Mittwoch, 3. September 2014

ധ്രുവദീപ്തി // Religion / കാനോനിക പഠനങ്ങൾ / വിശ്വാസികളും വിവാഹ വിളിച്ചു ചൊല്ലുകളും - Dr.Thomas Kuzhinapurath


ധ്രുവദീപ്തി: Religion-


                                  വിശ്വാസികളും 
                   വിവാഹ വിളിച്ചു ചൊല്ലുകളും 

          Dr.Thomas Kuzhinapuratthu             

("മലങ്കര കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം നമ്മുടെ പ്രത്യേക നിയമങ്ങൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഈ നിയമദർശനം നമ്മുടെ സഭാത്മക ജീവിതത്തെ മെച്ചപ്പെടുത്തുന്നതിൽ ഏറെ സഹായകമാകുമെന്നതിൽ വളരെയേറെ സന്തോഷമുണ്ട്. രക്ഷയുടെ കൂദാശയായ നമ്മുടെ സഭയിലെ നിയമങ്ങൾ വിശ്വാസികളെ രക്ഷയിലേയ്ക്ക് നയിക്കുവാൻ സഹായിക്കുന്നില്ലെങ്കിൽ അവ സഭാ നിയമങ്ങൾ ആയിരിക്കയില്ലെന്ന നവഭാഷ്യം ബഹു. കുഴിനാപ്പുറത്തച്ചൻ  സ്ഥാപിക്കുന്നു" / -  മോറാൻ മോർ ബസ്സേലിയോസ് ക്ലീമീസ്. (കർദ്ദിനാൾ) മേജർ ആർച്ച് ബിഷപ്പ്, മലങ്കര സുറിയാനി കത്തോലിക്കാസഭ).


വിശ്വാസികളും വിവാഹ വിളിച്ചു ചൊല്ലുകളും


Dr.Thomas Kuzhinapuratthu
"...ഈ വിവാഹം നടത്തുന്നതിനു എന്തെങ്കിലും കാനോനിക തടസ്സം ഉണ്ടെന്നു എന്തെങ്കിലും കാനോനിക തടസ്സം ഉണ്ടെന്നു അറിയുന്ന പക്ഷം പ്രസ്തുത വിവരം മുൻകൂട്ടി വികാരിയെ അറിയിക്കേണ്ടതാണ്. വിളിച്ചു ചൊല്ല് ഒന്ന്...രണ്ട്...മൂന്ന്". ഇടവക പള്ളികളിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം പലപ്പോഴും മുഴങ്ങി കേൾക്കാറുള്ള വിളിച്ചു ചൊല്ലലുകളുടെ പ്രസക്ത ഭാഗമാണ് ഉദ്ധൃത വാക്യം. സഭാ നിയമമനുസരിച്ച് വിവാഹം ആശീർവദിക്കുന്നതിന് ആവശ്യമായ ഘടകങ്ങളെയും വ്യവസ്ഥകളെയും കുറിച്ച് സഭാവിശ്വാസികൾ എല്ലാവരും ഉദ്ബുദ്ധരാണെന്ന മുൻ ധാരണയാണ് ഈ വിളിച്ചറിയിപ്പിന് പിന്നിലുള്ളത്. ഈ പശ്ചാത്തലത്തിൽ വിവാഹ കൂദാശയെ സംബന്ധിക്കുന്ന സഭയുടെ കാനോനിക വീക്ഷണത്തിലേയ്ക്ക് ഒരു അന്വേഷണം നടത്തുകയാണിവിടെ. മുഖ്യമായും കാനോനിക തടസ്സങ്ങൾ എന്നതിനാൽ സഭ ഉദ്ദേശിക്കുന്ന വസ്തുതകളാണ് ഇവിടെ വീക്ഷിക്കപ്പെടുക.

