Sonntag, 28. September 2014

ധ്രുവദീപ്തി :കാഴ്ചപ്പാട് // രണ്ടാം വത്തിക്കാൻ സൂനഹദോസും കാനോനിക ദർശനങ്ങളും. / Dr. Andrews Mekkattukunnel.

ധ്രുവദീപ്തി :കാഴ്ചപ്പാട് // 

രണ്ടാം വത്തിക്കാൻ സൂനഹദോസും കാനോനിക ദർശനങ്ങളും. / 

 Dr. Andrews Mekkattukunnel.



11. 10. 1962 - രണ്ടാം വത്തിക്കാൻ സൂനഹദോസ് ഉദ്ഘാടനദിവസം 

Dr. Andrews Mekkattukunnel /

രാധനക്രമത്തിൽ അധിഷ്ടിതമായ ഒരു ആരാധനാദൈവശാസ്ത്രവും വിവിധ സഭകളുടെ ശ്ലൈഹിക പാരമ്പര്യത്തിലധിഷ്ഠിതമായ ഒരു സഭാത്മകദൈവശാസ്ത്രവും ത്രിത്വത്തിൽ അധിഷ്ഠിതമായ ഒരു കൂട്ടായ്മയുടെ ദൈവശാസ്ത്രവുമാണ് രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ സവിശേഷ സംഭാവനകൾ. വി. ഗ്രന്ഥത്തിലും ആരാധനക്രമത്തിലും സഭാപിതാക്കന്മാരിലും അധിഷ്ഠിതമായ ഒരു ദൈവ ശാസ്ത്ര ശൈലിയാണ് രണ്ടാം വത്തിക്കാൻ സൂനഹദോസിൽ ഉരുത്തിരിഞ്ഞത്.


Rev.Dr Andrews Mekkattukunnel
ആധുനിക കത്തോലിക്കാ സഭയുടെ വസന്തം എന്ന് വിശേഷിപ്പിക്കപ്പെടുന്ന രണ്ടാം വത്തിക്കാൻ സൂനഹദോസ് വിളിച്ചു കൂട്ടിയിട്ട് ഈ ഒക്ടോബർ മാസത്തിൽ അമ്പത്തിരണ്ടു വർഷങ്ങൾ തികയുന്നു. 1962 ഒക്ടോബർ 11-ന് ആരംഭിച്ച് 1965 ഡിസംബർ 8-ന് സമാപിച്ച സൂനഹദോസിൽ ഭാരതത്തിൽ നിന്നുള്ള 82 പേർ ഉൾപ്പെടെ 2625 പേർ പങ്കെടുത്തു. ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയുടെ വാക്കുകളിൽ, " രണ്ടാം വത്തിക്കാൻ കൌണ്‍സിൽ പിതാക്കന്മാർ നമുക്കായി കൈമാറിത്തന്നിരിക്കുന്ന അടിസ്ഥാന രേഖകളുടെ മൂല്യത്തിനോ ശോഭയ്ക്കോ ഇതുവരെ മങ്ങലേട്ടിട്ടില്ല. ഇരുപതാം നൂറ്റാണ്ടിലെ സഭയുടെമേൽ ദൈവം ചൊരിഞ്ഞ മഹത്തായ കൃപയാണ് സൂനഹദോസ്. തിരുസഭയിലെ പ്രബോധനാധികാരത്തിന്റെ ഭാഗമായി വിശുദ്ധ പാരമ്പര്യം നമുക്ക് നൽകുന്ന ഇതിലെ രേഖകൾ ശരിയായി പഠിക്കുകയും ഹൃദയത്തോട് ചേർത്ത് ജീവിക്കുകയും ചെയ്യണം (പുതിയ സഹസ്രാബ്ദം ഉദിക്കുമ്പോൾ-57) എന്നാണദ്ദേഹം കത്തോലിക്കാ വിശ്വാസികളെ ഉദ്ബോധിപ്പിച്ചത്.

