Sonntag, 28. September 2014

ധ്രുവദീപ്തി // Faith // Religion // വൃദ്ധ വിലാപം //: കേട്ടത് പാതി കേൾക്കാത്തത് പാതി. (തുടർച്ച..) / ടി.പി.ജോസഫ് തറപ്പേൽ

ധ്രുവദീപ്തി:

 (വൃദ്ധവിലാപം).  


ചെങ്ങളം പള്ളിയുടെ 
ആദിമകാലവും 
 അറിവിന്റെ ആദ്യപാഠവും. 

1917 മുതലുള്ള ചരിത്രം-വിദ്യാലയാരംഭം

                                                    ടി. പി. ജോസഫ് തറപ്പേൽ




ടി .പി.ജോസഫ് 
തറപ്പേൽ
   1917 ജൂലൈ മാസത്തിൽ ചെങ്ങളം പള്ളി വികാരിയായി ചാർജെടുത്തു അധികം താമസിയാതെ ബ. വടാനയച്ചൻ സ്കൂളിന്റെ മാനേജർ സ്ഥാനം വർക്കി പോത്തിനിൽനിന്ന്  പള്ളിക്കുവേണ്ടി ഏറ്റെടുത്തു. ഉടനെതന്നെ സ്കൂളിന്റെ ആവശ്യത്തിലേയ്ക്കായി ഒരു ചെറിയ കെട്ടിടം നിർമ്മിച്ചു. ശ്രീ. ഇ. പി. സിറിയക്കിനെ 03. 10. 1917- ൽ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആയി നിയമിക്കുകയും ചെയ്തു. പള്ളിക്കായി വെട്ടുകല്ലിൽ പണിത ബലവത്തായ ഒരു കെട്ടിടം ഉണ്ടായിരുന്നു. അതിനോട് ചേർന്നു രണ്ടു മുറികൾ കൂടി ഉണ്ടായിരുന്നതായി ഓർമ്മിക്കുന്നു. അതിനു "കുശിനി" എന്നാണു അന്ന് പറഞ്ഞിരുന്നത്. അതിൽ ഒരു മുറിയിൽ  വച്ചായിരുന്നു, അക്കാലത്ത് പെണ്‍കുട്ടികൾക്ക് അഞ്ചാംക്ലാസ് പ്രവർത്തിച്ചിരുന്നത്. അതായത്, ഇപ്പോൾ നിലവിലുള്ള പള്ളിമുറിയുടെ മുൻവശത്തു വാഹനങ്ങൾ പാർക്ക് ചെയ്യുവാനുള്ള സ്ഥലത്തായിരുന്നു. ബ. വടാനയച്ചൻ പഴയ സ്കൂൾ കെട്ടിടം പൊളിച്ച് അന്നത്തെ കുരിശുംതൊട്ടിക്ക് അഭിമുഖമായി പുതിയ മെച്ചപ്പെട്ട ഒരു കെട്ടിടം പണിയിച്ചു. അന്ന്, മൂന്ന് ക്ലാസുകൾ മാത്രമാണ്  ഉണ്ടായിരുന്നത്.


ഫാ. ലുക്ക്‌ മണിയങ്ങാട്ട്
തയ്യിൽ ബ. സ്കറിയാ അച്ചൻ 1924 ഏപ്രിൽ അവസാനം ചെങ്ങളത്ത് വികാരിയായി നിയമിക്കപ്പെട്ടു. 1925- എപിൽ എന്ന് ചേർത്തി രിക്കുന്നത്‌, 1928-ലെ ചരിത്ര സംക്ഷേപത്തിൽ പറഞ്ഞിരിക്കുന്നത് ശരിയാകാൻ ഇടയില്ല. ഇദ്ദേഹം വന്നു അധികം താമസിയാതെ കുരിശും തൊട്ടിക്ക് അഭിമുഖമായി നിർമ്മിച്ചിരുന്ന സ്കൂൾ കെട്ടിടത്തിന്റെ കൃത്യം നടു ഭാഗത്തുനിന്നും തെക്കോട്ട്‌, അതോട് ചേർത്ത് ഒരു നീളമുള്ള കെട്ടിടം പണിയിച്ചു സ്കൂൾ വളരെ സൗകര്യപ്രദമാക്കി. 27. 05. 25-ൽ എം. തോമസ്‌ ഹെഡ് മാസ്റ്റർ ആയി. അക്കാലത്ത് മൂന്നു ക്ലാസുമാത്രം ഉണ്ടായിരുന്ന സ്കൂൾ നാലാം ക്ലാസുകൂടി ആരംഭിച്ചു ഒരു പൂർണ്ണ പ്രൈമറി സ്കൂളായി ഉയർന്നു. 21. 05. 1925- ൽ ശ്രീ എം. മത്തായി ഹെഡ്‌മാസ്റ്ററായി. അതെ വർഷം അദ്ധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ അഞ്ചാം ക്ലാസുകൂടി ആരംഭിച്ചു (വെർണാക്കുലർ) മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. അപ്പോൾ സ്കൂൾ കെട്ടിടം" T " ആക്രുതിയിലായിരുന്നു. ഇവിടെയാണ് ഞാൻ നാലാം ക്ലാസുവരെ പഠിച്ചത്. ഈ സ്കൂൾ  കെട്ടിടമാണ്, ബ. ലൂക്കാ മണിയങ്ങാട്ട് അച്ചൻ വികാരിയായിരിക്കുമ്പോൾ ഇപ്പോഴുമുള്ള ഹൈസ്കൂൾ ഗ്രൌണ്ട് വിപുലപ്പെടുത്തുവാൻ വേണ്ടി 1963- മേയ് മാസത്തിൽ പൊളിച്ചു  റോഡിനു താഴെ സ്ഥാപിച്ചിരിക്കുന്ന നെടുനീളത്തിലുള്ള സ്കൂൾ കെട്ടിടം.

