Dienstag, 16. September 2014

ധ്രുവദീപ്തി // ഹൃസ്വവീക്ഷണം / ജർമൻ സവിശേഷതകളും കീഴ്വഴക്കങ്ങളും-/ ജോർജ് കുറ്റിക്കാട്

ധ്രുവദീപ്തി: Panorama :



 ഹൃസ്വവീക്ഷണം // 

ജർമൻ സവിശേഷതകളും കീഴ്വഴക്കങ്ങളും-/  



ജോർജ് കുറ്റിക്കാട് 



ഒരു സമൂഹത്തെ ഹിതകരമാക്കുന്ന കാര്യങ്ങളാണ് നൂതനത്വവും അതിനു ചേർന്ന കീഴ്വഴക്കങ്ങളും എന്ന് ജർമൻ ജനത വിശ്വസിക്കുന്നുണ്ട്. ഓരോരോ  നാട്ടിലും രാഷ്ട്രത്തിലുമുള്ള ജനങ്ങളെപ്പോലെ  ജർമൻകാർക്കും സ്വന്തമായി പാരമ്പര്യങ്ങളും  സാംസ്കാരിക കീഴ്വഴക്കങ്ങളും ഉണ്ട്.

അഞ്ചുലക്ഷത്തോളം വർഷങ്ങളുടെ അതിപുരാതന ചരിത്രവും അവയ്ക്ക് അത്രത്തോളം തന്നെയുള്ള പാരമ്പര്യവും അവകാശപ്പെടാവുന്ന ഒരു നാടാണ് ജർമനി. ഒരുപക്ഷെ, ഒരു വിദേശിക്കു ജർമൻ ജനതയുടെ മനോഭാവവും മറ്റു ജീവിത കീഴ്വഴക്കങ്ങളും താരതന്മ്യേന അപരിചിതമാണ്.

ജർമാനിക്- കെൽറ്റിക്- സ്ലേവിയൻ- ഉത്ഭവം

ജർമൻകാരുടെ വംശാവലിയും അവർ ഇന്നും ഉപയോഗിക്കുന്ന ഉപഭാഷകളും മൂന്ന് പ്രധാന ഘടകങ്ങളിൽ നിന്നാണ് ഉത്ഭവിച്ചിരിക്കുന്നതെന്നത്‌ വളരെ   ശ്രദ്ധേയമാണ്. ജർമാനിക്, കെൽട്ടിക്, സ്ലേവിയൻ എന്നീ മൂന്ന് ഘടകങ്ങളുടെ ഒരു മിശ്രിതവംശമാണ്‌ ജർമൻ ജനത. അവരെക്കുറിച്ചുള്ള ഈ ചരിത്രവിവരം ഭൂമിശാസ്ത്രപരമാണ്. സ്ലേവിയൻ- കെൽട്ടിക് വംശങ്ങളിൽനിന്നുള്ള ഉത്ഭവം ഏറെകൂടുതൽ വ്യക്തമാകുന്നത് ഇന്നു ജർമൻകാരുടെ ബഹ്യരൂപത്തിലാണ്. ഉദാ: ജർമൻകാരന്റെ താടിയെല്ലിന്റെ ആകൃതി, ശരീരപ്രകൃതി, തലമുടി, തൊലിയുടെ നിറം എന്നിവ.

ജർമാനൻ
ഏറ്റവും ആധുനികമായ ഡി. എൻ. എ. അപഗ്രഥനമനുസരിച്ച് അതിപുരാതന ജർമനിയിലേയ്ക്ക് കുടിയേറിയിരുന്ന  ജനതകളൊഴികെ ജർമൻ വംശജരിൽ  നാൽപ്പത്തിയഞ്ച് വംശാവലികളിൽ പെട്ടവരുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. ഇവർ സാംസ്കാരികമായി വളരെ ഉയർന്ന മാതൃകയിൽ സാമൂഹിക ജീവിതത്തി ൽ വളരെ മെച്ചപ്പെട്ട നിലവാരം അന്നും പുലർത്തിയിരുന്നവരായിരുന്നെന്നു ഈ അടുത്ത കാലത്ത് പുറത്തുവന്നിട്ടുള്ള  ഗവേഷണ ഫലങ്ങൾ വ്യക്തമാക്കി. 30 % ജർമൻകാർ കിഴക്കൻ യൂറോപ്യരും, അതിൽ 20% സ്ലേവ്യരും 10% മറ്റുള്ള പല  വംശജരും) ആണ്. കിഴക്കൻ ജർമാനിക്ക് വംശങ്ങളിലേറെപ്പേരും ജർമൻ പ്രദേശം ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേയ്ക്ക് കുടിയേറിയില്ല. ഗവേഷണം നടത്തിയ  ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിരീക്ഷണപ്രകാരം ജർമൻകാരിൽ പത്തുപേരിലൊരാളുടെ ഉറവിടം യഹൂദ വംശത്തിൽ നിന്നാണ് എന്ന് ഉറപ്പിച്ചു പറയുന്നു. 

ജർമൻ വംശസവിശേഷതകൾ ഹൃസ്വമായി ഇവിടെ പരിചയപ്പെടുമ്പോൾ ജർമനിയിൽ ഓരോ പ്രദേശത്തിനും അതതു ഉപഭാഷകൾ ഉണ്ടെന്നു നമുക്ക് മനസ്സിലാക്കാനും കഴിയും. ജർമൻ ജനതയെ മറ്റുള്ള വംശജരിൽനിന്നും വ്യത്യസ്തപ്പെടുത്തുന്നത് ഭാഷയും അതിന്റെ പ്രാദേശിക പ്രത്യേകതകളും ആണ്. പ്രാദേശികതലത്തിൽ ആറു പ്രധാന വംശജരായി (1. ഷ്വാബൻ, 2. ബയണ്‍, 3. ഫ്രാങ്കൻ, 4. ത്യൂറിൻഗർ, 5. സാക്സൻ, 6. ഫ്രീസൻ ) ഇവരെ തിരിക്കാം.

