Sonntag, 15. September 2013

ധ്രുവദീപ്തി // The 18th German Federal Election, 2013 // അൻഗെലാ മെർക്കൽ ഒരിക്കൽക്കൂടി വിജയം ആവർത്തിക്കുമോ?// ജോർജ് കുറ്റിക്കാട്ട്




ധ്രുവദീപ്തി // The 18th German Federal Election, 2013 / അവലോകനം 


അൻഗെലാ മെർക്കൽ ഒരിക്കൽക്കൂടി 
വിജയം 
ആവർത്തിക്കുമോ?// 


ജോർജ് കുറ്റിക്കാട്ട്     



               Mr. Peer Steinbrück (S P D)                     
2013 സെപ്റ്റംബർ 22-ന് ആണ് ജർമനിയുടെ പതിനെട്ടാമത്തെ പാർലമെന്റ്   തെരഞ്ഞെടുപ്പ് നടക്കുന്നത്. 2013 ഫെബ്രു.8-ന് ജർമൻ ഭരണഘടനയുടെ Article 39 / 1 -ൽ വ്യവസ്ഥ ചെയ്യുന്ന  പ്രകാരം ജർമൻ ഫെഡറൽ റിപ്പബ്ലിക്കിന്റെ പാർലമെണ്ട് തെരഞ്ഞെടുപ്പ് തിയതി ജർമൻ പ്രസിഡണ്ട് പ്രഖ്യാപിച്ചിരുന്നു.

ജർമൻ പാർലമെണ്ടിന്റെ പരി പൂർണ കാലാവധി നാല് നീണ്ട  വർഷമാണ്‌. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഇടക്കാല തെരഞ്ഞെടുപ്പുകളും ഉണ്ടാകാം. അതിനുള്ള കാരണങ്ങളിൽ ഒരു ഉദാഹരണം, സർക്കാരിനെതിരെ വരുന്ന വിശ്വാസ വോട്ടെടുപ്പിൽ, സർക്കാരിനുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ താമസിയാതെ ഇടക്കാല തെരഞ്ഞെടുപ്പുകൾ അനിവാര്യമാകും. ജർമനിയിൽ ഇതുവരെ 1972, 1983, 2005 എന്നീ വർഷങ്ങളിൽ ഇടക്കാല തെരഞ്ഞെടുപ്പുകളുണ്ടായ ചരിത്രമുണ്ട്..

ഫെഡറൽ റിപ്പബ്ലിക്ക് ജർമനിയുടെ പതിനെട്ടാമത് പാർലമെണ്ട് തെരഞ്ഞെടുപ്പിൽ പതിനാറു സംസ്ഥാനങ്ങളിൽ നിന്നുമായി 598 അംഗങ്ങളെ വോട്ടെടുപ്പിൽ തെരഞ്ഞെടുക്കും. 1949 ആഗസ്റ്റ്‌ 14നു ആണ് ആദ്യ ജർമൻ (പശ്ചിമ ജർമനി) ഫെഡറൽ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് സോഷ്യൽ  ഡെമോക്രാറ്റിക്ക് ആകെ 29%, ക്രിസ്ത്യൻ ഡെമോക്രാറ്റുകൾക്ക് ആകെ 25.2%, ഫ്രീ ഡെമോ ക്രാറ്റുകൾക്ക്  11.9% വോട്ടുകളും ലഭിച്ചു. 2013- ൽ നടക്കാനിരിക്കുന്ന തെര ഞ്ഞെടുപ്പിലേയ്ക്ക് രാജ്യത്താകെ അന്ന്  4451 സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. ഇത്രയും പേർ ജർമനിയിൽ ആകെയുള്ള 34 രാഷ്ട്രീയപാർട്ടികളിൽ നിന്നുമായിട്ടാണ്.

തെരഞ്ഞെടുപ്പ് അടുത്തതോടെ ജർമനിയിലെ രാഷ്ട്രീയാന്തരീക്ഷം കൂടുതലേറെ സജ്ജീവമായിരിക്കുന്നു. അൻഗേലാ  മെർക്കലിന്റെ നേതൃത്വത്തിൽ 2009 മുതൽ അധികാരത്തിലിരിക്കുന്ന സി.ഡി.യൂ / സി.എസ്.യൂ / എഫ്‌.ഡി.പി കൂട്ടുകക്ഷി സർക്കാരിന്റെ തുടർച്ചയും  മുന്നോട്ടു കൊണ്ടുപോകുവാൻ അശ്രാന്തം കഠിനാധ്വാനം  ചെയ്യുന്നു.  

