ മനോഹരമായ  നാമങ്ങളിലാണ് "കൈക്കൂലി" കേരളനാട്ടിൽ വിഹരിക്കുന്നത്. കുട്ടികളെ പള്ളിക്കൂടത്തിൽ ചേർക്കുന്നതിനും വിദ്യാലയങ്ങളിലോ മറ്റു ഏതൊരു കലാലയങ്ങളിലോ ജോലി കിട്ടുന്നതിനും ചികിത്സിക്കുന്നതിനും സർക്കാർ ഓഫീസിൽ നിന്നും ഒരു ഫയൽ മറ്റൊരിടത്തേയ്ക്ക് നീങ്ങുന്നതിനും എന്നു വേണ്ട അനങ്ങുന്നതിനും മിനുങ്ങുന്നതിനുമെല്ലാം കൈക്കൂലി കൊടുത്തേ മതിയാവു. നേർച്ച സമർപ്പിക്കുന്നതുപോലെ പാവനമായ ധർമ്മദാനമായി തീർന്നിരിക്കുകയാണ് ഇന്ന് കൈക്കൂലി. കള്ളനോട്ട് ,കള്ള ഡോളർ കള്ള ബിരുദം എന്നിവയോടൊപ്പം കള്ള മാർക്കുലിസ്റ്റുകൾ, സ്വർണ്ണക്കള്ളക്കടത്ത്  ഇവയെല്ലാം ഇന്ന് കേരളവിപണിയിൽ .എത്തിക്കഴിഞ്ഞിരിക്കുന്നു. ഈദൃശ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവരോ ?, ഗതികെട്ട പാവങ്ങൾ ഒന്നുമല്ല., വിദ്യാസമ്പന്നരും, ഉന്നതോദ്യോഗസ്ഥന്മാരും, മന്ത്രിമാരും, കോടീശ്വരന്മാരും ജനപ്രതിനിധികളും സമൂഹത്തിൽ അറിയപ്പെടുന്ന നേതൃത്വങ്ങളുമാണ്.

ചാരിത്ര്യം, പാതിവ്രത്യം ഇവയുടെ ആവശ്യമോ അർത്ഥമോ ഒന്നും ഇന്നത്തെ യുവതലമുറയ്ക്ക് മനസ്സിലാകാത്തതായി ഭവിച്ചിരിക്കുന്നു. ഈശ്വരനെ വിചാരിച്ചു മാനം മര്യാദയായി ജീവിച്ചിരുന്ന യുവതീയുവാക്കൾ ഇന്ന് കിട്ടുന്ന 'നിരോധി'നെ ധ്യാനിച്ച് കഴിയുന്നു. തരുണികളെ പ്രേമിച്ചു പ്രേമിച്ചു പ്രേമം വളർത്തിയെടുത്ത് വിവാഹം വരെയെത്തുന്ന രീതിമാറ്റി പകരം എളുപ്പമുള്ള ബലാൽക്കാര പദ്ധതി യുവാക്കൾ ആവിഷ്‌ക്കരിച്ചിരിക്കുന്നു. മദ്യമില്ലാത്ത സദ്യയോ, ഓണാഘോഷമോ, മദ്യക്കുപ്പികളില്ലാത്ത സമ്പന്ന ഭവനങ്ങളോ ഇല്ലെന്നായിരിക്കുന്നു. പിച്ചുകുഞ്ഞുങ്ങൾക്കുവരെ മാതാപിതാക്കളുടെ ശാസന അസഹ്യതകൾ ഉളവാക്കുന്നു. പണ്ട് അശരണർക്ക് ആശ്വാസവും ആശ്രയവും ദൈവമായിരുന്നെങ്കിൽ ഇന്നത്തെ അശരണരുടെ ആശ്രയം ആത്മഹത്യ ആയിത്തീർന്നിരിക്കുന്നു.

"ഇങ്ങനെയുള്ള ഒരു കേരളത്തിലേയ്ക്ക് മാവേലി വരുമോ? 
വരുകില്ല മാവേലി നാണമുണ്ടെങ്കിൽ, അഥവാ വന്നാലോ? 
സ്വർഗ്ഗസമ്പത്തെക്കണ്ടു ശീലിച്ച നിൻതൃക്കണ്ണിൽ 
നിർഗ്ഗമിക്കുകയില്ലേ നീരന്ധ്രച്ചൂട് ബാഷ്പ്പം ? "   //-
 ********************************************************************

 Browse and share: https://dhruwadeepti.blogspot.com 

 ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെ  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.