-ചെങ്ങളം-ആദ്യകാല സ്കൂൾകെട്ടിടം
1931-ൽ ബ. ജോണ്‍ പൊറ്റേടത്തില ച്ചൻ പുതിയ വികാരിയായി ചാർജെ ടുത്തു. പഴയ കുരിശും തൊട്ടിക്കു വടക്കായി അദ്ദേഹമാണ് മിഡിൽ സ്കൂളിന്റെ  ആവശ്യത്തിലേക്കായി കരിങ്കല്ലുകൊണ്ട് പുതിയ ഒരു കെട്ടിടം നിർമ്മിച്ചത്. ഇപ്പോൾ നിലവിൽ കാണപ്പെടുന്ന ഓഡിറ്റൊറിയം പണിചെയ്യപ്പെട്ടത് പ്രസ്തുത സ്കൂൾകെട്ടിടം പൊളിച്ചു മാറ്റിയ ശേഷമാണ്. (ഇത് നിലവിൽ ഇടിച്ചുനിരത്തിയ പഴയ പള്ളിയുടെ പകരമായി കർമ്മങ്ങൾ നടത്തുവാൻ ഉപയോഗിക്കുന്നു). 16.07.1930-ൽ ശ്രീ എം.ജെ.ചാക്കോ ഹെഡ് മാസ്റ്ററായി നിയിമിക്കപ്പെട്ടു. 06.07.1931-ൽ ആറാം ക്ലാസും 1932-ൽ ഏഴാം ക്ലാസും ആരംഭിച്ചു ഒരു പൂർണ്ണ മിഡിൽസ്കൂളായി ഉയർത്തപ്പെട്ടു. 15.05.1944 വരെ അദ്ദേഹം അവിടെ സേവനം ചെയ്തു.

1936 ജനുവരിയിൽ ബ.മാത്യൂ വഴുതനപ്പള്ളി വികാരിയായി. വളരെ പഴയകാലത്ത് ഉണ്ടായിരുന്ന "അഞ്ചലാപ്പീസിന്റെ" (പോസ്റ്റ്‌ ഓഫീസ് ) സമീപത്തു തെക്കുവടക്കായി ഒരു കരിങ്കൽ കെട്ടിടം സ്കൂൾ ആവശ്യത്തിലേയ്ക്കായി തീർത്തു. 1939- ൽ അയൽ ഇടവകകൾ ചേർന്ന് ഈ കെട്ടിടത്തിൽ വച്ചു ക്രിസ്തുവിന്റെ രാജത്വ തിരുനാൾ അത്യാഡംഭരമായി ആഘോഷിക്കുകയും ഒരു മതസമ്മേളനം നടത്തുകയും ചെയ്തു.

കുടകശേരിലച്ചനും "ചെങ്ങള മാഹാത്മ്യം" കവിതയും .

