Freitag, 5. Juli 2013

ധ്രുവദീപ്തി // പരിസ്ഥിതി // മലയാളിയുട മലിനീകരണ സംസ്കാരം. George Kuttikattu



ധ്രുവദീപ്തി  // പരിസ്ഥിതി :


മലയാളിയുട 
മലിനീകരണ സംസ്കാരം. 

 
 George Kuttikattu


കേരളത്തിൽ എന്താണ് സംഭവിക്കുന്നത്‌? കേരളത്തിലെ പഴയകാല ജീവിതരീതികളെക്കുറിച്ച് ഓർമ്മിക്കുന്നവർ ആരുടെമുൻപിലും നിലവിൽ  നേർക്കുനേർ കാണുന്ന സാമൂഹ്യജീവിതത്തിലെ വെല്ലുവിളികളെയും കുറവുകളെയും തെറ്റുകളെയും ചോദ്യം ചെയ്യണം.

ചില ഭരണഘടനാ വ്യതിയാനങ്ങൾ വരുത്തി രാജഭരണത്തിൽനിന്നും തിരുവിതാംകൂറും കൊച്ചിയും മലബാറിന്റെ ഭാഗവും ചേർത്തു 1956-നവംബർ 1ൽ ഒരു വിശാല ജനാധിപത്യ ഇന്ത്യയുടെ ഭാഗമാക്കി "കേരളം " എന്ന പുതിയ സംസ്ഥാനം പ്രഖ്യാപനം ചെയ്തു. ഒരു കെയർട്ടെക്കർ സർക്കാർ തിരുവനന്തപുരം കേന്ദ്രമാക്കി സ്ഥാപിച്ചു. പക്ഷെ, പ്രതീക്ഷിക്കാത്ത ഒരു തെരഞ്ഞെടുപ്പ് വിജയത്തിൽ കമ്യൂണിസ്റ്റ്ഏകാധിപത്യം 1957-ൽ കേരളം പിടിച്ചെടുത്തു. ജനാധിപത്യത്തിൽ തുടങ്ങിയ കേരളീയ മോഹത്തിനേറ്റ കനത്ത പ്രഹരമായിരുന്നു  ഈ അധികാരകൈമാറ്റം.

ഇതോടെ അതുവരെ കേരളം കണ്ടിട്ടില്ലാത്തമാതിരി സാമൂഹ്യ സാമുദായിക രാഷ്ട്രീയ ജീവിതത്തിൽ ജനാധിപത്യ തത്വങ്ങൾക്ക് നൽകിയിരുന്ന ക്രമങ്ങളും വിശ്വാസങ്ങളും അടിമുടി അപകടപ്പെട്ടു. സാമൂഹ്യജീവിതത്തിലെ അടിസ്ഥാന വിശ്വാസങ്ങളും പാരമ്പര്യങ്ങളും ജീവിതശൈലികളും കടപുഴകി മറിഞ്ഞു. കേരളസമൂഹത്തിൽ നിയന്ത്രിക്കാനാവാത്ത ഒരു "ഈഗോ" ജനമനസ്സിൽ ഉറച്ചു. നിയമത്തിനും നിയമഘടനയ്ക്കും സാമൂഹ്യ ജീവിത സുരക്ഷയ്ക്ക് നല്കേണ്ട മൂല്യങ്ങളും  തള്ളിക്കളയുന്ന ഒരു സാമൂഹ്യഘടനയിൽ പരസ്പ്പര പ്രതിബദ്ധത ആർക്കുമാർക്കും ഇല്ലാതായി. തികച്ചും മാത്രുകയല്ലാത്ത എന്തിനെയും നിരാകരിക്കുന്ന വെല്ലുവിളികൾ ഉയർന്നു  വന്നു.

