Samstag, 31. August 2013

ധ്രുവദീപ്തി // ആരോഗ്യപരിപാലനം - ആശ്രയം മെഡിക്കൽ ഇൻഷുറൻസുകൾ // George Kuttikattu

ധ്രുവദീപ്തി // Health // 

ആരോഗ്യപരിപാലനം ആശ്രയം  മെഡിക്കൽ  
ഇൻഷുറൻസുകൾ // 

George Kuttikattu

ർദ്ധിച്ചുവരുന്ന പൊതുജന ആരോഗ്യപരിപാലന ചെലവുകൾ നിമിത്തം ലോക രാജ്യങ്ങളെല്ലാം സാമ്പത്തികമായ കാഴ്ചപ്പാടിൽ സ്പോടനാത്മക സ്ഥിതിവിശേഷത്തിലാണ്. വ്യക്തികൾക്ക്  സ്വയം താങ്ങാവുന്നതിലേറെ ചികിത്സാ ചെലവുകൾ നിയന്ത്രണാധീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പാശ്ചാത്യരാജ്യങ്ങളിലെയും മറ്റുള്ള രാജ്യങ്ങളിലെയും ഗവണ്‍മെണ്ടു കൾ സാമ്പത്തിക ഘടനയുടെ വികസന-സാധ്യതകളെയെന്നതുപോലെ തന്നെ ഏറെ സൂക്ഷ്മമായി ചർച്ച ചെയ്യപ്പെടുന്ന  ഒരു പ്രത്യേക വിഷയവും പൊതുജനങ്ങളുടെ ആരോഗ്യ പരിപാലനം തന്നെയാണ്.

കെട്ടുപിണഞ്ഞു കിടക്കുന്ന സാമൂഹ്യജീവിതത്തിലെ വ്യത്യസ്തമായ പല പൊതുതാല്പ്പര്യങ്ങളിലും, പൊതുജനാരോഗ്യവിഷയങ്ങളിലേറെ പരാജ യപ്പെട്ട  സർക്കാരുകളുടെ  കെടുകാര്യസ്ഥതയിലും ചുറ്റപ്പെട്ടു തളർന്നു കിടക്കുകയാണ ല്ലോ ഇന്ത്യയിലെ  ജനങ്ങളുടെ  ആരോഗ്യപരിപാലനം.

ആയുർവേദ  വിധികളുടെ വീഥിയിൽ 

ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യപരിപാലനം കുറഞ്ഞ ചെലവിൽ നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഭാരതത്തിന്റെ സ്വന്ത ആയുർ വേദശാസ്ത്ര ചികിത്സാരീതി ഇക്കാലത്ത് പാശ്ചാത്യരുടെ സ്വന്തമായ ചികിത്സാരീതി ആയിത്തീരുകയാണെന്നുള്ള മാദ്ധ്യമങ്ങളുടെ പരിഭവം ഏതാണ്ട് ഇവിടെ ശരിവയ്ക്കുന്നതു പൊലെയൊരനുഭവം ഈ കഴിഞ്ഞ കാലത്ത് ഉണ്ടായി. ജർമ്മനിയിലെ ഹൈഡൽബർഗ്ഗിലുള്ള റുപ്രെഹ്റ്റ് -കാൾസ് സർവ്വകലാശാലയുടെ സൌത്ത് ഏഷ്യൻ വിഭാഗത്തിന്റെ മേൽ നോട്ടത്തിൽ നടന്ന ആയുർവേദശാസ്ത്ര പഠന സെമിനാറായിരുന്നു അത്.

