Mittwoch, 25. September 2013

ധ്രുവദീപ്തി // കവിത - കരിയുന്നുവോ സഹകരണം .. ? Nandhini Varghese

ധ്രുവദീപ്തി // കവിത -

കരിയുന്നുവോ സഹകരണം .. ? 

Nandhini Varghese          


Nandhini Varghese
മന്ഥര പർവ്വത
നാഗേ വരിഞ്ഞിട്ട-
മരത്വം സിദ്ധിച്ച
ദേവഗണം ചൊന്ന
സഹകരണ സിദ്ധാന്ത
പൈതൃക സംസ്കാരം
അംഗീകരിക്കവേ-
നഷ്ട കുംഭത്തിലെ
അമൃതോ .. അസുരർക്ക്
മോഹിനി സാന്നിദ്ധ്യ-
പരിഹാസ പാനീയം
ഇതിഹാസ വൃത്താന്തം...

സൗരയൂഥത്തിലും അർക്ക പ്രഭാവത്തിൽ..
അച്ചടക്കത്തിലായ്
വലം വച്ചു നീങ്ങുന്ന ..
നവഗ്രഹങ്ങൾ ചൊന്ന
സഹകരണത്തിലും..
ഗുരുത്വാകർഷണ -
കടിഞ്ഞാണ്‍ കരുത്തിലും..  
ദൈവപ്രഭയിൽ
ഒരുമ നിറഞ്ഞതായ്..
മാനവൻ ആർജ്ജിച്ച
ശാസ്ത്രീയ സിദ്ധാന്തം ...
     
സ്നേഹ ശ്രീകോവിലാം
കുടുംബ ബന്ധത്തിലായ്..
                         ഉണ്മ ഓതുന്നൊരാ                          
നന്മ നടുവിലായ്..
സഹകരണത്തിൻ
അടിത്തറ പാകിയും
സാമൂഹിക പരിജ്ഞാനമേകിയും..
പവിത്ര ബന്ധങ്ങൾ തൻ
പങ്കായമേന്തിയും..
വളർന്നു സമൂഹങ്ങൾ
സഹകരണ വീഥിയിൽ ..

നിസ്സഹകരണത്തിൽ  
പിളർന്ന സമൂഹത്തിൽ..
വളർത്തും വർഗ്ഗീയത
തളർന്ന ധാർമ്മികത..  
രോഷക്കൊടുങ്കാറ്റിൽ

മാനഹാനികളിൽ..
പ്രസ്ഥാന പൈതൃക-
കുരുതിക്കളങ്ങളിൽ..
പ്രതിഫലം പറ്റിയും
അന്യനായ് മാറ്റിയും..
  
സഹകരണങ്ങൾ തൻ
ഭാവതലങ്ങളിൽ..
സഹജീവികളെ
കരിയ്ക്കാൻ ഒരുമ്പെടും
ആദർശസിദ്ധാന്ത -
വാഗ്വാദ ശ്രേണിയിൽ..
സഹകരണം വെറും
വെള്ളക്കടലാസ്സിൽ
കോർത്ത കരങ്ങളിൽ
മങ്ങി മറയുമോ ...?
------------
 നന്ദിനി വർഗീസ്‌






Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.