ഈ കൌണ്‍സിലിൽ സംബന്ധിച്ച ജോസഫ് റാറ്റ്സിംഗർ ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പയായി പത്രോസിന്റെ സിംഹാസനത്തിൽ അരുഢനായി ഏതാനും മാസങ്ങൾ തികയും മുമ്പ് ഇപ്രകാരം പറഞ്ഞു:" ശരിയായ വ്യാഖ്യാനരീതികളുപയോഗിച്ചു നമ്മൾ രണ്ടാം വത്തിക്കാൻ കൌണ്‍സിൽ പഠിക്കുകയും അതിൽനിന്ന് ചൈതന്യം ഉൾക്കൊണ്ടു കൊണ്ട് പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്‌താൽ, സഭാനവീകരണത്തിനു ഏറ്റവും അനുയോജ്യമായ ഉപാധിയായിരിക്കുകയുമരുത് ( AAS98, 2006,52). വിശ്വാസ വർഷത്തിൽ വിശ്വാസികളേവരും കൌണ്‍സിൽ രേഖകൾ ധ്യാനവിഷയമാക്കണം" എന്നതായിരുന്നു മാർപാപ്പയുടെ ആഗ്രഹം.


23- ) o  യോഹന്നാൻ മാർപാപ്പ-1962 
1962 ഒക്ടോബർ 11-നു സൂനഹദോസ് ഉദ്ഘാടനം ചെയ്തുകൊണ്ട് 23- ) o യോഹന്നാൻ മാർപാപ്പ ഇപ്രകാരം പ്രഖ്യാപിച്ചു: " സൂനഹദോസിൽ നിന്നും ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് സഭ ആദ്ധ്യാത്മികസമ്പത്തിൽ അഭിവൃത്തി പ്രാപിച്ച് നവചൈതന്യത്താൽ പ്രശോഭിതയാകുമെന്ന് നമുക്ക് ഉറപ്പാണ്. കാലാനുസൃതമായ പരിഷ്കാരങ്ങൾ വഴിയും പരസ്പര സഹകരണം സുസാദ്ധ്യമാക്കുകവഴിയും സഭയ്ക്ക് വ്യക്തി കളെയും കുടുംബങ്ങളെയും ജനസമൂഹങ്ങ ളെയും ദൈവീക കാര്യങ്ങളിൽ ശ്രദ്ധയുള്ള വരാക്കുവാൻ കഴിയും. " തന്റെ ഉദ്ഘാടന സന്ദേശത്തിന് അവസാനം വി. അഗസ്തീനോസിനെ ഉദ്ധരിച്ചുകൊണ്ട് മാർപാപ്പ ഇപ്രകാരം പറഞ്ഞു: " രക്ഷയുടെ സദ്‌വാർത്ത എല്ലാ മനുഷ്യരും സ്വീകരിക്കാൻ ഉതകുംവിധം സഭയുടെ ശക്തിയെല്ലാം ഒരുമിച്ചു കൂട്ടുക. മനുഷ്യകുലം മുഴുവന്റെയും ഐക്യത്തിന് കളമൊരുക്കുക. ഇത് അടിസ്ഥാന പരമായ ആവശ്യമാണ്. ഇപ്രകാരം ഭൌമിക നഗരം  സ്വർഗ്ഗീയ  നഗരത്തിനു സദൃശ്യമാകും. അവിടെ സത്യം ഭരിക്കുന്നു. ഉപവിയാണവിടത്തെ നിയമം. അതിന്റെ അതിർത്തികൾ അനന്തവും". ചുരുക്കത്തിൽ, കാലത്തിന്റെ ചുവരെഴുത്തുകൾ വായിച്ചു സഭയെ അധുനാതനീകരിക്കുക എന്നതായിരുന്നു രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ലക്‌ഷ്യം.