ഈ സെമിനാറിൽ ഒരു പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാൻ അവസരം ലഭിച്ച എനിക്ക്  അപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞതിതാണ്. സെമിനാറിൽ പങ്കെടുക്കുവാൻ ക്ഷണിക്കപ്പെട്ടു വന്നെത്തിയിരുന്ന ഏതാണ്ട് അമ്പതുപേർ കാണും. അവരിൽ ചിലർ ഇന്ത്യയിൽ നിന്നുള്ള സർവ്വ കലാശാലകളിലെ പ്രൊഫസ്സർമാരും അമേരിക്കയിൽനിന്നും ചില യൂറോപ്യൻ സർവ്വകലാശാലകളിൽ നിന്നുമുള്ള പ്രൊഫസ്സർമാരും ഗവേഷകരും ഉണ്ടായിരുന്നു. പ്രബന്ധവിഷയം അവതരിപ്പിച്ച് സംസാരിച്ചത് അമേരിക്കയിലെ അരിസോണ സർവ്വകലാശാലയിലെ പ്രസിദ്ധനായ പ്രൊ. ഡോ. മാർക്ക് നിഹ്ടർ ആയിരുന്നു.

വിഷയം "Ayurweda Popular Health Culture And Globalisation". ആയുർവേദശാസ്ത്ര ചികിത്സാ-രീതിയിൽ പതിറ്റാണ്ടുകൾക്കുള്ളിൽ ഉണ്ടായിട്ടുള്ള  പല വിധത്തിലുള്ള  മാറ്റങ്ങളെക്കുറിച്ചും, ലോകരാജ്യങ്ങളും വിശിഷ്യാ പാശ്ചാ ത്യലോകം ഇതിനു നൽകിയിരിക്കുന്ന ഏറിയ സ്വാഗതവും, ഭാരതത്തിൽ ഇക്കാലത്ത് നിലവിലിരിക്കുന്ന ആയുർവേദ ചികിത്സാരീതിയുടെ കൊമേ ഴ്സ്യൽ ദുരുപയോഗത്തെക്കുറിച്ചും വിശദമായി അദ്ദേഹം പരാമർശിച്ചു.

വ്യാപകമായ നിരീക്ഷണമെപ്പോഴും നല്ലത്  തന്നെ. യൂറോപ്യൻ, അമേരിക്കൻ  സർവ്വകലാശാലകളുടെ  വ്യക്തമായ  കാഴ്ചപ്പാടും   ആയുർവേദ ശാസ്ത്ര  ചികിത്സാ ശൈലിയുടെ സാമീപ്യവും  അറിവും  പരിചയവും  നേടുന്നതിനുള്ള  ബഹുമുഖ   താല്പര്യവും ഭാരതത്തിന്റെ ആയുർവേദ ശാസ്ത്ര ചികിത്സാ രീതിയെധന്യമാക്കുന്നുണ്ട് എന്ന് പറയുന്നതിൽ കുഴപ്പമില്ല.  എന്നാൽ  ഉടമസ്ഥതയും  ഉപയോഗവും ഭാരതത്തിന്‌ സാവധാനം അന്യമായേക്കാം.

ആരോഗ്യ സംരക്ഷണത്തിലെ പരാജയം.

ഒരു ബില്ലിയനിലേറെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇന്ത്യയിൽ ആരോഗ്യ സംരക്ഷണ പദ്ധതികളുടെ പ്രസക്തി കൂടുകയാണ്. ജനങ്ങളു ടെയും സർക്കാരിന്റെയും കെടുകാര്യസ്ഥതയിൽ ഭൂരിപക്ഷ ജനങ്ങൾ സാമ്പത്തിക പതനത്തിന്റെ പാതാളത്തിലേയ്ക്ക് ചവുട്ടിത്താഴ്ത്തപ്പെടു കയാണല്ലോ. ഒരു വശത്ത്‌ അജ്ഞാതമായ പുതിയ രോഗങ്ങളും അതിന്റെ പേരിൽ ഈടാക്കപ്പെടുന്ന അമിതമായ ചികിത്സാ ചെലവുകളും കൂടുന്നു. ആതുര സേവന രംഗത്തെ കീഴടക്കിയിരിക്കുന്ന ഘടകം, മെഡിക്കൽ ഡോക്ടർമാർ ഉൾപ്പടെയുള്ള മെഡിക്കൽ മാഫിയ ആധിപത്യവും, സർക്കാരുകളുടെ നിയമ നിയന്ത്രണത്തെ മറികടന്നു പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പുകളും, മറുവശത്ത്‌ നിശബ്ദമായി നിഷ്ക്രിയരായി ഇതൊന്നും കാണാത്ത മട്ടിൽകടന്നു കളയുന്ന ഉത്തരവാദപ്പെട്ട സർക്കാരിന്റെ നിരുത്തരവാദിത്വവും ജനവിരുദ്ധവുമായ നിലപാടുകളും ആണ്. ജനങ്ങൾ സഹിച്ചു കൊള്ളണം. ഇന്ത്യയിൽ മാത്രമല്ലാ, അമേരിക്കൻ ഐക്യ നാടുകളിലും ചില ഉപയൂറോപ്യൻ രാജ്യങ്ങളിലുമെല്ലാം പൊതു-ജനാരോഗ്യ വിഷയത്തിൽ ഏറെ പരാജയം സംഭവിച്ചിട്ടുള്ളതിനും, ഇത് തന്നെയാണ് കാരണങ്ങൾ.