പുതിയ വെല്ലുവിളികൾ :

വളരെ അസ്വസ്ഥമാകേണ്ട കാര്യങ്ങളിൽ പ്രധാനപ്പെട്ടത്, കേരളത്തിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യയാണ്. ഒരുകോടിജനങ്ങൾ എന്ന് പറയുമായിരുന്ന ഒരു കാലമുണ്ടായിരുന്നു.അതിപ്പോൾ മൂന്നേകാൽ കോടിയെന്ന് പറയുന്നു. എത്ര, എവിടെ, എങ്ങനെ ഈ സംഖ്യ വർദ്ധിച്ചുവെന്ന് ആരും പറയുന്നില്ല. കേരളത്തിൽ നിന്നും പ്രതിവർഷം അന്യ സംസ്ഥാനങ്ങളിലെയ്ക്കോ മറുനാടുകളിലേയ്ക്കോ കുടിയേറിയിരി ക്കുന്നവരുടെ കണക്കു സർക്കാരിനും അറിവില്ല. എങ്കിലും, മറുവശത്ത്‌ അന്യസംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേയ്ക്ക് ജോലിതേടിവരുന്നവരു ടെ എണ്ണവും ശ്രദ്ധിക്കുന്നില്ല.

കേരളത്തിലേയ്ക്കുവരുന്ന അന്യസംസ്ഥാനതൊഴിലാളികളുടെ വരവിനെ ഇന്ത്യൻഭരണഘടനയനുസരിച്ച് ശരിവയ്ക്കാം. കേരളത്തിലെ  ഒരു രാഷ്ട്രീയ പാർട്ടിയുടെ നിഗൂഡ അജണ്ടയിലെ താല്പ്പര്യമാണ് അന്യസംസ്ഥാന തൊഴിലാളികളെ ഇറക്കുമതിചെയ്ത നയപരിപാടിയെന്നു ചില അഭ്യൂഹങ്ങളും പ്രചാരത്തിലുണ്ട്. ബംഗാളിലെ തകർന്ന കമ്യൂണിസ്റ്റുകളും ബീഹാറിലെ നക്സലൈറ്റുകളും കേരളത്തിൽ പുതിയ താവളം തേടിവരുന്നുവെന്ന സൂചനകൾ പ്രചരിക്കുമ്പോൾ എന്താണ് ശരി എന്താണ് തെറ്റ് എന്ന് പറയുക വിഷമകരവുമാണ്.

ഇറക്കുമതി ചെയ്യപ്പെട്ട് വന്നെത്തിയ തൊഴിലാളികളുടെ കേരളത്തിലെ ജീവിതസാഹചര്യം വളരെ മൃഗീയമായ നിലയിലാണ്. പത്തും ഇരുപതും ആളുകൾ വായുകടക്കാത്ത ഒരൊറ്റ മുറിയിൽ താമസിക്കുകയും ഉറങ്ങുകയും ഭക്ഷണം പാകം ചെയ്യുകയും ചെയ്യുന്നു. മലമൂത്രവിസർജനം നടത്തുന്നത് അവർ താമസിക്കുന്ന പരിസരങ്ങളിൽത്തന്നെയാണ്. ശുദ്ധജലക്ഷാമം അവരുടെയും ജീവിതം ദുഷ്കരമാക്കുന്നു. നഗരങ്ങളിലാണ് ഇവർ ഏറെയും താമസ്സിക്കുന്നത്.

മൂന്നാർ പട്ടണ ദൃശ്യം 
കേരളത്തിലെയോ കേന്ദ്രത്തിലെയോ സർക്കാരുകൾ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതി തെറ്റായ തൊഴിൽ പദ്ധതിയായി മാറി. കേരളത്തിലെ തൊഴിൽ മേഖലയ്ക്കു കിട്ടിയ കനത്ത പ്രഹരമാണ്. ഇതോടെ തൊഴിൽ ദാതാക്കളും രാഷ്ട്രീയ നേതൃത്വങ്ങളും മറ്റൊരു മാർഗ്ഗം തേടിയതാണ്, അന്യസംസ്ഥാനത്തു നിന്നും മിതകൂലി തൊഴിലാളി കളെ ഇറക്കുമതി ചെയ്യാൻ തുടങ്ങിയത്. ഇതോടെ കേരളത്തിൽ ഒരുവശത്ത്‌ ജനസംഖ്യാ വർദ്ധനയും, സമാന്തരമായി പരിസര മലിനീകരണവും ഇരട്ടിച്ചു. ഈ യാഥാർത്ഥ്യകാര്യം ആരും സമ്മതിക്കുകയില്ല.