2009 ഒക്ടോബർ 27ന് തുടങ്ങിയ നാലുവർഷ പാർലമെണ്ടിന്റെ  കാലാവധി, പുതിയ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതോടെ അത് തീരുകയാണ്. അടുത്ത ദിവസം 28 ഒക്ടോബർ, 2009-ൽ രാജ്യത്തെ പാർലമെണ്ടിന്റെ ഭരണഘടനാസമിതിയുടെ സമ്മതപ്രകാരം 28-8-2013- ൽ പുതിയ തെരഞ്ഞെടുപ്പുണ്ടാകും എന്ന് നിശ്ചയിച്ചുകഴിഞ്ഞു.
തെരഞ്ഞെടുപ്പ് തിയതി സർക്കാരിന്റെ സമ്മതപ്രകാരം അതാത് തെരഞ്ഞെടുപ്പു കാലാവധിക്ക് മൂന്നു മാസ്സങ്ങൾക്കു മുൻപ് തന്നെ നിശ്ചയിക്കും. ഭരണഘടനയുടെ §16 അനുസരിച്ച് ഒരു ഞായറാഴ്ചയോ
അവധി ദിവസത്തിലോ തെരഞ്ഞെടുപ്പ് നടന്നിരിക്കണമെന്നുള്ള  നിബന്ധനയുണ്ട്. അങ്ങനെയാണ് ഇത്തവണയും 22-9-2013 ഞായറാഴ്ച പോളിംഗ് ബൂത്തിലേക്ക് വോട്ടർമാർ പോകുന്നത്.



Mrs . Angela Merkel
അമ്പത്തിയൊൻപതു വയസ്സ് പ്രായമുള്ള അൻഗേല ഡോറോത്തെയാ കാസ്നർ (മെർക്കൽ) 17-07-1954 വടക്കൻ ജർമനിയിലെ ഹാംബുർഗിൽ ജനിച്ചു. പിതാവ് കാസ്നർ പ്രോട്ടസ്റ്റണ്ട് തീയോളാജി അദ്ധ്യാപകനുമായിരുന്നു. മാതാവു ഇംഗ്ലീഷ് അദ്ധ്യാപികയും. അൻഗെലയുടെ ജനനശേഷം കുടുംബം പൂർവ ജർമനിയിലെ ബ്രാണ്ടൻബെർഗ്ഗിലേയ്ക്കു താമസം മാറ്റി. വിദ്യാഭ്യാസവും ഉപരിപഠനവും കഴിഞ്ഞതോടെ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ച അൻഗേല മെർക്കൽ 1990ൽ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ പാർലമെണ്ട് അംഗമായി. അതിനുശേഷം തുടർച്ചയായി 1994 മുതൽ 98, 2002, 2005, 2009 പാർലമെണ്ടിൽ അംഗമാണ്. 2000 മുതൽ സി. ഡി. യു. പാർട്ടിയുടെ ചെയർമാൻ കൂടിയാണ്. 2005ൽ നടന്ന പാർലമെണ്ട് തെരഞ്ഞെടുപ്പോടെ വളരെയേറെ വിവാദം സൃഷ്ടിച്ച മഹാകൂട്ടു കക്ഷി സർക്കാരിന്റെ ചാൻസലറായി 2005 നവംബർ 22നു അൻഗേലാ മെർക്കലിനെ തെരഞ്ഞെടുത്തു.

പുതിയ പാർലമെണ്ടിനെ തെരഞ്ഞെടുക്കുന്നതോടെ പുതിയ ചാൻസലറെയും തെരഞ്ഞെടുക്കും. 2005 മുതൽ ഇടമുറിയാതെ ചാൻസലർ സ്ഥാനത്തിരിക്കുന്നത്  ഡോ. അൻഗേല മെർക്കൽ ആണ്. ക്രിസ്ത്യൻ ഡെമോക്രാറ്റിക്ക് പാർട്ടിയുടെയും ക്രിസ്ത്യൻ സോഷ്യൽ യൂണിയന്റെയും ഫെഡറൽ ഡെമോക്രാറ്റുകളുടെയും ചാൻസലർസ്ഥാനാത്ഥിയാണ് അൻഗേല മെർക്കൽ.

സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടിയുടെയും ഘടകകക്ഷി പാർട്ടിയായ ഗ്രീൻ പാർട്ടിയുടെയും ഔദ്യോഗിക ചാൻസലർ സ്ഥാനാർത്ഥിയായി പീയെർ സ്റ്റൈൻബ്രുക്ക് മത്സരിക്കുന്നു. 1947 ജനുവരി 10-നു  ഹാംബുർഗ്ഗിൽ ജനിച്ചു. പിതാവു ആർക്കിടെക്റ്റ് ആയിരുന്നു. വിവിധ ഭരണകാര്യങ്ങളിൽ പ്രാവീണ്യം ഉള്ള അദ്ദേഹം ഒരു തികഞ്ഞ സാമ്പത്തിക വിദഗ്ധനാണ്. 2002 മുതൽ 2005 വരെ നോർത്ത് റൈൻ വെസ്റ്റ് ഫാളൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 2005 മുതൽ 2009 വരെ ജർമൻ ധനകാര്യമന്ത്രിയും എസ്.പി.ഡി.യുടെ വൈസ് ചെയർമാനുമായിരുന്നു. 2009 മുതൽ പാർലമെണ്ടിൽ. 2013ൽ ചാൻസലർ സ്ഥാനാർത്ഥി.

തെരഞ്ഞെടുപ്പു പടിവാതിൽക്കൽ വന്നെത്തി നിലക്കുന്നതോടെ, ജർമനി ഒരു ആഗോള സാമ്പത്തിക പ്രതിസന്ധിയിലോ, യൂറോപ്യൻ യൂണിയൻ സാമ്പത്തിക പ്രതിസന്ധിയുടെ ഒഴുക്കിലോപെട്ട് അടിയിളകിപ്പോവുകയി ല്ലെന്നും, ജർമൻസാമ്പത്തിക ഭദ്രതയ്ക്ക് സ്ഥിരമായ ഒരു കെട്ടുറപ്പ് നേടിയിട്ടുണ്ടെന്നും എല്ലാകക്ഷികളും പ്രസ്താവനയും വാഗ്ദാനങ്ങളുമായി രംഗത്ത് എത്തിക്കഴിഞ്ഞു. സാമൂഹ്യ സമത്വവും മിനിമം വേതനവും വയോജന സാമ്പത്തികവും മറ്റു തൊഴിൽ രംഗത്തെ മാഫിയ അഴിമതിയും തുടങ്ങിയ കാര്യങ്ങളിലെ പ്രതിരോധനടപടികളും വാഗ്ദാനം ചെയ്യുന്ന സ്റ്റൈൻ ബ്രുക്കിന്റെ ഉപരോധ വാദഗതിക്ക്നിലവിൽ ഒരു പരിധിവരെ ജനസ്വാധീനം വോട്ടർമാരിൽ നിന്നും കാണുന്നു.

ചാൻസലർ സ്ഥാനത്തേയ്ക്കുള്ള തേരോട്ടത്തിൽ ആര് വിജയിക്കും, ബർലിൻ ബ്രാണ്ടൻ ബർഗ്ഗർ ടോർ കടന്ന് വരുന്ന ആരുടെ ഇരിപ്പിടം ആകും ചാൻസലർ കസേര, എന്ന് ഇപ്പോൾ പ്രവചിക്കുക സാദ്ധ്യമല്ല. എങ്കിലും മീഡിയാ അഭിപ്രായ സർവേഅനുസരിച്ച് സി.ഡി.യു+സി.എസ്.യു സഖ്യത്തിന് തനിച്ചു 40% വോട്ടുകൾ ലഭിക്കുമെന്ന് പറയുന്നു. അതേസമയം സോഷ്യൽ ഡെമോക്രാറ്റിക്ക്+ഗ്രീൻ സഖ്യത്തിന് (ലെഫ്റ്റ് പാർട്ടിയുടെ പിന്തുണയിൽ) മതിയായ ഭൂരിപക്ഷം പ്രതിപക്ഷം പ്രതീക്ഷിക്കുന്നു. എസ്.പി.ഡി. സ്ഥാനാർത്ഥി പീയെർ സ്റ്റൈൻബ്രുക്കിന് ഏകദേശം 26 % സ്വന്തം പാർട്ടിയുടെ വോട്ടു ലഭിക്കുമെന്ന് പറയുന്നു.