കേരളത്തിലേതുപോലെ പൊതുജനാരോഗ്യ പരിപാലനവും പരിസ്ഥിതി സംരക്ഷണ പരിചരണവും ഇത്രയധികം തകർന്ന സാഹചര്യം ഇപ്പോൾ ലോകത്തിൽ മറ്റൊരിടത്തും കാണില്ല. കേരളത്തിലെ ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലെ സൌകര്യങ്ങളും സജ്ജീകരണങ്ങളും ഇതര രാജ്യങ്ങളെ അപേക്ഷിച്ച് നോക്കിയാൽ തീരെ അപര്യാപ്തമാണ്. ആശുപത്രി പരിസരങ്ങളെല്ലാം മാലിന്യകേന്ദ്രങ്ങളാണ്. പരിസ്ഥിതി-സംരക്ഷണത്തിൽ ഉത്തരവാദപ്പെട്ടവർ കണ്ണടക്കുകയാണ്. ആശുപത്രി പരിസരങ്ങളിൽ തുറന്നു പ്രവർത്തിക്കുന്ന ഭക്ഷണ ശാലകൾ വൃത്തിയായി സൂക്ഷിക്കുന്നില്ല. പഴക്കം ചെന്ന ഭക്ഷണസാധനങ്ങൾ വിൽപ്പന നടത്തുന്നുവെന്ന പൊതുപരാതിയുണ്ട്.

അടിയന്തിര  പ്രാധാന്യമുള്ള  ആരോഗ്യ പരിപാലന  വിഷയത്തിൽ  ചെലവു കുറഞ്ഞതും  കാര്യക്ഷമതയുള്ളതും  ആഗോള  നിലവാരത്തിൽ  മേന്മയു ള്ളതുമായ   ചികിത്സാശൈലി   കേരളത്തിൽ  സൌകര്യപ്പെടുത്തുവാൻ  സർക്കാരിന്എന്ത്ചെയ്യാൻ  കഴിയും എന്നാണ്‌  ഇക്കാലത്ത് നാമെല്ലാവരും ചിന്തിക്കുന്നത്. സ്വകാര്യ ആശുപത്രി ഉടമകൾ രോഗികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിൽ പരാജയപ്പെടുകയാണ്. നിസ്സാര രോഗങ്ങളാൽ ആശുപത്രികളിൽ എത്തിച്ചേർന്നാൽ ആദ്യമേതന്നെ ഐ സി.യു വിലേക്ക് തള്ളുന്നതും രോഗികളോട്‌ സെക്യൂരിറ്റി പണം ആവശ്യപ്പെടുന്നതുംമറ്റും കേരളത്തിൽ വലിയ ചർച്ചാവിഷയമാണ്. 

ആരോഗ്യ പരിപാലനം സാമൂഹ്യ പ്രശ്നമായിരുന്നു.