ജർമാനിക്ക് വംശമെന്നോ വർഗ്ഗമെന്നോ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് 18- നും ഇരുപതിനും നൂറ്റാണ്ടുകൾക്കിടയ്ക്കുള്ള കാലത്തെ സാമൂഹ്യശാസ്ത്ര സംബന്ധമായതോ അഥവാ ജനചരിത്രപരമോ ആയ കാര്യം നിർവചിക്കുന്ന പ്രയോഗം ആയിരുന്നു. അതുപക്ഷെ മദ്ധ്യകാലഘട്ടത്തിൽ നിരവധി മറ്റുള്ള  വലിയ വംശങ്ങളെയും ജർമൻ ജനത എന്നും പറഞ്ഞിരുന്നു. അവർ ഏതാണ്ട് ആയിരാം മാണ്ടിനു മുമ്പും പിൻപും കുടിയേറിയവർ- പുതിയ വംശജരും പഴയ വംശജരും- ഉണ്ടായിരുന്നതായി കാണാം. ഇതിനാൽ ചരിത്രപരമായി പരിശോധിച്ചാൽ അവയെ കൃത്യമായി നിർവചിക്കുവാൻ കഴിയുകയില്ല. അതുപക്ഷെ രാഷ്ട്രീയമായും സാമൂഹ്യശാസ്ത്ര സംബന്ധവുമായ ചരിത്ര കാഴ്ചപ്പാടിൽ താണതരം ഘടന ഒരു മദ്ധ്യകാലഘട്ടത്തിലെ ജർമൻ വംശജർ എന്ന വിളിപ്പേര് ഉണ്ടാകാതെ ജർമൻ ജനത" എന്ന വാക്ക് അക്കാലത്തുതന്നെ ഉപയോഗത്തിലാക്കി. ഇതുമായി ബന്ധപ്പെട്ട പ്രശ്നമിതാണ്, മദ്ധ്യയുഗകാല ഘട്ടത്തിനു മുൻപ് ലത്തീൻ ഭാഷയിലെ സാങ്കേതിക സംജ്ഞാശാസ്ത്രം  വച്ചുള്ള പ്രാധാന്യം ഇന്ന് ലഭ്യമായിരിക്കുന്ന ആധുനിക വിവർത്തനത്തിൽ തിരിച്ചറിയാനുണ്ടെന്നതാണ്. ഇന്നത്തെ ജർമൻ ഭാഷയിൽ വളരെ സാധാരണ ഉപയോഗത്തിലിരിക്കുന്ന "Stamm " (വംശം,  ഗോത്രം, വർഗ്ഗം)- "Nation"- " Volk " (രാജ്യം, ജനത) എന്നീവാക്കുകൾക്ക് മദ്ധ്യയുഗ കാലഘട്ടത്തിൽ ലത്തീൻ ഭാഷ യിൽ യഥാക്രമം Gens, Natio, Populus എന്നിങ്ങനെയുള്ള ചില പ്രയോഗങ്ങൾ ആയിരുന്നു. കാലത്തിനനുസരിച്ച മാറ്റങ്ങളിൽ ഓരോരോ വംശങ്ങളുടെ കേന്ദ്രീകരണവും രാഷ്ട്രീയ കാഴ്ചപ്പാടുകളും ജർമനിയിൽ  പ്രാദേശികമായി വിവിധ രാജഭരണത്തിന്റെ തുടക്കങ്ങൾക്കും കാരണമായി. അത് ഓരോരോ വംശങ്ങൾക്കും പ്രാധാന്യവും ശക്തിയും കൈവരിച്ചു ഇന്നത്തെ ആധുനിക ജർമനിയുടെ ഐക്യരൂപീകരണത്തിനു പുതിയ അടിസ്ഥാനമിട്ടു എന്നത് യാഥാർത്ഥ്യമാണ് .

ഇതേസമയം പൂർണ്ണത അവകാശപ്പെടാൻ ഒന്നുമില്ലാത്ത ഒരു തരത്തിലുള്ള പുരാതന വംശപട്ടികയിൽപെട്ട പുതുവംശജരുടെ കാര്യമാണ് ചരിത്രത്തിന് മനസ്സിലാക്കാൻ പറ്റാത്തത്. അവരിൽ മെർക്കർ, ലൗസിറ്റ്സെർ, പൊമ്മെർൻ, മെക്ലൻബുർഗർ, ഓബർസാക്സൻ, സ്ലേഷ്യർ, ഓസ്റ്റ് പ്രൊയ്സൻ, ഓസ്റ്റ്റൈഷർ എന്നിങ്ങനെ പോകുന്നു പുതുവംശജരുടെ പട്ടിക. ഇവരെല്ലാം ജർമ്മനിയുടെ കിഴക്ക് മുതൽ പടിഞ്ഞാറുവരെയും തെക്ക് മുതൽ വടക്കു വരെയുമുള്ള പ്രദേശങ്ങളിൽ ചിതറിക്കിടക്കുന്നു.

19-)0 നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്‌ ജർമൻ വംശജരിൽ നിന്നാണ് 'ജർമൻ ജനത' (Deutschen Volk) യെന്ന ആശയം ഉൾക്കൊള്ളുന്നത്. ഇതിനെ ശരിയായി സ്ഥിരീകരിക്കുന്നതിങ്ങനെ കാണാൻ കഴിയും. 1808- ൽ ജർമൻകാരനായ  നിയമ പണ്ഡിതനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്ന 'ശ്രീ. കാൾ ഫ്രീഡ്രിഷ് ഐഹ്ഹോണിന്റെ 'ജർമൻ രാജ്യവും നിയമചരിത്രവും ' എന്ന ഒരു ഗ്രന്ഥത്തിൽ 'ജർമൻ ജനത'യെന്ന ഒരു പൊതു വിളിപ്പേര് നൽകി. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും അതിന് മുമ്പ് പത്തൊൻപതാം നൂറ്റാണ്ടിലും "ജർമൻ വംശം" എന്ന് സാഹിത്യരചന കളിലെ പ്രയോഗത്തെ തികച്ചും നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഉദാ: 1810- ൽ ജോഹാൻ ഗോട്ട്ഫ്രീഡ് സോയ്മേ എന്ന സാഹിത്യകാരൻ ഇങ്ങനെ എഴുതി: 'ജർമൻ വംശങ്ങളിൽ കാണപ്പെട്ട   പരസ്പര വിരോധവും പിളർപ്പും ജർമൻ ജനതയുടെ ഐക്യം നശിപ്പിക്കുവാൻ കഴിയും'.

 ആകർഷണീയം, ജർമൻ ജീവിതം.

