Montag, 15. Juli 2013

ധ്രുവദീപ്തി // Panorama // അക്ഷരത്തിലും ആത്മാവിലും ശുചിത്വം // George Kuttikattu


 അക്ഷരത്തിലും ആത്മാവിലും 
ശുചിത്വം// 
 
George Kuttikattu 


ശുചിത്വം+അടുക്കും ചിട്ടയും
= സുരക്ഷിതത്വം
 
സാമൂഹ്യജീവിതത്തിൽ സുരക്ഷിത ത്വവും ആരോഗ്യവും പരസ്പരം പൂരകമായിത്തീരുന്നതു ശുചിത്വവും അടുക്കും ചിട്ടയും സ്വീകരിക്കുന്നതിലൂ ടെയാണെന്ന് പരിഷ്കൃതലോകം മനസ്സിലാക്കുന്നു. ഇവയുടെ ആകെ ത്തുകയാണ് സാമൂഹ്യ സുരക്ഷിതത്വം. ഇത് ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഓരോ രാജ്യത്തും അതിലെ ജനവിഭാഗങ്ങൾക്ക് സ്വന്തമായ  പാരമ്പര്യ ങ്ങളും മനോഭാവങ്ങളും ഉണ്ടാകും. ഇവയെല്ലാം ജർമൻ ജനതയിലും അലിഞ്ഞുചേർന്നിരിക്കുന്ന സവിശേഷതകളാണ്. അവയെല്ലാം അവരുടെ ദൈനംദിന ജീവിതത്തിലെ "വൃത്തിയും അടുക്കും ചിട്ടയും" ആണെന്ന് ജർമനിയിലെത്തുന്ന ഒരു വിദേശിക്കു മനസ്സിലാക്കാവുന്ന ആദ്യകാര്യവുമാണ്. ഇതിനാൽത്തന്നെ ആ ജനവിഭാഗത്തിന്റെ വൃത്തിയും സാമൂഹ്യജീവിതരീതിയും എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്. ജർമൻ ഭാഷയിൽ ഇതേപ്പറ്റി ഒരു ഫോർമുലായുണ്ട്. ശുചിത്വം+അടുക്കും ചിട്ടയും=സുരക്ഷിതത്വം. ഇതാണ് ജർമൻ ജനതയുടെ ശുചിത്വപ്രമാണം.

ഒരു സമൂഹത്തിന്റെ മുഴുവൻ ഘടനയും പ്രവർത്തനശൈലിയും നിലനിൽപ്പും യാഥാർത്ഥ്യമാകുന്നത് യഥാർത്ഥത്തിൽ മേൽ സൂചിപ്പിച്ച അസാധാരണ ഫോർമുലായിലാണോ?

ജർമൻ ജീവിതത്തിലെ ക്രമവും ചിട്ടയും ശുചിത്വവും ഒരു ദൃശ്യമായ ക്രമമാണ്. അതായത് കണ്ണിനെയോ കാഴ്ച്ചയെയോ മാത്രമല്ല പ്രകാശവിജ്ഞാനീയത്തെയോ അത് കൂടുതൽ ഫലദായകമാക്കുന്നു. അതേസമയം അദൃശ്യമായ കാര്യങ്ങളെയും വഹിക്കുന്നുണ്ട്. അവയ്ക്ക് ഉദാഹരണമാണ് ഒരാള് ചെയ്യുന്ന ജോലിയും ബന്ധപ്പെട്ട സാങ്കേതികവിദ്യകളും. ശുചിത്വമെന്നത് ഒരു സൌന്ദര്യശാസ്ത്രസംബന്ധ കാര്യം മാത്രമല്ല. ശുചിത്വവും ചിട്ടയും ക്രമവും സുരക്ഷിതത്വവും തടസ്സമില്ലാതെ ഉണ്ടായിരിക്കണമെന്ന ആശയം ജർമൻജനത ഹാർദ്ദമായി സ്വീകരിക്കുന്നു. ഇത്തരം കാര്യങ്ങളിൽ ഉള്ള വ്യാപകമായ അറിവിൽത്തന്നെയുറച്ചിട്ടുള്ള നടപടി ക്രമങ്ങളാണ് ഓരോരുത്തരുടെയും പ്രവർത്തന സ്ഥലങ്ങളിലെ ശുചിത്വ ക്രമങ്ങളിലും ആരോഗ്യ സംരക്ഷണ നടപടികളിലും  നാം കാണുന്നത്. ഇതിനുദാഹരണമായി പ്രൊഫഷണൽ തൂപ്പുകാർ മുതൽ പരിസരശുദ്ധീകരണ ജോലിക്കാരെ വരെ ചൂണ്ടിക്കാണിക്കാവുന്നതാണ്.