പുരാതനകാലത്തും മദ്ധ്യകാലഘട്ടത്തിലും അന്നുണ്ടായിരുന്ന പരിഷ്കൃത രാജ്യങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള പൊതുജനാരോഗ്യ പ്രവർത്തന നടപടികൾ നടന്നിരുന്നു. പ്രാചീന ഗ്രീക്ക്-റോമൻ സംസ്കാരത്തി ലും മധ്യകാലഘട്ടത്തിലും ജനങ്ങളുടെ ആരോഗ്യപരിപാലന പദ്ധതികൾ ഉണ്ടായിരുന്നു. ഈ കാലഘട്ടത്തിൽ തൊഴിലാളികളുടെ സംഘങ്ങളും ഗിൽ ഡുകളും ഇതിന്റെ പ്രവർത്തനം നടത്തിപ്പോന്നു. യൂറോപ്യൻ രാജ്യങ്ങളിലെ
"ആരോഗ്യ സംരക്ഷണനിധി" പോലുള്ള പദ്ധതികൾ അക്കാലത്ത് റോമൻ  സാമ്രാജ്യത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്നു.

വ്യവസായവത്കരണ കാലഘട്ടത്തിനുമുമ്പ് യൂറോപ്പിലെ വിവിധ ഗോത്ര വർഗ്ഗക്കാരും മതാചാര്യന്മാരും ഭരണകർത്താക്കളും തൊഴിലാളികളു ടെ സംഘങ്ങളും ആരോഗ്യസംരക്ഷണ നിധിയിലേയ്ക്ക് സാമ്പത്തിക-സഹായ പങ്കാളിത്തം നൽകിയിരുന്നു. രോഗങ്ങൾ മൂലമോ ശാരീരിക വൈകല്യം മൂലമോ തൊഴിൽ ചെയ്യാൻ സാധിക്കാതെവന്നവരുടെ മുടക്കം വന്നിരുന്ന തവണകൾ അടയ്ക്കുവാൻ സഹായം നൽകുന്നത് ഇത്തരം പ്രവർത്തന പദ്ധതികളുടെ സവിശേഷതയായിരുന്നു. പിൽക്കാലങ്ങളിൽ ഉണ്ടായിരുന്ന സ്വകാര്യ "ചികിത്സാസഹായ നിധി"യുടെ ഉത്ഭവത്തിനു പിന്നിലുണ്ടായ പ്രേരകശക്തിയും ആശയങ്ങളും അന്നുണ്ടായിരുന്ന സന്നദ്ധ സംഘങ്ങളുടെ പ്രവർത്തന ശൈലിയിൽ നിന്നുമായിരുന്നു.

മദ്ധ്യകാലഘട്ടങ്ങളുടെ അവസാനകാലമായപ്പോഴേയ്ക്കും യൂറോപ്പിൽ സാവധാനം ആരോഗ്യപരിപാലന കാര്യത്തിൽ കൂടുതൽ പരിവർത്തനങ്ങൾ തുടങ്ങി. ജർമനിയിൽ 1843-ൽ ആണ് ആതുര സേവനമേഖലയിൽ "രോഗീ സഹായ നിധി"എന്ന ആശയം ഭാഗികമായി രൂപമെടുത്തത്. ജർമനിയിലെ പുകയില തൊഴിലാളികൾക്കായി "രോഗീ സഹായ സംഘം" എന്നപേരിൽ ഒരു സഹകരണസംഘം രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. ഒരു തൊഴിലാളി രോഗം പിടിപെട്ട് ചികിത്സ വേണ്ടി വരുകയോ ജോലിക്ക് പോകാനൊക്കാതെ വരികയോ ചെയ്‌താൽ "രോഗീസഹായ സംഘം" ചെലവുകൾ പൂർണമായും ഏറ്റെടുത്തിരുന്നു. രോഗം പിടിപെട്ടാൽ, ഈ ആനുകൂല്യം ലഭിക്കാൻ, അതിനുമുൻപ്‌ തന്നെ സംഘത്തിലെ അംഗമായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്, എന്നു മാത്രം. ഈ വിഷയത്തിൽ ആതുരാലയങ്ങളും സംഘവും യോജിച്ചു പ്രവർത്തിക്കും.

