Samstag, 23. August 2014

ധ്രുവദീപ്തി // Kerala Church // കേട്ടത് പാതി കേൾക്കാത്തത് പാതി- തുടർച്ച. (വൃദ്ധ വിലാപം) / ടി.പി. ജോസഫ് തറപ്പേൽധ്രുവദീപ്തി // Kerala Church //

കേട്ടത് പാതി കേൾക്കാത്തത് പാതി- 

തുടർച്ച. (വൃദ്ധ വിലാപം) / 

 ടി.പി. ജോസഫ് തറപ്പേൽ

1924- ൽ പണിയാരംഭിച്ചു 1935- ൽ പൂർത്തിയാക്കി പിതാമഹന്മാർ നമുക്ക് സമ്മാനിച്ച സുന്ദരമായ ദേവാലയം. 2011- ൽ കൊച്ചുമക്കളും രൂപതാധികാരികളും ചേർന്ന് നമ്മുടെ ചെങ്ങളം പള്ളി ഡൈനാമിറ്റ് വച്ചു തകർത്തു. . .പിതാമഹന്മാരുടെ സമ്മാനത്തിനു പുല്ലു വില !


കുരിശിന്റെ കഥകൾ.

ടി. പി. ജോസഫ് തറപ്പേൽ
ള്ളി പണിക്കുള്ള സർക്കാരിൽ നിന്നുള്ള അനുവാദം ലഭിച്ചു. പള്ളി പണിയുന്നിടത്ത് ഒരു കുരിശു വേണം. കുരിശിന്റെ നിർമ്മാണം എങ്ങനെയെന്നു നറുക്കിട്ട് വേണമെന്ന് തീരുമാനിക്കുകയും ചെയ്തു. അതിനുശേഷം വർക്കി പോത്തൻ കുറിയിട്ട് നോക്കി. കുരിശു നിർമ്മിക്കുന്നത് "കാഞ്ഞിര"ത്തിൻ മരത്തിന്റെ തടികൊണ്ടാ യിരിക്കണമെന്നു കുറി വീണു. ഇനിയെന്ത്? അത് കിട്ടായ്കയാൽ പകരം മുള്ളുവേങ്ങത്തടി കൊണ്ട് കുരിശ് നിർമ്മാണം തുടങ്ങി. പക്ഷെ, വർക്കി പോത്തന്റെ കാൽവിരലിനു വെട്ടേറ്റതു കൊണ്ട് കുറെ ദിവസം ഇരിപ്പായി. തടസ്സം. പിന്നീട് വീണ്ടും കുറിയിട്ട് നോക്കിയപ്പോൾ  അപ്പോഴും കാഞ്ഞിരത്തിൻ തടി തന്നെ വേണമെന്ന് കിട്ടി. കാഞ്ഞിര ത്തിൻ തടിക്കായുള്ള അന്വേഷണം തുടങ്ങി.

അന്വേഷണാവസാനം പുരയിടത്തിൽ പോത്തൻ വർക്കിയുടെ വക സ്ഥലത്തുനിന്നിരുന്ന കാഞ്ഞിരത്തിൻ തടി കൊടുക്കാമെന്നു സമ്മതിച്ചു. ആ മരത്തിൽ ചുറ്റിപ്പിടിച്ചു വളർന്നു നിന്നിരുന്ന കുരുമുളകുകൊടി പൊളിച്ചു മാറ്റി. തടിവെട്ടി അറുത്തെടുത്തു. വർക്കി പോത്തൻ സ്വന്തം കൈകൊണ്ടു തന്നെ പണിചെയ്ത് കുരിശുതീർത്തു. 1913 സെപ്റ്റം-29ന് മെത്രാനച്ചനിൽ നിന്നും കുരിശു സ്ഥാപിക്കുന്നതിന് വേണ്ടി അനുമതിയും ലഭിച്ചു.

മെത്രാനച്ചൻ തിരുമേനിയുടെ താത്പര്യപ്രകാരം 1913 ഒക്ടോ.7-ന്, ആദ്യ വെള്ളിയാഴ്ച കഴിഞ്ഞു വന്ന,  ചൊവ്വാഴ്ച നമ്മുടെ കുരിശ് ആനിക്കാട് പള്ളി യിൽ കൊണ്ടുചെന്ന് വെഞ്ചരിപ്പിച്ചു. ബ. പെരുമ്പുഴ അച്ചനായിരുന്നു ആനിക്കാട് പള്ളി വികാരി. അദ്ദേഹം അവിടെ പാട്ടുകുർബാന ചൊല്ലി യശേഷം പ്രദക്ഷിണത്തോടുകൂടി ചെങ്ങളത്തു വന്ന് കുരിശു സ്ഥാപിച്ചു.