പരിസര മലിനീകരണത്തിൽ കേരളീയനേപ്പോലെ തന്നെ അന്യസംസ്ഥാന തൊഴിലാളികൾക്കും സാരമായ പങ്കുണ്ട്. ഇവരുടെ സഹജീവിത സാമീപ്യം കേരളം ആഗ്രഹിക്കുന്നുവെങ്കിൽ, മറ്റുരാജ്യങ്ങളിൽ ചെയ്യാറുള്ളതുപോലെ ജോലി താമസ്സ ആവശ്യങ്ങൾക്കായ സഹായങ്ങൾ ഗ്രാമസഭകളും നഗരസഭകളും തൊഴിൽദാതാക്കളും കൂടി ചെയ്തു കൊടുക്കുവാൻ തയ്യാറാകേണ്ടതാണ്. അങ്ങനെ വന്നാൽ അവരുടെ മേൽ നിയമപ്രകാരമുള്ള നിയന്ത്രണങ്ങളും എളുപ്പമാകും.

ജനവർദ്ധന കൂടുന്നതിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ ആവശ്യവും ഉപയോഗവും കൂടുന്നു. അതിനു സമാന്തരമായി പുറത്തേയ്ക്ക് തള്ളിവിടുന്ന ഉപയോഗശൂന്യവസ്തുക്കളുടെ അളവും കേരളത്തിൽ വർദ്ധിക്കുകയാണ്. ഇവയെല്ലാം ഭവനപരിസരങ്ങളിലും ജോലിസ്ഥലങ്ങളിലും ബസ്സ്‌ സ്റ്റാൻഡുകളിലും റയിൽവെ സ്റ്റേഷനിലും ട്രെയിനിലും വ്യവസായശാലാ പരിസരങ്ങളിലും നീക്കം ചെയ്യപ്പെടാത്ത നിലയിൽ കാണപ്പെടുന്നു. മാലിന്യം നീക്കം ചെയ്തു സംസ്കരണം നടത്താതെ നാം വസിക്കുന്ന പരിസരവും കുടിക്കുന്ന ജലവും, വായുവും മലിനപ്പെടുകയാണ്.

 മാലിന്യകൂമ്പാരം 

മലിനീകരണ വിഷയം കേരളീയരുടെ ശ്രദ്ധിക്കപ്പെടാത്ത മഹാദുരന്തമാണ്. ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ ഈ ജനവിഭാഗത്തിന്റെ ജീവിത ശൈലിയുടെ പുതിയ നിർവചനം കാണേണ്ടിയിരിക്കുന്നു. അതുപക്ഷെ, കേരളത്തിനു വികസനത്തിന് വേണ്ടിയുള്ള മറ്റൊരു താല്പര്യം ഉണ്ടാകുവാൻ ആയിരിക്കണം. ഇതിനാവശ്യമായ പ്രാരംഭ നടപടികൾ എവിടെ നിന്ന് തുടങ്ങണം നിയമപരമായി നടപടികൾ നടത്തണം എന്ന് എളുപ്പം പറയാം. പക്ഷെ, ഇത് ആദ്യമേ, ജനമനസ്സിൽ ആ വിചാരം മുളയ്ക്കണം. അത് നടപ്പിൽ വരുത്തുവാൻ തയ്യാറെടുപ്പുള്ള ഒരു സാമൂഹ്യഘടന ഉണ്ടാക്കണം. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കൂട്ടുത്തരവാദിത്വത്തിൽ പ്രാദേശിക ഭരണകർത്താക്കളും സാമൂഹ്യസംഘടനകളും ഗവേഷകരും സർവകലാ ശാലകളും ജനപ്രതിനിധികളും അടങ്ങിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തിമേഖലയ്ക്ക് രൂപം കൊടുക്കണം.

  മാലിന്യത്തിലും നിധി തേടുന്നവർ.
മാലിന്യനിർമാർജന വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങളായ ജർമനി, ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയവർ മാത്രമല്ല, ജപ്പാൻ, ആസ്ട്രേലിയ, കാനഡ, അമേരിക്ക എന്നുവേണ്ട, ലോകരാജ്യങ്ങൾ "പരിസ്ഥിതി സംരക്ഷണവും പൊതുജനാ രോഗ്യവും" എന്ന കാര്യത്തിനു മികച്ച പ്രാധാന്യം കൊടുത്ത് പ്രവർത്തനം നടത്തുന്നുണ്ട്. ഇങ്ങനെയുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഈ രാജ്യങ്ങളിലെല്ലാം അടുക്കും ചിട്ടയോടും മുറയ്ക്കും നിയമാനുസ്രുതമായും നടക്കുമ്പോൾ കേരളത്തിലെ ജനങ്ങളും സർക്കാരും മാലിന്യത്തിൽ മുങ്ങിക്കിടക്കുകയാണ്. മേൽപ്പറഞ്ഞ രാജ്യങ്ങൾ മുൻകൈ എടുത്തു ലോകപരിസ്ഥിതിസംരക്ഷണ കോണ്ഫറൻസുകൾ എല്ലാവർഷവും നടത്തുന്നത് നാം അറിയുന്നു. എന്നിട്ടും കേരളീയന് വലുത് മറ്റു വിഷയങ്ങൾ ആണ്.

