ധ്രുവദീപ്തി : // രാഷ്ട്രീയവും സമ്പത് വ്യവസ്ഥയും // George Kuttikattu
മാനസികാവസ്ഥയിലും മാറ്റങ്ങൾ ഉണ്ടാകണം.
ഫെഡറൽ ജർമ്മനിക്ക് കുടിയ്യേറ്റക്കാരെ ആവശ്യമാണെന്ന പുതിയ രാഷ്ട്രീയ ചർച്ചകൾ ഒരുപക്ഷെ തെറ്റായ ദിശയിലേക്ക് പോകാമെന്ന് പറയുന്നുണ്ട്. ഇന്ന് അത്തരം ചർച്ചകൾക്ക് പകരം ജർമ്മനിയിൽ കുറേക്കൂടി ആകർഷകമായ ഒരു പരിഹാരം കാണുവാൻ ജർമ്മൻ സർക്കാരിനും മാത്രമല്ല വലിയ മാറ്റങ്ങളെല്ലാം ജനങ്ങളുടെ മാനസികാവസ്ഥയിലും ഉണ്ടാകണം. ഇതായിരിക്കണം ഏവരും പൊതുവായി ആദ്യമായി ചിന്തിക്കപ്പെടേണ്ട യാഥാർത്ഥ്യം.
മറുരാജ്യങ്ങളിലേയ്ക്ക് ജീവിതം തേടിപ്പോകുന്നവർ. |
ഓരോ കാര്യങ്ങൾ അവലോകനം ചെയ്യുവാൻ നിരവധി വിഷയങ്ങളെപ്പറ്റിയും മനസ്സിലാക്കേണ്ടതുണ്ട് എന്നത് ശരിയാണ്. ഒരു രാഷ്ട്രത്തിന്റെ ഏതുവിധ കീർത്തിയോ അഭിവൃത്തിയോ നിശ്ചയിക്കുന്നതിന് മാത്രമായി ഒരു നിശ്ചിത തീരുമാനമോ അറിവോ മാത്രം ഉണ്ടാകരുത്. ഉദാഹരണമായി പറഞ്ഞാൽ ഒരു വ്യാവസായിക കമ്പനി എങ്ങനെ പ്രവർത്തിക്കും, പ്രവർത്തിക്കുന്നു എന്നത് തീരുമാനിക്കാൻ വിവിധ ഘടകങ്ങൾ ഉണ്ടാകും. അതിന്റെ ആന്തരികമായ ഘടനയും നിലപാടും പ്രത്യേകതകൾ നിറഞ്ഞതായിരിക്കാം. അതുപോലെ, ഉയർന്ന യോഗ്യതകളുള്ള കുറെ ഡോക്ടർമാരും എൻജിനീയർമാരും മാത്രമാണ് വികസനത്തിന് അഭിലഷണീയരായ സ്പെഷ്യലിസ്റ്റുകൾ എന്ന വിശ്വാസം ഒരു തെറ്റായ നിഗമനമാണ്, ഇങ്ങനെയുള്ള നിഗമനങ്ങൾ ഇന്നത്തെ രാഷ്ട്രീയക്കാർ ഒഴിവാക്കണമെന്നാണ് ഇവിടെ സൂചിപ്പിക്കാനുള്ളത്. ജർമ്മനിയിലെ അനേകം റസ്റ്റോറന്റുകൾ ഹോട്ടലുകൾ അതുപോലെ കുറഞ്ഞ ശമ്പളം കൊടുക്കുന്ന മറ്റു നിരവധി സേവന മേഖലകൾ എന്നിവയുൾപ്പെടെ മിക്കവാറും വിവിധ മേഖലകളിലും വിദഗ്ധരായ തൊഴിലാളികളുടെ കുറവുണ്ട്. എല്ലാറ്റിനുമുപരി വ്യവസ്ഥാപിതമായി പ്രധാനപ്പെട്ട തൊഴിലുകൾ എന്ന് വിളിക്കപ്പെടുന്നതായ ആശുപത്രി കേന്ദ്രങ്ങളിലെ നഴ്‌സുമാർ, ഡോകർമാർ തുടങ്ങിയവരുടെ കുറവ് ഏറെ ശ്രദ്ധേയമാണ്. ആരോഗ്യപരിചരണവിഭാഗത്തിൽ നഴ്‌സുമാരുടെയാകെ വേതന വ്യവസ്ഥകൾ ആകർഷകമല്ല. അവിടെ കുറഞ്ഞ ശമ്പള നിലവാരം മെച്ചപ്പെടണം. ജർമ്മനി കുടിയേറ്റത്തിന്റെ പുതുക്കിയ കാര്യത്തിൽ വലിയ സന്തുലിതാവസ്ഥയെ ആശ്രയിക്കേണ്ടതുണ്ട്. ഉയർന്ന ശമ്പളമോ ആസ്തികളോ ഒരു നിബന്ധനയാക്കരുതെന്ന നിലപാട് ജർമ്മൻ അധികാരികൾക്കുണ്ടെന്ന അഭിപ്രായമുണ്ട്. ഇത് പറയുമ്പോൾ ഒരു ജനാധിപത്യരാജ്യമെന്ന കീർത്തിയുള്ള ഇന്ത്യയിൽ തൊഴിൽരംഗത്ത് വികസനം ഉണ്ടായിട്ടില്ലയെന്നത് രാഷ്ട്രീയക്കാർ അറിയാനാഗ്രഹിക്കുന്നില്ലായെന്ന സത്യം തുറന്നു പറയട്ടെ. അതുപോലെ ഇന്ന് ഇന്ത്യയുടെ കോടതി സമ്പ്രദായം ജനാധിപത്യവ്യവസ്ഥിതിയെ ഇതുവരെയും അഗീകരിച്ചിട്ടില്ല, സുപ്രീം കോടതി ജനങ്ങളുടെ വികസനകാര്യത്തിൽ എന്നും ഏകാധിപത്യനിലപാടാണ് സ്വീകരിക്കുന്നത്. തൊഴിലാളികളുടെ വേതനം കൂട്ടണമെന്ന് കോടതിയിൽ പരാതിപ്പെട്ടാലും, ഉദാഹരണം- ഇന്ത്യൻ നഴ്‌സസ് വേതനം കൂട്ടുവാൻ സമരം ചെയ്തിട്ടും കോടതി അനുകൂലനിലപാട് എടുത്തില്ല. ഇന്ത്യയിൽ നിന്നും അനേക ലക്ഷം യുവതൊഴിലാളികൾ ഇന്ത്യയിൽ ജീവിതം വിഷമകരമാണെന്ന് വിധിയെഴുതി അഭയാർത്ഥികളെപ്പോലെ മറുരാജ്യങ്ങൾ തേടി വിട്ടുപോകുന്നു. ജർമ്മനി പോലെയുള്ള അനേകം രാജ്യങ്ങളിൽ, ഇംഗ്ലണ്ട് , അമേരിക്ക, ആസ്‌ട്രേലിയ തുടങ്ങിയെ മറുനാടുകളിൽ ജോലി നേടി മാതൃ രാജ്യം ഉപേക്ഷിക്കുന്നു. സർക്കാരും രാഷ്ട്രീയക്കാരും അവരുടെ സാമ്പത്തിക ഭദ്രതയെ തകർക്കുകയും ചെയ്യുന്ന അനേക നിയമങ്ങൾ ഇക്കാലത്തു ഉണ്ടാക്കി.