ജർമൻ ജനതയെ പലവിധത്തിലും വ്യത്യസ്തപ്പെടുത്തുന്നത് ജർമൻ ഭാഷയും അതിന്റെ പ്രത്യേകതകളുമാണ് എന്ന് മുമ്പ് പറഞ്ഞല്ലോ. 'അടുക്കും ചിട്ടയും' ജീവിതത്തിന്റെ തനതു തത്വശാസ്ത്രമാക്കിയ അവരുടെ ജീവിതം ഏറെ സവിശേഷതകൾ നിറഞ്ഞതുമാണ്. നാല് പതിറ്റാണ്ടുകളുടെ കാലം ജർമൻ ജീവിതത്തിനിടയിൽ എനിക്ക് നേരിട്ട് അനുഭവവേദ്യമായ ജർമൻ ജനതയുടെ ജീവിതരീതിയിലെ ഒട്ടനവധി സവിശേഷതകൾ വളരെയേറെ എന്നെ എന്നും ആകർഷിച്ചിട്ടുണ്ട്‌. ഈ സവിശേഷതകളെല്ലാം അവരുടെ ജീവിതത്തിന്റെ ഭാഗങ്ങളാണല്ലോ.  ജർമനി അതിമനോഹരമായ രാജ്യമാണ്. ജർമ്മനിയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ ഓരോ തുടിപ്പുകളും ചലനങ്ങളും അതുപോലെതന്നെ ആകർഷകവുമാണ്.

അഭിവാദനം.

ജർമനിയിലെ ആളുകൾക്ക്  പരസ്പരം അഭിവാദനം ചെയ്യുന്നതിൽ വ്യത്യസ്ത രീതികളുണ്ട്. സമയവും കാലവും സാഹചര്യവും സ്ഥലവും അനുസരിച്ച്   അഭിവാദനത്തിൽ പ്രത്യേകത കാണാം. അപരിചിതരാണെങ്കിൽപ്പോലും രണ്ടാളുകൾ രാവിലെ പരസ്പരം കണ്ടുമുട്ടിയാൽ ഇരുവരും അങ്ങുമിങ്ങും ഔപചാരികമായി "ഗുട്ടൻ മോർഗൻ ("ഗുഡ് മോണിംഗ്") എന്ന് പറയുകയും  അപരനെയോ പരിചിതനെയോ അഭിവാദ്യം ചെയ്ത് അവർ  കടന്നുപോകും. സമയവ്യത്യാസമനുസരിച്ച് അത് ഉച്ചസമയത്താണെങ്കിൽ ഇരുവരും "ഗുട്ടൻ ടാഗ്" (നല്ല ദിവസം)എന്നും പറഞ്ഞു അഭിവാദ്യം ചെയ്യും. അവരുടെ സ്വന്തം   വീടുകളിൽ കുടുംബാംഗങ്ങൾ തമ്മിലും അങ്ങുമിങ്ങും സമയകാലഭേദം   അനുസരിച്ച് അപ്രകാരം അഭിവാദനം ചെയ്യും. കുടുംബാംഗങ്ങൾ വൈകിട്ട് ഉറങ്ങാൻ പോകുമ്പോഴും, അവർ  കുട്ടികളാണെങ്കിൽ പരസ്പരം ചുമ്പനം കൊടുത്ത് "ഗുട്ടൻ നാഹ്റ്റ്‌" ((ഗുഡ് നൈറ്റ്)എന്ന് പറഞ്ഞു പോകുന്നു. രാവിലെ ഉണർന്നു പുറത്തു വരുമ്പോഴും  "ഗുട്ടൻ മോർഗൻ" (ഗുഡ് മോണിംഗ്) പറയും.

അഭിവാദനരീതിക്കുള്ള പല സവിശേഷതകളോടെ തന്നെ എല്ലാ ആളുകളും അപ്രകാരം ചെയ്യുന്നു. അത് പൊതുവെ സാധാരണമായി നടക്കാറുള്ള ഒരു രീതിയാണ്. അതൊരു സാമൂഹ്യമര്യാദയുടെ ഭാഗമാണ്. രണ്ടാളുകൾ തമ്മിൽ പരസ്പരം കൈകൊടുത്തു അഭിവാദനം നടത്തുന്ന രീതിയുണ്ട്. ഇതിലും ചില വ്യത്യാസങ്ങൾ കാണാൻ കഴിയും. ഓരോരുത്തരുടെ പദവിയും പ്രായവും ലിംഗവ്യത്യാസങ്ങൾ അനുസരിച്ചും സാഹചര്യം പോലെയും അത്തരമുള്ള  അഭിവാദനത്തിൽ ഉണ്ടാകാവുന്ന വ്യത്യാസം പ്രകടമായി കാണാം. ഉദാ: ചില സ്ത്രീകളും കുട്ടികളും ഒപ്പം എതിരെ വരുന്ന അവസരത്തിൽ ആദ്യമേ ആ   സ്ത്രീയെ അഭിവാദ്യം ചെയ്യുന്ന പതിവാണുള്ളത്. അതിനുശേഷം പുരുഷൻ കൂടെയുണ്ടെങ്കിൽ പുരുഷനെയും പിന്നെ കുട്ടികളെയും അഭിവാദ്യംചെയ്യും.    

 ജർമ്മൻ പ്രദേശങ്ങളിൽ മുൻ കാലങ്ങളിൽ സാധാരണമായി പ്രായപൂർത്തി ആകാത്ത പെണ്‍കുട്ടികൾ മുതിർന്നവരെ തികഞ്ഞ ബഹുമാനസൂചകമായി ചെറുതായി മുട്ടുമടക്കി അഭിവാദനം ചെയ്യുന്നതും കുറേക്കാലങ്ങൾക്കു മുമ്പ് വളരെ  സാധാരണമായിരുന്നു. ഇനി മറ്റൊരു രീതി നോക്കാം. തൊട്ട് അടുത്ത സുഹൃത്തുക്കൾക്കും അതുപോലെ സ്വന്തപ്പെട്ടവർക്കും പരസ്പര അഭിവാദ്യം ചെയ്യുന്നത്, അവർ സ്ത്രീകളാണെങ്കിൽ ആദ്യം സ്ത്രീയുടെ ഇടതും വലതും കവിളിൽ ചുമ്പനം നല്കിയും പുരുഷന്മാർ പരസ്പരം കൈകൾ കൊടുത്തും ആണ്. അപരിചിതരാണെങ്കിൽ സാധാരണ അഭിവാദനം കൊണ്ട് മാത്രമായി ഒതുങ്ങും.