 വിളിച്ചുചൊല്ലുകൾ സഭാനിയമങ്ങളിൽ

1991-ൽ പ്രാബല്യത്തിൽ വന്ന പൌരസ്ത്യ സഭകളുടെ കാനോനസംഹിത (CCEO). "വിവാഹപൂർവ അന്വേഷണങ്ങൾക്കുള്ള മറ്റു ഉപാധികൾ ഓരോ സ്വയാധികാര സഭയുടെയും പ്രത്യേക നിയമത്തിൽ (Particular Law) വ്യവസ്ഥ ചെയ്തിരിക്കണം. ഇക്കാര്യത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്, സഭാതിർത്തിയിൽ അധികാരം വിനിയോഗിക്കുന്ന മറ്റു സ്വയാധികാര സഭകളിലെ മെത്രാന്മാരുമായി ചർച്ച ചെയ്ത ശേഷമായിരിക്കണം" (CCEO).

ഇവിടെ 'പരസ്യമായ വിളിച്ചുചൊല്ലലുകൾ' എന്ന പ്രയോഗത്തിനു പകരം 'വിവാഹ പൂർവ്വ അന്വേഷണത്തിനുള്ള ഉപാധികൾ' എന്ന് ചേർത്തിരിക്കുന്നത് ശ്രദ്ധേയമാണ്. എങ്കിലും ഒരു ഒരു വിവാഹം നടത്തുന്നതിനു എന്തെങ്കിലും കാനോനിക തടസ്സമുണ്ടെന്ന് അറിവുള്ള വിശ്വാസികൾക്ക് അക്കാര്യം വികാരിയെയോ ഭദ്രാസനമെത്രാനെയൊ യഥോചിതം അറിയിക്കുവാൻ കടമയുണ്ടെന്ന് പൌരസ്ത്യസഭകളുടെ കാനോന (CCEO- 786 ) സംഹിത അനുശാസിക്കുന്നു. ഇതനുസരിച്ച് ഒരിടവക സമൂഹത്തിൽ നടക്കുന്ന വിവാഹത്തെ സംബന്ധിച്ചറിയുവാൻ ആ ഇടവകയിലെ മുഴുവൻ വിശ്വാസികൾക്കും കടമയുണ്ടെന്ന സൂചനയാണ് പൗരസ്ത്യ നിയമസംഹിത നൽകുന്നത്.

1917- ൽ പ്രസിദ്ധീകൃതമായ ലത്തീൻ കാനോന സംഹിതയിൽ വിവാഹ വിളിച്ചു ചൊല്ലലുകളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരുന്നു (Can-1023-1030). എന്നാൽ 1983 ജനുവരി 25-നു പുന:പ്രസിദ്ധീകരിച്ച ലത്തീൻ കാനോന സംഹിതയിൽ (CIC-Prenuptial Enquiry) വിവാഹ പൂർവ്വാന്വേഷണ വിളിച്ചു ചൊല്ലൽ (Publication of Banns) സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് പ്രാദേശിക മെത്രാൻ സമിതികളെ (CIC-1067) ചുമതലപ്പെടുത്തിയിരിക്കുകയാണ്. 

