Donnerstag, 2. Juni 2016

ധ്രുവദീപ്തി // Christianity // Faith // മോശയിലൂടെ തുറക്കപ്പെടുന്ന വിശ്വാസവാതിൽ // Dr. Andrews Mekkaattukunnel


ധ്രുവദീപ്തി// Christianity //


മോശയിലൂടെ തുറക്കപ്പെടുന്ന വിശ്വാസവാതിൽ //

 Dr. Andrews Mekkaattukunnel Dr. Andrews Mekkaattukunnel
 അബ്രാഹത്തിന്റെ പൗത്രനായ യാക്കോബിന്റെ പന്ത്രണ്ടു മക്കളും അവരുടെ സന്തതി പരമ്പരയുമാണ് ഇസ്രായേൽ ജനം. ഈജിപ്തിൽ അടിമകളാക്കപ്പെട്ട അവർ ദൈവം തിരഞ്ഞെടുത്ത് അയച്ച മോശയുടെ നേതൃത്വത്തിൽ വിമോചിതരായി. മരുഭൂമിയിലൂടെ ദീർഘകാലം യാത്രചെയ്ത്, സീനായ് മലയിലെ ഉടമ്പടിയിലൂടെ ദൈവത്തിന്റെ ജനമായി വാഗ്ദത്ത ഭൂമിയിലത്തുന്ന സംഭവങ്ങളുടെ വിശ്വാസത്തിന്റെ വെളിച്ചത്തിലുള്ള വിശദീകരണമാണ് പുറപ്പാട് പുസ്തകം. മോശയെ വിളിക്കാനായി മുൾപ്പടർപ്പിന്റെ മധ്യത്തിൽ ജ്വലിച്ചുയരുന്ന അഗ്നിയിൽ പ്രത്യക്ഷപ്പെട്ട ദൈവം, "പിതാക്കന്മാരുടെ ദൈവമായ കർത്താവ്, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം" എന്നാണു സ്വയം വെളിപ്പെടുത്തുന്നത് (പുറ : 3, 15- 16).

അനുസമരണം

"ഞാൻ ഞാൻ തന്നെ" (പുറ: 3, 14) എന്ന് വെളിപ്പെടുത്തുമ്പോൾ ചരിത്രത്തിൽ ഉടനീളം പ്രവർത്തനനിരതനായിരിക്കുന്നവൻ, സ്വയം ഭൂവായവൻ, നിത്യം നിലനിൽക്കുന്നവനാണ് താൻ എന്നവിടുന്നു വ്യക്തമാക്കുകയായിരുന്നു.  ദൈവത്തെ ആരാധിക്കുവാൻ വേണ്ടി, അവിടുത്തേയ്ക്ക് ബലി അർപ്പിക്കാൻ വേണ്ടി ജനത്തെ സ്വതന്ത്രരാക്കണം എന്നായിരുന്നു അവിടുന്നു മോശയോട് ആവശ്യപ്പെട്ടത് (പുറ 3,18. 23). ദൈവം പ്രത്യേക വിധം ഇടപെട്ട് ഈജിപ്തുകാരുടെ ആദ്യജാതരെ സംഹരിച്ചപ്പോൾ, ഇസ്രായേൽ ഭവനങ്ങളെ ഒഴിവാക്കി കടന്നുപോയി. ഇതിന്റെ അനുസ്മരണമാണ് തലമുറതോറും ഇസ്രായേൽക്കാർ പെസഹാ ആചരിക്കുന്നത് (പുറ 12,1-14). "പെസഹ" എന്ന വാക്കിന്റെ അർത്ഥം തന്നെ "കടന്നുപോകൽ" എന്നാണല്ലോ.

 ചെങ്കടൽ കടക്കുന്ന മോശയും 
ഇസ്രായേൽ ജനങ്ങളും
അത്ഭുതകരമായി ചെങ്കടൽ കടന്ന് പകൽമേഘ സ്തംഭത്തിന്റെയും രാത്രി അഗ്നിസ്തംഭത്തിന്റെയും സഹായത്താൽ യാത്ര ചെയ്ത് (പുറ 13, 21-22 ) മന്നായും കാടപ്പക്ഷിയും ഭക്ഷിച്ച്‌ (പുറ 15) പാറയിൽ നിന്നുള്ള ജലവും പാനം ചെയ്ത് (പുറ 17,1-7) സീനായ് മരുഭൂമിയിലെത്തിയ ഇസ്രായെൽക്കാരോട് മോശയിലൂടെ ദൈവം ഇപ്രകാരം അരുളിച്ചെയ്തു:
"നിങ്ങൾ എന്റെ വാക്ക് കേൾക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്‌താൽ നിങ്ങൾ എല്ലാ ജനങ്ങളിലും വച്ചു എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ സ്വന്തം ജനമായിരിക്കും. കാരണം, ഭൂമി മുഴുവൻ എന്റെതാണ്. നിങ്ങൾ എനിക്ക് പുരോഹിത രാജ്യവും വിശുദ്ധജനവും ആയിരിക്കും (പുറ 19, 5-6).