ഇത്തരം സന്ദർഭങ്ങളിൽ പരസ്പരം സംബോധനം ചെയ്യുന്ന രീതിയിലും മറ്റും ശ്രദ്ധേയമായ സവിശേഷതയുണ്ട്. ഈ വിഭാഗത്തിൽപ്പെട്ടവർ "നീ" "നിങ്ങൾ" "താങ്കൾ" എന്നിങ്ങനെ വേർ തിരിച്ചു കാണാൻ കഴിയും. "നീ ", "നിങ്ങൾ", (ജർമൻ ഭാഷയിൽ- Du, Ihr) എന്നത് അവരവരുടെ സ്വന്തം മാതാപിതാക്കളെ യും സ്വന്ത സഹോദരങ്ങളേയുമൊക്കെ വിളിച്ചു സംബോധന ചെയ്യുമ്പോൾ, പദവികൊണ്ട് ബഹുമാനപ്പെട്ടവരോ, അഥവാ അപരിചിതരായ ആളുകളോ എങ്കിൽ "താങ്കൾ" (ജർമൻ- "Sie") എന്ന പദപ്രയോഗത്തിലാണ് അഭിവാദ്യം ചെയ്യുക. വളരെയേറെ ശ്രദ്ധേയമായ മറ്റൊരു അഭിവാദ്യ സവിശേഷതയിതാ ണ്: ഒരിടത്ത് കൂടിയിരിക്കുന്ന നാലുപേർ പരസ്പരം ക്രോസ്ഹാൻഡ് നൽകി   അങ്ങുമിങ്ങും അഭിവാദ്യം ചെയ്യുകയില്ല. കാരണമിതാണ്- ജർമ്മൻ ക്രിസ്തീയ പാരമ്പര്യ വിശ്വാസം അനുസരിച്ച് "ക്രോസ് ഹാൻഡ്" കൊടുക്കുന്ന രീതി വിശുദ്ധ കുരിശിനെ നിന്ദിക്കുന്ന നടപടിയായി അവർ ഇതിനെ കരുതുന്നു.

ഔദ്യോഗിക സന്ദർശന വേളകളിൽ സ്ത്രീയും പുരുഷനും പരസ്പരം അങ്ങും  ഇങ്ങും കൈകൾ കൊടുത്ത് മാത്രമേ അഭിവാദനം ചെയ്യാറുള്ളൂ. സന്ദർഭം അനുസരിച്ച് ചിലപ്പോൾ പൂക്കൾ നൽകാറുമുണ്ട്. പരസ്പരമുള്ള പരിചയപ്പെടു ത്തൽ നടക്കുമ്പോൾ ആദ്യം ചെയ്യുന്നത് സ്ത്രീകളെ പരിചയപ്പെടുത്തുകയാ ണ്. പിന്നീട് പുരുഷനെയും കുട്ടികളേയും എന്ന ക്രമമാണ്. പ്രായം ചെന്ന ഒരു സ്ത്രീയോ പുരുഷനോ ഉണ്ടെങ്കിൽ അവർക്ക് ആദ്യം മുൻഗണന നൽകുന്നത് പതിവാണ്.
 
ഭക്ഷണപ്രിയർ -

അടുക്കും ചിട്ടയും നല്ല മെച്ചപ്പെട്ട ജീവിതചിന്തയും ഉള്ളത്പോലെ തന്നെ ജർമൻകാർ നല്ല ഭക്ഷണ പ്രിയരുമാണ്. മെച്ചപ്പെട്ട ഭക്ഷണം പാകം ചെയ്യുന്നതിൽ അവർ ഏറെ തൽപരരാണ്‌. ഏറ്റവും രുചികരമായ ഭക്ഷണം സ്നേഹത്തിൽ ബന്ധിതമാ ണെന്നാണ് അവരുടെ വിശ്വാസം. "സ്നേഹം വയറിലൂടെയും കടന്നു പോകുന്നു" ഇതവരുടെ പ്രസിദ്ധമായ  സിദ്ധാന്തം. പ്രഭാത ഭക്ഷണത്തിനും മധ്യാഹ്നഭക്ഷണത്തിനും ജർമൻ ജനത ഏറെ പ്രാധാന്യം കൽപ്പിക്കുന്നു. ഈ രണ്ടുനേര ഭക്ഷണത്തിനും അത്താഴത്തെക്കാൾ ഏറെ പ്രാധാന്യമുണ്ട്.

ഇറച്ചിയും മീനും മുട്ടയും പാലും, പാൽ ഉപയോഗിച്ചുണ്ടാക്കുന്ന രുചികരമായ  ആഹാരങ്ങളും, ഉരുളക്കിഴങ്ങും ഗോതമ്പ്, അരി തുടങ്ങിയവകൊണ്ടുള്ള വിവിധ തരം റൊട്ടികളും,  നൂടലുകളും സൂപ്പും സലാഡും പച്ചക്കറികളും എല്ലാം ജർമൻകാരുടെ ഭക്ഷണ ലിസ്റ്റിൽ പെടുന്നവയാണ്. അപൂർവമായി ചോറും ഉപയോഗിക്കും. ഇറച്ചിയും മീനുമെല്ലാം വിവിധതരത്തിൽ വറത്തും ചുട്ടും പാകംചെയ്തും ഉപയോഗിക്കുന്നു. ഭക്ഷണത്തിനു ചിലപ്പോൾ കുറച്ചു വീഞ്ഞും അതിൽപ്പെടും. ഭക്ഷണാവസാനം ഐസ് ക്രീം കഴിക്കുന്നതും ഇഷ്ടം തന്നെ. വിവിധതരത്തിലും വ്യത്യസ്ത രുചിയിലും തയ്യാറാക്കുന്നതായ  കേക്കുകൾ (ജർമൻ-"കൂഹൻ") ഇല്ലാത്ത ഒരു മൂന്നുമണി കാപ്പിയും മറ്റുള്ള  
ആഘോഷങ്ങളും അവർക്കുണ്ടാകില്ല. മധുരപ്രിയരാണവർ. കുറച്ചു കൂഹനും കാപ്പിയും അവർക്ക് ദൈനംദിന ജീവിതത്തിൽ നിന്നും ഒരിക്കലും ഒഴിച്ച് നിറുത്താനാവാത്തവയാണ്.