ശിലാസ്ഥാപനവും വി.അന്തോനീസിന്റെ കൊത്തുരൂപവും.

പിന്നീട് വി.അന്തോനീസിന്റെ നാമത്തിൽ ശിലാസ്ഥാപനം നടത്തിയെന്നും പറയുന്നുണ്ട്. കുരിശ് സ്ഥാപിച്ചിടത്തു പന്തൽ ഉണ്ടായിരുന്നിരിക്കണം. പള്ളിക്കുള്ള യാതൊരു മുന്നൊരുക്കങ്ങളും അന്നില്ലായിരുന്നിരിക്കെ അവിടെ ശിലാസ്ഥാപനം നടത്തിയെന്ന് ആരെങ്കിലും പറയുന്നതിൽ,എന്റെ അറിവില്ലായ്മ കൊണ്ടായിരിക്കാം, എനിക്കത് മനസ്സിലാകുന്നില്ല.

എന്നെങ്കിലും ഒരുകാലത്ത് ഒരു പള്ളി സ്ഥാപിക്കപ്പെടുമെന്നതിനാൽ പ്രതീകാത്മകമായി ഒരു ശില അവിടെ എവിടെയെങ്കിലും സ്ഥാപിച്ചിരിക്കാം. നമ്മുടെ പുതിയ പള്ളിക്ക് വേണ്ടി ഒരിക്കൽ 04.10. 2011.ൽ ഒരു ശിലാസ്ഥാപനം നടത്തിയ കഥ വേറെ. പിന്നീട് പുതിയ പള്ളി പണിയാൻ വേണ്ടി പണി തുടങ്ങുന്നതിനു മുമ്പായി വീണ്ടും ഒരു ശിലാസ്ഥാപനം കൂടി നടത്തി. ചെങ്ങളത്തു കുരിശു സ്ഥാപിച്ച ശേഷം മുൻവികാരി ബ. കൊച്ചയ്യങ്കനാൽ അച്ചൻ വി.അന്തോനീസിന്റെ ഒരു ബസ്കിയിട്ട രൂപം (ഫ്രൈം ചെയ്ത) അവിടെ സ്ഥാപിച്ചു. ഒരുപക്ഷെ, 1913-ൽ കുരിശു സ്ഥാപിച്ചശേഷം ശിലാസ്ഥാപനം എന്ന പേരിൽ എന്തെങ്കിലും ഒരു ആരാധനാക്രമങ്ങൾ നടന്നിട്ടുണ്ടാ യിരിക്കണം. 1914 ഒക്ടോ. മുതൽ ആണ്ടുതോറും കല്ലിട്ട തിരുനാൾ ആഘോഷം തുടങ്ങിയത്, അപ്രകാരമാകാം.

ആദ്യത്തെ കല്ലിട്ട തിരുനാൾ ആഘോഷിച്ചത് ഒക്ടോബർ 6-ന്, ആദ്യവെള്ളിയാഴ്ച കഴിഞ്ഞു വന്ന, ചൊവ്വാഴ്ചയായിരുന്നു. അന്നാണ് ചെങ്ങളത്ത് ആദ്യമായി ദിവ്യബലിയർപ്പണം നടന്നത്. കാർമ്മികൻ ബ. കൊച്ചയ്യങ്കനാൽ അച്ചൻ ആയിരുന്നു. തിരുനാൾ കർമ്മങ്ങൾ നടത്തുന്നതിന് ഉണ്ടായിരുന്ന ഒരു ഷെഡ്ഡിൽ പലക കൊണ്ടും മറ്റും പുതിയതായി ഒരു മദ്ബഹായും അൾത്താരയും തീർത്തിരുന്നു.

