Mittwoch, 18. September 2013

ധ്രുവദീപ്തി: People // Literature: -മാർസ്സെൽ റൈഷ് റനിക്കി- ജർമൻ സാഹിത്യത്തിനു ഒരു പോപ്പ് // ജോർജ് കുറ്റിക്കാട്


ധ്രുവദീപ്തി: People // Literature:  


-മാർസ്സെൽ റൈഷ് റനിക്കി-  
ജർമൻ സാഹിത്യത്തിനു
ഒരു പോപ്പ്.

ജോർജ് കുറ്റിക്കാട് 


"ലിറ്ററേച്ചർ പോപ്പ്"-
Marcel Reich-Ranick
യഹൂദനെന്ന ഒരേയൊരു കാരണത്താൽ ഉപരിപഠനത്തിനുള്ള ഒരു അപേക്ഷ പോലും ബർളിനിലെ ഫ്രീഡ്രിഷ് വിൽഹെൽo സർവകലാ ശാലയുടെ അധികാരികളിൽനിന്നും അവകാശം നിഷേധിക്കപ്പെട്ട നിർഭാഗ്യവാനായിരുന്നു, മാർസ്സെൽ റൈഷ് റനിക്സ്കി. അദ്ദേഹം പോളിഷ് ഭാഷയിൽ "മർസ്സെൽ റൈഷ് റനിക്സ്കി" എന്ന പേരിൽ     
അറിയപ്പെടുന്നു.  


(ഈ ലേഖനം എഴുതാൻ തുടങ്ങി, ഇത്രയും എഴുതിത്തുടർന്ന് കൊണ്ടിരിക്കുമ്പോൾ 
അദ്ദേഹ ത്തിൻറെ മരണവാർത്ത 
തത്സമയ ദൃശ്യ മാദ്ധ്യമങ്ങളിൽ വന്നത് അറിഞ്ഞു. 
പരേതനു നിത്യമായ  
ശാന്തി നേരുന്നു. നമിക്കുന്നു.) 


തൊണ്ണൂറ്റി മൂന്നാമത്തെ വയസ്സിൽ (18.September2013) ഫ്രാങ്ക്ഫർട്ടിൽ ആണ് അദ്ദേഹം നിര്യാതനാകുന്നത്. മഹാനായ റനിക്കി ജർമൻ സാഹിത്യ ലോകത്തെ അച്ചടക്കം പഠിപ്പിച്ച സാഹിത്യവിമർശകരിൽ ഉന്നതസ്ഥാനീ യനായിരുന്നു. അദ്ദേഹം വെറുമൊരു സാഹിത്യകാരനോ വിമർശകനൊ മാത്രമായിരുന്നില്ല, നാഷണൽ സോഷ്യലിസ്റ്റുകളുടെ ക്രൂര ആക്രമണ ത്തിനെതിരെ ശബ്ദമുയർത്തിയ ധീരനും ഹോളോകൌസ്റ്റ് ദുരന്തത്തിൽ നിന്ന് രക്ഷപെട്ട ഭാഗ്യവാനുമായിരുന്നു. അദ്ദേഹം സാഹിത്യവിമർശനം മാത്രമല്ല നേതൃത്വം നല്കിയത്, ജർമനിയുടെ സാമൂഹ്യ സാംസ്കാരിക മേഖലയിലും ഉത്ഥാനത്തിന്റെ ശബ്ദം ഉയർത്തിയ മഹാനായിരുന്നു. പോളിഷ്-ജർമൻ യഹൂദ ദമ്പതികളുടെ മകനായി 1920 ജൂണ്‍ 2- നു പോളണ്ടിലെ വിക്ലാവിക്കിൽ ജനിച്ചു. 1929- ൽ ആ കുടുംബം ബർലിനിൽ കുടിയേറി.

1938- ൽ അദ്ദേഹം അവിടെ ഹയർ സെക്കണ്ടറിസ്കൂൾ പഠനം പൂർത്തിയാക്കി. പക്ഷെ, അന്നത്തെ നാസി റെജീം അദ്ദേഹത്തിനു സർവകലാശാലാ ബിരുദപഠനത്തിനു അനുവാദം നല്കിയില്ല. യഹൂദ വംശജർക്ക് ഉന്നതപഠനത്തിനു അനുവാദം നല്കിയിരുന്നില്ല. ആ വർഷം ഒക്ടോബറിൽ അദ്ദേഹം ജർമനി വിട്ടു പോളണ്ടിലേയ്ക്ക് നാടുകടത്തപ്പെട്ടു. അവിടെ തടവുകാരുടെ കൂടെ വാർഷോയിലെ നിർബന്ധിത ഗെറ്റോവിൽ ജീവിതം തുടങ്ങി. 1940 മുതൽ അവിടെ ഗെറ്റൊവിലെ പരിഭാഷകൻ എന്ന ജോലി ചെയ്തു തുടങ്ങി. അതായത് ഗെറ്റൊവിലെ ഒരു സഹജോലിക്കാരൻ എന്ന നിലയിൽ. ഇതിനിടയിൽ    നടന്ന      ശ്രദ്ധേയമായ      യഹൂദ     അൻഡർഗ്രൌണ്ട് പ്രതിരോധ സംഘടനയുടെ ഉപരോധത്തിലും പ്രവർത്തിച്ചു. 1943- ഫെബ്രു. മാസത്തിൽ ഗെറ്റോ അടച്ചു പൂട്ടുന്നതിന് മുൻപ് 1942 ജൂലൈയിൽ വിവാഹം ചെയ്തിരുന്ന ഭാര്യ തെയോഫിലയുമായി അവിടം വിട്ടു ഒളിവിൽ പോയി. അങ്ങനെ ഹോളോ കൌസ്റ്റ് ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു. പക്ഷെ, മാതാപി താക്കൾ വധിക്കപ്പെട്ടു. ഏറെ ദാരുണമായ മറ്റൊന്നും ഇതിനിടെ ഉണ്ടായി. തന്റെ ഭാര്യാപിതാവ് 1940- ൽ ഗെറ്റൊയിൽ വച്ചു ആത്മഹത്യ ചെയ്യുകയാണ് ചെയ്തത്. അമ്മ ഹോളോകൌസ്റ്റിൽ നിന്നും രക്ഷപെട്ടു പുറത്തുവന്നില്ല.