പാർലമെണ്ട് മന്ദിരം -ബർലിൻ
ജർമൻ പാർലമെണ്ട് തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾമാത്രം ബാക്കി നിൽക്കെ പ്രതിപക്ഷ സ്ഥാനാർത്ഥി സ്റ്റൈൻ ബ്രുക്കിന്റെ ആവനാഴിയിലെ ശരങ്ങൾ നിർ വീര്യമാക്കുന്ന ഭീഷണികളും ആക്ഷേപങ്ങളുമായി അണിയറയിൽ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിൻറെ ആംഗ്യങ്ങളും  ഭാഷണശൈലിയും വരെ ഉയർത്തിക്കാട്ടുന്ന മീഡിയയുടെ താളമേളങ്ങൾ മുഴക്കി രംഗം ശബ്ദമുഖരിത മാക്കുന്നുണ്ട് .

അൻഗേല മെർക്കലിന്റെ ലോകരാഷ്ട്രീയ ബന്ധങ്ങളും യൂറോപ്യൻ യൂണിയൻ ഘടനയിൽ നൽകിയ മികച്ച സഹകരണവും പാർട്ടി അണികളെ ഒരുമിപ്പിച്ചു നിറുത്തുവാനുള്ള കഴിവുമെല്ലാം ജനങ്ങൾക്ക്‌ ബോദ്ധ്യപ്പെട്ട കാര്യങ്ങൾ തന്നെ 2005 മുതൽ തുടർച്ചയായി ജർമനിയുടെ സാമ്പത്തിക രാഷ്ട്രീയഘടനയും സാമൂഹ്യസുരക്ഷിത പദ്ധതികളിൽ  അനിവാര്യമായി രുന്ന മാറ്റങ്ങളും ജനപ്രീതിയുണ്ടാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും സാമൂ ഹ്യനീതി, വിദ്യാഭ്യാസം, വയോജനപെൻഷൻ, കുട്ടികളുടെ സംരക്ഷണ സഹായ പദ്ധതി, തൊഴിലില്ലായ്മപ്രശ്നം, നിതിപരമായ നികുതി തുടങ്ങി അനേകം പ്രശ്നങ്ങളിൽ ജനങ്ങളിൽ എതിർ അഭിപ്രായങ്ങൾ ശക്തമായിട്ടുണ്ട്. ഇതിൽ നീതിപരമായ സാമൂഹ്യ നീതി നടപ്പിൽ വരുത്തുമെന്ന്  പ്രതി പക്ഷം വാദിക്കുന്നു.

കഴിയുന്നിടത്തോളം ഒരു കക്ഷി രാഷ്ട്രീയ ഉൾപ്പോരിനുള്ളിൽ തെന്നി വീഴാതെഅകന്നു നിന്നുള്ള തെരഞ്ഞെടുപ്പ് തന്ത്രമാണ് അൻഗേല മെർക്കൽ ഇതുവരെ ചെയ്തിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ  സംഭവിച്ചതു പോലെ ഭരിക്കുന്നതിനു പകരം കലഹം ഉണ്ടാക്കാനാണ് തെരഞ്ഞെടുപ്പ് അവസരങ്ങളിൽ ശ്രമിച്ചിരുന്നത്. ഭരണകക്ഷിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ശൈലി നന്നായി വീക്ഷിച്ചു കൊണ്ടിരിക്കുന്ന പ്രതിപക്ഷവും പ്രതീക്ഷ യുടെ രഥത്തിൽ തന്നെയാണ് പുറപ്പാട്. ഭരണത്തിൽ വീണ്ടും തിരിച്ചു വരും എന്ന് മെർക്കലും, ഭരണചക്രം തിരിക്കാൻ തങ്ങൾക്കാകും എന്ന ആത്മ വിശ്വാസത്തിൽ പ്രതിപക്ഷവും പോരാടുന്നത് യൂറോപ്യൻ യൂണിയനും ലോകവും വീക്ഷിക്കുന്നു.