പള്ളിയിൽ വിവാഹം ആശീർവദിക്കപ്പെടുന്ന ദൃശ്യം
ഭാരതത്തിലെ കത്തോലിക്കാ വ്യക്തി സഭകൾ പരസ്യമായ വിളിച്ചു ചൊല്ലുകളിലൂടെ വിവാഹ പൂർവ്വ അന്വേഷണം നടത്തണം എന്ന തീരുമാനം ആണ് കൈക്കൊണ്ടിട്ടുള്ളത്. മലങ്കര കത്തോലിക്കാ സഭയിൽ ഇന്ന് നിലവിലിരിക്കുന്ന നടപടി ക്രമമനുസരിച്ച് വിവാഹത്തിനു മുൻപ്‌ മൂന്നു തവണ വിളിച്ചു ചൊല്ലലുകൾ നടത്തി വധൂവരന്മാരുടെ ആത്മീയ ജീവിതത്തെയും സ്വതന്ത്രസ്ഥിതിയെയും സംബന്ധിച്ച് (Free State - കാനോനിക തടസ്സരഹിതമായ അവസ്ഥ) ആരായേണ്ടതുണ്ട്. സീറോ മലബാർ സഭയുടെ പ്രത്യേക നിയമങ്ങളും (Particular Laws on Marriage,Can. 14,15) ഇന്ത്യയിലെ ലത്തീൻ മെത്രാൻ (CCBI) സമിതിയുടെ ഡിക്രിയും വിവാഹ പൂർവ്വ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചു ചൊല്ലലുകൾ നടത്തണമെന്ന് പ്രത്യേകം അനുശാസിക്കുന്നു. വിളിച്ചു ചൊല്ലുകൾ വഴി ലഭിക്കുന്ന ഉറപ്പനുസരിച്ച് വധൂവരന്മാരുടെ ക്രൈസ്തവ ജീവിതത്തെയും സ്വതന്ത്ര സ്ഥിതിയെയും സംബന്ധിക്കുന്ന രേഖ, ബന്ധപ്പെട്ട വികാരിമാർ കൂദാശ പരികർമ്മം ചെയ്യുന്ന വൈദികന് വിവാഹ ആശീർവാദത്തിനു മുമ്പ് നൽകണമെന്ന അനുശാസനവും ഈ നിയമസംഹിതകളിലുണ്ട്.

വിവാഹബന്ധത്തിനുള്ള കാനോനിക തടസ്സങ്ങൾ

സാധുവായ വിവാഹബന്ധത്തിൽ ഏർപ്പെടുന്നതിനു ഒരു വ്യക്തിക്കുള്ള യോഗ്യത നിയമപരമായി ഇല്ലാതാകുന്ന ഘടകത്തെയാണ് കാനോനിക തടസ്സം എന്നതുകൊണ്ട്‌ വിവക്ഷിക്കുക (An impediment is that which takes away a person's legal capacity to valid marriage"). മറ്റു വാക്കുകളിൽ സാധുവായ വിവാഹബന്ധത്തിൽ ഏർപ്പെടുന്നതിൽനിന്നും വ്യക്തിയെ നിയമപരമായി തടയുന്ന ഘടകമാണ് കാനോനികതടസ്സം.

മനുഷ്യവംശത്തിന്റെ പിന്തുടർച്ചയ്ക്കും മാനവസമൂഹത്തിന്റെ ക്ഷേമത്തിനുമായി ദൈവം സ്ഥാപിച്ചിരിക്കുന്ന പരിപാവന കൂദാശയാണ് വിവാഹം. ഇതാണ് പുരാതന കാലം വിവാഹത്തെ സംബന്ധിച്ച് സഭയുടെ വീക്ഷണം. ക്രിസ്തുവിന്റെ രക്ഷാകര പദ്ധതിയുടെ ഭാഗമായാണ് ഈ കൂദാശ പരിഗണിച്ചിരുന്നത്. എന്നാൽ പിൽക്കാലത്ത് വിവാഹജീവിതത്തിന്റെ പവിത്രത സംരക്ഷിക്കുന്നതിൽ ചില പാളിച്ചകൾ കണ്ടു തുടങ്ങി. ഇത്തരം അവസരങ്ങളിൽ വിവാഹബന്ധത്തിൽ കടന്നുകൂടുവാൻ സാധ്യതയുള്ള ചില തെറ്റായ പ്രവണതകളിൽ നിന്നും ആ ബന്ധത്തെ  സംരക്ഷിക്കുവാൻ വേണ്ടി വ്യക്തമായ നിയമസംവിധാനങ്ങൾ സഭയിൽ ഏർപ്പെടുത്തി. കാനോനിക തടസ്സങ്ങൾ സംബന്ധിക്കുന്ന നിയമങ്ങൾ സഭയുടെ കാനോനസംഹിതയിൽ ഉൾപ്പെടുത്തിയത് ഈ പശ്ചാത്തലത്തിലാണ്. ഈ സംഹിതകളിൽ (CCEO,CIC) വിവിധ കാനോനിക തടസ്സങ്ങൾ പ്രതിപാദിക്കുന്നുണ്ട്.