കൽപ്പലകയിലെ പത്തു കല്പ്പനകൾ

ഉടമ്പടി വ്യവസ്തകളായി ഇസ്രായേൽ ജനം പാലിക്കണമെന്ന് ദൈവം നിർദ്ദേശിച്ച അവിടുത്തെ വാക്കുകളാണ് പത്തു കൽപ്പനകൾ (പുറ 20,1-17). ഈ പത്തു പ്രമാണങ്ങളിലൂടെ ദൈവത്തിന്റെ സ്വന്തജനമായി തീരുന്നതിനുള്ള വാതിൽ അവിടുന്ന് തുറന്നു നൽകുകയായിരുന്നു. ഈ വാതിലിന്റെ താക്കോൽ അവിടുന്നേൽപ്പിച്ചത് മോശയെ ആണ്. ഈ ഉടമ്പടി വ്യവസ്ഥകൾ ഇസ്രായേൽ ജനത്തിനായി വ്യാഖ്യാനിച്ചും വിശദീകരിച്ചും നല്കിയ മോശ അവരുടെ മുമ്പിൽ വിശ്വാസ വാതിൽ തുറന്നിടുകയായിരുന്നു.

പത്തു പ്രമാണങ്ങൾ രണ്ടു കൽപ്പലകകളിലായാണല്ലോ എഴുതപ്പെട്ടത്. മോശ സംവഹിക്കുന്ന ഈ രണ്ടു കൽപ്പലകകളെ വാതിലിന്റെ രണ്ടു പാളികളായി കണക്കാക്കാനാവും. ഇവയിൽ ആദ്യപലകയിലെ മൂന്നു കൽപ്പനകൾ ദൈവവുമായുള്ള ബന്ധത്തെയും രണ്ടാമത്തേതിലെ ഏഴെണ്ണം മനുഷ്യർ പരസ്പരമുള്ള ബന്ധത്തെയും സംബന്ധിക്കുന്നവയാണ്. നിയമത്തിലെ പരമ പ്രധാനമായ കൽപ്പനയായി ദൈവസ്നേഹത്തെയും പരസ്നേഹത്തെയും ഈശോ മിശിഹാ അവതരിച്ചപ്പോൾ (മത്താ 22,-34-40) ഈ ഘടന തന്നെയാണ് പിന്തുടർന്നത്‌. "ആകാശവും ഭൂമിയും കടന്നു പോകുന്നതുവരെ നിയമത്തിനു ഒരു വള്ളി പുള്ളി മാറ്റം വരുകയില്ല" (മത്താ 5, 18) എന്ന് പഠിപ്പിച്ച "പുതിയ നിയമ മോശ"യായ അവിടുന്നു സഹോദരബന്ധത്തെക്കുറിച്ചുള്ള പ്രമാണങ്ങൾക്ക് പുതിയ വ്യാഖ്യാനം നൽകുന്നതും ഗിരിപ്രഭാഷണത്തിൽ നമ്മൾ കാണുന്നുണ്ട് (മത്താ 5, 21-48 ).

മോശയും കൽപ്പലകയിലെ പത്തു കല്പ്പനകളും
യഹൂദ നിയമജ്ഞരുടെയും പ്രീശന്മാരുടെയും രീതിയിൽ നിന്ന് വ്യത്യസ്തമായി വേണം ധർമ്മദാനവും പ്രാർത്ഥനയും ഉപവാസവുമൊക്കെ അനുഷ്ടിക്കാൻ എന്ന് പഠിപ്പിച്ചപ്പോൾ സ്വർഗ്ഗ രാജ്യത്തിൽ പ്രവേശിക്കുന്നതിനുള്ള വാതിൽ അവിടുന്നു മലർക്കെ തുറന്നിടുകയായിരുന്നു (മത്താ 5, 20-; 6,1 -18). സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിനുള്ള മാർഗ്ഗം മോശയുടെ വാക്ക് കേൾക്കുകയാണ് എന്ന് ഈശോ അരുളിച്ചെയ്ത ഉപമയിലെ ലാസർ അബ്രാഹത്തിന്റെ മടിയിൽ ഇരുന്നുകൊണ്ട് പറയുന്നുണ്ടല്ലോ (ലൂക്കാ 16,29). മോശ തുറന്നു തന്നതും പ്രമാണപ്പലകകളാൽ നിർമ്മിതവുമായ വിശ്വാസ വാതിലിന്റെ പ്രസക്തി പുതിയനിയമ കാലഘട്ടമായ ഇന്നും നഷ്ടപ്പെട്ടിട്ടില്ല. ഈ പത്തു കൽപ്പനകൾ തന്നെയാണല്ലോ ക്രൈസ്തവ ധാർമ്മികതയുടെയും അടിസ്ഥാനം.