ജർമ്മൻ സർക്കാർ ഈയിടെ അടിയന്തിരമായിത്തന്നെ ആളുകളുടെ പുതിയ കുടിയേറ്റത്തിനുള്ള നിയമനിർമ്മാണത്തിനും അതുപോലെ പൗരത്വത്തിനുള്ള നിലവിലുള്ള ചില നിയമങ്ങളിൽ കുറെ അയവ് വരുത്തി പുതിയ നിയമങ്ങൾ കുടിയേറുന്നവർക്ക് പൗരത്വം എളുപ്പമാക്കുന്ന വിധം രൂപീകരിക്കാനും മന്ത്രി സഭാതലത്തിൽ ആലോചനകൾ നടക്കുന്നുണ്ട്. സർക്കാരിന്റെ പുതിയ ചില നയരൂപീകരണപദ്ധതിയെച്ചൊല്ലി കടുത്ത രാഷ്ട്രീയതർക്കങ്ങളും ഇപ്പോൾ ജർമ്മനിയിൽ കത്തിപ്പടരുകയാണ്. എന്നാലിപ്പോൾ വളരെ വൈകാരികമായ സംവാദത്തിൽ ഒരുവിഭാഗം ജനങ്ങളിൽ പലപ്പോഴും വളരെ കുറച്ചുമാത്രമേ ശ്രദ്ധ നേടുന്നുള്ളൂ എന്ന് പറയാം. പുതിയ ആളുകളുടെ കുടിയേറ്റത്തിൽ ഒരു വർദ്ധനവില്ലാതെ ഫെഡറൽ ജർമ്മനിക്ക് നിലനിൽപ്പ് തന്നെ ഒരു അസാധാരണ ഭീഷണിയാകുന്ന ഒരു സാമ്പത്തിക പ്രതിസന്ധിയെ മുഖാമുഖം വരുംകാലത്ത് അഭിമുഖീകരിക്കേണ്ടി വരുമോയെന്ന് ആശങ്കപ്പെടുന്നുണ്ട്. മതിയായ വിധം വിദഗ്ദ്ധ തൊഴിലാളികളില്ലാതെ രാജ്യത്തെ പല കമ്പനികൾക്കും നിലവിൽ അതിജീവിക്കാൻ കഴിയില്ല എന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഉദാഹരണമായി, ജർമ്മനിയിലെ ആശുപത്രികൾ ആവശ്യമായിട്ടുള്ള വിദഗ്ദ്ധരായ ജോലിക്കാർ ഇല്ലാതെ വലിയ ഒരു പ്രതിസന്ധി നേരിടുന്നുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ ജർമ്മനിക്ക് സമൃദ്ധിയുടെ വലിയ ഭാഗങ്ങൾ നഷ്ടപ്പെടാനും ഈ പ്രതിസന്ധി കാരണമാകാം. ലോകത്തിന്റെ എല്ലാ പ്രദേശങ്ങളിൽനിന്നും ഇന്ന് കൂടുതൽ കുടിയേറ്റത്തിന് തുറന്നിരിക്കുന്ന ഒരു സമൂഹവുമില്ലാതെ, ഇപ്പോൾ ഫെഡറൽ ജർമ്മനിയും അതുപോലെ മറ്റ്ചില യൂറോപ്യൻ രാജ്യങ്ങളും നേരിടുന്നതായ നിലവിലുള്ള പ്രതിസന്ധികൾ പരിഹരിക്കുകയില്ല, മാത്രമല്ല, പ്രധാനപ്പെട്ട ചില പാരിസ്ഥിതിക, ഡിജിറ്റൽ പരിവർത്തനത്തിൽ പരാജയപ്പെടുകയും ചെയ്യാം എന്ന നിരീക്ഷണം ശരിയെന്നു വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
അഭയാർത്ഥികളും കുടിയേറ്റവും
വിവിധ രാജ്യങ്ങളിൽ നിന്നും വ്യത്യസ്ത സംസ്കാരങ്ങളിൽനിന്നും, മതങ്ങളിൽ നിന്നുമുള്ള ആളുകളുടെ കൂടുതൽ ശക്തമായ കുടിയേറ്റങ്ങൾക്ക് എതിരെ ഗണ്യമായ രാഷ്ട്രീയ ചെറുത്തു നിൽപ്പ് നിലവിലുണ്ട്. ഇപ്പോഴത്തെ ചർച്ചയിൽ ഒരു ഇരുപതു വർഷങ്ങൾക്ക് മുമ്പ് ഒരു യാഥാസ്ഥിതിക രാഷ്ട്രീയക്കാരന്റെ അഭിപ്രായങ്ങളെയും ആവശ്യങ്ങളെയും ഇപ്പോൾ വളരെ അനുസ്മരിപ്പിക്കുന്ന വിഷയങ്ങൾ ഉണ്ടാകുന്നുണ്ട്. ഇന്ത്യക്കാരുടെ കുടിയേറ്റങ്ങളും വിഷയമായി. ജർമ്മനിയിൽ 