Dienstag, 12. August 2014

ധ്രുവദീപ്തി // Religion / Faith / വിശുദ്ധ ഗ്രന്ഥം: വിശ്വാസത്തിന്റെ വാതിൽ / Dr. Andews Mekkattukunnel

 Religion / Faith /
വിശ്വാസത്തിന്റെ വാതിൽ


Dr. Andews Mekkattukunne


ദൈവവചനവും ദൈവശാസ്ത്രവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തിക്കൊണ്ട്‌ സത്യവിശ്വാസത്തിന്റെ വാതിൽ ചൂണ്ടിക്കാണിച്ചു തരുകയാണ്‌ ലേഖകൻ. ദൈവ ശാസ്ത്ര പണ്ഡിതനും വടവാതൂർ സെന്റ്‌ തോമസ്‌ മേജർ സെമിനാരി പ്രൊഫസറുമായ റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ അപ്പസ്തോലന്മാർ നൽകിയ സുവിശേഷ ഗ്രന്ഥത്തിലൂടെ വെളിപ്പെടുത്തിയ വിശ്വാസ വാതിലിന്റെ ദൈവശാസ്ത്രപരമായ ആഖ്യാനം നല്കുന്നു (ധ്രുവദീപ്തി).


"തിരുസഭയിൽ വിശ്വസ്തതാപൂർവം കൈമാറപ്പെടുന്ന ദൈവവചനവും തന്റെ ശിഷ്യരുടെ ജീവനായി നൽകപ്പെട്ടിരിക്കുന്ന ജീവന്റെ അപ്പവും (യോഹ 6,51) ആഹരിക്കാനുള്ള താൽപര്യം നമ്മൾ കണ്ടെത്തേണ്ടതുണ്ട്" (വിശ്വാസത്തിന്റെ വാതിൽ,3).



Rev. Dr. Andrews
Mekkattukunnel
ദൈവം സ്വയം വെളിപ്പെടുത്തുന്നതുവഴി മനുഷ്യർക്കായി വിശ്വാസത്തിന്റെ വാതിൽ തുറന്നു നൽകുന്നതിന്റെ വിവരണമാണ് വിശുദ്ധഗ്രന്ഥം. അവിടുത്തെ വെളിപ്പെടുത്തലുകളെ മൂന്നു ഗണങ്ങളായി മനസ്സിലാക്കാം.

1- തന്നെക്കുറിച്ച് തന്നെ. 2- മനുഷ്യനെക്കുറിച്ച്. 
3- പ്രപഞ്ചത്തെക്കുറിച്ച്.

ദൈവം നേരിട്ടല്ല, പ്രകൃതിയിലൂടെയും മനുഷ്യചരിത്രത്തി ലൂടെയും തിരഞ്ഞെടുത്ത വ്യക്തികളിലൂടെയുമാണ് വെളിപ്പെടുത്തുന്നത്. താൻ വെളിപ്പെടുത്തുവാൻ ഉദ്ദേശിക്കുന്ന സത്യം മനുഷ്യർക്ക്‌ മനസിലാകുന്ന വിധത്തിൽ അവതരിപ്പിക്കുവാൻ വേണ്ടി ചില വ്യക്തികളെ ദൈവം തെരഞ്ഞെടുക്കുന്നു. അവരാണ് ദൈവീക പ്രചോദനത്തിലും നിയന്ത്രണത്തിലും സഹമനുഷ്യർക്കു മനസ്സിലാകുന്ന രീതിയിൽ  ദൈവീകവെളിപാട് അവതരിപ്പിക്കുന്നത്.

വായിക്കുന്ന അഥവാ വായിച്ചു കേൾക്കുന്ന വ്യക്തികളുടെ ഭാഷാസങ്കേതങ്ങളും ശാസ്ത്രസങ്കൽപങ്ങളും സാഹിത്യശൈലികളും അവലംബിച്ചാണ് വിശുദ്ധഗ്രന്ഥ കർത്താക്കൾ ദൈവീകസത്യങ്ങൾ ആവിഷ്കരിക്കുന്നത്. ഈ വിവരണങ്ങളുടെ അർത്ഥം ശരിക്കു മനസ്സിലാകണമെങ്കിൽ വിശുദ്ധ ഗ്രന്ഥം രചിക്കപ്പെട്ട കാലത്തെ മനുഷ്യന്റെ ശാസ്ത്രസങ്കല്പങ്ങളും ഭാഷാസാഹിത്യശൈലികളും ഗ്രഹിക്കണം. ഇന്നത്തെ നമ്മുടെ അറിവിന്റെയും അനുഭവത്തിന്റെയും അളവുകോൽ ഉപയോഗിച്ച് നൂറ്റാണ്ടുകൾക്കു മുമ്പ് രൂപപ്പെട്ട ബൈബിളിനെ സമീപിക്കുന്നത് ശരിയല്ല.

