ധ്രുവദീപ്തി // കവിത - :
ദൈവവും മാലാഖമാരും ചവിട്ടി കുഴച്ച മണ്ണില്‍ -
-മറിയമ്മ-
"എന്തെന്തു കഥകളാണ് നീ എനിക്ക് പറഞ്ഞു തന്നത് ?
ദൈവവും മാലാഖമാരും കൂടി മണ്ണ് കുഴച്ചു.
മണ്ണ് കൊണ്ട് കഞ്ഞി വച്ചു.
അവര്‍ അപ്പനും അമ്മയും കളിച്ചു.
അപ്പോള്‍ മഴ പെയ്തു.
അവര്‍ അപ്പനും അമ്മയും കളിച്ചു.
അപ്പോള്‍ മഴ പെയ്തു.
മാലാഖമാര്‍ തുള്ളിച്ചാടി,
ദൈവവും!
അവരുടെ കാലുകള്‍ പതിഞ്ഞ ഇടം കുഴികളായി.
പതിയാത്തിടം ഉയര്‍ന്നു നിന്നു.
അങ്ങനെ മലകളും താഴ്വരകളും ഉണ്ടായി.
"ഈ താഴ്വരയില്‍ നിന്നുമാണു ഞാന്‍ വരുന്നത് ?"
നീ പറഞ്ഞു.
ഞാന്‍ നോക്കി.
മലകളുടെ മാറില്‍
പെയ്തിറങ്ങിയ
മഴമേഘങ്ങളെ
നിന്നില്‍ ഞാന്‍ കണ്ടു.
കുന്നുകളുടെ കൂമ്പിയ മുലകളില്‍
ഉമ്മവെച്ചുമ്മവെച്ച് ഒഴുകിയ
മഞ്ഞു തുള്ളികളെ
മഞ്ഞു തുള്ളികളെ
എനിക്ക് നീ തന്നു.
നിൻറെ കരയില്‍ ഞങ്ങള്‍ കൂട്ടുകൂടി.
കറുത്ത കൂണ്‍ മൊട്ടുകള്‍ പോലെ
നിൻറെ മാറില്‍ എഴുന്നു നില്‍ക്കുന്ന
കരിങ്കല്‍ മുലകളില്‍,
ഓളങ്ങള്‍ തല്ലി
ചുരത്തിയൊഴുകിയ
മണ്ണിൻറെ ചുവയുള്ള,
മണമുള്ള മുലപ്പാലില്‍ എത്രയോ തവണ
മണമുള്ള മുലപ്പാലില്‍ എത്രയോ തവണ
ഞാനെൻറെ ചുണ്ടുകള്‍ ചേര്‍ത്തു.
വേണ്ടുവോളം ഈമ്പി കുടിച്ചു.
നാവു മധുരിക്കുന്നു.
ഇനിയും എനിക്ക് മധുരിക്കണം.
നിൻറെ മുലക്കണ്ണില്‍ നൊട്ടിനുണയണം.
നിൻറെ നുരയും പതയും
എനിക്ക് വേണ്ടി
പാല്‍ മണത്തോടെ ചുരത്തണം.
വരട്ടെ?
നിന്നില്‍ അലിയാന്‍
നിൻറെ പൊക്കിള്‍ ചുഴിയില്‍
നീ വിരിക്കുന്ന മലരിയില്‍
തണുപ്പില്‍
തണുപ്പില്‍
എനിക്ക് ലയിക്കണം.
എൻറെ മനസ്സ് തുടിക്കുന്നു.
കൊതിക്കുന്നു.
ഒരു സ്വപ്നം പോലെ ഞാന്‍ വരും.
ഒരു സന്ധ്യയില്‍ തനിച്ച്
ആരുമറിയാതെ,
ആരുമറിയാതെ,
നിനക്ക് വേണ്ടി അലുക്കുകള്‍ നെയ്ത് ഞാന്‍ വരും
എങ്കിലും
ഒന്ന് ചോദിക്കാനുണ്ട്,
എന്തെ നിനക്കിത്ര വാശി?
ഒരു കുട്ടി കൊമ്പനെ പോലെ
പലപ്പോഴും
നീ കുറുമ്പ് കാട്ടുന്നു.
എത്ര ജീവിതങ്ങളെയാണ്
ഇതിനകം നീ മുക്കി കൊന്നത്?
എത്ര കുടുംബങ്ങളെ നീ അനാഥമാക്കി?
ആ അമ്മമാരുടെ കരച്ചില്‍
നീ കേട്ടില്ലെ?
എന്തെ നിൻറെ കാതടഞ്ഞുപോയി?
ഇത്രയൊക്കെ എനിക്ക് ചോദിക്കണമെന്നുണ്ട്.