1970 മുതലുള്ള കാലഘട്ടങ്ങളിൽ ഇന്ത്യൻ നഴ്‌സുമാരുടെ ജോലി, കുടിയേറ്റം എന്നീ കാര്യങ്ങളിൽ ചിലരുടെ സ്വാർത്ഥതയുടെയും കള്ളപ്പണ സമ്പാദനത്തിന്റെയും നിഗൂഢതയുടെ പുകമറയ്ക്കുള്ളിൽ നിന്ന് ജർമ്മൻ സർക്കാരിലും സ്ഥാപനങ്ങളിലും സ്വാധീനം ചെയ്തു ജർമ്മനിയിൽ നിന്ന് നാടു കടത്താനുള്ള പ്രവർത്തനമുണ്ടായി. പക്ഷേ അവരുടെ ശ്രമം പരാജയപ്പെട്ടു. ഇന്ന് ഫെഡറൽ ജർമ്മൻ സർക്കാരിന്റെ പദ്ധതികളെ കുറെ രാഷ്ട്രീയക്കാർ ശക്തമായി എതിർക്കുന്നുണ്ട്. അതേസമയം മുൻ കാലങ്ങളിൽ കുടിയേറിയ അഭയാർത്ഥികളെ തിരിച്ചയക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും നടക്കുന്നു. ഇന്നത്തെ സാമൂഹിക വ്യവസ്ഥിതികളിലേക്കുള്ള സ്ഥിരത കുടിയേറ്റത്തിന് സാധ്യതയുള്ള, ഒരു അനുകൂലമായ സാധ്യതയുള്ള കുടിയേറ്റമായിട്ടാണ് അവർ കുടിയേറ്റത്തെ കാണുന്നത്. സ്വദേശിവത്ക്കരണത്തെക്കുറിച്ചുള്ള ഓരോരോ തർക്കങ്ങൾ ജർമ്മനിയിലേയ്ക്കും യൂറോപ്യൻരാജ്യങ്ങളിലേയ്ക്കും ഇപ്പോൾ കുടിയേറ്റം സുഗമമാക്കാൻ സഹായിക്കുന്ന എല്ലാക്കാര്യങ്ങളും പ്രധാനമാണ്.
ജർമ്മനിയിൽ, 2016 ന് ശേഷം കഴിഞ്ഞ വർഷം കൂടുതൽ ആളുകൾ അഭയത്തി നായി അപേക്ഷിച്ചു. 2022 ലെ ഫെഡറൽ ഓഫീസ് ഫോർ മൈഗ്രേഷൻ ആൻഡ് റെഫ്യൂജീസ് (ബാംഫ്) പ്രസിദ്ധീകരിച്ച വാർഷിക സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് ജനുവരിയുടെ തുടക്കം മുതൽ ഡിസംബർ അവസാനം വരെ, 217,774 ആളുകളാണ് ജർമ്മനിയിൽ ആദ്യമായി സംരക്ഷണത്തിനായി അന്ന് അത്തരം വലിയ അഭ്യർത്ഥന സമർപ്പിച്ചതെന്നാണ്. മുൻ വർഷത്തേക്കാൾ 47 ശതമാനം കൂടുതലാണിത്. സിറിയ (70,976), അഫ്ഗാനിസ്ഥാൻ (36,358), തുർക്കി (23,938) , ഇറാഖ്, ജോർജിയ എന്നിവിടങ്ങളിൽനിന്നാണ് കഴിഞ്ഞ വർഷം ആദ്യം ഏറെ ഏറ്റവും കൂടുതൽ അഭയാർത്ഥികൾ എത്തിയത്. 2016-ൽ, അഭയാർത്ഥി സംരക്ഷണത്തിനായുള്ള അന്നത്തെ അഭ്യർത്ഥനകളുടെ എണ്ണം 722,370 പ്രാരംഭ അപേക്ഷകളുടെ പാരമ്യത്തിലെത്തിയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ അഭയാർത്ഥികളുടെ എണ്ണം തുടർച്ചയായി കുറഞ്ഞിരുന്നു . ചില വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, 2021 ൽ ഇത് വീണ്ടും ഉയർന്നുവെന്ന വസ്തുതയും 2020 ലെ കൊറോണ മഹാമാരിയിലെ അന്നത്തെ കർശന യാത്രാ നിയന്ത്രണങ്ങളുടെ ഫലമായി ക്യാച്ച്-അപ്പ് ഇഫക്റ്റുകൾ കാരണമാണെന്ന് ജർമ്മൻ പ്രസ് ഏജൻസി വാർത്തകൾ നൽകി.
വിദഗ്ദ്ധരായ തൊഴിലാളികളുടെ കുറവ് - ജർമ്മൻ സമ്പത് വ്യവസ്ഥ പിന്നോട്ട് പോകുന്നുവോ?
