Sonntag, 21. Juli 2013

ധ്രുവദീപ്തി // യാത്രാവിവരണം: ഹാക്കൻബെർഗ്ഗിലെ ഭൂഗർഭ സൈനീക താവളത്തിൽ ഒരു ദിവസം (2) George Kuttikattu

ധ്രുവദീപ്തി // യാത്രാവിവരണം: 



ഹാക്കൻബെർഗ്ഗിലെ ഭൂഗർഭ സൈനീക താവളത്തിൽ ഒരു ദിവസം-
(Part 2)



ജോർജ് കുറ്റിക്കാട് 




ഫ്രാൻസിന്റെ സുരക്ഷാസംവിധാനത്തിലെ തന്ത്രപ്രധാന കേന്ദ്രമായിട്ടാണ് മാഗിനോ രേഖ അറിയപ്പെടുന്നത്. മാഗിനോ രേഖയിൽ ഉണ്ടായിരുന്ന മറ്റനേകം ഭൂഗർഭ സൈനീക താവളങ്ങൾക്കെല്ലാം മാതൃക ഹാക്കൻബെർഗ്ഗ് തന്നെ. 

എന്താണ് മാഗിനോരേഖ?


ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ഫ്രാൻസിലേക്കു ഭാവിയിൽ  ജർമൻ സൈനീകരുടെ കടന്നുകയറ്റങ്ങളെയെല്ലാം  ചെറുത്തു നിൽക്കാൻ വേണ്ടി ഒരു പ്രത്യേക പ്രതിരോധപദ്ധതി ഫ്രഞ്ചുസർക്കാർ പ്ലാൻ ചെയ്തു. നീണ്ടകാല ആലോചനകൾക്ക് ശേഷം 1930- ൽ ഫ്രാൻസിന്റെ അന്നത്തെ പ്രതിരോധ-മന്ത്രിയായിരുന്ന മി. അന്ത്രേ മാഗിനോയുടെ ശ്രമത്തിൽ പാർലമെണ്ടിന്റെ അംഗീകാരം നേടി. ഇതാണ് മാഗിനോ മാർഗ്ഗരേഖ പദ്ധതി. 1936- ൽ പദ്ധതി നിലവിൽ വന്നുവെങ്കിലും അഞ്ചു ബില്ല്യണ്‍ ഫ്രാങ്ക് ചെലവു ചെയ്തു തീർത്ത ഈ പ്രതിരോധപദ്ധതി പൂർണമായി കാണാൻ കഴിയാതെ 1932- ൽ മാർഗ്ഗരേഖയുടെ ഉപജ്ഞാതാവ് മാഗിനോ നിര്യാതനായി. മൊട്ടക്കുന്നുകളും കുട്ടിവനങ്ങളും നിറഞ്ഞ മനോഹരമായ ഹാക്കൻബെർഗ്ഗ് ഭൂഗർഭ സൈനീക താവളം നിർമ്മിക്കുകയെന്ന കാര്യത്തിൽ ചരിത്രപരമായി ഫ്രാൻസിന്റെ പ്രതിശ്ചായ അതോടെ ഏറെ വർദ്ധിപ്പിച്ചിരുന്നു.

ഫ്രഞ്ചു ഭാഷ വശമില്ലാതിരുന്ന എന്റെ ഹാക്കൻബെർഗ്ഗിലേക്കുള്ള യാത്രയുടെ ക്ലേശം അത്ര ചെറുതായിരുന്നില്ല. എങ്കിലും സഹയാത്രികരുടെ പരിമിതമായ ഫ്രഞ്ചു ഭാഷാ പരിജ്ഞാനം ഉപയോഗിച്ച് പ്രധാന അറിവുകൾക്കുള്ള ആവശ്യങ്ങളുടെ പരിഹാരം കണ്ടു. വിജനമായ വഴികളിലൂടെ കാറോടിച്ചു  ഞങ്ങൾ ഹാക്കൻബെർഗ്ഗിനെ ലക്ഷ്യമാക്കി മുന്നോട്ടുപോയി. ഹാക്കൻബെർഗ്ഗിലെ ഭൂഗർഭ സൈനീകതാവളം എവിടെയാണെന്ന് ചോദിച്ചറിയുവാൻ അവിടെ വഴിവക്കിലൂടെ നടന്നുപോകുന്ന ആരെയും ഇടയ്ക്ക് കണ്ടുമുട്ടാനായില്ല. അത്യക്ക് വിജനമായിരുന്നു, ഞങ്ങൾ കടന്നു പോയ വഴി.

