Sonntag, 8. September 2013

ധ്രുവദീപ്തി // Politic // സമകാലീനചരിത്രം കലഹ ചരിത്രം // George Kuttikattu

ധ്രുവദീപ്തി // Politic // സമകാലീനചരിത്രം കലഹ ചരിത്രം //  
George Kuttikattu 

സമകാലീനചരിത്രം കലഹ ചരിത്രം // 

George Kuttikattu 

ഴഞ്ചൊല്ലുകളിലെ "മൂങ്ങ" പക്ഷി സായം സന്ധ്യയുടെ ചാര നിറമുള്ള അരണ്ട വെളിച്ചം തുളച്ചു കയറുന്ന നേരത്താകാം, പുലർച്ചയുടെ തുളച്ചുകയറുന്ന പ്രകാശത്തിൽ, ജീവതത്തിനു ഉണർവു പകരുന്ന പ്രഭാതം ഉരുത്തിരിയുന്ന നേരമാകാം, അവയുടെ പറക്കൽ തുടങ്ങുന്നത്. ഈയൊരു അഭിപ്രായം പറഞ്ഞത്, ജർമനിയിലെ ഒരു (പ്രോയിസിഷൻ) പ്രസിദ്ധ തത്വ ചിന്തകനും ആദർശവാദികളിൽ പ്രമുഖനുമായിരുന്ന പ്രൊ. ജോർജ് ഫ്രീഡ്രിക് വിൽഹെൽo (1770-1831) ആയിരുന്നു. ജർമനിയിലെ സമകാലീന രാഷ്ട്രീയ നേതാക്കളുടെ സമൂഹത്തിൽ പ്രതിധ്വനിച്ച ചലനങ്ങൾ സൃഷ്ടിച്ച സാംസ്കാരിക ചരിത്രം അവലോകനം ചെയ്യുകയായിരുന്നു, അദ്ദേഹം.
   
1956-ൽ ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം രൂപീകരിച്ച നാൾ മുതൽ, ഇന്നു വരെയുള്ള സാമൂഹ്യരാഷ്ട്രീയ ചരിത്രത്തിലെ സവിശേഷതകൾ പരിശോധിച്ചാൽ നമുക്ക് ശ്രദ്ധേയമായ ചില കാര്യങ്ങൾ കാണാൻ കഴിയും. വീണ്ടു വിചാരം ഉണ്ടാകുന്നതും അത്ഭുതം തോന്നിപ്പിക്കുന്നതും പഠനാർഹവുമായ വസ്തുതകളിലുമാണ് നാം എത്തിച്ചേരുക.

കേരളത്തിലെ സാമൂഹ്യസംസ്കാരിക ചരിത്രത്തെക്കുറിച്ച് ദിനംതോറും ധാരാളം ഉച്ചത്തിൽ തർക്കിച്ച് ഉണർന്നിരിക്കുന്ന സമൂഹത്തിലേയ്ക്ക് ക്രിമിനൽ ജീവശവങ്ങളുടെ എല്ലുകൾ വലിച്ചെറിയുന്ന ആധുനിക രാഷ്ട്രീയപ്രവർത്തകരും, സഹവർത്തിത്തമുള്ള സാംസ്കാരിക നേതാക്കളും മൂലം കേരളത്തിലെ പൊതുജീവിതത്തിന്റെ  അടിസ്ഥാന ശൈലിയും ക്രമവും തെറ്റിച്ചിരിക്കുന്നു വെന്ന് ലോകം എമ്പാടുമുള്ള മലയാളികൾ പറയുന്നു. ഇവയൊന്നും കണ്ടില്ലെന്നു നടിച്ചു, സ്വന്തം നേട്ടങ്ങൾ മുഴുവൻ കൈവിരലിൽ കണക്കുകൂട്ടി കുറിച്ചു കടന്നു പോകുന്ന സമുദായ നേതൃത്വങ്ങളേയും  മതാചാര്യന്മാരേയും മറുവശത്ത്‌ വേറെ കാണാം.

കേരള രാഷ്ട്രീയ ചരിത്രസംസ്കാരത്തിന്റെ ഉത്ഭവവും അച്ചടക്കവും തുടങ്ങി ആനുകാലിക സംഭവ ചരിത്രത്തിന്റെ സ്പന്ദനങ്ങൾ ഓരോന്നും ബന്ധിപ്പിക്കുന്ന ഘടകവസ്തുതകളുടെ അജ്ഞാതമായ വസ്തുതകളും ശാസ്ത്രീയ പഠനങ്ങൾ നടത്തേണ്ടതിനു അവസരം നൽകാതെ, അത്തരം  വീക്ഷണ ചിന്തകളെ ഉദ്ദേശശുദ്ധിയില്ലാതെ ഒരു വിഭാഗം തള്ളിക്കളഞ്ഞു എന്ന് നിരീക്ഷകർ ആക്ഷേപം സൂചിപ്പിക്കുന്നു.
                                                                                                                       