ജർമ്മനിയിലെ ജനസംഖ്യാനിരക്കിന്റെ കണക്കുകളും അതുപോലെ വിദഗ്ദ്ധ തൊഴിലാളികളുടെ കുറവുമൂലമുണ്ടായ സംഭവവികാസങ്ങളും കഠിനമായ വസ്തുതകളെയും അവയെക്കുറിച്ചുള്ള കണക്കുകളെക്കുറിച്ചും ഭാവിയിൽ ജനങ്ങളുടെ അഭിവൃത്തിക്കുവേണ്ടി എന്തെല്ലാമാണ് അർത്ഥമാക്കുന്നത് എന്ന കാര്യങ്ങളെക്കുറിച്ചും ജനങ്ങളും ബോധവാന്മാരായിരിക്കണമെന്ന ചിന്തയും ഇക്കാലത്ത് ഉയർന്നു വരുന്നുണ്ട്. കഴിഞ്ഞ എഴുപത് വർഷത്തെ യുദ്ധാനന്തര ജർമ്മനിയുടെ സാമ്പത്തികവിജയം വൻതോതിൽ നടന്ന കുടിയേറ്റമില്ലാതെ സാധ്യമാകുമായിരുന്നില്ല. 1960 കളിലും 1970 കളിലും ജർമ്മനി ഇതിനകമായി അനേകം വിദഗ്ദ്ധ തൊഴിലാളികളുടെ കുറവ് അനുഭവിച്ചിട്ടുണ്ട്. ഇത് 2010 കാലഘട്ടം മുതലുള്ള അവസ്ഥ വളരെ കൂടുതൽ വഷളായിരുന്നു. ഇതേപ്പറ്റി ചില ജർമ്മൻ സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെട്ടതിങ്ങനെയാണ്: "യുവ പ്രായത്തിലുള്ളവരും ഏറെ പ്രചോദിതരും വിദഗ്ദ്ധ യോഗ്യതയുള്ളവരുമായ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള യൂറോപ്യന്മാരായ കുടിയേറ്റക്കാരുടെ വലിയ കുടിയേറ്റങ്ങൾ ഇല്ലായിരുന്നെങ്കിൽ ജർമ്മനിയുടെ സാമ്പത്തികമായ വികസന മുന്നേറ്റങ്ങൾക്ക് തടസ്സമാകുമായിരുന്നു". അക്കാലത്ത് ഒരു വർഷം ശരാശരി മൂന്നുലക്ഷം ആളുകൾ ജർമ്മനിയിലേയ്ക്ക് കുടിയേറ്റം നടത്തി. ഇന്ന് ജർമ്മനിയുടെ അതിനുമുമ്പുള്ള അവസ്ഥയെക്കുറിച്ചു പറയുന്നത് ഇപ്രകാരം ആയിരുന്നു: "ജർമ്മനിക്ക് 2005 വർഷം മുതൽ "യൂറോപ്പിലെ രോഗിയായ ഒരു മനുഷ്യൻ" എന്ന നിലയിൽ അതിന്റെ അന്നത്തെ അവസ്ഥയിൽനിന്ന് കര കയറുവാൻ അത്ര എളുപ്പമായിരുന്നില്ല". കുടിയേറ്റങ്ങൾകൊണ്ട് അന്നത്തെ വിഷമാവസ്ഥയിൽനിന്നു ആശ്വാസം കണ്ടെത്തുവാൻ ജർമ്മനിക്ക് സാധിച്ചു എന്ന ഉറച്ച ചില അഭിപ്രായങ്ങൾ ജനങ്ങൾ പറയുന്നുണ്ട്.
ജർമ്മനിയിൽ ഏകദേശം രണ്ട് ദശലക്ഷം തൊഴിൽ ഒഴിവുകൾ -
അങ്ങനെയുള്ള ശക്തമായ കുടിയേറ്റങ്ങൾക്ക്പോലും അടുത്ത ഒരു ഇരുപതു വർഷങ്ങൾക്കുള്ളിൽ സ്പെഷ്യലിസ്റ്റുകളുടെ വലിയ വിടവ് നികത്താൻ ഒട്ടും പര്യാപ്തമല്ല എന്നാണ് സാമൂഹ്യ-സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. ഇതൊരു ആഗോള തലത്തിൽ കാണപ്പെടുന്ന മാറ്റങ്ങളുടെ സവിശേഷതയെന്നോ പറയാം. ജർമ്മനിയിലെ സാമ്പത്തിക മാന്ദ്യത്തിനിടയിലും, ഇതിനകം വിവിധ തൊഴിൽ മേഖലകളിൽ ഏകദേശം രണ്ട് ദശലക്ഷം തുറന്ന തൊഴിൽ സാദ്ധ്യതകൾ ഉണ്ടെന്നാണ് ചില ഔദ്യോഗിക നിരീക്ഷണം സൂചിപ്പിക്കുന്നത്. എന്തുകൊണ്ടാണിങ്ങനെ ഒരു കണക്ക് കൂട്ടൽ ഉണ്ടായിരിക്കുന്നത് ? അടുത്ത ഒരു പത്തുവർഷത്തിനുള്ളിൽ ജർമ്മനിയിലെ യുവജനങ്ങൾ തൊഴിൽവിപണിയിൽ പ്രവേശിക്കുന്നതിനേ ക്കാൾ കൂടുതൽ, അഞ്ചു ദശലക്ഷം പേർ കൂടി പെൻഷൻ പ്രായത്തിലുള്ളവർ വിരമിക്കും. ജർമ്മനിയിലെ പെൻഷൻ പ്രായപരിധി അറുപത്തിയേഴ് വയസ്സ് എന്നതാണ് നിലവിലുള്ളത്. ഇപ്പോൾ മൊത്തം 45 ദശലക്ഷം ആളുകൾ ജോലി ചെയ്യുന്നതിൽ ഏഴു ദശലക്ഷം പേരുടെ അന്തരം കഷ്ഠിച്ച് 16 % ശതമാനത്തിൽ താഴെ മാത്രമാണ് എന്ന കണക്കാണ് ഉള്ളത്.