സാധാരണ ആരുടെയും ഉള്ളിന്റെയുള്ളിൽ തട്ടി ചോദിച്ചുപോകുന്ന ചോദ്യങ്ങളാണിവ. സുന്ദരമായ നമ്മുടെ പ്രകൃതിയെ നാം എന്താണ് ചെയ്യുന്നത്? നമ്മുടെ അഹന്തയുടെ അലങ്കാരമായ മുഷ്ക് കാണിക്കേണ്ടത് നാമൊക്കെ വസിക്കുന്ന പ്രകൃതിയെ ബലി കഴിച്ചുവേണോ? നമ്മുടെ ചുറ്റും മാതൃകയായി പരിപാലിക്കേണ്ട വായുവിലും കുടിക്കുന്ന ജലത്തിലും വസിക്കുന്ന പ്രകൃതിയിലും വിഷം കലർത്തുന്ന ഈ മന:സാക്ഷിക്കു കാരണം എന്താണ്? ഈ ചോദ്യങ്ങൾ ചോദിക്കുന്ന ആരുടേയും ഹൃദയം തുടിക്കുന്നത് നമ്മുടെ കേരളത്തിൽ സാമൂഹ്യദ്രോഹികളായ പരിസ്ഥിതി ഘാതകരെ ലക്ഷ്യമിട്ട് തന്നെയാണ്. മറ്റുരാജ്യങ്ങൾ അനുവർത്തിക്കുന്നതുപോലെ കർശനമായ നിയമനിരീക്ഷണം ഇക്കാര്യത്തിൽ അനിവാര്യമാണ്.

 കേരളത്തിലെ മനോഹരമായ തേയിലത്തോട്ടങ്ങൾ

കേരളത്തിൽ സ്ഥിരം വസിക്കുന്നവർക്കും കേരളത്തിലേയ്ക്ക് ദിവസവും 
വന്നെത്തുന്നവർക്കും ദൃഷ്ടിയിൽപ്പെടുന്ന  കാര്യമാണിവിടെ ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത്.  രാപകൽ പോലും വ്യത്യാസമില്ലാതെ ആരെയും എന്തിനെയും ഏതിനെയും അവഗണിച്ചുകൊണ്ട് അലക്ഷ്യമായിത്തന്നെ  മാലിന്യങ്ങൾ കൊണ്ടുവന്നു ഓരോ നഗരത്തിലെ റോഡുകളിലും റോഡു- വക്കുകളിലേക്കും വലിച്ചെറിഞ്ഞു പോകുന്ന ആളുകളും വാഹനങ്ങളും വർദ്ധിക്കുന്നു. പ്ലാസ്റ്റിക്‌  സാധനങ്ങൾ, പത്രക്കടലാസുകൾ, വിവിധതരം  നിർമ്മാണ പ്രവർത്തനത്തിനുള്ള സ്ഥലങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ, ഗൃഹമാലിന്യങ്ങൾ, പഴത്തൊലികൾ, കൂടാതെ ചപ്പുചവറുകൾ തുടങ്ങി ഉപയോഗശൂന്യമായ വസ്തുക്കൾ എന്നിവ എറിഞ്ഞു കളയുന്ന സ്ഥലമാണ്  നഗരവീഥികളെന്നു ഇങ്ങനെയുള്ളവർ കരുതുന്നുണ്ട് . പത്തു സെന്റു ഭൂമിയിൽ നിർമ്മിച്ചിരിക്കുന്ന ഭവനങ്ങളിലെ നിത്യ മാലിന്യങ്ങൾ ആരും കണ്ടില്ലെങ്കിൽ അടുത്ത അയലത്തെ ആളില്ലാത്ത വീടിനു മുമ്പിലുള്ള മുറ്റത്തെറിഞ്ഞു കടന്നു കളയുന്നവർ പോലും ഉണ്ടെന്നു ഒരു നഗരവാസി എന്നോട് പറഞ്ഞത് ഞാൻ ഓർമ്മിക്കുന്നു. ഇവർ ആരാണ് എന്നും കൂടി നാം മന:സ്സിലാകുമ്പോൾ നാം ഞെട്ടിപ്പോകും. ഉത്തരവാദപ്പെട്ട സർക്കാർ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് എറെയും. ഇത്തരം നീചമായ സാമൂഹ്യവിരുദ്ധ കൃത്യങ്ങൾ ചെയ്യുന്നതിൽ ഇക്കൂട്ടർക്ക് യാതൊരു ഉളുപ്പുമില്ലാ.