പതിനാറു പ്രമാണരേഖകൾ രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ സംഭാവനയായുണ്ട്. പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിൽ അവയെ കോണ്‍സ്റ്റിറ്റ്യൂഷൻ, ഡിക്രി, ഡിക്ലറേഷൻ (പ്രഖ്യാപനം), എന്ന് മൂന്നായി തരം തിരിച്ചിരിക്കുന്നു- അവ  നാല് കോണ്‍സ്റ്റിറ്റ്യൂഷനുകൾ, ഒൻപത് ഡിക്രികൾ, മൂന്നു ഡിക്ലറേഷൻ. സഭയുടെ അടിസ്ഥാനപരമായ താത്വിക പ്രബോധനങ്ങളാണ് കോണ്‍സ്റ്റിറ്റ്യൂഷനിലുള്ളത്. ലത്തീൻ മൂലത്തിലെ ആദ്യത്തെ വാക്കുകളാണ് രേഖകൾക്ക് ശീർഷകമായി ഉപയോഗിക്കുന്നത്. ശീർഷകത്തിന്റെ മലയാളപരിഭാഷ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിലാണ്.

കോണ്‍സ്റ്റിറ്റ്യൂഷനുകൾ .

1. തിരുസഭ (Lumen Gentium)-1964 നവംബർ 21.

ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പാ
    ജനതകളുടെ പ്രകാശം എന്ന പേരിലറിയപ്പെടുന്ന സഭയെക്കുറിച്ചുള്ള ഈ പ്രമാണ രേഖയാണ് കൌണ്‍സിലിന്റെ ഏറ്റവും മികച്ച നേട്ടം. ഉറവിടങ്ങളിലേയ്ക്ക് മടങ്ങിച്ചെന്നു സഭയുടെ ആദ്യകാലത്തെ ആത്മബോധം കണ്ടെത്തുന്നതിന്റെ ഭാഗമായി, സഭ മിശിഹായുടെ മൌതിക ശരീരമാണ്, ദൈവത്തിന്റെ ജനമാണ്, തീർത്ഥാടക സമൂഹമാണ്, സഭാംഗങ്ങളെല്ലാ വരും ഒരുപോലെ വിശുദ്ധിയിലെയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്നു, പൊതു പൗരോഹിത്യത്തിൽ പങ്കുപട്ടുന്നു, തുടങ്ങിയ സത്യങ്ങൾ വിശദീകരിക്കുന്നു.

2. ദൈവാവിഷ്കരണം (Dei Verbum : DV) -1965 നവംബർ 18.

    ദൈവിക വെളിപാടിനെയും അതിന്റെ കൈമാറ്റത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഈ രേഖ, വിശുദ്ധ ഗ്രന്ഥവും സഭയുടെ പ്രബോധനാധികാരവും തമ്മിലുള്ള ബന്ധം പ്രസ്പഷ്ടമാകുന്നുണ്ട്. വിശുദ്ധ ഗ്രന്ഥത്തിന്റെ ദൈവനിവേശനം, ആധികാരിക വ്യാഖ്യാനം, പാരായണം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യുന്നു. ഇപ്രകാരം സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിനുള്ള സമ്പൂർണ്ണ സമർപ്പണമാണ്‌ വിശ്വാസം എന്നും നിർവചിക്കുന്നുണ്ട്

3. ആരാധനക്രമം. (Sacrosanctum concilium : S.C)-1963 ഡിസംബർ 4-

Pope Paul VI- 1963 -സൂനഹദോസ്
    സഭാജീവിതത്തിന്റെയും ദൌത്യത്തിന്റെയും ഉറവിടവും ഉച്ചകോടിയുമായി ആരാധനക്രമത്തെ യും അതിന്റെ കേന്ദ്രമായ പരിശുദ്ധ കുർബാനയെയും ഇതിലൂടെ അവതരിപ്പിക്കുന്നു. സഭയുടെ ആരാധനക്രമനവീകരണത്തിൽ പുനരു ദ്ധാരണവും  ആധുനീകരണവും ഉണ്ടാകണം. യാമപ്രാർത്ഥനകൾ, ദൈവാലയഗീതങ്ങൾ തുടങ്ങിയ വിഷയങ്ങളും ഇവിടെ ചർച്ച ചെയ്യുന്നു.