തിരുനാളിനുള്ള ഈവക ഒരുക്കങ്ങൾ എല്ലാം നടത്തിയത് വർക്കി പോത്തൻ,അവിരാ മാത്തൂ, മയിലാടിയിൽ പോത്തൻ മുതലായ കുറെ പേരായിരുന്നു. തിരുനാൾ ദിവസം അന്നത്തെക്കാലത്ത് എഴുപതോളം രൂപയോളം പണിക്കൂലിവരുന്ന കരവേലയിൽ വി.അന്തോനീസിന്റെ ഒരു കൊത്തുരൂപം ആലുങ്കൽതാഴത്തു മാണി മാണി പള്ളിക്ക് ദാനം ചെയ്തു. കാഞ്ഞിരമറ്റം പള്ളി ഇടവകക്കാരനായ ചേലക്കൽ വീട്ടിൽ മാത്തു മേസ്തിരി ആയിരുന്നു പ്രസ്തുത കൊത്തുരൂപത്തിന്റെ ശില്പി. അന്നദ്ദേഹം നല്കിയ രൂപമായിരുന്നിരിക്കണം പള്ളിയുടെ മുൻഭാഗത്ത് താഴെ ഉണ്ടായിരുന്നത്. ഈ കൊത്തു രൂപമാണ് പള്ളിയുടെ ആരംഭം മുതൽ അന്നുണ്ടായ തീർത്ഥാടക പ്രവാഹകാലത്തും ഉണ്ടായിരുന്നത് എന്ന് കരുതപ്പെടുന്നു.

ഇടവകസ്ഥാപനവും ആദ്യവികാരിയും.

ചെങ്ങളത്ത് ഒരു വൈദികനെ നിയമിച്ചു കിട്ടുന്നതിനു പലതവണ ശ്രമം നടത്തി. 1917 ഫെബ്രു.17-നു മാർ ജയിംസ് കുര്യാളശ്ശേരി ചങ്ങനാശ്ശേരിയിൽ നിന്നും ആനിക്കാട്ടു പള്ളിയിൽ വിസീത്തയ്ക്കായി വന്നപ്പോൾ വർക്കി പോത്തൻ തുടങ്ങിയവരുടെ മുട്ടിപ്പായ അപേക്ഷയനുസരിച്ച് ചെങ്ങളം സന്ദർശിക്കുവാൻ സമ്മതിച്ചു. യാത്രാസൗകര്യങ്ങൾ തീരെ കുറവായിരുന്ന തിനാൽ അദ്ദേഹത്തെ പല്ലക്കിൽ എടുത്തു കൊണ്ടുവരുകയാണ് ചെയ്തത്. അപ്പോൾ, ഒരു വൈദികന് താമസ്സിക്കുന്നതിനുള്ള സൌകര്യങ്ങൾ ഏർപ്പാട് ചെയ്യുവാനും പള്ളിക്ക് അത്യാവശ്യമായ കുർബാനകുപ്പായങ്ങളും മറ്റു അനുബന്ധ സാധനങ്ങളും അരമനയിൽ നിന്നും വാങ്ങുന്നതിനും നിർദ്ദേ ശിച്ചു. നിർദ്ദേശമനുസരിച്ച് പള്ളി മുറി നേരത്തെതന്നെ പണിതു തീരത്തിരുന്നു. മെത്രാൻ ആവശ്യപ്പെട്ട കാര്യങ്ങൾ എല്ലാം പൂർത്തിയായ പ്പോൾ ചെങ്ങളത്ത് ഒരു വൈദികനെ നിയമിക്കാൻ തീരുമാനം ഉണ്ടായി. 1917 ഏപ്രിൽ മാസ്സത്തിൽ തന്നെ കൊഴുവനാൽ പള്ളി ഇടവകക്കാരനും ആനിക്കാട്ടു പള്ളിയുടെ അസിസ്തെന്തിയുമായിരുന്ന ബ. മത്തായി മണിയ ങ്ങാട്ടച്ചനെ ചെങ്ങളം പള്ളിയുടെ വികാരിയായി താൽക്കാലിക ചുമതല നൽകി നിയമിച്ചു. മൂന്നു മാസത്തേയ്ക്കായിരുന്നു ആ നിയമനം.

1917- ജൂലൈ മാസ്സത്തിൽ ബ. മത്തായി വടാന അച്ചനെ വികാരിയായി ചെങ്ങളത്തെയ്ക്ക് സ്ഥിരമായി നിയമിച്ചു. വടാന വല്യച്ചൻ എന്നാണു ഞാൻ അദ്ദേഹത്തെപ്പറ്റി കേട്ടിട്ടുള്ളത്. എനിക്ക് ഓർമ്മ വച്ചകാലത്ത് വടാന കൊച്ചച്ചൻ ആയിരുന്നു അസിസ്തെന്തി. 1917-നവംബർ 20- ന് കുര്യാളശേരി തിരുമേനി ചെങ്ങളം പള്ളിയുടെ സമീപ ഇടവകയായ കാഞ്ഞിരമറ്റം പള്ളിയിൽ വിസീത്തയ്ക്കായി വന്നപ്പോൾ ചെങ്ങളം പള്ളിയെ ഇടവകയായി ഉയർത്തി.