ശുചിത്വവും ക്രമവും സുരക്ഷിതത്വവും നൽകുന്ന  ജീവിത ശൈലിയാണ് ജർമൻകാരുടേത്. ആരോഗ്യ സംരക്ഷണ  ശാസ്ത്രപരമായ നിരീക്ഷണത്തിൽ, ജോലിസ്ഥലത്തിരുന്നു ഭക്ഷണം കഴിക്കുന്നതും അവിടെത്തന്നെ അവ സൂക്ഷിക്കുന്നതും അവർ നിരോധിച്ചിരിക്കുന്ന കാര്യമാണ്. ഒരു തൊഴിലുടമയുടെ മുഴുവൻ തൊഴിൽ- മേഖലകളിലെയും തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് ജൈവശാസ്ത്രപരമായ സംരക്ഷണ നിർദ്ദേശങ്ങൾ ഒരു തടസ്സവുമില്ലാതെ പ്രവർത്തിക്കണമെന്നതു ഒരു സാധാരണ കാര്യമാണിവിടെ.

"വൃത്തിജീവിതം" കൊണ്ടർത്ഥമാക്കുന്നത് ജർമൻകാരുടെ ശരീരവൃത്തിയെ മാത്രമല്ല. ജർമൻ ജനതയുടെ പ്രവർത്തിയുടെ വൃത്തി, എന്തും ചെയ്യുന്നതിലെ പരിപൂർണ്ണതയുടെ വൃത്തി, പരിസര വൃത്തി, പെരുമാറ്റ വൃത്തിയും വൃത്തിയുള്ള ചിന്തയും പൊതുവെ എല്ലാവരും അനുവർത്തിക്കുന്ന ജീവിതവൃത്തി ആ ജനവിഭാഗത്തിന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉള്ളതാണ്. ഇതിനു മറുവശത്ത്‌ മലിനീകരണം വിവിധ മാർഗങ്ങളിലും ഉണ്ടാകാം. ജർമൻ ജീവിത ശൈലിയിൽ ഇതിനെക്കാണാൻ ശ്രമിച്ചാൽ നിരവധി കാര്യങ്ങളിൽ വിശദീകരണങ്ങൾ       ആവശ്യമായി വരാം.

കൈയിൽ കുറെതുണിക്കഷണങ്ങ ളും ഒരു ചൂലും കൊരികയും പിടിച്ചു നില്ക്കുന്ന ഒരു സ്ത്രീയും ജനൽ ചില്ലുകൾ തുടച്ചു വൃത്തിയാക്കുന്ന ഒരു കുടുംബിനിയും, റോഡിലും, ഗ്രാമ-നഗരഭാഗങ്ങളിലെവിടെയും ചപ്പു ചവറുകളും മറ്റു മാലിന്യങ്ങളും നീക്കംചെയ്യുന്ന വാഹനങ്ങളും ജോലിക്കാരുമെല്ലാം ശുചിത്വം സാധിക്കുന്നതിനുള്ള തിരക്കിൽ പണി  ചെയ്യുന്നവരാണ്. ജനങ്ങളുടെ ആരോഗ്യവിചാരം അവരുടെ ആരോഗ്യം തന്നെയെന്നവർ കരുതുന്നു.