4. സഭ ആധുനിക ലോകത്തിൽ (Gaudium et Seps : GS)-1965. ഡിസംബർ 7 :

    "സന്തോഷവും പ്രത്യാശയും" എന്നാരംഭിക്കുന്ന ഈ പ്രമാണരേഖ, സ്വർഗോന്മുഖമായി വിശ്വാസയാത്ര ചെയ്യുന്ന തീർത്ഥാടക സമൂഹമായ തിരുസഭ ലോകത്തിന്റെ പ്രശ്നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കണം എന്ന് ഉത്ബോധിപ്പിക്കുകയാണ്. വിവാഹ കുടുംബ ബന്ധത്തിന്റെ ഭദ്രത, സാമൂഹിക നീതി നിരീശ്വരത്വം,യുദ്ധം തുടങ്ങിയ വിഷയങ്ങളോട് സമീപനം വേണമെന്ന് പഠിപ്പിക്കുന്നു.

ഡിക്രികൾ-

5. പൗരസ്ത്യസഭകൾ( Orientalium Ecclesiarum :
 OE)- 1964- നവംബർ 21.
 തുല്യ പ്രാധാന്യവും സ്ഥാനവുമുള്ള വിവിധ വ്യക്തിസഭകളുടെ കൂട്ടായ്മയാണ് തിരുസഭ.

6.  വൈദികർ (Presbyterorum Ordinis P O ):-
1965 ഡിസംബർ 7.
ദൈവവചനപ്രഘോഷണവും കൂദാശകളുടെ പരികർമ്മവും വൈദികരുടെ മുഖ്യദൗത്യം. പരിശുദ്ധ കുർബാനയും മിശിഹാരഹസ്യവും -ഇവ കേന്ദ്രമാക്കി ക്രിസ്തീയ സമൂഹം കെട്ടിപ്പെടുക്കണം.

7. മെത്രാന്മാർ (Christus Dominus : CD)-
1965ഒക്ടോബർ 25.
ദൈവീകമായി നൽകപ്പെടുന്ന സ്ലൈഹികാധികാരം മാർപാപ്പയോടും ചേർന്ന് ദൈവജനത്തിന്റെ പരിപോഷണത്തിനായി യത്നിക്കണം.

8. സന്ന്യാസജീവിതം (Perfectae Caritatis :

 P C)- 1965 ഒക്ടോബർ 28 .
    പരസ്യമായും സ്വതന്ത്രമായുമെടുക്കുന്ന വൃതത്രയങ്ങളിൽ അധിഷ്ടിതമായ സമർപ്പിത ജീവിതം വഴി സുവിശേഷത്തിന് സാക്ഷ്യം നൽകുക.

9. സാമൂഹ്യമാദ്ധ്യമങ്ങൾ (Inter Mirifica :
IM)- 1963 ഡിസംബർ 4.
ധാർമിക മൂല്യങ്ങളിലും തത്വങ്ങളിലും അധിഷ്ടിതമായി വേണം സാമൂഹ്യ സമ്പർക്ക മാദ്ധ്യമങ്ങൾ കൈകാര്യം ചെയ്യാൻ.

10. വൈദിക പരിശീലനം ( Optatam Toitus:

OT)- 1965 ഒക്ടോബർ 28.
മിശിഹാരഹസ്യത്തിൽ കേന്ദ്രീകൃതമായ ബൗദ്ധികവും ആദ്ധ്യാത്മികവും അജപാലനപരവുമായ പരിശീലനം വഴി ഭാവിശുശ്രൂഷയ്ക്ക് ഒരുക്കുന്ന സെമിനാരി സംവിധാനം ഉണ്ടാകണം.