ആദ്യം കിഴക്കോട്ട് , പിന്നെ പടിഞ്ഞാട്ടേയ്ക്ക്.

1917- ൽ ഇടവക സ്ഥാപിതമായപ്പോൾ സ്ഥിരമായ ഷെഡ്ഡുകൾ ഉണ്ടാക്കി പള്ളിയായി ഉപയോഗിച്ചുതുടങ്ങി. അവിടെ എന്നും ദിവ്യ ബലിയർപ്പണം ഉണ്ടായിരുന്നല്ലോ. അന്ന് പള്ളിക്കുവേണ്ടി പണിത ഷെഡ്ഡ് കിഴക്കോട്ടു ദർശനമാക്കിയായിരുന്നു നിർമ്മിച്ചത്. നാലുവർഷങ്ങൾ കഴിഞ്ഞപ്പോൾ ആണ് ദർശനം പടിഞ്ഞാട്ടു വേണമെന്ന ആശയം പൊന്തിവന്നത്. അതായത്-1922-ൽ.

ഡൈനമിറ്റ് വച്ചു തകർത്ത പള്ളി.
1917-ൽ വികാരിയായി നിയമിതനായ ബ. മത്തായി വടാന അച്ചന്റെ കാലത്ത് പുതിയ പള്ളിയുടെ പണികൾക്ക് വേണ്ടിയ കാര്യങ്ങൾ പ്രധാനമായും ശദ്ധിച്ചു. മദ്ബഹായുടെ ഭാഗങ്ങൾ മിക്കവാറും അദ്ദേഹത്തിൻറെ കാലത്ത് പണിയ പ്പെട്ടുവെന്നു പറയാം. ഈ അഭിപ്രായത്തിന്റെ വെളിച്ചത്തിൽ 1922-ൽ ഷെഡ്ഡിന്റെ രൂപത്തിന് മാറ്റം വരുത്തി. മദ്ബഹായും അൾത്താരയും കിഴക്കേ അറ്റത്തേയ്ക്കു മാറ്റി സ്ഥാപിച്ചു.

ചെങ്ങളം-പ്രാരംഭ ചരിത്രം .

നൂറ്റിച്ചില്വാനം കൊല്ലങ്ങൾക്ക് മുമ്പ് ചെങ്ങളം ഒരു കുടിയേറ്റ പ്രദേശമായിരുന്നു. 19-)o ശതക ത്തിന്റെ അന്ത്യഘട്ടവും, 20-)o  ശതകത്തിന്റെ ആരംഭഘട്ടവും എന്ന് പറയാം. അന്ന് ഉണ്ടായി രുന്ന ചെങ്ങളം നിവാസികൾ വിദ്യാവിഹീനരും, പലവിധ ദുരാചാര വിശ്വാസങ്ങളുടെ അടിമ കളും ആയിരുന്നു. അവരുടെയിടയിലേയ്ക്കാണ് ചേർപ്പുങ്കൽ നിന്നും ചേർപ്പുങ്കലിന്റെ അയൽ പ്രദേശങ്ങളിൽ നിന്നും ധാരാളംപേർ കുടിയേറിയത്. കുടിയേറ്റക്കാരിൽ കൂടുതൽ പങ്കും ചേർപ്പുങ്കൽ പ്രദേശത്തു നിന്നുള്ളവർ ആയിരുന്നു. കാടുകൾ നിറഞ്ഞ സ്ഥലം. നരികൾ, പുലികൾ, തുടങ്ങിയ വന്യജീവികൾ അവിടെ സ്വൈര്യ വിഹാരം നടത്തിയിരുന്നു. കുടിയേറിയ കർഷകർ താമസ്സിച്ചിരുന്നത് ചെറിയ മോടലപ്പുരകളിൽ. അന്നത്തെ ചെറുപ്പക്കാരായ മാതാപിതാക്കൾ അവരുടെ കൊച്ചു മക്കളെ പുരയ്ക്കുള്ളിൽ 'വല്ലക്കൊട്ട'കളുടെ കീഴിൽ പിടിച്ചിട്ട് പണിചെയ്യാൻ വേണ്ടി പോകുമായിരുന്നു എന്ന് അക്കാലത്തെപ്പറ്റി ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്. പുലികളും മറ്റു വന്യ മൃഗങ്ങളും വന്നു ആക്രമിക്കാതിരിക്കുവാനാണ് അങ്ങനെ ചെയ്തത്. ഇത്തരം വന്യമൃഗങ്ങളുടെ ഉപദ്രവങ്ങൾ ഉണ്ടാകാതി രിക്കുന്നതിനും വസന്തകളും, മാത്രമല്ല മറ്റു അനാചാരങ്ങളും ഒക്കെ ഉള്ള ഇങ്ങനെയൊരു ഈ സ്ഥലത്ത് ഒരു കുരിശു സ്ഥാപിക്കുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് അവർ തീരുമാനിച്ചു. 1912 കാലഘട്ടമായിരുന്നു അപ്പോൾ.