ഇനി ആധുനിക കാലഘട്ടത്തിൽ ജർമനിയിൽ "ആരോഗ്യപരി പാലന സഹായ നിധി"യും ആരോഗ്യ പരിപാലനവും എങ്ങനെയെന്നു നോക്കാം. ജർമനിയിലെ "ആരോഗ്യപരിപാലന സഹായ നിധി" മറ്റുരാജ്യങ്ങ ൾക്ക് ഒരു മഹാമാതൃകയാണ്. അമേരിക്കൻ ഐഖ്യനാടുകളിൽപോലും എല്ലാ ജനങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസുകളുടെ സഹായ സേവനമെത്തിക്കുവാൻ ഇതുവരെയുള്ള സർക്കാരുകൾക്കായില്ല എന്ന വസ്തുത നാം അറിയുന്നു.

സാമൂഹിക ഇൻഷുറൻസുകളുടെ ആദിമരൂപം.

1845-ൽ പ്രോയ്സിഷൻ രാജ്യത്തെ തൊഴിൽ നിയമം നടപ്പിലായതോടെ എല്ലാ ഫാക്ടറി തൊഴിലാളികൾക്കും വ്യവസായതൊഴിലാളികൾക്കും മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കി. ഇതിനുശേഷം 1848-ലെ പരിഷ്ക്കരണത്തിൽ എല്ലാ സർക്കാർ ജീവനക്കാർക്കും പ്രത്യേകിച്ച് ബർളിനിലെ പോലീസ് പ്രസീഡിയത്തിലെ ജീവനക്കാർക്കും വേണ്ടിയുള്ള മെഡിക്കൽ ഇൻഷുറൻസിനു രൂപം കൊടുത്തു. ഇതാണ്, പിൽക്കാലത്ത് പ്രയോഗത്തിൽ വന്ന "സാമൂഹ്യ ഇൻഷുറ ൻസിന്റെ"ആദിമരൂപം.

സോഷ്യൽ ഇൻഷുറൻസും മെഡിക്കൽ ഇൻഷുറൻസും നടപ്പിലായതോടെ ജോലി ചെയ്യുന്നവരും അല്ലാത്തവരും മെഡിക്കൽ ഇൻഷുറൻസിൽ നിർബന്ധിത അംഗമായി ചേർന്ന് തുടങ്ങി. ഇതിനുശേഷം 1854ൽ ഗ്രാമ-പഞ്ചായത്തുകളുടെ പരിധിയിൽ താമസിക്കുന്ന എല്ലാ തൊഴിലാളികളെയും സാമ്പത്തിക പങ്കാളിത്തം നൽകിക്കൊണ്ടുള്ള രോഗീ സഹായ നിധികളിൽ അംഗമായി ചേർക്കുവാൻ ഗ്രാമപഞ്ചായത്തുകളെ ചുമതല-പ്പെടുത്തി സർക്കാർ നിയമം ഉണ്ടാക്കി. തൊഴിൽ പരിശീലനം ലഭിച്ചിട്ടുള്ളവരും അല്ലാത്തവരുമായ തൊഴിലാളികൾക്ക് ഇത് ഏറെ പ്രയോജനകരമായി. ജർമനിയുടെ അയൽരാജ്യങ്ങളും ഈ മാതൃക അനുകരിച്ചു തുടങ്ങി.