മദ്യം
 
ജർമൻകാരുടെ തീന്മേശയി ൽ ഭക്ഷണത്തിലും വിവിധ പാനീയങ്ങളിലും വളരെ ഏറെ വൈവിദ്ധ്യങ്ങളുണ്ട്    സാധാരണ ഭക്ഷണത്തോ ടൊപ്പവും, അതുപോലെ
അല്ലാത്ത അവസരങ്ങളി ലും ആൽക്കഹോളടങ്ങിയ തും (ഉദാ: വൈൻ, ബീയർ, ബ്രാണ്ടി, വിസ്കി തുടങ്ങിയ വ) അല്ലാത്തതുമായ ചില പാനീയങ്ങളും അവർ ഏറെ ഇഷ്ടപ്പെടുന്നു. വെള്ളം, മിനറൽ വാട്ടർ, പഴങ്ങളുടെ ചാറുപയോഗിച്ചുണ്ടാക്കി യ വിവിധ പാനീയങ്ങൾ, കാപ്പിയും വിവിധ തരമുള്ള ചായകൾ ഇവയെല്ലാം  സാധാരണമായി ഉപയോഗിക്കുന്നുണ്ട്. ചിലർ ഭക്ഷണത്തിന്റെ കൂടെ വൈൻ ഉപയോഗിക്കും. റെഡ് വൈൻ ചിലർക്ക് പ്രിയപ്പെട്ടതുമാണ്. ഇത് പറയുമ്പോൾ ഒരു വസ്തുത ഇവിടെ തള്ളിക്കളയാൻ എന്റെ മനസ്സു അനുവദിക്കുന്നില്ല. കേരളത്തിലെ മദ്യനിരോധന വിവാദമാണ്, അത്. അവനവനു അറിവില്ലാത്ത കാര്യം സരസമായി കുളിക്കടവിലിരുന്നു കുളിക്കാനെത്തുന്ന കൂട്ടുകാരെ പറഞ്ഞു ധരിപ്പിക്കുന്നവരെ കണ്ടിട്ടുണ്ട്. മദ്യപാനത്തെ സംബന്ധിച്ചുള്ള കുറെയേറെ തത്വശാസ്ത്രവും ദൈവശാസ്ത്രവും കൂട്ടികലർത്തിയ വിവാദം ഈയിടെ കേരളത്തിലാണ് നടന്നത്. പുരുഷനും സ്ത്രീയും ഒരുമിച്ചിരുന്നു വൈൻ കുടിക്കുന്നത് യൂറോപ്പിൽ സാധാരണ ശൈലിയാണ്, അത് പഴയകാല സാമൂഹ്യ സംസ്കാരത്തിന്റെയും ഭാഗമാണ്. എന്റെ അതിഥിയായി വന്ന് മൂന്ന് ദിവസം താമസിച്ചു, നാട്ടിൽ തിരിച്ചുപോയ കേരളത്തിലെ ഒരു ജ്ഞാന പീഠം ജേതാവ്, ഞങ്ങൾ പങ്കെടുത്ത ഒരു ജർമ്മൻ സദസ്സിൽ വച്ചു കുറേപ്പേർ കൂടി അവിടെയിരുന്ന് വൈൻ കുടിക്കുന്നത് കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു: "മി. ജോർജെ, യൂറോപ്യൻ സംസ്കാരം വളരെ മോശമാണ്, കാരണം ? കണ്ടില്ലേ, ഈ ആണും പെണ്ണും ഒരുമിച്ചിരുന്നു മദ്യം കഴിക്കുന്നു!". കേരളത്തിലെ ഇന്നത്തെ കൊലപാതക രാഷ്ട്രീയവും, മാത്രമല്ല, ജനജീവിതത്തിന് സുരക്ഷിതത്വവും നഷ്ടപ്പെടുത്തുന്ന ഈ കാലത്തെ അവസ്ഥയെപ്പറ്റി ഒരുവാക്ക് പറയുവാനോ  കുറ്റപ്പെടുത്താനോ ആ മാന്യദേഹത്തിന് അപ്പോൾ കഴിയാതെ പോയത് ഞാൻ മനസ്സിലാക്കി. നിസ്സഹായനായി അതിനു ഒറ്റവാക്കിൽ ഞാൻ ഉടൻ ഒരു മറുപടിയും പറഞ്ഞു, "ഇക്കാര്യം തീർത്തും വസ്തുതപരമല്ല". വെറും മൂന്നു ദിവസത്തെ ദൈർഘ്യമുള്ള, എന്റെയടുത്തുള്ള താമസ്സത്തിനിടയിൽ ഇത്ര യേറെയെല്ലാം താങ്കൾ കണ്ടു, പക്ഷെ, ദീർഘനാളായി മാതൃകേരളത്തിൽ വസിക്കുന്ന അദ്ദേഹത്തിന്റെ മഹാകവി ഹൃദയത്തിന് അത് കാണാൻ തീരെ ജ്ഞാനം അദ്ദേഹത്തിന് ഉണ്ടായില്ലല്ലോ എന്നാണ് എനിക്ക് തോന്നിയത്.

പ്രായപൂർത്തിയാകാത്ത ആളിന് (18 വയസ്) കടകളിൽ നിന്നും ജർമ്മനിയിൽ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ വാങ്ങുവാൻ നിയമമില്ല. അങ്ങനെ വാങ്ങുന്നത് കർശനമായി ശിക്ഷാർഹമാണ്. ഒരാൾ മദ്യം കുടിച്ചതിന് ശേഷം വാഹനങ്ങൾ ഓടിക്കുന്നതും ഗതാഗത നിയമംമൂലം കർശനമായി നിരോധി ച്ചിരിക്കുന്നു. ജർമ്മൻ റസ്റ്റോറന്റുകളിൽ പുകവലി നടത്തുന്നതിൽ ഇപ്പോൾ നിരോധനം ഉണ്ട്. ഔദ്യോഗിക നിരീക്ഷണത്തിൽ ആൽക്കഹോളിന്റെയും പുകയിലയുടെയും കൂടിയ ഉപയോഗം രാജ്യത്ത് താരതന്മ്യേന വളരെ വളരെ കുറയുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.    