ഏറെ സമയം കഴിഞ്ഞില്ല, ഞങ്ങൾക്ക് ആശ്വാസമായി. ഞങ്ങൾ റോഡിനരികിലേയ്ക്ക് വാഹനം അടുപ്പിച്ചു നിർത്തി. തലമുടി കാറ്റിൽ പറന്നു വികൃതമാവാതിരിക്കാൻ കറുത്ത ഒരു നെറ്റുനൂൽ തൊപ്പി ധരിച്ച്‌, കയ്യിൽ ഒരു ചെറിയ ഷോപ്പിംഗ്‌ സഞ്ചിയും തൂക്കിപ്പിടിച്ചിരുന്ന വളരെയേറെ പ്രായം ചെന്ന ഒരു സ്ത്രീയെ വഴിവക്കിലൂടെ നടന്നകലുന്നത് കണ്ടുമുട്ടി. "ഹാക്കൻബെർഗ്ഗിലെ ബങ്കർ എവിടെയാണ്? "അഭിമാനമായി കരുതിവച്ചിരുന്ന ഞങ്ങളുടെ മുറിഞ്ഞ ഫ്രഞ്ചുഭാഷാ പരിജ്ഞാനം പ്രയോഗിച്ചു. ഉപയോഗിച്ച ഭാഷയിൽ ഞങ്ങൾക്ക് അല്പമൊരു ആശങ്കയില്ലാതെയിരുന്നില്ലാ, ഞങ്ങൾക്ക്. അൽപ്പനേരം കഴിഞ്ഞു. അവരുടെ  മറുപടി ഞങ്ങളോടൊരു ചോദ്യമായി മാറി. "ഷാഹ്"? ആംഗ്യഭാഷയിൽ അവർ പറഞ്ഞതിനെപ്പറ്റി  അവർ ഞങ്ങളോട് വിശദീകരിക്കാൻ ശ്രമിച്ചു.
 Military  tank

"ഷാഹ്" എന്നവർ ചോദിച്ച വാക്ക്  സൈനീകർ പീരങ്കി തൊടുത്തു വിടുന്ന ടാങ്കർ വാഹനത്തെയാണ്‌ ഉദ്ദേശിച്ചതെന്നു അവർ ഞങ്ങൾക്ക് മനസ്സിലാക്കി. ഒരുകിലോമീറ്റർ മുന്നോട്ട് കാറോടിച്ചപ്പോൾ വഴിതിരിഞ്ഞ് വലത്തേയ്ക്ക് ഒരു റോഡുണ്ട്. ഇടതുവശത്ത്‌ വഴിവക്കിൽ ആ വൃദ്ധ സ്ത്രീ ഞങ്ങൾക്ക് വിവരിച്ചു പറഞ്ഞുതന്ന ഷാഹ് എന്ന അത്ഭുതവസ്തു!  ഞങ്ങൾ വലത്തോട്ടുള്ള റോഡിലൂടെ താഴ്വരയിലെ ശാന്തമനോഹരമായ പുൽത്തകടികൾ കടന്നു കുന്നിൽ മുകൾ ചെരുവിലെ ഏറെ വലുതല്ലാത്ത കാർപാർക്കിൽ വാഹനം പാർക്കുചെയ്തു. ഞങ്ങൾ നില്ക്കുന്നത് ചരിത്രപ്രസിദ്ധമായ മാഗിനോ രേഖയിലെ ബങ്കറിന് തൊട്ടു മുന്നിൽ. അപ്പോഴും താഴെ കുന്നിൻ ചരുവിലെ പുൽത്തകടിയിൽ കൂട്ടംകൂടി പുല്ലു മേഞ്ഞു നടക്കുന്ന പശുക്കൂട്ടങ്ങൾ ചിട്ടകൾ തെറ്റിക്കാതെ വിഹരിക്കുന്നത് കാണാമായിരുന്നു. ഇടയനില്ലാതെ സ്വയം മേഞ്ഞു നടക്കുവാൻ പരിശീലനം കിട്ടിയ പശുക്കളും പശുക്കുട്ടികളും.