സ്വാർത്ഥതാൽപ്പര്യം ഇല്ലാത്ത ,രാജ്യത്തിന്റെ പൊതു താൽപ്പര്യം നോക്കി രൂപീകരിച്ച ഒരു മഹാകൂട്ടുകക്ഷി സർക്കാരിൽ ചാൻസലർ ആയിരുന്ന ബഹുമതി നിലനിറുത്തുമെന്നാണ് അൻഗേല മെർക്കലിന്റെ താൽപ്പര്യവും. ഗ്രീക്ക് സാമ്പത്തിക പ്രതിസന്ധി മുതൽ നിരവധി വെല്ലുവിളികളെ നേരിടുന്നതിൽ മാത്രമല്ല, യൂറോപ്യൻ യൂണിയൻ സഖ്യത്തിന് അടിത്തറയുള്ള കെട്ടുറപ്പ് വരുത്തുവാൻ മുൻകൈ എടുത്തു. കഴിയാൻ പോകുന്ന ഭരണകാലാവധി താരതന്മ്യേന ഭീകരമായ കാരും കോളുമില്ലാത്ത കാലമായിരുന്നുവെന്നു പറയാം.

തെരഞ്ഞെടുപ്പു മത്സരത്തിലെ എതിരാളി പീയെർ സ്റ്റൈൻബ്രുക്കിന് കഴിഞ്ഞ ടെലിവിഷൻ ഡ്യൂവൽ കഴിഞ്ഞതോടെ ജനപിന്തുണയിൽ ശതമാനം നേടിയെടുക്കുവാൻ കഴിഞ്ഞുവെന്നു അഭിപ്രായ വോട്ടെടുപ്പിൽ വ്യക്തമായി. എന്നാൽ മറുവശത്ത്‌ കാണാൻ കഴിയുന്നത്‌ അൻഗേല മേർക്കലിനുള്ള ജനപ്രീതി പ്രതിപക്ഷ സ്ഥാനാർത്ഥി സ്റ്റൈൻബ്രുക്കിനില്ലാ യെന്നുള്ളതാണ്. സ്വന്തം പാർട്ടിയുടെതികഞ്ഞ പിന്തുണയും ശരാശരിയാണ്. തെരഞ്ഞെടുപ്പു മാധ്യമ ആഘോഷങ്ങൾ കൂട്ടലുകളും കിഴിക്കലുകളും പതിവുപോലെ നടത്തുന്നു.

ജർമനിയിൽ ജനസംഖ്യനിരക്ക് ഈ വർഷം ഏകദേശം 1% വർദ്ധിച്ചു. പതിനാറു സംസ്ഥാനങ്ങളിലായി 81,89 മില്യൻ ജനങ്ങൾ വസിക്കുന്നു. അവരിൽ വോട്ടവകാശം ഉള്ളവർ 64,3 മില്യൻ മാത്രമാണ്. അതിൽ 33,2 മില്യൻ സ്ത്രീകളും 31,1 മില്യൻ പുരുഷന്മാരും പെടുന്നു. ഈ കണക്ക് ജർമൻ പൌരത്വം സ്വീകരിച്ച വിദേശികളുടെ എണ്ണവും ഉൾപ്പെട്ടതാണ്.

ചെലവു കുറഞ്ഞ എനർജിപദ്ധതികൾ,നികുതി പരിഷ്കരണം,  വിദ്യാഭ്യാസം വയോജന പെൻഷൻപ്രായവും പെൻഷൻ തുക പരിഷ്കരണം, ഇവയെല്ലാം തെരഞ്ഞെടുപ്പു വിഷയങ്ങളാണ്. ഇത്തരം പ്രതിസന്ധികളെ ക്രിയാത്മകമായി തരണം ചെയ്യാനും അതിജീവിക്കാനും പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുവാനും കഴിയുന്നില്ലെന്നതാണ് ഭരണകക്ഷിയുടെയും പ്രതിപക്ഷത്തി ന്റെയും രാഷ്ട്രീയപാർട്ടികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