ഭക്ഷണശാലകൾ

 റസ്റ്റോറന്റ് 
ജർമ്മനിയിൽ റസ്റ്റോറന്റുകളുടെ പൊതുവേയുള്ള ക്രമീകരണങ്ങൾ  ഏതാണ്ടൊരുപോലെ തന്നെയാണ്. ഭക്ഷണം ഉണ്ടാക്കുന്ന അടുക്കളക ളും ഭക്ഷണം നൽകുന്ന സ്ഥലവും ഏറെ വൃത്തിയുള്ളതും വളരെയേ റെ മനോഹരവുമാണ്. അടുക്കളയി ൽ ഭക്ഷണം ഉണ്ടാക്കുന്നവരുടെയും അവിടെ ഭക്ഷണത്തിനു വരുന്നവർ ക്ക് ഭക്ഷണം കൊടുക്കുന്നവരുടെ യും വസ്ത്രങ്ങൾ വളരെ വളരെ  വെടിപ്പുള്ളതായിരിക്കും. ഭക്ഷണം നല്കുന്ന രീതിയിൽ പ്രത്യേകമായ ശ്രദ്ധയും മാന്യതയും പാലിക്കും. ഓരോരോ തീൻമേശയിൽ ഭക്ഷണ ലിസ്റ്റ് ഉണ്ടായിരിക്കും. ആ ലിസ്റ്റിൽനിന്നും ഇഷ്ടപ്പെട്ട ഭക്ഷണം ആവശ്യപ്പെടാം. വളരെ ശ്രദ്ധ അർഹിക്കുന്നത്, ഭക്ഷണത്തിനെത്തു ന്നവരുടെ കൂടെ അവരുടെ സ്വന്തം വളർത്തുനായ് ഉണ്ടെങ്കിൽ അവയ്ക്കും റസ്‌റ്റോറന്റുകളിൽ പ്രവേശനം അനുവദിക്കും. വളർത്തു നായ്ക്കു തറയിൽ ഭക്ഷണമേശയ്ക്കരികിൽ ഭക്ഷണം കൊടുക്കും; ഉടമസ്ഥന് മേശയിലും വച്ച് നൽകും. ഭക്ഷണം കഴിഞ്ഞു ഫോർക്കും കത്തിയും പാത്രത്തിൽ അടുത്തടു ത്ത് ചേർത്തുവച്ചാൽ, ഭക്ഷണം കഴിച്ചുതീർന്നു, ബില്ലെടുക്കാം എന്നുള്ള ഒരു സൂചനയാണ്.

ലിംഗസമത്വം, വസ്ത്രധാരണം.

സാമൂഹ്യജീവിതത്തിൽ ജർമൻ സ്ത്രീകളിലും പുരുഷന്മാരിലും സവിശേഷ  തയുള്ള ചില വ്യത്യസ്തമായ ജീവിതശൈലിയുണ്ട്. വളരെ ആകർഷണീയവും അവ നിരീക്ഷിക്കപ്പെടെണ്ടതുമാണ്. പൊതുവെ ജർമ്മനിയിലെ സ്ത്രീകൾ എല്ലാവരും തന്നെ എന്തിനും ഏതിനും കുറെ സ്വതന്ത്രരും സ്വാശ്രയത്വം ഏറെ ഇഷ്ടപ്പെടുന്നവരുമാണ്. പങ്കാളികളോടും സ്വകാര്യജീവിതത്തിൽ കുടുംബാംഗങ്ങളോടും പൊതുസമൂഹത്തിലും ഇതേ സ്വതന്ത്ര മനോഭാവം പുലർത്തുന്നവരാണ്. സാധാരണയായി യുവജനങ്ങളിൽ വിവാഹം മുപ്പതു വയസ്സ് ആകുമ്പോഴേയ്ക്കും നടന്നിരിക്കുവാൻ ആഗ്രഹിക്കുന്നവരാണേറെ യും. സ്ത്രീകളും പുരുഷന്മാരും അവരവരുടെ ഇഷ്ടപ്രകാരം വസ്ത്രധാരണം ചെയ്താലും സമൂഹം അത് അംഗീകരിക്കുന്നു. സ്ത്രീകളും പുരുഷന്മാരും പൊതുവെ "പാന്റു" ധരിക്കുന്നു. ഓരോ വ്യക്തി താല്പര്യങ്ങൾ അനുസരിച്ച് സ്ത്രീകൾ പാവാടയും അതിനു ചേരുന്ന ചെരിപ്പുകളും, അതുപോലെതന്നെ  ആഘോഷദിവസങ്ങളിൽ അതനുസരിച്ചുള്ള വസ്ത്രധാരണവും മാറി മാറി ഉപയോഗിക്കും. കാലാവസ്ഥാ മാറ്റങ്ങൾക്കനുസൃതമായ വസ്ത്രധാരണരീതി  ശ്രദ്ധേയമായ സവിശേഷതയാണ്. തണുപ്പ് കാലങ്ങളിൽ ആവശ്യമായ ചൂട് നിലനിറുത്തുന്ന കനംകൂടിയ വസ്ത്രങ്ങളോ മേലങ്കികളോ ധരിക്കുന്നു. കുട്ടികളുടെ വസ്ത്രധാരണത്തിലും ഇതേ ക്രമം സ്വീകരിക്കുന്നു. ക്രമമായി മാറിവരുന്ന കാലാവസ്ഥയ്ക്ക് അനുസരണമായ വസ്ത്രധാരണരീതിപോലെ അവർ  ഉപയോഗിക്കുന്ന വാഹനങ്ങൾക്കും പ്രത്യേകതയുണ്ട്. മഞ്ഞുകാലത്ത് സുരക്ഷിതമായ യാത്രയ്ക്ക് വാഹനങ്ങൾക്ക് മഞ്ഞുകാല ടയറുകൾ അവിടെ ഉപയോഗിക്കണമെന്നതു നിയമം അനുശാസിക്കുന്നു. റോഡ് അപകങ്ങൾ  ഒഴിവാക്കുകയാണ് ലക്ഷ്യം.