11.അൽമായ പ്രേഷിതത്വം (Apostolicam Actuositatem:
AA)- 1965 നവംബർ 18 .
സ്വഭാവത്താലേ പ്രേഷിതയായ സഭയിലെ ഓരോ അംഗവും സ്വന്ത ജീവിത മണ്ഢലത്തിൽ സുവിശേഷമൂല്യങ്ങൾ അനുസരിച്ച് പ്രവർത്തിക്കണം. കുടുംബം, വിദ്യാലയം, രാഷ്ട്രീയസാമുദായിക രംഗങ്ങൾ എന്നീ മേഖലകൾ വേദികൾ ആണ്.

12. സഭൈക്യം -(Unitatis Redintegratio:

UR)- 1964 നവംബർ 21.
ഡയലോഗിലൂടെ കത്തോലിക്കാ സഭയ്ക്ക് പുറമെയുള്ള ക്രിസ്തീയ സഭാ വിഭാഗങ്ങളുമായി സംവദിക്കാനും പരസ്പരം ബന്ധത്തിലാകാനും തിരുസഭയ്ക്ക് കഴിയണം.

13. പ്രേഷിത പ്രവർത്തനം. (Ad Gentes:
AD)- 1965 ഡിസംബർ 7 .
      സഭയ്ക്ക് സുവിശേഷം പ്രഘോഷിക്കാതിരിക്കാനാവില്ല. മാമ്മോദീസാ മുങ്ങിയ എല്ലാവർക്കും ഈ ദൗത്യമുണ്ട്.

പ്രഖ്യാപനങ്ങൾ .

14. വിദ്യാഭ്യാസം ( Gravissimum Educationis:
GE) 1968 ഒക്ടോബർ 28.
       ശരിയായ വിദ്യാഭ്യാസം ലഭിക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ട്‌. മെച്ചപ്പെട്ട ലോകനിർമ്മിതിക്കായി ധാർമികവും മതപരവുമായ വിദ്യാഭ്യാസം നൽകണം.

15. അക്രൈസ്തവ മതങ്ങൾ ( Nostra Aetate:
NA)- 1965 ഡിസംബർ 28.
      യഹൂദ, ഹിന്ദു, ബുദ്ധ, മുസ്ലീം മതങ്ങളിലെ ആദ്ധ്യാത്മികവും സാംസ്കാരികവുമായ മൂല്യങ്ങളെ ആദരിച്ചംഗീകരിക്കുന്നു. സർവ്വമനുഷ്യരെയും പ്രകാശിപ്പിക്കുന്ന സത്യത്തിന്റെ രശ്മികൾ ഇവയിലുണ്ട്.

16. മതസ്വാതന്ത്ര്യം. (Dignitatis Humanae:
DH)- 1965 ഡിസംബർ 7.
      മതസ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകാശമാണ്. അതംഗീകരിക്കാൻ രാഷ്ട്രങ്ങൾക്ക് കടമയുണ്ട്.

വ്യക്തിസഭകളുടെ കൂട്ടായ്മ.


Pope Saint John Paul II
പാശ്ചാത്യ ദൈവ ശാസ്ത്രത്തിന്റെ അടിസ്ഥാനമായിരുന്ന സ്കൊളാസ്റ്റിക് ചിന്താഗതി മാത്രമല്ല, മറ്റുപല ചിന്താരീതികളും ശൈലികളും ദൈവശാസ്ത്രത്തിനുണ്ട് എന്ന പുനർ കണ്ടെത്തൽ രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ മുഖ്യ നേട്ടങ്ങളിലൊന്നാണ്. തിരുസഭ വ്യക്തിസഭകളുടെ കൂട്ടായ്മയാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രബോധനം. ഈ പശ്ചാത്തലത്തിലാണ് എക്യുമെനിക്കൽ മനോഭാവത്തിന്റെ ആവശ്യകത വ്യക്തമാകുന്നത്. സഭാ ചരിത്രത്തിനു സഭാശാസ്ത്രവുമായുള്ള ബന്ധം വെളിച്ചത്തു കൊണ്ടുവന്നതും സൂനഹദോസാണ്. ഉറവിടങ്ങളിൽ അധിഷ്ടിതമായി വേണം ദൈവശാസ്ത്രം വികസിപ്പിക്കാനെന്നും അതിന്റെ അജപാലനോന്മുഖത നഷ്ടപ്പെടരുതെന്നും സൂനഹദോസ് പഠിപ്പിച്ചു. ആധുനിക ലോകത്തോട്‌ സംവേദിക്കാനായി എന്നതും ഈ കൌണ്‍സിലിന്റെ വിജയമായി കാണാം. മറ്റു ക്രൈസ്തവ സഭാവിഭാഗങ്ങളോട് മാത്രമല്ല, മറ്റിതര മത വിഭാഗങ്ങളോടുമുള്ള ബന്ധത്തിൽ വളരുവാനും രണ്ടാം വത്തിക്കാൻ സൂനഹദോസ് സഹായിച്ചു. 