കേരളം പൊതുവെ പ്രശ്ന സംസ്ഥാനമാണെന്ന അഭിപ്രായം സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രാരംഭം മുതൽ സംസാരവിഷയമാണ്. കേരള രൂപീകരണദിനം മുതൽ ഇന്നുവരെ ആ ദുഷ്പ്പേരിൽ നിന്നും കേരളത്തിനു കരകയറുവാൻ ഒട്ടു കഴിഞ്ഞിട്ടുമില്ല. സംസ്ഥാന രൂപീകരണം കേരളത്തിൽ നിലവിൽ വന്നപ്പോൾ മുതൽ ഇരുണ്ടവെളിച്ചത്തിൽ പറന്ന് നടന്നവരും  തങ്ങളുടെ സ്ഥാനം സ്വന്തമാക്കിയവരും, പകൽവെളിച്ചത്തിൽ അവരുടെ ശക്തിയുടെ ഉടമസ്ഥത തെളിയിച്ചത് കേരളത്തിൽ ജനാധിപത്യപരമായി 1957-ൽ തെരഞ്ഞെടുപ്പിലൂടെ അധികാരം പിടിച്ചെടുക്കാമെന്ന സാഹചര്യം ഉണ്ടായത്മുതലാണ്‌. 1949-മുതൽ 1956 നവംബർ 1 വരെ നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്ന തിരുവിതാംകൂറും കൊച്ചിയും മലബാറും വ്യത്യസ്ഥപ്പെട്ട സമയങ്ങളിൽ സംയോജനം നടന്ന മഹാസംഭവം മുതൽ എന്നും പറയാം.

കേരളത്തിൽ സ്പോടനത്മാകമായ രീതിയിൽ വളർന്നു വരുന്ന സാമൂഹ്യ  അച്ചടക്കമില്ലായ്മയുടെ കാരണങ്ങളിലൊന്ന് അവിടുത്തെ ആധുനിക മാദ്ധ്യമങ്ങളുടെ രാഷ്ട്രീയവീക്ഷണവും, സ്വാർത്ഥതയും കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ രാഷ്ട്രീയ മത്സര ഓട്ടവും ഒരുമിക്കുമ്പോഴാണ് ആണ് എന്ന് തോന്നിപ്പൊകും. ഇവരിൽ എന്നും ജനമനസ്സിൽ ഉണ്ടായിരുന്ന പ്രതീക്ഷകളുടെ ആകർഷണം കുറയുന്നതായി കാണാൻ കഴിയും.
                                                     
Pattam Thaanupilla
വിദ്യാഭ്യാസ രംഗം, വ്യവസായ രംഗം, തൊഴിൽ മേഖലകൾ, കാർഷിക മേഖലകൾ. കർഷക തൊഴിലാളി മേഖലകൾ, പൊതുമേഖലകളും സ്വകാര്യ മേഖലകളും സാമ്പത്തികവും ബാങ്കിംഗ് മേഖലയും, ഗതാഗതം, റോഡുകൾ, ആരോഗ്യ മേഖല, ഭവനനിർമ്മാണ മേഖലയും ആധുനിക ടെക്ക്നോളജിയും, വായുവും ശുദ്ധജലവിതരണവും ഗവേഷണം, പരിസ്ഥിതി സംരക്ഷണം തുടങ്ങി നിരവധി മേഖലകളിൽ വികസനം ഇപ്പോഴും മുരടിച്ചുതന്നെ നില്ക്കുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്ത കേരളത്തിൽ നിരന്തരം പ്രധാന വാർത്തയായി ദിവസവും നാം കേൾക്കേ ണ്ടി വരുന്നത്, അഴിമതികൾ മൂലം വികസനം അടിസ്ഥാനമായിത്തന്നെ തകരുന്നു എന്നാണ്. ഇന്ത്യൻ സാമ്പത്തിക വികസന ചരിത്രത്തിലെ വ്യത്യസ്ഥവും വികലമായതുമായ ഒരു പ്രശ്ന സംസ്ഥാനമായിത്തീരുകയാണ്, കേരളം എന്നാണല്ലോ നാം അപ്പാടെ തന്നെ മനസ്സിലാക്കേണ്ടത്.

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഓർമ്മിക്കപ്പെടാൻ ഇടയായ മൂർച്ചയേറിയ  രണ്ടു പ്രധാന രാഷ്ട്രീയ ഉഴുതു മറിക്കലായിരുന്നു കേരള ജനത ഭീതിയോടെ  നേരിൽക്കണ്ടത്. 1957-ൽ ഒരു ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ കേരളത്തിൽ കമ്യൂണിസ്റ്റുകൾ അധികാരത്തിൽവന്നു. ദുർഭരണം നടത്തിയ കമ്യൂണിസ്റ്റ് സർക്കാരിനെ അധികാരത്തിൽ നിന്നും പിരിച്ചുവിടാൻ കോണ്‍ഗ്രസ്സും ജനാധിപത്യകക്ഷികളും ചേർന്ന് നടത്തിയ വിമോചനസമരവും, പിന്നീടു 2013-ൽ കോണ്‍ഗ്രസ് പാർട്ടിയും ഘടകകക്ഷികളും ഉൾപ്പെട്ട UDF സർക്കാരിന് നേർക്ക്‌ അഴിമതി ആരോപണം ഉന്നയിച്ചു സി.പി.എം ഉൾപ്പെട്ട എൽ.ഡി.എഫ് പ്രതിപക്ഷം നയിച്ച ഉപരോധസമരവും ആയിരുന്നു ആ പ്രധാന സംഭവങ്ങൾ.

