ഹൃദയത്തിന്റെ ഭാഷ
Dr. Dr. Joseph Pandiappallil
ഹൃദയത്തിന്റെ ഭാഷയും ഹൃദയത്തിന്റെ തുറവിയും.
Dr. Dr. Joseph Pandiappallil |
പ്രാർത്ഥന ഹൃദയത്തിന്റെ ഭാഷയാണ്. ഹൃദയം കൊണ്ടാണ് പ്രാർത്ഥിക്കേണ്ടത്. ശിരസു കൊണ്ടല്ല, ബുദ്ധികൊണ്ടുമല്ല പ്രാർത്ഥിക്കേണ്ടത്. ബുദ്ധിയും ഹൃദയവും തമ്മിൽ ഏറെ അന്തരമുണ്ട്. ബുദ്ധി പഠിക്കാനും മനസ്സിലാക്കാനും വിശകലനം ചെയ്യാനും വിധിക്കാനും വിവേചിക്കാനും തീരുമാനിക്കാനും ഒക്കെയാണ് ആവശ്യമാകുന്നത്. പക്ഷെ, പ്രാർത്ഥന പഠനമല്ല. മനസ്സിലാക്കലല്ല. വിശകലനമല്ല. വിധിക്കലല്ല വിവേചിക്കലല്ല, തീരുമാനിക്കലല്ല. പഠനവും മനസ്സിലാക്കലും തീരുമാനവുമൊക്കെ പ്രാർത്ഥന തുടങ്ങും മുമ്പ് നടക്കേണ്ട കാര്യങ്ങളാണ്. അതുകൊണ്ട് ബുദ്ധിയുടെ തലത്തിനതീതമായ കാര്യമായി പ്രാർത്ഥനയെ കാണണം. അതായത് ഹൃദയത്തിന്റെ ഭാഷയും ഹൃദയത്തിന്റെ തുറവിയുമാണ് പ്രാർത്ഥന.
പ്രാർത്ഥന ബുദ്ധിയുടെ തലത്തിനതീതമായ കാര്യമായതുകൊണ്ട് ബുദ്ധിയില്ലാത്തവർക്കും ബുദ്ധിയുള്ളവർക്കും ഒരുപോലെ പ്രാർത്ഥനയിൽ വളരുവാനും പ്രാർത്ഥിക്കുവാനും സാധിക്കും. പ്രാർത്ഥന ഹൃദയത്തിന്റെ തലത്തിലും അനുഭവത്തിന്റെ തലത്തിലും നടക്കുന്ന കാര്യമായതുകൊണ്ട് മന്ദബുദ്ധികൾക്ക് പോലും പ്രാർത്ഥനയിൽ വളരാനും വലുതാകാനും കഴിയും. അതുകൊണ്ട് തമ്പുരാന്റെ മുമ്പിൽ ബുദ്ധിരാക്ഷസന്മാർക്കെന്നപോലെ തന്നെ മന്ദബുദ്ധികൾക്കും ഒപ്പം സ്ഥാനം കിട്ടും. പ്രാർത്ഥനാ ജീവിതത്തിൽ മന്ദബുദ്ധികൾക്ക് ബുദ്ധിരാക്ഷസന്മാരോട് മത്സരിക്കുന്നതും മത്സരിച്ചു ജയിക്കുന്നതും ഒട്ടും പ്രയാസമുള്ള കാര്യമല്ല. കാരണം ഹൃദയത്തിന്റെയും അനുഭവത്തിന്റെയും സ്നേഹത്തിന്റെയും ഭാഷ മന്ദബുദ്ധികൾക്ക് ബുദ്ധിമാന്മാരെപ്പോലെ തന്നെ വശമുണ്ട്.