ഹാക്കൻബെർഗ്ഗ് പ്രശാന്ത സുന്ദരമാണ്. ചെറിയ ചെറിയ മൊട്ടക്കുന്നുകൾ, ചെറിയ കുറ്റിക്കാടുകൾ, ശാന്തമായ ഇളംകാറ്റു വീശിയെത്തുന്ന കുട്ടിവന ങ്ങളുടെ അരികത്തെ ചെറിയ മനോഹര ഗ്രാമം. ഞങ്ങൾ മാഗിനോ രേഖയുടെ മുന്നിലെത്തുന്നതിനു മുൻപായിത്തന്നെ, ഞങ്ങൾ സഞ്ചരിച്ചിരുന്ന കാറിന്റെ ഇന്ധനരേഖ മുന്നറിയിപ്പിന്റെ ചുവപ്പ് രേഖയും കടന്നിരുന്നു. തൊട്ടടുത്തു ഒരു ചെറിയ ചായക്കടപോലും ഉള്ളതായി അറിവില്ലാ. അടുത്തുള്ള പെട്രോൾ സ്റ്റേഷൻ ഞങ്ങൾ നിൽക്കുന്നിടത്തുനിന്നും ഏതാണ്ട് അറുപതു കിലോമീറ്റർ ദൂരെയുള്ള "ഷെൻഗൻ "പട്ടണത്തിലെ ലഭിക്കൂവെന്ന അറിവു ഞങ്ങളെ വല്ലാതെ ഞെട്ടിച്ചു. വിദേശ സന്ദർശകർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ സന്ദർശിക്കുന്നതിന് വേണ്ടിയുള്ള വിസായുടെ പേര് "ഷെൻഗൻ വിസ്സാ"യെന്നാണ് അറിയപ്പെടുന്നത്. യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ഈ ചെറിയ ഷെൻഗൻ പട്ടണത്തിൽ സമ്മേളിച്ചപ്പോൾ രൂപപ്പെടുത്തിയ സന്ദർശന അനുവാദപത്രമാണല്ലോ "ഷെൻഗൻ വിസാ "എന്നറിയപ്പെടുന്നത്.

ഇരുപത്തിയഞ്ച് ചതുരശ്രകിലോമീറ്റർ വിസ്തീർണമുള്ള വിസ്മയകരമായ ഒരു ഭൂഗർഭ സൈനികതാവളത്തിന്റെ നടുമുറ്റത്താണ് ഞങ്ങൾ നില്ക്കുന്നത്. യുദ്ധങ്ങൾ നിരന്തരം ഭീഷണിയായിരുന്ന ഒരു കാലത്തിന്റെ സവി-ശേഷതകളിൽ നിർമ്മിക്കപ്പെട്ട സുരക്ഷാസംവിധാനങ്ങൾ മാത്രം കൊണ്ട് സന്ദർശകരെ അത്ഭുതപ്പെടുത്തുന്ന ചരിത്രസാക്ഷ്യസ്മാരകങ്ങളായി ഹാക്കൻബെർഗ്ഗ് അവിടെയിരിക്കുന്നു. ഫോർട്ട്‌ ഹാക്കൻബെർഗ്ഗിലെ സൈനിക ബങ്കറിന്റെ പ്രതിരോധ പദ്ധതികളെക്കുറിച്ചും മറ്റും ചരിത്രപരമായ കുറെ ധാരണകളും മുന്നറിയിപ്പുകളും മാത്രമായിരുന്നു, അവിടെ എത്തിച്ചേരുന്നതിനു മുമ്പുള്ള ഞങ്ങളുടെ സംസാരവിഷയം. എങ്കിലും, നല്ലനിലയിൽ പ്രവർത്തനസജ്ജമായി തുടരുന്ന പ്രത്യേക സം വിധാനത്തിലുള്ള ഒരു ബങ്കറാണ് ഭാവനയിൽ ഞങ്ങൾക്ക് ഉണ്ടായിരുന്നത്.

ഒക്ടോബർ സൂര്യന്റെ വെട്ടിത്തിളങ്ങുന്ന മഞ്ഞക്കിരണങ്ങളിൽ മുങ്ങിയ മനോഹരമായ ഒരു ഞായറാഴ്ചയാണ് ഞങ്ങൾ അവിടെയെത്തിയത്. ഞങ്ങൾക്ക് മുമ്പ്‌ അവിടെയെത്തിയിരുന്ന കുറെ ടൂറിസ്റ്റുകൾ ബങ്കറിന് മുമ്പിൽ ക്യൂ നിൽപ്പുണ്ടായിരുന്നു. അവർ ഇറ്റാലിയൻ ഭാഷ സംസാരിക്കുന്നവരായിരുന്നു. ഇറ്റാലിയൻ ഭാഷ വളരെ സംഗീതാത്മകമാണ്, മനോഹരമാണ്. ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച് തുടങ്ങിയ വിവിധ ഭാഷകൾ സംസാരിക്കുന്നവർക്കായി പ്രത്യേകം പ്രത്യേകം സന്ദർശനസമയം നിശ്ചയിച്ചിട്ടുണ്ട് ജർമൻ ഭാഷ സംസാരിക്കുന്നവർക്കായി ഉച്ചകഴിഞ്ഞ് രണ്ടരമണി മുതൽ വൈകിട്ട് അഞ്ചുമണിവരെ സന്ദർശനസമയം നിശ്ചയിച്ചിട്ടുണ്ട്.