നസ്രത്തിലെ ഈശോ.

പരിശുദ്ധ പിതാവ് ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പ "നസ്രത്തിലെ ഈശോ" എന്ന ഗ്രന്ഥത്തിൽ മനുഷ്യനായവതരിച്ച ഈശോയെ പഴയനിയമമോശയുമായി താരതന്മ്യപ്പെടുത്തിയാണ് അവതരിപ്പിക്കുന്നത്. പിതാവുമായുള്ള അവിടുത്തെ ബന്ധം വ്യക്തമാക്കാനാണിത്. മാർപാപ്പയുടെ അഭിപ്രായത്തിൽ ഈശോമിശിഹ പുതിയനിയമമോശയാണ്. കർത്താവായ ദൈവം "മുഖത്തോടു മുഖം അറിഞ്ഞ " മോശയെപ്പോലെ മറ്റൊരു പ്രവാചകനും ഇസ്രായേലിൽ ഉണ്ടായിട്ടില്ല എന്നാണു നിയമാവർത്തന പുസ്തകം സാക്ഷ്യപ്പെടുത്തുന്നത് (34:10).

ദൈവവുമായുണ്ടായിരുന്ന ഈ അടുത്ത ബന്ധമാണ് പഴയനിയമ വെളിപാടി ന്റെയും സീനായ് ഉടമ്പടിയുടെയും മദ്ധ്യസ്ഥനാകാൻ മോശയെ പ്രാപ്തനാക്കിയത്. എങ്കിലും മോശയ്ക്ക് പരിമിതികൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ മുഖം ദർശിക്കാൻ അദ്ദേഹത്തിനായില്ല (നിയമ.33:23). അവിടുത്തെ മേഘത്തിനുള്ളിൽ പ്രവേശിച്ചു ഒരു സ്നേഹിതനോടെന്നപോലെ അവിടുത്തോട്‌ സംസാരിച്ചവനാണെങ്കിലും മോശയുടെ ദൈവീകജ്ഞാനം അപൂർണ്ണമായിരുന്നു. ഈ അപൂർണ്ണതയുടെ പശ്ചാത്തലത്തിൽ വേണം തന്നെക്കാൾ ശ്രേഷ്ഠനായ 'മറ്റൊരു പ്രവാചകനെ'ക്കുറിച്ചുള്ള മോശയുടെ പ്രവചനം മനസ്സിലാക്കാൻ(നിയമ. 18:15).

വിശുദ്ധ യോഹന്നാൻ അറിയിച്ച സുവിശേഷത്തിന്റെ ആമുഖത്തിൽ ഈശോയും മോശയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കപ്പെടുന്നുണ്ട്. നിയമം മോശ വഴി നൽകപ്പെട്ടു. കൃപയും സത്യവുമാകട്ടെ ഈശോമിശിഹാ വഴി ഉണ്ടായി. ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢ ബന്ധം പുലർത്തുന്ന ദൈവം തന്നെയായ ഏകജാതനാണ്, അവിടുത്തെ വെളിപ്പെടുത്തിയത് ( യോഹ.1:18). പത്തു കൽപ്പനകൾ അഥവാ "തോറാ" മോശവഴി നൽകപ്പെട്ടുവെങ്കിൽ, ദൈവീകവെളിപാടിന്റെ പൂർണ്ണതയായ 'സത്യവും കൃപയും' പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ ഈശോമിശിഹാ യിലൂടെ നൽകപ്പെടുന്നു.// -

-------------------------------------------------------------------------ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
for up-to-dates and FW. link Send Article, 
comments and write ups to :
DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, 
Germany,   
in accordance with the European charter on freedom of opinion and press. 
DISCLAIMER:   
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  
objectives or opinions of the articles in any form."

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.