ഇതിനാൽ പരിസരമലിനീകരണം (വായു, ജലം, ഭൂമി) പകർച്ച വ്യാധികളും ക്യാൻസറും അതുപോലെയുള്ള നിരവധി മാരക രോഗങ്ങളും ഉണ്ടാകുന്നതിനും, മനുഷ്യജീവൻ തന്നെ കൂട്ടത്തോടെ നശിക്കുന്നതിനും കാരണമാകാമെന്നും ജർമൻ ജനത എത്രയോ കാലം മുമ്പുതന്നെ ബോധവാന്മാരായിരുന്നു. തലമുറകളുടെ ബോധവൽക്കരണവും അച്ചടക്കവും ഇതിനായി അവർ പാലിക്കുന്നു.

"വൃത്തിയായിരിക്കുക"എന്ന ബോധം എണ്ണമറ്റ  ജീവിത  മണ്ഡലങ്ങളിൽ  പുരാതനകാലം മുതലേ ജർമൻ  ജനതയിൽ നിറഞ്ഞു നിന്നിരുന്നതായി ചരിത്ര രേഖകൾ പറയുന്നു. പതിനെട്ടാം നൂറ്റാണ്ട്  മുതൽ ശാസ്ത്രീയമായ ആരോഗ്യ സംരക്ഷണ ഗവേഷണങ്ങൾ തുടർച്ചയായി നടന്നതിന്റെ അറിവിൽ വളരെ വളർച്ച പ്രാപിച്ച തിരിച്ചറിവു മാനവവംശത്തിന്റെ ജീവിത-സ്ഥിതിഗതികളിൽ മെച്ചപ്പെട്ട നിലവാരവും ഉയർന്ന മനുഷ്യായുസ്സും ഉറപ്പാക്കുന്ന വഴികാട്ടിയായിത്തീർന്നു.

പാഠ്യവിഷയങ്ങളുടെ കൂട്ടത്തിൽ ഏറെ പ്രധാനമായി ദൈനംദിന ശുചിത്വവും സാമൂഹ്യശുചിത്വവും വൈദ്യശാസ്ത്രവും സ്ഥാനം പിടിച്ചു. ഇതിന്റെയടിസ്ഥാനത്തിൽ ശാസ്ത്രീയ പരിജ്ഞാനം നൽകുവാനുതകുന്ന നിരവധി ബ്രുഹദ്ഗ്രന്ഥങ്ങളും വിവരണാത്മക ചിതങ്ങളും സാമാന്യജനങ്ങളിലേയ്ക്ക് കൊണ്ടുവരാനിടയായി.

പകർച്ചവ്യാധികളുടെ ചരിത്രം പൌരാണിക ശുദ്ധജല വിതരണവും ജലശുദ്ധീകരണവും, ജലസംഭരണികളെയും  പൊതുനീന്തൽ കുളങ്ങളെയും പറ്റിയുണ്ടായിരുന്ന സാംസ്കാരിക ചരിത്രവും അവയിൽപ്പെട്ടതായിരുന്നു. പക്ഷെ, ഇവ നാമാമാത്രമായി എങ്ങും ഒതുങ്ങി നിന്നില്ല. ഉഷ്ണമേഖലാ ആരോഗ്യശാസ്ത്രം, മന:ശാസ്ത്രപഠനവും മാനസ്സിക  രോഗ പഠനങ്ങളും സൌന്ദര്യ പരിപാലന  ആദർശങ്ങളും ശുദ്ധീകരണവും തുടങ്ങി നിരവധിമേഖലകളിൽ നടത്തിയ അറിവുകളുടെ പ്രചാരണവുമെല്ലാം നവീന ചിന്താവിഷയങ്ങളായി.