ഫാ. മത്തായി മണിയങ്ങാട്ട്
1919 മേയ് മാസത്തിൽ ബ. മണിയങ്ങാട്ട് മത്തായി അച്ചൻ വികാരിയായി നിയമിക്ക പ്പെട്ടു. അക്കാലത്ത് തീർത്ഥാടകർ കൂട്ടം കൂട്ടമായി ചെങ്ങളത്തേയ്ക്ക് വന്നു തുടങ്ങി യിരുന്നു. സാധാരണ ഒരു ചൊവ്വാഴ്ചകളിൽ എന്റെ കേട്ടറിവിൽ 500 രൂപവരെയും മാസ്സാദ്യചൊവ്വാ ദിവസങ്ങളിൽ  1500 രൂപ വരെയും നേർച്ച പ്പിരിവു കിട്ടുമായിരുന്നു എന്ന് അറിഞ്ഞിരുന്നു. ഇക്കാലത്താണ് ബ. എബ്രാഹം കുടകശേരിൽ അച്ചൻ ചെങ്ങളം പള്ളിയിൽ വന്നു പള്ളിമേടയിൽ താമസിച്ചു തന്റെ പ്രമേഹരോഗത്തിനു ശാന്തി കിട്ടുവാൻ പ്രാർത്ഥിച്ചതും, പുണ്യവാനോട് പ്രാർത്ഥിച്ച് രോഗശാന്തി നേടുകയും ചെയ്തത്. നന്ദിസൂചകമായി 1920 മെയ് 28-ന് അദ്ദേഹം രചിച്ച പ്രസിദ്ധമായ "ചെങ്ങള മാഹാത്മ്യം " എന്ന കവിത പ്രസിദ്ധീകരിച്ചു.

റവ. ഫാ. എബ്രാഹം കുടകശ്ശേരിലിനു പ്രാത്ഥനയുടെ ഫലമായി വി. അന്തോനീസ് പുണ്യവാനിൽ നിന്നും ലഭിച്ച അനുഗ്രത്തിനു നന്ദി പ്രകടനമായി അദ്ദേഹം രചിച്ച പ്രസിദ്ധമായ കവിത രചിച്ചത് ചെങ്ങളത്തെ വാസത്തിനിടയിലായിരുന്നു എന്നുവേണം കരുതാൻ. ഈ കവിത പ്രസിദ്ധീകരിച്ചിട്ട് ഇപ്പോൾ തൊണ്ണൂറ്റിനാല് വർഷങ്ങൾ കഴിഞ്ഞു. ഈ കവിതയുടെ അവസാനഭാഗം നഷ്ടപ്പെട്ടത് കണ്ടുകിട്ടിയിട്ടില്ല. അദ്ദേഹത്തിൻറെ കവിത പ്രസിദ്ധീകരിച്ചപ്പോൾ എഴുതിയ മുഖക്കുറിപ്പിൽ, പ്രാർത്ഥനയുടെ ശക്തിയെപ്പറ്റിയും വിശ്വാസ ജീവിതത്തിന്റെ കാഴ്ചപ്പാടുകളും ആണ് അദ്ദേഹം വായനക്കാർക്ക് നല്കിയത്.

*കവിതാ ഗ്രന്ഥത്തിന്റെ മുഖക്കുറിപ്പിന്റെ തനിമയ്ക്ക് മാറ്റം വരാതെ ഇവിടെ കുറിക്കട്ടെ. അതിപ്രകാരമാണ്‌:

മുഖവുര-

"ഞാൻ "ചെങ്ങള മാഹാത്മ്യം" എഴുതിയത് രണ്ടുദ്ദേശങ്ങളോട് കൂടിയാണ്. അഷ്ടാംഗ ഹൃദയം, ചിന്താർമണി, അലോപ്പതി, ഹോമിയോപ്പതി എന്നീ നാല് ശാഖാവിധി പ്രകാരമുള്ള ഔഷധപ്രയോഗംകൊണ്ട് ലവലേശം ശാന്തി ലഭിക്കാതെയിരുന്ന എന്റെ രോഗത്തിന് ചെങ്ങളഭജന നിമിത്തം അനൽപമായ ശമനം ലഭിച്ചതിൽ വി.അന്തോനീസിന്റ നേർക്കുള്ള എന്റെ അപാരമായ ഭക്തിയെ പ്രദർശിപ്പിക്കുകയാണ് പ്രഥമോദ്ദേശം.

ഇപ്പോൾ നാനാജാതി മതസ്ഥരുടെയും ശ്രദ്ധയെ സവിശേഷം ആകർഷിക്കുന്ന ചെങ്ങളത്തെ അത്ഭുത സംഭവങ്ങളുടെ ഏകദേശ ജ്ഞാന മെങ്കിലും ജനതതിക്കു പ്രദാനം ചെയ്യണമെന്നുള്ളതാണ് ദ്വിതീയോദ്ദേശം. ഉദ്ദേശദ്വയം എത്രമാത്രം സഫലമായിട്ടുണ്ടെന്നു വായനക്കാർ തീരുമാനിക്കേ ണ്ടതാണ്. ' ചെങ്ങളത്ത് പോയിട്ട് ഞങ്ങൾക്ക് ഒരു ഗുണവും കിട്ടിയില്ല ' എന്ന് പുലമ്പുന്ന ഭഗ്നാശയന്മാരോട് എനിക്ക് പറയുവാനുള്ള സമാധാനം:

"  വിശ്വാസത്തിനു കുറവുലഭിച്ചാൽ 
    ആശ്വാസം കിട്ടുകയില്ലൊട്ടും 
    സംശയരഹിതമപേക്ഷിച്ചെന്നാ...
    ലാശുലഭിക്കും ഗുണമേവർക്കും. "

എന്നുമാത്രമാണ്.