ഒരു പാർലമെണ്ടറി ജനാധിപത്യ വ്യവസ്ഥിതിയിലുള്ള കേരളത്തിലെ ഒരു സർക്കാരിനെയോ ജനാധിപത്യ സംവിധാനത്തെയോ ആളുകളെയോ സംരക്ഷിക്കുന്നതിനു വേണ്ടി ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന് ചുറ്റും പോലീസും പട്ടാളവും കാവൽ നിൽക്കേണ്ടി വന്നത് തന്നെ ലോക ത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്നവകാശപ്പെടുന്ന ഇന്ത്യ യുടെ രാഷ്ട്രീയ ചരിത്രാന്തസ്സിനു കളങ്കം വരുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിനുള്ള സവിശേഷ മേന്മകൾ നമ്മുടെ കേരളത്തിലെ പ്രതിപക്ഷപാർട്ടികൾ ജനാധിപത്യത്തിന്റെ പേരിൽ കലക്കി മറിക്കുവാൻ ശ്രമിച്ചു. നിയമ സഭാസമ്മേളനം ഒരു യുദ്ധസമാനമായ സംഭവ മാക്കി മാറ്റി തകർക്കുകയാണ് ചെയ്തത്. അവകാശ-പ്രതിഷേധ സമരത്തിന്റെ പുകമറയിൽ ഇടതുപക്ഷ പ്രതിപക്ഷം ജനാധിപത്യ മര്യാദകൾ മറന്നുകൊണ്ട് കമ്യൂണിസ്റ്റ്കൾ വിപ്ലവ മാതൃകയാണ് തിരുവനന്തപുരത്തുള്ള ഭരണസിരാ കേന്ദ്രം വളഞ്ഞു പ്രതിരോധം നടത്തുവാൻ സ്വീകരിച്ചത്. കേരളത്തിലെ കമ്യൂണിസ്റ്റുകൾ കാലം പോയതറിഞ്ഞില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ കനത്ത പരാജയം അവർതന്നെ വിലയ്ക്ക് വാങ്ങി. സമരത്തിന്റ മറയിൽ പലതും കേരളത്തിലെ ജനങ്ങൾക്ക്‌ അവരറിയാതെ നഷ്ടമായി.

ജനപ്രതിനിധികൾ ജനാധിപത്യ മര്യാദയും സംസ്കാരവും മറന്നു. നിയമസഭ നടത്താതെ രാജ്യം ഭരിക്കണം എന്നാണോ ജനപ്രതിനിധികൾ ചിന്തിക്കുന്നത്? ജനങ്ങളിൽ നിന്നും നിയമം നടപടികളും ചൂണ്ടിക്കാണിച്ചു പിരിച്ചെടുക്കുന്ന നികുതിപ്പണം ദുർവിനിയോഗം നടത്തുന്ന ജനപ്രതിനിധി കളെ  ജനങ്ങൾ തന്നെ ശിക്ഷിക്കേണ്ട ദുർഗതി കേരളത്തിൽ ഉണ്ടാകുന്നത് ഒരു രാഷ്ട്രീയ വിപത്ത് തന്നെയാണ്.

E.M.S.Namboothiripadu
തെരഞ്ഞെടുപ്പു ചട്ടങ്ങളിൽ സുപ്രീം കോടതി യുടെ കണ്ടെത്തലുകളിൽ നടത്തിയ വിധിയെ പ്പോലും ക്രിമിനലുകളായ ജനപ്രധിനിധികളെ എക്കാലവും സംരക്ഷിക്കുവാൻ വേണ്ടി അട്ടി മറിക്കുവാൻ പോലും ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നു.കേരളത്തിൽ നിയമ വാഴ്ചയും കോടതി സംവിധാനവും സംശയകര മായ രീതിയിൽ ക്രിമിനലുകളുടെ പിടിയിൽ അകപ്പെട്ടിരിക്കുന്നതായി ഇപ്പോഴുള്ള പുതിയ അഴിമതി കേസ്സുകളുടെ നാൾ വഴി കണ്ടാൽ തോന്നും. കള്ളൻ കപ്പലിൽത്തന്നെയെന്നു ഭരണകക്ഷികൾ തന്നെ ആരോപിക്കുന്നു. നിയ മസംവിധാനത്തിലെ തകിടം മറിച്ചിലുകൾ  നിരീക്ഷണ വിധേയമാക്കേണ്ടത് പാർലമെണ്ട റി ജനാധിപത്യ സംരക്ഷണത്തിനു നിലവിൽ ആവശ്യമാണ്.