 1-പ്രായപരിധി

കത്തോലിക്കാ സഭയുടെ ഇരു കാനോന സംഹിതകളുമനുസരിച്ചു (CCEO. 800,CIC.1083) 16 വയസ്സ് പൂർത്തിയാകാത്ത പുരുഷനും 14 വയസ്സ് പൂർത്തിയാകാത്ത പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹം അസാധുവാണ്. എന്നാൽ പ്രാദേശിക പ്രത്യേകതകൾ കണക്കിലെടുത്ത് അതാത് സ്ഥലത്തെ മെത്രാൻ സമിതികൾക്കും വ്യക്തിസഭകളുടെ പ്രത്യേക നിയമങ്ങൾക്കും വിവാഹത്തിന്റെ നിയമാനുസൃതയ്ക്കായി (Liceity ) ഉയർന്ന പ്രായപരിധി നിശ്ചയിക്കാവുന്നതാണ്. ഇപ്രകാരം ഭാരത ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഭാരതമെത്രാൻ സമിതി വിവാഹത്തിന്റെ നിയമാനുസൃതയ്ക്കായി നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ പ്രായപരിധി പുരുഷന് 21-ഉം സ്ത്രീയ്ക്ക് 18-ഉം ആണ്.

2- ലൈംഗിക ശേഷിക്കുറവ്

സ്ത്രീപുരുഷന്മാർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനുള്ള ശേഷിയില്ലായ്മ (Impotence) ഒരു വ്യക്തിയെ സാധുവായ വിവാഹത്തിൽ ഏർപ്പെടുന്നതിൽ നിന്നും തടസ്സപ്പെടുത്തുന്നു (CCEO.801;CIC.1084) . വിവാഹത്തിനു മുമ്പുണ്ടായിരുന്നതും വിവാഹ ശേഷം തുടരുന്നതും ശാശ്വതവുമായ ലൈംഗിക ശേഷിക്കുറവുമാണ് ഇവിടെ പ്രതിപാദ്യ വിഷയമാകുന്നത്. ഈ കാനോനിക തടസ്സത്തെ സംബന്ധിക്കുന്ന സംശയം മാത്രമേ ഉള്ളൂ എങ്കിൽ, ഈ സംശയത്തിന് കാരണമായ വസ്തുതകളെല്ലാം ശരിയായി സ്ഥിരീകരിക്കപ്പെടുന്നതു വരെ, വിവാഹത്തെ തടസ്സപ്പെടുത്തുകയോ നടന്ന വിവാഹം അസാധുവായി പ്രഖ്യാപിക്കുകയോ ചെയ്യേണ്ടതില്ലേ(CCEO.801§2;CIC.1084§2).

ലൈംഗികശേഷിക്കുറവും വന്ധ്യതയും (Sterility) തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി ക്കൊണ്ട് വന്ധ്യതയെ കാനോനിക തടസ്സമായി പരിഗണിക്കുന്നില്ല. ഇവിടെ വന്ധ്യത എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്, സന്താനോത്പാദനത്തിനു സാധിക്കാത്ത അവസ്ഥയാണ്. ഈ അസാധ്യത ഒരു വ്യക്തിയെ, ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ നിന്നും തടസ്സപ്പെടുത്തുന്നില്ല. എന്നാൽ ഈ വിവാഹത്തിനു മുമ്പ് അറിവുണ്ടായിരുന്ന വന്ധ്യത മന:പൂർവ്വം മറച്ചുവച്ചും പങ്കാളിയെ വഞ്ചിച്ചും ആണ് വിവാഹത്തിനു സമ്മതം നൽകുന്നത് എങ്കിലും വന്ധ്യത ഇവിടെ വിവാഹത്തെ അസാധുവാക്കുന്ന ഒരു കാനോനിക തടസ്സമായി പരിണമിക്കുന്നു (CCEO.821;CIC.1098)./-

(തുടരും...ധ്രുവദീപ്തി.)

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.