ഫാ. അവിരാച്ചൻ 
കയ്പ്പൻപ്ലാക്കൽ
ചെറുപുസ്തകമെങ്കിലും ഇതിനെ ഒന്നിലധികം പ്രാവശ്യം മനസ്സിരുത്തി വായിച്ചു കൂലംകഷ മായി പരിശോധിച്ച് സരസമായ ഒരു അവതാ രിക എഴുതിച്ചേർത്ത ചെങ്ങളം പള്ളി വികാരിയും ബിഷോപ്സ് കൌണ്‍സിലറുമായ പെ. ബ. കയ്പ്പൻപ്ലാക്കൽ അവിരാച്ചൻ അവർകളുടെ പേരിൽ ഞാൻ ഏറ്റവും കൃതജ്ഞനായിരിക്കുന്നു. അതുപോലെ ഈ കൃതിതന്നെ സദയം വായിച്ചുനോക്കി ചില സ്ഖലിതങ്ങളെ തിരുത്തി സഹൃദയസമ്മിതി ലഭിക്കത്തക്ക ഓരോ അഭിപ്രായങ്ങളെ അയച്ചുതന്ന കത്തോലിക്ക ഭാഷാകവി കളിൽ അദ്വിതീയന്മാരായ കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള അവർകളോടും, തെങ്ങുംമൂട്ടിൽ വർഗീസ്മാപ്പിളയോടും ഈ പുസ്തകത്തെ ഫാഇത്രമാത്രം വൃത്തിയായി അച്ചടിക്കുന്നതിന് വേണ്ട ശ്രമം ചെയ്തിട്ടുള്ള കോട്ടയം മാസ്സികാപ്രവർത്തകനും എന്റെ പ്രിയ സതീർത്ഥ്യനുമായ റവ. ഫാദർ ചക്കുങ്കൽ പി.എച്ച്.ഡി., ഡി.ഡി. അവർകളോടും എനിക്കുള്ള അകൈതവമായ നന്ദിയെ സൂചിപ്പിച്ചു കൊള്ളുന്നു.

അവസാനമായി അതിവിപുലമായ ഈ ചങ്ങനാശ്ശേരി മിസ്സത്തെ എട്ടൊമ്പതു കൊല്ലങ്ങളിലായി സർവ്വസ്ലാഘ്യമായ യോഗ്യതയോടെ പ്രശാന്ത രമണീയ മായി ഭരിച്ചുപോരുന്ന നി. വ. ദി. ശ്രീ. കുര്യാളശ്ശേരിൽ മാർത്തോമാ മെത്രാൻ അവർകളുടെ നേർക്ക്‌ എനിക്കുള്ള നിഷ്കളങ്കമായ ആദരവിനെ പ്രകടിപ്പിക്കു വാനായി "ചെങ്ങള മാഹാത്മ്യ"ത്തെ ആ തിരുമേനിയുടെ മഹനീയങ്ങളായ പാദാരവിന്ദങ്ങളിൽ സാനുവാദം സമർപ്പിച്ചു പാരത്രികനായ ആ മഹാത്മാ വിനു വേണ്ടി ഞാൻ ഇപ്രകാരം പ്രാർത്ഥിക്കുന്നു. 

"സ്വന്തംനാടും വെടിഞ്ഞത്തിരുഗുരുവരുളി...
ച്ചെയ്കയാൽ ദൂരമായോ ..
രിന്ത്യാദേശത്തുവന്നന്ധതയഖിലമൊഴി...
ച്ച ത്രവേദംപരത്തി 
കുന്തംകൊണ്ടുള്ള കുത്തേറ്റുടനടി, മയിലാ...
പ്പൂരിലന്തംഭവിച്ചോൻ 
സെന്തോമസിന്റെ ചെന്താരടി വടിവൊടുചേ ...
ർക്കട്ടെയങ്ങേയ്ക്ക് സൗഖ്യം."

*(തുടരും............

  ഗ്രന്ഥകർത്താവ്,
നരിവേലി, കിടങ്ങൂർ,
28.05.1924 .




ബ.കുടകശശേരിലച്ചൻ രചിച്ച 
"ചെങ്ങള മാഹാത്മ്യം " 
കവിത തനിമ മാറാതെ തന്നെ വായനക്കാർക്ക് വേണ്ടി 
ഞങ്ങൾ സമർപ്പിക്കുന്നതാണ്./  
ധൃവദീപ്തി.  
---------------------------------------------------------------------------------------------------------------   

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.