കേരളത്തിലെ പോലീസ് ഭരണം കുറ്റവാളികളെ "ശിക്ഷിക്കാൻ" വേണ്ടിയല്ല. കുറ്റക്കാരെ ശിക്ഷിക്കാൻ കോടതിയും നിയമവ്യവസ്ഥകളും ഉണ്ടല്ലോ. പോലീസുകാരുടെ ശിക്ഷണപരിശീലനം നവീകരിക്കേണ്ട സമയം കഴിഞ്ഞതുപോലും വകുപ്പ് മന്ത്രിക്കുവരെ പരിജ്ഞാനമില്ലാഞ്ഞിട്ടാണോ അഥവ ഇങ്ങനെയുള്ള വകുപ്പുമന്ത്രിയുടെ വീര്യം ജനങ്ങൾക്ക് നേരെ ചൂണ്ടി ബോദ്ധ്യപ്പെടുത്താനുള്ള ശ്രമമാണോ? ഇതിൽ ഏതാണ് പോലീസ് ഭരണത്തെക്കുറിച്ച് ജനങ്ങൾ മനസ്സിലാക്കേണ്ടത്? നിയമം കയ്യിലെടുക്കുന്ന പോലീസിന്റെ നടപടിയെ ശരി വയ്ക്കുന്ന രാജ്യം ഭരിക്കുന്ന മുഖ്യ മന്ത്രിയുടെ നയം, "നിയമം നിയമത്തിന്റെ വഴിക്കും ഞാൻ എന്റെ വഴിക്കും പോകും എന്നതാണോ? മൃഗീയമായി പോലീസിനെ അഴിച്ചു വിടുന്ന പോലീസ് ഭരണശൈലി ഏകാധിപത്യത്തിൽ നടക്കുന്നതാണ് .

പോലീസിനു ചില വ്യക്തമായ ദൌത്യമുണ്ട്, പോലീസിനു ഒരു വ്യക്തമായ നിർവചനവുമുണ്ട് .

കേരളത്തിലെ രാഷ്ട്രീയ ചരിത്രം എന്നും കലഹചരിത്രം തന്നെയാണ്. ലോകം മുഴുവനുമുള്ള ജനങ്ങൾ എന്നേയ്ക്കുമായി എഴുതിത്തള്ളിയ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനു പിറകെ ഇപ്പോഴും നടക്കുന്ന ലക്ഷ്യബോധമില്ലാത്ത  കുറെ ജനങ്ങൾ ഉണ്ട്, കേരളത്തിൽ. കമ്യൂണിസം ജനാധിപത്യവ്യവസ്ഥയെ അംഗീകരിക്കുന്നില്ലയെന്നു ലളിതമായി പറയാം. ഇന്ത്യാരാജ്യത്തിന്‌ ജന്മം നൽകാൻ വേണ്ടി കുറെ ആളുകൾ കൂടി യുണ്ടാക്കിയ ഒരു പ്രസ്ഥാനമായിരുന്നു ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്. അന്ന് അതിനു ആപ്രകാരമൊരു ദൗത്യമായിരുന്നു നിർവഹിക്കാനു ണ്ടായിരുന്നത്. ഇന്ന് കോണ്‍ഗ്രസ് ഒരു ദേശീയ രാഷ്ട്രീയപാർട്ടിയായി മാറി. രാഷ്ട്രീയ പാർട്ടികളുടെ പെരുപ്പം രാജ്യത്ത് ജനങ്ങളുടെ സമാധാന ജീവിതത്തെ ഉഴുതു മറിക്കുവാനും കാരണമാക്കിയിട്ടുണ്ട്. ജനങ്ങൾക്ക്‌ പ്രലോഭനകരമായ വാഗ്ദാനങ്ങൾ നല്കാൻ കഴിവുള്ള നേതാക്കന്മാർ പ്രസംഗത്തിനുണ്ട്, കോണ്‍ഗ്രസ് പാർട്ടിക്ക്.

"കോണ്‍ഗ്രസ് ന്യൂനം അഴിമതി സമം കേരളാകോണ്‍ഗ്രസ് എന്നാണു കേരളാ കോണ്‍ഗ്രസിന്റെ നിലപാട്" എന്ന് 1965-ൽ പ്രസിദ്ധ പത്രപ്രവർത്തകനും മുൻ കേരളാകോണ്‍ഗ്രസ് എം. പി. യുമായിരുന്ന ശ്രീ കെ. സി. സെബാസ്റ്യൻ അഭിപ്രായപ്പെട്ടത്. ഇപ്പോഴും കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ച് പറഞ്ഞാൽ, ഔദ്യോഗിക കോണ്‍ഗ്രസിന് ഇന്നും തലവേദന ഉണ്ടാക്കിക്കൊണ്ട് രാഷ്ട്രീയ രംഗത്തും ഭരണതലത്തിലും സജ്ജീവമായി മുന്നോട്ടുപോകുന്നത് കണ്ടാൽ, അത് ശരിവയ്ക്കേണ്ടി വരും.