മെഡിക്കൽ  ഇൻഷുറൻസ്  പദ്ധതിയിൽ  മാറി  മാറി അധികാരത്തിൽ  വന്നു കൊണ്ടിരുന്ന ഭരണകൂടങ്ങൾ  അനേകം  തുടർപരിഷ്ക്കാരങ്ങൾ നടപ്പിലാക്കി ക്കൊണ്ടിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാൽ  മനസ്സിലാകും. ജർമനിയുടെ മുഖ്യസാമൂഹ്യപരിഷ്ക്കർത്താക്കളിൽ ഏറ്റവും പ്രമുഖനായി രുന്നയാൾ  ഒട്ടോ ഫൊൻ ബിസ്മാർക്ക് ആയിരുന്നു. തന്റെ വ്യക്തിപരമായ താൽപര്യത്തിൽ സാമൂഹ്യ പരിഷ്കരണം ജർമനിയിൽ നടപ്പാക്കാൻ ശ്രമിച്ചതോടൊപ്പം പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയിൽ ആവശ്യമായ പരിഷ്കാരങ്ങളും നടപ്പാക്കി. 1880-1890 കാലഘട്ടത്തിൽ ഇന്നും നിലവിൽ അറിയപ്പെടുന്ന സാമൂഹ്യ ഇൻഷുറൻസു പദ്ധതി അദ്ദേഹമാണ് നടപ്പാക്കിയത്.

1926-ൽ അന്ന് രാജ്യത്തുണ്ടായിരുന്ന എഴുനൂറ്റി തൊണ്ണൂറ് ഇൻഷുറൻസ് കമ്പനികളെല്ലാം കൂടി പൊതുധാരണ പ്രകാരം ഒരു ഐഖ്യ ഇൻഷുറൻസ്‌ ഗ്രൂപ്പ് സംവിധാനം നിലവിൽ വരുത്തുവാൻ കഴിഞ്ഞു. 1939 ആയപ്പോഴേയ്ക്കും ഇതിൽ അംഗങ്ങളായവരുടെ എണ്ണം എട്ടര മില്യണ്‍ (എണ്‍പത്തിഅഞ്ചു ലക്ഷം) ആയി ഉയർന്നിരുന്നു. സാമൂഹ്യ സുരക്ഷിത പദ്ധതികളായ അപകടസംരക്ഷണ ഇൻഷുറൻസ്‌ വലിയ രാഷ്ട്രീയ പ്രതികരണങ്ങൾ ഉണ്ടാക്കിയിരുന്നെങ്കിലും, സമൂഹത്തിലെ ദാരിദ്ര്യവും തൊഴിലില്ലായ്മയിൽ കഴിയുന്നവർക്കും വയോജനങ്ങളുടെ ഇടയിലെ ദാരിദ്ര്യവും ഉത്മൂലനം ചെയ്യുവാനുള്ള സാമൂഹ്യ പദ്ധതികൾ കർശനമായി നടപ്പാക്കുകയാണ് ചെയ്തത്.

ആരോഗ്യപരിപാലന പദ്ധതി നടപ്പാക്കുന്നതിന് ഏതു സാമ്പത്തിക നയം മാന:ദണ്ഡമായി സ്വീകരിക്കണമെന്ന് വിദഗ്ധ പഠനം ആവശ്യ മാണ്. തൊഴിലാളികളുടെ മാത്രമല്ലാ, എല്ലാ അംഗങ്ങളുടെയും ഏതു വിധമുള്ള സാമ്പത്തിക പങ്കാളിത്തം, സാമ്പത്തിക പ്രതിസന്ധിയോ, തകർച്ചയോ, ഉണ്ടാക്കാത്ത ചെലവുകുറഞ്ഞ ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുകയെന്ന ചിന്തയിൽ പുതിയ കാഴ്ചപ്പാടുകളാണ് പദ്ധതിക്കു വേണ്ടത്. അവയിൽ ചിലതിനെ നമുക്ക് നോക്കാം. ജർമനിയിൽ ഇൻഷുറൻസിൽ അംഗമാകുന്ന ഒരാൾ തന്റെ മൊത്ത വരുമാനത്തിൽ ഒരു നിശ്ചിത ശതമാനം അംഗത്വ വരിസംഖ്യയായി അടയ്ക്കണം. പ്രൈവറ്റ്, സിംഗിൾ, ഫാമിലി ,സ്റ്റുഡന്റ്സ്, എന്നിങ്ങനെ വിവിധ കാറ്റഗറിയിൽ ഇൻഷുറൻസിൽ  അംഗങ്ങളായി ചേരാം.