പക്ഷെ ചോദിച്ചില്ല.
കാരണം
നിന്നെ ഞാന്‍ അത്യധികം സ്നേഹിച്ചു.
നീ അറിയുമോ?
കല്ലില്‍ തട്ടി തെന്നുന്ന
നിന്റെ ഓളങ്ങളില്‍
എൻറെ ഹൃദയതുടിപ്പുണ്ട്.
നീയറിയാതെ
നീ പ്രസവിച്ചു കൂട്ടുന്ന
നിൻറെ തണുപ്പിനെ,
ഓരോ തവണയും
എണ്ണിയെണ്ണി
ഞാന്‍ പെറുക്കി വച്ചു.
എൻറെ ഹൃദയത്തില്‍
മനസ്സില്‍
നിൻറെ നിലവറക്കുഴിയില്‍ മുങ്ങി
നീ വളര്‍ത്തുന്ന പരല്‍മീനുകളെ
രാത്രിയുടെ യാമങ്ങളില്‍
ഞാന്‍ പിടിച്ചു.
നിൻറെ ഓളങ്ങളില്‍
ഞാന്‍ മലര്‍ന്നു കിടന്നു.
നിൻറെ നുരയില്‍
ഞാന്‍ മുങ്ങാം കുഴിയിട്ടു.
നീ ചുരത്തിയ
നിൻറെ നനുത്ത പാതയില്‍
നിൻറെ കുളിരില്‍
അലിഞ്ഞലിഞ്ഞു
പലപ്പോഴും ഞാനില്ലാതായി.
അപ്പോഴൊക്കെ
ഞാന്‍ തനിച്ചായിരുന്നു.
ആരുമെനിക്ക് കൂട്ടിനില്ലായിരുന്നു.
എന്നിട്ടും
നീയെന്നെ മുക്കി കൊന്നില്ല.
നിൻറെ തണുപ്പിന്റ്റെ ആഴങ്ങളിലേയ്ക്ക്
ക്ലാവ് പിടിച്ച
നിൻറെ ഇരുണ്ട രഹസ്യങ്ങളിലേയ്ക്ക്
നീയെന്നെ കൂടി കൊണ്ട് പോയില്ല.
മനസ്സിലാകുന്നു
നിൻറെ നെഞ്ചില്‍
ചിലര്‍ തോട്ട പൊട്ടിക്കുന്നു.
പൊക്കിളില്‍
നഞ്ചു കലക്കി
നിൻറെ സ്വൈര്യം കെടുത്തുന്നു.
മണല്‍ വാരി
നിൻറെ മാംസവും മജ്ജയും
അവര്‍ കവര്‍ന്നെടുത്തു.
പ്ലാസ്റ്റിക് ചാക്കുകളും കുപ്പികളും
നിൻറെ നേരെ വലിച്ചെറിഞ്ഞു.
നീ മുറിപ്പെട്ടു.
ക്യാന്‍സര്‍ വന്നു പഴുത്തളിഞ്ഞു
നിൻറെ കവിള്‍ വികൃതമായി.
നിന്നില്‍ നിന്നും
പഴുപ്പും രക്തവും ഒഴുകി.
നുണ ക്കുഴികള്‍ മാഞ്ഞ്
നിൻറെ ഞരമ്പുകള്‍ നീലിച്ചു
കെട്ടുപിണഞ്ഞു കിടന്നു.
എന്നിട്ടും നീ പ്രതികരിച്ചില്ല.
ഒട്ടിക്കരിവാളിച്ച വയറുമായി
ഭൂമിക്ക് മുകളില്‍
നീ നിസ്സഹായയായി
മലര്‍ന്നു കിടന്നു.
ഒരനാഥയെപ്പോലെ
അപ്പോള്‍
നിൻറെ കണ്ണുകള്‍
ചത്ത മീനിൻറെതായിരുന്നു.
കണ്ടവര്‍ നിന്നെ അറച്ചു.
നിന്നെ പുഛ്ചിച്ചു.
ദുഃഖം തോന്നി.
ആരും കാണാതെ മാറി നിന്ന്
മുഖം പൊത്തി ഞാന്‍ കരഞ്ഞു.
ചോദിക്കട്ടെ.
ഫാക്ടറി മലിന ജലം നിന്നിലേയ്ക്ക്
നിൻറെ ആമാശയത്തിലേയ്ക്ക്
മനുഷ്യന്‍ ഒഴിക്കുന്നതാണോ
നിന്നെ ചൊടിപ്പിക്കുന്നത്?