വിശുദ്ധഗ്രന്ഥത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളുടെ കർത്താവ് മോശയാണ് എന്നത് യഹൂദരുടെയും (പുറ  17, 4; നിയമാ. 31, 9; ജോഷ്വ 8, 32) ക്രൈസ്തവരുടെയും (യോഹ 5, 45 നടപടി 3, 22; റോമ 4, 19) വിശ്വാസമാണ്. പൂർവപിതാവായ അബ്രാഹത്തെ ദൈവം പ്രത്യേകവിധം തെരഞ്ഞെടുത്തു എന്നത് ഇസ്രായേൽ ജനത്തിനുണ്ടായിരുന്ന അടിസ്ഥാന ബോദ്ധ്യമായിരുന്നു. എവിടെ പോയാലും അവിടെയെല്ലാം അവരെ പരിപാലിച്ചു നയിക്കുമെന്നും അവരെ ഒരു വലിയ ജനതയാക്കുമെന്നും ദൈവം അബ്രാഹത്തിനും അദ്ദേഹത്തിൻറെ പിൻ തലമുറക്കാർക്കും വാഗ്ദാനം നൽകിയിരുന്നു എന്നുള്ളത് ജനത്തിനിടയിൽ കഥാരൂപത്തിൽ പ്രചരിച്ചിരുന്നു. ഈജിപ്തിൽ നിന്നുള്ള വിമോചനത്തെ ഈ വാഗ്ദാനങ്ങളുടെ പൂർത്തീകരണമായാണ് മോശ ദർശിച്ചത്. അടിമത്തത്തിൽ നിന്ന് ജനത്തെ മോചിപ്പിച്ചതും, മരുഭൂമിയിലൂടെ നയിച്ചതും, സീനായ് മലയിൽ വച്ച് ദൈവവുമായുള്ള ഉടമ്പടിയുടെ മദ്ധ്യസ്ഥനായി വർത്തിച്ചതും കാനാൻദേശത്തിന്റെ പടിവാതിൽക്കൽ വരെ എത്തിച്ചതുമെല്ലാം മോശയാണല്ലോ.

ഇസ്രായേലിന്റെ വിമോചന ചരിത്രം രേഖപ്പെടുത്തിയ മോശ, അതിനാമുഖമായി പൂർവപിതാക്കന്മാരുടെ ചരിത്രം അവതരിപ്പിച്ചു. ഇസ്രായേൽ ചരിത്രത്തിൽ അനുഭവവേദ്യമായ ദൈവത്തിന്റെ രക്ഷാകര പ്രവർത്തനങ്ങളുടെ വെളിച്ചത്തിൽ അബ്രാഹത്തിന്റെയും പ്രപഞ്ചത്തിന്റെതന്നെയും ഉത്ഭവം തേടിയുള്ള മോശയുടെ അന്വേഷണമാണ് ഉല്പത്തി പുസ്തകത്തിലെ ആദ്യ അദ്ധ്യായങ്ങളിൽ കാണുന്നത്. ദൈവം മനുഷ്യർക്ക്‌ കൈമാറുവാൻ ഉദ്ദേശിച്ചിരുന്ന സന്ദേശം മോശയ്ക്കു നൽകി. അതുതന്നെ കേൾക്കുന്നവർക്ക് മനസ്സിലാകുന്ന രീതിയിൽ മോശ വിവരിച്ചു. ഈ വാചിക പാരമ്പര്യങ്ങളാണ് ക്രമേണ ലിഖിതരൂപം പ്രാപിച്ചു വിശുദ്ധ ഗ്രന്ഥത്തിൽ സ്ഥാനം പിടിച്ചത്.

മോശയും പത്തു പ്രമാണങ്ങളും
ചരിത്രത്തിൽപെടുന്ന, തെരഞ്ഞെടുത്തു നയിക്കുന്ന, ഉടമ്പടി ബന്ധത്തിലേർപ്പെടുന്ന ദൈവത്തെ ഇസ്രായേൽ ജനത്തിനു പരിചിതമാണ്. പ്രപഞ്ചത്തിന്റെ ചരിത്രവും മനുഷ്യചരിത്രവും അഭേദ്യമാംവിധം ബന്ധപ്പെട്ടാണിരിക്കുന്നത്. രണ്ടിന്റെയും അധിനാഥൻ ദൈവമാണ് എന്നതുതന്നെയാണ് ഈ ബന്ധത്തിന് അടിസ്ഥാനം. ചരിത്ര നിയന്താതാവിന്റെ പ്രവർത്തന ശൈലിയിൽ നിന്നാണ് ഇസ്രായേൽജനം പ്രപഞ്ച നാഥനായ സൃഷ്ടാവിനെക്കുറിച്ചുള്ള അറിവിലേയ്ക്ക് എത്തിയത്.