സ്ത്രീകൾ ഒറ്റയ്ക്ക് രാത്രികാലങ്ങളിൽ സഞ്ചരിക്കുന്നതിൽ സ്വതന്ത്രരാണ്. വളരെ അപൂർവ്വമായി ചില കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന സംഭവങ്ങളും ഇല്ലാതില്ല. ഇന്ത്യപോലെയുള്ള ഒരു രാജ്യത്ത് ഇത്തരം സ്വാതന്ത്ര്യവും പൊതു സമൂഹത്തിന്റെ മാന്യമായ അംഗീകാരവും സ്ത്രീകൾക്ക് എന്ന്പ്രാപ്യമാകും   ? ഭാരതീയർ എന്ന വിളിപ്പേരിനു കളങ്കം ഉണ്ടാക്കുന്ന ചർച്ചകളാണ് ഇന്ത്യൻ പാർലമെന്റിൽ പോലും ഈ അടുത്തകാലത്ത് നടന്നത്. സ്ത്രീപീഡനങ്ങൾ ഉണ്ടാകുന്നത് തടയാൻ സ്ത്രീകൾ എപ്രകാരം വസ്ത്രധാരണം നടത്തണം എന്ന പൊതുചർച്ചകൾ അല്ല ആവശ്യം. ജനങ്ങൾക്ക് ധാർമ്മികസാംസ്കാരിക ബോധം ഉണ്ടാക്കുവാൻ ബോധവൽക്കരണം ആണല്ലോ വേണ്ടത്. അതെല്ലാം ആദ്യമുണ്ടാകട്ടെ..

ജർമൻ ജനതയിൽ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഓരോ ആളുകൾക്കും  എന്തെങ്കിലും ഒരു ഹോബി ഉണ്ട്. ഇന്ത്യയിലെ യുവജനങ്ങളിൽ വിശിഷ്യ കേരളത്തിലെ, ചില ലക്ഷ്യബോധം നഷ്ടപ്പെട്ട രാഷ്ട്രീയ കോലാഹലങ്ങൾക്ക് പിറകെ നടന്നു ജീവിതം തുലയ്ക്കുന്ന ശൈലിയല്ല ജർമ്മൻ യുവജനങ്ങളുടെ താല്പര്യം. രാഷ്ട്രീയത്തിൽ ജർമൻ ജനതയുടെ വളരെ കുറഞ്ഞ സാന്നിദ്ധ്യം,  താല്പര്യമില്ലായ്മ എന്നിവ വളരെ ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് വേളയിലെ പങ്കാളിത്തം മാത്രമാണ് അവർ ആഗ്രഹിക്കുന്നത്. കൂടുതൽ വായന, പഠനം, സ്പോർട്സ്, കലാഭിരുചിക്ക് തക്ക വിധത്തിലുള്ള പരിശീലനം, ചില മ്യൂസിക്ക് ക്ലബുകളിലെ ആക്റ്റീവ് പ്രവർത്തനം, എന്നിങ്ങനെ നിരവധി കാര്യങ്ങളിൽ മുഴുകുന്നു. പുരുഷന്മാർ  ഏറെയും സ്പോർട്സ് പ്രേമികളാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെതന്നെ ഏറെ പ്രിയങ്കരമായത് ഫുട്ട്ബോൾ കളികളുടെ പ്രകടനമാണ്.

ആദ്യം ജോലി, പിന്നെ ആഘോഷങ്ങൾ.

എല്ലാത്തിനുമുപരിയായി ഏറെ ശ്രദ്ധിക്കപ്പെടുന്നത്, ജർമൻകാർ അവരുടെ ജോലിയിൽ വളരെയേറെ ഇഷ്ടപ്പെടുകയും അതിനു വലിയ ഒരു  മാഹാത്മ്യം കാണുകയും ചെയ്യുന്നുവെന്ന കാര്യമാണ്. അവധിക്കാലങ്ങളിൽ തനിച്ചോ കുടുംബാംഗങ്ങൾ ചേർന്നോ അഥവാ കൂട്ടുകാരൊത്തോ വിനോദ യാത്രകൾ ക്കും മറുനാടുകൾ സന്ദർശിക്കുന്നതിനും അവിടെ പോയി വിശ്രമിക്കാനും ചെലവഴിക്കും. മറുനാടുകൾ സന്ദർശിക്കുന്നതും ചില ദീർഘദൂരയാത്രകൾ  നടത്തുവാനുമുള്ള ജർമ്മൻ ജനതയുടെ പ്രത്യേക ഉത്സാഹം കാണിക്കലും ലോകപ്രസിദ്ധമാണ്.

മ്യൂണിച്ച് ഒക്ടോബർ ഉത്സവത്തിൽ 
ബീയർ വിൽക്കുന്നു
"ആദ്യം ജോലി ചെയ്യുക, പിന്നെയാ കാം ആഘോഷം" എന്നാണവ രുടെ ജീവിതശൈലി. ആഘോഷങ്ങളോ ട് എതിരാണെന്നല്ല, അത് അർത്ഥ മാക്കുന്നത്. ജർമൻ ജനത എല്ലാവിധ ആഘോഷങ്ങളിലും സജീവമായി പങ്കെടുക്കുന്നു. ചില  ആഘോഷ ങ്ങൾക്ക് ഏറെ പേരും പെരുമയും ഉള്ള നാടാണ് ജർമനി. ജർമനിയുടെ തെക്കുകിഴക്കൻ സംസ്ഥാനമായ ബവേറിയയുടെ (ബയേണ്‍)      തല സ്ഥാനമാണ്‌ പ്രസിദ്ധ മ്യൂണിച്ച് നഗരം. മ്യൂണിച്ചിലെ ലോക പ്രസി ദ്ധമായ സാംസ്കാരിക ആഘോഷമാണ് "ഒക്ടോബർ ഫീസ്റ്റ്". അതുപോലെ തന്നെ ജർമ്മനിയിൽ ആഘോഷിക്കുന്ന മറ്റൊരു പൊതുപാരമ്പര്യരീതിയി ലെ സാംസ്കാരിക ആഘോഷമാണ് "കാർണിവൽ"എന്നറിയപ്പെടുന്ന പൊതു ഉത്സവം. ജോലി കഴിഞ്ഞുള്ള ഒഴിവ് സമയങ്ങളിൽ വളരെ സജീവമായ കലാ സാംസ്കാരികപ്രവർത്തനങ്ങളിൽ പ്രവർത്തനം നടത്തുന്നുണ്ട്. മാത്രമല്ല, കുറെ സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സംഘടനകളും ഗ്രൂപ്പുകളും ജർമൻ രജിസ്റ്റെർ കോടതിയിൽ രെജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ജർമനിയിൽ സിനിമാ തീയെറ്ററുകളിൽ പോയിരുന്നു സിനിമ കാണുന്നവരു ടെ എണ്ണം താരതന്മ്യേന കുറഞ്ഞുകൊണ്ടുമിരിക്കുന്നു. സിനിമതീയേറ്ററുകൾ നേരിയ തോതിൽ കുറയുന്നു.