മലയാളികൾക്ക് ഈ പ്രശ്നവിഷയത്തിൽ കേരളത്തിലും ഇന്ത്യ മുഴുവനും എന്ത് ചെയ്യാൻ കഴിയും? മലയാളികൾ ഒരു വൻ പരിസ്ഥിതിവിപത്തിന്റെ  വക്കിലാണ് നില്ക്കുന്നത്. ഒന്നുകിൽ ദൂരവ്യാപകമായ വലിയ നഷ്ടം നമ്മുടെ കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരത്തിൽ സഹിക്കേണ്ടിയും വരും, അല്ലെങ്കിൽ ഈ നിലവാരം ഇങ്ങനെ തുടർന്ന് അസഹനീയ സ്ഥിതിയിൽ വന്നുചേരും. പൊതുജനാരോഗ്യം അപകടപ്പെടും. നമ്മുടെ സാമ്പത്തിക വ്യവസ്ഥയെവരെ പ്രതികൂലമായി ബാധിക്കും. സർക്കാർ ചെയ്യേണ്ടതായ  അടിയന്തിരവിഷയമാണ് കേരളത്തിലെ പരിസ്ഥിതിസംരക്ഷണവും പൊതു ജനാരോഗ്യവും. ദിനംതോറും പകർച്ചവ്യാധികൾ മൂലമുള്ള മരണങ്ങൾ വർദ്ധിക്കുന്നു. സാമ്പത്തികഭാരം ഉണ്ടാക്കുന്ന ആശുപത്രി ചെലവുകൾ മൂലം തകരുന്ന കുടുംബങ്ങൾ നിരവധിയുണ്ട്.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പരിസ്ഥിതി സംരക്ഷണത്തിനും പൊതുജനാരോഗ്യ സംരക്ഷണ വിഷയത്തിലും ഒന്നാം സ്ഥാനത്തു നില്ക്കുന്ന രാഷ്ട്രമാണ് ജർമനി. ഇത് മനസ്സിലാക്കണമെങ്കിൽ, ജപ്പാനിലോ അമേരിക്കയിലോ, ഇംഗ്ലണ്ടിലോ ആയിരിക്കുമ്പോൾ അസുഖം വന്നു ചികിത്സ നടത്തിയവർക്കറിയാം. നിയമപരമായി നടപ്പിലാക്കപ്പെട്ട ജർമൻ രോഗീ സംരക്ഷണ ഇൻഷുറൻസുകൾ സർക്കാർ നടപ്പിലാക്കിയത് മുതൽ ജനതയുടെ   ആയുർ ദൈർഘ്യം വർദ്ധിച്ചുവെന്ന് നിരീക്ഷണഫലം വെളിപ്പെടുത്തിയിരിക്കുന്നു. വർദ്ധിച്ചു വരുന്ന രോഗനിർണ്ണയ ചെലവുകളും, നിരീക്ഷണവും, പരിചാരണജോലികളും, മരുന്നുവിലയും തുടങ്ങിയ എല്ലാ ചെലവുകളും  ഇത്തരം ഇൻഷുറൻസുകൾ വഹിക്കുന്നു. സാമൂഹ്യ ജീവിത സുരക്ഷാനടപടികൾ ചെയ്യുന്നത് മറ്റുരാജ്യങ്ങൾ ഇതിനകം മാതൃകയായി ക്കഴിഞ്ഞു.