കേരളം ആര് ഭരിച്ചാലും അവിടെ എന്ത് സംഭവിച്ചാലും, ജീവിതം വിലക്കയറ്റത്തിൽ ദുസ്സഹമായാലും, ചെകുത്താനോ ദൈവമോ ഭരിച്ചാലും എനിക്കെന്ത് എന്ന് ചിന്തിക്കുന്ന വോട്ടർമാരും കേരളത്തിൽ ഉണ്ടല്ലോ. കേരളത്തിൽ ജനാധിപത്യം തന്നെ അപകടത്തിലാകുമോയെന്നുവരെ സന്ദേഹിക്കുന്ന ഇപ്പോഴത്തെ നിലവരുത്തി വച്ചതിനു കാരണം കോണ്‍ഗ്രസിന്റെയും ഹൈക്കമാണ്ടിന്റെ നിലപാടുമാണെന്ന് സാധാരണ  ഒരു വിഭാഗം ജനങ്ങൾ വിശ്വസിക്കുന്നു. മാത്രമല്ല പാർട്ടിയുടെ തെറ്റുകൾ തിരുത്തുന്നതിനു പകരം അഴിമതിക്കേസുകളെ പുകമറയ്ക്കുള്ളിൽ അപ്രത്യക്ഷമാക്കുവാൻ ശ്രമം നടത്തുന്നതാണ് കോണ്‍ഗ്രസിന് ഈ നില ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് വിശ്വസിക്കുന്നവർ വളരെയുണ്ട്.

കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്കുള്ളിലെ ഗ്രൂപ്പ് ചലനങ്ങളും വിഭാഗീയതയും ജനാധിപത്യ ചിന്തയുടെ മൂല്യത്തിനു ഭൂഷണമല്ലെന്ന് ചിലർ പറയുന്നു. എങ്കിലും ഈ ദുർഭൂതം ഇവരെ വിട്ടുമാറുകയില്ല എന്ന പ്രത്യേകത വളരെ ശക്തി പ്പെടുകയാണ്‌ എന്ന് മറ്റു ചിലരും പറയുന്നു. ചിലർക്ക്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് കിട്ടാത്തതിന് പിളർപ്പുണ്ടാക്കി വരുന്നു, ചിലർ സാമുദായിക ചേരി തിരിവിൽ ഉൾപ്പെട്ടു ജനങ്ങളിൽ ആശയ ക്കുഴപ്പം ഉണ്ടാക്കുന്നു. ഇതിലേറെ വിചിത്രമായ കാര്യം, മുസ്ലീംലീഗിനെ സംബന്ധിച്ച് അവരുടെ നിലയ്ക്ക് ഒരു വാട്ടവും കോട്ടവും ഉണ്ടാകില്ല. അവരുടെ ആവശ്യങ്ങൾ ഉള്ളത് അതുപോലെ തന്നെ സംരക്ഷിക്കപ്പെടു കയും ചെയ്യുന്നുണ്ട്.

കേരളത്തെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ ദുർവിധി, ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് വീണ്ടും പുറത്തു വന്നവരും, ക്രിമിനൽ കുറ്റ വാളികളും ജനപ്ര തിനിധികളായിട്ടും മറ്റു ഉന്നത അധികാരസ്ഥാനങ്ങൾ വഹിക്കുന്നവരായിട്ടും ഇപ്പോഴും ഭരണത്തിലെ താക്കോൽ സ്ഥാനങ്ങളിൽ വിരാജിക്കുന്നതാണ്. ഈ ദുർഗതി ആര് അധികാരത്തിൽ വന്നാലും അവരെ ചുറ്റിപ്പറ്റി നിന്ന് ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ വേണ്ടി ഇത്തരം വിരുതന്മാർ ചുറ്റും പ്രവർത്തിക്കുന്നുണ്ടാകും. അല്ലാത്തവർ അവഗണിക്ക പ്പെടുകയും ചെയ്യുന്നു.

കേരളം എന്നും പ്രശ്ന സംസ്ഥാനമാണെന്ന് മുൻപ് പറഞ്ഞല്ലോ. കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ നില വളരെ വ്യക്തമാണ്. കേരളത്തിലെ ഒരു വിഭാഗം ജനങ്ങളും ഒരു പൊതു അഭിപ്രായത്തിലെ വികസന തത്വങ്ങളിൽ അടിസ്ഥാനപരമായി യോജിക്കുകയില്ലെന്നതാണ് കേരള രാഷ്ട്രീയത്തിലെ യഥാർത്ഥ പ്രശ്നം. അതിനാൽ കേരളത്തിൽ ഒരിക്കലും ഒരു ഏകകക്ഷി ഭരണം ഉണ്ടാവുകയില്ല. ഏതു രാഷ്ട്രീയ പാർട്ടികൾ ഭരണത്തിൽ വന്നാലും എന്തുകൊണ്ട് ചരിത്രം അതുപടി ആവർത്തിക്കപ്പെടുന്നു?