എന്നാൽ ഇത് സാമ്പത്തിക വളർച്ചയെ മാത്രമേ കുറയ്ക്കൂ എന്നൊക്കെ ചിലർ പ്രതികരിക്കുന്നത് യാഥാർത്ഥ്യത്തെ നഷ്ടപ്പെടുത്തുന്നുവെന്ന് അഭിപ്രായങ്ങൾ വേറെ വശത്തുണ്ട്. ഇങ്ങനെ വർദ്ധിച്ചു വരുന്ന വിടവ് അർത്ഥമാക്കുന്നത് നാം ആഴത്തിൽ മനസ്സിലാക്കണം. കമ്പനികൾക്ക് അവരുടെ ഉത്പാദനം സുസ്ഥിര സാങ്കേതിക വിദ്യകളിലേയ്ക്ക് പരിവർത്തനം ചെയ്യാനും ആഗോളതലത്തിൽ വിതരണ ശ്രുംഖലകൾ പുനർനിർമ്മിക്കാനും അതുപോലെ കാലാവസ്ഥയുടെ സംരക്ഷണവും സുസ്ഥിരതയും അവരുടെ പ്രവർത്തനങ്ങൾ അവരവരുടെ കാഴ്ചപ്പാടിൽ വികസിപ്പിക്കാനും ആവശ്യമായ വിദഗ്ദ്ധരുടെ അഭാവമാണിന്ന് മേൽപ്പറഞ്ഞ വികല ചിന്താഗതികൾക്ക് വഴിയൊരുക്കുന്നത്. ഇതെല്ലാം ഇന്ന് നഷ്ടപ്പെടുന്ന അവസരങ്ങളെക്കുറിച്ചു മാത്രമല്ല, ഉദാഹരണമായി ഇന്ന് നിരവധി ജർമ്മൻ-യൂറോപ്യൻ കമ്പനികളുടെ നിലനില്പിനെക്കുറിച്ചും, മാത്രമല്ല, ഓരോ കാലാവസ്ഥാസംരക്ഷണലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ചൈനയെയും മറ്റ് സ്വേച്ഛാധിപത്യരാജ്യങ്ങളുടെ നേതൃത്വത്തെയും ആശ്രയിക്കുന്നത് ഒഴിവാക്കി യഥാർത്ഥ നവീകരണം സാദ്ധ്യമാക്കുവാൻ ഇന്നുള്ള എല്ലാവിധത്തിലും ഉള്ള അവസരങ്ങളെ ഉപയോഗിക്കുവാൻ ശ്രമിക്കുമെന്നുള്ള വിശ്വാസവും മറ്റിതര ചോദ്യങ്ങളും ഇന്ന് നിലനിൽക്കുന്നുണ്ട്. പൗരത്വവത്ക്കരണത്തെക്കുറിച്ചുള്ള തർക്കം:കുടിയേറ്റം സുഗമമാക്കാൻ ഇന്ന് സഹായിക്കുന്ന എല്ലാ കാര്യങ്ങളും പ്രധാനമാണ്. ഭാവിയിൽ കുടിയേറ്റം സംബന്ധിച്ച കാര്യങ്ങളിന്മേൽ ജർമ്മൻ സർക്കാരിന്റെ നിർദ്ദിഷ്ട പരിഷ്‌ക്കാരങ്ങൾ ശരിയായ ദിശയിലേയ്ക്കുള്ള ഒരു പ്രധാന ചുവടുവയ്‌പ്പാണെന്ന് പറയുന്നു. ലോകമെമ്പാടുമുള്ള സാധ്യതയുള്ള വിദഗ്ദ്ധർക്ക് പൗരത്വഅവകാശം ആകർഷകമാക്കുന്നതിന് ഒരു പ്രത്യേകതരം സിസ്റ്റത്തിനുള്ളിൽ അത്തരം മാനദണ്ഡങ്ങൾ മുഴുവൻ നിർവ്വചിക്കുകയും ഇത് ഭാരപ്പെടുത്തുകയും ചെയ്തിരിക്കണം എന്ന വിദഗ്ദ്ധ ഉപദേശങ്ങൾ നടന്നിട്ടുണ്ട്. അത് അങ്ങനെ ചെയ്യുമ്പോൾ സ്വാഭാവികമായും രാഷ്ട്രീയക്കാർ തങ്ങളുടെ ഭൂതകാലങ്ങളിലെ തെറ്റുകൾ ഒഴിവാക്കണം. എത് രാജ്യങ്ങളിലെയും രാഷ്ട്രീയ പ്രവർത്തകരും ഇത്തരം മാറ്റങ്ങൾ അംഗീകരിക്കണം. രാഷ്ട്രീയക്കാർ ലോക സമാധാനം മലിനപ്പെടുത്തുന്നതിൽ പങ്കുകാരാവരുത്.
കുടിയേറ്റം തടയുന്ന രാഷ്ട്രീയനിലപാട്.