കേരളത്തിലെ നാട്ടുപ്രദേശങ്ങളും നഗരങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും, കൈത്തോടുകളും പുഴകളും മറ്റു ജലാശയങ്ങളും സർക്കാരി ന്റെ ശുദ്ധജലവിതരണികളും മലിനപ്പെട്ടു പൊതുജീവിതം അപകടത്തിൽ പ്പെട്ടിരിക്കുകയാണ്. പകർച്ചവ്യാധികളിൽ കേരളത്തിൽ ഉണ്ടായ മരണത്തിന്റെ കണക്കുകൾ സർക്കാരിന് അറിഞ്ഞുകൂടാ. കേരളത്തിലെ യഥാർത്ഥ ദുരന്തസ്ഥിതിയെപ്പറ്റിയാണ് ഏതൊരു വിദേശ മലയാളിയുടെയും സംസാരവിഷയം.

 ജലമുണ്ട്, പക്ഷെ,.. കുടിവെള്ളമില്ല.        
ഒരു മഴക്കാലം വന്നാൽ കേരളം ചെളിക്കുളമായി. മഴയില്ലാതെ വന്നാൽ കുടിവെള്ളം കിട്ടാക്കനി യായിത്തീരും, കേരളീയന്. ചെറിയ വെയിലും ചെറിയ മഴയുമുണ്ടായാൽ നനവുള്ളിടത്തു കൊതുകിനു സാമ്രാജ്യമായി. വീടുകളിലെ മാലിന്യം അന്വേഷിച്ചു പാറ്റകളും മറ്റുകീടങ്ങളും ഓടിയെത്തും. പ്രകൃതി സംരക്ഷണത്തിൽ വലിയ വീഴ്ചകൾ വന്നതാണിതിനു പ്രധാന കാരണം. പ്രകൃതിയുടെ സ്വാഭാവികത നശിപ്പിച്ച നടപടികളാണ്, കേരളത്തിലെ വയലുകൾ നിരത്തി കരഭൂമിയാക്കിയത്. മഴവെള്ളം സ്വാഭാവികമായി മണ്ണിലേക്ക് വലിയാൻ തടസ്സമാക്കിയ നിർമ്മാണപ്രവർത്തനങ്ങൾ നടത്തി. പെയ്തിറങ്ങുന്ന വെള്ളം വിഷവാതകങ്ങൾ മൂലം വിഷമായിത്തീർന്നു. ജൈവവളം ഉപയോഗം മാറ്റിവച്ചു കൃത്രിമ കെമിക്കൽ വളങ്ങൾ ഉപയോഗിച്ച് മണ്ണിലെ ജൈവാംശം നശിപ്പിച്ചു. മണ്ണ് വെറും ജല അരിപ്പുകളായി ത്തീർന്നിരിക്കുന്നു.

പെയ്തിറങ്ങുന്ന ജലം അതേപടി വാർന്നിറങ്ങി ഒലിച്ച് ഒഴുകിപ്പൊയി ക്കൊണ്ടിരിക്കുന്നു. മണ്ണിൽ ജലാംശം നിൽക്കാതെ അടിസ്ഥാനജല (ഉറവ) സ്രോതസ്സുകൾ ഇല്ലെന്നായിവരുന്നു. ഇവയെല്ലാം ജലക്ഷാമത്തിനു കാരണമായ ചില ഘടകങ്ങളാണ്. ഈ തകർച്ചയാണ് മാലിന്യം കൂനകൂടിയ കേരളം മലിനപ്പെട്ടത്‌ എന്ന് ആരും ചിന്തിക്കുന്നില്ല. ശുചിത്വ കേരളമെന്നഭിമാനിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷെ, സമ്പത്ത് നിറഞ്ഞു കവിയുന്നുവെന്നു പറയപ്പെടുന്ന ആ "കേരളത്തിലേയ്ക്ക്" മൂക്കും പൊത്തി നിന്ന് മാത്രമേ സന്ദർശിക്കാൻ കഴിയൂ. "ജന്മനാടിനെ കാണാൻ വരുന്നതു തന്നെ ഭയപ്പെടുന്നു" എന്ന് മെച്ചപ്പെട്ട ജീവിതം തേടി സ്വന്തം നാട് വിട്ടിറങ്ങി വിദേശത്തു കുടിയേറിയ മലയാളികളുടെ ഭീതിയാണിത്.