തിരുസഭ എന്ന വിഷയം.

തിരുസഭ എന്ന വിഷയത്തിന് സൂനഹദോസിൽ ലഭിച്ച പ്രാധാന്യം ആദ്യത്തെ കോണ്‍സ്റ്റി- റ്റ്യൂഷനിൽ നിന്നുതന്നെ വ്യക്തമാണ്. കൂടാതെ എക്യുമെനിസം, പൗരസ്ത്യസഭകൾ, സഭ ആധുനിക ലോകത്തിൽ തുടങ്ങിയ രേഖകളും തിരുസഭയെ സംബന്ധിച്ചുള്ളവയാണ്. സഭയെക്കുറിച്ചുള്ള വ്യക്തമായ ദൈവശാസ്ത്ര ദർശനം ഇവിടെയുണ്ട്. സഭയെക്കുറിച്ചു തന്നെയുള്ള പഠനമാണ് സഭാവിജ്ഞാനീയം എന്ന് വ്യക്തമാക്കിയത് രണ്ടാം വത്തിക്കാൻ സൂനഹദോസാണ്. സഭയുടെ അടിസ്ഥാനം പിതാവും പുത്രനും പരിശുദ്ധ റൂഹായും ത്രിത്വൈക ദൈവത്തിന്റെ രഹസ്യത്തിൽ ആകയാൽ സഭയും ഒരു ദിവ്യരഹസ്യമാണ്.

അടിസ്ഥാനവും കൂട്ടായ്മയും.

1962- സൂനഹദോസ് ദൃശ്യം
പരിശുദ്ധ ത്രിത്വത്തിലെ കൂട്ടായമ്തന്നെയാണ് സഭയുടെ കൂട്ടായ്മയ്ക്കും അടിസ്ഥാനം (തിരുസഭ, 4:7). മിശിഹായുടെ മൌതികശരീരമായ തിരുസഭ ലോകത്തിലുള്ള അവിടുത്തെ തുടർ സാന്നിദ്ധ്യമാണ്. പരിശുദ്ധ റൂഹായുടെ സാന്നിദ്ധ്യവും പ്രവർത്തനവുമാണ് സഭയുടെ ജീവനടിസ്ഥാനം. സഭയുടെ സകല പ്രവർത്ത നങ്ങളും എപ്രകാരം പരിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായിരിക്കുന്നുവെന്നും വത്തിക്കാൻ സൂനഹദോസ് വ്യക്തമാക്കുന്നുണ്ട്. ( ആരാധന ക്രമം-10; സഭൈക്യം -15). ശ്ലീഹന്മാർ വഴി മിശിഹാ നമുക്ക് പ്രധാനം ചെയ്യുന്ന രക്ഷയെ പ്രതി പരിശുദ്ധറൂഹായാൽ ഒന്നിച്ചു ചേർക്കപ്പെടുന്ന ഓരോ വ്യക്തിസഭയും പിതാവായ ദൈവത്തിനു കൃതജ്ഞതാസ്തോത്രം അർപ്പിക്കുന്നതാണല്ലോ, പരിശുദ്ധ കുർബാന. പരിശുദ്ധ റൂഹായും പരിശുദ്ധ കുർബാനയുമാണ് വ്യത്യസ്തങ്ങളായ ശ്ലൈഹിക സഭകളെ ഒരൊറ്റ കൂട്ടായമയാക്കുന്നത്.