രാഷ്ട്രീയക്കാർ എക്കാലത്തും തെറ്റുകൾ ആവർത്തിക്കുന്നുണ്ട്. ഇന്ന് ലോകം നേരിടുന്ന അനേകതരം പ്രതിസന്ധികൾക്ക് പരിഹാരം കാണുവാനല്ല, ഇത് സഹായമാകുന്നത്. ഫെഡറൽ ജർമ്മനിയിൽ നിലവിലുള്ള സർക്കാർ ഇപ്പോൾ കൂടുതൽ ജനങ്ങളിലെ വിശ്വാസം നേടുന്നതിനുള്ള ശ്രമത്തിലാണ്. ജർമ്മനി നിരവധിയാളുകൾക്ക് ഭൂമിയിലെ ഒരു പറുദീസയാണെന്നും എന്നാൽ വളരെ ഉയർന്ന വിദഗ്ദ്ധ തൊഴിലാളികളുടെ ഇടപെടലുകളിൽ നിന്ന് ജർമ്മൻകാർ സ്വയം മാറിനിൽക്കുന്നതാണ് ഉചിതമെന്നുമുള്ള ചിലരുടെ തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു എന്നത് കുറെ ശരിയാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് 2020 -ൽ മുൻ സർക്കാർ 'സ്‌കിൽഡ് ഇമിഗ്രേഷൻ ആക്ട് ' രൂപകൽപന ചെയ്തതെന്നാണ് പറയുന്നത്. എന്നാൽ അതിൽ ഏറെ നല്ല ഫലം ഉണ്ടായില്ല, പരാജയപ്പെടുകയും ചെയ്തു. ഇത് അത്ഭുതപ്പെടാനില്ല. അതായത്, യൂറോപ്യൻ യൂണിയന് പുറത്തു നിന്നുള്ള ആളുകൾക്ക് ഒരു തൊഴിൽ കരാറോ അതുപോലെ ജർമ്മൻ ഭാഷാ പരിജ്ഞാനമോ ഉണ്ടെങ്കിൽ മാത്രമേ ജർമ്മനിയിലേക്ക് വരാൻ കഴിയു എന്നും അവരുടെ സ്വന്തം ഉപജീവനത്തിനായി മാസങ്ങളോളം മതിയായ സമ്പാദ്യം ഉണ്ടെന്നും ഈ നിയമം നിഷ്ക്കർഷിച്ചിരുന്നു. അന്ന് രാഷ്ട്രീയത്തിലും ജർമ്മൻ പാർലമെന്റിലും ഉണ്ടായിരുന്ന ഉത്തരവാദപ്പെട്ട ആളുകളുടെ ചില യഥാർത്ഥ ലക്ഷ്യം കുടിയേറ്റം തടയലായിരുന്നില്ലേയെന്ന സംശയകരമായ അഭിപ്രായം അനേകം പേർക്കുണ്ടായിരുന്നു.
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതോടെ തകർന്നടിഞ്ഞ ജർമ്മനിയിലേക്ക് വന്നെത്തി സാമ്പത്തിക നില മെച്ചപ്പെടുത്തുവാൻ സഹായിച്ചവർ യൂറോപ്പിന് പുറത്തുനിന്നുള്ളവരും പങ്കാളികളായിരുന്നു.1950 കളിൽ കേരളത്തിൽ നിന്നു ആദ്യകാല കുടിയേറ്റത്തിന്റെ ചരിത്രം ഉണ്ടായിട്ടുണ്ട്. നമ്മുടെ യുവജനങ്ങൾ അന്ന് ജർമ്മനിയിൽ കുടിയേറ്റത്തിൽ തുടക്കം കുറിച്ച്.1970 കാലഘട്ടങ്ങളിൽ ആയപ്പോഴേയ്ക്കും ഏതാണ്ട് 5000- ലധികം മലയാളികൾ ഉണ്ടായിരുന്നതായി ഒരു അനൗദ്യോഗിക കണക്കുണ്ട്. ജർമ്മനിയിൽ എത്ര മലയാളികൾ ഉണ്ടെന്നു ഇന്ത്യൻ എംബസിക്ക് ഒരു ഔദ്യോഗികമായ കണക്കില്ലായിരുന്നു എന്നാണു എന്നോട് 1978-ൽ ബോണിലുള്ള ഇന്ത്യൻ എംബസിയിൽനിന്നുള്ള മറുപടിയിൽ ലഭിച്ചത്. അക്കാലത്തു മലയാളികളുടെ കുടിയേറ്റത്തിന് വേണ്ടി ജർമ്മൻ ഭാഷ അറിഞ്ഞിരിക്കണമെന്നത് ഒരു നിയമവിഷയം അല്ലായിരുന്നു. മലയാളികൾ ജർമ്മനിയിലെത്തിയ ശേഷം മാത്രമാണ് അക്കാലത്ത് ജർമ്മൻ ഭാഷാപഠനം നടത്തിയിരുന്നത്. ഇക്കാലത്ത് ജർമ്മനിയിലേക്ക് പഠനത്തിനും തൊഴിലിനും വരുന്നതിനുമുമ്പ് ജർമ്മൻ ഭാഷ പഠനം മുൻകൂട്ടി നടത്തിയിരിക്കണം എന്നുള്ള ചില കാര്യങ്ങൾക്ക് ഇടയായിട്ടുണ്ട്. ഇപ്പോൾ ജർമ്മനിയിലേക്ക് തൊഴിലിനോ പഠനത്തിനോ, പോകുന്നതിന് വേണ്ടി ആഗ്രഹിക്കുന്നവരെ സഹായിക്കാനെന്ന ഭാവത്തിൽ അനേകം ഏജന്റുമാർ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്, അതിന് അവരുടെകൂടെ രാഷ്ട്രീയക്കാരും, കേരളമന്ത്രിമാരും കള്ളപ്പണസമ്പാദനവും, മുതലെടുപ്പിനുള്ള പ്രവർത്തനം നടത്തുന്നുവെന്ന കാര്യം നിഷേധിക്കുവാനും കഴിയുമോ? കേരളത്തിൽ നിന്ന് ഈ കഴിഞ്ഞ നാളിൽ ജർമ്മനിയിലെത്തിയ രണ്ടു മലയാളി വിദ്യാർത്ഥികളെ ഞാൻ കാണുകയുണ്ടായി. അവർക്ക് ഇപ്പോൾ നിലവിൽ ജർമ്മനിയിൽ താമസിക്കുവാനുള്ള വിസയുടെ പുതുക്കലിന് കുറെ പ്രശ്നമുണ്ടെന്ന്, അവർ പറയുന്നു. ഏജന്റുമാർ വഴി എത്തിയവർ ആയിരുന്നു, അവർ. അതുപോലെ അവരുടെ സ്വന്തജീവിതാവശ്യങ്ങൾക്കുള്ള പണത്തിനും പ്രശ്നങ്ങളുണ്ട് എന്നവർ പറഞ്ഞു.