ഹൃദയത്തിന്റെ ഭാഷ ഹൃദയംകൊണ്ടു സംസാരിച്ചു തുടങ്ങണം. ഒത്തിരി പറയേണ്ടതില്ല. ധൃതികൂട്ടി വായിട്ടലച്ചു ശാന്തത കളയേണ്ടതുമില്ല. കുറച്ചു സംസാരിക്കുക. ശാന്തമായി സംസാരിക്കുക, ഹൃദയത്തിൽ ഹൃദയംകൊണ്ടു ദൈവത്തോട് സംസാരിക്കുക. നമ്മിൽ ജീവിക്കുന്ന ദൈവത്തോട് നമ്മിൽ സന്നിഹിതനായ ദൈവത്തോട്, നമ്മിലേയ്ക്ക് നിത്യവും പുതിയതായി കടന്നു വരുന്ന ദൈവത്തോട്, നമ്മെ തന്റെ ഉള്ളം കൈയിൽ താങ്ങുന്ന ദൈവത്തോട്, ബലഹീനതകളിൽ നമ്മെ ശക്തിപ്പെടുത്തുന്ന ദൈവത്തോട്, നാം നമ്മോടെന്നതിനേക്കാൾ നമ്മുടെ സമീപസ്ഥനായിരിക്കുന്ന ദൈവത്തോട് നമ്മുടെ ഹൃദയം സംസാരിക്കട്ടെ.
ഹൃദയം എന്താണ് സംസാരിക്കുക?
Jesus Christ -prayer |
ഹൃദയത്തിന് എന്താണ് പറയാനുള്ളത് ? ഹൃദയത്തിന് വാക്കുകളിൽ സംസാരിക്കാനാവില്ല. ഹൃദയംകൊണ്ടേ സംസാരിക്കൂ. ഒരു മനുഷ്യനും ഒരു കാലത്തും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ ഹൃദയത്തിന് പറയാൻ പറ്റും. ഒരിക്കലും ഒരു ഭാഷയിലും പറയപ്പെടുകയോ എഴുതപ്പെടുകയോ ചെയ്യാത്ത കാര്യങ്ങൾ ഹൃദയത്തിന്റെ ഭാഷയിൽ പറയുവാനും ഹൃദയലിപികളിൽ കുറിക്കുവാനും കഴിയും. അത്രമാത്രം ശക്തമാണ് ഹൃദയത്തിന്റെ ഭാഷ. വളരെയേറെ ആഴമാർന്നതും ആശയങ്ങൾക്ക് അതീതമായ അനുഭവത്തിന്റെ രശ്മികളാൽ നിറഞ്ഞു തുളുമ്പുന്നതുമാണ് ഹൃദയത്തിന്റെ ഭാഷ.
ഹൃദയം ഹൃദയംകൊണ്ടാണ് സംസാരിക്കുന്നത്. നാവുകൊണ്ടല്ല. ഭാഷകൾ ഉപയോഗിച്ചും കയ്യും കാലും ഉപയോഗിച്ചും മുഖഭാവങ്ങൾ പ്രകടമാക്കിയല്ല ഹൃദയം കൊണ്ടുള്ള സംസാരം. ഹൃദയംകൊണ്ടുള്ള സംസാരത്തിൽ ഹൃദയം ഹൃദയത്തെ വ്യക്തമായി വെളിപ്പെടുത്തും. അക്ഷരങ്ങളില്ലാതെ, ജാഡകൾ ഇല്ലാതെ, മറ്റാർക്കും പറയാനാവാത്ത വിധം അത്ര ശക്തമായ ഭാഷയിൽ ഹൃദയം സംസാരിക്കും.
