ധ്രുവദീപ്തി // Family& Marriage //
കാനോൻ നിയമ പരിജ്ഞാനം കൂടുതൽ ജനകീയമാക്കുകയും സഭയിലെ എല്ലാ സർഗ്ഗാത്മക ചിന്തകളെയും പ്രോത്സാഹിപ്പിക്കുകയുമെന്ന ലക്ഷ്യവുമാണ് കാനോന പഠനം സംബന്ധിച്ച ലേഖനത്തിലൂടെ കുഴിനാപ്പുറത്തച്ചൻ നിർവഹിക്കുന്നത്. സഭാനിയമത്തിന് രക്ഷാകരമായ ഒരു അർത്ഥമുണ്ടെന്നു സ്ഥാപിക്കുന്നതിലൂടെ സഭാജീവിതത്തിനു ഒരു നൂതന ചലനങ്ങൾ ഉളവാക്കുന്നു- ധൃവദീപ്തി-
(വിശ്വാസികളും വിവാഹ വിളിച്ചു ചൊല്ലുകളും ...
തുടർച്ച)
തുടർച്ച)
8. വിവാഹ പങ്കാളിയുടെ വധം.
മറ്റൊരു വിവാഹബന്ധത്തിൽ ഏർപ്പെടുക എന്ന ലക്ഷ്യത്തോടെ ഒരു വ്യക്തി സ്വന്തം വിവാഹ പങ്കാളിയെയോ, താൻ വിവാഹം ചെയ്യാൻ ഇഷ്ടപ്പെടുന്ന വ്യക്തിയുടെ വിവാഹപങ്കാളിയേയോ, വധിക്കുകയോ, അയാളുടെ മരണത്തിന് കാരണമാവുകയോ ചെയ്യുകയാണെങ്കിൽ ഈ കുറ്റകൃത്യം ദ്വിതീയ വിവാഹത്തിനു കാനോനിക തടസ്സമാകുന്നു (CCEO.807 ,CIC .1090). തങ്ങളിലാരുടെയെങ്കിലും വിവാഹ പങ്കാളിയുടെ വധത്തിനു ശാരീരികമോ മാനസ്സികമോ ആയ സഹകരണത്തിലൂടെ കാരണമായവർ തമ്മിൽ പിന്നീട് രണ്ടാമതൊരു വിവാഹത്തിനു ശ്രമിക്കുന്നപക്ഷം ആ വിവാഹം അസാധുവായിരിക്കും.
ഈ കാനോനിക തടസ്സം രണ്ടു തലങ്ങളിൽ സഭാനിയമത്തിൽ ചേർത്തിരിക്കുന്നു. അതിപ്രകാരമാണ്:
1. ദ്വിതീയ വിവാഹലക്ഷ്യം വെച്ചുകൊണ്ട് വിവാഹപങ്കാളിയെ വധിക്കുന്ന വ്യക്തിക്ക് ഈ കുറ്റകൃത്യം ദ്വിതീയ വിവാഹത്തിനു എപ്പോഴും കാനോനിക തടസ്സമായിരിക്കും.
2. രണ്ടാമതൊരു വിവാഹം ലക്ഷ്യം വയ്ക്കാതെ തന്റെ വിവാഹപങ്കാളിയെ മരണത്തിനു കാരണമായ ഒരു വ്യക്തി ഈ കുറ്റകൃത്യത്തിൽ ശാരീരികമായോ ധാർമ്മികമോ ആയി സഹകരിച്ചിട്ടുള്ള വ്യക്തിയുമായി വിവാഹത്തിൽ ഏർപ്പെടുമ്പോൾ ആ വിവാഹം അസാധുവായിരിക്കും. (See Salachs. II Sacramento.p.122).
9. രക്തബന്ധം.