ജർമ്മനി പല വിദഗ്ദ്ധ തൊഴിലാളികൾക്കും വളരെ ആകർഷകമല്ല. വിദേശ വിദഗ്ദ്ധ തൊഴിലാളികൾ ഇപ്പോൾ ചില രാഷ്ട്രീയതീരുമാനങ്ങളിൽ വളരെ ആശങ്കയോടെ പ്രതികരിക്കുവാനും തുടങ്ങിയിട്ടുണ്ട് എന്ന വാർത്തയുമുണ്ട്. അതുപോലെ കുടിയേറ്റവും പൗരത്വനിയമഭേദഗതികളും ലളിതമാക്കുന്നതിന് സർക്കാരിന്റെ ചില നീക്കങ്ങളിൽ ആശങ്കയുണ്ട്. വിദേശികളായ വിദഗ്ദ്ധ തൊഴിലാളികളുടെ പ്രതികരണം കുറെ ആശങ്കകളുടെ സൂചനകൾ ആകുന്നു. അതിങ്ങനെയാണ്: ഞങ്ങൾക്ക് ഇനി ജർമ്മനിയിൽ കൂടുതൽ സാദ്ധ്യതകൾ സൃഷ്ഠിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ആളുകളേറെ വേഗത്തിൽ ഇവിടെ നിന്ന് വിട്ടു പോകും. പ്രതിബന്ധങ്ങൾ വളരെ ഉയർന്നതാണെന്ന് മാത്രമല്ല, ജർമ്മൻ ഭാഷ ഒരു ബുദ്ധിമുട്ടുള്ള ഭാഷയാണ്. ഇപ്പോൾ അന്ന് ജർമ്മനിക്കുണ്ടായിരുന്ന അന്നത്തെ സ്വാഗത സംസ്കാരത്തിന് പേര് കേൾക്കുന്നില്ല, ചില യോഗ്യതയുടെ അംഗീകാരം ഇപ്പോഴും ജർമ്മനിയിൽ വളരെ നിയന്ത്രിതമായി കൈകാര്യം ചെയ്യുന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഒരാൾ ഇന്ന് ഡോക്ടറായോ ഒരു എൻജിനീയറായോ വിദൂര വിദേശരാജ്യങ്ങളിൽ നിന്നു ജർമ്മനിയിലേയ്ക്ക് വരാൻ ആരാണ് ആഗ്രഹിക്കുന്നത് ?, അതേത്തുടർന്ന് അവരുടെ യോഗ്യതകൾ ജർമ്മനിയിൽ അംഗീകരിക്കപ്പെടില്ലെന്നും ജർമ്മൻ നിയമങ്ങൾ അനുസരിച്ചു നിങ്ങൾ വീണ്ടും യോഗ്യത നേടണമെന്നും കേൾക്കുന്നത്, ഇതെല്ലാം എങ്ങനെ എത്രമാത്രം സ്വാഗതാർഹമാണ് എന്നത് പലരും ചിന്തിക്കുന്നു. ഇത് ആശങ്കകൾ നിറഞ്ഞ പ്രതികരണങ്ങൾ ആണ്. ഭാവിയെപ്പറ്റിയുള്ള ആശങ്കകൾ.
രാഷ്ട്രീയക്കാർ ഒഴിവാക്കേണ്ട പൗരത്വ നിയമ ഭേദഗതി തർക്കം.
യാഥാർത്ഥ്യ ബോധമില്ലാത്ത പ്രതീക്ഷകൾ ഉള്ളതും സംയോജനത്തെ വളരെ ഇടുങ്ങിയ രീതിയിൽ നിർവചിക്കുന്നതുമാണ് രാഷ്ട്രീയക്കാരുടെ വലിയ ഒരു തെറ്റ്. യൂറോപ്പിന് പുറത്തുനിന്നുള്ള കുടിയേറ്റത്തെ എതിർക്കുന്ന പലർക്കും ഒരു വ്യക്തിക്ക് തന്റെ ജീവിതകേന്ദ്രവും ഭക്ഷണ ഉറവിടവും സാദ്ധ്യതയും എവിടെ എന്ന ചോദ്യത്തെക്കാൾ കൂടുതലായി ഹൃദയത്തോടും അതിന്റെ ഉത്ഭവത്തോടും കൂടി ബന്ധപ്പെടുത്തുന്നതായി തോന്നണം. ഏറെ വേഗത്തിൽ ജർമ്മനിയിലേക്ക് കുടിയേറാനും പൗരത്വം നേടാനും കഴിഞ്ഞ 50 വർഷത്തിന് ഇടയിൽ വളരെ ആളുകൾക്ക് കഴിഞ്ഞിട്ടില്ല എന്ന കണക്കുകളുണ്ട്. ഈവിധ നിയന്ത്രണം 2000 ന്റെ തുടക്കം മുതൽ വളരെ മാറിയിട്ടുണ്ടെങ്കിലും നിശ്ചിത ദേശീയതയെക്കുറിച്ചുള്ള ധാരണ ഇന്നും ജർമ്മനിയിൽ പലരുടെയും മനസ്സിൽ നിലനിൽക്കുന്നതായി തോന്നുന്നു.