വികസനകാര്യങ്ങളിൽ  മാറി മാറി വന്നിട്ടുള്ള  സർക്കാരുകൾ കേരളത്തെ  ഒരു സ്പോടനത്തിന്റെ വക്കിൽ വരെ കൊണ്ടു വന്നു നിറുത്തിയിരി ക്കുകയാണ്. വിദ്യാഭ്യാസം, തൊഴിൽ, ഭക്ഷ്യം, കാർഷികം, വ്യവസായം, ഗതാഗതവും റോഡുകളും, ബിസ്സിനസ് രംഗം, എനർജിയും പരിസ്ഥിതി സംരക്ഷണവും ,മാലിന്യനിർമാർജ്ജനം, പൊതുജനാരോഗ്യം എന്നിങ്ങനെ വികസനം എത്തേണ്ടിയിടങ്ങളിലെല്ലാം ശാസ്ത്രീയമായി അതെത്താതെ, അവയൊക്കെ  പരാധീനതയുടെ കുറിപ്പ് താളുകളിൽ കുറിക്കപ്പെടുകയാണ്.

മൂലധനനിക്ഷേപത്തിനും തൊഴിലില്ലായ്മയുടെ പരിഹാരത്തിനും തല്ക്കാലം മറ്റു വഴിയില്ലാത്ത അഴിമതിദൂഷിത വലയത്തിൽ ഇപ്പോഴുള്ള ഭരണ നേതൃത്വവും കളങ്കപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ, ദീർഘവീക്ഷണമില്ലാത്ത  ഭരണാധികാരികൾ അവരുടെ മെയ് വഴക്കത്തിന് അനുസരണമായി കേര ളത്തെ  മാറ്റിയിരിക്കുന്നു.

വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ പിഴവാണ് ഏകജാലക സമ്പ്രദായം. കുട്ടികളുടെ വിദ്യാഭ്യാസവും വളർച്ചയും സർക്കാരിന്റെ മേല്നോട്ടത്തിലും വരുതിയിലും കൊണ്ടുവരുകയെന്നതാണ് ഉദ്ദേശം. പൂർവജർമൻ സർക്കാർ  (കമ്യൂണിസ്റ്റ് സർക്കാർ) അനുവർത്തിച്ച സാമൂഹ്യവിദ്യാഭ്യാസ നയമാണ് കേരളം ഭരിച്ച കഴിഞ്ഞ കമ്യൂണിസ്റ്റ് സർക്കാർ ഏകജാല (ക) വിദ്യയിലൂടെ പ്രയോഗിച്ചത്. പൂർവ്വജർമനിയിൽ "കിന്റർ ഗാർഡൻ "കുട്ടികളുടെ പോലും മേൽനോട്ടവും ശിക്ഷണവും സർക്കാർ കൈയ്യടക്കുകയാണ് ചെയ്തത്. വിദ്യാഭ്യാസ വിഷയങ്ങളിൽ കുട്ടികളുടെയും മാതാപിതാക്കളുടെയും താൽപ്പര്യമോ അവകാശങ്ങളോ കമ്യൂണിസ്റ്റ് സർക്കാർ അവിടെ ഒന്നും അംഗീകരിച്ചില്ല.

കുട്ടികളുടെ വിദ്യാഭ്യാസം എവിടെ നടക്കണം, എന്ത് വിഷയം പഠിക്കണം എന്നൊക്കെ നിശ്ചയിക്കാൻ മാതാപിതാക്കൾക്കും കുട്ടികൾക്കും സ്വാതന്ത്ര്യം ഉണ്ട്. GDR-ൽ അവരുടെ അവകാശങ്ങളിൽ നിയന്ത്രണം ഉണ്ടാക്കിയിരുന്നു. കേരളത്തിൽ യഥാർത്ഥത്തിൽ ഇതുതന്നെ ആശയം കമ്യൂണിസ്റ്റുകൾ നടപ്പാക്കി. ജനം എന്തറിഞ്ഞു? വീടിനടുത്ത് പഠനസൗകര്യം ഉണ്ടെങ്കിൽ പോലും സർക്കാർ ചൂണ്ടിക്കാണിക്കുന്ന സ്കൂളിൽ ചേർന്നു കൊള്ളണം! മനുഷ്യാവകാശ ധ്വംസനമാണ് ഇത്. കമ്യൂണിസ്റ്റുകൾ ഇതുപോലെയാണ് പൂർവ്വ ജർമ്മനിയിലും നടത്തിയത്. പക്ഷെ, കേരളത്തിൽ ഇപ്പോൾ ജനാധിപത്യ മുന്നണി സർക്കാർ ഇടതു കമ്യൂണിസ്റ്റ്കളുടെ ആശയം തുടരുന്നതിലെ ദുരൂഹത ആർക്കാണ് മനസ്സിലാകാത്തത്?