A Family |
ശാഖാപരമ്പരയിലെ രക്തബന്ധത്തിൽ (സഹോദരങ്ങൾ, അവരുടെ മക്കൾ) 4-)o (തലമുറ) കരിന്തലയിൽ ഉൾപ്പെട്ടവർ വരെ പരസ്പരം വിവാഹത്തിനു ശ്രമിക്കുമ്പോൾ ഈ രക്ത ബന്ധം കാനോനിക തടസ്സമാവുന്നു CCEO.808.CIC.1091). മനുഷ്യബന്ധക്രമത്തിൽ ബന്ധത്തിന്റെ അളവ് നിശ്ചയിക്കാൻ ഉപയോഗിക്കുന്ന മാന:ദണ്ഡമാണ് കരിന്തല (Degree). ഒരു ബന്ധശ്രുംഖലയിൽ പൊതുവായ മുൻഗാമിയൊഴികെ ആ ബന്ധത്തിൽ ഉൾപ്പെടുന്ന പ്രസക്ത വ്യക്തികളുടെ സംഖ്യയ്ക്ക് തുല്യമായിരിക്കും പ്രസ്തുത ബന്ധത്തിന്റെ കരിന്തല.
10. ചാർച്ചാബന്ധം
ദമ്പതിമാരിൽ ഒരാളും വിവാഹ പങ്കാളിയുടെ രക്തബന്ധുക്കളും തമ്മിൽ വിവാഹം വഴി ഉളവാകുന്ന ബന്ധമാണ് ചാർച്ചാബന്ധം (affinity).ചാർച്ചാബന്ധത്തിന്റെ തായ് പരമ്പരയിൽ ഉൾപ്പെടുന്ന എല്ലാവരും തമ്മിലുള്ള വിവാഹത്തിനു ഈ ബന്ധം കാനോനിക തടസ്സമാകുന്നു (CCEO.809,CIC.1092) പൗരസ്ത്യ സഭകളുടെ കാനോനസംഹിത സംഹിത അനുസരിച്ച് ചാർച്ചാബന്ധത്തിൽ ശാഖാപരമ്പരയുടെ രണ്ടാം കരിന്തലയിലുള്ളവർ തമ്മിൽ വിവാഹത്തിനു ശ്രമിക്കുമ്പോൾ ആ ബന്ധം കാനോനികമായി അസാധുവായിരിക്കും. ഉദാ: ഒരു പുരുഷൻ തന്റെ ഭാര്യാസഹോദരിയെ വിവാഹം ചെയ്യുന്നതിന് ചാർച്ചാബന്ധം കാനോനിക തടസ്സമാകുന്നു. എന്നാൽ ലത്തീൻ കാനോനസംഹിത അനുസരിച്ച് ശാഖാപരമ്പരയിൽ ഉള്ള ചാർച്ചാബന്ധം വിവാഹത്തിനു കാനോനിക തടസ്സമല്ല.
11. പൊതുമാന്യതയ്ക്ക് നിരക്കാത്ത ബന്ധം
അസാധുവായ വിവാഹം വഴിയോ പരസ്യമായ സഹവാസം (Concubinage) വഴിയോ ഉണ്ടാകുന്ന ചാർച്ചാബന്ധവും വിവാഹത്തിന് കാനോനിക തടസ്സമാകുന്ന. ഇപ്രകാരം ഒരുമിച്ചു ജീവിച്ചിട്ടുള്ള സ്ത്രീപുരുഷന്മാർക്ക് അവരുടെ പങ്കാളിയുടെ തായ് പരമ്പരയിൽ ഒന്നാം കരിന്തിലയിൽ വരുന്നവരുമായി മാത്രമേ വിവാഹത്തിൽ ഏർപ്പെടുന്നതിന് ആ ബന്ധം കാനോനിക തടസ്സമാകുന്നുള്ളൂ. (CCEO ,810.CIC.1093). ഉദാ: ഒരു പുരുഷന് തന്നോടൊപ്പം പരസ്യ സഹവാസത്തിലേർപ്പെട്ടിരിക്കുന്ന സ്ത്രീയുടെ മാതാവിനെയോ,മകളെയോ വിവാഹം കഴിക്കുന്നതിനു കാനോനിക തടസ്സമുണ്ട്.