വിവേകശൂന്യമായ ഏതു പരിസരമലിനീകരണവും അധർമ്മം മാത്രമാണ്. കേരളീയർ വസിക്കുന്ന പരിസരങ്ങൾ-, നിത്യം നടക്കുന്ന റോഡുവക്കിൽ, ജലസ്രോതസുകളിൽ, വീണ്ടുവിചാരമില്ലാതെ മലമൂത്രവിസർജനം നടക്കുന്ന രംഗങ്ങൾക്ക് നാമൊരുപക്ഷെ പലപ്പോഴും നേരിട്ടുള്ള ദൃക് സാക്ഷികൾ തന്നെയാണല്ലോ.   മൂല്യശോഷണം സംഭവിച്ചതോ, ശിക്ഷണം ഇല്ലാത്തതോ ആയ എല്ലാ നടപടികൾക്കും എതിരെ ബോധവത്ക്കരണവും കർശനമായ  ശിക്ഷണവും, കടുത്ത നിയമനിദ്ദേശങ്ങളും ഏർപ്പെടുത്തേണ്ടത് പരിസ്ഥിതി സംരക്ഷണത്തിനു ആവശ്യമായ നടപടി തന്നെയാണ്.

ജലം വറ്റിയ നെൽപ്പാടം
മനുഷ്യൻ പ്രകൃതിയെ സ്നേഹിക്കുന്നവനാകണം. സഹജീവികളുടെ ജീവിതം ദുഷ്കരമാക്കിയ മലിനീകര ണം നടത്തുന്നവർ അത് നടത്തി. ആത്മാവു തകർന്ന  അശാന്തിയും അസമാധാനവും, പരിസര മലിനീകരണവും മൂലം തകരുന്ന നമ്മുടെ  സ്വന്ത നാടിനെയും ജനങ്ങളെയും കാണുമ്പോൾ,   മറക്കുവാൻ
കൊതിച്ച മനോവേദനകളും സന്തോഷിക്കുവാൻ താലോലിച്ച സ്വപ്നങ്ങളും ഹൃദയത്തിൽ വീണ്ടും ഒതുക്കി വയ്ക്കും. അവിടെ വച്ചു മറക്കുവാൻവേണ്ടി ഇനി അവിടെ എന്തിരിക്കുന്നു? ജീവിതത്തിനു നാം നൽകുന്ന അവസരം ജീവിക്കുവാൻ തെരഞ്ഞെടുത്ത ആ പ്രകൃതിയിൽ മലിനീകരണ വെല്ലുവിളികൾ കാരണം നഷ്ടപ്പെടുന്നുവെങ്കിൽ അതുതന്നെ മനുഷ്യവംശത്തിന് എതിരെ ഉയരുന്ന ഭീകര ദുരന്തമായിരിക്കും. ഇത്രമാത്രം മതി, ഓരോരുത്തനും അവരവരുടെ സ്വന്തം വിവേകത്തിനു കടപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവുണ്ടായാൽ.

നമ്മുടെ രാജ്യത്തെ മന്ത്രിമാരും ജനപ്രതിനിധികളും ജനങ്ങളും ഉണ്ടാക്കുന്ന രാഷ്ട്രീയ മാലിന്യങ്ങൾ മൂലം സഹികെടുന്ന ഒരു നല്ല വിഭാഗം ജനങ്ങളാണ്  ഇന്ത്യയിൽ എവിടെയും ജീവിക്കുന്നത്. നമ്മുടെ കേരളത്തിൽ ജീവിക്കുന്ന   ആരുടേയും സാമൂഹ്യ ജീവിതത്തിലെ അടിസ്ഥാന സുരക്ഷിതത്വം അപ്പാടെ  തകരുന്നത്  കൂടുതൽ നിരീക്ഷിക്കുന്നത് മറുനാടുകളിൽ ജീവിക്കുന്ന ഓരോ മലയാളികൾ ആണ്. വളരെ ഭീതിയോടെയാണ് കേരളത്തിലെ പുതിയതരം    രാഷ്ട്രീയ ഉഴുതുമറിക്കലിനെ നിരീക്ഷിക്കുന്നത്. ജനാധിപത്യ ഇന്ത്യയിലെ രാഷ്ട്രീയമാലിന്യമാണ്, ആദ്യം നിർമാർജനം ചെയ്യപ്പെടേണ്ടത് എന്ന കാര്യം ഒരു ദുഃസ്വപ്നമായി അവശേഷിക്കുന്നു.//-
-----------------------------------------------------------------------------------------------------. 
/gk

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.