ഇപ്പോൾ, കേരളത്തിൽ എന്താണ് സംഭവിച്ചിരിക്കുന്നത്? വിദ്യാഭ്യാസ രംഗത്തും കാർഷികരംഗത്തും അടിസ്ഥാനമാറ്റങ്ങൾ വിഭാവന ചെയ്യുന്ന പരിഷ്കാരങ്ങൾ സ്ഥാപിത താൽപ്പര്യക്കാരിൽ വല്ലാതെ വിറളി പിടിപ്പിച്ചിട്ടുണ്ട്. കാർഷിക രംഗം തകർന്നു. കർഷകത്തൊഴിലാളികളുടെ ദിവസക്കൂലി ഒരു നിയന്ത്രണവുമില്ലാതെ വർദ്ധിച്ചത് കർഷകരെ വിഷമത്തിലാക്കി. തൊഴിൽ രംഗത്തു സ്വജന പക്ഷപാതവും കോഴ വ്യവസായവും കൊഴുത്തുവരുന്നു. എനർജിരംഗവും വ്യവസായരംഗവും വിലക്കയറ്റവും, നേതാക്കളും ക്രിമിനൽ അഴിമതിയും വിവാദങ്ങളുടെ നടുക്കയത്തിലായിട്ടും കമ്യൂണിസ്റ്റുകളെപ്പോലെ തന്നെ "സ്വയം നന്നായി ഭരിക്കുകയുമില്ല മറ്റുള്ളവരെ ഭരിക്കാനും സഖ്യ ഘടക കക്ഷികളെ കൂടെ നടത്താനും അനുവദിക്കുകയില്ലാ" എന്ന കോണ്‍ഗ്രസ് നയം കാരണമാണ് കേരള ത്തിലെ ഇപ്പോഴുള്ള രാഷ്ട്രീയ പ്രശ്നം വീണ്ടും തലപൊക്കി യത്.

ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചശേഷം ആദ്യം നടന്ന സാമൂഹ്യരാഷ്ട്രീയ സംഘർഷമായിരുന്നു പുന്നപ്ര-വയലാർ സമരം. അതിനുശേഷമായിരുന്നു ഒരു തെരഞ്ഞെടുപ്പുണ്ടാകുന്നതും. അന്ന്, കോണ്‍ഗ്രസ് വഴിയിൽക്കണ്ട മയിൽക്കുറ്റികളെപ്പോലും സ്ഥാനാർഥികളായി നിറുത്തി. അന്ന് ഒരു കമ്യൂ ണിസ്റ്റ്കാരനുപോലും വിജയിക്കാൻ കഴിഞ്ഞില്ല. തിരുക്കൊച്ചി സംയോ ജനശേഷം നടന്ന തെരഞ്ഞെടുപ്പിൽ, (1949) ആണ്, ഒരു കമ്യൂണിസ്റ്റ്കാരൻ നിയമ സഭയിലെത്തിയത്.

 ശ്രീ. പി. ടി. ചാക്കോ 
എന്നാൽ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിരോഗം മൂലം 1952 കോണ്‍ഗ്രസിനുള്ള പ്രതിശ്ചായ തകർന്നു തുടങ്ങി. ആദ്യ പരാജയം 1954- തിരുക്കൊച്ചിയിൽ സംഭവിച്ചു. 1957- ൽ അന്ന് പി. എസ്. പി. യും കോണ്‍ഗ്രസും ഭയപ്പെട്ടതു പോലെ കേരളത്തിൽ സംഭവിച്ചു. ഈ. എം. എസ്. നമ്പൂതിരിപ്പാടിന്റെ കമ്യൂണിസ്റ്റ് അധികാര വാഴ്ച്ചയെ നേരിടാൻ കരുത്തുള്ള ഒരു ജനകീയ പ്രതിപക്ഷം കോണ്‍ഗ്രസ്സിൽ  ശ്രീ പി. റ്റി. ചാക്കോയുടെയും, പി. എസ്. പി. നേതാവ് ആയിരുന്ന   ശ്രീ പട്ടം താണു പിള്ളയുടെയും   നേതൃത്വത്തിൽ  ഉണ്ടായിരുന്നു. വിമോചന സമരത്തിന് അവസാന തീർപ്പ്‌ നടപടി യായി, ഒരു ജനാധിപത്യ പൊതുതെരഞ്ഞെടു പ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂ ണിസ്റ്റ് മന്ത്രി സഭയെ 1959-ൽ ഇന്ത്യൻ പ്രസിഡണ്ട് ഡിസ്മിസ് ചെയ്തു. ഒടുവിൽ  ജനാധിപത്യം വിജയിച്ചു.