1941ലാണ് പെൻഷനേഴ്സ് മെഡിക്കൽ ഇൻഷുറൻസ് ജർമനിയിൽ നടപ്പാക്കിയത്. നാസികളുടെ ഭരണകാലത്ത് സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ മേൽ നിയന്ത്രണമുണ്ടായെങ്കിലും ജർമൻ ഫെഡറൽ റിപ്പബ്ലിക്കിന്റെ തുടക്കത്തിൽ തന്നെ സ്വയം ഭരണാധികാരം തിരികെ നല്കി. സാമ്പത്തികാടിസ്ഥാനത്തിൽ സ്വകാര്യ മെഡിക്കൽ ഇൻഷുറൻസോ, അതല്ലാ, സാധാരണയുള്ള പ്രാദേശിക നിയമ നിർബന്ധിത നിബന്ധനയും നിരീക്ഷണവുമുള്ള മെഡിക്കൽ ഇൻഷുറൻസുകളോ ജനങ്ങൾക്ക്‌ സ്വതന്ത്രമായി തെരഞ്ഞെടുക്കു-വാനുള്ള നിയമസംരക്ഷണവുമുണ്ടായി.

നിലവിൽ ജർമനിയിലും ആരോഗ്യപരിപാലന ചെലവുകൾ കുത്തനെ ഉയരുകയാണ്. 2011ൽ, കണക്കനുസരിച്ച്, പൊതുജനാ രോഗ്യ വിഷയത്തിൽ മുന്നൂറ് ബില്ല്യൻ യൂറോ, അതായത്, ഒരാൾക്ക്‌ ഒരു വർഷം 3600 യൂറോ (ഒരു യൂറോ = ശരാശരി എണ്‍പത് രൂപ) ശരാ ശരി തുക ചെലവായിരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചു. തലേവർഷ ത്തെക്കാൾ 1,9 ശതമാനം വർദ്ധനവുണ്ടായി. ഈ വർദ്ധനവ് നിർബന്ധിത ആരോഗ്യ പരിപാലന പദ്ധതിയിൽ മാത്രമല്ല, പ്രൈവറ്റ് ഇൻഷുറൻസ് മേഖലയിലും ഏതാണ്ടിതേരീതിയിൽ ഉണ്ടായിട്ടുണ്ട് എന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഈ കണക്കുകൾ താൽക്കാലികം മാത്രമാണ്. ജർമനിയുടെ ആരോഗ്യ പരിപാലന വിഷയത്തിൽ അനേകം ബില്ല്യൻ യൂറോ ഭാവിയിലെ ഗവേഷണത്തിനും പുതിയ ചികിത്സാരീതിക്കുമായി തുക സ്വരൂപിച്ചു വയ്ക്കേണ്ടതുണ്ട്. പൊതുവെ ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും വലിയ വെല്ലുവിളിയാണ്.

ഇതോടൊപ്പം വർദ്ധിച്ചുവരുന്ന മറ്റൊരു യഥാർതഥ വെല്ലുവിളിയും അപകടവും, ആരോഗ്യമേഖലയിൽ പ്രവർത്തിക്കാനുള്ള വിദഗ്ദ്ധരു ടെ തീവ്രമായ അഭാവമാണെന്ന് ജർമൻ സാംസ്കാരിക വ്യവസായ വകുപ്പ് ക്താക്കൾ മുന്നറിയിപ്പ് നല്കുന്നു. ഫാർമ ഇൻഡസ്ട്രീ, മെഡിസിൻ ടെക്നിക് എന്നീ മേഖലകളിൽ മാത്രമല്ല, രോഗീപരിചരണ വിഭാഗത്തിൽ ആവശ്യമായ സ്പെഷ്യൽ ജോലിക്കാർ വേണ്ടുവോളം ഇല്ലായെന്നും പറയുന്നു. ഇത്തരം പ്രശ്നങ്ങൾ ആരോഗ്യമേഖലയിൽ  സാമ്പത്തിക പ്രതിസന്ധിയെ സൂചിപ്പി ക്കുകയുമാണ്.