ഹൃദയംകൊണ്ടുള്ള സംസാരം എപ്പോഴെങ്കിലും വാക്കുകളായി, അവയെല്ലാം അക്ഷരങ്ങളായി പുറത്തു വന്നാൽ ദൈവത്തെ നീ എന്നു വിളിക്കും. സ്നേഹത്തോടെ, വിശ്വാസത്തോടെ, അപ്പോൾ ഹൃദയം ദൈവത്തിൽ നിറയും. ആ നിറവിൽ സ്വയം മറക്കും. അപ്പോഴാണ്, പറഞ്ഞു പോകുന്നതു "എന്റെ കർത്താവേ, എന്റെ ദൈവമേ" (യോഹ 20:28 ). ദൈവത്തെ അപ്പൻ (പിതാവ്) എന്ന് വിളിക്കുന്നതും ഈ ഹൃദയത്തിന്റെ ഭാഷ അക്ഷരങ്ങളായി പുറത്തു വരുമ്പോ ഴാണ്. കുട്ടികളുടെ "പപ്പാ" എന്നുള്ള വിളി ഹൃദയത്തിന്റെ ഭാഷയാണ്. അച്ചായൻ, ഡാഡി, ചാച്ചൻ, അപ്പൻ, എന്നൊക്കെയുള്ള കൊച്ചു കുട്ടികളുടെ വിളിയിൽ ഹൃദയത്തിന്റെ ഭാഷയുടെ വാക്കുകളിലുള്ള ആവിഷ്കാരം കാണാനാകും. പപ്പായെന്നു വിളിച്ചിട്ട് അടുത്തു ചെല്ലുമ്പോൾ കുട്ടികൾ പപ്പായുടെ തോളിലേ യ്ക്ക് കയറും. കെട്ടിപ്പിടിച്ചു അവർ പപ്പയ്ക്ക് ഉമ്മ കൊടുക്കും. ഹൃദയം ഹൃദയത്തോട് സംസാരിക്കുന്ന മുഹൂർത്തമാണ് അത്. "എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ"(മത്താ.26:39) എന്ന പ്രാർത്ഥനയിലും ഹൃദയത്തി ന്റെ ഭാഷ പ്രകടമാണ്. "പാപിയായ എന്നിൽ കനിയേണമേ" (മത്താ: 15:23) എന്ന് പ്രാർത്ഥിച്ചു പോകുന്നതും ഹൃദയത്തിന്റെ ഭാഷ സംസാരിക്കുന്നതുകൊണ്ടാണ്.
ഹൃദയത്തിന്റെ ഭാഷ സംസാരിച്ച് എന്റെ ഹൃദയത്തിൽ വസിക്കുന്ന എന്റെ ഹൃദയത്തിന്റെ ദൈവത്തെ ഞാൻ കണ്ടെത്തുന്നു. അരൂപിയായാണ് ദൈവം ഹൃദയത്തിൽ വസിക്കുന്നത്. പരിശുദ്ധാത്മാവിന്റെ ആലയങ്ങളാണ് മനുഷ്യർ. പരിശുദ്ധാത്മാവു നമ്മിൽ വസിക്കുന്നു. പരിശുദ്ധാത്മാവ് നമുക്കുവേണ്ടി പ്രാർത്ഥിക്കുന്നു. നമ്മിൽ, നമുക്ക് വേണ്ടി നമ്മോടൊത്ത് പ്രവർത്തിക്കുന്നു. പ്രാർത്ഥന മടുപ്പില്ലാത്ത സുഖവും സന്തോഷവും പ്രദാനം ചെയ്യുന്ന അനുഭവ മാക്കി മാറ്റുവാൻ അരൂപിക്ക് സാധിക്കും. അരൂപിയുടെ നിറവിൽ നമ്മൾ അറിയാതെ പ്രാത്ഥിച്ചു പോകും. അരൂപിയുടെ നിറവിൽ ഹൃദയം അരൂപിക്ക് തുറന്നു കൊടുത്തുള്ള പ്രാർത്ഥന ആത്മാർത്ഥമായ പ്രാർത്ഥനയാണ്.
ക്രിസ്തീയ സ്നേഹം
ഈ ആത്മാർത്ഥമായ പ്രാർത്ഥനയിൽ ഹൃദയത്തിന്റെ ദൈവത്തെ കണ്ടെത്തുന്നതുപോലെ ഹൃദയം ദൈവത്തി ലേയ്ക്കുയരുകയും ചെയ്യുന്നു. ഹൃദയത്തെ ദൈവത്തി ങ്കലേയ്ക്ക് ഉയർത്തുന്നതും ഹൃദയത്തിൽ ദൈവ സാന്നിദ്ധ്യം അനുഭവിക്കുന്നതും പ്രാർത്ഥനയാണ്. ഹൃദയത്തിൽനിന്നും വരുന്ന ഓരോ വാക്കും ഹൃദയം തുറന്നുള്ള ചിരിയും ഹൃദയം നിറഞ്ഞ ജീവിതവും ഹൃദയപൂർവ്വഹമായ പെരുമാറ്റവും പ്രാർത്ഥനയായി ത്തീരാം. ഹൃദയത്തിന്റെ ഈ പ്രാർത്ഥനയ്ക്ക്, ഹൃദയ പൂർവകമായ പ്രാർത്ഥനയ്ക്ക്, ഹൃദയമാകുന്ന പ്രാർത്ഥനയ്ക്ക് മറ്റൊരു പേരുണ്ടെങ്കിൽ അതിനെ ക്രിസ്തീയ സ്നഹം എന്നുവിളിക്കാം.