ചെങ്ങളത്ത് ഒരു കുരിശു സ്ഥാപിച്ച 1913 മുതൽ തന്നെ അത്ഭുതങ്ങൾ തുടരെ തുടരെ നടന്നു കൊണ്ടിരുന്നു. 1918 മുതൽ വിശേഷാൽ അത്ഭുതങ്ങളും സംഭവിച്ചു തുടങ്ങി. അന്ന് മുതൽ തീർത്ഥാടകരും വന്നുകൊണ്ടിരുന്നു.

ചെങ്ങളത്ത് ഒരു വിദ്യാലയം സ്ഥാപിതമാകുന്നു.

1915-1916 കാലഘട്ടം. വലിയപറമ്പിൽ കരോട്ട് വർക്കി പോത്തൻ താമസിയാതെ ഒരു പള്ളിക്കൂടം കെട്ടിയുണ്ടാക്കി. അക്ഷരജ്ഞാനമില്ലാത്ത കുറെ കുട്ടികളെ അവിടെ വച്ചു പഠിപ്പിക്കുവാൻ ആരംഭിച്ചു. പിന്നീട് അദ്ദേഹവും കൂട്ടരും സ്കൂളിനു ഔദ്യോഗിക  അനുവാദം വാങ്ങുവാൻ സർക്കാരിൽ ഒരു അപേക്ഷ കൊടുത്തു. അധികം താമസിയാതെ തന്നെ വർക്കി പോത്തൻ മാനേജരായി സ്കൂൾ അനുവദിച്ചു ഉത്തരവ് ലഭിച്ചു. താമസിയാതെ കല്ലുകൾ പൊട്ടിച്ചും തടികൾ അറുത്തും നാട്ടുകാരുടെ ഒരു പുതിയ സ്കൂൾ കെട്ടിടം പൊതു സഹകരണത്തോടെ ഉണ്ടാക്കി പഠനം അവിടെ ആരംഭിച്ചു. അദ്ധ്യാപകരെ അതിനായി സ്കൂളിൽ നിയമിക്കുകയും ചെയ്തു. സ്കൂൾ ആരംഭിച്ചത് 1916 മെയ് 22. ന് ആയിരുന്നു. സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി ശ്രീ.പി. ജെ. ജോസഫ് പുതുപ്പറമ്പിലിനെ നിയമിച്ചു.

ചെങ്ങളം പള്ളിയുടെ സ്ഥാപനത്തിനും സ്കൂളിന്റെ സ്ഥാപനത്തിനുമെല്ലാം മുൻകൈ എടുത്തു പ്രവർത്തിച്ചവരിൽ പ്രധാനിയായിരുന്നു സ്കൂളിന്റെ ആദ്യ മാനേജരും കൂടി  ആയിരുന്ന വലിയപറമ്പിൽ കരോട്ട് വർക്കി പോത്തൻ എന്ന് പറഞ്ഞല്ലോ. അദ്ദേഹം സ്ഥലത്തെ ഒരു വൈദ്യനും കൂടിയായിരുന്നു. താന്നിക്കൽ കൊച്ചേട്ടൻ എന്നാണു എന്റെ ചെറുപ്പത്തിൽ അദ്ദേഹത്തെ ഞാൻ അറിഞ്ഞിരുന്നത്. എന്റെ വല്യപ്പന്റെ മാതുല പുത്രനായതിനാൽ അദ്ദേഹത്തെ ഞാൻ ചിറ്റപ്പൻ എന്നും വിളിച്ചിരുന്നു. 1917 ജൂലൈ മാസ്സത്തിൽ ബ.മത്തായി വടാന അച്ചൻ ചെങ്ങളത്തു പള്ളി വികാരിയായി ഇവിടെ നിയമിക്കപ്പെട്ടു. ഒക്ടോബർ മാസത്തിൽ പള്ളിക്കൂടത്തിന്റെ മാനേജർ സ്ഥാനം വർക്കി പോത്തനിൽ നിന്നും അദ്ദേഹം ഏറ്റെടുത്തു. / തുടരും - 
--------------------------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.