 വ്യക്തിസഭകളും വൈവിധ്യവും.


2013-സൗഹൃദം. ഫ്രാൻസിസ് മാർപാപ്പയും 
പാത്രിയാർക്കും
ഒരു വിശ്വാസവും ഒരു മാമ്മോദീസയും ഒരു ഭരണ ക്രമവുമുള്ള (പൌരസ്ത്യ സഭകൾ- 2) വിവിധ വ്യക്തിസഭകളിലാണ് സാർവ്വത്രിക സഭ നില കൊള്ളുന്നത്. അതു കൊണ്ടാണ് വ്യക്തി സഭ കളുടെ സ്ലൈഹിക പൈതൃകവും ആരാധനാ ക്രമങ്ങളും ആദ്ധ്യാത്മിക ജീവിതശൈലിയും ദൈവ ശാസ്ത്ര കാഴ്ചപ്പാടുകളും ഭരണ സംവിധാനങ്ങളും അഭംഗുരം കാത്തു സൂക്ഷിക്കണമെന്ന് പിതാക്കന്മാർ പഠിപ്പിക്കുന്നത്‌. വൈവിദ്ധ്യം സഭയുടെ ഐക്യത്തെ തകർക്കുകയല്ലാ, പ്രത്യുത പ്രത്യക്ഷമാക്കുകയാണ്. (പൌരസ്ത്യ സഭകൾ-2) തിരുസഭ വ്യക്തിസഭകളുടെ കൂട്ടായ്മയാണ് എന്ന അവബോധം സൂനഹദോസിൽ നിന്നുണ്ടായ കോപ്പർനിക്കൻ വിപ്ലവം എന്നാണു ദൈവശാസ്ത്രജ്ഞന്മാർ വിശേഷിപ്പിച്ചത്‌.

സുവിശേഷത്തിന്റെ കലർപ്പില്ലാത്ത പ്രഘോഷണവും വിശ്വാസത്തിൽ അതിനു മനുഷ്യൻ നൽകുന്ന പ്രത്യുത്തരവുമാണ് സഭയുടെ അസ്തിത്വത്തിനു നിദാനം. സുവിശേഷ പ്രഘോഷണം മിശിഹായുടെ ദൃക്സാക്ഷികളായ സ്ലീഹന്മാരുമായി അഭേദ്യമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അവരെയാ ണല്ലോ ഔദ്യോഗിക സാക്ഷികളായി ഉത്ഥിതൻ നിയമിച്ചത്. ശ്ലീഹന്മാരുടെ ഈ മിശിഹാനുഭവമാണ് ഓരോ വ്യക്തിസഭയുടെയും അടിസ്ഥാനം. ശ്ലൈഹിക പൈതൃകത്തോട് സഭയ്ക്കുള്ള ചരിത്രപരവും ദൈവശാസ്ത്ര പരവും ആയിട്ടുള്ള ഐക്യമാണ് സഭയുടെ വ്യക്തിത്വത്തിന് നിദാനം. ഇപ്രകാരമുള്ള വ്യത്യസ്ത വ്യക്തിസഭകളിലാണ് മിശിഹായുടെ ഏകസഭയുടെ സാർവ്വത്രികമാനം വെളിപ്പെടുന്നത്. ചുരുക്കത്തിൽ, ദൈവികവും മാനുഷികവുമായ, ദൃശ്യവും അദൃശ്യവുമായ ഘടകങ്ങളുടെ സാർവത്രിക രക്ഷയുടെ അടയാളമായി ഭൂമിയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കൂദാശയാണ് തിരുസഭ എന്നതാണ് രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ പ്രബോധനം./

ധ്രുവദീപ്തി-  

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.