പ്രതിപക്ഷപാർട്ടികൾ നടത്തിയ നിയമസഭാസമരനടപടികൾ നല്ല മാതൃകാ നടപടിയല്ലായിരുന്നു. പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാട് എന്തായാലും നിയമസഭയിൽ വേണ്ടിയ ഭൂരിപക്ഷമുള്ളിടത്തോളം കാലം അധികാരം ഉപേക്ഷിക്കുകയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതും പ്രധാന സംഭവങ്ങൾ തന്നെ.

കയ്യേറ്റശ്രമങ്ങളും, നിയമസഭാ നടുത്തളത്തിലെ  പ്രതിഷേധ പ്രകടനങ്ങളും നിയമസഭാ ബഹിഷ്ക്കരണവും കേരള നിയമസഭാ സമ്മേളനത്തിലെ നിത്യ സംഭവമായി മാറി. ഇങ്ങനെയുള്ള നടപടികൾ എല്ലാം ഭരണഘടനയ്ക്ക് വെളിയിൽ ഉള്ള മാർഗ്ഗങ്ങളാണ്. 1963-ൽ ശ്രീ പി.റ്റി. ചാക്കോയെ ആഭ്യന്തര മന്ത്രിസ്ഥാനത്തു നിന്നുംമാറ്റണമെന്ന് പറഞ്ഞു നടത്തിയ പി. ഗോപാലന്റെ നിരാഹാരസമരവും എല്ലാം, നിയമസഭയിൽ നടക്കരുതാത്ത സംഭവങ്ങൾ  ആയിരുന്നു.

ഇപ്പോൾ കേരളത്തിൽ നടക്കുന്ന പ്രതിപക്ഷ ഉപരോധസമരം UDF മുഖ്യമന്ത്രിക്കെതിരെ ഉയർന്ന സോളാർ അഴിമതിക്കേസിനെ ചൊല്ലിയാണ്. പ്രതിപക്ഷം കിട്ടിയ വടികൊണ്ട് പ്രഹരിക്കാൻ തന്നെ തീരുമാനിക്കുന്ന നിഴലുകളാണ് കാണുതും. അഴിമതിക്കാരായ മന്ത്രിമാരും ജനപ്രതി നിധികളും ഉദ്യോഗസ്ഥരും മാറിമാറി വന്നിരുന്ന സർക്കാരുകളിൽ ഉണ്ടായി രുന്നു. എന്തായാലും പ്രതിപക്ഷ  സമരോത്സവ കമ്മിറ്റിക്കാരുടെ തിരുവനന്ത പുരത്തെ ഉപരോധഉത്സവക്ഷീണവും മാറി, അവരുടെ കണക്കു തീർത്ത്‌ കഴിഞ്ഞാലറിയാം, ലാഭനഷ്ടങ്ങൾ. അടുത്ത ഉത്സവം പൊടിപൂരമാക്കണ മെങ്കിൽ പ്രതിപക്ഷം ഒരുമിച്ചു മിക്കവാറും ഇപ്പോഴേ ശരണംവിളി മുഴക്കേണ്ടത്‌ ആവശ്യമായി വരും. അപ്പോൾ പണസഞ്ചിപ്പിരിവും ആസ്തി ബാദ്ധ്യതകളും കൂട്ടികിഴിച്ചു നോക്കേണ്ടതായി വരും.

തടിക്കഷണം പോലെ കിടന്ന അഴിമതിക്കാര്യം, തെളിവുകൾ മുഴുവൻ യഥാവിധി ഇല്ലാതാക്കി കഴിഞ്ഞുവെന്ന സൂചന പ്രചരിച്ചു കഴിഞ്ഞു. അപ്പോൾ മന്ത്രി സഭയെ തകർക്കാനുള്ള എല്ലാ വിപ്ലവവീര്യവും ഇടതുപക്ഷം സ്വയം ചോർത്തി കളയുമെന്ന് തീർച്ച. പക്ഷെ, മന്ത്രിസഭ ചെയ്യരുതാത്തതു ചെയ്തുവെന്ന് ശത്രുക്കളും, ക്രമസമാധാന നിലമെച്ചപ്പെട്ടെന്നു ഭരണപക്ഷവും, പൂച്ചെണ്ടുകളും കരിക്കുംവെള്ളവും സ്വപ്നങ്ങളുമായി പോലീസ് അകമ്പടിയിൽ പോകുമ്പോൾ എല്ലാം "ഭദ്രം" എന്ന് മന്ത്രിമാർക്കും തോന്നും. രാവിന്റെ ഇരുണ്ട വെളിച്ചത്തിലും പകൽ വെളിച്ചത്തിലെ മങ്ങിയ നിഴലുകളിലൂടെയും പറക്കുന്നവർ "എല്ലാം ക്ലീൻ" എന്ന് പറയും! പക്ഷെ, ചോറിൽ എവിടെയെങ്കിലും ഒരു തരി കല്ലുകിടന്നാൽ അത് കടിക്കും./gk

---------------------------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.