അപ്പോഴൊക്കെ
അപ്പോഴൊക്കെ
ഞാന്‍ കണ്ടിട്ടുണ്ട്
നിൻറെ വിറകയറിയ
ഒരുതരം വെറുപ്പാര്‍ന്ന കുടച്ചില്‍ !
ഏതോ അഴുക്ക് വന്ന്
നിന്നെ തൊട്ടതു പോലെ,
എന്തിനെയും
കുലംകുത്തി ഒഴുക്കി
ജീവനെ വാർന്നെടുക്കണമെന്ന
വാശി,
പ്രതികാരം.
മണല്‍ തിട്ടലുകള്‍ ഇടിച്ചു
മരങ്ങള്‍ പിഴുത്
അലറി കൂവി നീ കടന്നു പോകുമ്പോള്‍
മുഖത്തു നോക്കാന്‍ ഭയം തോന്നും.
നീ ഭദ്രകാളിയെപ്പോലെ
നാവു നീട്ടും
നിൻറെ മുഖമാകെ ചുവന്നിരിക്കും.
പത്രപ്രവര്‍ത്തകന്‍ സജി തോമസ് എനിക്കെഴുതി:
"മരണം പുതച്ചു കൊരട്ടിയാര്‍
എരുമേലിക്ക് ചുറ്റിനും
ഒരു കറുത്ത വിഷപാമ്പിനെ പോലെ
പതുങ്ങി കിടക്കുന്നു."
എൻറെ പ്രിയപ്പെട്ട കൊരട്ടിയാറേ,
നിന്നെ കുറിച്ചാണ് പറഞ്ഞത്.
കേട്ടപ്പോഴെനിക്ക് വേദനയായി.
മരിച്ച പെണ്‍കുട്ടികളുടെ
അമ്മമാരുടെ ദുഃഖം നീയറിയണം.
കാണണം.
അവരുടെ നെഞ്ചിലാണ്
നീ നിൻറെ നഖമിറക്കുന്നത്.
ഒരമ്മയേയും നീയിനി കരയിപ്പിക്കരുത്
അല്‍പ്പം തണുപ്പല്ലേ
നിന്നില്‍ നിന്നും അവര്‍ക്ക് വേണ്ടൂ?
അതല്ലെ അവര്‍ ചോദിച്ചുള്ളൂ.
കൊടുക്കണം.
അവര്‍ തണുക്കട്ടെ.
ഉപദേശിക്കാന്‍ ഞാനാളല്ല.
എങ്കിലും
ഒന്നെനിക്ക് പറയാനുണ്ട്.
ഇനി ഒരിക്കലും
നിനക്ക് നിൻറെ ജന്മദേശം
കാണാന്‍ കഴിയില്ല,
ശാപവാക്കുകളല്ല;
നീ പറഞ്ഞല്ലോ
"ദൈവവും മാലാഖമാരും കൂടി
ചവിട്ടിക്കുഴച്ച മണ്ണില്‍
അവിടെ നിന്നുമാണ്
ഞാന്‍ വരുന്നത് ."
നിനക്കഭിമാനിക്കാം.
അതിനുള്ള ഭാഗ്യം നിനക്കുണ്ടായി.
ഇനിയും
എന്നും
പതിവ് പോലെ
താഴോട്ടൊഴുകുവാനേ
നിനക്ക് കഴിയൂ...
ഒരു നദിയും
അതിന്റ്റെ ഉത്ഭവസ്ഥാനത്തെയ്ക്ക്
ഉയർ ന്നൊഴുകില്ലെന്ന്‍
നീ മനസ്സിലാക്ക്...
എങ്കിലും നിനക്ക് പിണക്കമില്ല
നീയെനിക്ക്
ഞാന്‍ ജനിച്ചതും അറിഞ്ഞതുമായ
നാള്‍ മുതല്‍
നന്മയായിരുന്നു
മേന്മ മാത്രമായിരുന്നു.
പറയട്ടെ.
സ്വര്‍ഗ്ഗം പെയ്തിറക്കി
നിൻറെ മടിയിലേയ്ക്ക് ഞാന്‍ വരും
ആ നെഞ്ചിലേയ്ക്ക് ഞാന്‍ ചേര്‍ന്നിരിക്കും
നിൻറെ മടിക്കുത്ത്
എന്നും എൻറെ ഇരിപ്പിടമാകട്ടെ!
....................................
(മണിമല ആറിനെക്കുറിച്ച്... ......2011-12ല്‍ എഴുതിയത്.
ശ്രീ ജോര്‍ജ് ജോസഫ് കെ.-യുടെ "മറിയമ്മ എന്ന മറിമായ" പുസ്തകത്തില്‍ പ്രസ്ദ്ധീകരിച്ചത് )
-------------------------------------------------------------------------------------
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.