പ്രാർത്ഥനയുടെ പൂർണ്ണതയാണ് ക്രിസ്തീയ സ്നേഹം. പ്രാർത്ഥനയുടെ പ്രതി ഫലനവും പകർപ്പുമാണിത്. പ്രാർത്ഥനയുടെ പ്രത്യക്ഷ അടയാളമാണ് സ്നേഹം. പ്രാർത്ഥനയുടെ പ്രകടനമാണത്, തെളിവാണത്. ദൈവ സാന്നിദ്ധ്യവും ദൈവത്തോടുള്ള ബന്ധവും പ്രകടമാക്കാനുള്ള മാദ്ധ്യമമാണ് സ്നേഹം. മരണം പോലെ ശക്തമാണ് സ്നേഹം. ദൈവസ്നേഹവും പരസ്പര സ്നേഹവും. മരണം വന്നെത്തിയാൽ മറ്റൊരു ലോകത്തിന്റെ വാതിൽ തുറക്കപ്പെടുകയാണ്. അതിന്റെ രഹസ്യാത്മകത ആർക്കുമറിയില്ല. അതുപോലെ സ്നേഹത്തിന്റെ ശക്തിയും രഹസ്യാത്മകതയും മനുഷ്യചിന്തകൾക്ക് അതീതമാണ്. "സ്നേഹ ത്തിനു കണ്ണില്ല" എന്ന് പറയുന്നതിന്റെ കാരണവും മറ്റൊന്നുമല്ല. അതുപോലെ തന്നെയാണ് പ്രാർത്ഥനയുടെ കാര്യവും. പ്രാർത്ഥനയുടെ ശക്തിയും രഹസ്യാത്മ കതയും മനുഷ്യന്റെ ദർശനങ്ങൾക്ക് അതീതമാണ്. മരണം പോലെ ശക്തമായ പ്രാർത്ഥനയെന്ന നീർച്ചുഴി പോലെ നിഗൂഢമായ ലോകത്തിൽ ജീവിക്കുന്നവർ സ്നേഹംപോലെ രഹസ്യാത്മകമായ
ലോകത്തിൽ ആത്മീയ നിർവൃതിയുടെ വക്താക്കളായി.
പിതാവേ, നിന്റെ ഇഷ്ടംനിറവേറട്ടെ |
ഇത്തരം ആത്മീയ നിർവൃതിയുടെ നടുവിൽ മനുഷ്യൻ പ്രാർത്ഥിക്കും. "പിതാവേ നിന്റെ ഇഷ്ടം നിറവേറട്ടെ, നിന്റെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു. എല്ലാം പൂർത്തിയായി". ഹൃദയങ്ങളുടെ ഒന്നാകലാ ണിവിടെ കാണുക. സ്നേഹത്തിന്റെ പൂർത്തി യാണ് അത്. ശൂന്യമായ ഹൃദയം ദൈവ സാന്നി ദ്ധ്യത്തിൽ നിറയുന്നതാണത്. ഈ ദൈവ സാന്നി ദ്ധ്യ ദർശനത്തിൽ ഹൃദയം തുറന്നു 'സ്വർഗ്ഗസ്ഥ നായ പിതാവി'നെ നാം വിളിച്ചുപോകുന്നു.