നികുതി പരിഷ്കരണമാണ് എസ്. പി. ഡി. പാർട്ടിയുടെ പ്രധാന  തെരഞ്ഞെടുപ്പു വിഷയം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ഉയർന്നിരുന്ന പരിഹരിക്കാത്ത നിത്യവിഷയം തന്നെ. ഉയർന്ന വരുമാനം ഉള്ളവരിൽനിന്നും കൂടുതൽ നികുതിപിരിക്കണം എന്ന നയപരിപാടിയാണ് സ്റ്റൈൻ ബ്രുക്കിനു നിർദ്ദേശി ക്കുവാനുള്ളത്. എന്നാൽ, നികുതിപരിഷ്ക്കരണത്തിൽ അമിതമായ താല്പ്പര്യമില്ലാതെ മൌനം പാലിക്കുകയെന്ന നിലപാട് മെർക്കലും  സ്വീകരിക്കുന്നു. സാധാരണ കുറഞ്ഞ വരുമാനമുള്ളവർക്ക് ആശ്വാസം പകരുന്ന നിലയിലുള്ള നികുതിപരിഷ്കരണം നടപ്പാക്കുമെന്ന പ്രഖ്യാപനം  തെരഞ്ഞെടുപ്പിനെ എങ്ങനെ പ്രതികരിക്കുമെന്ന് സംശയമുയരുന്നു.

രാഷ്ട്രീയ കാലാവസ്ഥ ഇപ്പോഴുള്ളതിൽ നിന്നും വഴുതി മാറിയാൽ ഒരുപക്ഷെ, അൻഗെലാ മെർക്കലിന്റെ നേതൃത്വത്തിൽ ഒരു മഹാകൂട്ടു കക്ഷി സർക്കാർ വീണ്ടും ഉണ്ടാകുന്നതിൽ ജർമനിയിൽ പ്രസക്തിയേറി വരുന്നുണ്ട്. കാരണം, തെരഞ്ഞെടുപ്പിനെ നേരിടുന്ന എല്ലാ പാർട്ടികളും സമാനതയുള്ള വാഗ്ദാനപത്രികകൾ പ്രഖ്യാപിച്ചു പ്രചാരണം നടത്തുന്നു. അപ്പോൾ വലിയ പാർട്ടികൾ കൂടുതൽ പിന്തുണ നേടും. എങ്കിലും മഹാകൂട്ടുകക്ഷി (CDU+CSU+SPD) സർക്കാർ വരുന്നതിനെയും ജനം സ്വാഗതം ചെയ്യും. യൂറോപ്യൻ യൂണിയൻ വികസനപാതയിൽ പോകുമ്പോൾ ഉണ്ടാകാവുന്ന അധികചെലവുകളിൽ വലിയ പാർട്ടികളിൽ ഒട്ടും തന്നെ തർക്കവിഷയമല്ലാ.

ഒരു ഭരണ മാറ്റം സംഭവിച്ച് എസ.പി.ഡി.യുടെ സ്ഥാനാർത്ഥി  പീയെർ സ്റ്റൈൻ ബ്രുക്ക് ചാൻസലർ ആയി അധികാരത്തിലെത്തിയാൽ ഒരു പക്ഷെ ജർമനിയുടെ മുൻ ചാൻസലർ ഹെല്മുട്ട് സ്മിത്തിനും സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടിക്കും ആശ്വസിക്കാം. എസ്.പി.ഡി.യുടെ ചരിത്ര വിജയവുമായിത്തീരും. ജർമൻ സാമ്പത്തിക പ്രതിസന്ധിയുടെ നടുവിൽ ചാൻസലറായി ഭരണം ഏറ്റെടുത്ത ആൻഗേല മെർക്കൽ ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കുവാനും രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്കു ഉണർവ് നല്കാനും വേണ്ടവിധം കഴിഞ്ഞിട്ടില്ലായെന്ന ജനസംസാരം നിലനില്ക്കുമ്പോഴും സാമ്പത്തിക വിദഗ്ധനായ  പീയെർ സ്റ്റൈൻബ്രുക്കിനെ പരാജയപ്പെടുത്തി വിജയം ആവർത്തിക്കുമെന്ന മൃദുവായ സൌഹൃദ മനോഭാവമാണ് ജനങ്ങളിൽ കാണുന്നത്. /Gk
--------------------------------------------------------------------------------------------------------------------


Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.