പഴയനിയമത്തിൽ മോശയുടെ ഗ്രന്ഥങ്ങൾക്ക് ശേഷം പ്രവാചക ഗ്രന്ഥങ്ങളാണ് പ്രാധാന്യം അർഹിക്കുന്നത്. ദൈവത്തോട് ഉടമ്പടി വിശ്വസ്തത പാലിക്കാനുള്ള ആഹ്വാനമാണ് പ്രവാചകരിൽ മുന്നിട്ടു നില്ക്കുന്നത്. ഈജിപ്തിൽനിന്നു വിമോചിപ്പിച്ചു വാഗ്ദത്ത ഭൂമിയിലെത്തിച്ച ദൈവം പിന്നീടുണ്ടായ അടിമത്തങ്ങളിൽ നിന്നും- പ്രത്യേകിച്ച് ബാബിലോണിയൻ അടിമത്തത്തിൽ നിന്നും- രക്ഷിക്കുന്നതിന്റെ ചരിത്രമാണ് പ്രവാചകഗ്രന്ഥത്തിലുള്ളത്. ഈ വിമോചനങ്ങൾ എല്ലാം മിശിഹായിൽ സംഭവിക്കാനിരുന്ന യഥാർത്ഥവും ശാശ്വതവുമായ വിമോചനത്തിന്റെ മുന്നോടികൾ മാത്രമായിരുന്നു.

ദൈവവചനം പ്രഘോഷിക്കപ്പെടുകയും തതനുസൃതം ദൈവകൃപയ്ക്ക് കീഴിൽ പരിവർത്തന വിധേയമാകാൻ മനുഷ്യൻ തന്റെ ഹൃദയം സമർപ്പിക്കുകയും ചെയ്യുമ്പോൾ മാത്രമേ വിശ്വാസത്തിന്റെ പടിവാതിൽ കടക്കുവാൻ അവനു സാധിക്കുകയുള്ളൂ (വിശ്വാസവാതിൽ,1). വിശ്വാസവാതിലിലൂടെ പ്രവേശിക്കുന്ന തിനുള്ള രണ്ടു വ്യവസ്ഥകളാണ് ഇവിടെ സമർപ്പിക്കുന്നത്. ദൈവവചന പ്രഘോ ഷണവും മനുഷ്യഹൃദയത്തിന്റെ പ്രത്യുത്തരവും. മനുഷ്യരായ നമുക്കുവേണ്ടി വിശ്വാസവാതിൽ ആദ്യമായി തുറക്കപ്പെട്ടത്‌ ദൈവം സ്വയം വെളിപ്പെടുത്തുവാൻ തിരുമനസ്സായതോടുകൂടിയാണ്.

സൃഷ്ടിയുടെ ആരംഭം മുതൽ പഴയ നിയമത്തിലുടനീളം ദൈവം തന്റെ ഈ വെളിപ്പെടുത്തൽ തുടർന്നുവെങ്കിലും മനുഷ്യനായവതരിച്ച ഈശോമിശിഹായിലാണ് അത് പൂർണ്ണമായത്. ദൈവത്തിന്റെ ജീവനിലേയ്ക്ക് നമ്മെ പ്രവേശിപ്പിക്കുന്ന യഥാർത്ഥ വാതിൽ നസ്രായനായ ഈശോമിശിഹായിലാണ്. വാക്കിലും പ്രവർത്തികളിലും കൂടി അവിടുന്നു പ്രഘോഷിച്ച സുവിശേഷസന്ദേശം നമുക്ക് ഈ വാതിൽ കാണിച്ചു തന്നു.

സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിനു വിശ്വാസത്തിൽനിന്നു വരുന്ന അനുസരണം (റോമ 13, 26; 2 കോറി 10, 5-6) മനുഷ്യന് നല്കണം. ദൈവവചനത്തിലൂടെ വെളിപ്പെടുന്ന ദൈവഹിതത്തിനുള്ള സമ്പൂർണ്ണമായ സമർപ്പണമാണ് വിശ്വാസത്തിന്റെ കാതൽ (ദൈവാവിഷ്കരണം, 5). ദൈവേഷ്ടപ്രകാരമുള്ള അനുദിന ജീവിതമാണത്.
    

/ ധ്രുവദീപ്തി
  

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.