സ്വർഗ്ഗസ്ഥനായ പിതാവേ, എന്റെ ഹൃദയ മാകുന്ന സ്വർഗ്ഗത്തിൽ വസിക്കുന്നവനാണ് നീ, ചിലപ്പോൾ എന്റെ ഹൃദയം ഒരു നരകം പോലെ വ്യഗ്രതയാൽ അലങ്കോലപ്പെട്ടു കാണ പ്പെടുന്നുണ്ടെങ്കിലും നിന്റെ നാമം പൂജിത മാകണമേ. ഉത്തരമില്ലാത്ത ഒട്ടനവധി ചോദ്യങ്ങൾക്കും പ്രശ്നങ്ങൾക്കും നടു വിലും എന്റെ മരണകരമായ നിശബ്ദതയിൽ നിന്റെ നാമം വിളിക്കപ്പെടട്ടെ. എല്ലാം ഞങ്ങളെ വിട്ടു പോകുമ്പോൾ എല്ലാ പ്രതീക്ഷകളും അസ്തമിക്കുമ്പോൾ നിന്റെ രാജ്യം ഞങ്ങളിലേയ്ക്ക് കടന്നു വരട്ടെ. നിന്റെ ഇഷ്ടം നിറവേറട്ടെ, നിന്റെ ഇഷ്ടത്തിന്റെ നിറവേറലിനായി ഞാൻ മരിക്കേണ്ടി വന്നാലും. കാരണം, നിന്റെ ഇഷ്ടത്തിന്റെ നിറവേറലാണ് യഥാർത്ഥമായ ജീവിതം. ഭൂമിയിൽ പാതാളമായി കാണപ്പെടുന്ന പലതും സ്വർഗ്ഗത്തിൽ നിന്റെ ജീവന്റെ ഉന്നതിയാണ്.
ഹൃദയത്തിന്റെ പ്രാർത്ഥന
God is the best listener, he hears
even a silent prayer of a sincere
heart. |
ഇന്ന് ഞങ്ങൾക്ക് അന്നന്നത്തെ അപ്പം തരണമേ. അപ്പമായി മാറിയ നിന്റെ ചൈതന്യം ഞങ്ങളിൽ നിറയ്ക്കെണമേ. അപ്പമാകാൻ ഞങ്ങൾ മനസ്സാ കാത്തപ്പോഴും അപ്പം ചോദിക്കുന്ന ഞങ്ങൾക്ക് അപ്പവും വെള്ളവും തരിക. ഞങ്ങൾ ക്ഷമിക്കും പോലെയല്ല നീ ക്ഷമിക്കുംപോലെ ഞങ്ങളോട് ക്ഷമിക്കേണമേ. ഒഴിയാബാധപോലെ ഞങ്ങളെ പിന്തുടരുന്ന പ്രലോഭനവും തിന്മയും നീ ഗേഹന്ന യിലെയ്ക്ക് വലിച്ചെറിയുക. നിന്റെ രാജ്യവും നിന്റെ മഹത്വവും നിന്റെ ശക്തിയും എന്നും എല്ലായിടത്തും എല്ലായ്പ്പോഴും നിറയട്ടെ.
ഹൃദയത്തിന്റെ ഭാഷയിലൂടെ ഹൃദയത്തിന്റെ പ്രാർത്ഥനയിലൂടെ ദൈവത്തെ ഞാൻ നീയെന്നു വിളിച്ചു. അപ്പനെന്നു വിളിച്ചു. ഹൃദയത്തിന്റെ ഉയർത്തലിൽ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നുമുള്ള പദമാണ് അത്. വിശ്വസിക്കുന്ന, സ്നേഹിക്കുന്ന, വിനയമുള്ള, ലാളിത്യമുള്ള ഹൃദയത്തിൽനിന്നും വരുന്ന പദം. "നീ"യെന്ന പദത്തിന്റെ മഹനീയത മനസ്സിലാക്കാൻ ഹൃദയത്തിന്റെ ഭാഷയുടെ അക്ഷരങ്ങൾ പഠിച്ചുതുടങ്ങേണ്ടി യിരിക്കുന്നു. ഹൃദയത്തിന്റെ ഭാഷയിലൂടെ ഹൃദയത്തിന്റെ പ്രാർത്ഥന പ്രാർത്ഥിക്കാൻ നാഥാ വഴി തെളിച്ചാലും. //-
-------------------------------------------------------------------------------------------
ധൃവദീപ്തി ഓണ്‍ലൈൻ
Dhruwadeepti.blogspot.de
for up-to-dates and FW. link Send Article,
comments and write ups to :
DHRUWADEEPTI
ONLINE LITERATURE.
Published from Heidelberg,
Germany,
in
accordance with the European charter on freedom of opinion and
press.
DISCLAIMER:
Articles published in this online magazine are exclusively the views of the authors.
Articles published in this online magazine are exclusively the views of the authors.
Neither the editor nor the
publisher are responsible or liable for the contents,
objectives or
opinions of the articles in any form."
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.