ജർമ്മനിയിൽ ഇന്ന് ഒരു ബഹു സാംസ്കാരിക സമൂഹമുണ്ട്. അതായത് അനേകം രാജ്യങ്ങളിൽനിന്ന് കുടിയേറിയവരുടെ സമൂഹങ്ങൾ. അവരിൽപ്പെട്ടവരായ അഞ്ചിൽ ഒരാളുടെ, അല്ലെങ്കിൽ, കുറഞ്ഞത് ഒരു രക്ഷിതാവെങ്കിലും ഏതോ വിദേശത്തു ജനിച്ചവരാണ്. ഒരു ഇന്റഗ്രേഷന്റെ പ്രതീക്ഷ സഫലമാകുമോഴും "ജർമ്മൻകാരായിരിക്കുക"എന്നതിന്റെ കാലഹരണപ്പെട്ട ചില നിർവചനവും പൊരുത്തപ്പെടുന്നെങ്കിൽ മാത്രമേ ചുരുക്കം ചിലർ ജർമ്മനിയിൽ വരുവാനും അവിടെ ജീവിതകാലം മുഴുവൻ താമസം ആഗ്രഹിക്കുകയോ ചെയ്യുകയുള്ളൂ. നേരെമറിച്ചു, ഇന്നത്തെ രാഷ്ട്രീയക്കാർ ഒരു ഏകീകരണ പ്രക്രിയയുടെ ഒരു അവസാനത്തിൽ പൗരത്വം സ്ഥിരമായി സ്ഥാപിക്കുകയല്ല, മറിച്ച്, അത് ഒരു പ്രക്രിയയുടെ ഭാഗമാക്കുകയാണ്.
ജർമ്മനിയിലേയ്ക്കും കുടിയേറ്റങ്ങൾ വർദ്ധിക്കുന്നു.
ഒരാൾ മറ്റൊരു മറുനാട്ടിലേയ്ക്ക് തന്റെ ഭാവി ജീവിതം തൊഴിൽപരമായിട്ട് ബന്ധപ്പെടുത്തി കെട്ടിപ്പടുക്കുവാനുള്ള പ്രാഥമിക ചിന്തയുടെ ആരംഭത്തിൽ പല വിഷമഘടകങ്ങളും മുൻകൂട്ടി കാണുന്നില്ല. അടിസ്ഥാനപരമായ ഉറച്ച ഒരു മാനസികാവസ്ഥയിലെ മാറ്റം, കൂടുതൽ വിശാലത, അനിവാര്യമാണ്. വിശാല ലോകത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ള കുടിയേറ്റങ്ങളോടുള്ള കൂടുതൽ തുറന്ന സമീപനം എന്നിവ ഒരു രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിനും ഭാവിക്കും ഒരു സമൂഹമെന്ന നിലയിൽ നമ്മുടെയെല്ലാം ജീവിതകാലത്തെ വലിയ വെല്ലുവിളികളെ അതിജീവിക്കാൻ എങ്ങനെ കഴിയുമെന്നുമുള്ള ചില ആന്തരിക ചോദ്യത്തിനും ഏറെ അത്യന്താപേക്ഷിതമാണ് ഓരോ കുടിയേറ്റ കാര്യങ്ങളിൽ നാമെന്താണ് പ്രതീക്ഷിക്കുന്നതെന്ന പ്രധാനപ്പെട്ട ചോദ്യം. ഇത് വളരെ പ്രാധാന്യമേറുന്നു. ജർമ്മനിയിലേക്കുള്ള കുടിയറ്റങ്ങളുടെ എണ്ണം ഏറെ വർദ്ധികൊണ്ടിരിക്കുന്നുവെന്ന് സർക്കാർ തലത്തിലുള്ള വാർത്തകൾ വരുന്നു. എന്തായാലും വളരെ വൈകുന്നതിന് മുമ്പുതന്നെ സമൂഹവും ജർമ്മനിയുടെ സമ്പത് വ്യവസ്ഥയുടെ കാര്യങ്ങളും നിരീക്ഷിക്കുന്നവർ ഈ യാഥാർത്ഥ്യത്തെ മനസ്സിലാക്കി ബോധവാന്മാരാകണമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ നിന്ന് വർഷം തോറും ലക്ഷക്കണക്കിന് ആളുകൾ മറുനാടുകളിൽ കുടിയേറുന്ന സംഭവങ്ങൾ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ നിന്ന് നിരവധി ആയിരം യുവജനങ്ങൾ കേരളം വിട്ട് മറുനാടുകളിൽ ജീവിതം കണ്ടെത്തുകയാണ്. ഇങ്ങനെ സംഭവിക്കാനുള്ള സാമൂഹിക മാറ്റങ്ങൾക്കെല്ലാം ഉത്തരവാദികൾ കേരളത്തിലെ സർക്കാർ തലപ്പത്തിരിക്കുന്നവരുടെ കടുത്ത അഴിമതിയുടെയും അവരുടെ ഏകാധിപത്യമനോഭാവത്തിന്റെയും ദുരന്ത ഫലങ്ങളാണ്. അതിനാൽ എന്താണ് നാമറിയേണ്ടത്? ഇന്ന് ആഗോളതലത്തിൽ ഉണ്ടാകുന്ന ഏതൊരു കുടിയേറ്റത്തിന്റെയും യാഥാർത്ഥകാര്യങ്ങളിലേയ്ക്ക് ഉണ്ടായിരിക്കേണ്ടതായ ഏതൊരാളിന്റെയും മാനസികമായ ശക്തി സ്വയം കൈവരിക്കേണ്ടതിന്റെ ആവശ്യകതയാണ് കാണേണ്ടത്. //-
*********************************************
Browse and share: https://dhruwadeepti.blogspot.com
ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-
Keine Kommentare:
Kommentar veröffentlichen
Hinweis: Nur ein Mitglied dieses Blogs kann Kommentare posten.