12. ആത്മീയബന്ധം
മാമ്മോദീസ സ്വീകരിക്കുന്നവരും തലതൊടുന്നവരും തമ്മിലും, തലതൊടുന്നവരും മാമ്മോദീസ സ്വീകരിക്കുന്നവരുടെ മാതാപിതാക്കളും തമ്മിലും മാമ്മോദീസാ വഴി ഉണ്ടാകുന്ന ബന്ധമാണ് ഇവിടെ ആത്മീയ ബന്ധം എന്നതുകൊണ്ട് അർത്ഥമാക്കുക. മേൽപ്പറഞ്ഞ ആത്മീയബന്ധം തമ്മിലുള്ള വിവാഹത്തിനു കാനോനിക തടസ്സമാകുന്നു. (CCEO,811§1). ഈ കാനോനികതടസ്സം ലത്തീൻ നിയമസംഹിതയിൽ നിർദ്ദേശിക്കപ്പെടുന്നി- ല്ല എന്നത് ശ്രദ്ധേയമാണ്.
13. നയ്യാമിക ബന്ധം
ഒരു കുട്ടിയെ ദത്തെടുക്കുന്നതുവഴി ആ കുട്ടിയും ദത്തെടുക്കുന്ന കുടുംബവും തമ്മിൽ ഉണ്ടാകുന്ന ബന്ധമാണിവിടെ വിവക്ഷിക്കപ്പെടുക. നയ്യാമിക ബന്ധത്തിൽ തായ് പരമ്പരയിൽ വരുന്ന എല്ലാവരും തമ്മിലുള്ള വിവാഹം കാനോനിക തടസ്സമാകുന്നു. ഈ ബന്ധത്തിന്റെ ശാഖാപരമ്പരയിൽ രണ്ടാം കരിന്തലയിലുള്ളവർ വരെ തമ്മിൽ വിവാഹത്തിനു ശ്രമിക്കുമ്പോൾ നയ്യാമിക ബന്ധം കാനോനിക തടസ്സമാകുന്നു. (CCEO. 812, CIC.1094). ദത്തു ബന്ധത്തിന്റെ നിയമാനുസൃതയുടെ അടിസ്ഥാനം ഇതുസംബന്ധിച്ച് ഓരോ സ്ഥലത്തും നിലവിലിരിക്കുന്ന നിയമങ്ങളായിരിക്കും.
വിവാഹം |
നന്മയും സുരക്ഷിതത്വവും
വിവാഹത്തിന്റെ പവിത്രത സംരക്ഷിക്കപ്പെടുന്നതിനും ദമ്പതികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് വിവാഹബന്ധത്തെ കാർക്കശ്യ സ്വഭാവത്തോടെ സഭാനിയമം നോക്കിക്കാണുന്നത്. ദൈവീക നിയമങ്ങൾക്കു വിരുദ്ധമായ കാനോനിക തടസ്സങ്ങളിൽ നിന്നൊഴികെ ശേഷിക്കുന്ന എല്ലാ തടസ്സങ്ങളിൽ നിന്നും വിടുതൽ നൽകുന്നതിന് യോഗ്യരായ സഭാധികാരികൾക്ക് അധികാരമുണ്ട്. കുടുംബത്തിന്റെ ക്ഷേമവും കുട്ടികളുടെ ആരോഗ്യപൂർണ്ണമായ വളർച്ചയ്ക്കും ലക്ഷ്യം വെച്ചു എഴുതി ചേർക്കപ്പെട്ടിരിക്കുന്ന ഈ നിയമങ്ങളുടെ ശരിയായ അർത്ഥം ഉൾക്കൊണ്ട് അവ പാലിക്കുവാൻ ഓരോ കത്തോലിക്കാ വിശ്വാസിക്കും കടമയും ഉത്തരവാദിത്വവും ഉണ്ട്. ദമ്പതികളുടെയും കുടുംബങ്ങളുടെയും നന്മയും സുരക്ഷിതത്വവും ആണ് ഈ നിയമങ്ങളുടെ അന്തരാത്മാവ്. ഈ വസ്തുത നമുക്ക് വിസ്മരിക്കാതിരിക്കാം./
-ധ്രുവദീപ്തി
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.