നിലവിലുള്ള ബങ്കറിനറെ കവാടം യുദ്ധകാലഘട്ടത്തിൽ പീരങ്കികൾ നിറച്ച കണ്ടയ്‌നറുകൾ ഇരുവശങ്ങളിലേക്കും കടത്തിക്കൊണ്ടു പോകുവാനും കൊണ്ടുവരാനുമുള്ള കവാടം മാത്രമായിരുന്നു. ഇതിനുപയോഗിച്ചിരുന്ന റയിൽ പാളത്തിന്റെ അവശിഷ്ടങ്ങൾ നമുക്ക് ഇന്നും കാണാം. ഇപ്പോൾ  ഈ കവാടം സന്ദർശകരെ  ബങ്കറിനകത്തേയ്ക്കും പുറത്തേയ്ക്കും അയക്കുവാനുപയോഗിക്കുന്ന വാതിൽ  ആയി ഉപയോഗിക്കുന്നു.

    ഭൂഗർഭ റയിൽ പ്പാളം
ഒരു ദ്വിഭാഷിയുടെ സഹായമില്ലാതെ ബങ്കർ സന്ദർശനം ഒട്ടും എളുപ്പമല്ലെന്ന് ബാങ്കറിനുള്ളിൽ കടന്ന ആദ്യമിനിട്ടുകളിൽ തന്നെ ഞങ്ങൾക്ക് മനസ്സിലായി. എവിടെയും ഫ്രഞ്ചു ഭാഷയുടെ ഉപയോഗം. ഞങ്ങളുടെ സഹായി ഒരു ഫ്രഞ്ചുകാരൻ ആയിരുന്നെങ്കിലും അദ്ദേഹം ദീർഘനാൾ ജർമ്മൻ പട്ടാളത്തിൽ സേവനം ചെയ്തയാളയിരുന്നു. ബങ്കറിലെ മുഴുവൻ സജ്ജീകരണങ്ങളിലേക്കും അതിനാവശ്യമായ പ്ലാന്റുകളിലേക്കും നടന്നെത്തുക ആയാസകരമായിരുന്നു. ഗുഹതുല്യമായ ആ താവളത്തിൽ നാലുകിലോമീറ്റർ ദൂരത്തിൽ യാത്ര ചെയ്യാവുന്ന ഒരു റയിൽ ഗതാഗത സൗകര്യം അവിടെ സ്ഥാപിച്ചിട്ടുണ്ട്.

അന്ന് നിർമ്മിച്ച  റയിൽഗതാഗതം ഇന്നും പ്രവർത്തന സജ്ജമാണ്. ഇവയുടെ  പ്രവർത്തനത്തിന് ഒരു ഡീസൽ ഉപയോഗിച്ചു പ്രവർത്തിക്കുന്ന പവർപ്ലാന്റു ബങ്കറിൽ പ്രവർത്തിക്കുന്നു. ഇതിൽനിന്നും ബങ്കറിലെ ഇരുളിൽ വെളിച്ചവും ചൂടും ഇടമുറിയാതെ നൽകുന്നു. ബങ്കറിൽ ഒരുസ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് സൈനികർ എത്തിച്ചേരുന്നതിനുവേണ്ടി സാധാരണ ഉപയോഗിച്ചിരുന്നത് സൈക്കിളുകളാണ്. ഇത്തരം സൈക്കിളുകൾ ഇപ്പോഴും അവിടെക്കാണുന്നത്‌  സന്ദർശകരെ ആനന്ദിപ്പിക്കുകയും വിസ്മയിപ്പി-ക്കുകയും ചെയ്യുന്നു. /gk  
-----------------------------------------------------------------------------------------------------------------------
(തുടരും)

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.