ജർമൻകാരും സമയനിഷ്ഠയും -

ജർമൻകാരുടെ സമയനിഷ്ഠയും അടുക്കും ചിട്ടയും മാലിന്യസംസ്കരണവും പരിസര വൃത്തിയും ലോകപ്രസിദ്ധമാണ്. അവർ ഇക്കാര്യത്തിൽ വളരെ യേറെ മൂല്യവും അതിനു പ്രാധാന്യവും കാണുന്നുണ്ട്. എന്തുകാര്യങ്ങൾക്കും എവിടെയും കൃത്യനിഷ്ഠയും സമയനിഷ്ഠയും പാലിക്കുവാൻ ശ്രമിക്കും. ഒരു സന്ദർശനമോ അതുപോലെയുള്ള മറ്റു എന്തെങ്കിലും കാര്യങ്ങൾക്കോ വേണ്ടി നിശ്ചയിച്ചിട്ടുള്ള സമയത്ത് എത്തിച്ചേരുകയെന്നത് തീർച്ചയുള്ള ഒരു പ്രധാന കാര്യമാണ്. എന്നാൽ വൈകുമെന്ന് കണ്ടാൽ വിവരം അറിയിക്കും, അഥവാ കൃത്യമായി എത്തുന്നതിനു നിശ്ചയിച്ചതിൽ കുറഞ്ഞത്‌ അഞ്ചുമിനിറ്റുകൾ നേരത്തെ എത്തിച്ചേരും. രാജകീയ കൃത്യനിഷ്ഠ എന്നാണ് അതിനെ അവർ തന്നെ വിളിക്കുന്നത്.

ഇനി മറ്റൊരു കാര്യം. ജർമൻ ജനതയുടെ ദൈനംദിന ജീവിതത്തെ വളരെ ഹൃസ്വമായി നിരീക്ഷിച്ചാൽ ചില പ്രത്യേകതകൾ ദൃശ്യമാകും. അതിനൊരു ഉദാഹരണം: ഒരാളുടെ ജന്മദിനത്തിനു ആശംസകൾ ആ ദിവസത്തിനുമുമ്പ്  നേരുകയില്ല. അങ്ങനെ ചെയ്‌താൽ ദൗർഭാഗ്യം വരുമെന്നാണ് വിശ്വാസം. ഒരാളുടെ സ്വകാര്യ ആഘോഷവേളയിൽ (ഉദാ:- വിവാഹം തുടങ്ങിയവ) ഒരു സ്വന്തക്കാരനെക്കാൾ കൂടുതൽ മുൻഗണന ക്ഷണിക്കപ്പെട്ടുവരുന്ന വേറൊരു അയൽക്കാരന് നൽകുന്നതും സാധാരണമാണ്. അതായത് ഏറ്റവും അടുത്ത 'അയൽക്കാരനേക്കാൾ കൂടുതൽ അകലത്തിലാണല്ലോ  സ്വന്തം സ്വന്തക്കാർ താമസ്സിക്കുന്നത്‌' എന്ന ന്യായചിന്തയാണ്. പ്രത്യേക ആഘോഷവേളകളിൽ സജീവമായി പങ്കെടുക്കുന്ന ജർമൻകാർ ധാരാളം തമാശകൾ പറയുവാനും കേട്ടുരസിക്കുവാനും ഇഷ്ടപ്പെടുന്നവരാണ്. എന്തിനും ഏതിനും ജർമ്മൻകാർ  അമേരിക്കക്കാരെ മാത്രുകയാക്കുന്നതിനു മുൻപിലാണ്. അമേരിക്കയെയും  അവർ ഏറെ ഇഷ്ടപ്പെടുന്നു.

അതുപക്ഷെ ജർമൻ സമൂഹത്തിന്റെ ജീവനുള്ള ചിത്രം നമുക്ക് മുന്നിൽ ദൃശ്യമാകുമ്പോൾ സാമൂഹിക  ജീവിതത്തിന്റെ ഇരുണ്ട പാതയിൽ വഴിയും ലക്ഷ്യവും തെറ്റി മങ്ങലേറ്റ ഒരു പിടി ജീവിതങ്ങളെയും നമുക്ക് കാണാം. കുറ്റ കൃത്യങ്ങളും ശിക്ഷകളും ശിക്ഷാ വിധികളും ശിക്ഷിക്കപ്പെട്ടവരും എല്ലാം അടങ്ങിയ ചിതം. 2007 മുതൽ ഇക്കാലം വരെ ഏതാണ്ട് ഒമ്പത് ലക്ഷത്തിലേറെ പേർ ജർമനിയുടെ വിവിധ ഭാഗങ്ങളിലായി വിവിധ കുറ്റങ്ങൾ ചെയ്തതിനാൽ  ശിക്ഷിക്കപ്പെട്ടു ജയിലുകളിൽ കഴിയുന്നു. യൂറോപ്പിലെ പൊതുസാമ്പത്തിക പ്രതിസന്ധി ജർമൻ ജനതയുടെയും പൊതുജീവിതനിലവാരത്തിൽ വലിയ  വിടവുകൾ സൃഷ്ടിച്ചിരുന്നു.

എങ്കിലും കടലിൽ നിന്നെത്തിയ ചെറിയ തിരമാലകൾ പോലെ തണുത്ത കാറ്റിൽ അവയെല്ലാം അപ്രത്യക്ഷവുമായി. ജർമൻ ജനതയുടെ ഉറവിടവും ഇങ്ങനെയായിരുന്നു, ജർമാനിക്, കെൽറ്റിക്, സ്ലേവിക് വംശങ്ങളുടെയെല്ലാം  ശക്തമായ കുടിയേറ്റങ്ങളുടെ ഭാഗമായ നിരവധി സംഘട്ടനങ്ങളും അതിനു ശേഷമുണ്ടായ ശാന്തമായ ലയിച്ചുചേരലും--ഒടുവിൽ, "ജർമൻ ജനത"( Deutsche  Volk) എന്ന് പേര് അവർക്കെല്ലാമായി ലഭിച്ചു.. / / - 

ധ്രുവദീപ്തി .

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.