1944- ൽ പോളണ്ടിൽ നിന്നും നാസികളെ തുരത്തി സോവ്യറ്റ് റഷ്യ പോളണ്ട് സ്വതന്ത്രമാക്കിയതോടെ റനിക്സ്കി പോളണ്ടിലെ ആർമിയിൽ ചേർന്നു. കമ്യൂണിസ്റ്റ് പോളണ്ട് റെജീമിൽ രഹസ്യപ്പോലീസ് വിഭാഗത്തിൽ ആണ് ജോലി തുടങ്ങിയത്. 1947- മുതൽ പോളണ്ടിന്റെ ബർലിനിലെ വിദേശകാര്യ മന്ത്രാലയത്തിൽ വിദേശ കമ്യൂണിക്കേഷൻ വകുപ്പിൽ പ്രവർത്തിച്ചു. 1948-49 വർഷങ്ങളിൽ ലണ്ടനിൽ പോളണ്ടിന്റെ കോണ്‍സുലേറ്റ് ജനറൽ ഓഫീസിൽ കൊണ്‍സുലർ ആയി സേവനം ചെയ്തു. 1949- ൽ പോളണ്ട് സർക്കാർ സേവനത്തിൽ നിന്നും വിടുതൽ വാങ്ങി. 1958- ൽ അദ്ദേഹം വീണ്ടും ജർമനിയിലേയ്ക്ക് കുടിയേറി.

ജർമനിയിലേയ്ക്കു താമസം തുടങ്ങിയ മാർസെൽ റനിക്സ്കിക്കു അന്നത്തെ പ്രമുഖ സാഹിത്യകാരന്മാരായിരുന്ന ഹൈൻറിഷ് ബ്യോൾ സീഗ്ഫ്രീഡ് ലെൻസ്‌ തുടങ്ങിയവർ സഹപ്രവർത്ത കരായിരുന്നു. കുറഞ്ഞൊരു കാലയളവിൽ ഒരുറച്ച ജർമൻ സാഹിത്യ ജീവിതപാതയിലെയ്ക്ക് നടന്നെത്തി. ഫ്രാങ്ക്ഫർട്ടിലെ താമസം ഉപേക്ഷിച്ചു അദ്ദേഹം ഹാംബുർഗിലെയ്ക്കു മാറി. 1960- 1970 വരെ സ്ഥിരമായി ഹാംബർഗിൽ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന "DIE ZEIT" എന്ന ആഴ്ച്ചപതിപ്പിൽ പത്രപ്രവർത്തകനായി ചേർന്നു ജോലി ചെയ്തു.

പെൻഷൻ പ്രായം ആകുന്നതുവരെ 1973 മുതൽ 1988 വരെ അദ്ദേഹത്തിൻറെ സാഹിതീചരിതത്തിന്റെ സുവർണ്ണ ദശതന്നെ യായിരുന്നു. ജർമനിയിലെ പ്രമുഖ പത്രമായ "ഫ്രാങ്ക്ഫർട്ടർ ആൾഗെമൈനെ"യുടെ "സാഹിത്യവും സാഹിത്യ ജീവിതവും" എന്ന വിഭാഗത്തിന്റെ എഡിറ്റർ ആയിരുന്നു. 1988 മുതൽ 2001 വരെ അദ്ദേഹം ജർമൻ ടെലിവിഷൻ ചാനൽ ZDF-ൽ "ലിറ്ററേച്ചർ ക്വാർട്ടെറ്റ്" സാഹിത്യ ചർച്ചാ പ്രോഗ്രാം മോഡറേഷൻ നടത്തിയത് അദ്ദേഹ ത്തെ പ്രസിദ്ധിയുടെ കൊടുമുടിയിലെത്തിച്ചു.

സാഹിത്യലോകത്തിലെ പോപ്പ് എന്ന് എല്ലാവരും വിളിക്കുന്നതിന്‌ ഇടയാക്കിയതും അദ്ദേഹത്തിൻറെ കൂർമതയുള്ള വിമർശനവും സാഹിത്യ രചനാ രീതിയുമാണ്‌. (തുടരും) / gk
-----------------------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.