ആശുപത്രികൾ, വയോജന മന്ദിരങ്ങൾ, എന്നീ മേഖലകളിൽ ജോലിചെയ്യു വാൻ ഒഴിവു വന്നിടത്ത് പകരം ജോലിക്കാരെ ലഭിക്കുന്നില്ലാ യെന്ന പരാതിയും നിലവിലുണ്ട്. ഫാർമാ ഇൻഡസ്ട്രീ മേഖലയിൽ തന്നെ ജർമനിയിൽ ഏതാണ്ട്  57 ശതമാനം സ്പെഷ്യലിസ്റ്റുകളുടെ സേവനം കുറവു ണ്ടെന്നും സൂചിപ്പിക്കുന്നു. ഇത്തരം കണക്കുകൾ നീണ്ട കാലങ്ങ ളോളം നിലനിൽക്കുന്നതുമല്ലാ.

ജർമനിയിൽ സാമ്പത്തിക നീതിയും സാമൂഹ്യനീതിയും ഉറപ്പാക്കിയ ലോകശ്രദ്ധയാകർഷിച്ച മഹത്തായ സാമൂഹ്യനീതി സംസ്കാരമാണ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി. ഈ ആശയത്തിന്റെ മഹത്തായ വിജയത്തിന് ജനങ്ങളും ആതുരാലയങ്ങളും മെഡിക്കൽ സ്ഥാപനങ്ങളും ഗവേഷകരും ഗവണ്‍മെണ്ടും ഒന്നിച്ചു പ്രവർത്തിക്കുന്നു. ലോക ജനതയ്ക്ക് മുന്നിൽ ജർമനിയുടെ ആരോഗ്യപരിപാലന സംവിധാനവും മെഡിക്കൽ ഇൻഷുറൻസുകളും പൊതുജനാരോഗ്യ ഗവേഷണ കേന്ദ്രങ്ങളും (ഉദാ:ജർമൻ അർബുദ ഗവേഷണകേന്ദ്രം) ലോകത്തിൽ മഹത്തായ മാതൃകകളാണ്.

ലോകരാജ്യങ്ങളിലെ ജനങ്ങൾ നിരന്തരം അഭിമുഖീകരിക്കേണ്ടുന്ന നിത്യ വെല്ലുവിളികളാണ് പുതിയ പുതിയ മാരകരോഗങ്ങളും അതനുസരി ച്ചുതന്നെ കുതിച്ചുയരുന്ന ചികിത്സാ ചെലവുകളും. ജനങ്ങളുടെ സാമ്പത്തിക നിലയെ തകർക്കുന്ന ആരോഗ്യപരിപാലന-സംരക്ഷണ മേഖല മുഴുവൻ ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ഫലപ്രദമായ നിരീക്ഷണവും ആവശ്യമായ നിയന്ത്രണവുമില്ലാതെ സാമ്പത്തിക മാഫിയാകളുടെ നീണ്ടകരങ്ങളുടെ പിടിയിലകപ്പെട്ടിരിക്കയാണ്.

ഇത്തരം വെല്ലുവിളികളെ നേരിടുവാൻ പ്രാപ്തരായ ഗവേഷകരും ഗവേഷണ കേന്ദ്രങ്ങളും പൊതുജനാരോഗ്യ ഇൻഷുറൻസ് പ്രസ്ഥാനങ്ങളും സർക്കാരും ജർമനിയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ശ്രദ്ധിക്കപ്പെട്ട വിഷയം ജനങ്ങളുടെ വിലയേറിയ ജീവനും മെച്ചപ്പെട്ട ആരോഗ്യ പരിപാലനവുമാണ്. /gk
----------------------------------------
*കോട്ടയം-"പ്രതിശ്ചായ "വാരികയിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.