ശുചിത്വവും അടുക്കും ചിട്ടയും രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ഒരു ജനവിഭാഗമാണ് ജർമൻകാർ എന്ന് പറഞ്ഞല്ലോ. അതിനൊരുദാഹരണം, ജർമനിയിലെ വൃത്തിയുള്ള നഗരങ്ങളിലൊന്നാണ് "സ്റ്റുട്ഗാർട്ട്" നഗരം. ജർമനിയുടെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ "ബാഡൻ വ്യൂർട്ടംബർഗ്ഗി"ന്റെ തലസ്ഥാനമാണ്‌. അവിടെ നൂറ്റാണ്ടുകളായി പരമ്പരാഗതമായി അനുവർത്തിച്ചിരുന്ന ഒരു ശുചീകരണ ക്രിയാവിധി നിലവിലുണ്ട്. എല്ലാവരും ഒരു ചൂൽ, ഒരു കഷണം പഴന്തുണി (പൊടിതൂക്കുവാൻ), ഒരു കോരിക, പിന്നെ  വൃത്തിയാക്കാനുള്ള സോപ്പുലായനി നിറച്ച ഒരു ബക്കറ്റും കരുതി വയ്ക്കണം.

ജർമനിയിലെ   ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും  പൊതുവെ  അറിയപ്പെടുന്ന ശുചിത്വവും സംരക്ഷണവും ക്രമവത്കരണവും ചിട്ടകളും ജർമൻ ജനതയുടെ  ശുചിത്വബോധത്തിന്റെ നേർസാക്ഷ്യങ്ങളാണ്. ശുദ്ധജലവും അതിന്റെ  വിതരണവും എനർജി വിതരണവും സംരക്ഷണവും, ജനങ്ങൾ   സമ്പർക്കം  പുലർത്തുന്ന  സ്വകാര്യ- പൊതുമേഖലാ  സ്ഥാപനങ്ങളുടെ ഭവനങ്ങളും മറ്റു സ്വകാര്യ കെട്ടിടങ്ങളും എന്നുമാത്രമല്ല, അവിടെയുള്ള മലിനനിവാരണ പ്രവർത്തനങ്ങളും എല്ലാ മേഖലകളിലും ജോലി ചെയ്യുന്നവരും അത്   ചെയ്യിക്കുന്ന  ഉടമകളും  ഒരുപോലെ അടുക്കുംചിട്ടയും പാലിക്കുന്നു. ഇവ  പ്രതിഫലിപ്പിക്കുന്നതോ, വൃത്തിയും സുരക്ഷിതത്വവും അടിസ്ഥാനപ്പെടുത്തുന്ന തത്വമടങ്ങിയിരിക്കുന്ന   പൊതു താൽപ്പര്യവും .

ചുരുക്കത്തിൽ ജർമനിയുടെ ശുചിത്വത്തിന്റെ ആത്മസത്ത ക്രമവും ചിട്ടയുമാണ്. പൊതുനിരത്തുകൾ സ്വകാര്യഭവനങ്ങൾ, പൊതുസ്ഥാപന ങ്ങൾ- വിദ്യാലയങ്ങൾ, സർവ്വ കലാശാലകൾ, ദേവാലയങ്ങൾ, വ്യവസായ
കേന്ദ്രങ്ങൾ, നദികൾ, മറ്റു ജലാശയങ്ങൾ, പൊതുനീന്തൽകുളങ്ങൾ, പൊതു വിശ്രമകേന്ദ്രങ്ങൾ, പൊതു ടോയിലറ്റ്കൾ, ഗതാഗതകേന്ദ്രങ്ങൾ, ഇതുപോലെ  എല്ലാ മനുഷ്യവാസകേന്ദ്രങ്ങളും, എല്ലാ കൃഷിസ്ഥലങ്ങളും, മൃഗങ്ങളെ   സംരക്ഷിക്കുന്ന കേന്ദ്രങ്ങളുടെ ശുചിത്വ സംരക്ഷണത്തിലും തെളിഞ്ഞു കാണുന്നതും  മറ്റൊന്നുമല്ല. /gk
-------------------------------------------------------------------------------------------------------------------

കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക വാരിക" പ്രതിശ്ചായ"യിൽ 27.10.2010-ൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം.


Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.